Sunday, February 8, 2009

ബൂലോഗ വിചാരം : ലക്കം പതിനാറ്

പോയ വര്‍ഷം മാര്‍ച്ചില്‍ നിന്നു പോയ വാരവിചാരം പുനരാരംഭിയ്ക്കകയാണ്. ബൂലോഗത്ത് അവതരിപ്പിയ്ക്കപ്പെടുന്ന ബ്ലോഗ് പോസ്റ്റുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണമാണീ പംക്തി ലക്ഷ്യമാക്കുന്നത് എങ്കിലും ബൂലോഗ നിരൂപണം ആയി തെറ്റിദ്ധരിയ്ക്കാനിടയുണ്ട്. പക്ഷേ, ഒരു തരത്തിലുള്ള ആസ്വാദന കുറിപ്പ് എന്നതില്‍ കവിഞ്ഞ് ഈ പംക്തിയ്ക്ക് ഒരു പ്രാധാന്യവും കല്പിച്ചു നല്‍കേണ്ടുന്നതില്ല. വിചാരിപ്പ് കാരന്റെ വായനയെ അടിസ്ഥാനപ്പെടുത്തിയുള്ള വിചാരിപ്പാണ് ഇവിടെ സംഭവിയ്ക്കുന്നത്. വ്യക്തി മാറുന്നതിനനുസരിച്ച് വായനയും മാറും എന്നതിനാല്‍ വിചാരിപ്പ് കാരന്റെ വായനയ്ക്ക് തുല്യമാകണമെന്നില്ല ബൂലോഗത്തിന്റെ വായന. ഒരു പക്ഷേ പുറം ചൊറിയാണോ ഈ പംക്തീയെന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നിയേക്കാം. അത് തെറ്റാണ്. ആ സംശയം തെറ്റാണെന്നാണ് ഉദ്ദേശിച്ചത്. ഇത് തികച്ചും ഒരു തരം പുറം ചൊറി തന്നെയെന്നുള്ളതാണ് വാസ്തവം. വിചാരിപ്പ് കാരന് ഇഷ്ടമുള്ളവരെ പുകഴ്ത്താനും ഇഷ്ടമില്ലാ‍ത്തവരെ ഇകഴ്ത്താനും അനന്തമായ സാധ്യതകള്‍ തുറന്നു കിട്ടുന്ന വാരവിചാരം എന്ന അഭ്യാസത്തിലേയ്ക്ക് ഏവര്‍ക്കും വീണ്ടും സ്വാഗതം.

ഇന്നിയുള്ള ഞായറാഴ്ചകളില്‍ ബൂലോഗ വിചാരം പ്രത്യക്ഷപ്പെട്ടേയ്ക്കാം!

രണ്ടായിരത്തി ഒമ്പത് ജനുവരി മാസത്തിലെ ആദ്യത്തെ ആഴ്ച അവതരിയ്ക്കപ്പെട്ട ബ്ലോഗു പോസ്റ്റുകളാണീ ലക്കത്തില്‍ വിചാരിപ്പിനു വിധേയമാകുന്നത്. ജനുവരി ഒന്നു മുതല്‍ ഏഴു വരെ ദിവസങ്ങളില്‍ അവതരിയ്ക്കപ്പെട്ട പോസ്റ്റുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം.

1. നാട്ടില് മൊത്തം പാട്ടായി.
ആദര്‍ശ് കോലത്തുനാട്ടില്‍ എഴുതിയിട്ട പോസ്റ്റ് റേഡിയോ പ്രക്ഷേപണങ്ങളില്‍ കഴിഞ്ഞ അരനൂറ്റാണ്ടായി വന്ന മാറ്റത്തെ കുറിച്ചുള്ള സരസമായ വിവരണമാണ്. ട്രാന്‍സിസ്റ്റര്‍ റേഡിയോയുടെ ഉടമയാകാന്‍ ലൈസന്‍സ് ആവശ്യമായിരുന്ന ഒരു കാലഘട്ടത്തില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്ന പെട്ടി റേഡിയോ മുതല്‍ ആധുനിക എഫ്.എം നിലയങ്ങളിലെ തത്സമയ പ്രക്ഷേപണം വരെ ആദര്‍ശ് രസകരമായി അവതരിപ്പിച്ചിരിയ്ക്കുന്നു. ഒരു കാലഘട്ടത്തില്‍ ഭൂമിമലയാളത്തില്‍ ജനകീയമായിരുന്ന സിലോണ്‍ റേഡിയോ പ്രക്ഷേപണത്തിന്റേതടക്കമുള്ള വിവരണം ഗൃഹാതുരുത്വം ഉണര്‍ത്തുന്നു. "സംസ്കൃത വാര്‍ത്താഹ സുയന്താ ... പ്രവാചക ബല ദേവാനന്ദസാഗരാ ...." ബാക്കി വായന അവിടെ തുടരാം.

