Sunday, February 8, 2009

ബൂലോഗ വിചാരം : ലക്കം പതിനാറ്

പോയ വര്‍ഷം മാര്‍ച്ചില്‍ നിന്നു പോയ വാരവിചാരം പുനരാരംഭിയ്ക്കകയാണ്. ബൂലോഗത്ത് അവതരിപ്പിയ്ക്കപ്പെടുന്ന ബ്ലോഗ് പോസ്റ്റുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണമാണീ പംക്തി ലക്ഷ്യമാക്കുന്നത് എങ്കിലും ബൂലോഗ നിരൂപണം ആയി തെറ്റിദ്ധരിയ്ക്കാനിടയുണ്ട്. പക്ഷേ, ഒരു തരത്തിലുള്ള ആസ്വാദന കുറിപ്പ് എന്നതില്‍ കവിഞ്ഞ് ഈ പംക്തിയ്ക്ക് ഒരു പ്രാധാന്യവും കല്പിച്ചു നല്‍കേണ്ടുന്നതില്ല. വിചാരിപ്പ് കാരന്റെ വായനയെ അടിസ്ഥാനപ്പെടുത്തിയുള്ള വിചാരിപ്പാണ് ഇവിടെ സംഭവിയ്ക്കുന്നത്. വ്യക്തി മാറുന്നതിനനുസരിച്ച് വായനയും മാറും എന്നതിനാല്‍ വിചാരിപ്പ് കാരന്റെ വായനയ്ക്ക് തുല്യമാകണമെന്നില്ല ബൂലോഗത്തിന്റെ വായന. ഒരു പക്ഷേ പുറം ചൊറിയാണോ ഈ പംക്തീയെന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നിയേക്കാം. അത് തെറ്റാണ്. ആ സംശയം തെറ്റാണെന്നാണ് ഉദ്ദേശിച്ചത്. ഇത് തികച്ചും ഒരു തരം പുറം ചൊറി തന്നെയെന്നുള്ളതാണ് വാസ്തവം. വിചാരിപ്പ് കാരന് ഇഷ്ടമുള്ളവരെ പുകഴ്ത്താനും ഇഷ്ടമില്ലാ‍ത്തവരെ ഇകഴ്ത്താനും അനന്തമായ സാധ്യതകള്‍ തുറന്നു കിട്ടുന്ന വാരവിചാരം എന്ന അഭ്യാസത്തിലേയ്ക്ക് ഏവര്‍ക്കും വീണ്ടും സ്വാഗതം.

ഇന്നിയുള്ള ഞായറാഴ്ചകളില്‍ ബൂലോഗ വിചാരം പ്രത്യക്ഷപ്പെട്ടേയ്ക്കാം!

രണ്ടായിരത്തി ഒമ്പത് ജനുവരി മാസത്തിലെ ആദ്യത്തെ ആഴ്ച അവതരിയ്ക്കപ്പെട്ട ബ്ലോഗു പോസ്റ്റുകളാണീ ലക്കത്തില്‍ വിചാരിപ്പിനു വിധേയമാകുന്നത്. ജനുവരി ഒന്നു മുതല്‍ ഏഴു വരെ ദിവസങ്ങളില്‍ അവതരിയ്ക്കപ്പെട്ട പോസ്റ്റുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം.

1. നാട്ടില് മൊത്തം പാട്ടായി.
ആദര്‍ശ് കോലത്തുനാട്ടില്‍ എഴുതിയിട്ട പോസ്റ്റ് റേഡിയോ പ്രക്ഷേപണങ്ങളില്‍ കഴിഞ്ഞ അരനൂറ്റാണ്ടായി വന്ന മാറ്റത്തെ കുറിച്ചുള്ള സരസമായ വിവരണമാണ്. ട്രാന്‍സിസ്റ്റര്‍ റേഡിയോയുടെ ഉടമയാകാന്‍ ലൈസന്‍സ് ആവശ്യമായിരുന്ന ഒരു കാലഘട്ടത്തില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്ന പെട്ടി റേഡിയോ മുതല്‍ ആധുനിക എഫ്.എം നിലയങ്ങളിലെ തത്സമയ പ്രക്ഷേപണം വരെ ആദര്‍ശ് രസകരമായി അവതരിപ്പിച്ചിരിയ്ക്കുന്നു. ഒരു കാലഘട്ടത്തില്‍ ഭൂമിമലയാളത്തില്‍ ജനകീയമായിരുന്ന സിലോണ്‍ റേഡിയോ പ്രക്ഷേപണത്തിന്റേതടക്കമുള്ള വിവരണം ഗൃഹാതുരുത്വം ഉണര്‍ത്തുന്നു. "സംസ്കൃത വാര്‍ത്താഹ സുയന്താ ... പ്രവാചക ബല ദേവാനന്ദസാഗരാ ...." ബാക്കി വായന അവിടെ തുടരാം.

2. മാധ്യമ ഭീകരതയുടെ ഇരകള്‍.
എവിടെനിന്നു തുടങ്ങിയെന്നോ എങ്ങിനെ അവസാനിച്ചുവെന്നോ ആര്‍ക്കും ഇന്നും അറിയാത്ത ISRO ചാരക്കേസ് കുഴിച്ചു മൂടപ്പെട്ടിട്ട് രണ്ടു ദശ്ശാബ്ദം ആകുന്നു. രാജ്യത്തിന്റെ ശാസ്ത്ര പുരോഗതിയ്ക്ക് വേണ്ടി അഹോരാത്രം പണിയെടുത്ത കുറേ ശാസ്ത്രജ്ഞന്മാരുടെ ജീവിതം ദുരന്തമാക്കി മാറ്റിയ ചാരക്കേസില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്കിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന അലക്സ് ജേക്കബ്ബിന്റെ പോസ്റ്റാണ് മാധ്യമ ഭീകരതയുടെ ഇരകള്‍. നമ്പിനാരായണനും, ശശികുമാറും, ഫൌസിയ ഹസ്സനും, മറിയം റഷീദയും ഒക്കെ വീണ്ടും ഓര്‍ക്കപ്പെടാന്‍ അലക്സ് ജേക്കബ്ബിന്റെ ഓര്‍മ്മകള്‍ എന്ന ബ്ലോഗില്‍ വന്ന ഈ ഓര്‍മ്മക്കുറിപ്പ് ഒരു കാരണമായി.

3. ശാസ്ത്രം 2008 : അമ്പിളിമാമന്‍ മുതല്‍ അദൃശ്യ മനുഷ്യന്‍ വരെ.
മാനവരാശി രണ്ടായിരത്തി എട്ടില്‍ നേടിയെടുത്ത കണ്ടു പിടുത്തങ്ങളുടേയും ശാസ്ത്ര നേട്ടങ്ങളുടേയും വിളവെടുപ്പാണ് വി.ആര്‍. ഹരിപ്രസാദ് തന്റെ ലോഗ്-ഇന്‍ എന്ന ബ്ലോഗിലൂടെ നടത്തുന്നത്. പേടിയും പ്രതീക്ഷയും സമാസമം കൊണ്ടുവന്ന്‌, തുടങ്ങിയേടത്തുതന്നെ നില്‍ക്കുന്ന കണികാ പരീക്ഷണം മുതല്‍ ഭാരതത്തിന്റെ ചന്ദ്രയാന്‍ ദൌത്യം വരെ പരാമര്‍ശിയ്ക്കപ്പെടുന്ന ലേഖനം ബൂലോഗത്തിനു മുതല്‍ കൂട്ട് തന്നെ. ശാസ്ത്രം 2008 : അമ്പിളിമാമന്‍ മുതല്‍ അദൃശ്യ മനുഷ്യന്‍ വരെ ഇവിടെ വായിയ്ക്കാം.

4. അബ്രഹാമിന്റെ സന്തതികള്‍.
ഇസ്രായേല്‍ ഫലസ്തീന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷങ്ങളുടെ ചരിത്ര വീഥിയിലേയ്ക്ക് ഇറങ്ങി ചെല്ലുന്ന ലേഖനം. ഒരിയ്ക്കലും ശാന്തമാകാത്ത പശ്ചിമേഷ്യന്‍ സാഹചര്യങ്ങളിലെ രാഷ്ട്രീയവും സാമ്പത്തികവുമായ വശങ്ങളെ വിശകലനം ചെയ്യുന്ന ലേഖനം ഇസ്രായേല്‍ ഫലസ്തീന്‍ സംഘര്‍ഷങ്ങളുടെ ആരംഭം അന്വേഷിയ്ക്കുന്നവര്‍ക്ക് ഒരു വഴികാട്ടി തന്നെ. ഡോക്ടര്‍ സൂരജ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ എന്ന ബ്ലോഗില്‍ എഴുതിയിട്ട അബ്രഹാമിന്റെ സന്തതികള്‍ പൂര്‍ണ്ണമാകുന്നത് ആ പോസ്റ്റില്‍ നടന്ന ചര്‍ച്ചകളിലൂടെയാണ്. സെബിന്‍ എബ്രഹാം ജേക്കബ്ബിന്റേയും, മാവേലീ കേരളത്തിന്റേയും ഡീപ് ഡൌണിന്റേയും ശ്രീഹരിയുടേയും ഒക്കെ ഈ പോസ്റ്റിലെ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. രണ്ടായിരത്തി ഒമ്പതിന്റെ ആദ്യ ദിനത്തില്‍ തന്നെ ബൂലോഗത്തിനു ലഭിച്ച പുതുവത്സര സമ്മാനമാണ് ഡോക്ടര്‍ സൂരജിന്റെ ഈ പോസ്റ്റ്.

