Thursday, October 4, 2007

ബൂലോകം പോയ വാരം : ഏഴാം ലക്കം.

ഗൌരതരമായ ചര്‍ച്ചകള്‍ ക്ഷണിക്കുന്ന പോസ്റ്റുകള്‍ അര്‍ഹിക്കുന്ന വിധം ചര്‍ച്ചകള്‍ നടന്ന വാരത്തിലൂടെയാണ് ബൂലോകം കടന്ന് പോയത്. അവതരിപ്പിക്കപ്പെടുന്ന പോസ്റ്റുകളില്‍ നല്ലൊരുശതമാനവും ഓര്‍മ്മകുറിപ്പുകളും ബാല്യകാലസ്മരണകളും ആണെന്നത് ഒരു കുറവായി കാണാന്‍ കഴിയില്ല എങ്കിലും സാങ്കേതിക രംഗത്തെ പുതു പ്രവണതകളെ പരിചയപ്പെടുത്തുന്നതും സമൂഹ്യ തിന്മകളെ തിരഞ്ഞ് പിടിച്ച് ജനകീയ വിചാരണ ചെയ്യുന്നതും സാമൂഹ്യ നന്മകളെ സമൂഹ സമക്ഷം തുറന്ന് വെക്കുന്നതും ആയ പോസ്റ്റുകള്‍ കൂടുതല്‍ ഉണ്ടാകേണ്ടത് ബൂലോകത്തിന്റെ വളര്‍ച്ചയുടെ അനിവാര്യതയാണ്. ആ‍രും ഒരു തരത്തിലുള്ള നിര്‍ദ്ധേശവും വെക്കാതെ തന്നെ ആ സാമൂഹ്യ ധാര്‍മ്മികതയിലേക്ക് ബൂലോകം പതുക്കെ നടന്നടുക്കുന്നു എന്ന് വിളിച്ചറിയിക്കുന്ന പോസ്റ്റുകളുമായാണ് ഓരോ വാരവും കടന്നു പോകുന്നത്.

1. ബാഷ്പാഞ്ജലി

വിജയന്‍ മാഷ് വിട പറഞ്ഞു. അര്‍ഹിക്കുന്ന വിധത്തില്‍ മരണം കൂട്ടി കൊണ്ടു പോയ അപൂര്‍വ്വതകളില്‍ ഒന്നായി വിജയന്‍ മാഷിന്റെ വിട പറച്ചില്‍. പറയുന്നവയൊക്കെയും മിനിട്ട് വെച്ച് മാറ്റി പറയുന്ന വര്‍ത്തമാന കാല വിപ്ലവകാരികളില്‍ വിജയന്‍ മാഷിന്റേത് വേറിട്ട സാനിദ്ധ്യമായിരുന്നു. നേരുള്ള ഒരു നല്ല മനുഷ്യന്‍ കൂടി മലയാളിക്ക് നഷ്ടമാകുന്നു. അര്‍ഹിക്കുന്ന വിധത്തില്‍ ബൂലോകവും മാഷിന് ആദരാഞജലികള്‍ അര്‍പ്പിച്ചു.
സിയ, ഡ്രീംസ്,വെള്ളെഴുത്ത്,റെജീ ചന്ദ്ര ശേഖരന്‍,രാമനുണ്ണി,ഷാഫി,വര്‍ക്കേഴ്സ് ഫോറം,അനിലന്‍ തുടങ്ങിയവര്‍ വിജയന്‍ മാഷിന്റെ ഓര്‍മ്മകുറിപ്പുകളും സ്മരണാഞ്ജലികളുമായെത്തി. മാഷിന്റെ വിയോഗം ബൂലോകത്ത് ആദ്യമെത്തിച്ചത് ജനശക്തി ന്യൂസാണ്.

മലയാളത്തിന്റെ നേര്‍ വിചാരമായിരുന്ന എം.എന്‍. വിജയന്‍ മാഷിന് വാര വിചാരത്തിന്റേയും ആദരാഞ്ജലികള്‍...

