Thursday, November 15, 2007

ബൂലോകം പോയ വാരം : ലക്കം പന്ത്രണ്ട്.

മോഡറേറ്ററന്മാരില്ലാതെ കാളമൂത്രം പോലെ നീളുന്ന തര്‍ക്കങ്ങള്‍ക്ക് ഒരിക്കലും സമവായം ഉണ്ടാകില്ലാ എന്ന് അറിഞ്ഞ് കൊണ്ട് തന്നെ വിരല്‍‌വ്യായാമത്തിലേര്‍പ്പെടുന്നവര്‍ ബൂലോകത്തിന്റെ ആശയും ആവേശവും എന്തിനേറെ പറയുന്നു ശശിയും ആയി മാറുന്ന കാഴ്ചകളാണ് ബൂലോകത്തെ പോയ വാര കൌതുകം.ബ്ലോഗറന്മാരുടെ “ബുദ്ധിപരമായ” ചില തര്‍ക്കവിതര്‍ക്കങ്ങളാല്‍ സംഭവ ബഹുലമായിരുന്നു ബൂലോകം എപ്പോഴെത്തേയും പോലെ പോയ വാരവും. “ബീകോം ബ്ലോഗര്‍”‍ മുതല്‍ “എസ്.എസ്.എല്‍.സി” ബ്ലോഗര്‍ വരെ ബുദ്ധിപരമായ തര്‍ക്കങ്ങളിലേര്‍പ്പെട്ട് സാ‍യൂജ്യമടഞ്ഞു.

1. എഴുത്തുകാരും വായനക്കാരും പിന്നെ കമന്ററന്മാരും.
ബൂലോകത്ത് കമന്റുകള്‍ക്കുള്ള പ്രാധാന്യം പലവുരു പലതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഒരു സ്വാതന്ത്ര്യപ്രഖ്യാപന പോസ്റ്റില്‍ ബ്ലോഗര്‍ പറഞ്ഞത് പോലെ “പോസ്റ്റിടാതെ കമന്റുകള്‍ മാത്രം എഴുതി ബൂലോക ശ്രദ്ധ പിടിച്ച് പറ്റുന്നതിനെ പ്രോത്സാഹിപ്പിക്കേണമോ?” എന്ന ചോദ്യവും പ്രസക്തമാണ്. പോസ്റ്റ് വായിച്ചിട്ട് കമന്റിടാന്‍ സമയവും സൌമനസ്യവും കാട്ടുന്നവരാണ് അക്ഷരാര്‍ത്ഥത്തില്‍ ബൂലോകത്തെ സജീവമാക്കി നിര്‍ത്തുന്നത്. എഴുത്ത്കാരനും വായനക്കാരനും ഇടക്കുള്ള ഒരു പാലമാണ് പലപ്പോഴും കമന്റര്‍ എന്നതാണ് ശരി. ദുരൂഹമായ ഒരു കവിത അല്ലെങ്കില്‍ കഥ വായിച്ചിട്ട് ആ രചനയെ കുറിച്ച് രണ്ടു വരി കമന്റ് ആ രചന വേണ്ട വിധം സംവേദിച്ച ഒരാള്‍ എഴുതിയിടിമ്പോള്‍ തുടര്‍ന്ന് വരുന്ന ഒരു വായനക്കാരന് ദുരൂഹമായി തോന്നാവുന്ന രചനയിലെ ഇതിവൃത്തത്തെ സംവേദനക്ഷമമാക്കി മാറ്റുകയാണ് ആ കമന്റര്‍ ചെയ്യുന്നത്. അതായത് രചനകളെ കൂടുതല്‍ വായിക്കാന്‍ കമന്റുകള്‍ പ്രേരിപ്പിക്കുന്നു എന്നതാണ് കൂടുതല്‍ ശരി.

കമന്റുകള്‍ എഴുതി ബൂലോകത്ത് ശ്രദ്ധ പിടിച്ച് പറ്റിയ നിരവധി ബ്ലോഗറന്മാരുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തെ ആള്‍ക്കാര്‍ മന്‍സൂറും കുഞ്ഞനും ശ്രീയും പ്രിയയും വാല്‍മീകിയും ഒക്കെയാണ്. മന്‍സൂര്‍ നാലു ദിവസം ബൂലോകത്ത് നിന്നും വിട്ട് നിന്നപ്പോള്‍ അത് ബൂലോക ശ്രദ്ധയില്‍ പെടാന്‍ കാരണമായത് മന്‍സൂറിന്റെ കമന്റുകള്‍ കാണാഞ്ഞത് കൊണ്ടായിരുന്നു എന്ന് വിചാരിപ്പ്കാരന്‍ പറയുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ ആളുണ്ടാകും എന്നതീല്‍ സംശയമില്ല. പക്ഷേ വാസ്തവം അതായിരുന്നു. അതാണ് കമന്റ് എഴുതുന്നവരും ബൂലോകവും തമ്മിലുള്ള ബന്ധം.

പലപ്പോഴും കമന്റുകള്‍ പോസ്റ്റുകളേക്കാള്‍ ആധികാരികമാകാറുണ്ട്. ശോണിമയുടെ പോസ്റ്റ് ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ഇതില്‍ ദേവനും വിശ്വപ്രഭയും ഇട്ട കമന്റുകള്‍ ഒരു പോസ്റ്റിന് തുല്യമായിരുന്നു. ഇപ്പോള്‍ ആ പോസ്റ്റ് ഒരു തരത്തില്‍ റെഫറല്‍ പോസ്റ്റായി മാറിയിരിക്കുന്നു. ആദ്യ ബ്ലോഗര്‍ ആരാണെന്ന ചോദ്യത്തിന് ഈ ശോണിമാ പോസ്റ്റ് ഒരു ചൂണ്ടുപലകയാണ് ഇപ്പോള്‍. നേരെ മറിച്ച് ആ പോസ്റ്റ് മാത്രം എടുത്താല്‍ അതിനെന്തു പ്രാധാന്യമാണുള്ളത്? പരമ്പരാഗത എഴുത്തില്‍ മാതൃരചനക്ക് കൂടുതല്‍ വായനക്കാരെ ഉണ്ടാക്കി കൊടുക്കാന്‍ നല്ല ആസ്വാദനങ്ങള്‍ക്ക് കഴിയും എന്നത് പോലെ ആധികാരികമായ കമന്റുകള്‍ ഒരു പോസ്റ്റിനെ കൂടുതല്‍ വായിപ്പിക്കും എന്നതിനും യാതൊരു തര്‍ക്കത്തിനും വകയില്ല.