5. അല്‍-താനി ബില്‍ഡിംഗ് നമ്പര്‍ വണ്‍.
പ്രവാസത്തില്‍ വാടക വീടുകള്‍ സ്വന്തം വീടു പോലെയാണ്. നാട്ടിലെ വാടക വീടുകള്‍ക്കും പ്രവാസത്തില്‍ വാടക വീടുകള്‍ക്കും തമ്മിലുള്ള അന്തരവും ഇതു തന്നെയാണ്. പ്രവാസത്തിലെ വാടക വീടുകള്‍ മിക്കവാറും മൂന്നു വര്‍ഷക്കാലമാണ് അഭയമാവുക. എങ്കിലും ആ മൂന്ന് വര്‍ഷം കൊണ്ട് ഒരോ വാടക വീടും ജീവിതത്തോട് അങ്ങ് ഒട്ടിച്ചേരുകയാണ് പതിവ്. രണ്ടോ മൂന്നോ വര്‍ഷം മാത്രമേ ഒരു വാടക വീട്ടില്‍ താമസിയ്ക്കുന്നുള്ളൂ എങ്കിലും പ്രവാസത്തിലെ വാടക വീട്ടില്‍ നിന്നുള്ള ഒഴിഞ്ഞ് പോക്ക് വേദനാജനകമാണ്. ആ ഒഴിഞ്ഞു പോക്കിന്റെ വേദനയുടെ ഒരു കണികയാണ് സ്മിതാ ആദര്‍ശ് തന്റെ അല്‍-താനി ബില്‍ഡിംഗ് നമ്പര്‍ വണ്ണിലൂടെ പങ്കു വെയ്ക്കുന്നത്. പോസ്റ്റ് വായിച്ചു കഴിയുമ്പോള്‍ ഒരു നേര്‍ത്ത നൊമ്പരം എവിടെയോ ബാക്കിയാകുന്ന പോലെ...

6. ഒന്നാം രാഗം പാടി.
കുട്ടിച്ചാത്തന്റെ പെണ്ണുകാണല്‍ അനുഭവം പങ്കു വെയ്ക്കുന്ന പോസ്റ്റ്. കുട്ടിച്ചാത്തന്‍ പോസ്റ്റുകളിലെ നര്‍മ്മ ഭാവന ഈ പോസ്റ്റിലും ഒട്ടും കൈമോശം വന്നിട്ടില്ല. രണ്ടായിരത്തി ഒമ്പത് ഒന്നാം വാരം വന്ന തികഞ്ഞ നര്‍മ്മത്തിന്റെ ലിങ്ക് ദേണ്ടെ ഇവിടെ.

7. നേര്‍ച്ചകുറ്റിയ്ക്ക് മുന്നില്‍ വണ്ടി പാര്‍ക്കു ചെയ്യരുത്.
അരുണ്‍ ചുള്ളിയ്ക്കലിന്റെ കുറിപ്പ്. ദൈവത്തിനു വേണ്ടി വെച്ചിരിയ്ക്കുന്ന നേര്‍ച്ച കുറ്റികള്‍ മനുഷ്യന്റെ ചെയ്തിയാല്‍ മറയ്ക്കപ്പെടുന്നതിനെ വിമര്‍ശനാത്മകമായി സമീപിയ്ക്കുന്ന നേര്‍ച്ചകുറ്റിയ്ക്ക് മുന്നില്‍ വണ്ടി പാര്‍ക്കു ചെയ്യരുത് എന്ന പോസ്റ്റ് ആരാധനാലയങ്ങള്‍ കച്ചവടവല്‍ക്കരിയ്ക്കപ്പെടുന്നതിനെ ചര്‍ച്ചയാക്കുന്നു. ആത്മീയതയും നേര്‍ച്ച കുറ്റിയും ആധുനിക ലോകത്തിലെ ഏറ്റവും നല്ല കച്ചവട സാധ്യതയാണെന്ന അരുണിന്റെ വാദം ശരിവെയ്ക്കുന്നതായിരുന്നു പോസ്റ്റിനെ അധികരിച്ചു വന്ന ചര്‍ച്ചകളും.

8. ഡിസൈനറും കോന്‍ണ്ട്രാക്ടറും.
സ്വപ്ന ഗൃഹം ഒരുക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാനായി എസ്.കുമാര്‍ എഴുതിയിടുന്ന ബ്ലോഗാണ് പാര്‍പ്പിടം. വസ്തു വാങ്ങുന്നതു മുതല്‍ വാസ്തു നിശ്ചയിയ്ക്കുന്നതുവരെ എല്ലാ പാര്‍പ്പിടത്തില്‍ ഉണ്ട്. പാര്‍പ്പിടത്തില്‍ വന്ന ശ്രദ്ദേയമായൊരു ലേഖനമാണ് ഡിസൈനറും കോന്‍ണ്ട്രാക്ടറും. പുതിയ വീടു നിര്‍മ്മിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ നിശ്ചയമായും കണ്ടിരിയ്ക്കേണ്ട ബ്ലോഗുകൂടിയാണ് എസ്.കുമാറിന്റെ പാര്‍പ്പിടം.

9. മൊഴിമുത്തുകള്‍ -30.
ബഷീര്‍ വെള്ളറക്കാടിന്റെ മൊഴിമുത്തുകള്‍ എന്ന ബ്ലോഗ് അന്ത്യ പ്രവാചകര്‍ മുഹമ്മദ്‌ നബി (സ) തങ്ങളുടെ മൊഴി മുത്തുകളിലൂടെ സഞ്ചരിക്കുവാന്‍ ഒരു ശ്രമമാണ്. മൊഴിമുത്തുകളില്‍ മുപ്പതാം മൊഴിമുത്ത് സ്തീകളെ മാനിയ്ക്കുന്നതില്‍ പ്രവാചകന്‍ കാട്ടിയ മാതൃകയാണ് ചര്‍ച്ചാ വിഷയം. പ്രവാചക സൂക്തം വിശകലനം ചെയ്യുന്ന മൊഴിമുത്തുകള്‍ സംഘര്‍ഷ ഭരിതമായ വര്‍ത്തമാന കാലഘട്ടത്തില്‍ പ്രവാചകന്റെ ഉപദേശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുവാന്‍ കാരണമാകുന്നുണ്ട്.

10. ആഴ്ച ഏതെന്നറിയാന്‍ ഒരെളുപ്പവഴി.
ശ്രീയുടെ കുറുക്കുവഴി. പത്തക്കം ഉള്ള മൊബൈല്‍ നമ്പര്‍ ഓര്‍ത്തിരിയ്ക്കാന്‍ കഴിയുന്നവര്‍ക്ക് പന്ത്രണ്ടക്കമുള്ളൊരു കോഡ് ഓര്‍ത്തു വെയ്ക്കാന്‍ കഴിയുമല്ലോ. അങ്ങിനെ ഒരു പന്ത്രണ്ട് അക്കം ഓര്‍മ്മയില്‍ വെച്ചാല്‍ ആഴ്ചയും ദിവസവും ഒക്കെ കണ്ടു പിടിയ്ക്കാന്‍ കലണ്ടര്‍ തപ്പി നടക്കണ്ട. അതിനുള്ള വിദ്യ ശ്രീ ദേണ്ടെ ഇവിടെ എഴുതിയിട്ടുണ്ട്.

11. ടെന്‍ കാനൂസ്.
ടെന്‍ കാനൂസ് എന്ന ആസ്ടേലിയന്‍ സിനിമയെ കുറിച്ചുള്ള പ്രശാന്ത് കുളത്തിലിന്റെ ആസ്വാദനം.ഒരു നല്ല കഥ പറച്ചിലുകാരൻ ആവാനും നല്ല കേൾവിക്കാരനാവാനും ഒരുപാട് ഗുണങ്ങൾ വേണ്ടതാണെന്ന് ടെന്‍ കാനൂസ് എന്ന സിനിമ ഓര്‍മ്മിപ്പിയ്ക്കുന്നു എന്നു പറഞ്ഞു വെയ്ക്കുന്ന ലേഖകന്‍ ഒരു നല്ല സിനിമാ ആസ്വാദകനാകാനും ഏറെ ഗുണങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹത്തിന്റെ വിവരണത്തിന്റെ മനോഹാരിതയിലോടെ വ്യക്തമാക്കുന്നു. ആസ്വ്വാദനം എന്നാല്‍ സിനിമയുടെ ആഴങ്ങളിലേയ്ക്ക് ഇറങ്ങി ചെന്ന് സൂഷ്മാംശങ്ങളെ പോലും വിശകലനം ചെയ്യുന്ന അതീവ സുന്ദരമായൊരു പോസ്റ്റാണ് പ്രശാന്ത് കുളത്തിലിന്റേത്. വായിയ്ക്കാന്‍ വിട്ടുപോയാല്‍ നഷ്ടമാകുന്നൊരു പോസ്റ്റ്.

