Tuesday, October 9, 2007

ഭൂലോകം പോയവാരം : എട്ടാം ലക്കം.

1. ശവം തീനികള്‍ അഥവാ മലയാള ബുജികള്‍.
ചിതയിലെ വെളിച്ചത്തിന് മുന്നില്‍ പേയാട്ട് നടത്തുന്ന സാംസ്കാരിക കേരളമാണ് പോയ വാരത്തെ മലയാള കൌതുകം. മരിച്ചയാളെ വീണ്ടും വീണ്ടും വധിക്കുന്ന ചാനല്‍ പെരുമയും ബുജികളുടെ കുബുദ്ധിയും ചേര്‍ന്ന് കാട്ടി കൂട്ടുന്ന കോപ്രായങ്ങള്‍ അസ്സഹനീയമായിരിക്കുന്നു. മരിച്ചവനോട് ഇത്തിരി ദയ കാട്ടാന്‍ കൂട്ടാളികള്‍ക്കോ മുന്‍‌ചങ്ങാതിമാര്‍ക്കോ ചങ്ങാതിമാരെന്ന് നടിക്കുന്നവര്‍ക്കോ കഴിയാതെ വരുന്നു. ശത്രുക്കള്‍ കാട്ടിയ മര്യദ പോലും മിത്രങ്ങളെന്നോ സഹയാത്രികരന്നോ ശിഷ്യന്മാരെന്നോ പുരോഗമനക്കാരെന്നോ ഒക്കെ നടിക്കുന്നവര്‍ക്കാര്‍ക്കും മരിച്ച മഹാനോട് കാട്ടാന്‍ കഴിഞ്ഞില്ല. ഇതൊരു പരിണതിയായിരുന്നു. ഒരിക്കല്‍ വിജയന്‍ മാഷ് അറിഞ്ഞുകൊണ്ട് ചെയ്തൊരു തെറ്റിന്റെ വില. പ്രസ്ഥാനം വ്യക്തിയെ അടിപ്പെടുത്തുന്നത് മലയാളം മരവിപ്പോടെ കണ്ട് നിന്ന ദിനങ്ങള്‍. പാപ്പിനശ്ശേരിയിലെ മിണ്ടാപ്രാണികളിന്മേല്‍ വിപ്ലവം കൊണ്ടാടിയപ്പോള്‍, പിഞ്ചു ശിഷ്യന്മാരുടെ മുന്നിലിട്ട് ഗുരു വെട്ടിനുറുക്കപ്പെട്ടപ്പോള്‍ പ്രസ്ഥാനത്തിന് വേണ്ടി ഒരു നിമിഷമെങ്കിലും മനുഷ്യത്വം മറന്ന വിജയന്‍ മാഷിന്‌ ജീവിതത്തിലാകെ പിഴച്ചൊരു വാക്കിന്റെ വില. അഴീക്കോട് മാഷും ആ പിഴവ് ആവര്‍ത്തിക്കയാണ്. പ്രസ്ഥാനത്തിന്റെ പിണിയാളായി തെറ്റുകള്‍ക്കൊക്കെയും കുടപിടിച്ച് നാളെ വീണു കഴിയുമ്പോള്‍ ശവം തീനികള്‍ ചുറ്റും കൂടി ചേതനയറ്റ ശരീരം കൊത്തിപ്പറിക്കും. അപ്പോഴും കൂട്ടമായി ലേഖനങ്ങളെഴുതി നമ്മുക്ക് ശവം തീ‍നികളെ വാഴ്‌താം...

“വാപ്പിച്ചീ... ഇങ്ങിനെയാണോ നമ്മളും മരിക്കുന്നേ...”
ആറ് വയസ്സുകാരിയുടെ സംശയം. സംശയ നിവാരണത്തിന് പകരം കണ്ണടച്ചിരുട്ടാക്കി. ഓഫായ ടി.വി. ഇതുവരേം തുറന്നിട്ടില്ല. ശവം തീനികളുടെ കടിച്ചു പറി തീരുന്നതുവരെ അതങ്ങ് അടഞ്ഞ് കിടക്കട്ടെ!

