Friday, October 12, 2007

വാരവിചാരം : ബൂലോകം പോയ വാരം : എട്ടാം ലക്കം.

അനുസ്മരണങ്ങള്‍, അനുശോചനങ്ങള്‍, ആദരാഞ്ജലികള്‍, ആശംസകള്‍, ആരോപണപ്രത്യാരോപണങ്ങള്‍ അങ്ങിനെ അഞ്ച് “ആ” യില്‍ അവസാനിക്കുന്നു ബൂലോകം പോയവാരം. ചൂടു പിടിച്ച ചര്‍ച്ചകള്‍ പോയ വാരവും ഉണ്ടായി. പുതു ബ്ലോഗുകളുടെ ഒരു തള്ളി കയറ്റം കണ്ട വാരം കൂടിയാ‍യിരുന്നു കഴിഞ്ഞു പോയത്.
സൌഹാര്‍ദ്ദത്തിലുറച്ചതായിരുന്നു എല്ലാ ചര്‍ച്ചകളും എന്നത് ഗുണകരമാണ്. പരസ്പര ബഹുമാനവും സഹിഷ്ണുതയും പുലര്‍ത്താന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്ക് കഴിയുന്നുണ്ട് എന്നത് ബൂലോകത്ത് കൂടുതല്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ക്ക് നിമിത്തമാകും.

1. ആദരാഞ്ജലികള്‍.
സി.വി. ശ്രീരാമനും വിട പറഞ്ഞു. രണ്ടു വാരങ്ങള്‍ക്കിടയില്‍ മലയാളത്തിന് നഷ്ടം രണ്ട് വന്‍ മരങ്ങള്‍. പകരം വയ്ക്കാനില്ലാത്ത നഷ്ടങ്ങള്‍ കേരളത്തിന്റെ സാംസ്കാരികാത്മാവിനെ കൂടുതല്‍ തളര്‍ത്തുമെന്നതില് തര്‍ക്കമില്ല. അന്ഡമാന്‍ നിക്കോബാര്‍ എന്ന തുരുത്തിനെ ലോക സമക്ഷം തുറന്ന് വെച്ച മഹാ മനുഷ്യന് ബൂലോകം എന്ന പുതു തുരുത്തും അര്‍ഹിക്കും വിധം യാത്രാ മൊഴി നല്‍കി. ജീ. മനുവിന്റെ അക്ഷരങ്ങള്‍ കൊണ്ടുള്ള അശ്രു പൂജ ശ്രീരാമന്‍ മാഷിന് ബൂലോകത്തിന്റെ ബാഷ്പാഞ്ജലിയായി. കുറുമാനായിരുന്നു മാഷിന്റെ മടക്കം ആദ്യം ബൂലോകത്തെത്തിച്ചത്. രാമനുണ്ണിയും,കിളിതട്ടും, ബാഷ്പാഞ്ജലിയുമായെത്തി. വര്‍ക്കേഴ്സ് ഫോറാം ശ്രീരാമന്‍ മാഷിന്റെ ജീവിതവും സംഭാവനകളും വിശദമായി തന്നെ വരച്ചു വെച്ചു.

പ്രവാസത്തിന്റെ കഥാകാരനായിരുന്ന സി.വി. ശ്രീരാ‍മന്‍ മാഷിന് വാരവിചാരത്തിന്റെയും അശ്രുപൂജ.

