Saturday, November 10, 2007

ഭൂലോകം പോയ വാരം : പന്ത്രണ്ടാം ലക്കം.

1. കയ്യൂക്കുള്ളവനെ കാര്യക്കാരനായി അംഗീകരിക്കാം.
സോവിയറ്റ് റഷ്യയുടെ തകര്‍ച്ചക്ക് ശേഷം ഏക ധ്രുവ ലോക ക്രമം വന്നതിനെ അംഗീകരിക്കാന്‍ കഴിയാത്തതാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വല്ലിയ പ്രതിസന്ധി. അമേരിക്കാവൂനെ ലോക പോലീസായി അംഗീകരിച്ചാല്‍ അവരുടെ അധീശത്വം വക വെച്ച് നല്‍കിയാല്‍ ലോക ക്രമം എങ്ങിനെയായിരിക്കും. തലതിരിഞ്ഞ വിചാരങ്ങളുമായി ബൂലോകത്ത് വാരാവാരം കാളമൂത്രം തെളിക്കുന്ന വിചാരിപ്പ് കാരന്‍ ഈ വാരം ഇത്തിരി നേരെയാവാന്‍ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു. അനുസരണയുള്ളവനാകാന്‍ വിചാരിപ്പ്കാരനും തീരുമാനിച്ചൂന്ന്. ഏത്?

ആദ്യപടിയായി അമേരിക്കാവൂനെ ലോക പോലീസായി വിചാരിപ്പ്കാരനും അംഗീകരിച്ചിരിക്കുന്നു. അമേരിക്കാവൂന്റെ ലെന്‍സിലൂടെ നോക്കുമ്പോള്‍ ലോകം എത്ര സുന്ദരം.

ഇറാക്കിലെ ഒളിപ്പോരാളികള്‍ നീതി പാലിക്കണം. ആഗോള ഭീകരനായ സദ്ദാം ഹുസൈനെ സ്ഥാന ഭ്രഷ്ടനാക്കി തൂക്കിലേറ്റി വാഗ്ദത്ത ജനാധിപത്യ ഭരണക്രമം സ്വന്തം ചിലവില്‍ ഇറക്കുമതി ചെയ്ത അമേരിക്കാവൂനെതിരെ പാത്തിരുന്ന് റോക്കറ്റാക്രമം നടത്തുന്ന ഭീകരര്‍ ഇറാക്കിലെ അമേരിക്കന്‍ സേനയെ അംഗീകരിച്ച് ദേശത്തിന്റെ പുനര്‍ നിര്‍മ്മാണത്തിലേക്ക് ശ്രദ്ധ തിരിച്ച് വിട്ടിരുന്നെങ്കില്‍ അവിടെ തമ്പടിച്ചിരിക്കുന്ന പട്ടാളക്കാരെ മറ്റു ഏകാധിപതികള്‍ക്കെതിരെ തിരിച്ച് വിട്ട് ജനാധിപത്യം ലോക ഭരണക്രമമായി മാറ്റാന്‍ അമേരിക്കാവൂന് കഴിയുമായിരുന്നു. ഇറാക്കില്‍ സമാധാനം കൈവരിക്കാന്‍ ഒളിപ്പോരാളികള്‍ കീഴടങ്ങിയേ മതിയാകൂ. അമേരിക്കാവൂനോട് ചേര്‍ന്ന് നിന്ന് ഇറാക്കിനെ പുനര്‍നിര്‍മ്മിച്ച് ലോകത്തിന്റെ നെറുകയിലേക്ക് കയറി നില്‍ക്കാന്‍ ഇറാക്കിന് കിട്ടിയിരിക്കുന്ന ഈ സുവര്‍ണ്ണാവസരം ഇറാക്കി ജനത നന്ദിപൂര്‍വ്വം ഉപയോഗപ്പെടുത്തുന്ന ഒരു ദിനം വന്നെത്തുമെന്ന് കരുതാം.