എത്ര പ്രകോപനം ഉണ്ടായാലും സഹിഷ്ണുതയോടെ മാത്രം ചര്‍ച്ചയില്‍ പങ്കെടുത്ത് പോസ്റ്റുകള്‍ക്ക് ഗുണകരമാകുന്ന നല്ല കമന്റുഴുതുന്നതില്‍ വക്കാരിയെ വെല്ലാന്‍ മറ്റാരും ഇന്ന് ബൂലോകത്ത് ഉണ്ട് എന്ന് തോന്നുന്നില്ല. അസഹിഷ്ണുതയുടെ പ്രതീകം പെരിങ്ങോടനും. തനിക്കിഷ്ടമില്ലാത്തത് പറയുന്നവരെ ശത്രു പക്ഷത്ത് കാണുന്നതാണ് പെരിങ്ങോടന്റെ രീതിയെങ്കില്‍ തന്റെ അഭിപ്രായങ്ങളെ എതിര്‍ക്കുന്നവരെ തന്റെ വാദഗദികളോട് ലളിതമായ വാചകങ്ങളിലൂടെ ആകര്‍ഷിക്കുകയാണ് വക്കാരിയുടെ ശൈലി. വക്കാരിയോട് സംവാദത്തില്‍ ഏര്‍പ്പെടുന്നവര്‍ ഏതെങ്കിലും ഒരു പോയിന്റില്‍ “വക്കാരി പറയുന്നതും ശരിയാണ്” എന്ന് പറയേണ്ടി വരും. പെരിങ്ങോടനുമായി സംവാദത്തില്‍ ഏര്‍പ്പെട്ടാല്‍ ബീപി കൂടി “എടാ..പോടാ” യില്‍ ചര്‍ച്ച അവസാനിപ്പിക്കേണ്ടി വരും. ചിത്രകാരനും പെരിങ്ങോടനും തമ്മിലാണ് ഇക്കാര്യത്തില്‍ മത്സരം. ആരാണ് കൂടുതല്‍ അസഹിഷ്ണു എന്ന് തിരിച്ചറിയുക വളരെ ബുദ്ധിമുട്ടാണ്. ഇവര്‍ തമ്മില്‍ ഉള്ള തര്‍ക്കങ്ങളില്‍ തീ പാറും.

പറഞ്ഞ് വന്നത് കമന്റുകള്‍ എഴുതുന്നവര്‍ ബൂലോകത്തെ സജീവമാക്കി നിര്‍ത്തുന്നു എന്നതാണ്.

2. തലക്കെട്ടു വിവാദം.
“തല‍ക്കെട്ടു” വിവാദം എന്നതാണ് കൂടുതല്‍ ശരി. ഒരു പോസ്റ്റിന് എങ്ങിനെ തലക്കെട്ടിടണം? പേര് പേരക്കായുടെ “തലക്കെട്ട്” പോസ്റ്റ് ശ്രദ്ധേയമായത് ആ പൊസ്റ്റിന്റെ തലകെട്ടു കൊണ്ടാണ്. “ബ്ലോഗുകളുടെ തലകെട്ടുകള്‍ എങ്ങിനെ ഭംഗിയാക്കാം” എന്ന പേരിലായിരുന്നു ആ പോസ്റ്റ് എങ്കില്‍ ഒന്നോ രണ്ടോ ഡിസൈനറന്മാര്‍ മാത്രം വന്ന് അവരുടെ അഭിപ്രായം എഴുതി പോകുമായിരുന്ന പോസ്റ്റിനെ “തലകെട്ടു” കൊണ്ട് പേരക്കാ കൂടുതല്‍ വായനക്കാരിലേക്കെത്തിച്ചു. ബ്ലോഗറന്മാരുടെ പേരില്‍ തുടങ്ങുന്ന പോസ്റ്റിലേക്ക് കൂടുതല്‍ ഹിറ്റ് ഉണ്ടാകും എന്നത് ബൂലോകത്തിന്റെ മനശ്ശാസ്ത്രമാണ്. “ബൂലോകം” എന്ന വാക്ക് പോസ്റ്റില്‍ ഉണ്ടെങ്കിലും കൂടുതല്‍ വായനക്കാരെത്തും. അതിനെ നന്നായി ഉപയോഗിക്കാന്‍ പേരക്കാക്കും കഴിഞ്ഞു എന്നതില്‍ കവിഞ്ഞ് പേരക്കായുടെ പോസ്റ്റ് പുതുതായി എന്തെങ്കിലും ആ പോസ്റ്റില്‍ പറഞ്ഞിരുന്നില്ലാ എന്നതാണ് വസ്തുത. പക്ഷേ അങ്ങേയറ്റം പ്രകോപനപരമായ പല കമന്റുകളും ആ പേരക്കാപോസ്റ്റില്‍ വന്നെങ്കിലും പേരക്കാ കാട്ടിയ സംയമനം അംഗീകരിക്കേണ്ടത് തന്നെയാണ്.

3. വായനാലിസ്റ്റും ബൂലോക ബുദ്ധിയും.
ബ്ലോഗറന്മാരെ അവരുടെ ഐ.ക്യൂവിനെയും തിരിച്ചറിവിനെയും വിവരത്തേയും വിവരക്കേടിനേയും ഒക്കെ അടിസ്ഥാനമാക്കി മൂന്നായി തരം തിരിക്കാം.
1. മഹാ ബുദ്ധികള്‍.
2. സാദാ ബുദ്ധികള്‍.
3. മന്ദ ബുദ്ധികള്‍.
ബൂലോകത്ത് വളരെ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ഒരു വിഭാഗമാണ് മഹാ ബുദ്ധികള്‍. പേര് സൂചിപ്പിക്കുന്നത് പോലെ ഇവര്‍ ബുദ്ധിരാക്ഷസന്മാരാണ്. തൊണ്ണൂറുകളില്‍ സര്‍വ്വസാധാരണമായിരുന്ന മലയാള ഭാഷാ സാഹിത്യത്തിലെ ബുദ്ധി ജീവികളുമായി ഘടനാപരമായി ഇവര്‍ക്ക് സാമ്യം ഒന്നും ഇല്ലാ എങ്കിലും സൂഷ്മമായി നിരീക്ഷിച്ചാല്‍ ചില യോജിപ്പുകള്‍ കാണാം. ബുദ്ധിജീവികളുടെ ബ്രാന്‍ഡ് ഇമേജായ വെട്ടിയൊതുക്കാത്ത മുടിയും താടിയും വെള്ളം കാണാത്ത പൈജാമ ചുണ്ടെത്തെരിയുന്ന “ചാമി” കറുത്ത ചരടില്‍ കെട്ടി ഞാത്തിയിട്ടിരിക്കുന്ന പൊട്ടിയ കണ്ണാടി എന്നിവയൊന്നും ബൂലോകത്തെ ബുദ്ധിജീവികളില്‍ കാണാന്‍ കഴിയില്ല. പകരം കോട്ടും സ്യൂട്ടുമായിരിക്കും വേഷം. ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയ പോലെ ഒരു ലാപ് ടോപ് ഉണ്ടാകും. അത് ഒരു കറുത്ത സഞ്ചിയില്‍ തൂക്കി തോളത്ത് തൂക്കിയിട്ടുണ്ടാകും. “പ്രപഞ്ചത്തിന്റെ നില നില്പ് തന്നെ ലാപ് ടോപ്പിലാണ്” ഇതാണ് ഇവരുടെ സ്ഥായീ ഭാവം. ഇവര്‍ എഴുതുന്നത് ലോക ക്ലാസിക്കുകളേക്കാള്‍ ഉന്നതമായിരിക്കും. പക്ഷേ മനസ്സിലാകുന്നത് അതേ നിലവാരത്തിലുള്ള മഹാബുദ്ധികള്‍ക്ക് മാത്രം. സാദാബുദ്ധികളും മന്ദബുദ്ധികളും ഇവരുടെ ബ്ലോഗ് സന്ദര്‍ശിച്ച് പോസ്റ്റിന്റെ തലവാചകം വായിച്ച് നേരെ “കമന്റില്‍” ക്ലിക്കി “അതിമനോഹരമെന്നോ”, “കിടിലന്‍” എന്നോ കാച്ചി തടി കഴിച്ചിലാക്കും.