2. മാധ്യമ ഭീകരതയുടെ ഇരകള്‍.
എവിടെനിന്നു തുടങ്ങിയെന്നോ എങ്ങിനെ അവസാനിച്ചുവെന്നോ ആര്‍ക്കും ഇന്നും അറിയാത്ത ISRO ചാരക്കേസ് കുഴിച്ചു മൂടപ്പെട്ടിട്ട് രണ്ടു ദശ്ശാബ്ദം ആകുന്നു. രാജ്യത്തിന്റെ ശാസ്ത്ര പുരോഗതിയ്ക്ക് വേണ്ടി അഹോരാത്രം പണിയെടുത്ത കുറേ ശാസ്ത്രജ്ഞന്മാരുടെ ജീവിതം ദുരന്തമാക്കി മാറ്റിയ ചാരക്കേസില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്കിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന അലക്സ് ജേക്കബ്ബിന്റെ പോസ്റ്റാണ് മാധ്യമ ഭീകരതയുടെ ഇരകള്‍. നമ്പിനാരായണനും, ശശികുമാറും, ഫൌസിയ ഹസ്സനും, മറിയം റഷീദയും ഒക്കെ വീണ്ടും ഓര്‍ക്കപ്പെടാന്‍ അലക്സ് ജേക്കബ്ബിന്റെ ഓര്‍മ്മകള്‍ എന്ന ബ്ലോഗില്‍ വന്ന ഈ ഓര്‍മ്മക്കുറിപ്പ് ഒരു കാരണമായി.

3. ശാസ്ത്രം 2008 : അമ്പിളിമാമന്‍ മുതല്‍ അദൃശ്യ മനുഷ്യന്‍ വരെ.
മാനവരാശി രണ്ടായിരത്തി എട്ടില്‍ നേടിയെടുത്ത കണ്ടു പിടുത്തങ്ങളുടേയും ശാസ്ത്ര നേട്ടങ്ങളുടേയും വിളവെടുപ്പാണ് വി.ആര്‍. ഹരിപ്രസാദ് തന്റെ ലോഗ്-ഇന്‍ എന്ന ബ്ലോഗിലൂടെ നടത്തുന്നത്. പേടിയും പ്രതീക്ഷയും സമാസമം കൊണ്ടുവന്ന്‌, തുടങ്ങിയേടത്തുതന്നെ നില്‍ക്കുന്ന കണികാ പരീക്ഷണം മുതല്‍ ഭാരതത്തിന്റെ ചന്ദ്രയാന്‍ ദൌത്യം വരെ പരാമര്‍ശിയ്ക്കപ്പെടുന്ന ലേഖനം ബൂലോഗത്തിനു മുതല്‍ കൂട്ട് തന്നെ. ശാസ്ത്രം 2008 : അമ്പിളിമാമന്‍ മുതല്‍ അദൃശ്യ മനുഷ്യന്‍ വരെ ഇവിടെ വായിയ്ക്കാം.