ഇറാനിയന്‍ ജനാധിപത്യ ക്രമത്തില്‍ നിന്നും അമേരിക്കന്‍ ജാനാധിപത്യക്രമത്തിലേക്ക് ഇറാനും മാറട്ടെ. ഇന്റര്‍നെറ്റ് കഫേകളും നൈറ്റ് ക്ലബ്ബുകളും കള്ളുഷാപ്പുകളും ഡേറ്റിങ്ങും ചാറ്റിങ്ങും ഒന്നുമില്ലാതെ വരണ്ട ജീവിതം നയിക്കുന്ന ഇറാനിലെ ആധുനിക സമൂഹത്തിന് മേല്‍‍ അമേരിക്കന്‍ സ്വാതന്ത്ര്യം ചിറക് വിടര്‍ത്തി പറന്നിറങ്ങട്ടെ. അവിടുത്തെ യുവതലമുറയുടെ മൌന നൊമ്പരം ആരറിയാന്‍. അമേരിക്കാവൂനെ കൂട്ട് പിടിച്ച് ഉന്നതിയിലേക്ക് പറന്ന് കയറാന്‍ ഇറാനും കഴിയട്ടെ.

അഫ്ഗാനിസ്ഥാന്‍ എന്താ ഇങ്ങിനെ. താലിബാനിസവും അല്‍ഖായിദായിസവും അവസാനിപ്പിച്ച് ഉത്തരാധുനിക ലോക ക്രമത്തിലേക്ക് കടന്ന് വരാനുള്ള ഏറ്റവും നല്ല അവസരമാണ് അഫ്ഗാനിസ്ഥാന്‍ കളഞ്ഞ് കുളിക്കുന്നത്. എന്നാത്തിനാ അഫ്ഗാനികള്‍ അമേരിക്കാവൂനെ എതിര്‍ക്കുന്നത്?. താലിബാന്റെ ഭരണകാലം നമ്മുക്കറിയാം. സ്ത്രീകളെ വെറും ഉല്പാദനോപാധിമാത്രമായി കണ്ടിരുന്ന അവര്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം പോലും നിഷേധിച്ച താലിബാനില്‍ നിന്നും തങ്ങളെ മോചിപ്പിച്ച അമേരിക്കാവൂനെ അവിടുത്തെ സ്ത്രീകള്‍ പോലും വേണ്ടത്ര പരിഗണിക്കുന്നില്ല എന്നതാണ് വിചാരിപ്പ്കാരന്റെ വിചാരം. അഫ്ഗാനികളും അമേരിക്കാവൂനെ അംഗീകരിച്ച് നേര്‍വഴിക്ക് വരണം.

ഇപ്പോള്‍ കണ്ടില്ലേ പാകിസ്ഥാനില്‍. ഒരു മൂച്ചിന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച മുഷാറഫ് അമേരിക്കാവൂ ഇടപെട്ടില്ലായിരുന്നേല്‍ ഒന്നടങ്ങുമായിരുന്നോ? ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് നടത്തിക്കൊള്ളാവേ എന്ന് മുഷാറഫിനെ കൊണ്ട് ആണയിടീപ്പിച്ചത് ആരാന്നാ വിചാരം. ആദ്യം ലേഡീ കോണ്ടാലിസാ ചെറുതായി ഒന്നു വിരട്ടി. കേള്‍ക്കില്ലാന്ന് വന്നപ്പോള്‍ ബുഷ് തന്നെ ഉത്തരവിറക്കി. മുഷാറഫ് വഴിക്കു വന്നു. അമേരിക്കാവു ഇരിക്കാന്‍ പറഞ്ഞാല്‍ അനുസരണയോടെ ഇരിക്കും കേണല്‍ മുഷാറഫ്. പക്ഷേ പാകിസ്ഥാന്‍ ജനത ഇപ്പോഴും അമേരിക്കാവുന്റെ നന്മകളെ അംഗീകരിക്കാന്‍ തയ്യാറാകാത്തതാ‍ അവിടുത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും ഹേതു. അല്ലേലും പഠാനികള്‍ക്ക് പുത്തിയില്ലാല്ലോ?