2. ആശംസകള്‍
വ്രതശുദ്ധി നിറവാര്‍ന്ന ദിനങ്ങള്‍ക്ക് വിട ചൊല്ലി ഈദ് കടന്ന് വന്നു. പുത്തനുടുപ്പും അത്തറിന്റെ നറുമണവുമായി മസ്ജിദിലേക്കെത്തി മടങ്ങിയവര്‍ക്ക് മുപ്പത് ദിനം കൊണ്ട് നേടിയ വിശുദ്ധി ജീവിതത്തിലുടനീളം നില നിര്‍ത്താന്‍ കഴിയട്ടെ. ക്ഷമയും സഹനവും സാഹോദര്യവും ജീവിതത്തിന്റെ അടിസ്ഥാന ശിലയാക്കാന്‍ കഴിയുന്നവര്‍ക്കാണ് ജീവിത വിജയം. ബൂലോകത്ത് ഈദ് ആശംസകളുടെ പ്രളയമായിരുന്നു. ഇക്കാസ് കൊച്ചീക്കാരുടെ ഈദാശംസകളുമാ‍യെത്തി. വിശുദ്ധ ഖുറാന്റെ സന്ദേശം ബൂലോകത്തെത്തിക്കാന്‍ ശ്രമിക്കുന്ന അബ്ദുല്‍ അലിയും,പിന്നെ രാജ മാണിക്യവും,ബീരാങ്കുട്ടിയും, സിയായും, ദീപുവും, അലിയും ഈദാശംസകളുമായി വന്നപ്പോള്‍ ദേവേട്ടന്‍ രണ്ടുകലം ബിരിയാണിയുമായാണ് ആശംസകള്‍ നേരാനെത്തിയത്. കരീം മാഷ് പള്ളിയും പ്രവാസവും ഫോട്ടോയിലാക്കി ആ ചിത്രങ്ങളുമായാണ്‌ ആശംസകള്‍ നേരാനെത്തിയത്. അബൂദാബിയില്‍ നിന്നും സമീനാ മുനീര്‍ ഈദ് സ്പെഷ്യല്‍ ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്ന് കാട്ടി തന്നു കൊണ്ട് ബൂലോകത്ത് ചെറിയ പെരുന്നാള്‍ ആഘോഷിക്കാനെത്തി. പരസ്പരം ആശംസകള്‍ കൊടുത്തും കൊണ്ടും ഭൂലോകത്തിന്റെ പരിഛേദമായി ബൂലോകവും ഈദ് ആഢംബര പൂര്‍‌വ്വം ആഘോഷിച്ചു. റംസാന്റേയും ഈദിന്റേയും നന്മകള്‍ ജീവിതത്തിന് പുതിയ സന്ദേശങ്ങള്‍ നല്‍കട്ടെ!.

3. പാത്തുമ്മയൂടെ ആട്.
ബഷീര്‍ കഥകളിലെ നായികയും ബേപ്പൂര്‍ സുല്ത്താന്റെ ഇളയ സഹോദരിയുമായിരുന്ന പാത്തുമ്മ ഇകലോകവാസം വെടിഞ്ഞതിന്റെ തലേന്ന് പാത്തുമ്മായേയും ആടിനേയും ബേപ്പൂര്‍ സുല്‍ത്താനേയും ഓര്‍ക്കാനായി ഷരീഫ് കുരിക്കള്‍ പാത്തൂമ്മയുടെ ആട് - ക്ലാസ് റൂം പ്രവര്‍ത്തനങ്ങളുമായി വന്നത് യാദൃശ്ചികമായിരിക്കാം. എങ്കിലും പാത്തുമ്മയേയും ആടിനേയും ഒക്കെ മനസ്സിലേക്കെത്തിക്കാന്‍ പാത്തുമ്മ നാടു നീങ്ങിയ ദിനങ്ങളില്‍ തന്നെ വന്ന ഈ കുറിപ്പ് ഉപകരിച്ചു. ഷെരീഫ് കുരിക്കളുടെ ക്ലാ‍സ് റും പ്രവര്‍ത്തനങ്ങള്‍ ബൂലോകത്തെ പുതുമകളിലൊന്നാണ്.

