Monday, November 19, 2007

പുതു ബ്ലോഗുകളിലൂടെ : ലക്കം ഒന്ന്.

ബൂലോകത്തേക്ക് കടന്നു വരുന്ന നവാഗതരുടെ ബ്ലോഗുകളിലൂടെ കടന്നു പോവുക രസകരമാണ്. തങ്ങളുടെ സാനിദ്ധ്യം വിളിച്ചറിയിക്കുന്ന തലവാചകവുമായി വരുന്ന പുതു മുഖങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ ആശംസകളും സഹായങ്ങളും ബ്ലോഗിങ്ങിന്റെ പ്രാഥമിക പാഠങ്ങളുമായി ചേട്ടായിമാര്‍ സ്വാഗതം ഓതുന്നത് കാമ്പസിലെ “നവാഗതര്‍ക്ക് സ്വാഗതം” ഓര്‍മ്മയിലേക്കെത്തിക്കുന്നു. പുതു ബ്ലോഗുകളില്‍ പലതിന്റേയും ഉത്ഘാടനവും സമാപനവും ഒരേ പോസ്റ്റില്‍ തന്നെയാകാറാണ് പതിവ്. പക്ഷേ ചിലതെങ്കിലും ആദ്യ പോസ്റ്റിനാല്‍ തന്നെ ബൂലോക ശ്രദ്ധയാകര്‍ഷിക്കാറുമുണ്ട്. ബൂലോക വിചാരത്തില്‍ തുടര്‍ന്നു വന്ന പുതുബ്ലോഗുകളിലൂടെ എന്ന പംക്തി പുതു ബ്ലോഗുകളുടെ ആധിക്യത്താല്‍ പോസ്റ്റിന്റെ നീളം കൂടി പോകുന്നില്ലേ എന്ന വിചാരത്തില്‍ നിന്നുമാണ് പുതു ബ്ലൊഗുകളെ വേറിട്ട് വിചാരിക്കണം എന്ന തോന്നലുണ്ടാകാന്‍ കാരണം എന്ന് വേണമെങ്കില്‍ ഒരു ജാഡക്ക് പറയാം. പക്ഷേ മറ്റൊരു പോസ്റ്റിനുള്ള സാധ്യത തെളിഞ്ഞ് കിടക്കുമ്പോള്‍ വെറുതേ എന്നാത്തിനാ കുറേ കമന്റും ഹിറ്റും പാഴാക്കുന്നത് എന്നതാണ് ശരിക്കും ശരീയെന്നതാണ് കൂടുതല്‍ ശരി.

1.അമ്പുവിന്റെ വര്‍ത്തമാന ലോകം.
അമ്പുവിന്റെ ബ്ലോഗ് ശ്രദ്ധയര്‍ഹിക്കുന്നതാണ്. കവിതകളാണ് അമ്പുവിന് കൂടുതല്‍ വഴങ്ങുന്നത്. ദുരൂഹതയില്ലാത്ത വരികള്‍. പക്ഷേ അമ്പു അര്‍ഹിക്കുന്ന ശ്രദ്ധ ബൂലോകം അദ്ദേഹത്തിന് നല്‍കി കണ്ടില്ല. അമ്പുവിന്റെ മറ്റൊരു ബ്ലോഗ് ശ്രദ്ധേയമാകുന്നത് ഇങ്ങിനെയാണ്. “മരിച്ചവരുടെ അനുഭവങ്ങള്‍, മരണകാരണങ്ങള്‍, ആത്മനൊമ്പരങ്ങള്‍, നഷ്ടസ്വപന്ങ്ങള്‍..” അതേ.പ്രേതലോകം എന്ന ബ്ലൊഗിലെ ആദ്യ പോസ്റ്റ് വായിച്ച് കഴിയുമ്പോള്‍ പരേതന്റെ കുറിപ്പല്ലേ ഇത് എന്ന തോന്നല്‍ ഭയമായി മാറുന്നത് ബ്ലോഗിലെ അവസാന വരികാണുമ്പോഴാണ്. birth:06-march-1987 2:38pm death:07-november-2007 11:30pm. പ്രേതലോകത്തിലെ ഉത്ഭവം എന്ന ആദ്യ പോസ്റ്റ് തന്നെ എഴുതാനുള്ള അമ്പുവിന്റെ കഴിവ് വിളിച്ചോതുന്നതാണ്.