2. ബീഹാറിന് പഠിക്കുന്ന കേരളം.
നാടോടികള്‍ക്ക് വീണിടം വിഷ്ണുലോകമാണ്. വിതയ്ക്കാതെയും കൊയ്യാതെയും കൂട്ടിവെയ്ക്കാതെയും അന്നന്നത്തെ അന്നം അന്നന്ന് തേടുന്നവര്‍. വിശപ്പാണ് അവരുടെ ഏക പ്രശ്‌നവും. അതൊന്നടക്കാന്‍ വിതയ്ക്കാതെയും കൊയ്യാതെയും കൂട്ടിവെയ്ക്കാതെയും വീണിടത്ത് നിന്നും അന്നം തേടും. വിതയ്ക്കാതെയും കൊയ്യാതെയും കൂട്ടിവെച്ചവര്‍ അവരുടെ മേല്‍ കുതിരകേറിയത് മലയാളിയുടെ ബീഹാറിന് പഠിത്തമാണ് തുറന്ന് കാട്ടുന്നത്. തെരുവിലെ നീതി നടപ്പാക്കല്‍ കേരളം അനുവര്‍ത്തീക്കുന്നതില്‍ തെറ്റില്ല. പക്ഷേ തുടങ്ങേണ്ടിയിരുന്നത് ഇടപ്പാളില്‍ നിന്നുമായിരുന്നില്ല. അഷ്ടിക്ക് മോഷ്ടിക്കുന്നോരില്‍ നിന്നുമായിരുന്നില്ല. അങ്ങ് തെക്ക് തിരോന്തോരത്ത് നിന്നുമായിരുന്നു. നൂറ്റി നാല്പതെണ്ണം മേയുന്നിടത്ത് നിന്നും. ഹജൂറ് കച്ചേരിയില്‍ നിന്നും. അഷ്ടിക്ക് മോഷ്ടിക്കുന്നോനെ വിട്ട് രാജ്യം കൊള്ളയടിക്കുന്നോരെ തെരുവിലിട്ട് വിചാരണ ചെയ്ത് നീതി നടപ്പാക്കട്ടെ പ്രബുദ്ധ കേരളം. ബീഹാറികള്‍ ചിലപ്പോഴെങ്കിലും അതും ചെയ്യാറുണ്ട്.

"താന്‍ ഗര്‍ഭിണിയാണ്. തല്ലരുതെന്നു” കേണു പറഞ്ഞ് ഉടുമുണ്ട് മാറ്റി നിറവയര്‍ കാട്ടിയിട്ടും ആ സ്ത്രീയെ ചവിട്ടി കൂട്ടിയ പ്രബുദ്ധതയെ കണ്ടില്ലാന്ന് നടിക്കാന്‍ ഫെമിനിസത്തിന്റെ മൊത്ത കച്ചവടക്കാര്‍ക്ക് കഴിയുന്നത് ഒന്നിനെയാണ് സൂചിപ്പിക്കുന്നത്. രണ്ടു തുണ്ടില്‍ എത്താപറ്റാ മാനം മറയ്ക്കാതെ മറച്ച് ചുണ്ടില്‍ ഛായം തേച്ച് തെരുവില്‍ നിന്ന് പീഡിപ്പിച്ചോ എന്ന് വിളിച്ച് പറഞ്ഞ് പീഡിപ്പിക്കപെട്ടാലേ “ഫെമിനിസം” സടകുടഞ്ഞെഴുന്നേല്‍ക്കുള്ളു എന്ന പരമസത്യം. ഒരു സംശയവുമില്ല - കഷ്ടം.... നാം കാട്ടിലേക്ക് തന്നെ.

3. പാകിസ്ഥാനിലെ നീതി.
അയല്‍‌വക്കത്തെ കോമഡികള്‍ തുടരുകയാണ്. സാക്ഷാല്‍ മുഷാറഫ് വീണ്ടും പ്രസിഡന്റ്. പാകിസ്ഥാനിലെ ജനാധിപത്യം ചുട്ടെടുക്കപ്പെടുന്നതാണ്. ഇഷ്ടമില്ലാത്താളെ നിലം തൊടാതെ പറപ്പിച്ച് ഇഷ്ടമുള്ളാളുടെ അഴിമതി ഫയല്‍ കോടതിയിലെത്തിക്കാതെ പ്രസിഡന്റ് സ്വയം തീര്‍പ്പാക്കി, അഴിമതിക്കാ‍രിയെന്ന് പ്രസിഡന്റ് തന്നെ മുദ്ര കുത്തി നാടുകടത്തിയ മുന്‍ പ്രധാന മന്ത്രിയെ ക്ഷണിച്ച് വരുത്തി തന്റെ കസേര ഉറപ്പിച്ച് നിര്‍ത്തുന്ന തലതിരിഞ്ഞ ജനാധിപത്യം ലോകത്ത് പാകിസ്ഥാന്റെ മാത്രം സ്വന്തം. നവാസ് ഷെറീഫിന് ഒരു നിയമം. ബേനസീര്‍ ഭൂട്ടോയ്ക്ക് മറ്റൊരു നിയമം. എന്തിനാ അങ്ങ് ഇസ്ലമാബാദ് വരെ പോകുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടിലും ഇതൊക്കെ തന്നെയല്ലെ?. കുരുവിളക്കൊരു നിയമം. പി.സി. ജോര്‍ജ്ജിന് പടുനീതി. ബിനോയ് വിശ്വമിന് ഇതൊന്നുമല്ലാത്തൊരു നിയമം. ഇരട്ടത്താപ്പുകള്‍ ആഗോള പ്രശ്നം തന്നേന്നേയ്...