4. അറിയേണ്ട ഗാന്ധി.
മോഹന്‍ ദാസ് കരം ചന്ദ് ഗാന്ധിയുടെ കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടാത്ത വശങ്ങളുമായെത്തിയ നിഷാദ് കൈപ്പള്ളിയുടെ ഞാന്‍ അറിഞ്ഞ ഗാന്ധി എന്ന പോസ്റ്റാണ് പോയ വാരത്തെ ഏറ്റവും വിവാദമായ ബൂലോക വിശേഷം. എല്ലാവരും അറിയുന്ന ഗാന്ധിയുടെ ജീവിതത്തെ വിമര്‍ശനാത്മകമായി സമീപിക്കാനാണ് കൈപ്പള്ളി ഈ പോസ്റ്റിലൂടെ ശ്രമിക്കുന്നത്. ഏതൊരു മഹത്‌വ്യക്തിയും വിമര്‍ശനങ്ങള്‍ക്ക് അതീതരല്ല എന്ന വസ്തുതയില്‍ ഉറച്ചു നിന്നു കൊണ്ട് ചര്‍ച്ച മുന്നോട്ടു കൊണ്ടു പോയാല്‍ മഹാത്മാ ഗാന്ധിയെ കുറിച്ച് കൂടുതല്‍ പഠിക്കാനും അതിലുപരി ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ക്ക് പുതിയ ഭാവങ്ങള്‍ നേടാനും കഴിയും. ഒരാള്‍ മഹാത്മാവായാല്‍ അയാള്‍ വിമര്‍ശനാതീതനായി എന്ന അനാരോഗ്യകരമായ ഭാരതീയന്റെ ചിന്തയാണ്‍ ആരോഗ്യകരമാ‍യി മുന്നോട്ട് പോകേണ്ട ഒരു ചര്‍ച്ച മാപ്പ് പറയിക്കലും മാപ്പ് ചോദിക്കലും വോട്ടു തേടലിലും വരെ കൊണ്ടെത്തിച്ചത്. മഹാത്മാവും വിമറശനാതീതനല്ല. ഒരാള്‍ മനസ്സിലാക്കിയത് പൊലെ തന്നെ മറ്റൊരാ‍ളും മനസ്സിലാക്കണം അല്ലെങ്കില്‍ സമൂഹത്തിന്റെ ഒരു വിഭാഗം മനസ്സിലാക്കിയത് അതേ പൊലെ തന്നെ സമൂഹം മുഴുവനും ഒന്നോടെ വെള്ളം ചേര്ക്കാതെ വിഴുങ്ങണം എന്ന് പറയുന്നത് സമൂഹത്തിന്‍ ഒരു ഗുണവും ചെയ്യില്ല. ഒരാള്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ക്ക് അല്ലെങ്കില്‍ വിമറ്ശനങ്ങള്‍ക്ക് സംശുദ്ധമായ മറുപടി കൊടുത്ത് സംശയ നിവര്‍ത്തി വരുത്തുക എന്നത് സമൂഹത്തിന്റെ മുഖ്യധാരയുടെ ഉത്തരവാദിത്തമാണ്. കൈപ്പള്ളി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഗാന്ധി ദര്‍ശനങ്ങളെ കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടുള്ളവര്‍ മറുപടി കൊടുക്കും എന്ന് കരുതാം. അവര്‍ക്ക് അതിന് കഴിഞ്ഞില്ലാ എങ്കില്‍ ഇന്നലെ വരെ പറഞ്ഞത് ഇന്നും തുടരണം എന്ന് പറഞ്ഞ് അവര്‍ക്ക് കൈ കഴുകാം. അങ്ങിനെ വരുമ്പോള്‍ പുതു തലമുറയില്‍ നിന്നും വീണ്ടും സംശയങ്ങള്‍ ഉണ്ടാകാം. ആ സംശയങ്ങള്‍ ഒരു സമൂഹം അപ്പാടെ മനസ്സിലേറ്റുന്ന കാലത്തെ അതിജീവിക്കാന്‍ മോഹന്‍ ദാസ് കരം ചന്ദ് ഗാന്ധി ഭാരതത്തിന്റെ മഹാത്മാവായി തന്നെ വരും തലമുറയുടെ മനസ്സിലും രൂഢമൂലമാകാന്‍ കൈപ്പള്ളി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഗാന്ധി ദാര്‍ശനികര്‍ ഉത്തരം നല്‍കുക തന്നെ വേണം. “ഞാന്‍ അറിഞ്ഞ ഗാന്ധി” എന്നത് “നമ്മള്‍ അറിയേണ്ട ഗാന്ധി” യായി ചര്‍ച്ച ആരോഗ്യകരമായി തുടരട്ടെ!

5. സിമി വീണ്ടും
നല്ല കഥകളെഴുതി ബൂലോകത്ത് കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധ പിടിച്ച് പറ്റിയ സിമി എഴുത്തില്‍ നിന്നും പിന്തിരിയുന്നു എന്ന സൂചന നല്‍കിയെങ്കിലും വീണ്ടും നല്ല പോസ്റ്റുകളുമായി തിരിച്ചെത്തിയ വാരമാണ് കടന്നു പോയത്. തിരിച്ചു വരവില്‍ സിമി കാട്ടിയ പുതിയ വിസ്മയമാണ് കഥ പറയുക എന്നത്. വായിക്കുന്നതിനേക്കാള്‍ കഥ പറഞ്ഞു കേള്‍ക്കുന്നത് നല്ല അനുഭവമാണ്. കിട്ടുവും നക്ഷത്രങ്ങളും എന്ന കഥ സിമി പറയുകയാണ്‍ ചെയ്തിരിക്കുന്നത്. പുതു പരീക്ഷണങ്ങള്‍ ഇന്നിയും ഉണ്ടാകട്ടെ!