2. ഉപ്പും മുളകും
ജീനാ തോമസ് വേര്‍ഡ് പ്രസില്‍ എഴുതുന്നു. പാചക കുറിപ്പുകളല്ല ജീനയുടെ ഉന്നം. ആദ്യ പോസ്റ്റ് പറഞ്ഞ് കേട്ടൊരു കഥ സ്വന്തം ശൈലിയില്‍ അവതരിപ്പിച്ചിരിക്കുന്നു.

3. കിഴക്കു നോക്കി യന്ത്രം.
എഡ്യൂകേരളാ ബ്ലോഗ്. വടക്കു നോക്കിയന്ത്രം ഉണ്ടാക്കി വെച്ചിട്ട് അതിനെ തെക്കു നോക്കിയന്ത്രം ആണെന്ന പ്രായോഗികതയുമായാണ് എഡ്യൂകേരളായുടെ ആദ്യ പോസ്റ്റ്. ഒരു കുഞ്ഞു കൌതുകം പങ്കു വെക്കുന്നു. ഇംഗ്ലീഷിലും രണ്ടു ബ്ലൊഗുകള്‍ ഉണ്ടെങ്കിലും പോസ്റ്റുകള്‍ ഒന്നും കാണുന്നില്ല.

4. നികൃഷ്ടജീവി
നിലവിലുള്ള ഏതോ ബൂലോകന്റെ ബെര്‍ളിതോമസിനെ തെറിവിളിക്കുക എന്ന കര്‍മ്മം നിര്‍വഹിക്കാനായി തുടങ്ങിയിരിക്കുന്ന പുതു ബ്ലോഗ്. ആരായാലും രസകരമായി തെറിവിളിക്കാനറിയാം. ഭാവിയുണ്ട്.

5. ജീവിതം.
ജീവന്റെ പുതു ബ്ലോഗ്. അദ്ദേഹത്തിന്റെ ആദ്യ പോസ്റ്റ് മല്ലു ഫിലീംസിന്റെ കോപ്പിയടിയെ കുറിച്ച് പറഞ്ഞു കൊണ്ടാണ്. ജീവന്റെ തന്നെ വാക്കുകള്‍ “ഈയിടെ മല്ലുഫ്ലിക്സ്‌ എന്ന ഒരു ബ്ലോഗ്‌ തുടങ്ങിയിരിക്കുന്നു..അതില്‍ സിനിമയെപറ്റി വരുന്ന വാര്‍ത്തകള്‍ മൊത്തം indiaglitz ല്‍ വരുന്ന വാര്‍ത്തകളുടെ മലയാളം പരിഭാഷകള്‍ മാത്രം.മലയാളം പരിഭാഷ കൊടുക്കുന്നതില്‍ കുഴപ്പമില്ല...” ഇതേ കുറിച്ച് മല്ലുഫിലീംസില്‍ കമന്റെഴുതിയപ്പോള്‍ കമന്റിനെ ഡിലീറ്റ് ചെയ്തുകൊണ്ടാണ് മല്ലൂഫിലീംസിന്റെ ബ്ലോഗ് മുതലാളി പ്രതികരിക്കുന്നതെന്നും ജീവന്‍ കുറിച്ചിടുന്നു. മല്ലു ഫിലീംസിലെ സിനിമാസ്വാദനം ഗുണപ്രദമായിരുന്നു. അത് മോഷണം ആണെന്നറിഞ്ഞപ്പോള്‍ എന്തോ ഒരു നിരാശ.


6. കഥയോരം.
ശങ്കുണ്ണിയുടെ കഥയോരം പറഞ്ഞ് പഴകിയ കഥകളെ പുനരവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. നാടോടി കഥകളും പഞ്ചതന്ത്രകഥകളുമൊക്കെ എഴുതി സൂക്ഷിക്കാനുള്ള ശ്രമം ശ്ലാഘനീയമാണ്.