12. കൊച്ചു കൊച്ചു തട്ടിപ്പുകള്‍.
തട്ടിപ്പുകളില്‍ പെടാത്തവര്‍ ആരുമുണ്ടാകില്ല. ചിലപ്പോള്‍ ചെറിയ തട്ടിപ്പുകള്‍. മറ്റു ചിലപ്പോള്‍ ഭൂലോക തട്ടിപ്പുകള്‍. തട്ടിപ്പിനു വിധേയമാകുന്നവന്‍ പലപ്പോഴും തട്ടിപ്പു വീരന്മാരുടെ ചതിയ്ക്കാനുള്ള കഴിവില്‍ കുരുങ്ങി പോകാറാണുള്ളത്. നടക്കാന്‍ പോകുന്നത് ഉഗ്രന്‍ തട്ടിപ്പാണ് എന്ന മനസ്സിലാക്കി കൊണ്ട് തന്നെ തട്ടിപ്പിനു കീഴ്പ്പെടുന്നവരും കുറവല്ല. തട്ടികളെ കുറിച്ചുള്ള പ്രതീപിന്റെ ലേഖനം പങ്കു വെയ്ക്കുന്നതും അറിഞ്ഞിട്ടും തട്ടിപ്പിന്നിരായാകേണ്ടി വരുന്ന സാഹചര്യങ്ങളാണ്. അനുഭവങ്ങളാണ് പോസ്റ്റിനാധാരം. ശ്രദ്ധിയ്ക്കപ്പെടേണ്ട പോസ്റ്റുകളില്‍ ഒന്നു തന്നെയായിരുന്നു പ്രതീപിന്റെ മഴവില്ല് എന്ന ബ്ലോഗില്‍ വന്ന കൊച്ചു കൊച്ചു തട്ടിപ്പുകള്‍.

13. ഫാസിസം - അജിത് സാഹിയുമായുള്ള അഭിമുഖം ഒന്നാം ഭാഗം.
അജിത് സാഹി തെഹല്‍ക്കാ മാസികയിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകനാണ്. അടുത്തിടെ അദ്ദേഹം , മുസ്ലിം മതക്കാരെ, നിരോധിക്കപ്പെട്ട സംഘടനായ “സിമി“ യിലെ മുന്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ, പോലീസും മീഡിയയും രഹസ്യാന്വേഷണ ഏജന്‍സികളും ചേര്‍ന്ന് നിരപരാധികളായവരെ രാജ്യത്തെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെടുത്തി തെറ്റായ പ്രചരനം കൊടുക്കുന്നതിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യോഗീന്ദര് സിങ്ങുമായുള്ള ഈ അഭിമുഖസം ഭാഷണത്തില്‍ അദ്ദേഹം മുസ്ലിങ്ങളെ ഭീകരവാദികളായി ചിത്രീകരിക്കുന്നതില്‍ ഇന്ത്യയിലെ മീഡിയ വഹിക്കുന്ന പങ്കിനെക്കുറിച്ച് സംസാരിക്കുന്നു. ജയേഷിന്റെ തെരുവരങ്ങ് എന്ന ബ്ലോഗില്‍ അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം വായിയ്ക്കാം.

14. മേലേ പുളിയാങ്കുടി.
കേരളാ തമിഴ്നാട് അതിര്‍ത്തി ഗ്രാമമായ പുളിയാങ്കുടിയുടെ പശ്ചാത്തലത്തില്‍ പി.കെ.സുധിയെഴുതിയ കഥ. ഒരു തമിഴ്നാട് കാര്‍ഷിക ഗ്രാമത്തിന്റെ മനോഹരമായ പ്രകൃതി വര്‍ണ്ണന എന്നതിനപ്പുറം മറ്റെന്തെങ്കിലും അനുവാചകനു സുധിയുടെ
മേലേ പുളിയാങ്കുടി നല്‍കുന്നുണ്ടോ എന്നു സംശയമാണ്.


15. കരിനാക്ക്.

നാടോടി കഥകളുടെ കൂട്ടത്തിലേയ്ക്ക് ഇത്തിരിവെട്ടത്തിന്റെ പുതിയൊരു സംഭാവന. കരിനാക്കനെ കുറിച്ചുള്ള കെട്ടു തഴമ്പിച്ച കഥയുടെ പുനരാവിഷ്കാരം അവതരണത്തിന്റെ ലാളിത്യം കൊണ്ട് അനുവാചകന്റെ ചുണ്ടിന്‍ കോണില്‍ നേര്‍ത്ത പുഞ്ചിരി വിരിയിയ്ക്കും. മമ്മദിന്റെ പാടത്തെ പുല്ല് കരിയ്ക്കാന്‍ വരുന്ന കരിനാക്കന്റെ സംഭവ ബഹുലമായ കഥ ദേണ്ടേ ഇവിടെ വായിയ്ക്കാം.

16. മൂന്നുമുഴം മുല്ലപ്പൂ.
നനുനനുത്തൊരു കൌമാര പ്രണയത്തിന്റെ ഓര്‍മ്മകള്‍ പങ്കു വെയ്ക്കുകയാണ് നന്ദകുമാര്‍. ഗ്രാമീണ പശ്ചാത്തലത്തില്‍ അടര്‍ന്നു വീഴുന്ന വരികളില്‍ നിറഞ്ഞ് നില്‍ക്കുന്ന മൂന്നുമുഴം മുല്ലപ്പൂവിന്റെ പരിമളം നന്ദകുമാറിന്റെ പോസ്റ്റിന്റെ നീളം അനുവാചകനെ ഒരു വിധത്തിലും മടുപ്പിയ്ക്കുന്നില്ല. വീണ്ടും വായിയ്ക്കാന്‍ തോന്നലുളവാക്കുന്ന ജനുവരിയിലെ ഒന്നാമാഴ്ചത്തെ ഏക പോസ്റ്റും മൂന്നുമുഴം മുല്ലപ്പൂവായിരുന്നു. മൂന്നുമുഴം മുല്ലപ്പൂ പൂര്‍ണ്ണമാകുന്നത് പോസ്റ്റിലെ ജീവനുള്ള ചിത്രങ്ങളിലൂടെയാണ്. ചെറിയനാടന്റെ കമന്റില്‍ മൂന്നുമുഴം മുല്ലപ്പൂ അര്‍ഹിയ്ക്കുന്ന തലത്തില്‍ വിലയിരുത്തപ്പെടുകയും ചെയ്യുന്നു.

17. ഒരു ക്രിസ്തുമസ് കൂടി മടങ്ങി.
സ്വപ്ന അനു ബി. ജോര്‍ജ്ജിന്റെ സചിത്ര ഓര്‍മ്മക്കുറിപ്പ്. പ്രവസത്തിലാകുമ്പോഴാണ് ഒരോ മലയാളിയും നാട്ടിലെ ആഘോഷങ്ങളുടെ മധുരം തിരിച്ചറിയുന്നത്. ഒരോ ആഘോഷവും പ്രവാസിയ്ക്ക് ഒരു മടക്കയാത്രയുടെ ഓര്‍മ്മപ്പെടുത്തലാണ്. നഷ്ടപ്പെട്ടു പോകുന്ന ഒരോ ആഘോഷവും പ്രവാസത്തിലേയ്ക്ക് പറിച്ചു നടാനുള്ള ശ്രമവും വിഫലമല്ല. സ്വപ്നയുടെ ക്രിസ്തുമസ് ഓര്‍മ്മക്കുറിപ്പും അതുകൊണ്ട് തന്നെ മനസ്സുകൊണ്ടൊരു മടങ്ങിപ്പോക്കാണ്.

ജനുവരിയിലെ ആദ്യ ആഴ്ച പുതുബ്ലോഗുകളുടെ വരവ് തീരെ കുറവായിരുന്നു. ആ കുറവ് പരിഹരിച്ചത് ഒരു മെഗാസ്റ്റാര്‍ പുതുബ്ലോഗിന്റെ സാനിദ്ധ്യവുമായിരുന്നു. ബൂലോഗത്ത് മമ്മൂട്ടിയുടെ ബ്ലോഗിനു കിട്ടിയ വരവേല്‍പ്പിനു തുല്യതയുണ്ടായിരുന്നില്ല. കവിതാ ബ്ലോഗുകള്‍ മിക്കവാറും പൂര്‍ണ്ണമായും തന്നെ വര‍ണ്ടുകിടക്കുകയുമായിരുന്നു. വിവാദരഹിതമായ ഒരു വാരം കൂടിയായിരുന്നു രണ്ടായിരത്തി ഒമ്പതിലെ ഒന്നാം വാരം. ശാന്തിയും സമാധാനവും സൌഹൃദവുമായിരുന്നു ബൂലോഗത്തെ രണ്ടായിരത്തി ഒമ്പതിലെ ഒന്നാം വാരത്തിന്റെ മുഖമുദ്ര.