നമ്മുടെ സ്വന്തം ഭാരതാവൂന്റെ കാര്യം തന്നെ എടുക്കാം. പ്രധാനമന്ത്രിയും പരിവാരങ്ങളും സര്‍വ്വപാര്‍ട്ടികളും അമേരിക്കാവൂ ഇരിക്കാന്‍ പറഞ്ഞാല്‍ മുട്ടിലിഴയും. അത് തന്നെയാണ് വേണ്ടതും. ഇടത്തടിച്ച് നില്‍ക്കുന്ന ഇടത്തന്മാരാ ആകെ കലിപ്പാക്കുന്നത്. കൂടെ കൂടാന്‍ കുറേ നക്സലുകളും. എന്നാ ചെയ്യാനാ. എല്ലായിടവും കാണുമല്ലോ ഇതുപോലെ കുറേ ശനിയന്മാര്‍. ചേരിചാരാക്കാരെയൊക്കെ ചേരപിടിച്ചു. ഇന്നി ആരുടെയെങ്കിലും ചേരിയില്‍ ചേര്‍ന്നേ തടി കഴിച്ചിലാക്കാന്‍ കഴിയുള്ളൂ എന്ന് തലയുള്ള ആര്‍ക്കും തിരിച്ചറിയാം. അമേരിക്കാവൂന്റെ ചേരിയല്ലാതെ വേറെയേതാ ചേരി? മറ്റൊരു ചേരിയുണ്ട്. തന്നെ എണീറ്റ് നില്‍ക്കാന്‍ പോലും കെല്പില്ലാത്ത ക്യൂബ, വെനുസിലാ, ഉഗാണ്ട, എരിത്തിരിയ, ചേരി. അവരുടെ പാട് അവര്‍ക്കറിയാം. അപ്പോപിന്നെ ആ ചേരിയില്‍ ചേരാന്‍ പോയാല്‍ നമ്മുടെ പുറത്തേക്ക് അവരെല്ലാം കൂടി ചാരി നാമൊരു ചരിത്രമാകും. അതിലും നല്ലതല്ലേ അമേരിക്കാവൂനെ ചാരി ചരിത്രം രചിക്കാന്‍ കഴിയുന്നത്. എല്ലാ ഭാരതീയരും അമേരിക്കാവൂനെ അംഗീകരിക്കുക. അങ്ങിനെ വരും കാലം ആര്‍മ്മാദിക്കുക.

കയ്യൂക്കുള്ളവന്‍ കാര്യക്കാരനാണ്. അതാണ് ലോക ചരിത്രം. കയ്യുക്കുള്ളവനോട് ചേര്‍ന്ന് നമ്മുക്കും കാര്യക്കാരനാകാം. നമ്മെ കാര്യക്കാരനായി നിയമിക്കാന്‍ അമേരിക്കാവൂ നൂറു വട്ടം സമ്മതിച്ചിരിക്കുന്നു. നാമെന്തിന് പുറം തിരിഞ്ഞ് നിന്ന് ദക്ഷിണേഷ്യയിലെ അമേരിക്കാവൂന്റെ സെക്രട്ടറിയാകാനുള്ള അവസരം കളഞ്ഞ് കുളിക്കുന്നു. പ്രധാനമന്ത്രി ഇന്നലേ തയ്യാറ്. കേട്ടില്ലേ ഫോണ്‍ കോള്‍:

“ഹലോ..ബുഷല്ലേ. ഞാനാ മന്‍മോഹന്‍ സിങ്ങ്”
“ആ..പറ മോഹാ.”
“സാര്‍..ദേണ്ടെ ഇവിടെ പാകിസ്ഥാനിലെ പ്രശ്നമൊക്കെ അറിഞ്ഞു കാണുമല്ലോ അല്ലേ?”
“നീ എന്റെ പൊതു വിജ്ഞാനം പരീക്ഷിക്കാതെ കാര്യം പറ കുഞ്ഞാ..”
“നാളെ പാകിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങളെ കുറിച്ച് ഭാരതത്തിന്റെ അഭിപ്രായം പറയണം”
“അതിന് ഞാനെന്നാ വേണം മന്മോഹാ...”
“അല്ല ഭാരതത്തിന്റെ അഭിപ്രായം എന്നതാണെന്ന് ചോദിക്കാന്‍ വിളിച്ചതാ..”