7. ശ്യാംജീപിള്ളൈ.
ജീവിതത്തിന്റെ ഒന്നുമില്ലായ്മയെ കുറിച്ച് പറഞ്ഞു കൊണ്ടു തുടങ്ങിയിരിക്കുന്നു.

8. എന്റെ ലോകം
രാകേഷ് നാഥിന്റെ മലയാളം ബ്ലോഗ്. സംഗീതത്തിനായി രാകേഷ് ഇംഗ്ലീഷില്‍ മറ്റൊരു ബ്ലോഗും നടത്തുന്നുണ്ട്.

9. ബൌ...ബൌ
കുരച്ചു കൊണ്ട് കടിക്കാന്‍ തന്നെയാണ് തീരുമാനം.

10. കഥയില്ലാകഥ
ബിനോയിയുടെ ബ്ലോഗ്. അനുഭവ കുറിപ്പുകള്‍. രസകരം.

11. ഓപ്പണ്‍ പേജ്
ബൂലോകത്തേക്ക് മറ്റൊരു വാര്‍ത്താ ബ്ലൊഗുകൂടി. ഗ്രാമീണ വാര്‍ത്താ പത്രികയെന്നാണ് പേര്. ഇതുവരെ അവതരിച്ച വാര്‍ത്താ ബ്ലോഗുകള്‍ പോലെ ഓപ്പണ്‍ പേജും ഇടതു വശം ചേര്‍ന്നാണ് നടപ്പ്.

12.എന്റെ കാവ്
കാവിലനെന്ന് പത്രപ്രവര്‍ത്തകന്റെ ബ്ലോഗ്. പ്രവാസത്തിന്റെ യാതനകളാണ് ചര്‍ച്ചാ വിഷയം.

13.ആനിമേഷന്‍ കേരളം.
ഏ.കെ. സൈബറിന്റെ ബ്ലോഗ്. ആനിമേഷനാണ് തൊഴില്‍ മേഖല. നമ്മുടെ ബോബനും മോളിക്കും ജീവന്‍ കൊടുക്കുന്നതില്‍ പങ്കു വഹിക്കുന്ന ഏ.കേ. സൈബര്‍ അനിമേഷന്‍ പഠിക്കാന് ആഗ്രഹിക്കുന്നവര്‍ക്ക് സഹായകമായ കുറിപ്പുകളുമായാണ് ബൂലോകത്ത് എത്തുന്നത്.

14.പവിഴമല്ലി
കഥയും കവിതയും എഴുതി, വീണ്ടും എഴുതാന്‍ മോഹിച്ച്, എവിടെയും എത്താതെ പോയ ഒരു വ്യക്തിയുടെ ബ്ലോഗ് പ്രവേശം.

15. നവരുചിയന്‍
നവരുചിയന്റെ ഫോട്ടോ ബ്ക്കോഗ്. നല്ല ചിത്രങ്ങള്‍.

16. രാജാവ് ഇവിടെ ഉണ്ട്
രാജാവിന്റെ ബ്ലോഗ്.ഞാന്‍ ഒരു പാവം വിവരസാങ്കെതികതാ വിദഗ്‌ദന്‍. “അഥവാ ഒരു വിവരദോഷി. ഈ വഴി വെറുതേ വന്നതാണ് . ക്ഷമിക്കൂ...” ഈ ഹ്യൂമര്‍ ബ്ലോഗിലെ എല്ലാ പോസ്റ്റിലും നിറഞ്ഞു നില്‍ക്കുന്നു. കുഞ്ഞു കുറിപ്പുകള്‍. വല്ലിയ ചിന്തകള്‍. പ്രതീ‍ക്ഷക്ക് വക നല്‍കുന്ന മറ്റൊരു ബ്ലോഗിന്റെ പിറവി “രാജാവ് ഇവിടെ ഉണ്ട്” കാട്ടുന്നു.