സാദാബുദ്ധികളേയും മന്ദബുദ്ധികളേയും പ്രബുദ്ധരാക്കാന്‍ ഇവര്‍ സദാ സന്നദ്ധരായിരിക്കും. തങ്ങളൊഴികെ ബാക്കിയുള്ളോരെല്ലാം കണ്ട്രികളാണ് എന്ന് തിരിച്ചറിഞ്ഞിട്ടും ആ കണ്ട്രികളെ വിവരവല്‍ക്കരിക്കാന്‍ ഇവര്‍ കാട്ടുന്ന സേവന തല്പരത അങ്ങേയറ്റം ശ്ലാഘനീയമാണ്. എഴുതുന്ന പേനയാരുണ്ടാക്കി? എന്തുവെച്ച് ഉണ്ടാക്കി? റീഫില്ലില്‍ എങ്ങിനെ മഷിനിറക്കുന്നു? നിറഞ്ഞമഷി എങ്ങിനെ അല്പാല്പമായി അക്ഷരങ്ങാളായി പുറത്ത് വരുന്നു തുടങ്ങിയ ശാസ്ത്രീയ വശങ്ങളൊന്നും നോക്കാതെ കിട്ടിയ പേനകൊണ്ട് എഴുതി തുടങ്ങുന്നവരെപോലെയല്ല ഇവര്‍. എന്തു ചെയ്താലും അതിന്റെ നെല്ലിപലക വരെ പരിശോധിച്ച് സ്വയം തൃപ്തിപെട്ടെട്ടെ ഇവര്‍ എന്തും ചെയ്യുള്ളൂ. ബൂലോകത്തെ മഹാ ബുദ്ധികളുടെ തികച്ചും സ്വാഭാവികമായ ഒരു പരാതിയുണ്ട്. “കമ്പൂട്ടറും ഇന്റര്‍നെറ്റും ബ്ലോഗും എന്തെന്ന് അറിയാത്ത മന്ദബുദ്ധികളുടെ കടന്നു കയറ്റമാണ് ആഗോള തലത്തില്‍ വിവരസാങ്കേതിക വിദ്യ നേരിടുന്ന ഏറ്റവും വല്ലിയ പ്രശ്നം.”

സാദാ ബുദ്ധികളെന്നാല്‍ ഇക്കൂട്ടര്‍ എഴുതുന്നത് മന്ദബുദ്ധികള്‍ക്കും മഹാബുദ്ധികള്‍ക്കും മനസ്സിലാകും. പക്ഷേ മഹാബുദ്ധികള്‍ വായിക്കുന്നത് പോലെയായിരിക്കില്ല മന്ദബുദ്ധികള്‍ മനസ്സിലാക്കുക എന്ന ഒരു വ്യത്യാസമുണ്ട്. ബൂലോകത്ത് സര്‍വ്വ സാധാരണമായ ഒരു വിഭാഗമാണ് സാദാ ബുദ്ധികള്‍. ഒരിക്കലും തര്‍ക്കങ്ങളില്‍ പെടാതെ തടികഴിച്ചിലാക്കാന്‍ ഇവരെ ആരും ഉപദേശിക്കേണ്ടതില്ല. മഹാബുദ്ധികളെ ഗുരുതുല്യം കാണാനും മന്ദബുദ്ധികളെ ശിഷ്യതുല്യം കാണാനും സാദാബുദ്ധികള്‍ക്കുള്ള വിശാലമനസ്കത ശ്ലാഘനീയമാണ്. മഹാബുദ്ധികളും സാദാബുദ്ധികളും തമ്മിലുള്ള പ്രകടമായ വ്യത്യാസം മഹാബുദ്ധികള്‍ മറ്റു ബ്ലോഗുകളില്‍ എത്തണമെങ്കില്‍ “വായനാ ലിസ്റ്റ്” “യൂണീ കോഡ്” “പിന്മൊഴി” തുടങ്ങിയ വാക്കുകള്‍ പോസ്റ്റില്‍ ഉണ്ടാകണം. വാക്കുകള്‍ ഫില്‍റ്റര്‍ ചെയ്യാതെ വായിക്കാന്‍ സാദാ ബുദ്ധികള്‍ എപ്പോഴും തയ്യാറായിരിക്കും. പക്ഷേ മഹാബുദ്ധികളോട് അടിമത്വവും മന്ദബുദ്ധികളോട് ജന്മിത്വവും അങ്ങിനെയൊരു ഇരട്ടത്താപ്പ് സാദാബുദ്ധികള്‍ വെച്ചു പുലര്‍ത്തുന്നുണ്ട് എന്നതാണ് വിചാരിപ്പ്കാരന് സാദാബുദ്ധികളില്‍ കാണുന്ന ഏക ന്യൂനത.