Sunday, March 9, 2008

ബൂലോകം പോയ വര്‍ഷം : ഭാഗം ഒന്ന് : ലക്കം ഒന്ന്.

നിറവുകള്‍ : ഒന്ന്.

1. അബ്ദുല്‍ അലിഫ്
രണ്ടായിരത്തി ഏഴിലെ ആദ്യ പോസ്റ്റിന് ഉടമ. നൈജീരിയല്‍ നിന്നും സ്നേഹ പൂര്‍വ്വം എഴുതുന്ന അലിഫിന്റെ ബ്ലോഗ് നൈജീരിയന്‍ ജീവിത സാഹചര്യങ്ങളെ ബൂലോകവുമായി പങ്കു വെക്കുന്ന ഏക ബ്ലോഗാണ്. നൈജീരിയന്‍ തൊഴില്‍ മേഖകലയിലെ തട്ടിപ്പുകളെ അലിഫ് ബൂലോകരുമായി പങ്കുവെക്കുന്നത് നൈജീരിയയിലേക്ക് തൊഴില്‍ തേടി പോകുന്നവര്‍ക്ക് ഒരു മുന്‍‌കരുതലിന് ഇട നല്‍കുന്നു. പോയ വര്‍ഷം ആറ് പോസ്റ്റുകളേ അലിഫിന്റേതായി വന്നുള്ളൂ എങ്കിലും എല്ലാ പോസ്റ്റുകളും വളരെ ശ്രദ്ധയോടു കൂടി അവതരിപ്പിക്കപ്പെട്ടവയായിരുന്നു. എല്ലാ പോസ്റ്റുകളും വേണ്ടത്ര ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

2. കേരളാ ഫാര്‍മര്‍
“ജയ് ജവാന്‍ ജയ് കിസ്സാന്‍‍” മുദ്രാവാക്യം അന്വാര്‍ത്ഥമാക്കൂന്ന ബൂലോകത്തെ കര്‍ഷകനായ വിമുക്തഭടന്‍. കര്‍ഷകരുടെ ബൂലോക പ്രാതിനിധ്യമാണ് കേരളാ ഫാര്‍മര്‍ എന്ന ചന്ദ്രശേഖരന്‍ നാ‍യര്‍. കാര്‍ഷിക സംബന്ധമായ വിഷയങ്ങള്‍ ബൂലോകവുമായി സംവേദിക്കുന്ന കേരളാ ഫാര്‍മറുടെ പല പോസ്റ്റുകളും ചൈനീസിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട് എന്നത് ബൂലോകത്തിന് തന്നെ അഭിമാനമാണ്. സ്വതന്ത്ര സോഫ്റ്റ് വെയറുകളുടെ പ്രചാരണത്തിനായി ചന്ദ്രശേഖരന്‍ നായര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും ശ്ലാഘനീയം തന്നെ.

3.പുള്ളി
പുള്ളിയുടെ “കട്ടയും പടവും” ബൂലോകത്ത് പോയ വര്‍ഷം നിറഞ്ഞ് നിന്നത് ജീവസുറ്റ പടങ്ങളുമായിട്ടായിരുന്നു. ടൊര്‍ണോഡോയെ സ്വന്തമായെടുത്ത ചിത്രങ്ങളിലൂടെ പുള്ളി അവതരിപ്പിക്കുന്നത് നല്ല കാഴ്ചയായി. ഈജിപ്റ്റിന്റെ ആത്മാവിലേക്കിറങ്ങി ചെല്ലുന്ന ഫോട്ടോകളും കുറിപ്പുകളും ബൂലോകം നന്നായി ആസ്വദിച്ച പോസ്റ്റുകളാണ്. മികവുറ്റ ചിത്രങ്ങളാല്‍ സമ്പന്നമായിരുന്നു പുള്ളിയുടെ പോയ വര്‍ഷം.

4. തമനു
“തല പുറകിലായിപോയവന്റെ കാഴ്ചകളും കേള്‍വികളുമായി” ബൂലോകത്ത് പോയ വര്‍ഷം നിറഞ്ഞ് നിന്ന തമനു രണ്ടായിരത്തി ഏഴ് തുടങ്ങിയത് എങ്കിലുമെന്റ് ജന്നിഫലോപ്പസേ എന്ന അമളി പോസ്റ്റുമായിട്ടായിരുന്നു. “വല്ലപ്പോഴും തോന്നുന്ന നേര്‍ചിന്തകള്‍ പങ്കുവെക്കാനായി” തുടങ്ങിയ രണ്ടാമിടം വിലപ്പെട്ടതാകുന്നത് ദുബായി എയര്‍ഷോയുടെ വിശേഷങ്ങള്‍ പങ്കു വെക്കുന്ന ഒറ്റ പോസ്റ്റു കൊണ്ടാണ്. രണ്ടു ബ്ലോഗിലും കൂടി പോയ വര്‍ഷം തമനു എട്ട് പോസ്റ്റുകള്‍ ആണ് ബൂലോകത്തിന് സമ്മാനിച്ചതെങ്കിലും എല്ലാ പോസ്റ്റുകളും അവതരിപ്പിക്കപെട്ട ദിവസങ്ങളില്‍ ബൂലോകത്ത് നിറഞ്ഞ് നിന്നിരുന്നു. എപ്പോഴും വായിക്കപെടാന്‍ കഴിയുന്നതാണ് തമനു പോസ്റ്റുകള്‍.

5. യാത്രാ മൊഴി
ഒന്നാം വാര്‍ഷികത്തോടെ രണ്ടായിരത്തി ഏഴില്‍ പോസ്റ്റിങ്ങ് തുടങ്ങിയ യാത്രാമൊഴിയുടെ പോയ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ പോസ്റ്റ് ചില ബ്ലോഗാകുല ചിന്തകള്‍ ആയിരുന്നു. യാഹൂ കോപ്പിയടി പ്രശ്നത്തെയും ബ്ലോഗില്‍ രണ്ടായിരത്തി ആറ് അവസാനവും രണ്ടായിരത്തി ഏഴ് ആദ്യ മാസങ്ങളിലും ബൂലോകത്ത് ചര്‍ച്ച ചെയ്യപ്പെടുകയും വിവാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത വിഷയങ്ങളേയും വസ്തു നിഷ്ടമായും സരസമായും അവതരിപ്പിച്ചിട്ടുള്ള “ചില ബ്ലോഗാ‍കുല ചിന്തകള്‍” ബൂലോകത്തിന് രണ്ടായിരത്തി ഏഴില്‍ കിട്ടിയ സമ്മാനങ്ങളില്‍ ഒന്നാണ്. യാത്രാമൊഴിയുടെ തന്നെ ചിത്രജാലകം മിഴുവിറ്റ ചിത്രങ്ങളാലും സമ്പന്നമായിരുന്നു. രണ്ടു ബ്ലോഗുകളിലും കൂടി ആകെ പതിനൊന്ന് പോസ്റ്റുകള്‍. പക്ഷേ എല്ലാം തന്നെ വേണ്ടത്ര ശ്രദ്ധയോടെ രചിച്ചവ. ബൂലോകത്തിന്റെ നിറവുകളില്‍ ഒന്നായിരുന്നു “യാത്രാമൊഴിയുടെ” സാനിധ്യവും.

6. ബൂലോഗാ ഫോട്ടോ ക്ലബ്ബ്
ഫോട്ടോ ക്ലബ്ബ് ബൂലോകത്തിന് ഹരമായാത് ചിത്രീകരണ മത്സരങ്ങളോടെയാണ്. പടം പിടുത്ത മത്സരങ്ങള്‍ ബൂലോകര്‍ ആഘോഷമാക്കിമാറ്റിയതാണ്. പങ്കാളിത്തം കൊണ്ടും ഫോട്ടോകളുടെ ഗുണനിലവാരം കൊണ്ട് ശ്രദ്ധേയമായിരുന്ന ഫോട്ടോ ക്ലബ്ബിന്റെ മാസാമാസ മത്സരങ്ങള്‍ ഓഗസ്റ്റ് മാസത്തോടെ ആര്‍ദ്ധവിരാമം തേടിയപ്പോള്‍ തുടക്കത്തിലുണ്ടായിരുന്ന ആവേശം മത്സരാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെടുന്നത് തൊട്ടറിയാമായിരുന്നു. ഒരു ഹോബിയായി ഫോട്ടോ പിടുത്തം കൊണ്ടു നടന്നവര്‍ക്ക് ഫോട്ടോഗ്രാ‍ഫിയുടെ സാങ്കേതങ്ങള്‍ തിരിച്ചറിയാന്‍ ഉതകുന്നതായിരുന്നു മത്സരങ്ങളും അതിന്റെ വിധി നിര്‍ണ്ണയത്തോടൊപ്പം വന്ന വിശകലനങ്ങളും. മത്സരത്തിനായി അയച്ച് കിട്ടിയ ഫോട്ടോകള്‍ ഒക്കെയും നല്ല കാഴ്ചയാണ് നല്‍കുന്നത്. വല്ലപ്പോഴുമെങ്കിലും ക്ലബ്ബിലൊന്നു കയറുന്നവര്‍ ക്യാമറ വാങ്ങും എന്നുറപ്പ്.