17. നൊമ്പരക്കുറിപ്പുകള്‍
പരാശുവിന്റെ ബ്ലോഗ്. മതമല്ല മനുഷ്യനാണ് വലുതെന്ന് ഓര്‍മ്മപ്പെടുത്തികൊണ്ട് മനുഷ്യനെ മറന്ന് മതത്തിന്റെ പിറകേ പോയ പ്രണയത്തിന്റെ ഓര്‍മ്മകള്‍ ഇറക്കി വെക്കാനൊരിടമായാണ് പരാശു നൊമ്പരക്കുറിപ്പുകളുമായി വരുന്നത്. ഡയറികുറിപ്പുകളാണ് കാതല്‍.

18. പാലക്കാട് ചുരം
എ.സഹദേവന്‍ വായനയെ പറ്റി പറഞ്ഞു കൊണ്ടു തുടങ്ങിയിരിക്കുന്നു. ഭാഷയുടെ താക്കോല്‍ സ്വയത്തമാക്കിയ ഒരുവന് വാക്കുകളുടെ ആദ്യാന്ത്യാക്ഷരങ്ങളുണ്ടെങ്കില്‍ വായനക്ക് തടസ്സമേതുമുണ്ടാകില്ലായെന്ന് സഹദേവന്‍ തെളിയിക്കുന്നത് കൌതുകം ഉണര്‍ത്തുന്നു. എഴുത്തിനേയും വായനേയും ആസ്വാദനത്തേയും ഗൌരവത്തോടെ കാണുന്ന ഒരു ബ്ലോഗും കൂടി പിറക്കുന്നതിനെ “പാലക്കാട് ചുരം” നേര്‍കാഴ്ചയാകുന്നു.

19. പുസ്തകപ്പുഴു
പുസ്തകപ്പുഴു (മെയില്‍ ഐഡിയില്‍ ടി.കെ. പ്രമോദ് കുമാര്‍ എന്ന് കാണുന്നു) കൊണ്ടു വരുന്നത് വായിച്ചതിനെ കൂടുതല്‍ വായിപ്പിക്കാനുള്ള ശ്രമമാണ്. വായനയില്‍ ഇഷ്ടമാകുന്നതിനെ കുറിച്ച് വാചാലനാകാന്‍ അതീവ തല്‍പരനായ പുസ്തകപ്പുഴുവിന്റെ രണ്ട് പോസ്റ്റുകളും താന്‍ വായിച്ചതിനെ അനുവാചകനുമായി സംവേദിപ്പിക്കാന്‍ കഴിയുന്ന കരവിരുത് വിളിച്ചോതുന്നതാ‍ണ്. ശ്രദ്ധിക്കപ്പെടേണ്ട ഒരു ബ്ലൊഗാണ് പുസ്തകപ്പുഴു.

20. വത്സലയും ഞാനും
കലാകാരനും പത്രപ്രവര്‍ത്തകനുമായ സന്തോഷ്കുമാറിന്റെ പുതു ബ്ലോഗ്. വത്സലയും ഞാനും കൂടാതെ സീക്രട്ട് ഓഫ് ലൈഫ് എന്ന ഒരു ഇംഗ്ലീഷ് ബ്ലോഗിനും കൂടി ഉടമയാണ് സന്തോഷ് കുമാര്‍.

21. മലയോര വിശേഷങ്ങള്‍
കാനനവാസന്റെ പുതു ബ്ലോഗ്. പത്തനംതിട്ട വിശേഷങ്ങളുമായി തുടക്കം.

22. ഉദയമാര്‍ത്താണ്ഡപുരം
ഇന്ദുശേഖറിന്റെ ബ്ലോഗ്. ദില്ലി ജീവിതത്തിന്റെ ഓര്‍മ്മകളാണ് ചര്‍ച്ചാ വിഷയം. “ഹെന്റമ്മേ കള്ളന്‍” എന്ന മുഴിമിപ്പിക്കാത്ത കുറിപ്പുമായി തുടക്കം. നല്ല ശൈലി.

23. ചങ്ങാതികുറിപ്പുകള്‍
ചങ്ങാത്തത്തിന്റെ മഹനീയത വിളിച്ചോതുന്ന കുറിപ്പുകളുമായി ഇറ്റ്സ്മി തുടങ്ങിയിരിക്കുന്നു. ആദ്യ കുറിപ്പ് പ്രതീക്ഷക്ക് വക നല്‍കുന്നു.