മന്ദബുദ്ധികള്‍ ബൂലോകത്ത് വളരെകൂടുതലല്ലേ എന്ന് ചോദിച്ചാല്‍ അല്ലായെന്നും ആണോ എന്ന് ചോദിച്ചാല്‍ അല്ലായെന്നും പറയേണ്ടി വരും. എന്തെങ്കിലും മനസ്സിലായോ? ഇല്ല അല്ലേ? അതാണ് മന്ദബുദ്ധി. മന്ദബുദ്ധികളില്‍ മുഖ്യന്‍ ഒരു “വാരവിചാരം” നടത്തുന്നുണ്ട്. ഇതാണ് പ്രമാദമായ ക്ലൂ. മന്ദബുദ്ധികള്‍ക്ക് എപ്പോഴും സംശയമാണ്. എന്തിനാ പിന്മൊഴി പൂട്ടിയത്? എന്നാത്തിനാ മറുമൊഴി തുറന്നത്? എന്തിനാ പൈപ്പ്? എന്നാത്തിനാ വായനാ ലിസ്റ്റ്? എന്താ കമന്റു കിട്ടാത്തത്? തുടങ്ങി കാണുന്നതും കേള്‍ക്കുന്നതും ഒക്കെ അവര്‍ക്ക് പുതിയ അനുഭവങ്ങളാണ്. മഹാബുദ്ധികളെ കാണുമ്പോള്‍ തന്നെ കാളമൂത്രം പോലെ നടന്ന് മുള്ളും. പക്ഷേ എപ്പോഴും താനുമൊരു മഹാബുദ്ധിയാകുന്നതും സ്വപ്നം കണ്ടാണ് മിക്ക മന്ദബുദ്ധികളും ബൂലോകത്ത് തനിക്ക് കിട്ടിയ പാട്ട സ്ഥലത്ത് കുടില്‍ കെട്ടി കഴിയുന്നത്. അതിന് വേണ്ടി മന്ദ ബുദ്ധികള്‍ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കും. “വാരവിചാരം” പോലെയുള്ള ലോക ക്ലാസിക്കുകള്‍ എഴുതി താനുമൊരു മഹാബുദ്ധിയായി മാറുന്നതും കാത്തിരിക്കുന്ന കൂട്ടത്തില്‍ മഹാബുദ്ധികളുമായി ചില ബുദ്ധിപരമായ തര്‍ക്കങ്ങളില്‍ പെട്ട് ചതഞ്ഞ് ഒടിഞ്ഞു തൂങ്ങി ബ്ലോഗും പൂട്ടി പോകേണ്ടി വരുന്ന ഹതഭാഗ്യന്മാരാണിവര്‍. സാദാബുദ്ധികളെ ഇവര്‍ കണ്ടില്ലാന്ന് നടിക്കും. എല്ലാ പോസ്റ്റും വായിക്കും കമന്റെഴുതും. പലതും ഓഫാ‍യിരിക്കുമെന്ന് മാത്രം. ഓഫെഴുതി എഴുതി എഴുതി ഒരിക്കല്‍ ഇവരും മഹാബുദ്ധികളായി പരിണമിച്ചു എന്ന് ഇവര്‍ക്ക് ഉള്‍വിളിയുണ്ടാകും. പക്ഷേ സംഗതികുഴപ്പത്തിലായി - എന്തെന്നാല്‍ ഇവര്‍ നാലാമതൊരു ഗണത്തിലാണ് ചെന്ന് പതിച്ചിരിക്കുന്നത്. “വക്രബുദ്ധി” എന്ന ഗണത്തില്‍.

അങ്ങിനെ വക്രബുദ്ധികളും മഹാബുദ്ധികളും കൂടി ചേര്‍ന്ന് വായനാ ലിസ്റ്റ് എന്ത്? എങ്ങിനെ? എപ്പോള്‍ എന്ന ആഗോള പ്രശ്നം സാദാ ബുദ്ധികളേയും മന്ദബുദ്ധികളേയും പഠിപ്പിക്കുന്ന കാഴ്ചയാണ് ബൂലോകത്തെ കാണേണ്ടുന്ന കാഴ്ചയെന്റെ ബൂലോക സാഹോദര്യമേ....

4. ശാരിയെ കൊന്നിട്ട് മൂന്ന് വര്‍ഷം.
കിളിരൂര്‍ കേസിലെ ശാരി കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം കഴിയുന്നയവസരത്തില്‍ വാസ്തവം ദിനപത്രം എന്ന ബ്ലോഗില്‍ വന്ന കുറിപ്പുകള്‍ ശ്രദ്ധിക്കപ്പെടേണ്ടവയാണ്. ശാരിയെ കൊന്നവര്‍ ഭരണതലത്തില്‍ പിടിപാടുള്ളവരാണെന്ന് വാസ്തവം ടീം പേരെടുത്ത് പറയുന്നു. ചര്‍ച്ച ക്ഷണിച്ച് വരുത്തുന്ന ഒരു പോസ്റ്റിന് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. പോസ്റ്റിന്റെ പേരിലെവിടെയെങ്കിലും “ബൂലോകം” എന്നോ “വായന” എന്നോ ഏറ്റവും കുറഞ്ഞത് “ശാരിയെ കൊന്നത് രാഷ്ട്രീയക്കാരെന്ന് പിന്മൊഴി” എന്നോ ആയിരുന്നു തലവാചകം എങ്കില്‍ ബൂലോകര്‍ അവിടെ തള്ളികയറുമായിരുന്നു. കഷ്ടം.

5. ശബ്ദം തിരക്കഥ.
ബൂലോകത്തെ ആദ്യത്തെ തിരക്കഥയെന്ന പദവി നേടി അദൃശ്യന്റെ ശബ്ദം ഖണ്ഡശ്ശയായി മുന്നോട്ടു പോകുന്നു. കഥയുടെ ഘടനയോട് യോജിക്കാന്‍ കഴിയില്ലാ എങ്കിലും തിരക്കഥ എഴുതാന്‍ അദൃശ്യന് കഴിയും എന്ന് ഈ ഉദ്യമം തെളിയിക്കുന്നു.

6. മുല്ലപ്പെരിയാറിലേക്ക് ഒരു യാത്ര.
കോട്ടയത്തുനിന്ന് പാലാ, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, വണ്ടിപ്പെരിയാര്‍ വഴി കുമളിയിലേയ്ക്കെത്താം, കുമളിയില്‍ നിന്നു തേക്കടിയിലേയ്ക്ക്, തേക്കടി ബോട്ട്ലാന്റിങ്ങില്‍ നിന്നു ബോട്ടു മാര്‍ഗ്ഗം മുല്ലപ്പെരിയാറിലേയ്ക്ക്, മുല്ലയാറും പെരിയാറും സംഗമിച്ചൊഴുകുന്ന മുല്ലപ്പെരിയാറിലേയ്ക്ക് !! ശരിക്കും മുല്ലപ്പെരിയാറിലേക്ക് ഒരു യാത്രയുടെ അനുഭവമാണ് പാച്ചുവിന്റെ ഫോട്ടോ ബ്ലോഗ് നല്‍കുന്നത്. മുല്ലപ്പെരിയാറിലേക്ക് ഒരു യാത്ര യിലെ വിവരണങ്ങള്‍ ഫോട്ടോകള്‍ക്ക് ജീവന്‍ നല്‍കുന്നു.