6. വാര്‍...വാര്‍...വാര്‍...അമേരിക്കാ വാര്‍ പാരെഡാ.
അമേരിക്കാവിന്റെ യുദ്ധങ്ങളേയും സമാധാനത്തേയും സുഹൃത്തുക്കളേയും നന്നായി കളിയാക്കിയിരിക്കുന്ന നാടോടി പാട്ട് ശൈലിയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന അമേരിക്കാ അമേരിക്കാ എന്ന ആല്ബത്തെ പരിചയപ്പെടുത്താനാണ് എതിരൊഴുക്കുകള്‍ “അമേരിക്കാ! അമേരിക്കാ! മ്യൂസിക് വീഡിയോ” എന്ന പോസ്റ്റിലൂടെ ശ്രമിക്കുന്നത്. കേള്‍ക്കാന്‍ ഇമ്പമുള്ള ശീലും കാണാന്‍ രസമുള്ള ചിത്രീകരണവും.

7. ഒരു കംബൂ‍ട്ടര്‍ സഹായം.
“ഒന്നുനില്‍ക്കൂ.. പാകമല്ലാതായ, അല്ലെങ്കില്‍ ഇനിയിതുവേണ്ട എന്നു തോന്നുന്ന ഒരുടുപ്പ്‌, ഇല്ലാത്തവര്‍ക്ക്‌ കൊടുത്തുനോക്കിയിട്ടുണ്ടോ? അവരതിന്റെ നേരിയ കീറലുകളൊക്കെ തുന്നിച്ചേര്‍ത്ത്‌, ഇസ്‌തിരിയിട്ടുമിനുക്കി ധരിച്ചുകാണുമ്പോള്‍ എന്താണ്‌ തോന്നാറ്‌? പേരു കണ്ടെത്തിയിട്ടില്ലാത്ത ഒരനുഭവമാണു തോന്നുക പതിവെങ്കില്‍ അതും സ്‌നേഹംതന്നെയല്ലേ...” വി.ആര്‍. ഹരിപ്രസാദ് തന്റെ ലോഗ് ഇന്‍ എന്ന ബ്ലോഗിലെ ഒരു കംബൂട്ടര്‍ സഹായം എന്ന കുറിപ്പിന്റെ ആമുഖമായി പറഞ്ഞ വരികള്‍...കേവല വെര്‍ഷനുകളുടെ വ്യത്യാസത്ത്ന് വേണ്ടി പുതു കംബൂട്ടറുകള്‍ തേടി പോകുമ്പോള്‍ വിലയില്ലാതായി മൂലക്കിരിക്കാന്‍ വിധിക്കപ്പെട്ട പഴയ വെര്‍ഷന്‍ കംബൂട്ടറുകള്‍ പുതു സാങ്കേതങ്ങള്‍ സ്വപ്നം പോലും കാണാന്‍ കഴിയാത്ത കുഞ്ഞുങ്ങള്‍ക്ക് സമ്മാനമാക്കേണ്ടുന്നതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടികൊണ്ടാണ് ഹരിപ്രസാദ് മേല്പറഞ്ഞ വാചകം എഴുതിയിരിക്കുന്നത്. എല്ലാവരും സ്വയം ചോദിക്കേണ്ട ഒരു വാചകം. നമ്മുക്ക് വിലയില്ലായെന്ന് തോന്നുന്ന ഒരു പി.സി.ക്ക് ഒരു കുഞ്ഞിനെ പുതു ലോകത്തേക്ക് കൂട്ടി കൊണ്ട് പോകാന്‍‍ കഴിയുമെങ്കില്‍ ആ അവസരം നാം നിഷേധിക്കരുത്. ഒരു കംബൂട്ടറും ഉപയോഗശൂന്യമായി നമ്മുടെ വീടുകളുടെ മൂലയില്‍ പൊടിപിടിച്ചിരിക്കാതിരിക്കട്ടെ. നല്ല പോസ്റ്റ്. നല്ല മനസ്സ്. എല്ലാവര്‍ക്കും പങ്കുവെക്കാം ഹരിപ്രസാദ് മുന്നോട്ട് വെച്ച ചിന്തകള്‍.

8. പാണത്തൂറ് വഴി സ്കോട്‌ലാന്റിലേക്ക്.
ശ്രീലാല്‍ ഭാരതത്തിലെ സ്കോഡ്‌ലാന്റ് എന്നറിയപ്പെടുന്ന കുടകിലേക്ക് നടത്തിയ യാത്രയുടെ ഫോട്ടോ സാക്ഷ്യം കുടകിലേക്ക് ഒരു ഉല്ലാസ യാത്ര ചെയ്ത സുഖം തരുന്നു. കുടകില്‍ ബുദ്ധവിഹാരം ഉണ്ട് എന്നതും ബുദ്ധമതക്കാര്‍ ഉണ്ട് എന്നതും പുതിയ അറിവായിരുന്നു. നല്ല ഫോട്ടോയും കുറിപ്പുകളും.