“നമസ്കാരം” പറഞ്ഞ് മാത്രം പോയ ഒരു പിടി ബ്ലോഗുകളും വന്നിരുന്നു. പോസ്റ്റുകള്‍ വരുന്ന മുറക്ക് നമ്മുക്ക് “വിചാരിക്കാം”.

പോയവാരം അവതരിച്ച പുതു ബ്ലോഗുകളിലൂടെയുള്ള ഒരു പോക്കു വരവാണ് “പുതുബ്ലോഗുകളിലൂടെ”. വാരവിചാരം ഇന്നി മുതല്‍ നാലു വിഭാഗങ്ങളായാണ് ബൂലോകത്തേക്ക് എത്തുക. പതിവുപോലെ ബൂലോകത്തിന്റെ നേര്‍കാഴ്ചയായി “ബൂലോകം പോയ വാരവും”, ഭൂലോകത്തിന്റെ തലതിരിഞ്ഞ കാഴ്ചകളുമായി “ഭൂലോകം പോയ വാരവും”, പുതു ബ്ലോഗുകളിലൂടെ ഒരു ഓട്ട പ്രദക്ഷിണമായി “പുതു ബ്ലോഗുകളിലൂടെ”യും.

വരും വാരം മുതല്‍ ഒരു പുതിയ പംക്തിയും വരുന്നു. “കമന്റ് വാരം”. പോസ്റ്റുകളെ വെല്ലുന്ന കമന്റുകളെ തുരന്നെടുത്ത് ചര്‍ച്ചയാക്കാനുള്ള പുതിയൊരു വേദി. അതായത് വ്യാഴാഴ്ചകളില്‍ “ബൂലോക വിചാരം”, ഞായറാഴ്ചകളില്‍ “നവാഗത വിചാരം”, ചൊവ്വാ‍ഴ്ചകളില്‍ “ഭൂലോക വിചാരം”, ബുധനാഴ്ചകളില്‍ “കമന്റു വിചാരം”.

തല്ലുകള്‍ക്കെല്ലാം നന്ദി. നിങ്ങളുടെ തല്ലുകളാണ് വിചാരിപ്പിന്റെ ശക്തി. “തല്ലു കൊടുക്കുക കൊടുത്തതില്‍ കൂടുതല്‍ വാങ്ങികൂട്ടുക” ഇതാണ് വിചാരിപ്പിന്റെ തത്വശാസ്ത്രം. സഹിക്കുന്നവര്‍ക്കെല്ലാം വീണ്ടും നന്ദി.

19 comments:

അഞ്ചല്‍ക്കാരന്‍ said...

നവാഗത ബ്ലോഗുകളിലൂടെ ഒരു ഓട്ട പ്രദക്ഷിണം. ബൂലോകം പോയ വാരത്തില്‍ നിന്നും അടര്‍ന്ന് മാറിയ ഭാഗം.
എല്ലാ സഹനത്തിനും നന്ദി.

Unknown said...

ഇങ്ങിനൊരു ബ്ലോഗ് ഇതാദ്യമായിട്ടാണു കാണുന്നത്...ആദ്യമേ അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ..പക്ഷേ നവാഗതര്‍ക്കു ചേട്ടായിമാരുടെ സ്വാഗതവും,നിര്‍ദ്ദേശങ്ങളും വിലപ്പെട്ടതു തന്നെ...യാതൊരു മുന്‍പരിചയവും ഇല്ലാത്ത എന്നോടു സെറ്റിങ്സിലെ പോരായ്മകളും,അക്ഷരത്തെറ്റുകളുംചൂണ്ടിക്കാണിച്ചു തരികയും ,മറുമൊഴികളെ പരിചയപ്പെടുത്തിത്തരികയും ചെയ്ത എനിക്കു ഗുരുതുല്യനായ രാജീവ് ചേലനാട്ട്, മഴത്തുള്ളി,സുല്‍.,വിശാലമനസ്കന്‍ തുടങ്ങിയവരോടും,എനിക്കു കമന്റ്സ് തരികയും,മൈലുകളും,ഓര്‍കൂട്ടും വഴി എന്നോടു വളരെ അടുത്ത സൌഹൃദം പുലര്‍ത്തിപ്പോരുകയും ചെയ്യുന്ന മറ്റു ബ്ലോഗര്‍മാരോടും ഉള്ള കടപ്പാട് പറഞ്ഞറിയിക്കാനാവില്ല...ഇവരാരും എന്റെ മറുകമന്റ് മോഹിച്ചോ, “പെണ്ണെഴുത്തു”കാരിയായതുകൊണ്ടോ അല്ല ഇതൊന്നും ചെയ്തത്... ഒരു നവാഗതയെ പ്രോത്സാഹിപ്പിക്കുക എന്നേ അവരുദ്ദേശിച്ചിട്ടുള്ളൂ..ഒരുപക്ഷേ ഇവരുടെ പ്രോത്സാഹനങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ എന്റെയും ഉദ്ഘാടന ബ്ലോഗ് തന്നെ സമാപന ബ്ലോഗ് ആയിപ്പോയേനെ..പറയാതെ വയ്യ...