അത് നാം പൊതു ജനം കൂടി അങ്ങ് സ്വീകരിച്ചാല്‍ “എന്റെ ഭാരതം എത്ര സുന്ദരം.”

2. ക്രിക്കറ്റ് വിചാരിപ്പുകാരന്മാരും ചാനല്‍ വിചാരിപ്പും.
ക്രിക്കറ്റ് കളിക്കിടയില്‍ വിശകലനവുമായി വരുന്ന ചാനലുകളിലെ “ക്രിക്കറ്റ് വിചാരിപ്പ്” വിചാരിപ്പ് കാ‍രന്മാരുടെ കഴിവുകേടുകള്‍ കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ടോസ് നേടുന്നിടം മുതല്‍ വിചാരിപ്പ് തുടങ്ങുന്നു. ടോസ് നേടിയ ധോണി ബാറ്റിങ്ങ് തിരഞ്ഞെടുക്കുന്നു. അതാ വരുന്നു അനില്‍ അടൂരിന്റെ വിശകലനം.
“ഈ പിച്ചിന്റെ സ്വഭാവവും കാലാവസ്തയും രാശിയും വെച്ച് ധോണി ബാറ്റിങ്ങ് തിരഞ്ഞെടുത്തത് തികച്ചും ബുദ്ധിപരമായ ഒരു തീരുമാനമായി. ധോണി ഏറ്റവും നല്ല ക്യാപ്റ്റനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു.”
ആദ്യത്തെ പത്തില്‍ ഇന്‍ഡ്യന്‍ സ്കോറ് മുപ്പതില്‍. വികറ്റ് ഒന്ന് താഴെ. അനില്‍ അടൂര്‍ വീണ്ടും.
“ഇങ്ങിനെ പോയാല്‍ ഇന്‍ഡ്യന്‍ സാധ്യതകള്‍ മങ്ങുമെന്ന് തോന്നുന്നു. ധോണി ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുത്തത് തെറ്റായിപോയി.....”
രണ്ടാമത്തെ പത്തില്‍ ദേണ്ടെ വിക്കറ്റ് രണ്ടെണ്ണം താഴെ. ആകെ മൂന്ന് വിക്കറ്റിന് സ്കോര്‍ എഴുപത്. അനില്‍ അടൂര്‍ ദേണ്ടെ വീണ്ടും:
“തുടക്കം മുതല്‍ തന്നെ ഇന്‍ഡ്യന്‍ കളിക്കാര്‍ക്കും ക്യാപ്റ്റനും പാളി. പാകിസ്ഥാന് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു സ്കോറു പോലും പടുത്തുയര്‍ത്താന്‍ കഴിയാതെ നാം പരാജയത്തിലേക്ക് വീഴുകയാണ്. ക്യപ്റ്റന്‍ എന്ന നിലയില്‍ ധോണി ഒരു പരാജയമാകുന്നതാണ് കാണുന്നത്.”

മൂന്നാമത്തെ പത്തില്‍ വിക്കറ്റൊന്നും വീണില്ല. സ്കോര്‍ നൂറ്റി അറുപതില്‍. അനില്‍ അടൂര്‍:
“ഇന്‍ഡ്യന്‍ ഇന്നിങ്സ് ഇത്തിരി ചൂടു പുടിച്ചിട്ടുണ്ട്. നാം നല്ലൊരു സ്കോര്‍ നേടും എന്ന് കരുതാം.”