4. അബ്രഹാമിന്റെ സന്തതികള്‍.
ഇസ്രായേല്‍ ഫലസ്തീന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷങ്ങളുടെ ചരിത്ര വീഥിയിലേയ്ക്ക് ഇറങ്ങി ചെല്ലുന്ന ലേഖനം. ഒരിയ്ക്കലും ശാന്തമാകാത്ത പശ്ചിമേഷ്യന്‍ സാഹചര്യങ്ങളിലെ രാഷ്ട്രീയവും സാമ്പത്തികവുമായ വശങ്ങളെ വിശകലനം ചെയ്യുന്ന ലേഖനം ഇസ്രായേല്‍ ഫലസ്തീന്‍ സംഘര്‍ഷങ്ങളുടെ ആരംഭം അന്വേഷിയ്ക്കുന്നവര്‍ക്ക് ഒരു വഴികാട്ടി തന്നെ. ഡോക്ടര്‍ സൂരജ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ എന്ന ബ്ലോഗില്‍ എഴുതിയിട്ട അബ്രഹാമിന്റെ സന്തതികള്‍ പൂര്‍ണ്ണമാകുന്നത് ആ പോസ്റ്റില്‍ നടന്ന ചര്‍ച്ചകളിലൂടെയാണ്. സെബിന്‍ എബ്രഹാം ജേക്കബ്ബിന്റേയും, മാവേലീ കേരളത്തിന്റേയും ഡീപ് ഡൌണിന്റേയും ശ്രീഹരിയുടേയും ഒക്കെ ഈ പോസ്റ്റിലെ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. രണ്ടായിരത്തി ഒമ്പതിന്റെ ആദ്യ ദിനത്തില്‍ തന്നെ ബൂലോഗത്തിനു ലഭിച്ച പുതുവത്സര സമ്മാനമാണ് ഡോക്ടര്‍ സൂരജിന്റെ ഈ പോസ്റ്റ്.

5. അല്‍-താനി ബില്‍ഡിംഗ് നമ്പര്‍ വണ്‍.
പ്രവാസത്തില്‍ വാടക വീടുകള്‍ സ്വന്തം വീടു പോലെയാണ്. നാട്ടിലെ വാടക വീടുകള്‍ക്കും പ്രവാസത്തില്‍ വാടക വീടുകള്‍ക്കും തമ്മിലുള്ള അന്തരവും ഇതു തന്നെയാണ്. പ്രവാസത്തിലെ വാടക വീടുകള്‍ മിക്കവാറും മൂന്നു വര്‍ഷക്കാലമാണ് അഭയമാവുക. എങ്കിലും ആ മൂന്ന് വര്‍ഷം കൊണ്ട് ഒരോ വാടക വീടും ജീവിതത്തോട് അങ്ങ് ഒട്ടിച്ചേരുകയാണ് പതിവ്. രണ്ടോ മൂന്നോ വര്‍ഷം മാത്രമേ ഒരു വാടക വീട്ടില്‍ താമസിയ്ക്കുന്നുള്ളൂ എങ്കിലും പ്രവാസത്തിലെ വാടക വീട്ടില്‍ നിന്നുള്ള ഒഴിഞ്ഞ് പോക്ക് വേദനാജനകമാണ്. ആ ഒഴിഞ്ഞു പോക്കിന്റെ വേദനയുടെ ഒരു കണികയാണ് സ്മിതാ ആദര്‍ശ് തന്റെ അല്‍-താനി ബില്‍ഡിംഗ് നമ്പര്‍ വണ്ണിലൂടെ പങ്കു വെയ്ക്കുന്നത്. പോസ്റ്റ് വായിച്ചു കഴിയുമ്പോള്‍ ഒരു നേര്‍ത്ത നൊമ്പരം എവിടെയോ ബാക്കിയാകുന്ന പോലെ...

6. ഒന്നാം രാഗം പാടി.
കുട്ടിച്ചാത്തന്റെ പെണ്ണുകാണല്‍ അനുഭവം പങ്കു വെയ്ക്കുന്ന പോസ്റ്റ്. കുട്ടിച്ചാത്തന്‍ പോസ്റ്റുകളിലെ നര്‍മ്മ ഭാവന ഈ പോസ്റ്റിലും ഒട്ടും കൈമോശം വന്നിട്ടില്ല. രണ്ടായിരത്തി ഒമ്പത് ഒന്നാം വാരം വന്ന തികഞ്ഞ നര്‍മ്മത്തിന്റെ ലിങ്ക് ദേണ്ടെ ഇവിടെ.