2. സീരിയസായ കൊച്ചു ത്രേസ്യ കൊച്ച്.
മര്‍മ്മത്ത് കൊള്ളുന്ന നര്‍മ്മവുമായി ചുരുങ്ങിയ കാലം കൊണ്ട് ബൂലോകത്ത് ശ്രദ്ധേയയായ കൊച്ചു ത്രേസ്യയുടെ നയം വ്യക്തമാക്കുന്നു മുന്നോട്ട് വെച്ച ചോദ്യങ്ങള്‍ അര്‍ഹിക്കുന്ന വിധത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. സങ്കല്പ കഥയാണ് എന്ന എഴുത്തുകാരിയുടെ നിലപാടിനെ പരിഗണിക്കാതെ ആത്മ കഥാംശം തുടിക്കുന്ന കുറിപ്പായി അനുവാചകര്‍ “നയം വ്യക്തമാക്കിയതിനെ” കണ്ടതില്‍ തെറ്റ് പറയാന്‍ കഴിയില്ല. സ്വന്തമായി തൊഴിലുള്ള, സ്വന്തം കാലില്‍ ജീവിതം നയിക്കാന്‍ താല്പര്യപ്പെടുന്ന, അഭ്യസ്തവിദ്യയായ യുവതി കഥാ പാത്രമാകുന്ന നിരവധി നര്‍മ്മങ്ങളുമായി വന്ന കൊച്ച് ആ കുറുപ്പുകളിലൊക്കെ തന്നെയും കേന്ദ്ര കഥാ പാത്രത്തെ “ഞാന്‍” എന്ന് സംബോധന ചെയ്തതും പരീക്ഷയാണ് “എനിക്ക് വേണ്ടി ഒന്നു പ്രാര്‍ത്ഥിക്കണേ” എന്ന് പറഞ്ഞ് പോയ കൊച്ച് ആ പോസ്റ്റിന്റെ കമന്റുകളില്‍ “പരീക്ഷ എന്തായി” എന്ന ചോദ്യത്തിന് “അതും പൊട്ടി” എന്ന് നിര്‍വ്വികാരതയോടെ പറഞ്ഞ് പോയതും തുടര്‍ന്ന് വന്ന മുഖാമുഖത്തില്‍ പരാജയപ്പെട്ട ചെറുക്കന്‍ കാണലും ഒക്കെ കൂട്ടി വായിച്ചവര്‍ “നയം വ്യക്തമാക്കുന്നു” എന്ന വെറും സാങ്കല്പികതയെ “ആത്മകഥ” ആക്കുകയായിരുന്നു.

എന്നാല്‍, സ്ത്രീധനം എന്ന സാമുഹ്യ തിന്മയില്‍ ജീവിതം ഹോമിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ മൌന നൊമ്പരങ്ങളുടെ നേര്‍ കാഴ്ചയായിട്ടാണ് കൊച്ചു ത്രേസ്യ “നയം വ്യക്തമാക്കിയത്”. വ്യക്തമാക്കപ്പെട്ട നയം സ്ത്രീ ധനം കൊടുക്കുന്നതിന്റേയും വാങ്ങുന്നതിന്റേയും സാധൂകരണത്തിനെതിരായിരുന്നു. അവനും അവളും തമ്മില്‍ വിവാഹം എന്ന കരാറില്‍ ഒപ്പിടുന്നതിന് അവള്‍ മാത്രം പണം വെക്കണം എന്ന് പറയുന്ന വരട്ട് വാദത്തെ കൊച്ചു ത്രേസ്യ നന്നായി തന്നെ തുറന്ന് കാണിച്ചിരിക്കുന്നു. അവളുടെ സമ്പത്ത് അവള്‍ വെക്കട്ടെ ഒപ്പം അവന്റേത് അവനും. തമ്മിലുള്ള വ്യത്യാസം അവളോ അവനോ ചേര്‍ത്ത് വെക്കട്ടെ എന്ന തുല്യതയിലേക്ക് വിരല്‍ ചൂണ്ടി കൊച്ച് കുറിപ്പവസാനിപ്പിക്കുന്നു. തികച്ചും ശ്രദ്ധേയമായ ചിന്തകള്‍ പങ്കുവെച്ച കുറിപ്പ് അര്‍ഹിക്കുന്ന തരത്തില്‍ തന്നെ ചര്‍ച്ച ചെയ്യപെട്ടു. പോയ വാരത്തിലെ ഏറ്റവും ശ്രദ്ധേയമായ പോസ്റ്റും “നയം വ്യക്തമാക്കുന്നു” തന്നെയായിരുന്നു.