9. എല്ലാവരും സ്വയം ചോദിക്കേണ്ടത്.
നല്ല കവിതയെന്ന് വായിച്ചിട്ട് തോന്നലുണ്ടാക്കാന്‍ കഴിയുന്ന കവിതകളുമായി ബൂലോകത്ത് നിറ സാനിദ്ധ്യമായ വിഷ്ണു പ്രസാദ് സ്വയം ചോദിച്ച ചില ചോദ്യങ്ങളാണ് അനുബന്ധം - എഴുത്തിന്റെ വഴി
എന്ന കുറിപ്പിലുള്ളത്. ചുട്ടെടുക്കുന്നതു പോലുള്ള രചനകള്‍ ആത്മ സംതൃപ്തി നല്‍കുന്നില്ല എന്നതിനും പുറമേ നിലവാര തകര്‍ച്ചയും ഉണ്ടാക്കുന്നില്ലേ എന്ന് വിഷ്ണു പ്രസാദ് ചോദിക്കുന്നു. ഈ ചോദ്യ ബൂലോകത്തെ എല്ലാ സഹോദരങ്ങളും (വിചാരിപ്പ് കാരനടക്കം)സ്വയം മനസ്സിരുത്തി ചോദിക്കേണ്ട ഒരു ചോദ്യമാണ്. ഒരു വിഷയം എഴുത്തിനനുഗുണം ആണെങ്കില്‍ ആ ത്രെഡിനെ വേണ്ടുന്ന വിധം മനസ്സിലിട്ട് രൂപപ്പെടുത്തി ഏറ്റവും മൂര്‍ച്ചയുള്ളതും കഴമ്പുള്ളതും അനുവാചകന്റെ മനസ്സിനെ കീഴ്പ്പെടുത്താന്‍ പാകത്തില്‍ ശക്തിയുള്ളതുമായ ഒരു സൃഷ്ടിയാക്കി അവതരിപ്പിക്കേണ്ടതിന് പകരം, വേണ്ടുന്ന തരത്തിലുള്ള എഡിറ്റിങ്ങ് പോലും ഇല്ലാതെ പ്രൂഫ് റീഡിങ്ങോ തെറ്റുതിരുത്തലുകളോ ഇല്ലാതെ നേരിട്ട് പ്രസിദ്ധീകരിച്ച് നല്ല വിഷയത്തെ ക്രാഷ് ലാന്റ് ചെയ്യിക്കുന്നതാണ് ഇപ്പോഴത്തെ ബൂലോക വഴക്കം. ബൂലോകത്ത് കടന്ന് വരുന്ന ബൂലോകത്തിന് പുറത്തുള്ള എണ്ണം പറഞ്ഞ നല്ല എഴുത്തുകാര്‍ക്ക് വിഷയ ദാരിദ്ര്യമുണ്ടാവുകയില്ല. ബൂലോകത്ത് ക്രാഷ് ലാന്റ് ചെയ്ത നല്ല ത്രെഡുകളെ വിപുലീകരിച്ചാല്‍ മാത്രം മതി അവര്‍ക്ക് നല്ല സൃഷ്ടികള്‍ ഉണ്ടാക്കാം. വിഷ്ണുപ്രസാദ് സ്വയം ചോദിച്ച ചോദ്യങ്ങള്‍ പൊസ്റ്റായപ്പോള്‍ ബൂലോകര്‍ക്ക് മുഴുവനും അതൊരു ഓര്‍മ്മപ്പെടുത്തലായി.


10. നിരോധനം.
ജബ്ബാറിന്റെ ബ്ലോഗ് യൂ.ഏ.യില്‍ നിരോധിക്കപ്പെട്ടതാണ് മറ്റൊരു ബൂലോക വിശേഷം. ഖുറാന്‍ സംവദം പേര് ഉദ്ദേശിക്കുന്ന പോലെ സംവാദമായിരുന്നില്ല. കാടടച്ചുള്ള വെടിയായിരുന്നു. സംവാദം വിവാദമായാല്‍ സംഭവിക്കുന്നതെന്താണോ അതാണ് ജബ്ബാറിന്റെ ബ്ലോഗിന് സംഭവിച്ചത്.

11. പുതു മുഖങ്ങള്‍.
വിശാല മനസ്കന്റെ മാതൃഭൂമി അഭിമുഖം ഉണ്ടാക്കിയ ഭൂലോക ചര്‍ച്ചയുടെ ഫലമായിട്ടാകാം പോയ വാരം പുതു ബ്ലോഗുകളുടെ ഒരു തള്ളി കയറ്റം തന്നെ ഉണ്ടായി. പ്രതീക്ഷയുളവാക്കുന്നതും വിശാല മനസ്കന്റെ തന്നെ വാക്കുകളില്‍ “എല്ലാവര്‍ക്കും നമസ്കാരം” മാത്രമായി വന്നവയും പുതുമുഖങ്ങളില്‍ പെടുന്നു.