7. നേര്‍ച്ചകുറ്റിയ്ക്ക് മുന്നില്‍ വണ്ടി പാര്‍ക്കു ചെയ്യരുത്.
അരുണ്‍ ചുള്ളിയ്ക്കലിന്റെ കുറിപ്പ്. ദൈവത്തിനു വേണ്ടി വെച്ചിരിയ്ക്കുന്ന നേര്‍ച്ച കുറ്റികള്‍ മനുഷ്യന്റെ ചെയ്തിയാല്‍ മറയ്ക്കപ്പെടുന്നതിനെ വിമര്‍ശനാത്മകമായി സമീപിയ്ക്കുന്ന നേര്‍ച്ചകുറ്റിയ്ക്ക് മുന്നില്‍ വണ്ടി പാര്‍ക്കു ചെയ്യരുത് എന്ന പോസ്റ്റ് ആരാധനാലയങ്ങള്‍ കച്ചവടവല്‍ക്കരിയ്ക്കപ്പെടുന്നതിനെ ചര്‍ച്ചയാക്കുന്നു. ആത്മീയതയും നേര്‍ച്ച കുറ്റിയും ആധുനിക ലോകത്തിലെ ഏറ്റവും നല്ല കച്ചവട സാധ്യതയാണെന്ന അരുണിന്റെ വാദം ശരിവെയ്ക്കുന്നതായിരുന്നു പോസ്റ്റിനെ അധികരിച്ചു വന്ന ചര്‍ച്ചകളും.

8. ഡിസൈനറും കോന്‍ണ്ട്രാക്ടറും.
സ്വപ്ന ഗൃഹം ഒരുക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാനായി എസ്.കുമാര്‍ എഴുതിയിടുന്ന ബ്ലോഗാണ് പാര്‍പ്പിടം. വസ്തു വാങ്ങുന്നതു മുതല്‍ വാസ്തു നിശ്ചയിയ്ക്കുന്നതുവരെ എല്ലാ പാര്‍പ്പിടത്തില്‍ ഉണ്ട്. പാര്‍പ്പിടത്തില്‍ വന്ന ശ്രദ്ദേയമായൊരു ലേഖനമാണ് ഡിസൈനറും കോന്‍ണ്ട്രാക്ടറും. പുതിയ വീടു നിര്‍മ്മിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ നിശ്ചയമായും കണ്ടിരിയ്ക്കേണ്ട ബ്ലോഗുകൂടിയാണ് എസ്.കുമാറിന്റെ പാര്‍പ്പിടം.

9. മൊഴിമുത്തുകള്‍ -30.
ബഷീര്‍ വെള്ളറക്കാടിന്റെ മൊഴിമുത്തുകള്‍ എന്ന ബ്ലോഗ് അന്ത്യ പ്രവാചകര്‍ മുഹമ്മദ്‌ നബി (സ) തങ്ങളുടെ മൊഴി മുത്തുകളിലൂടെ സഞ്ചരിക്കുവാന്‍ ഒരു ശ്രമമാണ്. മൊഴിമുത്തുകളില്‍ മുപ്പതാം മൊഴിമുത്ത് സ്തീകളെ മാനിയ്ക്കുന്നതില്‍ പ്രവാചകന്‍ കാട്ടിയ മാതൃകയാണ് ചര്‍ച്ചാ വിഷയം. പ്രവാചക സൂക്തം വിശകലനം ചെയ്യുന്ന മൊഴിമുത്തുകള്‍ സംഘര്‍ഷ ഭരിതമായ വര്‍ത്തമാന കാലഘട്ടത്തില്‍ പ്രവാചകന്റെ ഉപദേശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുവാന്‍ കാരണമാകുന്നുണ്ട്.

10. ആഴ്ച ഏതെന്നറിയാന്‍ ഒരെളുപ്പവഴി.
ശ്രീയുടെ കുറുക്കുവഴി. പത്തക്കം ഉള്ള മൊബൈല്‍ നമ്പര്‍ ഓര്‍ത്തിരിയ്ക്കാന്‍ കഴിയുന്നവര്‍ക്ക് പന്ത്രണ്ടക്കമുള്ളൊരു കോഡ് ഓര്‍ത്തു വെയ്ക്കാന്‍ കഴിയുമല്ലോ. അങ്ങിനെ ഒരു പന്ത്രണ്ട് അക്കം ഓര്‍മ്മയില്‍ വെച്ചാല്‍ ആഴ്ചയും ദിവസവും ഒക്കെ കണ്ടു പിടിയ്ക്കാന്‍ കലണ്ടര്‍ തപ്പി നടക്കണ്ട. അതിനുള്ള വിദ്യ ശ്രീ ദേണ്ടെ ഇവിടെ എഴുതിയിട്ടുണ്ട്.