3. പട്ടുനൂലും വാഴനാരും.
ബൂലോകത്ത് ആധികാരികമായ നിരൂപണ ബ്ലോഗുകളുടെ കുറവ് നികത്താന്‍ തക്ക കെല്പുറ്റ ബ്ലോഗുമായാണ് ദുര്യോധനന്‍ പട്ടുനൂലും വാഴനാരും ആയി എത്തുന്നത്. അവതരിക്കപ്പെടുന്ന രചനകളെ സംസൂഷ്മം പഠിച്ച് നെല്ലും പതിരും തിരിക്കുവാന്‍ നിരൂപകന് കഴിയുന്നുണ്ട്. വെറും പുറം ചൊറിയല്‍ ആയ ബൂലോക വായനയില്‍ ദുര്യോധനന്റെ ഇടപെടലുകള്‍ പുതിയ അനുഭവമാവുകയാണ്. നിരൂപണ ബ്ലോഗുകള്‍ക്ക് “പട്ടുനൂലും വാഴനാരും” ഒരു മാതൃകയാണ്. ദേവേന്റെ ചില ഇടപെടലുകള്‍ അല്ലാതെ ബൂലോകത്ത് ആധികാരികമായ നിരൂപണങ്ങള്‍ കുറവാണ്. ആ കുറവാണ് ദുര്യോധനന്‍ പരിഹരിക്കുന്നത്.

4. പുതിയ നോവല്‍.
ചരിത്രമില്ലാത്തവര്‍ക്കൊപ്പം നീങ്ങുന്ന സാബു പ്രയാര്‍ ഒരു നോവലുമായി വന്ന വാരം. തുടരനുകളുടെ തുടക്കം ഗംഭീരമാകാറുണ്ടെങ്കിലും ഒടുക്കം “ക്രാഷ് ലാന്റ്” ആകുന്നതാണ് ബൂലോക വഴക്കം. അതിന് കടത്തുകാരന്‍ എന്ന സാബു പ്രയാര്‍ നോവല്‍ മാറ്റം വരുത്തും എന്ന് കരുതാം. ഒപ്പം നോവലുകള്‍ക്ക് ബ്ലൊഗ് ഒരു നല്ല മാധ്യമം ആണോ എന്ന ചര്‍ച്ചക്ക് തുടക്കമിടുകയും ചെയ്യാം.

5. ബൂലോക ഹിപ്നോട്ടിസം
ഒരു മനശ്ശാസ്ത്രജ്ഞന്റെ കരവിരുതോടെ തന്നെയാണ് തന്റെ ഹിപ്നോട്ടീക് അനുഭവങ്ങള്‍ സിയ പങ്കു വയ്ക്കുന്നത്. അനുവാചകനെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു അനുഭവത്തിന്റെ രസ ചരടില്‍ കോര്‍ത്തെടുത്തിരിക്കുന്ന കുറിപ്പില്‍ ഹിപ്നോട്ടീസത്തിന്റെ സാങ്കേതികവും മനശ്ശാസ്ത്രപരവുമായ വശങ്ങളെ വിശലനം ചെയ്തിരിക്കുകയാണ് എഴുത്തുകാരന്‍. വെറുതേ സാങ്കേതികവും മനശ്ശാസ്ത്രവുമായി വന്നിരുന്നെങ്കില്‍ സംവേദിക്കാന്‍ ബുദ്ധിമുട്ടുള്ള വിഷയത്തെ ഉറക്കികിടത്തിയിരിക്കുന്ന ഒരാളുടെ ഉറക്കത്തിലൂടെ പറഞ്ഞ് പോകുമ്പോള്‍ വായനക്കാരനെ ഉറക്കി കിടത്തിയിട്ട് പറയാനുള്ളത് നേരിട്ട് അവനോട് സംവേദിക്കുന്നതു പോലെ തോന്നുന്ന കുറിപ്പ്. ഹാരീസ് എന്ന് സിയ വിളിക്കുന്ന മാനസ്സിക പ്രശ്നം ഉള്ള ആളിന്റെ കഥ പറയുക എന്നതിനപ്പുറം അനുവാചകനിലേക്ക് ഹിപ്നോട്ടീസത്തിന്റെ ശാസ്ത്രീയത സംവേദിപ്പിക്കുക എന്നതാണ് എഴുത്തുകാരന്‍ ലക്ഷ്യം വക്കുന്നത്. അനുഭവകുറിപ്പ് എന്നതിനപ്പുറം പഠനാര്‍ഹമായ ഒരു കുറിപ്പാണ് “ഹിപ്നോട്ടിക് അനുഭവങ്ങള്‍”.