4. സുപ്രീം കോടതി പിടിച്ച പുലിവാല്‍.
രാമസേതുവില്‍ തൂങ്ങി ചക്രം ശ്വാസം വലിക്കുന്ന സുപ്രീം കോടതിയുടെ ദൈന്യങ്ങളായിരിക്കും വരും വാരങ്ങളിലെ ഭാരത കൌതുകം. കോടതികള്‍ വൈകാരികമായി കാര്യങ്ങളെ കാണുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. ബന്ദ് നടത്തരുത് എന്ന് ഉത്തരവിട്ട സുപ്രീം കോടതി വിധി ശ്ലാഘനീയമായിരുന്നു. ബന്ദ് ഉപേക്ഷിച്ച് കരുണാനിധി നിരാഹാരം അനുഷ്ടിക്കാന്‍ തീരുമാനിച്ചപ്പോള്‍ സ്വാഭാവികമായും ജനജീവിതം നിശ്ചലമായി. ഇവിടെ ദ്രാവിഡ മുന്നേറ്റ കഴകം പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് ജനജീവിതം ദുഃസ്സഹമാക്കി എന്ന് ഒരു വാര്‍ത്തയും പറയുന്നില്ല. മാത്രമല്ല കുറേ കാലങ്ങള്‍ക്ക് ശേഷം ഒരു ജനത സ്വയം ജീവിതം നിശ്ചലമാക്കി പ്രതിഷേധിക്കാന്‍ തീരുമാനിച്ചതും അത് പ്രായോഗത്തില്‍ വരുത്തുന്നതും ചെന്നൈയില്‍ കാണാനും കഴിഞ്ഞു. ജനപ്രീതിയുള്ള നേതാവിനെ ജനത പിന്‍ പറ്റുന്നതിനെ സമചിത്തതയോടെ വിലയിരുത്താന്‍ കഴിയാതെ പോയ സുപ്രീകോടതി സ്വയം ചെറുതാകുന്നതാണ് പിന്നെ കണ്ടത്. തിരഞ്ഞെടുക്കപ്പെട്ട വ്യക്തമായ ഭൂരിപക്ഷമുള്ള ജനപിന്തുണയുള്ള ഒരു സര്‍ക്കാറിനെ കേവല വൈകാരികമായ തലത്തില്‍ നിന്നുകൊണ്ട് പിരിച്ചു വിടണം എന്ന് പറയുന്നതിനെ ശുദ്ധ ഭോഷ്ക് എന്നല്ലാതെ എന്നാ പറയാനാ? റഫറി കളത്തിലിറങ്ങി കളിക്കാന്‍ തുടങ്ങിയാല്‍ കളി പിന്നെയാരു നിയന്ത്രിക്കും?


5‌ ഒരേ കടല്‍.
മലയാള സിനിമയില്‍ പുതു പരീക്ഷണം. തീയേറ്ററുകളിലെ റിലീസിങ്ങിനൊപ്പം സൈബര്‍ റിലീസിംഗും നടത്തിയ ആദ്യത്തെ മലയാള സിനിമ ഒരേ കടല്‍ ആയി മാറുകയായിരുന്നു. മേഘമല്‍ഹാര്‍ ചാനലിലും തീയേറ്ററുകളിലും ഒരേ സമയം റിലീസ് ചെയ്തതാണ് ഇതുപോലെ മുമ്പുണ്ടായ മറ്റൊരു പരീക്ഷണം. നെറ്റിലും ചാനലിലും തീയേറ്ററുകളിലും ഒന്നിച്ച് സിനിമ റിലീസ് ചെയ്യുകയാണ് നല്ലതെന്നു തോന്നുന്നു. കരിഞ്ചന്ത ഒരു പരിധിവരെയെങ്കിലും തടയാന്‍ അങ്ങിനേം കഴിയുമെന്ന് നല്ല ബുദ്ധികള്‍ക്ക് കരുതാം. ഏഴ് ദിവസം “ഒരേ കടല്‍” അനന്തമായി കാണാന്‍ ഏകദേശം മുന്നൂറ് രൂപയാണ് സൈബര്‍ സംഘാടകര്‍ വിലയിട്ടിരിക്കുന്നത്. ആജീവനാന്തം അനന്തമായി കാണാന്‍ ഏകദേശം അറുനൂറ് രൂപയും. നല്ല സംരംഭം തന്നെ. ഇന്നി തീയേറ്റര്‍ പ്രിന്റ് എന്ന ആഭാസം അവസാനിക്കും. സിനിമ ഇറങ്ങി പിറ്റേന്ന് തന്നെ നെറ്റില്‍ നിന്നും ഇറക്കി കോപ്പിയെടുത്ത നല്ല പ്രിന്റ് തെരുവില്‍ നിന്നും പത്ത് രൂപക്ക് വാങ്ങി ആര്‍മ്മാദിക്കാം. ആജീവനാന്തം കാണാന്‍ വെറും പത്ത് രൂപ. അറുന്നൂറ് എവിടെ കിടക്കുന്നു പത്തെവിടെ ഇരിക്കുന്നു.