11. ടെന്‍ കാനൂസ്.
ടെന്‍ കാനൂസ് എന്ന ആസ്ടേലിയന്‍ സിനിമയെ കുറിച്ചുള്ള പ്രശാന്ത് കുളത്തിലിന്റെ ആസ്വാദനം.ഒരു നല്ല കഥ പറച്ചിലുകാരൻ ആവാനും നല്ല കേൾവിക്കാരനാവാനും ഒരുപാട് ഗുണങ്ങൾ വേണ്ടതാണെന്ന് ടെന്‍ കാനൂസ് എന്ന സിനിമ ഓര്‍മ്മിപ്പിയ്ക്കുന്നു എന്നു പറഞ്ഞു വെയ്ക്കുന്ന ലേഖകന്‍ ഒരു നല്ല സിനിമാ ആസ്വാദകനാകാനും ഏറെ ഗുണങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹത്തിന്റെ വിവരണത്തിന്റെ മനോഹാരിതയിലോടെ വ്യക്തമാക്കുന്നു. ആസ്വ്വാദനം എന്നാല്‍ സിനിമയുടെ ആഴങ്ങളിലേയ്ക്ക് ഇറങ്ങി ചെന്ന് സൂഷ്മാംശങ്ങളെ പോലും വിശകലനം ചെയ്യുന്ന അതീവ സുന്ദരമായൊരു പോസ്റ്റാണ് പ്രശാന്ത് കുളത്തിലിന്റേത്. വായിയ്ക്കാന്‍ വിട്ടുപോയാല്‍ നഷ്ടമാകുന്നൊരു പോസ്റ്റ്.

12. കൊച്ചു കൊച്ചു തട്ടിപ്പുകള്‍.
തട്ടിപ്പുകളില്‍ പെടാത്തവര്‍ ആരുമുണ്ടാകില്ല. ചിലപ്പോള്‍ ചെറിയ തട്ടിപ്പുകള്‍. മറ്റു ചിലപ്പോള്‍ ഭൂലോക തട്ടിപ്പുകള്‍. തട്ടിപ്പിനു വിധേയമാകുന്നവന്‍ പലപ്പോഴും തട്ടിപ്പു വീരന്മാരുടെ ചതിയ്ക്കാനുള്ള കഴിവില്‍ കുരുങ്ങി പോകാറാണുള്ളത്. നടക്കാന്‍ പോകുന്നത് ഉഗ്രന്‍ തട്ടിപ്പാണ് എന്ന മനസ്സിലാക്കി കൊണ്ട് തന്നെ തട്ടിപ്പിനു കീഴ്പ്പെടുന്നവരും കുറവല്ല. തട്ടികളെ കുറിച്ചുള്ള പ്രതീപിന്റെ ലേഖനം പങ്കു വെയ്ക്കുന്നതും അറിഞ്ഞിട്ടും തട്ടിപ്പിന്നിരായാകേണ്ടി വരുന്ന സാഹചര്യങ്ങളാണ്. അനുഭവങ്ങളാണ് പോസ്റ്റിനാധാരം. ശ്രദ്ധിയ്ക്കപ്പെടേണ്ട പോസ്റ്റുകളില്‍ ഒന്നു തന്നെയായിരുന്നു പ്രതീപിന്റെ മഴവില്ല് എന്ന ബ്ലോഗില്‍ വന്ന കൊച്ചു കൊച്ചു തട്ടിപ്പുകള്‍.

13. ഫാസിസം - അജിത് സാഹിയുമായുള്ള അഭിമുഖം ഒന്നാം ഭാഗം.
അജിത് സാഹി തെഹല്‍ക്കാ മാസികയിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകനാണ്. അടുത്തിടെ അദ്ദേഹം , മുസ്ലിം മതക്കാരെ, നിരോധിക്കപ്പെട്ട സംഘടനായ “സിമി“ യിലെ മുന്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ, പോലീസും മീഡിയയും രഹസ്യാന്വേഷണ ഏജന്‍സികളും ചേര്‍ന്ന് നിരപരാധികളായവരെ രാജ്യത്തെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെടുത്തി തെറ്റായ പ്രചരനം കൊടുക്കുന്നതിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യോഗീന്ദര് സിങ്ങുമായുള്ള ഈ അഭിമുഖസം ഭാഷണത്തില്‍ അദ്ദേഹം മുസ്ലിങ്ങളെ ഭീകരവാദികളായി ചിത്രീകരിക്കുന്നതില്‍ ഇന്ത്യയിലെ മീഡിയ വഹിക്കുന്ന പങ്കിനെക്കുറിച്ച് സംസാരിക്കുന്നു. ജയേഷിന്റെ തെരുവരങ്ങ് എന്ന ബ്ലോഗില്‍ അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം വായിയ്ക്കാം.