7. ദുബൈ എയറ്ഷോ.
ദുബായ് ഫെയര്‍സ് ആന്റ് എക്ഷിബിഷന്‍സ് കമ്പനിയും, ദുബായ് ഡിഫന്‍സും, ദുബായ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സിവില്‍ ഏവിയേഷനും സംയുക്തമായി ദുബായില്‍ നടത്തുന്ന എയര്‍ ഷോയെപ്പറ്റിയുള്ള വിശദ വിവരങ്ങളും പറക്കുന്ന വിമാനത്തിന്റെ ഫോട്ടോകളുമായി എത്തുന്ന തമനുവിന്റെ പോസ്റ്റ് ലോകമാകമാനം പടര്‍ന്ന് കിടക്കുന്ന മലയാളി അതാതിടങ്ങളിലെ വിശേഷങ്ങളെ ബ്ലോഗിലെത്തിക്കെണ്ടുന്നതിന്റെ പ്രാധാന്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ദുബൈ എയര്‍ഷോ ദുബായി നിവാസികള്‍ക്ക് കണ്ണിനേകുന്ന വിരുന്നാണ്. ആ വിരുന്നിനെ അതേ പടി ഒപ്പിയെടുക്കാന്‍.അപ്പുവിന്റെ ക്യാമറക്കും കഴിഞ്ഞിരിക്കുന്നു. മിന്നല്‍ വേഗത്തില്‍ പറന്ന് പോകുന്ന വിമാനത്തെ ക്യാമറയിലാക്കുക ദുഷ്കരമാണ്. പക്ഷേ തമനുവും അപ്പുവും ഒക്കെ കാട്ടിയിരിക്കുന്ന കരവിരുത് അഭിനന്ദനാര്‍ഹം തന്നെ.

8. മച്ചാന്റെ സ്വന്തം ഫാത്തിമാ ബീവി.
മൈനയുടെ കഥ.“സുല്‍ത്താന്‍ ഇതിനുമുമ്പ്‌ വേറെ കല്ല്യാണം കഴിച്ചിട്ടില്ലെന്നതായിരുന്നു അത്ഭുതപ്പെടുത്തിയ മറ്റൊന്ന്‌.മുസ്ലീം പുരുഷന്മാര്‍ക്കിടയില്‍ അങ്ങനെയൊരാളെ കണ്ടത്താന്‍ പ്രയാസമായിരുന്നു.ഇത്രകാലം കല്ല്യാണം കഴിക്കാതിരുന്നതിനേക്കുറിച്ച്‌ ഗോവിന്ദന്‍കുട്ടി ചോദിച്ചപ്പോള്‍ 'കല്ല്യാണം കഴിക്കുന്നതെന്തിനാണെന്ന്‌ തനിക്കറിയില്ലായിരുന്നു' പോലും എന്നാണ്‌ പ്രതികരിച്ചത്.” ഇത് പൊസ്റ്റിന്റെ തുടക്കത്തില്‍ മൈന ചുകപ്പ് നിറത്തില്‍ കാട്ടിയിരിക്കുന്ന വരികള്‍. ആദ്യ കമന്റിലും മൈന ഇത് തന്നെ കൊടുത്തിരിക്കുന്നു. അതായത് “ഒറ്റ വിവാഹം കഴിച്ച് അതില്‍ സംതൃപ്തനായ സുല്‍ത്താN" എന്ന കഥാ പാത്രത്തെ അത്ഭുതത്തോടെ കാണുന്ന കഥാകാരി എന്താണ് പറഞ്ഞ് വെക്കുന്നത്. എല്ലാ മുസ്ലീം പുരുഷന്മാരും ഒന്നില്‍ കൂടുതല്‍ വിവാഹം കഴിച്ച് ഭാര്യമാരെ അടിമകളായി വെച്ചു കൊണ്ടിരിക്കുന്നു എന്നാണോ? കഥയുടെ മര്‍മ്മം അതാല്ലായെങ്കില്‍ ചുകപ്പ് വരികള്‍ വയനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതായി.

9. അവഗണനക്ക് എതിരേ പ്രതിഷേധിക്കുക
കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിന്റെ പരിതാപകരമായ ഇന്നത്തെ നിലയിലേക്ക് ശ്രദ്ധക്ഷണിക്കാന്‍ വേണ്ടി രിസാല അല്‍ ഐന്‍ യൂണിറ്റ് ഉണ്ടാക്കിയിരിക്കുന്ന ബ്ലോഗാണ് കോഴിക്കോട് എയര്‍പ്പോര്‍ട്ടിനോടുള്ള അവഗണനയില്‍ പ്രതിഷേധിക്കുക എന്നത്. ഓണ്‍ ലൈന്‍ പരാതി അധികരികാളിലെത്തിക്കാനുള്ള ശ്രമവും ഇവിടെ നടക്കുന്നുണ്ട്. എന്തായാലും ഇപ്പോള്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് വേണ്ടി നടക്കുന്ന ശ്രമങ്ങള്‍ വിജയത്തിലെത്തും എന്ന് പ്രതീക്ഷിക്കാം.

പുതു ബ്ലോഗുകളെ ഉള്‍കൊള്ളിച്ചു കൊണ്ടുള്ള നവാഗത വിചാരം ശനിയാഴ്ച എത്തും. ഈ മന്ദബുദ്ധീ വിചാ‍രത്തിന് നല്‍കുന്ന പിന്തുണക്ക് വീണ്ടും നന്ദി.

22 comments:

അഞ്ചല്‍ക്കാരന്‍ said...

ബൂലോകം പോയ വാരം - പന്ത്രണ്ടാം ലക്കം ബൂലോക സമക്ഷം സമര്‍പ്പിക്കുന്നു.

മുരളി മേനോന്‍ (Murali Menon) said...

ഈ വാരഫലം ക്ഷ പിടിച്ചിരിക്ക‌്ണൂ,,അത്രേ പറയ്ണുള്ളു.

സിമി said...

:-) നന്നായി. ന്നാലും സൈഡില്‍ ഒരു വാ‍യനാലിസ്റ്റും കൂടെ ചേര്‍ക്കാരുന്നു.

പാച്ചു said...

?

!!

;)

തറവാടി said...

"മഹാബുദ്ധികള്‍ മറ്റു ബ്ലോഗുകളില്‍ എത്തണമെങ്കില്‍ “വായനാ ലിസ്റ്റ്” “യൂണീ കോഡ്” “പിന്മൊഴി” തുടങ്ങിയ വാക്കുകള്‍ പോസ്റ്റില്‍ ഉണ്ടാകണം"

അടിവരയിടുന്നു , ഒരൊപ്പും കിടക്കട്ടെ ;)

തറവാടി said...

സിമ്യേ :)

മൈന said...

“ഒറ്റ വിവാഹം കഴിച്ച് അതില്‍ സംതൃപ്തനായ സുല്‍ത്താN" എന്ന കഥാ പാത്രത്തെ അത്ഭുതത്തോടെ കാണുന്ന കഥാകാരി എന്താണ് പറഞ്ഞ് വെക്കുന്നത്. എല്ലാ മുസ്ലീം പുരുഷന്മാരും ഒന്നില്‍ കൂടുതല്‍ വിവാഹം കഴിച്ച് ഭാര്യമാരെ അടിമകളായി വെച്ചു കൊണ്ടിരിക്കുന്നു എന്നാണോ?
sorry anjalkkaran
എന്തുകൊണ്ടാണൊരു പൊള്ളല്‍. വെറുതെ ഒപ്പിട്ടു പോകുന്നതുകൊണ്ടു സംഭവിക്കുന്ന ഒന്നല്ലേ അത്‌. ഇത്‌ ഒരു കഥയല്ല. 1. ലേബല്‍ നോക്കുക. 2. അറുപതാം വയസ്സില്‍ ആദ്യവിവാഹം ചെയ്‌തതിനെക്കുറിച്ചാണ്‌ ആ പോസ്‌റ്റ്‌. ചുകപ്പു വരികള# കണ്ട്‌ തെറ്റിദ്ധരിക്കാത്ത ഒരു ബ്ലോഗനക്കാരനാണ്‌ വാരവിചാരത്തിലേക്കുള്ള ലിങ്ക്‌ തന്നത്‌.
നന്ദി

കൃഷ്‌ | krish said...