എന്തായാലും വ്യാജന്മാര്‍ക്ക് നല്ല കാലം തന്നെ.


6. കൂട്ടു കൃഷി
പിശുക്കനും തരികിടയുമായ തമ്പ്രാനും അത്താഴപഷ്ണിക്കാരനും ശുദ്ധ ഗതിക്കാരനുമായ അടിയാന്‍ കോമനും കൂടി കൂട്ടു കൃഷിക്ക് കരാറായി. എപ്പോഴും ആര്‍ക്കെങ്കിലും ഒക്കെ ഇട്ട് താങ്ങി രസം കൊള്ളുന്ന തമ്പ്രാന്‍ കോമനെ കുടുക്കാന്‍ തന്നെ തീര്‍ച്ചയാക്കി. “കോമാ...കൂടുതലൊന്നും എനിക്ക് വേണ്ട, മണ്ണിനടിയിലുള്ള വിളവ് നിനക്ക് മുകളിലുള്ളത് എനിക്ക് സമ്മതമാണേല്‍ നീ കൃഷി തുടങ്ങിക്കോ...” പാവം കോമന്‍. തിരുവായിക്ക് എതിര്‍വായില്ലല്ലോ. തമ്പ്രാന്റെ പാടത്ത് കോമന്‍ കൃഷി തുടങ്ങി. വിളവെടുപ്പ് കഴിഞ്ഞ് മുന്നില്‍ കൂട്ടിയിട്ടിരിക്കുന്ന ഇലയും ചപ്പും കമ്പുകളും കണ്ട് പകച്ച് നിന്ന തമ്പ്രാനോട് കോമന്‍ വിനയ പൂര്‍വ്വം മൊഴിഞ്ഞു. “തമ്പ്രാനേ...അടിയന്‍ കൃഷി ചെയ്തത് കപ്പയായിരുന്നു. തമ്പ്രാന്റെ മണ്ണിന് മുകളിലെ വിളവാണിത്...” ഞെട്ടിയ തമ്പ്രാന്‍ “അടുത്ത വിളവില്‍ മണ്ണിന് താഴെയുള്ള പങ്ക് തനിക്കും മുകളിലുള്ളത് കോമനും” വിധിച്ചു. വര്‍ഷം ഒന്നു കൂടി കഴിഞ്ഞു. തമ്പ്രാന്റെ പങ്കു വിളവുമായെത്തിയ കോമന്റെ വരവ് കണ്ട് തമ്പ്രാന്‍ വീണ്ടും ഞെട്ടി. “വാഴയായിരുന്നു തമ്പ്രാനേ അടിയന്റെകൃഷി.” ഭൂമിക്ക് മുകളിലെ പങ്കുമായി നില്‍ക്കുന്ന കോമനെ അരിശത്തോടെ നോക്കി തമ്പ്രാന്‍ പുതിയ കരാറൊറപ്പിച്ചു. “കോമാ അടുത്ത വിളവില്‍ മണ്ണിന് അടിയിലുള്ളതും മണ്ണിന് പുറത്ത് ഏറ്റവും മുകളിലുള്ളതും എനിക്ക്...എന്തുമാകട്ടെ നടുക്കുള്ളത് നീയെടുത്തോ..” ഇതിത്തിരി കഷ്ടമാണേയ് തമ്പ്രാനേ വെച്ചു പോയ കോമന്റെ അടുത്ത വിളവെടുപ്പും തമ്പ്രാന്റെ വെളിവ് കെടുത്തി. കോമന്‍ കൃഷി ചെയ്തത് കരിമ്പായിരുന്നു.