14. മേലേ പുളിയാങ്കുടി.
കേരളാ തമിഴ്നാട് അതിര്‍ത്തി ഗ്രാമമായ പുളിയാങ്കുടിയുടെ പശ്ചാത്തലത്തില്‍ പി.കെ.സുധിയെഴുതിയ കഥ. ഒരു തമിഴ്നാട് കാര്‍ഷിക ഗ്രാമത്തിന്റെ മനോഹരമായ പ്രകൃതി വര്‍ണ്ണന എന്നതിനപ്പുറം മറ്റെന്തെങ്കിലും അനുവാചകനു സുധിയുടെ
മേലേ പുളിയാങ്കുടി നല്‍കുന്നുണ്ടോ എന്നു സംശയമാണ്.


15. കരിനാക്ക്.

നാടോടി കഥകളുടെ കൂട്ടത്തിലേയ്ക്ക് ഇത്തിരിവെട്ടത്തിന്റെ പുതിയൊരു സംഭാവന. കരിനാക്കനെ കുറിച്ചുള്ള കെട്ടു തഴമ്പിച്ച കഥയുടെ പുനരാവിഷ്കാരം അവതരണത്തിന്റെ ലാളിത്യം കൊണ്ട് അനുവാചകന്റെ ചുണ്ടിന്‍ കോണില്‍ നേര്‍ത്ത പുഞ്ചിരി വിരിയിയ്ക്കും. മമ്മദിന്റെ പാടത്തെ പുല്ല് കരിയ്ക്കാന്‍ വരുന്ന കരിനാക്കന്റെ സംഭവ ബഹുലമായ കഥ ദേണ്ടേ ഇവിടെ വായിയ്ക്കാം.

16. മൂന്നുമുഴം മുല്ലപ്പൂ.
നനുനനുത്തൊരു കൌമാര പ്രണയത്തിന്റെ ഓര്‍മ്മകള്‍ പങ്കു വെയ്ക്കുകയാണ് നന്ദകുമാര്‍. ഗ്രാമീണ പശ്ചാത്തലത്തില്‍ അടര്‍ന്നു വീഴുന്ന വരികളില്‍ നിറഞ്ഞ് നില്‍ക്കുന്ന മൂന്നുമുഴം മുല്ലപ്പൂവിന്റെ പരിമളം നന്ദകുമാറിന്റെ പോസ്റ്റിന്റെ നീളം അനുവാചകനെ ഒരു വിധത്തിലും മടുപ്പിയ്ക്കുന്നില്ല. വീണ്ടും വായിയ്ക്കാന്‍ തോന്നലുളവാക്കുന്ന ജനുവരിയിലെ ഒന്നാമാഴ്ചത്തെ ഏക പോസ്റ്റും മൂന്നുമുഴം മുല്ലപ്പൂവായിരുന്നു. മൂന്നുമുഴം മുല്ലപ്പൂ പൂര്‍ണ്ണമാകുന്നത് പോസ്റ്റിലെ ജീവനുള്ള ചിത്രങ്ങളിലൂടെയാണ്. ചെറിയനാടന്റെ കമന്റില്‍ മൂന്നുമുഴം മുല്ലപ്പൂ അര്‍ഹിയ്ക്കുന്ന തലത്തില്‍ വിലയിരുത്തപ്പെടുകയും ചെയ്യുന്നു.

17. ഒരു ക്രിസ്തുമസ് കൂടി മടങ്ങി.
സ്വപ്ന അനു ബി. ജോര്‍ജ്ജിന്റെ സചിത്ര ഓര്‍മ്മക്കുറിപ്പ്. പ്രവസത്തിലാകുമ്പോഴാണ് ഒരോ മലയാളിയും നാട്ടിലെ ആഘോഷങ്ങളുടെ മധുരം തിരിച്ചറിയുന്നത്. ഒരോ ആഘോഷവും പ്രവാസിയ്ക്ക് ഒരു മടക്കയാത്രയുടെ ഓര്‍മ്മപ്പെടുത്തലാണ്. നഷ്ടപ്പെട്ടു പോകുന്ന ഒരോ ആഘോഷവും പ്രവാസത്തിലേയ്ക്ക് പറിച്ചു നടാനുള്ള ശ്രമവും വിഫലമല്ല. സ്വപ്നയുടെ ക്രിസ്തുമസ് ഓര്‍മ്മക്കുറിപ്പും അതുകൊണ്ട് തന്നെ മനസ്സുകൊണ്ടൊരു മടങ്ങിപ്പോക്കാണ്.