1 സാധ്യതകള്‍ സംഭവ്യതകള്‍.
കൈപ്പള്ളി കണ്ട ഗാന്ധിയുമായി വന്ന ചതുര്‍മാനങ്ങളുടെ ബ്ലോഗ് പരിചയ സമ്പന്നത വിളിച്ചോതുന്ന രചനാ രീതിയാണ്.ബൂലോകത്തെ ചിരപരിചിതനായ ആരോ ഒരാളാണ്‍ സാധ്യതകള്‍സംഭവ്യതകളുടെ മുതലാളി എന്നതില്‍ തര്‍ക്കമില്ല. എന്തായാലും നല്ല രചനാ ശൈലി.

2. ശ്രീരാഗം
ഇന്‍ഡ്യാ ഗവണ്മെന്റ് ജീവനക്കാരനായ ശ്രീരാഗത്തിന്റെ പുതിയ ബ്ലോഗ് ഫോട്ടോ ബ്ലോഗാണ്. തലവാചകങ്ങള്‍ മാത്രം മലയാളത്തില്‍. കുറിപ്പുകള്‍ എല്ലാം ഇംഗ്ലീഷിലാണ്.

3. വെള്ളാരന്‍കല്ലും മഷിതണ്ടും.
ഷംനാദ് ഷക്കീര്‍, ഷബ്നം ഷക്കീര്‍ എന്നീ കൊച്ചു കൂട്ടുകാരുടെ ബ്ലോഗ്. നല്ല ഭംഗിയുള്ള കുഞ്ഞു ബ്ലോഗ്. കുഞ്ഞു കവിതകളാണ് വെള്ളാരങ്കല്ലും മഷിതണ്ടിലും എന്ന ബ്ലോഗില്‍ ഉള്ളത്. കുഞ്ഞു കവിതയാണെങ്കിലും നല്ല കവിതകള്‍.

4. മരത്തണലില്‍
ഇറെവറന്‍സിന്റെ പുതു ബ്ലോഗ്. സമകാലീന സംഭവങ്ങളുടെ വിശകലനം ആണെന്ന് തോന്നുന്നു വിഷയം. എഴുത്തുകാരന്‍ ഒന്നും വിശദമാക്കിയിട്ടില്ല. അശ്ലീലം എന്ന ആദ്യ പോസ്റ്റ് വിജയന്മാഷിനെ കൊന്നുകൊണ്ടെയിരിക്കുന്ന ചാനല്‍ സംസ്കാരത്തെ വിചാരണ ചെയ്യുന്നു.

5. പൊയക്കര
കാസറ്ഗോഡ് ഗവണ്മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ മാഷായ ഷെറീഫ് കുരിക്കള്‍ നടത്തിയ ക്ലാസ് റും പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്താനായി പൊയക്കര എന്ന ബ്ലോഗുമായി വന്നിരിക്കുന്നു. നല്ല സംരംഭം. മാതൃകാപരം.

6. ധന്യം.
ധന്യ പ്രശാന്തിന്റെ കവിതാ ബ്ലോഗ്. ബൂലോകത്ത് ദുരൂഹമല്ലാത്ത കവിതകളെഴുതാന്‍ കഴിയുന്ന ഒരാളുടെ അരങ്ങേറ്റം കൂടി കാണാന്‍ കഴിയുന്നു ധന്യ പ്രശാന്തിന്റെ കടലിനോട് എന്ന ആദ്യ പോസ്റ്റ് വായിച്ചു കഴിയുമ്പോള്‍. “യാത്രക്കിടയില്‍ മിന്നിമറഞ്ഞ മുഖങ്ങള്‍...ഓര്‍മ്മയിലെ മായത്ത നിഴലുകള്‍.... ജീവിതം ധന്യമാക്കിയവര്‍.. അവര്‍ക്കായി...” സമര്‍പ്പിച്ചിരിക്കുന്ന ബ്ലോഗ് പ്രതീക്ഷയുണര്‍ത്തുന്നു.