നാലാമത്തെ പത്തില്‍ വിക്കറ്റ് രണ്ടെണ്ണം കൂടി താഴെ. സ്കോറ് ഇരുന്നൂറ്റി അമ്പതിന് മുകളില്‍. അനില്‍ അടൂറ് ആകെ ഉഷാറില്‍.
“നാം പാകിസ്ഥാന് എത്തിപ്പെടാന്‍ കഴിയാത്ത ഒരു സ്കോറിലേക്ക് നീങ്ങുന്നു...ബാറ്റിങ്ങിനെ സഹായിക്കുന്ന പിച്ചില്‍ ധോണി ബാറ്റിങ്ങ് തന്നെ തിരഞ്ഞെടുത്തതാണ് ഈ കൂറ്റന്‍ സ്കോറിലേക്ക് ടീം ഇന്‍ഡ്യയെ കൊണ്ടെത്തിച്ചത്..”

അഞ്ചാമത്തെ പത്തില്‍ ഒരു വിക്കറ്റ് കൂടി വീണെങ്കിലും സ്കോറ് മുന്നൂറ്റി അമ്പതിന് മുകളില്‍. അനില്‍ അടൂര്‍:
“അങ്ങിനെ ഇന്‍ഡ്യ ലോക ചാമ്പ്യന്മാരുടെ കളി പുറത്തെടുത്ത് പാകിസ്ഥാനെതിരേ ആധികാരികമായ വിജയം നേടാന്‍ പോകുന്നതാണ് നാം കാണാന്‍ പോകുന്നത്. ഹലോ...കമാല്‍ വരദൂര്‍ താങ്കളുടെ അഭിപ്രായം എന്താണ്?”
“അനില്‍, ഇന്‍ഡ്യയുടെ ഒരു മാസ്മരിക പ്രകടനത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. പാകിസ്ഥാന് ഒരിക്കലും പിന്തുടരാന്‍ കഴിയാത്ത ഒരു സ്കോറാണ് ധോണിയും കൂട്ടരും നേടിയിരിക്കുന്നത്. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ടീം ഇന്‍ഡ്യ ചിട്ടയുള്ള കളിയാണ് പുറത്തെടുക്കുന്നത്. തിര്‍ച്ചയായും ഇന്‍ഡ്യന്‍ ആരാധകര്‍ക്ക് ആഹ്ലാദിക്കാന്‍ കഴിയുന്ന ഫലമായിരിക്കും ഇന്നത്തെ കളി കൊണ്ടുവരുന്നത്.”
രണ്ടാം പകുതിയില്‍ പാകിസ്ഥാന്റെ ഇന്നിങ്സ് കഴിഞ്ഞപ്പോള്‍:
ഭാരതം അഞ്ചു വിക്കറ്റിന് പാകിസ്ഥാനോട് ദയനീയമായി തോറ്റു. ദേണ്ടേ അനില്‍ അടൂര്‍ വീണ്ടും:
“ധോണിയുടെ തുടക്കം മുതലുള്ള തീരുമാനങ്ങള്‍ തെറ്റായിരുന്നു. രണ്ടാമത് നാം ബാറ്റു ചെയ്തിരുന്നെങ്കില്‍ വിജയം നമ്മുക്ക് അനുകൂലമാകുമായിരുന്നു. ദ്രാവിഡായിരുന്നു ക്യാപ്റ്റന്‍ എങ്കില്‍ ഫലം ഒരിക്കലും ഇങ്ങിനെ ആകുമായിരുന്നില്ല. ടോസ് കിട്ടിയിട്ടും ബാറ്റിങ്ങ് തിരഞ്ഞെടുത്തതാണ് എല്ലാ കുഴപ്പത്തിനും കാരണം..ഹലോ...കമാല്‍ വരദൂര്‍ താങ്കളുടെ അഭിപ്രായം എന്നതാ?..ഹലോ...ഹലോ....വരദൂര്‍ കേള്‍ക്കാമോ...ഹലോ...”
“ക്ഷമിക്കണം..കമാല്‍ വരദൂറുമായുള്ള ടെലിഫോണ്‍ ബന്ധം വിഛേദിക്കപ്പെട്ടിരിക്കുന്നു. എന്തായാലും ധോണി ഒരു ക്യാപ്റ്റണ്‍ എന്ന നിലയില്‍ പരാജയം ആണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. ബാക്കിയുള്ള കളികളിലും നാം വിജയിക്കുമെന്ന് കരുതുക വയ്യ....”