ഫോട്ടോ ക്ലബ്ബിലെ സൌഹൃദമത്സരം തുടരേണ്ടുന്നതുണ്ട്. സപ്ത വര്‍ണ്ണങ്ങള്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുന്നത് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

7. ദൃശ്യന്‍
അമ്മയുമായിട്ടാണ് ദൃശ്യന്‍ രണ്ടായിരത്തി ഏഴ് തുടങ്ങിയത്. ദൃശ്യന്‍ പറയുന്ന നര-സായ കഥകള്‍ തികച്ചും വ്യത്യസ്തമായ വായനാനുഭവമാണ് നല്‍കുന്നത്. രണ്ടറ്റം കൂട്ടി മുട്ടിക്കുവാനുള്ള തത്രപാടിനിടയിലും, ഒരീടുമില്ലാതെ കാശു തരാന്‍ തയ്യാറായി വന്ന ഗ്ലോറിഫൈഡ് കടക്കെണിയില്‍ വീഴാന്‍ സമയം കണ്ടെത്തിയ, ജീവിതം ദുരിതമാക്കി തീര്‍ത്ത മനുഷ്യ ജന്മങ്ങള്‍ക്ക്! സമര്‍പ്പിച്ച് അദ്ദേഹം എഴുതിയ ക്രെഡിറ്റ് കാര്‍ഡ് എന്ന കഥ ഉപഭോഗ സംസ്കാരത്തിന്റെ ബലിയാടുകളില്‍ ഒരാളാണല്ലോ താനുമെന്ന സത്യം അനുവാചകനില്‍ ജനിപ്പിക്കുന്നു. ക്രെഡിറ്റ് കാര്‍ഡിന്റെ നീരാളി പിടുത്തത്തില്‍ പെട്ടുഴലുന്ന മധ്യവര്‍ഗ്ഗ സമൂഹത്തിന്റെ വിഹ്വലതകള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്ന “ക്രെഡിറ്റ് കാര്‍ഡ്” എന്ന ഒറ്റ കഥ കൊണ്ട് ദൃശ്യന്‍ ബൂലോകത്തെ നിറവുകളില്‍ ഒരാളായി മാറുന്നു.

അഞ്ച് ബാങ്കുകള്‍ ഇങ്ങോട്ട് വിളിച്ച് തന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ പത്തെണ്ണത്തിന് ബദലായി അഞ്ച് പോലീസ് കേസുകള്‍ കാരണം ഇരുപത്തി ഒന്ന് മാസം ജീവിതം നിയമകുരുക്കില്‍ പെട്ടുപോയ ഒരുവനില്‍ ഈ കഥയുണ്ടാക്കുന്ന വികാരം വാക്കുകള്‍ക്ക് അതീതമാണ്. ദൃശ്യന്റെ രചനകള്‍ ബൂലോകത്തിന് എക്കാലത്തേക്കുമുള്ള മുതല്‍കൂട്ടാണ്.

8. സിദ്ധാര്‍ത്ഥന്‍
ബ്ലോഗിനെ അര്‍ഹിക്കുന്ന ഗൌരവത്തോടെ സമീപിക്കുന്നവരില്‍ ഒരാ‍ള്‍. വായിച്ചവയെ കൂടുതല്‍ വായിപ്പിക്കുക എന്ന ധര്‍മ്മവുമായി എത്തുന്ന വായനക്കിടയില്‍ എന്ന ബ്ലോഗ് ബൂലോകത്ത് വേറിട്ട് നില്‍ക്കുന്നു. ഏറെ എഴുതിയിരുന്ന സിദ്ധാര്‍ത്ഥന്‍ ഒരു ഇടവേളക്ക് ശേഷം ബൂലോകത്തിലെ തന്റെ സാനിദ്ധ്യം അറിയിച്ച ധ്രുവീകരണം എന്ന കഥ അവതരണ ഭംഗി കൊണ്ട് ബൂലോകത്തെ പോയ വര്‍ഷത്തെ നിറവുകളില്‍ ഒന്നാകുന്നു. സിദ്ധാര്‍ത്ഥന്റെ കാഴ്ചകളിലും ഒന്നുകയറി നല്ല കുറേ പടങ്ങളും കണ്ട് തിരിച്ച് പോരാം.

വീണ്ടും സജീവമായിരിക്കുന്ന സിദ്ധാര്‍ത്ഥനില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കാം.

9. വക്കാരി മഷ്ട
“വക്കാരിയുടെ കമന്റ് പോലെ” എന്ന പ്രയോഗം തന്നെ സൃഷ്ടിക്കപെട്ട വര്‍ഷമാണ് കടന്ന് പോയത്. സ്വന്തം പോസ്റ്റുകളേക്കാള്‍ ഗൌരവമായി മറ്റുള്ളവരുടെ പോസ്റ്റുകളേ സമീപിച്ച വക്കാരി രണ്ടായിരത്തി ഏഴിന്റെ നിറവുകളില്‍ ഒന്നാകുന്നത് ബ്ലോഗിങ്ങിന്റെ സമസ്ത മേഖലയിലും തന്റെ സാനിദ്ധ്യം ഉറപ്പിച്ചു കൊണ്ടാണ്. വക്കാരിയുമായി സംവാദത്തിലേര്‍പ്പെടുന്നവര്‍ സംവാദത്തിന്റെ ഏതെങ്കിലും ഒരു പോയിന്റില്‍ “വക്കാരി പറയുന്നതും ശരിയാണ്” എന്ന് സമ്മതിക്കേണ്ടി വരും. ബൂലോകത്ത് സഹിഷ്ണുതയോടെയും പ്രതിപക്ഷ ബഹുമാനത്തോടേയും വിഷയങ്ങളെ സമീപിക്കുന്ന അപൂര്‍വ്വം ചിലരില്‍ ഒരാള്‍.

മഹാത്മാവായ ഗാന്ധിജിയും ഞാനും എന്ന പോസ്റ്റ് ഗാന്ധിജിയെ മഹാത്മാവായി തന്നെ കാണുന്ന ഏതൊരു ഭാരതീയനും അവനവന്റെ ഉള്ളില്‍ കൊണ്ടു നടക്കുന്ന വികാരങ്ങള്‍ തന്നെയാണ് ചര്‍ച്ച ചെയ്യുന്നത്. സര്‍ക്കാര്‍ സ്ക്ലൂളുകളും ധാര്‍മ്മികതയും ശ്രദ്ധേയമായ പോസ്റ്റായിരുന്നു എങ്കിലും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ല. സരസമായി വക്കാരി അവതരിപ്പിച്ച തിരുവാതിര എന്ന കാമ്പസ് ഓര്‍മ്മ കുറിപ്പ് അനുവാ‍ചകന്റെ ചുണ്ടില്‍ നേര്‍ത്ത പുഞ്ചിരി വിടര്‍ത്തും.

വക്കാരിയുടെ പോസ്റ്റുകളേകുറിച്ചും കമന്റുകളേ കുറിച്ചും ഒരു മുഴുനീള പോസ്റ്റു തന്നെ എഴുതിയാലും തീരില്ല. രണ്ടായിരത്തി ഏഴിന്റെ അവസാനം തന്റെ അസ്സാനിദ്ധ്യം കൊണ്ടും ശ്രദ്ധേയനായ വക്കാരി ബൂലോകത്ത് സജീവ സാനിദ്ധ്യമായി തുടരട്ടേ!

10. കല്ലേച്ചി
കല്ലേപിളര്‍ക്കുന്ന സാമൂഹ്യ രാഷ്ട്രീയ വിമര്‍ശനമാണ് കല്ലേച്ചിയുടെ പോസ്റ്റുകളിലെ മുഖ മുദ്ര. കോടികള്‍ കൊണ്ടുള്ള കോഴകളിയും ചില പ്രത്യായ ശാസ്ത്ര ഉത്തരങ്ങളും പ്രത്യായശാസ്ത്രത്തിന്റെ മറവില്‍ ഇടതുപക്ഷ സര്‍ക്കാരും സി.പി.എമ്മും അനുവര്‍ത്തിക്കുന്ന ജനവിരുദ്ധ നയങ്ങളെ തുറന്നു കാട്ടുന്നു. പറയാനും വയ്യ എന്ന സ്ത്രീപക്ഷ രചനയും മുന്നോട്ട് വെക്കുന്നത് ചടുലമായ സാമൂഹ്യ വിമര്‍ശനമാണ്. “ഒരു പെണ്‍കുട്ടിക്ക്‌ വായില്‍ കൊള്ളാവുന്ന ഏറ്റവും നല്ല ഗര്‍ഭനിരോധന മാര്‍ഗം (oral contraceptive) പറ്റില്ല എന്ന ഒരു വാക്കാണ്” എന്ന് കല്ലേച്ചി “പറയാനും വയ്യയില്‍” പറഞ്ഞ് വെക്കുമ്പോള്‍ ആ പോസ്റ്റ് ചര്‍ച്ചക്ക് വെക്കുന്ന് വിഷയം പൂര്‍ണ്ണമാകുന്നു.