എന്നോ വായിച്ചൊരു നാടോടി കഥ. കര്‍ണ്ണാടകത്തിലെ ഭാരതീയ തമ്പ്രാനും ജനതാ കോമനും കൂടി നടത്തിയ കൂട്ടു കൃഷി കണ്ടപ്പോള്‍ ഓര്‍മ്മ വന്നതാണേയ്...

7. ബൂമറങ്ങ്:
“അച്ചുതാനന്ദന്‍ എന്ന പ്രതിപക്ഷ നേതാവാണ് ഇപ്പോഴത്തെ അച്ചുതാനന്ദന്‍ എന്ന മുഖ്യ മന്ത്രിയുടെ ഏറ്റവും വല്ലിയ ശത്രു. പ്രതിപക്ഷ നേതാവായിരുന്ന അച്ചുതാനന്ദന്റെ ചെയ്തികളാണ് മുഖ്യമന്ത്രിയായ അച്ചുതാനന്ദനെ തിരിഞ്ഞ് കൊത്തുന്നത്” - ഉമ്മന്‍ ചാണ്ടി.

“ഇത്രയും പുഴുത്ത് നാറിയ ഒരു സര്‍ക്കാറിനെതിരേ അങ്ങ് കമാന്ന് മൊഴിയാത്തതിന്റെ ഗുട്ടന്‍സ് ഇപ്പോഴാണേ ചാണ്ടി സാറേ പുടികിട്ടിയത്. നല്ലത്...വളരെ നല്ലത്... കീപ് ഇറ്റ് അപ്.”

5 comments:

അഞ്ചല്‍ക്കാരന്‍ said...

വാരവിചാരത്തിന്റെ ഭൂലോക വാരം എട്ടാം ലക്കം ബൂലോക സമക്ഷം സമര്‍പ്പിക്കുന്നു.

കുറുമാന്‍ said...

ഇത്തവണട്ട്തെ വാരവിചാരം നന്നായി. നല്ല വിലയിരുത്തലുകള്‍.

ഒരു തെറ്റുണ്ട്.

കോമാ...കൂടുതലൊന്നും എനിക്ക് വേണ്ട, മണ്ണിനടിയിലുള്ള വിളവ് എനിക്ക് മുകളിലുള്ളത് നിനക്ക് സമ്മതമാണേല്‍ നീ കൃഷി തുടങ്ങിക്കോ...” പാവം കോമന്‍. തിരുവായിക്ക് എതിര്‍വായില്ലല്ലോ. തമ്പ്രാന്റെ പാടത്ത് കോമന്‍ കൃഷി തുടങ്ങി. വിളവെടുപ്പ് കഴിഞ്ഞ് മുന്നില്‍ കൂട്ടിയിട്ടിരിക്കുന്ന ഇലയും കമ്പുകളും കണ്ട് പകച്ച് നിന്ന തമ്പ്രാനോട് കോമന്‍ വിനയ പൂര്‍വ്വം മൊഴിഞ്ഞു. “തമ്പ്രാനേ...അടിയന്‍ കൃഷി ചെയ്തത് കപ്പയായിരുന്നു. തമ്പ്രാന്റെ ഭൂമിക്ക് മുകളിലെ വിളവാണിത്...”

ഇവിടെ മണ്ണിനടിയിലുള്ള വിളവ് എനിക്ക് മുകളിലുള്ളത് നിനക്ക് എന്നതിനു പകരം മണ്ണിനടിയിലുള്ളത് നിനക്കും, മുകളിലുള്ളത് എനിക്കും എന്നല്ലെ വരേണ്ടിയിരുന്നത്?

കുഞ്ഞന്‍ said...

പതിവ് പോലെ ഇതും നന്നായി,

കൂട്ടുകൃഷിയില്‍ ചിലപൊരുത്തക്കേടു തോന്നി,പേരാണൊ വാചകമാണൊ?

ബൂമറാങ്ങ് ചിന്തിപ്പിക്കുന്നു ഇന്നു നീ നാളെ ഞാന്‍..!

അഞ്ചല്‍ക്കാരന്‍ said...

കുറുജീ,
തെറ്റു ചൂണ്ടികാട്ടിയതിന് നന്ദി. തിരുത്തിയിട്ടുണ്ട്.

മെലോഡിയസ് said...

അഞ്ചല്‍ക്കാര..വാരവിചാരം ഇത്തവണയും നന്നായി.

വിജയന്‍ മാഷിന്റെ മരണവും പിന്നെ, ഏടപ്പാള്‍ സംഭവവും കണ്ടത് ഇപ്പോഴും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല.