Friday, November 23, 2007

വാരവിചാരം : ഭൂലോകം പോയവാരം : ലക്കം പതിമൂന്ന്

എണ്ണയില്‍ മുങ്ങിയൊരു വാരം. പോയ വാരം ഒറ്റവാക്കില്‍ അങ്ങിനെ നിര്‍വചിക്കാം. ലോകവിപണിയില്‍ എണ്ണ വില ബാരലിന് ഇറാന്‍ ഇസ്ലാമിക വിപ്ലവ കാലത്തിന് ശേഷം നൂറു ഡോളറിലെത്തിയ വാരം. ഭാരതത്തിലെ ഏറ്റവും വല്ലിയ ഉപഭോത്കൃ സംസ്ഥാനത്തിന് ഗുണകരമല്ലാത്ത വാര്‍ത്തയാണ് എണ്ണ വില മാനം മുട്ടേ ഉയരുന്നത് എന്നതിനും പുറമേ എണ്ണ കേരളത്തിലും പ്രശ്നമാവുകയാണ്. ക്രൂഡ് ഓയില്‍ അല്ല. പാമോയില്‍ ആണ് വില്ലന്‍ എന്ന് മാത്രം. എണ്ണയില്‍ മുങ്ങിയ വാരം പതിവു പോലെ ചോരയും കണ്ണീരും കബന്ധങ്ങളും അനാഥരേയും ഒക്കെ ബാക്കിയാക്കി കടന്നു പോകുന്നു.

1. എണ്ണ
ലോകവിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില മുമ്പെങ്ങും ഇല്ലാത്ത ഉയരത്തിലേക്കെത്തുകയാണ്. എഴുപത്തിയൊമ്പതിലാണ് എണ്ണവില ഏറ്റവും ഉയരത്തിലെത്തിയത്. ബാരലിന് നൂറ്റി ഏഴ് ഡോളര്‍. പക്ഷേ അന്ന് ലോകം ഏണ്ണക്ക് ഇന്നത്തെ പോലെ അടിപ്പെട്ടിരുന്നില്ല. ഇന്ന് കാര്യങ്ങള്‍ മാറിയിരിക്കുന്നു. പെട്രോളില്ലാതെ ഒരു നിമിഷം പോലും വയ്യാ എന്നായിരിക്കുന്നു. മൂന്നാം ലോക രാഷ്ടങ്ങളെയാണ് എണ്ണ വിലയിലുള്ള കുതിപ്പ് ഏറ്റവും ദോഷകരമായി ബാധിക്കുക. പൊതുവേ ദുസ്സഹമായ ജീവിതാവസ്ഥകളില്‍ നട്ടം തിരിയുന്ന മൂന്നാം ലോക ദരിദ്രവാസികള്‍ എണ്ണവിലയില്‍ തട്ടി വിറങ്ങലിച്ച് നില്‍ക്കുന്നത് ഭൂലോക വമ്പന്മാര്‍ കണ്ടില്ലാന്ന് നടിക്കുന്നു.

എണ്ണയുടെ വില ഉയരുന്നത് എണ്ണയുല്പാദനത്തില്‍ വരുന്ന ഏറ്റ കുറവുകള്‍ കൊണ്ടല്ല. ഒരു മേശക്ക് ചുറ്റുമിരുന്ന് തീര്‍ക്കാവുന്ന പ്രശ്നങ്ങളെ ഉപരോധങ്ങളിലേക്കു യുദ്ധങ്ങളിലേക്കും മരണങ്ങളിലേക്കും കൂട്ട നാശങ്ങളിലേക്കും എത്തിക്കുക വഴിയുണ്ടാകുന്ന അനിശ്ചിതാവസ്ഥകളും ലോകത്തിന്റെ ആശങ്കകളുമാണ് എണ്ണ വിലയില്‍ പ്രതിഫലിക്കുന്നത്. എണ്ണയുടെ വില കുത്തനെ ഉയരുന്നത് ആര്‍ക്കാണ് ഗുണം ചെയ്യുന്നത്? ഉല്പാദക രാജ്യങ്ങള്‍ക്ക് എന്നാണ് ഉത്തരമെങ്കില്‍ എണ്ണയുല്പാദക രാജ്യങ്ങളിലെ ദേശീയ വരുമാനം കൂടുകയും അതിലൂടെ പണത്തിന്റെ മൂല്യം കൂടുകയും പണപ്പെരുപ്പം കുറയുകയും ആനുപാതികമായി മൊത്തവില സൂചിക താഴുകയും ആണല്ലോ വേണ്ടത്. പക്ഷേ എണ്ണയുല്പാദക രാജ്യങ്ങളിലെ ഇപ്പോഴത്തെ ഏറ്റവും വല്ലിയ പ്രതിസന്ധി വിലകയറ്റവും പണപ്പെരുപ്പവുമാണ്. ഇതെങ്ങിനെ സംഭവിക്കുന്നു?

അവിടെയാണ് അസ്സല്‍ “ഡോളര്‍പ്പാര”. മിക്കവാറും എല്ലാ എണ്ണയുല്പാദക രാജ്യങ്ങളിലേയും കറന്‍സി ഡോളറില്‍ ലിങ്ക് ചെയ്തിരിക്കുകയാണ്. അതായത് സ്വതന്ത്രമല്ല എണ്ണയുല്പാദക രാജ്യങ്ങളിലെ കറന്‍സി. ഡോളറിന്റെ വില ഉയര്‍ന്നാല്‍ ദിര്‍ഹത്തിന്റേയും ദിനാറിന്റേയും റിയാലിന്റേയും ഒക്കെ വില ഉയരും. ഡോളര്‍ താഴോട്ട് പോയാല്‍ അതേ വേഗത്തില്‍ അറബി തുട്ടും താഴേക്ക് പോകും. എണ്ണ വില കൂടുന്നതിനാനുപാതികമായി ഡോളറിന്റെ വില ഇടിയും. കാരണം ഏറ്റവും വല്ലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ ഒന്നാണ് അമേരിക്കാവു. അപ്പോള്‍ എണ്ണ വിലയിലുള്ള ഉയര്‍ച്ച അമേരിക്കാവൂന്റെ ദേശീയ വരുമാനത്തെ പ്രതികൂലമായി ബാധിച്ചേ പറ്റുള്ളൂ. സ്വാഭാവികമായും ഡോളര്‍ താഴും. കൂട്ടത്തില്‍ അറേബ്യന്‍ കറന്‍സികളും നേരെ താഴോട്ടു പോകും. അതായത് എണ്ണ വിലയുടെ ഉയര്‍ച്ചയില്‍ നിന്നും ഉല്പാദക രാജ്യങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനം ഡോളറിന്റെ വിലയിടിവില്‍ തട്ടി പൊകയായി മാറുന്നു. അങ്ങിനെ അറേബ്യയിലും വിലക്കയറ്റം. സാധാരണക്കാരന്റെ ജീവിതം അതു തന്നെ - കട്ടപ്പൊക.

അപ്പോള്‍ പറഞ്ഞു വന്നത് എണ്ണ വില കൂടുമ്പോള്‍ ആരാണ് ചിരിക്കുന്നത്? അത് മറ്റാരുമല്ല. എണ്ണയുല്പാദക രാജ്യങ്ങളിലെ എണ്ണയൂറ്റാന്‍ ദീര്‍ഘ കാല കരാര്‍ ഏറ്റെടുത്തിരിക്കുന്ന അന്താരാഷ്ട്രാ ഭീമന്‍ കമ്പനികള്‍. ലോകമെമ്പാടുമുള്ള സാധാരണക്കാരന്‍ കരയും. അത് അമേരിക്കവിലായാലും ഭാരതാവിലായാലും സൌദിയിലായാലും സാധാരണക്കാരന്റെ ജീവിതം ഒരുപോലെ ദുഃസ്സഹം.

2. പാമോലിന്‍
മലേഷ്യന്‍ പാമോലിനുനായി കൂറ്റന്‍ എണ്ണ ടാങ്കറുകള്‍ കേരളാ തീരത്ത് നങ്കൂരമിടുമ്പോള്‍ രാഷ്ട്രീയ കേരളം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരകര്‍ഷകരുടെ ദുരിതങ്ങള്‍ ആണയിട്ട് പറഞ്ഞ് പ്രതിഷേധിക്കുന്നതാണ് പോയ വാരത്തെ പ്രമാദമായ കേരളാ കാഴ്ച. മുപ്പത് ലക്ഷത്തോളം വരുന്ന കേര കര്‍ഷകരുടെ ജീവിതം ദുരിതത്തിലായത് പാമോയില്‍ കാരണമാകുന്നില്ല ഒരു നിലക്കും. തെങ്ങും തേങ്ങയും നാശത്തിലേക്ക് പോയതിന്റെ കാരണം ഇവിടെ ചര്‍ച്ചയാക്കുന്നില്ല. പാമോയില്‍ ഇറക്കുമതി കേരളാവിന്റെ സാമാന്യ ജീവിതത്തെ എങ്ങിനെ ബാധിക്കുന്നു എന്ന് നോക്കാം. പാമോയില്‍ ഇറക്കുമതിയിലൂടെ എണ്ണ വില കേരളത്തില്‍ കുറയുമ്പോള്‍ അതിന്റെ ഗുണഭോക്താക്കള്‍ മൂന്ന് കോടിയാണ്. അസംഘടിതരായ മൂന്ന് കോടിയുടെ ചിലവില്‍ സംഘടിതരായ മുപ്പത് ലക്ഷത്തിന്റെ സംരക്ഷണം ഇരട്ടത്താപ്പാണ്. ആദ്യം ഗവണ്മെന്റ് ജനങ്ങളുടെ നന്മയാണ് ലക്ഷ്യമാക്കേണ്ടത്. പിന്നെയാണ് വര്‍ഗ്ഗങ്ങളുടെ സംരക്ഷണം. വോട്ടു ബാങ്കുകള്‍ സംരക്ഷിക്കാന്‍ വേണ്ടി എണ്ണ വില ഉയര്‍ത്തി നിര്‍ത്തണം എന്ന് പറയുന്ന മുഖ്യമന്ത്രിയും സര്‍വ്വ രാഷ്ട്രീയക്കാരും മാധ്യമങ്ങളും എല്ലാം ഒരുപോലെ തന്നെ സാധാരണ ജന സാമാന്യത്തിന് ഇറക്കുമതിയിലൂടെ ലഭിക്കാവുന്ന വിലക്കുറവ് എന്ന ആനുകൂല്യം കണ്ടില്ലാന്ന് നടിക്കുന്നു. സംഘടിതരായവരോട് ചേര്‍ന്ന് നില്‍ക്കുന്ന കേരളാ രാഷ്ട്രീയ മാധ്യമ സാംസ്കാരിക കപടതയാണ് ഇതിലൂടെയൊക്കെ വീണ്ടും വീണ്ടും പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്നത്.

3. വിശ്വാസം.
വിശ്വാസികളുടേയും വിശ്വാസങ്ങളുടേയും തമ്മിലടിയാണ് പോയ വാരത്തെ മറ്റൊരു കേരളാ കാഴ്ച. ക്രിസ്തുമത വിശ്വാസികളും ഹിന്ദുമത വിശ്വാസികളും മുസ്ലീംമത വിശ്വാസികളും കമ്മ്യൂണിസ്റ്റ് വിശ്വാസികളും കോണ്‍ഗ്രസ് വിശ്വാസികളും എല്ലാം കൂടി കേരളാവൂനെ ഒരു വഴിക്കാക്കി കൊണ്ടിരിക്കുന്നു. മത വിശ്വാസങ്ങള്‍ പോലെ ഒരു വിശ്വാസമാണ് കമ്മ്യൂണിസവും മാര്‍ക്സിസവും നക്സലിസവും കോണ്‍ഗ്രസിവും ഗാന്ധിസവും ഒക്കെ തന്നെയും. നിരീശ്വരവാദവും ഒരു തരം വിശ്വാസം തന്നെ. ഒരോരുത്തരും അവരവര്‍ക്ക് സമാധാനവും ശാന്തിയും ലഭ്യമാകുന്നതിലേക്ക് വിശ്വാസം അര്‍പ്പിക്കുന്നു. ഒരോ വിശ്വാസിയും അവരവരുടെ വിശ്വാസങ്ങളില്‍ അടിയുറച്ച് വിശ്വാസിക്കുക. ഒപ്പം മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുകയും ചെയ്യുക. ഒരോ വിശ്വാസത്തിനും അതിനനുസരിച്ചുള്ള സംസ്കാരവും ശൈലികളും പാരമ്പര്യവും ഉണ്ടാകും. അതിനെ ഒരു വിശ്വാസിയും പര‍സ്പരം കയ്യേറ്റം ചെയ്യാതിരിക്കുക. എന്നാല്‍ കേരളമല്ല ലോകം തന്നെ ശാന്തമായിരിക്കും.

അല്ല പറഞ്ഞ് വന്നത് എന്താന്ന് വെച്ചാ ഗുരുവായൂരില്‍ ചുരിദാര്‍ വേണമോ വേണ്ടായോ എന്ന് ഗുരുവായൂര്‍ വിശ്വാസിയോട് ചോദിക്കും മുമ്പ് പാര്‍ട്ടി കോണ്‍ഗ്രസിലെ ചുവപ്പ് പടക്ക് കാക്കി പാന്റിനും ഷര്‍ട്ടിനും പകരം ചുവപ്പ് ജൂബ്ബയും മുണ്ടും പാകമാകുമോ എന്ന് കമ്മ്യൂണിസ്റ്റ് വിശ്വാസി സ്വയം ചോദിക്കുക. ഒരോരുത്തര്‍ക്കും അവരവരുടെ വിശ്വാസമാണ് വലുത്. ഒരു വിശ്വാസത്തില്‍ ഉറച്ച് നിന്ന് മറ്റേ വിശ്വാസം തെറ്റാണെന്ന് പറയാന്‍ കെല്പുള്ള ഒരു വിശ്വാസവും ലോകത്ത് ഇന്ന് നിലവിലില്ല- അവരവരുടെ ആത്മ വിശ്വാസം ഒഴികെ.

4. നന്ദീഗ്രാം പാസ്സാക്കുന്ന ആണവകരാര്‍.
ഭാരതാവും അമേരിക്കാവും തമ്മിലുള്ള ആണവക്കരാര്‍ നടപ്പിലാക്കില്ല എന്ന മര്‍ക്കട മുഷ്ടിയുമായി ഇടതു പക്ഷം ഇടത്തടിച്ച് നില്‍ക്കയായിരുന്നല്ലോ ഇതു വരെ. ആണവക്കരാര്‍ ഭാരതാവിന് നേട്ടമാണെന്നതിന് തെളിവ് ഭാരതാവിന്റെ ശത്രു രാജ്യങ്ങള്‍ ആണവക്കരാറിനെ എതിര്‍ക്കുന്നു എന്ന വസ്തുതമാത്രം മതി. ആണവക്കരാറിന്റെ ഗുണവശങ്ങളെ നേര്‍വഴിക്ക് കാണാന്‍ ശ്രമിക്കാതെ അമേരിക്കാവൂനെ കണ്ണും പൂട്ടി എതിര്‍ക്കുക എന്ന നിലപാടില്‍ നിന്നുകൊണ്ട് ഇടതു പക്ഷം ശത്രു രാജ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സമീപനം സ്വീകരിച്ചിരിക്കുന്നതിനെ തിരുത്താന്‍ നന്ദീഗ്രാമിലെ കുറേ പാവം കര്‍ഷകരുടെ ജീവനും രക്തവും വേണ്ടി വന്നു എന്നതാണ് സത്യം. നന്ദീഗ്രാമില്‍ പ്രതിഛായ തകര്‍ന്നതാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ആണവകരാറിനെതിരെയുള്ള നിലപാടില്‍ നിന്നും പിന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചതെന്നതില്‍ സംശയമില്ല. ഒരു രാജ്യനന്മക്ക് ഹേതുവായ നന്ദീഗ്രാമിലെ ചോരക്കും ജീവനും നന്ദിപറയാം.

5. കര്‍ണ്ണാടകയിലെ ചെറ്റത്തരം.
ജനതാദള്‍ സെക്കുലറും ഭാരതീയ ജനതാപാര്‍ട്ടിയും കര്‍ണ്ണാടകത്തില്‍ കാട്ടി കൂട്ടിയ രാഷ്ട്രീയ ചെറ്റത്തരം ഭാ‍രതത്തില്‍ സമാനതകളില്ലാത്തതാണ്. കോണ്‍ഗ്രസ് ഗവണ്മെന്റിനെ മറിച്ചിട്ട് ഒരിക്കലും പരസ്പരം യോജിക്കാന്‍ കഴിയാത്ത രണ്ടു പാര്‍ട്ടികള്‍ അവസരവാദ രാഷ്ട്രീയ ബാന്ധവം നടത്തി രാജ്യത്തെ കൊള്ള ചെയ്തു വന്നിട്ട് കൊള്ള മുതല്‍ പങ്കു വെക്കുന്നതില്‍ വന്ന തര്‍ക്കത്തെ തുടര്‍ന്ന് പരസ്പരം പിരിയുകയും നിയമസഭ തന്നെ മരവിപ്പിക്കാന്‍ ഗവര്‍ണറോട് നിര്‍ദ്ദേശിക്കുകയും ചെയ്തതിന് ശേഷം വീണ്ടും ചില തട്ടിക്കൂട്ട് കരാറുകളുമായി അധികാരത്തിലേക്ക് തിരിച്ച് വരാന്‍ ശ്രമിച്ചതും വര്‍ത്തമാന കാല ഭാരത രാഷ്ട്രീയത്തിന്റെ അപചയമാണെന്ന് കണ്ട് വിട്ടു കളയാം. പക്ഷേ ഭരണം കയ്യാളാനുള്ള ഭൂരിപക്ഷം ഉണ്ടെന്ന് രാഷ്ട്രപതിയെ ധരിപ്പിച്ച് ഭരണത്തിലേക്ക് തിരിച്ച് വന്നിട്ട് നിയമസഭയില്‍ രാഷ്ട്രപതിക്ക് കൊടുത്ത വാക്കിനെ മാറ്റി സര്‍ക്കാറിനെ വിശ്വാസ വോട്ടു തേടാന്‍ പോലും അവസരം നല്‍കാതെ പിന്നില്‍ നിന്നും കുത്തി വീഴ്ത്തിയപ്പോള്‍ കര്‍ണ്ണാടക നിയമസഭയും നിയമസഭാ അംഗങ്ങളും അവഹേളിച്ചത് കര്‍ണ്ണാടക ജനതയേയും ഭാരത ജനാധിപത്യത്തേയും മാത്രമല്ല. ഇന്‍ഡ്യന്‍ പ്രസിഡന്റിന്റെ ഓഫീസിനെ കൂടിയാണ്. അക്ഷന്തവ്യമായ തെറ്റാണ് കര്‍ണ്ണടക നിയമസഭ ഭാരത ജനാധിപത്യത്തോട് കാട്ടിയത്. ഉള്‍പ്പെട്ടവര്‍ ആരായാലും ആജീവനാന്തം ജനാധിപത്യ പ്രകൃയകളില്‍ നിന്നും വിലക്കപ്പെടുക തന്നെ ചെയ്യണം. ഇനിയൊരിക്കലും ഭാരതാവില്‍ ഇത്തരം രാഷ്ട്രീയ കോപ്രായങ്ങള്‍ ഉണ്ടാകാന്‍ പാടില്ല തന്നെ.

ബൂമറങ്ങ് :
“കേരളാ സര്‍ക്കാറില്‍ ഒരു കമ്മ്യൂണിസ്റ്റെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ഭൂപരിഷ്കരണ നിയമം സംരക്ഷിക്കപ്പെടുക തന്നെ ചെയ്യും..” - മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍.

“സഖാവേ, അങ്ങിനെയൊരു ജന്തു കേരളാ സര്‍ക്കാറില്‍ ഇന്നിയും അവശേഷിക്കുന്നുണ്ടോ? അല്ല ഭൂമിമലയാളത്തിലോ ഭൂമിഭാരതത്തിലോ ഭൂലോകത്തിലോ അത്തരം ജീവികളിലൊന്നിനെയെങ്കിലും ഒന്നു കാട്ടി തരാമോ?”

8 comments:

അഞ്ചല്‍ക്കാരന്‍ said...

ഭൂലോകം പോയ വാരം പതിമൂന്നാം ലക്കം ബൂലോക സമക്ഷം സമര്‍പ്പിക്കുന്നു.

ദിലീപ് വിശ്വനാഥ് said...

പതിവുപോലെ നന്നായി.

Anonymous said...

പരമ ബോറായി.. സ്വന്തം അഭിപ്രായങ്ങളുടെ തടവറയില്‍ത്തന്നെയാണ് അഞ്ചല്‍ക്കാരന്‍ . വാരാവലോകനത്തിനുള്ള പക്വത ഇതുവരെ വന്നിട്ടില്ല.

chithrakaran ചിത്രകാരന്‍ said...

ബൂലോക കംബോള മൊത്ത വിലനിലവാര ബുള്ളറ്റിന്‍... ചവക്കുന്നത് ...അഞ്ചല്‍ക്കാരന്‍...!!!
കൊള്ളാം.
ആശംസകള്‍ അഞ്ചല്‍ക്കാരാ. :)

ബി-ലോകം said...

അഞ്ചല്‍ക്കാരാ വിമര്‍ശനങ്ങള്‍ ഉണ്ടാകാം.
ധൈര്യമായി മുന്നോട്ടു പോവുക

Unknown said...

ജനതാദള്‍ സെക്കുലറും ഭാരതീയ ജനതാപാര്‍ട്ടിയും കര്‍ണ്ണാടകത്തില്‍ കാട്ടി കൂട്ടിയ രാഷ്ട്രീയ ചെറ്റത്തരം ഭാ‍രതത്തില്‍ സമാനതകളില്ലാത്തതാണ്
അഞ്ചല്‍ക്കാരന്റെ ഈ പ്രസ്താവനക്ക് താഴെ എന്റെ കൈയൊപ്പ് !
കെ.പി.എസ്.

ഉറുമ്പ്‌ /ANT said...

"ജനതാദള്‍ സെക്കുലറും ഭാരതീയ ജനതാപാര്‍ട്ടിയും കര്‍ണ്ണാടകത്തില്‍ കാട്ടി കൂട്ടിയ രാഷ്ട്രീയ ചെറ്റത്തരം ഭാ‍രതത്തില്‍ സമാനതകളില്ലാത്തതാണ്"
സരസിംഹറാവു സര്‍ക്കാരിനെ നിലനിര്‍ത്താന്‍ നമ്മുടെ ലീഡര്‍ കരുണാകരന്‍ കളിച്ചകളിയും(തലയില്‍ മുണ്ടിട്ട്‌ ഷിബൊ സോറനെയും അടിച്ചുമാറ്റി വരുന്ന ഇന്‍ഡ്യന്‍ എക്സ്പ്രസ്സിലെ ചിത്രം മറന്നിട്ടില്ല), രാജീവ്‌ ഗാന്ധിയുടെ വീട്ടിനുമുന്‍പില്‍ ഏതോ പോലീസുകാരനെ കണ്ടു എന്ന കാരണത്താല്‍ ചന്ദ്രശേഖര്‍ സര്‍ക്കാരിനെ മറിച്ചിട്ടതും ഇത്രത്തോളം വരില്ലായിരിക്കും അല്ലേ അഞ്ചല്‍കാരാ...............

സഹയാത്രികന്‍ said...

:)