കല്ലേച്ചിയുടെ പോസ്റ്റുകള്‍ എണ്ണം കൊണ്ടല്ല പോസ്റ്റുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളെ സമീപിച്ച രീതികള്‍ കൊണ്ടാണ് രണ്ടായിരത്തി ഏഴിന്റെ നിറവുകളില്‍ ഒന്നാകുന്നത്.

11. ഫൈസല്‍‍
ബൂലോകത്ത് നിരവധി ചര്‍ച്ചകള്‍ക്ക് ഹേതുവായ സദ്ദാംഹുസൈന്റെ വധശിക്ഷയുമായാണ് ഫൈസലിന്റെ രണ്ടായിരത്തി ഏഴ് തുടങ്ങുന്നത്. മറ്റു സദ്ദാം പോസ്റ്റുകളില്‍ നിന്നും സദ്ദാം വധം - ആസൂത്രിതമായ ഒരു നാടകം വേറിട്ട് നില്‍ക്കുന്നത് സദ്ദാം ഹുസൈന്റെ വധശിക്ഷയും അനുബന്ധ സംഭവങ്ങളും നേരത്തേ എഴുതി തയ്യാറാക്കിയ ഒരു തിരകഥയുടെ ചുവട് പിടിച്ചിട്ടായിരുന്നു എന്ന വിശകലനം ഒന്നു കൊണ്ടു മാത്രമാണ്. സദ്ദാം വിഷയത്തില്‍ ഇത്രയും വസ്തുനിഷ്ടമായ മറ്റൊരു ലേഖനവും ബൂലോകത്ത് പിറവിയെടുത്തിട്ടില്ല. ഈ ഒരു പോസ്റ്റാണ് ഫൈസലിനെ രണ്ടായിരത്തി ഏഴിന്റെ നിറവുകളില്‍ ഒന്നാക്കുന്നതും.

ക്യമറ കണ്ണിലൂടെ എന്ന ഫൈസലിന്റെ ഫോട്ടോ ബ്ലൊഗും ബൂലോകത്തിന്റെ മുതല്‍ കൂട്ടുകളില്‍ ഒന്നാണ്.

12. ദേവന്‍
ദേവന്റെ രണ്ടായിരത്തി ഏഴ് ഞെട്ടലുളവാക്കുന്ന ഒരു ലേഖനത്തോടെയായിരുന്നു തുടങ്ങിയത്. പള്‍സ് പോളിയോ പദ്ധതി ഫലപ്രദമോ? എന്ന ചോദ്യത്തിനുത്തരമായി ദേവന്‍ എഴുതിയിരിക്കുന്ന ലേഖനം ഒരിക്കല്‍ വായിച്ചാല്‍ പിന്നെ പള്‍സ് പോളിയോ തുള്ളി മരുന്നു കൊടുക്കുക എന്ന “പുത്തനാഘോഷത്തിലേക്ക്” കുട്ടിയേം ഒക്കത്തിരുത്തി ക്യൂ നില്‍ക്കാന്‍ ഒന്നു മടിക്കും. പാര്‍ശ്വഫലങ്ങളെ കുറിച്ച് അല്പം പോലും ബോധമില്ലാതെ ഒരു ആചാരമായി പോളിയോ വാക്സിന്‍ ഉപയോഗിക്കുന്നതിന്റെ ഭവിഷ്യത്തുക്കള്‍ തിരിച്ചറിയാന്‍ ഉപകരിക്കുന്ന ലേഖനത്തില്‍ വന്ന കമന്റുകളും വിലപ്പെട്ടവയായിരുന്നു.

ബൂലോകത്തിന്റെ രണ്ടായിരത്തി ഏഴിന്റെ നിറവുകളില്‍ ദേവന്‍ കടന്നു വരുന്നത് മലയാള ബ്ലൊഗിങ്ങിന്റെ പോസ്റ്റിങ്ങുമുതുല്‍ മീറ്റിങ്ങ് വരെ എല്ലായിടത്തേയും നിറസാനിദ്ധ്യം കൊണ്ടായിരുന്നു എങ്കിലും അദ്ദേഹത്തിന്റെ രണ്ടായിരത്തി ഏഴിലെ ആദ്യ പോസ്റ്റ് തന്നെ ബൂലോകത്തിന് എക്കാലത്തേക്കുമുള്ള മുതല്‍ കൂട്ടുകളില്‍ ഒന്നു കൂടിയായിരുന്നു എന്ന് എടുത്ത് പറയാതിരിക്കാന്‍ കഴിയില്ല. അത്ര മാത്രം ആധികാരികമായിരുന്നു ആ പോസ്റ്റ്. ദേവന്റെ ആയുരാരോഗ്യം എന്ന ബ്ലോഗ് ബൂലോകത്തിന്റെ നിറവുകളില്‍ ഒന്നാണ്. കേരളത്തിന് ഭീഷണിയാകുന്ന കൊതുകുകള്‍ ചിക്കന്‍ ഗൂനിയ കേരളത്തില്‍ പടര്‍ന്ന് പിടിച്ചു കൊണ്ടിരുന്ന പോയ വര്‍ഷത്തെ കാലവര്‍ഷ കാലത്തിന്റെ സ്ഫോടനാത്മകമായ കേരളാ പശ്ചാത്തലത്തെ കുറുച്ചുള്ള ആശങ്കകളാണ് പങ്കു വെക്കുന്നത്. ആധികാരികമായ ഈ ലേഖനം വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ല.

ദേവപഥം എന്ന ബ്ലോഗിലെ ഇന്‍ഡോ-ഗ്രീക്ക് മെഡിക്കല്‍ സമ്മിറ്റ് ചിരിക്ക് വക നല്‍കുന്ന നല്ലൊരു സറ്റയര്‍ ആണ്. ദേവനില്‍ നിന്നും അപൂര്‍വ്വം ലഭിക്കുന്ന നര്‍മ്മങ്ങളില്‍ ഒന്ന്. ബൂലോഗ വിചാരണം 6 വായനാ സമൂഹം - ഒരു കുസൃതി പരീക്ഷണം ബൂലോകത്തെ ഇരട്ട വ്യക്തിത്വങ്ങള്‍ പിടിക്കപ്പെടുമോ എന്നുള്ള ചോദ്യം ഉണര്‍ത്തുന്നു. മോബ് ജസ്റ്റിസിന്റെ കാലം വരുന്നു എന്ന ലേഖനവും ശ്രദ്ധേയമായിരുന്നു.

മലയാള ബ്ലോഗിങ്ങിന്റെ സമസ്തമേഖലകളിലും എപ്പോഴും നിറഞ്ഞ് നില്‍ക്കുന്ന ദേവന്‍ മലയാള ബ്ലോഗറന്മാര്‍ക്കെല്ലാം “ദേവേട്ടന്‍” ആയി മാറുന്നത് നിലപാടുകളിലെ സുതാര്യത കൊണ്ടാണ്.

13. കല്ലറ ഗോപന്‍
ബൂലോകത്തെ ഗായകരില്‍ ഒരാള്‍. രണ്ടായിരത്തി ഏഴ് തുടങ്ങിയത് ഓ.എന്‍.വി സന്ധ്യയുമായി. ഹൃദയഹാരിയായ ഒരു പിടി ഗാനങ്ങളുമായി കല്ലറ ഗോപന്‍ ബൂലോകത്ത് നിലയുറപ്പിക്കുമ്പോള്‍ പിന്നണി ഗായകനായ ആദ്യത്തെ മലയാള ബ്ലോഗര്‍ എന്ന നിലക്കാണ് അദ്ദേഹം രണ്ടായിരത്തി ഏഴിലെ നിറവുകളില്‍ ഒരാളാകുന്നത്.

14. പച്ചാളം
കൊച്ചീ ബ്ലോഗേഴ്സിന്റെ ശബ്ദം. രണ്ടായിരത്തി ഏഴ് തുടങ്ങിയത് യൂ.ഏ.ഈ ബ്ലോഗേഴ്സിന്റെ നല്ല സൌഹൃദമായിരുന്ന കലേഷിനും ചന്തുവിനും കൊച്ചിയിലേക്ക് സ്വാഗതം ഓതി കൊണ്ടാ‍യത് ഒരു പക്ഷേ യാദൃശ്ചികമായിരിക്കാം. കൊച്ചീക്കാരന്‍ എന്നത് ഈ ബ്ലോഗര്‍ക്ക് ഒരു വികാരമാണ്. പച്ചാളം നിറവുകളിലേക്ക് കടന്നു വരുന്നത് മറ്റു പോസ്റ്റുകളില്‍ അദ്ദേഹം പരാമര്‍ശിക്കപ്പെടുന്നതിലൂടെയാണ്.