അഞ്ചല്‍ക്കാരാ.. ആ മന്ദബുദ്ധികളെക്കുറിച്ചുള്ള ഭാഗം വായിച്ചപ്പോള്‍ അങ്ങ്‌ട് രസിച്ചു.

jinsbond007 said...

വിചാരക്കാരന്റെ വായനാലിസ്റ്റ് എന്തിനാ, വായിച്ചത് കാണിച്ച് മാത്രമല്ലല്ലോ അഭിപ്രായവും ചേര്‍ത്തല്ലെ തരണത്. വാരഫലം നന്നവുന്നു, സ്വയം പരിഹസിച്ച് മറ്റുള്ളവരെ പരിഹാസ്യരാക്കുന്ന രീതി ക്ഷ പിടിച്ചു.

ഈ തലക്കെട്ടിലെ ബൂലോകവും ഒരു ടെക്നിക്കാണല്ലെ! നമിക്കുന്നു പ്രഭോ!!!

അടുത്ത വാരത്തെ വിചാരത്തിനായി കാത്തിരിക്കുന്നു.

വേണു venu said...

കാളമൂത്രം പോലെ നീളുന്ന തര്‍ക്കങ്ങള്‍ക്ക് ഒരിക്കലും സമവായം ഉണ്ടാകില്ലാ എന്ന് അറിഞ്ഞ് കൊണ്ട് തന്നെ.
കാള മൂത്രം, ഗോമൂത്രം, പുണ്യാഹം. എന്തോ ഒന്നും പിടികിട്ടിയില്ലാ...
അഞ്ചലിലെ കാള ചന്ത ഒക്കെ അറിയാം താനും.. അവിടത്തെ തരകന്മാരേയും.
എന്തായാലും സമയവും സാഹചര്യങ്ങളും ചെലവഴിക്കുന്നതൂ് ഒരു കാള മൂത്രമൊന്നുമല്ല കേട്ടോ. പുതിയ ബ്ലോഗേര്‍സിനെ ഒക്കെ പരിചയപ്പെടുത്തുന്നതു് നന്നായിരിക്കുന്നു.
തുടരുക.:)
ഓ.ടോ. ഈ വേര്‍ഡു വെരി വേണോ.?

Umesh::ഉമേഷ് said...

വളരെ നിരാശപ്പെടുത്തി.

മലയാളം ബ്ലോഗുകളുടെ ഒരു പ്രതിവാരാവലോകനമായി കുറേ ആഴ്ചകളായി നടന്നുവരുന്ന വാരവിചാരം വളരെ പ്രതീക്ഷയുണര്‍ത്തിയിരുന്നു. ഞാനുള്‍പ്പെടെ പലരും കൈവെച്ചതും സമയക്കുറവും മറ്റു പല കാരണങ്ങളും മൂലം അധികം മുന്നോട്ടു പോകുന്നതിനു മുമ്പു നിര്‍ത്തേണ്ടി വന്നതും ആയ ഒരു മേഖലയാണു് ഇതു്. വളരെയധികം വായനയും ക്ഷമയും അര്‍പ്പണബോധവും ആവശ്യമായ ഒരു പ്രവൃത്തിയാണിതു്. ഇതു നടത്തുന്നതില്‍ വളരെ നന്ദി. ആശംസകളും.

ഇതിനെ “കാളമൂത്രം” എന്നു പെരിങ്ങോടന്‍ വിളിച്ചപ്പോള്‍ യോജിക്കാന്‍ തോന്നിയില്ല - വായനലിസ്റ്റിനെപ്പറ്റിയുള്ള അഞ്ചല്‍ക്കാരന്റെ അഭിപ്രായത്തോടു് എനിക്കു വിയോജിപ്പുണ്ടായിരുന്നെങ്കിലും. പക്ഷേ, ഇപ്പോള്‍ പെരിങ്ങോടനോടു യോജിക്കാന്‍ തോന്നുന്നു. കഴിഞ്ഞ രണ്ടു മൂന്നു ലക്കങ്ങളിലായി നിറഞ്ഞുനില്‍ക്കുന്ന വാക്കു് “കാളമൂത്രം” ആണല്ലോ!

ഒരാള്‍ വിമര്‍ശിച്ചാല്‍ ഒന്നോ രണ്ടോ തവണ പ്രതികരിക്കാം. ഇങ്ങനെ എല്ലാ ലക്കത്തിലും അതിനെപ്പറ്റി വാരവിചാരത്തില്‍ത്തന്നെ തിരിച്ചും മറിച്ചും പറഞ്ഞാല്‍ നിങ്ങള്‍ ആ വിമര്‍ശകനെ ഫലത്തില്‍ സഹായിക്കുകയാണു്.

എന്നെപ്പോലെയുള്ളവര്‍ “വാരവിചാരം” വായിക്കുന്നതു് കഴിഞ്ഞയാഴ്ചയിലെ വായിക്കേണ്ട ബ്ലോഗുകളില്‍ ഞാന്‍ വിട്ടുപോയവയെപ്പറ്റി മനസ്സിലാക്കാനാണു്. കാളമൂത്രത്തെപ്പറ്റിയുള്ള വിവരണം വായിക്കാനല്ല. എന്റെ അഭിപ്രായത്തില്‍ വാരവിചാരത്തിലെ ആദ്യത്തെ കുറേ ഖണ്ഡികകള്‍ “ബൂലോഗവിമര്‍ശനം” എന്നോ മറ്റോ (“കാളമൂത്രം” എന്നായാലും തരക്കേടില്ല :) ) മറ്റൊരു ബ്ലോഗില്‍ ആക്കിയാല്‍ നന്നായിരിക്കും. രണ്ടിനും രണ്ടു തരം വായനക്കാരാണു്. നിഷ്പക്ഷവും വിജ്ഞാനപ്രദവുമായ ഒരു ബ്ലോഗായി വാരവിചാരം തുടരും എന്നു പ്രതീക്ഷിക്കുന്നു. ആ മഹാബുദ്ധി/സാദാ ബുദ്ധി/മന്ദബുദ്ധി ഡിസ്കഷനും ഇവിടെ വരേണ്ടതല്ല.