സാല്‍ജോҐsaljo said...

തികച്ചും നല്ല സമീപനം അഞ്ചല്‍ വളരെ നല്ല പരിചയപ്പെടൂത്തല്‍

സാജന്‍| SAJAN said...

അഞ്ചല്‍ ക്കാരാ , അഭിനന്ദനങ്ങള്‍, ഇതിന്റെ പിന്നിലെ ഏഫര്‍ട്ട് തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു:)

കുഞ്ഞന്‍ said...

തികച്ചും അഭിനന്ദിനീയം മാഷെ...!

സുമുഖന്‍ said...

എന്റെ മാഷേ. തികച്ചും അഭിനന്ദിനീയം!!!ഇതിനൊക്കെ എപ്പൊ സമയം കിട്ടുന്നു..ജീവിതം ബ്ലോഗുകള്‍ക്കു അടിമയാക്കിയോ..:-)))

Unknown said...

തികച്ചും അഭിനന്ദിനീയം തന്നെ ! എങ്ങിനെ സമയം കിട്ടുന്നു എന്ന അമ്പരപ്പ് മാത്രം ബാക്കി !!
ആശംസകളോടെ,

സിനി said...

പുതിയ സംരംഭത്തിന് അഭിനന്ദനങ്ങള്‍.
ബട്, ഇതു തന്നെ ഒരു തൊഴിലാക്കിയാല്‍
ഉള്ള തൊഴിലും പോകില്ലെ..?

G.MANU said...

a good rout to new blogs.. thanks

കൊച്ചുത്രേസ്യ said...

സമ്മതിച്ചിരിക്കുന്നു മാഷേ..എല്ലാ ആശംസകളും

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

തികച്ചും അഭിനന്ദിനീയം

a.sahadevan said...

ബ്ലോഗുകളെ പറ്റി വാരാന്ത അവലോകനം നല്ല ആശയമാണ്‌
സഹദേവന്‍(പാലക്കാട്‌ ചുരം)

മന്‍സുര്‍ said...

അഞ്ചല്‍ക്കാരാ....

എന്നും പുതുമകള്‍ തേടി പുതുബ്ലോഗ്ഗേര്‍സ്സിന്‌ വഴികാട്ടിയാവുന്ന
തങ്കളുടെ ഈ യാത്രക്ക്‌ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

നന്‍മകള്‍ നേരുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്ദി


നന്‍മകള്‍ നേരുന്നു

ഹേമാംബിക | Hemambika said...

താങ്കളുടെ സം‌ര‌ഭം കൊള്ളാം..അഭിനന്ദനങ്ങള്‍..
ഞാനും ഒരു പുതുബ്ലോഗിണിയാണ്. ഇതു വരെ പിടികിട്ടാത്ത കാര്യം എങ്ങനെ പൊതുജനസ്രദ്ധ ആക‌‌ര്‍‌ഷിക്കും എന്നാണു. ചിലര്‍ പറഞ്ഞു,ബ്ലോഗ്ഗ്‌ അഗ്രിഗേറ്റേര്‍സ്‌ ആയ തനിമലയാളം,ചിന്ത എന്നിവ നമ്മെ കാട്ടിക്കൊടുക്കും എന്നാണ്. എന്നിട്ടും എന്‍‌റ്റെതു ഇവയിലൊന്നും കാണപ്പെടുന്നില്ല..എന്തെങ്കിലും നി‌ര്‍ദ്ദേശിക്കാമോ..ആ‌ര്‍‌ക്കെങ്കിലും..????????