7. എന്റെ പ്രിയഗാനങ്ങള്‍
ശിലീപ് കുമാറിന്റെ ഇഷ്ടപെട്ട ഗാനങ്ങളുടെ സൂക്ഷിപ്പിനായി തുറക്കപെട്ട ബ്ലോഗ്. ഗാനങ്ങളുടെ വരികള്‍ സൂക്ഷിച്ച് വെക്കാനായി പിറവിയെടുക്കുന്ന ബ്ലോഗുകളിലേക്ക് ഒന്നു കൂടിയായി എന്റെ പ്രിയ ഗാനങ്ങള്‍.

8. എന്റെ തോന്നിവാസങ്ങള്‍.
എല്ലാവരും തോന്നിയ വാസങ്ങള്‍ കാട്ടുന്ന ബൂലോകത്തേക്ക് മറ്റൊരു തോന്നിവാസി കൂടി. ഗോപന്‍ കൊട്ടവിലയുടെ തോന്നിവാസങ്ങള്‍ വിശലനും വക്കാരിക്കും നന്ദി പറഞ്ഞ് തുടങ്ങിയിരിക്കുന്നു. വിഷയം വ്യക്തമല്ല.

9. അധിക പ്രസംഗി.
ബ്ലോഗിന്റെ തലവാചകം സൂചിപ്പിക്കുന്നതുപോലെ തുടക്കം അധിക പ്രസംഗത്തില്‍ തന്നെ.തനിനാടന്റെതുടക്കം ന്യായീകരിക്കത്തക്കതല്ല. കൊടകര പുരാണത്തിന്റെ ലിങ്ക് മാത്രമാണ് ആദ്യ പോസ്റ്റ്. തല്ലു വാങ്ങി കൂട്ടാനുള്ള എല്ലാ യോഗ്യതയും ഉള്ള ബ്ലോഗ്.


10. ശ്രീനി.
ശ്രീനിയുടെ സ്വന്തം പേരിലുള്ള കവിതാ ബ്ലോഗ്. ആദ്യ പോസ്റ്റായ നിഴലുകളില്‍ കവിത്വം തുളുമ്പുന്ന വരികളുമായാണ് ശ്രീ‍നിയെത്തിയിരിക്കുന്നത്. പ്രതീക്ഷയുണര്‍ത്തുന്ന മറ്റൊരു ബ്ലോഗാണ് ശ്രീനിയുടേത്.

11. മലയാളീ ഡോട് കോം.
ബ്ളൊഗ്ഗിങ്ങ്‌ എന്ന വിശാലലോകത്തില്‍ പിച്ചവച്ചു നടക്കുന്ന ഒരു കൊച്ചനുജന്‍. വല്ല്യെട്ടന്‍മാര്‍ സഹായിക്കുമെന്ന പ്രതീക്ഷയൊടെ തുടങ്ങിയിരിക്കുന്നു. സഹായിക്കാത്ത ചേട്ടന്മാരോട് സഹായിച്ചില്ലെങ്കില്‍ കോപ്പാ പോടാ പുല്ലേ എന്ന വിനയത്തോടെയാണ് പുറപ്പാട്. നന്നായി വരട്ടെ. കവിതാ ബ്ലോഗായിട്ടാണ് അനിയന്റെ കെട്ടും മട്ടും ഒക്കെ കണ്ടിട്ട് തോന്നുന്നത്. മലയാളിയാണ് മുതലാളി. ബൂലോകത്തെ മറ്റു ബ്ലോഗുകളുടെ മുതലാളിമാര്‍ മലയാളികളല്ലേ എന്തോ?

12. മലബാര്‍ വിശേഷങ്ങള്‍
ഈദാശംസകളുമായി വന്നിരിക്കുന്ന മലബാര്‍ വിശേഷങ്ങള്‍ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നത് മലബാറിന്റെ വിശേഷങ്ങളായിരിക്കാം. വിശേഷങ്ങളുടെ വിഷയം മുതലാളി വ്യക്തമാക്കിയിട്ടില്ല.

13. രചന.
സുരേഷ് ഐക്കരയുടെ ബ്ലോഗ്. അഞ്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സുരേഷ് ഐക്കരയുടേതായ വന്ന നുറുങ്ങുകള്‍ എല്ലാം തന്നെ ചിന്തയ്ക്ക് തീ കൊടുക്കുന്നു. ബൂലോകത്തിന് ഒരു മുതല്‍കൂട്ടായിരിക്കും സുരേഷ് ഐക്കരയുടെ രചന എന്ന് പ്രതീക്ഷിക്കാം.