വായനലിസ്റ്റുകളെയും ഞാന്‍ ആശ്രയിക്കുന്നതു് ഈ ഉദ്ദേശ്യത്തിലാണു്. ഞാന്‍ വിട്ടുപോയ നല്ല പോസ്റ്റുകള്‍ കണ്ടുപിടിക്കാന്‍. മറ്റു വായനലിസ്റ്റിലെ എല്ലാ പോസ്റ്റുകളും ഞാന്‍ വായിക്കാറില്ല. എങ്കിലും ഞാന്‍ വിട്ടുപോയ പല പോസ്റ്റുകളും വായിക്കാന്‍ അവ സഹായിച്ചിട്ടുണ്ടു്.

എനിക്കും ഉണ്ടൊരു വായനലിസ്റ്റ്. അതില്‍ ഞാന്‍ വായിച്ച എല്ലാ പോസ്റ്റും ഇടാറില്ല. എനിക്കിഷ്ടപ്പെട്ടവ ഇടാനുള്ള സ്ഥലവുമല്ല അതു്. മറ്റുള്ളവര്‍ വായിക്കണമെന്നു് എനിക്കു് അഭിപ്രായമുള്ള പോസ്റ്റുകളാണു് അവ. അവയില്‍ ചിലവ എനിക്കു വിയോജിപ്പുള്ളവയുമാണു്. എന്റെ അഭിപ്രായത്തില്‍ അതൊരു സേവനമാണു്. മറ്റുള്ളവരുടെ സേവനം ഞാന്‍ ഉപയോഗിക്കുന്നതിനു തുല്യമായി. അതൊരു പുറം ചൊറിയലല്ല. എന്റെ ഒരു പോസ്റ്റ് അടുത്ത കാലത്തെങ്ങും ആരും ലിസ്റ്റിലിട്ടിട്ടില്ല. (പോസ്റ്റെഴുതിയിട്ടു വേണ്ടേ ഇടാന്‍ :)) ഞാന്‍ ഷെയര്‍ ചെയ്യാറുള്ള നമതു വാഴ്വും കാലവും അനോണി ആന്റണിയുമൊക്കെ ഞാന്‍ എന്നൊരു ബ്ലോഗര്‍ ഉണ്ടെന്നു തന്നെ അറിയുമോ എന്നു സംശയമാണു്.

വാരവിചാരവും അതുപോലെ ഒരു സേവനമാണു്. പോസ്റ്റുകളെപ്പറ്റി പറയുമ്പോള്‍ അവയുടെ നിരൂപണവും ഉള്ളതുകൊണ്ടു് കൂടുതല്‍ പ്രയോജനമാണു് എന്നു ഞാന്‍ പറയും. പക്ഷേ ഇത്രയും ചെലവാക്കാന്‍ സമയമില്ലാത്തവര്‍ ലിസ്റ്റിലിടാന്‍ പത്തു സെക്കന്റ് ചെലവാക്കുന്നു. അണ്ണാര്‍ക്കണ്ണനും തന്നാലായതു്!

വായനലിസ്റ്റുകള്‍ തങ്ങളുടെ ബ്ലോഗിന്റെ വശത്തു കാണിക്കുന്നതു് അവരവരുടെ ഇഷ്ടം. അതിനെ സംബന്ധിച്ച സ്റ്റാറ്റിസ്റ്റിക്സ് കണ്ടുപിടിച്ചു പ്രദര്‍ശിപ്പിക്കുന്നതു് അതില്‍ താത്പര്യമുള്ളവരുടെ ഇഷ്ടം. അതിനും വായനക്കാരുണ്ടു്. ഞാന്‍ ഒരു ഉദാഹരണം. ഒരു ഉപയോഗവുമില്ലാത്ത ഇത്തരം സ്റ്റാറ്റിസ്റ്റിക്സ് ഞാന്‍ തന്നെ കണ്ടുപിടിച്ചു പോസ്റ്റു ചെയ്തതിനു് ഉദാഹരണങ്ങള്‍ ഇവിടെ (1, 2, 3).

അഞ്ചല്‍ക്കാരന്‍ മന്ദബുദ്ധിയുടേതായി പറയുന്ന മിക്കവാറും ചോദ്യങ്ങളും ഞാനും എന്നോടു തന്നെ ചോദിച്ചിട്ടുള്ളവയാണു്. പലതിനും തൃപ്തികരമായ ഉത്തരം കിട്ടിയിട്ടുമില്ല.

വാല്‍മീകി said...

ബ്ലോഗുകളെ കുറിച്ചുള്ള വിചാരം കുറവായിരുന്നെങ്കിലും ബ്ലോഗര്‍മാരെ കുറിച്ചുള്ള വിചാരം കൂടി. ഒട്ടും മോശമായില്ല.

ഭൂമിപുത്രി said...

സാദാബുദ്ധിയിലാണോ,മന്ദബുദ്ധിയിലാണോ ഞാന്‍ വരികയെന്ന ആലോചനയിലാണിപ്പോള്‍..

SAJAN | സാജന്‍ said...

അഞ്ചല്‍‌സേ, നമിച്ചു കേട്ടോ:)
കൂടുതലൊന്നും പറയാനില്ല!

കുതിരവട്ടന്‍ :: kuthiravattan said...

:-)

വാല്‍മീകി said...

പേരയ്ക്കയുടെ ആത്മസംയമനം പരാമര്‍ശിച്ചത് നന്നായി. അത് ഞാനും ശ്രദ്ധിച്ചിരുന്നു. ആ പോസ്റ്റില്‍ വലിയ പക്വത ഒന്നും ഇല്ലായിരുന്നെങ്കിലും കമന്റിനു മറുപടി പറയുന്നതില്‍ പേരക്ക കാണിച്ച പക്വത പ്രശംസനീയം തന്നെ.

ശ്രീഹരി::Sreehari said...

:)
നന്നായി

മലബാറി said...

വാ‍യിക്കുന്നുണ്ട് സ്ഥിരമായി.......
തുടരട്ടെ..

പെരിങ്ങോടന്‍ said...

അസഹിഷ്ണുത പുരളുന്ന കമന്റുകള്‍ കൊണ്ടു ബീപി കൂടിയാണെങ്കിലും ചിലരുടെയൊക്കെ കപടവിചാരങ്ങള്‍ മറുകമന്റില്‍ പൊഴിഞ്ഞു വീഴാറുണ്ട്. പോസ്റ്റിനു നേരെ വിരുദ്ധമായ നിലപാടുകള്‍ ബീപി കൂടിയിട്ടോ എന്തോ ചിലര്‍ കമന്റുകളില്‍ വെളിപ്പെടുത്തുകയും പതിവാണ്. (വെറുതെ ഒരു ഉദാ.)