ദില്‍ബാസുരനും സാന്റോസും ശ്രീജിത്തും ഡിങ്കനും കുട്ടിച്ചാത്തനും ഒക്കെ ചേര്‍ന്നുള്ള “ഡേയ്...പച്ചാളം” വിളികള്‍ ബൂലോകത്തിന്റെ രണ്ടായിരത്തി ഏഴിലെ ആദ്യ പകുതികളില്‍ നിറഞ്ഞ് നിന്നിരുന്നു. പച്ചാളത്തിന്റെ ഇടപെടലുകളും ക്രിയാത്മകമായിരുന്നു.

15. ഇക്കാസ്
ഇക്കാസ് രണ്ടായിരത്തി ഏഴിലേക്ക് കടന്ന് വരുന്നത് അതുല്യയുടെ പോസ്റ്റിനിട്ട ഒരു കമന്റിനെ കഥയാക്കി പരിവര്‍ത്തനം ചെയ്തു കൊണ്ടാണ്. അത് ചിലപ്പോ അങ്ങിനെ സംഭവിക്കാറുണ്ട്. കമന്റ് പോസ്റ്റിനെ മറികടക്കുമ്പോള്‍ ആ കമന്റ് തന്നെ പോസ്റ്റായി മാറുക സ്വാഭാവികമാണ്. അങ്ങിനെ കമന്റ് നല്ലൊരു പോസ്റ്റായി മാറിയതിന് ഒരു ഉദാഹരണമാണ് ഒരു പേരും മൂത്താപ്പായും ഈ പോസ്റ്റ് കൊണ്ട് തന്നെ ഇക്കാസിന്റെ തുടക്കം ഒട്ടും മോശം ആയതുമില്ല. തളര്‍ച്ചയും വളര്‍ച്ചയും ജീവിതത്തെ ചങ്കൂറ്റത്തോടെ നേരിടുന്ന ഒരു ചെറുപ്പക്കാരന്റെ ആത്മകഥാംശമുള്ള കുറിപ്പാണ്. തന്റെ “ബ്ലൂമുണിന്റെ” തളര്‍ച്ചകളും വളര്‍ച്ചയും രസചരട് പൊട്ടാതെ ഇക്കാസ് അവതരിപ്പിക്കുന്ന അനുവാചകനില്‍ ഒരു ആത്മകഥയുടെ മടുപ്പുളവാക്കുന്നതേയില്ല. ഒരു പേക്കിനാവ് ശ്രദ്ദേയമാകുന്നത് സ്വപന വ്യാഖ്യാനവുമായി വരുന്ന കമന്റുകളാലാണ്.

ഇക്കാസ് ബൂലോകത്തിന്റെ ഒരു നിറ സാനിദ്ധ്യമാണ്. രണ്ടായിരത്തി ഏഴിലെ നിറവുകളിലേക്ക് ഇക്കാസ് കടന്നു വരുന്നത് പോസ്റ്റുകളും കമന്റുകളും കൊണ്ട് മാത്രമല്ല. അത് ബൂലോകത്തെ ചരിത്രങ്ങളില്‍ ഒന്നായ ആദ്യ ബ്ലോഗ് വിവാഹത്തിലെ വരന്‍ എന്നുള്ള നിലക്കും കൂടിയാണ്. ബൂലോകം ഒരാഘോഷമാക്കിയ വിവാഹം ബൂലോകത്തിന് പുറത്തും ചര്‍ച്ച ചെയ്യപ്പെട്ടു.

പറയാനുള്ളത് സ്വന്തം ഐ.ഡിയില്‍ എവിടേയും തുറന്ന് പറയാന്‍ ധൈര്യം കാട്ടുന്ന ഇക്കാസ് ബൂലോകത്തിന്റെ ചരിത്രങ്ങളിലേക്ക് വീണ്ടും കടന്നു വരട്ടേ!

16. G. മനു
ബ്രിജ് വിഹാരം ഒരു ശൈലിയാണ്. മനുവിന്റെ പോസ്റ്റുകള്‍ക്ക് മിഴിവേകുന്നതും ആ ശൈലിയുടെ പ്രത്യാകതകള്‍ കൊണ്ടാണ്. മരവിപ്പുണ്ടാക്കുന്ന വിരസമായ ജീവിത നിമിഷങ്ങളില്‍ ബ്രിജ് വിഹാരം ബ്രൌസ് ചെയ്താല്‍ ഊര്‍ജ്ജ്വസ്വലമായ ജീവിതത്തിലേക്ക് തിരിച്ച് വരാം.

വര്‍ഷം മുഴുവന്‍ ബൂലോകത്ത് നിറസാനിദ്ധ്യമായിരുന്നു G. മനു. പൂജാ ബേട്ടീ പൂജാ 2007 എന്ന ആദ്യ പോസ്റ്റ് മുതല്‍ തുമേരാ സാമ്നേ തമന്നാ തനാന എന്ന അവസാന പോസ്റ്റ് വരെ എല്ലാം ചിരിയുടെ മാലപടക്കത്തിന് തിരി കൊളുത്തുന്നുവ. താരതമ്യാന നീളം കൂടുതലാണ് മനുവിന്റെ സംഭാവനകള്‍ക്ക് എങ്കിലും അല്പം പോലും മടുപ്പുണ്ടാക്കാതെ വായിച്ച് പോകാന്‍ കഴിയുന്നതാണ് മനുവിന്റെ ശൈലി.

കല്ലുപെന്‍സില്‍ കുട്ടികള്‍ക്കായുള്ള മനുവിന്റെ ബ്ലോഗാണ്. കുട്ടിക്കവിതകളുടെ ഒരു കലവറയാണ്. കുഞ്ഞുങ്ങള്‍ക്കായുള്ള അപൂര്‍വ്വം ബ്ലോഗുകളില്‍ ഒന്നു കൂ‍ടിയാണ് മനുവിന്റെ “കല്ലുപെന്‍സില്‍”.

മുതിര്‍ന്നവരെ കുഞ്ഞുങ്ങളാക്കിയും കുഞ്ഞുങ്ങളെ മുതിര്‍ന്നവരാക്കിയും ബൂലോകത്തിന്റെ രണ്ടായിരത്തി ഏഴില്‍ വര്‍ഷം മുഴുവന്‍ നിറഞ്ഞ് നിന്ന ചിരിയുമായാണ് ജീ. മനു നിറവുകളില്‍ ഒരാളാകുന്നത്.

17. വേണു
നിഴലുകള്‍ മേയുന്ന ബൂലോക വീഥികളില്‍ നിഴല്‍കുത്തുമായി വേണു വരകളില്‍ നിറച്ച ചിന്തകളുടെ നുറുങ്ങുകളുമായി വര്‍ഷം മുഴുവന്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. വരകള്‍ പൂര്‍ണ്ണമായും കാര്‍ട്ടൂണുകളോട് നീതി പുലര്‍ത്തുന്നതായിരുന്നില്ല എങ്കിലും വരകളില്‍ ഒളിച്ചു വെച്ച ആശയങ്ങള്‍ എപ്പോഴും കാലിക പ്രാധാന്യം ഉള്ളവയായിരുന്നു. വരകളോടൊപ്പം ഒപ്പം വന്ന കുറിപ്പുകളായിരുന്നു വേണുവിന്റെ കാര്‍ട്ടൂണുകളുടെ ജീവന്‍.

പോയ വര്‍ഷം വേണുവിന്റെ പോസ്റ്റുകള്‍ ഇല്ലാതെ ഒരുവാരവും കടന്നു പോയിട്ടില്ല. എങ്കിലും പോയ വര്‍ഷത്തെ നിറവുകളില്‍ ഒന്നായി വേണു മാറുന്നത് മറ്റു ബ്ലോഗുകളിലെ ഇടപെടലുകള്‍ കൂടി കൊണ്ടാണ്. സ്വന്തം ബ്ലോഗിലെ വരയും മറ്റു ബ്ലോഗുകളിലെ വാക്കുകളുമായി വേണുവും പോയ വര്‍ഷത്തെ നിറവായി മാറുന്നു.

18. സ്വപ്ന അനു ബി. ജോര്‍ജ്ജ്
സ്വപ്നയുടെ കവിതകള്‍ ബൂലോക കവിതകളില്‍ വേറിട്ട് നില്‍ക്കുന്നത് വരികളിലെ പൂര്‍ണ്ണത കൊണ്ടാണ്. വെറുതേ ഒരു പോസ്റ്റിന് വേണ്ടി അപൂര്‍ണ്ണവും ദുരൂഹവുമായ വരികളുമായി ബൂലോകത്ത് തിമിര്‍ത്താടുന്ന ബൂലോക മഹാകവി വര്യന്മാരില്‍ വേറിട്ട സാനിദ്ധ്യമാണ് സ്വപ്നയുടെ കവിതകള്‍. രണ്ടായിരത്തി ഏഴിലെ ആദ്യ രചനയായ ഒരു മുഖം മുതല്‍ അവസാനം വന്ന നിസ്സഹായത വരെ എല്ലാ കവിതകളും അനുവാചകന് നല്‍കുന്നത് വായനയുടെ പൂക്കാലമാണ്.