ശ്രീവല്ലഭന്‍. said...

ഒക്ടോബര്‍ 6-അം തീയതി ഞാന്‍ ആദ്യമായി 'ബ്ലോഗിന്റെ ഗുട്ടന്‍സ് പിടികിട്ടിയതായും' ബ്ലോഗ് തുടങ്ങിയതായും വിളംബരം പറുപ്പെടുവിച്ചപ്പോള്‍് ഇങ്ങിനെയൊക്കെ കുറെ ആള്‍ക്കാര്‍ ഇതിന്റെ പുറ്കിലുണ്‍്ടെന്ന് ഒട്ടും നിരീച്ചില്ല. താങ്കള്‍ രണ്ടാമത് തന്നെ സുസ്വാഗതം പറയുകയും ചെയ്തു.....പിന്നീട് അതില്‍്നിന്നൊക്കെ കുറച്ചു പ്രചോദനം ഉള്‍ക്കൊണ്ടു തന്നെയാണ് englighil തുടങ്ങിയ (+കുറച്ചു മലയാളം) ബ്ലോഗ് മലയാളത്തില്‍ തന്നെയാക്കാമെന്നു വിചാരിച്ചത്.......പ്രോത്സാഹനത്തിനു വളരെ നന്ദി...

ഇതു കണ്ടപ്പോള്‍ കു‌ടുതല്‍ സന്തോഷം. ഒരു ബ്ലോഗിലെ സൂപ്പര്‍ മാര്‍ക്കറ്റ്‌! ഇഷ്ടമുള്ളത്‌ എടുത്തു പെറുക്കി വായിക്കാമല്ലോ...
മംഗളങ്ങള്‍!

നവരുചിയന്‍ said...

മാതൃഭൂമി യുടെ ഒരു മാസം മുന്‍പുള്ള ഒരു ലേഖനം അന്ന് എന്നെ ഈ ബ്ലൂ ലോകത്ത് കൊണ്ടു വന്നത് . എന്റെ ബ്ലോഗ് കണ്ടു കമന്റുകള്‍ വന്നപ്പോള്‍ തന്നെ മൊത്തത്തില്‍ ഒരു സന്തോഷം ആയിരുന്നു ..ടി ഇപ്പോള്‍ എന്റെ ബ്ലോഗിനെ പറ്റി ഒരു വരി എഴുതി കണ്ടു ... നന്ദി ..അഞ്ചല്‍ക്കാരന്‍ ..ഒരായിരം നന്ദി ...ഇനി ഈ ബ്ലോഗിങ്ങ് പരുപാടി കൂടുതല്‍ വിപുലപെടുത്താന്‍ തന്നെ ഞാന്‍ തിരുമാനിച്ചു ......

Indusekhar MS said...

അഞ്ചല്‍ക്കാരാ നന്ദി..നന്ദി..
'എന്റമ്മേ കള്ളന്‍' പൂര്‍ത്തിയായിട്ടുണ്ട്....വായിക്കുമല്ലൊ !
ബൂലോകത്തില്‍ എത്തിപ്പെട്ട എനിക്ക് ഈ പരിചയപ്പെടുത്തല്‍ വിലമതിക്കാനാവാത്തതാണു.

Ranjith chemmad / ചെമ്മാടൻ said...

വായിച്ചു,
ഇങ്ങനെയൊരു സം‌രഭത്തിന്‌ ആശംസകള്‍
വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു വിഷമം എന്റെ "മണല്‍ക്കിനവിനെ" ക്കുറിച്ചൊന്നും
കണ്ടില്ല...
സാരമില്ല.... ക്ഷമിച്ചിരിക്കുന്നു