വായിക്കപ്പെടുന്നത് സജസ്റ്റ് ചെയ്യുന്നതിന്റെ ഏകാധിപത്യമാണ് വാരവിചാരക്കാര്‍ എന്ന് ഞാന്‍ പറഞ്ഞെങ്കില്‍ അത് സാധൂകരിക്കുന്ന പോസ്റ്റുകളാണ് തുടര്‍ന്ന് ഈ ബ്ലോഗില്‍ ഉണ്ടായതെല്ലാം. വാരവിചാരക്കാര്‍ക്കൊരു വാരഫലക്കാരന്‍ ഉണ്ടാവുന്നത് വരെ ഈ ഏകാധിപത്യം തുടരുകയും ചെയ്യും. ടെക്നിക്കലി ഈ ഏകാധിപത്യത്തെ ഒഴിവാക്കുന്ന ഷെയേര്‍ഡ് ലിസ്റ്റുകളെ സ്വീകരിക്കുവാന്‍ വാരവിചാരക്കാരനു കഴിയുകയില്ലെന്നറിയാം. കമന്റാണല്ലോ ചോറ്.

തൊണ്ണൂറുകളില്‍ സര്‍വ്വസാധാരണമായിരുന്ന മലയാള ഭാഷാ സാഹിത്യത്തിലെ ബുദ്ധി ജീവികളുമായി???

ഒന്ന് ഓടിച്ചു വായിച്ചപ്പോള്‍ കണ്ടതാണ്. തൊണ്ണൂറുകളിലെ മലയാളം സിനിമ എന്നൊക്കെ അക്കാലത്തെ ഹിറ്റ് സിനിമകളെയും അതിലേറെ ഹിറ്റ് ഗാനങ്ങളേയും ചേര്‍ത്തുകൊണ്ടു പറയുക പതിവാണ്. തൊണ്ണൂറുകളില്‍ മലയാളഭാഷാസാഹിത്യം പ്രത്യേകിച്ചൊരു ബുദ്ധിജീവിത്തരവും പ്രകടിപ്പിച്ചിരുന്നില്ല. ആധുനികതയും ഉത്തരാധുനികതയും (ചുരുങ്ങിയത് ഹിപ്പിയിസമെങ്കിലും) എന്നാണ് ഭാഷാസാഹിത്യത്തിലും ജീവിതത്തിലും ഉണ്ടായതെന്ന് മനസ്സിലാക്കിപ്പോരേ ഈ കമന്റുകള്‍?

MOHAN PUTHENCHIRA (മോഹന്‍ പുത്തന്‍‌ചിറ) said...

ബൂലോഗത്ത് ദിനം പ്രതി ജന്മമെടുക്കുന്നതും, സ്ഥിരമായി നില്‍ക്കുന്നതുമായ നിരവധി ബ്ലോഗുകളിലൂടെ കയറിയിറങ്ങുക എന്നതു തന്നെ വളരെ ശ്രമകരമായ കാര്യമാണ്. അതില്‍നിന്നൊക്കെ അരിച്ചു പെറുക്കി ഒരു വാരഫലം കാച്ചിക്കുറുക്കിയെടുക്കുകയെന്നതോ വളരെ ദുഷ്കരവും. അഞ്ചല്‍ക്കാരന്‍ ഈ ദൌത്യം ഏറ്റെടുത്തതിന് നന്ദി.

പേര്.. പേരക്ക!! said...

നാലാളുകൂടുന്നിടത്തു വന്നു വിചാരിപ്പ് നടത്തിയാല്‍ അതിനും കിട്ടും വായനക്കാര്‍. എന്റെ തലക്കെട്ടു പോസ്റ്റില്‍ ഞാന്‍ കാര്യമായൊന്നും പറഞ്ഞില്ല എന്ന നിരീക്ഷണം ശരി വെക്കുന്നു. പക്ഷെ, അതുകഴിഞ്ഞ് ഡിസൈനിങ്ങിനെക്കുറിച്ച് രണ്ടു പോസ്റ്റു കൂടെയിട്ടു.ചുരുക്കം ചിലരൊഴിച്ച് എന്നെ കുറ്റം പറഞ്ഞവരാരെയും കണ്ടില്ല ആ ഭാഗത്തേക്ക് വാരവിചാരക്കാരനടക്കം. കമന്റുബഹളവും തമ്മില്‍ തല്ലും ഇല്ലാത്ത വേറെയെത്രയോ പോസ്റ്റുകളും വന്നു. അതൊന്നും പരാമര്‍ശിക്കാതെ ഈ പംക്തി പോപുലര്‍ ബ്ലോഗുകളെക്കൂറിച്ചുള്ള വിചാരിപ്പുകളില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നോ എന്നു സംശയം.

മന്‍സുര്‍ said...

അഞ്ചല്‍ക്കാര...

വാരവിചാരവും...കമാന്‍റ്റുകളെ കുറിച്ചുള്ള അന്വേഷണവും നന്നായിരിക്കുന്നു. ഇതിനിടക്ക്‌ ഈയുള്ളവന്റെ പേരും കണ്ടു..സന്തോഷം.
ബ്ലോഗ്ഗിന്റെ നിലവാരത്തെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അതിന്റെ നല്ല വശവും..അത്‌ പോലെ തന്നെ അതിന്റെ പോരായ്യമകളെയും എടുത്ത്‌ പറഞ്ഞ്‌ എല്ലാ ബ്ലോഗ്ഗേര്‍സ്സിനോടും ഒരേ നയം സ്വീകരികുന്ന ഈ വാര വിചാരം ഈ ഒരൊറ്റ കാരണം കൊണ്ടാവാം ബ്ലോഗ്ഗര്‍മാര്‍ കൂടുതലിഷ്ടപ്പെടുന്നത്‌...എന്ന്‌ തോന്നുന്നു.
കൂടാതെ അവരവരുടെ ബ്ലോഗ്ഗിനെ കുറിച്ചുള്ള ഒരു കാഴ്ചപ്പാടും ഇതിലൂടെ നേടിയെടുക്കാന്‍ കഴിയുന്നുവെന്ന്‌ പറയട്ടെ.
വാര്‍ത്തകള്‍ കിട്ടിയിട്ട്‌ എന്ത്‌ കാര്യം വായിക്കാന്‍ ആളിലെങ്കില്‍
അതാണ്‌ ഇന്നത്തെ സമൂഹം..
ഒരു വാര്‍ത്ത മുഴുവന്‍ കേല്‍ക്കാനുള്ള സമയം പോലുമില്ലാത്തവരായി മാറുന്നു നാം
അവസാനം ചര്‍ച്ചകളില്‍ കേട്ട പാതി കേള്‍ക്കാത്ത പാതി എന്ന പോലെ... അറിയാന്‍ ശ്രമിക്കുക..ഇല്ലെങ്കില്‍ അറിയാതിരിക്കുക... അതാല്ലേ ശരി

ബ്ലോഗ്ഗര്‍മാരുടെ ബ്ലോഗ്ഗുകളെയും , ബ്ലോഗ്ഗിലെ വിഷയങ്ങളെയും ഒപ്പം കമാന്‍റ്റുകളെയും നാമങ്ങളുടെയോ... പഴമയുടെയോ പേരില്ലല്ലാതെ വിലയിരുത്തപ്പെടുന്ന ഈ വാരവിചാരത്തിന്‌ എല്ലാ ഭാവുകങ്ങളും നേരുന്നു

നന്‍മകള്‍ നേരുന്നു