ഇരുപത് വര്‍ഷം മുമ്പുള്ള കാലാവസ്ഥാ നിരീക്ഷണം ഇതിലും ഭേദമായിരുന്നു. “മഴ പെയ്യാനോ പെയ്യാതിരിക്കാനോ സാധ്യതയുണ്ട്”. ഇവിടെ രണ്ടിലൊന്നു നടക്കും. ചിലപ്പോള്‍ മഴപെയ്യും അല്ലെങ്കില്‍ പെയ്യാതിരിക്കും. ക്രിക്കറ്റ് വിചാരിപ്പന്മാരുടെ വിചാരിപ്പില്‍ മഴ പെയ്യുന്നതിനിടക്കും പെയ്ത്തു നിര്‍ത്തും പെയ്ത്ത് നിര്‍ത്തിയടത്തു നിന്നും വീണ്ടും പെയ്യും പിന്നെ വെയില് വരും വെയിലിനിടക്ക് വീണ്ടും മഴ പിന്നെ വേണമെങ്കില്‍ മഞ്ഞും പെയ്യും.

കളിക്കിടയില്‍ കളിക്കാരുടെ പ്രകടനത്തെ വിശകലനം ചെയ്യുന്നതിന് പകരം പ്രവചനം നടത്താനിറങ്ങുന്നവര്‍ അപഹാസ്യരാകുന്നത് സ്വയം മനസ്സിലാക്കിയില്ലെങ്കില്‍ അവരെ ആര്‍ക്ക് മനസ്സിലാക്കിക്കാന്‍ കഴിയും.

3. തൊണ്ണൂറിലും ലീഡ് ചെയ്യുന്നത് ലീഡര്‍ തന്നെ.
കെ. കരുണാകരന്‍. വയസ്സ് തൊണ്ണൂറിലേക്ക്.
കേരള രാഷ്ട്രീയം ഇപ്പോഴും ലീഡറുടെ വിരല്‍ തുമ്പില്‍. എടുക്കുന്നതൊന്ന് തൊടുക്കുന്നത് നൂറ് കൊള്ളുന്നത് ആയിരം എന്നതാണ് ലീഡറുടെ കണക്ക്. കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു എന്ന ഒരു പ്രസ്താവനയില്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടീ നേതാക്കന്മാരുടെ ഉറക്കം കെടുത്താന്‍ ലീഡര്‍ക്ക് കഴിഞ്ഞു. തറവാട്ടിലേക്ക് തിരികേ നടക്കും മുമ്പ് ലീഡര്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണ നേടിയിരിക്കുന്നു. ഉണ്ട് എന്ന് ഉമ്മന്‍‌ചാണ്ടിയും രമേശ് ചെന്നിത്തലയും മിനിറ്റില്‍ അറുപത് തവണ ആണയിടുന്നതും കോണ്‍ഗ്രസില്‍ തപ്പിയാല്‍ ലവലേശം കാണാന്‍ കഴിയാത്തതുമായ ഐക്യം എന്ന പ്രഹേളികയയേണ് ലീഡര്‍ വീണ്ടും പൊളിച്ചടുക്കുന്നത്. കരുണാകരന്‍ ഇല്ലാത്ത കോണ്‍ഗ്രസ് കരുണാകരന്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസില്‍ നിന്നും എങ്ങിനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ചോദിച്ചാല്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ പോലും നിഷ്ക്രിയം എന്ന് പറയേണ്ടിവരും. ഏറ്റവും വികലമായ ഒരു ഭരണ മുന്നണിക്കെതിരേ കുരക്കുന്നതു പോകട്ടെ ഒന്നു ഓരിയിടാന്‍ പോലും കഴിയാതെ ഞരങ്ങുന്ന കോണ്‍ഗ്രസാണ് ഉമ്മന്‍‌ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് കാഴ്ച.