6. തിങ്ക് ബിഗ്, തിങ്ക് ഫാസ്റ്റ്, തിങ്ക് എഹെഡ്, ഐഡിയാസ് ആര്‍ നൊവണ്‍സ് മോണോപോളി
അതേ...അതു തന്നെയാണ് ശരി. ആശയങ്ങള്‍ ആരുടേയും കുത്തകയല്ല. അറിയാവുന്നത് പര്‍സ്പരം കൊടുത്തും കൊണ്ടുമാണ് സമൂഹം വളരേണ്ടുന്നത്. വി.കെ. ആദര്‍ഷിന്റെ ബ്ലോഗിന്റെ തലവാചകം അന്വര്‍ത്ഥമാക്കുന്നതാണ് അദ്ദേഹത്തിന്റെ കുറിപ്പുകള്‍ എല്ലാം തന്നെ. എഴുതുന്നതിനെ ആധികാരികമാക്കാന്‍ ആദര്‍ഷ് എപ്പോഴും ശ്രമിക്കാറുണ്ട്. ബ്ലോഗിംഗ്-മാധ്യമ പ്രവര്‍ത്തനത്തിന്റെ വിപ്ലവ വഴികളിലൂടെ എന്ന ലേഖനത്തിലൂടെ ബ്ലോഗുകളുടെ സാമൂഹ്യ പ്രസക്തിയേയും ബൂലോകത്തെ ബ്ലോഗുകളില്‍ അനിവാര്യമായ ദിശാബോധത്തേയും വിശദമായി തന്നെ ആദര്‍ഷ് വിശകലനം ചെയ്തിരിക്കുന്നു. വായിക്കപ്പെടേണ്ട ലേഖനമാണ് “ബ്ലോഗിംഗ്-മാധ്യമ പ്രവര്‍ത്തനത്തിന്റെ വിപ്ലവ വഴികളിലൂടെ.

7. മരണത്തിന്റെ സംഗീതം.
1933 ഫെബ്രുവരി മാസത്തിലെ ഒരു ഞായറാഴ്ച ദിവസം ഹംഗറിയില്‍ ഉദയം ചെയ്ത ഒരു ഗാനം ഒരു കൊടുംകാറ്റ് കണക്കേ അമേരിക്ക, ബ്രിട്ടണ്‍, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ വീശിയടിച്ച് കുറേ മനുഷ്യാത്മാക്കളെ മരണത്തിലേക്ക് കൂട്ടി കൊണ്ടു പോയ “ഗ്ലൂമി സണ്ടേ” എന്ന ഗാനത്തിന്റെ പിറവിയും ആ ഗാനം സമൂഹത്തിലുണ്ടാക്കിയ ചലനങ്ങളുമായാണ് ഏ.ആര്‍. നജീം
മരണത്തിന്റെ സംഗീതം എന്ന പോസ്റ്റിലൂടെ പോയവാരം കടന്ന് വന്നത്. ഏ.ആര്‍. നജീ‍മിന്റെ ഈ പോസ്റ്റുണ്ടായതു കൊണ്ട് മാത്രമാണ് റിസ്‌സോ സറസ്സിന്റെ “ഗ്ലൂമി സണ്ടേ” അനുഭവിക്കാന്‍ കഴിഞ്ഞത്. വിഷാദത്തിനടിപ്പെടാന്‍ “ഗ്ലൂമി സണ്ടേ” ഹേതുവാകാം എന്ന് ഗാനം കേട്ടു കഴിയുമ്പോള്‍ തോന്നലുണ്ടാകുന്നു. മരണത്തെ മാടി വിളിക്കുന്ന “ഗ്ലൂമി സണ്ടേ” യെ ബൂലോകത്തേക്ക് കൂട്ടി കൊണ്ട് വന്ന് പരിചയപ്പെടുത്തിയതിന് നജീമിന് അഭിനന്ദനങ്ങള്‍. ഇത്തരം ശ്രമങ്ങള്‍ വീണ്ടും ഉണ്ടാകട്ടെ.