മാനസിക വിക്ഷോഭങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റ് എന്ന ലേഖനം മാനസിക പിരിമുറുക്കം ഉണ്ടാക്കുന്ന ആധുനിക ജീവിത സാഹചര്യങ്ങളില്‍ മനസ്സിനെ പിരിമുറുക്കങ്ങളില്‍ നിന്നും തുറന്നു വിടേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ചും അതിനുള്ള ലളിതമായ മാര്‍ഗ്ഗങ്ങളെ കുറിച്ചുമാണ്. വായിക്കപ്പെടേണ്ടുന്ന ലേഖനങ്ങളില്‍ ഒന്നാണ് സ്വപ്നയുടെ “മാനസിക വിക്ഷോഭങ്ങളുടെ സൂപ്പര്‍ മാര്‍ക്കറ്റ്”.

സ്വപ്നാടനം എന്ന സ്വപ്നയുടെ ഫോട്ടോ ബ്ലോഗും കൂടി ചേര്‍ന്നതാണ് സ്വപ്നയുടെ ബൂലോക സാനിദ്ധ്യം.

സംവേദനക്ഷമങ്ങളായ കവിതകളിലൂടേയും പഠനാര്‍ഹമായ ലേഖനങ്ങളിലൂടേയു മിഴികള്‍ക്ക് കുളിരേകുന്ന ചിത്രങ്ങളിലൂടേയും ബൂലോകത്ത് പോയ വര്‍ഷം നിറ സാനിദ്ധ്യമായിരുന്ന സ്വാപ്ന അനു ബി. ജോര്‍ജ്ജ് ബൂലോകത്തിന്റെ നിറവുകളില്‍ ഒരാ‍ളാണ് എന്നതില്‍ രണ്ടഭിപ്രായത്തിന് വകയൊന്നുമില്ല തന്നെ. പക്ഷേ ഈ എഴുത്ത് കാരി വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടോ എന്ന് സംശയമാണ്.

19. റാല്‍മിനോവ്
കഥകളെഴുതാന്‍ ധൈര്യമില്ലാത്തതു കൊണ്ട് തന്റെ ബ്ലോഗിന് “നുറുങ്ങ് കദകള്‍” എന്ന പേരിട്ട് കാതലുള്ള കഥകളും, കാലിക പ്രസക്തിയുള്ള ചിന്താശകലങ്ങളെ കുറുപ്പുകളാക്കി ബൂലോകരോട് പങ്കുവെച്ച് ബൂലോഗം വാഴുന്ന റാല്‍മിനോവിന്റെ ഇമ്മിണി കുഞ്ഞു കഥകളും ഇമ്മിണി വല്യ ചിന്തകളും ബൂലോകത്തെ പോയ വര്‍ഷം സമ്പന്നമാക്കിയതില്‍ അതിന്റേതായ പങ്കുവഹിച്ചിട്ടുണ്ട്.
ആത്മഹത്യ എന്ന കുറിപ്പ് മുന്നോട്ട് വെക്കുന്നത് ശുഭാപ്തി വിശ്വസം മനസ്സില്‍ നിറച്ച് ആത്മഹത്യയെ അകറ്റി നിര്‍ത്തണം എന്ന സന്ദേശമാണ്. സഭ്യതയില്‍ താന്‍ തന്നെക്കുറിച്ചു് കേള്‍ക്കാനിഷ്ടപ്പെടാത്ത വാക്കുകള്‍ നാം എന്തിനു് മറ്റുള്ളവരെ വിളിക്കണം എന്ന അദ്ദേഹത്തിന്റെ ദര്‍ശനം ഏവരും സ്വയം ചോദിക്കേണ്ട ഒന്നു തന്നെ. ഭക്ഷണം നാണയമാകുമ്പോള്‍ ഉപഭോഗ സംസ്കാരത്തിന്റെ പരിണിതിയായ വറുതിയുടെ ഭീതിതമായ നാളെയിലേക്ക് നമ്മെ കൂട്ടി കൊണ്ട് പോകുന്നു. അരി വിറ്റ് ടി.വി വാങ്ങി ക്രിക്കറ്റ് കാണുന്ന മലയാളിയുടെ പരാന്ന ഭോജനത്തെ റാല്‍മിനോവ് അര്‍ഹിക്കുന്ന വിധത്തില്‍ പരിഹസിച്ചിരിക്കുന്നു.

കുഞ്ഞു കഥകളും നുറുങ്ങ് ചിന്തകളുമായി റാല്‍മിനോവ് പോയവര്‍ഷം ബൂലോഗം നിറഞ്ഞ് നില്‍ക്കുകയായിരുന്നു. കമന്റുകളാണ് ഒരു ബ്ലോഗിന്റെ സ്വീകാര്യതക്ക് പ്രത്യക്ഷ തെളിവെങ്കില്‍ സ്വീകരിക്കപ്പെടേണ്ട ഈ ബ്ലോഗ് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടോ എന്ന് സംശയമാണ്. അദ്ദേഹത്തിന്റെ ചിന്തകളും നാലുവരി കഥകളും ശ്രദ്ധിക്കപ്പെടേണ്ടവ തന്നെയായിരുന്നു. പോയവര്‍ഷത്തെ നിറവുകളില്‍ റാല്‍മിനോവ് കടന്നു വരുന്നത് വര്‍ഷം മുഴുവനും കാതലുള്ള സൃഷ്ടികളുമായി ബൂലോഗം നിറഞ്ഞ് നിന്നു കൊണ്ടാണ്.

20. നിക്ക്
നിക്കിന്റെ തുടക്കം ഒരു ടൈറ്റില്‍ മാത്രമുള്ള കുസൃതി പോസ്റ്റുമായിട്ടായിരുന്നു. മൂന്ന് ബ്ലോഗുകളിലായി തൊണ്ണൂറ്റി അഞ്ച് പോസ്റ്റുകളുമായി നിക്ക് ബൂലോകത്ത് നിറഞ്ഞ് നിന്നു. കൊച്ചീരാജാവിന്റെ ക്യാമറ കണ്ണിലൂടെ കണ്ണുകള്‍ക്ക് നല്‍കുന്നത് സുഖകരമായ കാഴ്ചയാണ്. ചലിച്ചു കൊണ്ടിരുന്ന ബോട്ടില്‍ നിന്നും കേവലമൊരു മൊബൈല്‍ ഫോണിലെടുത്ത കുട്ടനാടന്‍ പ്രതിഫലനം എന്ന ഗ്രാമീണ സൌന്ദര്യത്തിന്റെ മികവ് ഫോട്ടോഗ്രാഫിയില്‍ അദ്ദേഹത്തിന്റെ മികവിന് മകുടോദാഹരണങ്ങളില്‍ ഒന്നു മാത്രം. പോയ വര്‍ഷം നിക്കിന്റേതായി വന്ന അമ്പത്തി ഒമ്പത് ഫോട്ടോ പോസ്റ്റുകള്‍ എല്ലാം തന്നെ മികച്ചവയായിരുന്നു. ഫോട്ടോ ഗ്രാഫിയെ ഗൌരവമായ ഒരു ഹോബിയാക്കിയിട്ടുള്ള അപൂര്‍വ്വം ചിലരില്‍ ഒരാളായി നിക്കും ബൂലോകത്ത് നിലയുറപ്പിച്ചിരിക്കുന്നു.

സായിപ്പിന്റെ ഭാഷ വശമില്ലാതെ തന്റെ ഉത്പന്നം വിറ്റഴിക്കാന്‍ ഒരു പാവം പെടുന്ന പെടാപാടുമായി ഇരുപത് മിനിറ്റിന്റെ ഉള്ളില്‍ ഐ ആം കമിങ്ങുമായി നിക്ക് വന്നത് നല്ല ചിരിക്ക് വക നല്‍കി. നല്ല ഫോട്ടോകളും കുസൃതി ചിന്തകളും ഇത്തിരി കാര്യവുമായി നിക്കും പോയ വര്‍ഷം ബൂലകത്തിന്റെ ബാക്കി പത്രത്തില്‍ ആസ്തിയുടെ കോളത്തില്‍ നിലയുറപ്പിച്ചിരിക്കുന്നു.

ബൂലോകം പോയ വര്‍ഷത്തിന്റെ ഒന്നാം ഭാഗമായ “നിറവുകളുടെ” ഒന്നാം ലക്കം ഇവിടെ പൂര്‍ണ്ണമാകുന്നു. വരുന്ന മൂന്ന് ദിവസങ്ങളിലായി ഒന്നാം ഭാഗത്തിന്റെ മൂന്ന് ലക്കങ്ങളും കടന്ന് വരും. വിശകലനത്തിലും വായനയിലും തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അത് തിരുത്താനുള്ള അവകാശം സന്ദര്‍ശകര്‍ക്ക് വിടുന്നു.