12. പുനര്‍വായന.
ബൂലോകം എന്ന് കേട്ടു കേള്‍വി പോലും ഇല്ലാതിരുന്ന ഒരു കാലം! പതിറ്റാണ്ടുകള്‍ക്ക് മുമ്പൊന്നുമല്ല. ഒരു വര്‍ഷം മുമ്പ്. റേഡിയോ ഏഷ്യയുടെ എഫ്.എം. ബാന്റില്‍ നമ്മുടെ സാക്ഷാല്‍ വിശാല മനസ്കനേയും പെരിങ്ങൊടനേയും ഇന്റര്‍വ്യൂ ചെയ്യുകയാണ്‍ മായ. ആ അഭിമുഖത്തില്‍ നിന്നുമാണ് boologaclub.blogspot.com എന്ന ഒരു പുതു ലോകം ഉണ്ടെന്ന ആദ്യ അറിവ് ലഭിക്കുന്നത്. കംബൂട്ടറ് എന്നാല്‍ വേഡും എക്സലും മാത്രമായ എനിക്ക് ബൂലോകം എന്ന പുതു ലോകത്തിലെക്ക് കടന്ന് വരാന്‍ കഴിയുമെന്ന് സ്വപ്നേപി നിരൂപിച്ചില്ല. ബൂലോക പ്രവേശം ലളിതമാണെന്നും ബൂലോക വാസം രസകരം ആണ് എന്നുമൊക്കെ പെരിങ്ങോടന്‍ വിശദമായിപറഞ്ഞതാണ് boologaclub.blogspot.com മിലേക്ക് കടക്കാന്‍ പ്രചോദനം ആയത്. അതായിരുന്നു തുടക്കം. ബൂലോകാ ക്ലബ്ബില്‍ കാലെടുത്ത് വെച്ചപ്പോള്‍ മലയാളത്തില്‍ എങ്ങിനെ ബ്ലോഗാം എന്ന വക്കാരി പോസ്റ്റ് കണ്ടു. അതില്‍ പിടിച്ചങ്ങ് കയറി. ഇന്ന് ബൂലോകമില്ലാതെ ഒരു നിമിഷവും ഇല്ലാ എന്നായിരിക്കുന്നു. ഒരു തമാശക്ക് വീണ്ടും “മലയാളത്തില്‍ എങ്ങിനെ ബ്ലോഗാം” എന്ന വക്കാരി പോസ്റ്റ് ഒരു തുടക്കക്കാരന്റെ മാനസ്സിക വ്യാപാരത്തില്‍ വായിച്ചു. ശരിക്കും എങ്ങിനെ മലയാളത്തില്‍ ബ്ലോഗാം എന്ന് വക്കാരി വരച്ചു വച്ചിരിക്കുന്നു. തുടക്കക്കാര്‍ക്ക് ഇത്രയും സഹായകമായ മറ്റൊരു പോസ്റ്റ് ബൂലോകത്തില്‍ വേറെ ഇല്ല തന്നെ. ലളിതമായ വഴികാട്ടി.

6 comments:

അഞ്ചല്‍ക്കാരന്‍ said...

ബൂലോകം പോയ വാരം എട്ടാം ലക്കം ബൂലോക സമക്ഷം സമര്‍പ്പിക്കുന്നു.

un said...

പാണത്തൂറ് വഴി സ്കോട്‌ലാന്റിലേക്ക് എന്ന ബ്ലോഗിന്റെ ലിങ്ക് ഒന്നു ചേര്‍ക്കമോ? നന്ദി.

കുറുമാന്‍ said...

ഇത്തവണ ബൂലോകം പോയ വാരം നല്ല നിലവാരം പുലര്‍ത്തുന്നു. പല പുതിയ ബ്ലോഗുകളും പരിചയപെടുത്തിയത് നന്നായി. അതെ, വിശാലമനസ്കന്റെ അഭിമുഖം മാതൃഭൂമിയില്‍ വന്ന ശേഷം നിരവധി പേര്‍ ബ്ലോഗിങ്ങ് തുടങ്ങിയിട്ടുണ്ട്.

പല ബ്ലോഗുകള്‍ക്കും ഹെഡര്‍ ഡിസൈന്‍ ചെയ്ത സഹയാത്രികന്റെ ബ്ലോഗും പരിചയപെടുത്തണം.

K.P.Sukumaran said...

:)

ദിലീപ് വിശ്വനാഥ് said...

ബൂലോഗത്തെ ഇത്രയും നന്നായി അവലോകനം ചെയ്യുന്ന ഒരു ബ്ലോഗ് വേറെ ഇല്ല.
നന്നായി. പുതിയ ആളുകള്‍ക്ക് ഏറെ പ്രയോജനപ്പെടും.

മൂര്‍ത്തി said...

കാണാതിരുന്ന പല പോസ്റ്റുകളും കാണാന്‍ പറ്റി..നന്ദി..