ജനുവരിയിലെ ആദ്യ ആഴ്ച പുതുബ്ലോഗുകളുടെ വരവ് തീരെ കുറവായിരുന്നു. ആ കുറവ് പരിഹരിച്ചത് ഒരു മെഗാസ്റ്റാര്‍ പുതുബ്ലോഗിന്റെ സാനിദ്ധ്യവുമായിരുന്നു. ബൂലോഗത്ത് മമ്മൂട്ടിയുടെ ബ്ലോഗിനു കിട്ടിയ വരവേല്‍പ്പിനു തുല്യതയുണ്ടായിരുന്നില്ല. കവിതാ ബ്ലോഗുകള്‍ മിക്കവാറും പൂര്‍ണ്ണമായും തന്നെ വര‍ണ്ടുകിടക്കുകയുമായിരുന്നു. വിവാദരഹിതമായ ഒരു വാരം കൂടിയായിരുന്നു രണ്ടായിരത്തി ഒമ്പതിലെ ഒന്നാം വാരം. ശാന്തിയും സമാധാനവും സൌഹൃദവുമായിരുന്നു ബൂലോഗത്തെ രണ്ടായിരത്തി ഒമ്പതിലെ ഒന്നാം വാരത്തിന്റെ മുഖമുദ്ര.

18 comments:

അപ്പു said...

അഞ്ചലേ വളരെ നന്ദി ഈ പരിപാടി പുനരാരംഭിച്ചതിന്. ഇതുവഴി നല്ല കുറച്ചു പോസ്റ്റുകള്‍ കണ്ടെത്താം എന്ന് മുന്‍ അനുഭവത്തില്‍ നിന്ന് ഉറപ്പുണ്ട്. തുടരൂ‍.

അപ്പു said...

ഒരു സജഷന്‍ പറയട്ടെ. ഞായറാഴ്ചയ്ക്കുപകരം വെള്ളീയാഴ്ചയോ വ്യാഴാഴ്ചയോ ഇതു പ്രസിദ്ധീകരിച്ചിരുന്നുവെങ്കില്‍ ആഴ്ചയവസാനം സ്വസ്ഥമായി വീട്ടിലിരുന്ന് (ഓഫീസിലിരിക്കുമ്പോള്‍ അല്ലാതെ എന്നു കൂടി വായിക്കുക:-) ഈ പോസ്റ്റുകള്‍ വായിക്കാമായിരുന്നു.

മറ്റൊരാള്‍\GG said...

നന്ദി സുഹ്രത്തേ വീണ്ടും ഈ പംക്തി പുനരാരംഭിച്ചതിന്.

പ്രയാസി said...

വാരവിചാരം പുനരാരംഭിച്ചതില്‍ സന്തോഷം

കുറെ “നല്ല” പോസ്റ്റുകള്‍ ഇങ്ങനെ വായിക്കാന്‍ കഴിയും..:)

...പകല്‍കിനാവന്‍...daYdreamEr... said...

നന്നായി .. അഭിവാദ്യങ്ങള്‍...!

നന്ദകുമാര്‍ said...

പ്രിയ അഞ്ചല്‍ക്കാരന്‍,
ഹൃദയം നിറഞ്ഞ നന്ദി. പലപ്പോഴും ഈ ബ്ലോഗില്‍ വന്നു നോക്കാറുണ്ടായിരുന്നു, എന്നെങ്കിലും എന്റെ വല്ല പോസ്റ്റുകളും പരാമര്‍ശിക്കപ്പെടുമോ എന്ന സ്വാര്‍ത്ഥചിന്തയാല്‍ ;) പതിനാറാം ലക്കത്തിലെ ബൂലോഗവിചാരത്തില്‍ മറ്റു പല നല്ല പോസ്റ്റുകള്‍കൊപ്പം എന്റെ ‘മൂന്നു മുഴം മുല്ലപ്പൂവി‘നെ പരാമര്‍ശിച്ചതിനു എന്റെ ഹൃദയം നിറഞ്ഞ നന്ദി വാക്കുകളില്‍ ഒതുക്കാനാവുന്നില്ല. ഒരുപാട സന്തോഷം. ഇനിയും ഈ പംക്തി തടസ്സമേതുമില്ലാതെ തുടരാനാവാട്ടെ,

Namaskar said...