8. വളരുന്ന ബൂലോകം
മാതൃഭൂമി ആഴ്ചപതിപ്പ് ബൂലോക വിശേഷങ്ങളുമായി പുറത്തിറങ്ങിയ വാരമാണ് കടന്നു പോയത്. ബൂലോകത്തിന്റെ വല്യേട്ടന്‍ വിശാല മനസ്കനുമായുള്ള അഭിമുഖം ബൂലോകത്തിന്റെ വളര്‍ച്ചക്ക് നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന തരത്തിലുള്ളതായി. വിശാല്‍ജീയുടെ വാക്കുകള്‍ ബൂലോകര്‍ക്കെല്ലാം അഭിമാനിക്കത്തക്കതായിരുന്നു എന്നതിനും പുറമേ ബൂലോകത്തേക്ക് കൂടുതല്‍ പുതു മുഖങ്ങള്‍ കടന്നു വാ‍രാനും ആ അഭിമുഖം കാരണമാകും എന്നതില്‍ തര്‍ക്കമേതുമില്ലതന്നെ. എന്റെ ഉപാസന അഭിമുഖം സ്കാന്‍ ചെയ്ത് അവതരിപ്പിച്ചത് ആഴ്ചപതിപ്പ് നേരിട്ട് കിട്ടാന്‍ സാധ്യതയില്ലാത്തവര്‍ക്കും അഭിമുഖം അനുഭവിക്കാന്‍ അവസരമായി. ലാപുടയുടെ കമന്റ് അഭിമുഖത്തിന്റെ ആകെ തുകയായി. ബൂലോകം വളരട്ടെ ഭൂലോകമാകെ പടരട്ടെ.

9. ചിത്രകാരന്റെ വിചിത്ര വിചാരങ്ങള്‍
ബൂലോകത്തെ ആസ്ഥാന ഗോദയായി ചിത്രകാരന്റെ ബ്ലോഗ് മാറിയിരിക്കുന്നു. കാമ്പോ കഴമ്പോ ഇല്ലാത്ത വിഷയങ്ങളെ “സംഭവങ്ങളായി” അവതരിപ്പിച്ച് ചര്‍ച്ചാ പ്രഹസനങ്ങള്‍ ഉണ്ടാക്കി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ പറയുന്നതിനെ സഹിഷ്ണുതയോടെ ഉള്‍കൊള്ളാന്‍ കഴിയാതെ പ്രാകോപനങ്ങള്‍ ഉണ്ടാക്കി ബ്ലോഗിലേക്ക് ആളെ കൂട്ടുക എന്ന തന്ത്രം പയറ്റി ബൂലോകത്തെ കൂക്കിയിടല്‍ ബ്ലോഗായി ചിത്രകാരന്റെ ബ്ലോഗ് അധഃപതിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ മിക്ക പോസ്റ്റുകളും കടുത്ത മാനസ്സിക രോഗത്തെ വെളിവാക്കുന്നു. ആരെയെങ്കിലും തെറിവിളിച്ച് ബ്ലോഗിന്റെ ഹിറ്റ് കൂട്ടുക എന്ന ഏറ്റവും ഹീനമായ കര്‍മ്മവുമായാണ് ഒരോ തവണയും ചിത്രകാരന്‍ എത്തുന്നത്. “കേരളം ഭാരതത്തിന്റെ ഭാഗമേയല്ല..”, “മഹാഭാരതം എഴുതിയത് റെഡ് ഇന്‍ഡ്യാക്കാരനായ ഒരു ആദിവാസിയാണ്”, “ഭാരതം പാകിസ്ഥാന്റെ ഭാഗമായിരുന്നില്ലേ..” “ഭൂമി ഉരുണ്ടിട്ടാണ് എന്ന അസംബന്ധം..” തുടങ്ങിയ തലക്കെട്ടുകളില്‍ ചിത്രകാരന്റെ പോസ്റ്റുകള്‍ വന്നാലും അത്ഭുതപ്പെടാനില്ല.

10. കൊതിപിടിപ്പിക്കുന്ന കൊഞ്ച്.
കറുമ്പന്റെ ഫോട്ടോ പോസ്റ്റ് ഹാങ്ങോവര്‍ അക്ഷരാര്‍ത്ഥത്തില്‍ കൊതിപിടിപ്പിക്കുന്നതായി. ജീവസ്സുറ്റ ഫോട്ടോകളും കുറിക്കു കൊള്ളുന്ന കമന്റും. റംസാന്‍ വ്രതം അനുഷ്ടിക്കുന്നവര്‍ പോസ്റ്റ് കാണരുത്. നോമ്പ് മുറിയും. അത്രക്ക് സുന്ദരം.