അഞ്ചലാപ്പിസില്‍ വാരവിചാരം കൌണ്ടര്‍ വീണ്ടും തുറന്നതില്‍ സന്തോഷം. എന്നെ പോലെ regularly irregular ആയി ബൂലോകത്ത് വരുന്നവര്‍ക്ക് വാരവിചാരം വലിയ സഹായമാണ്. ഇനി മുടങ്ങാതെ വാരവിചാരം വരുമെന്ന് വിചാരിക്കുന്നു. :)

ശ്രീലാല്‍ said...

സന്തോഷം !

ശ്രീ said...

വാരവിചാരം പുനരാരംഭിയ്ക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. ഒപ്പം എന്റെ ഒരു പോസ്റ്റു കൂടി ഇവിടെ ഇടം പിടിച്ചു എന്നതില്‍ ഇരട്ടി സന്തോഷം.
:)

ഉപാസന || Upasana said...

വാരവിചാരം തുടരട്ടെ.
:-)

ഉപാസന

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

പ്രിയ അഞ്ചല്‍ക്കാരന്‍,
വാരവിചാരം പുനരാരംഭിച്ചതില്‍ സന്തോഷം!പക്ഷെ തുടരണം!

shihab mogral said...

താങ്കളുടെ ബ്ലോഗില്‍ ആദ്യമായിട്ടാണ്‌. വളരെ ഉപകാരപ്രദം. നല്ല കുറച്ചു പോസ്റ്റുകള്‍ വായിക്കാന്‍ സാധിച്ചു. തുടരുക..

കുട്ടിച്ചാത്തന്‍ said...

വാരവിചാരത്തിനു വീണ്ടും സ്വാഗതം.

ചാത്തനേറ്: പുതുവത്സരത്തില്‍ നല്ലപോസ്റ്റുകളുടെ എണ്ണം കുറവായിരുന്നു എന്ന് മനസ്സിലായി... അല്ലേല്ല് ആ ആറാം നമ്പര്‍ ഇവിടെങ്ങനെ വരാന്‍ ;)

കുഞ്ഞന്‍ said...

5ത്സ് ജീ.

വീണ്ടും ഈ പംക്തി തുടങ്ങിയതില്‍ സന്തോഷം അറിയിക്കുന്നു.

ഓ.ടോ. പ്രതീപ് = പ്രദീപ്, പിന്നെ അപ്പുണ്ണിയാര്‍ ബൂലോഗത്തെ ഗള്‍ഫിലൊതുക്കിയല്ലൊ..!!

ശ്രദ്ധേയന്‍ said...

വാരവിചാരം വീണ്ടും കാണുന്നതില്‍ സന്തോഷം.

മമ്മൂട്ടി ബ്ലോഗും പൂട്ടി പോയോ? പുതിയ പോസ്റ്റൊന്നും കാണാറില്ല.

smitha adharsh said...

ഞാന്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ കണ്ടതേ ഇല്ല...കുറ്റബോധം തോന്നുന്നു..എന്റെ പോസ്റ്റിനെ പരാമര്‍ശിച്ച ഒരു പോസ്റ്റ്‌ കാണാതെ വിട്ടതില്‍..പകരം,ഈ പോസ്റ്റ്‌,ഞാന്‍ നെഞ്ചോടു ചേര്‍ക്കുന്നു..എന്റെ പോസ്റ്റിനുള്ള വലിയ ഒരു അംഗീകാരമായി കണക്കാക്കുന്നു..നന്ദി,ഇങ്ങനെ ഒരു പോസ്റ്റിന്.
കുറച്ചു നാളായി,എഴുതാതിരുന്ന എനിക്ക് ഈ ഒരു പോസ്റ്റ്‌ തികച്ചും ഒരു പ്രചോദനം തന്നെ ... നന്ദി,ഹൃദയത്തിന്‍റെ ഭാഷയില്‍..

അനോണിമാഷ് said...

വാരവിചാരം പുനരാരംഭിച്ചതില്‍ സന്തോഷം!

ഉപാസന || Upasana said...

Anony maashE :-)))

enthitta thaangnge!

@
anchals

take it (my comment) easy
:-)