11. പുതിയവ.
താരതമ്യാന പുതു വരവുകള്‍ കുറഞ്ഞ വാരമാണ് കടന്നു പോയത്. പുതുതായി അവതരിച്ച ബ്ലോഗുകള്‍:
1. നൂറുദ്ദീന്റെ റൊമാന്റിക് വീല്‍ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്ന വിഷയങ്ങളോ രീതികളോ പറയുന്നില്ല. ഒരു മൊബൈല്‍ ഫോണ്‍ വാങ്ങിയ വിവരം അറിയിച്ചുകൊണ്ടാണ് തുടക്കം.

2. സാബു പ്രയാറിന്റെ വചനം. ബൂലോകത്തേക്ക് രണ്ടായിരത്തി ഏഴ് ജൂലൈയില്‍ എത്തിയ സാബുവിന്റെ പുതിയ ബ്ലോഗാണ് വചനം. പേര് സൂചിപ്പിക്കുനതുപോലെ ദൈവ വിചാരങ്ങളാണ് വചനത്തിലൂടെ സാബു അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ “ദെവവചനം നിങ്ങളുടെ നാവിന്‍ തേന്‍ കട്ടയേക്കാള്‍ മധുരമേറിയതാണ്. ആ വചനത്തിന്റെ ശക്തിയും, തലോടലും നിങ്ങള്‍ക്ക് ഈ ബ്ലോഗിലൂടെ വരും നാളുകളില്‍ അനുഭവിച്ചറിയാവുന്നതാണ്‍. സത്യവേദപുസ്തകത്തിലൂടെയുള്ള എന്റെ ഒരു അന്വേഷണമാണ്.” അന്വോഷണം സാര്‍ത്ഥകമാകട്ടെ.

3. കൊട്ടുകാരന്റെ തകരപ്പാട്ട. കൊട്ടു തുടാങ്ങാം എന്ന ബ്ലോഗില്‍ “ഈ തകരപാട്ട കൊട്ടിതുടങ്ങാം!!കൂട്ടത്തില്‍ കൊട്ടാനുണ്ടോ??” എന്ന രണ്ടുവരിയാണുള്ളത്. ഉദ്ദേശം വ്യക്തമല്ല.

4. റിഫു വേള്‍ഡിന്റെ എ പ്രവാസി. പ്രവാസത്തിന്റെ നോവുകള്‍ പങ്കുവെക്കും എന്ന് അവകാശപ്പെടുന്നു. പ്രവാസത്തിന്റെ വിളവെടുപ്പ് എഴുത്ത് കാരന്റെ തന്നെ വാക്കുകളില്‍ “പ്രവാസിയായി കഴിഞ്ഞ വര്‍ഷങ്ങളുടെ, കണക്കെടുപ്പ് കഴിഞ്ഞ് അന്തിച്ചു നില്‍ക്കെ; കണ്ണാടി, ഒരു തമാശ കണ്ടിട്ടെന്നപോലെ ആര്‍ത്താര്‍ത്തു ചിരിക്കാന്‍ തുടങ്ങി...” പ്രതീക്ഷയുളവാക്കുന്ന വാക്കുകള്‍. വരാന്‍ പോകുന്ന പോസ്റ്റുകളും പ്രതീക്ഷക്ക് വകയുള്ളതാകട്ടെ...

12. പുനര്‍ വായന.
പോയ വര്‍ഷം ബൂലോകത്ത് നിറ സാനിദ്ധ്യമായിരുന്ന ബിരിയാണികുട്ടിയുടെ വാലിഡ് റീസണ്‍ വീണ്ടും ചിരിയുണര്‍ത്തി. “കൊച്ചുലോകത്തെ വല്ലിയ തമാശകളായിരുന്നു ബിരിയാണി കുട്ടിയുടെ” പോസ്റ്റുകളെല്ലാം തന്നെ. എഴുത്ത് തുടര്‍ന്നെങ്കില്‍ എന്ന് ചിന്തിച്ചു പോകുന്നു ബിരിയാണി കുട്ടിയുടെ പോസ്റ്റുകളെല്ലാം ഒരാവര്‍ത്തി കൂടി വായിച്ച് കഴിഞ്ഞപ്പോള്‍. എഴുതാന്‍ കഴിയുന്നവര്‍ ബൂലോകം വിടുന്നത് ദുഃഖകരമാണ്.

10 comments:

അഞ്ചല്‍കാരന്‍ said...

ബൂലോകം പോയ വാരം ഏഴാം ലക്കം സമര്‍പ്പിക്കുന്നു.

കുഞ്ഞന്‍ said...

പതിവിനെക്കാള്‍ കൂടുതലായി ഇപ്രാവിശ്യം വാര വിചാരം നന്നായി അപഗ്രഥിച്ചിരിക്കുന്നു.. അഭിനന്ദനങ്ങള്‍..

കുറുമാന്‍ said...

ഈ ലക്കത്തിലെ വാരവിചാരവും നന്നായിരിക്കുന്നു. ചിത്രക്കാരനെകുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കാമായിരുന്നു.

കൊച്ചുത്രേസ്യ said...

മാഷേ ഇതു വായിച്ചപ്പോള്‍ ഒരു പാടു സന്തോഷം തോന്നി. എന്റെ പോസ്റ്റ്‌ ഇവിടെ പരാമര്‍ശിച്ചതുകൊണ്ടല്ല; ഞാനാ പോസ്റ്റിലൂടെ പറയാന്‍ ശ്രമിച്ച കാര്യങ്ങള്‍ അതിന്റെ എല്ലാ അര്‍ത്ഥത്തിലും മനസ്സിലാക്കിയതു കൊണ്ട്‌
നന്ദി...

മുരളി വാളൂര്‍ said...

വിചാരങ്ങള്‍ നന്നായിരിക്കുന്നു, കൂടാതെ പട്ടുനൂലും വാഴനാരും കിട്ടിയതും ഇവിടെനിന്നാണ് നന്ദി...

മെലോഡിയസ് said...

അഞ്ചല്‍ക്കാരാ..വാരവിചാരം നന്നായിരിക്കുന്നു..അഭിനന്ദനങ്ങള്‍ .

അഞ്ചല്‍കാരന്‍ said...

കുഞ്ഞന്‍,
കുറുമാന്‍,
കൊച്ചുത്രേസ്യ,
മുരളീ വാഴൂര്‍,
മെലോഡിയസ്,
പിന്നെ വന്നു പോയവര്‍ക്കെല്ലാവര്‍ക്കും,
നന്ദി ഈ ധാര്‍മ്മിക പിന്തുണക്ക്.

Sabu Prayar said...

പ്രിയ സുഹ്യത്തേ,
ഇന്നാണ് ആദ്യമായി വാ‍രവിചാരം കാണുന്നത്. നന്നാകുന്നുണ്ട്. എല്ലാ വിധ ആശംസകളും.

സാബു പ്രയാര്‍.

::സിയ↔Ziya said...

വാരവിചാരം വളരെ യാദൃശ്ചികമായാണ് കണ്ടത്.
വളരെ കാര്യമാത്ര പ്രസ്ക്തവും ഗൌരവതരവുമായ നിരീക്ഷണങ്ങളാണ് താങ്കളുടേത്. നന്നായിരിക്കുന്നു തുടരണം.

പിന്നെ, ഹിപ്‌നോട്ടിക് അനുഭവങ്ങള്‍ എഴുതുമ്പോള്‍ ഞാന്‍ എന്താണ് ഉദ്ദേശിച്ചത് എന്നത് എന്റെ മനസ്സു വായിച്ചതു പോലെ കൃത്യമായി പറഞ്ഞല്ലോ...:)
ഹിപ്‌നോട്ടിസത്തിന്റെ ശാസ്ത്രീയത പ്രചരിപ്പിക്കുകയും അവബോധമുണ്ടാക്കുകയും ചെയ്യുക എന്നതു തന്നെയാണ് എന്റെ ഉദ്ദേശ്യം.
വളരെ നന്ദി...

ലൈവ് മലയാളം said...

വളരെ നല്ല പോസ്റ്റ് ഇനിയും പ്രധീക്ഷിക്കുന്നു. ലൈവ് മലയാളം