ഏ.കെ. ആന്റണിയും കെ.കരുണാകരനും പരസ്പര പൂരകങ്ങളായ രണ്ടു നേതാക്കന്മാരായിരുന്നു. രണ്ടുപേരേയും തന്ത്ര പൂര്‍വ്വം ഒതുക്കാന്‍ ഉമ്മന്‍‌ചാണ്ടി രമേശ് കൂട്ട് കെട്ടിന് കഴിഞ്ഞു. ആ ഒഴിവാക്കലുകളുടെ അനന്തര ഫലമാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി നേരിടുന്ന ദുരന്തങ്ങളുടേ അടിസ്ഥാനം. ഗ്രൂപ്പുകള്‍ ഇല്ലാത്ത കോണ്‍ഗ്രസ് ഭാരതത്തില്‍ ഒരിടത്തും ഉണ്ടാകില്ല. കേരളത്തില്‍ അതികായരായ ആന്റണിയും കരുണാകരനും അതിന് നേതൃത്വം കൊടുത്തിരുന്നപ്പോള്‍ കോണ്ഗ്രസ് ശക്തിപെട്ടു. രണ്ടു പേരേയും ഒന്നിച്ചൊതിക്കിയോര്‍ ചെയ്തത് ഡസ്സന്‍ കണക്കിന് ഗ്രൂപ്പുകളുടെ പിറവിക്കുള്ള സാഹചര്യമുണ്ടാക്കലായിരുന്നു. പരസ്പരം വിശ്വാസിക്കാത്തവരുടെ താവളമായി മാറിയ കോണ്‍ഗ്രസ് അപചയത്തിലേക്ക് വീണു. കെ.കരുണാകരന്‍ കോണ്ഗ്രസിലേക്ക് മടങ്ങുമ്പോള്‍ അത് ആന്റണിയുടെ കൂടെ ആശിര്‍വാദത്തോടേയായിരിക്കും എന്ന് വിചാരിക്കുന്നതാണ് ഉചിതം. എന്തന്നാല്‍ കേരളാ രാഷ്ടീയത്തില്‍ കരുണാകരനില്ലാതെ ആന്റണിയും ആന്റണി ഇല്ലാതെ കരുണാകരനും ഇല്ല. കരുണാകരന്‍ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പഴയ പ്രതാപത്തിലേക്കെത്തുക എന്നാല്‍ ആന്റണിയും കേരളാ രാഷ്ട്രീയത്തിലേക്ക് മടങ്ങി എത്തുന്നു എന്ന് തിരിച്ചും പറയാം.

ബൂമറങ്ങ് :
“പ്രവാസികള്‍ പ്രവാസികാര്യ വകുപ്പ് മന്ത്രിക്ക് നല്‍കിയ ഭീമ ഹര്‍ജി കച്ചറ ഡബ്ബയില്‍” - വാര്‍ത്ത.
“ഗള്‍ഫ് മലയാളീ, നീയേ കച്ചറയാകുന്നു. കച്ചറ ഡബ്ബയല്ലോ നിന്‍ ഹര്‍ജ്ജിക്ക് ഉചിതമാം ഇരിപ്പിടം.”

8 comments:

അഞ്ചല്‍ക്കാരന്‍ said...

ഉലക വിചാരം പന്ത്രണ്ടാം ലക്കം ബൂലോക സമക്ഷം സമര്‍പ്പിക്കുന്നു.
നന്ദി.

കുഞ്ഞന്‍ said...

ബൂമറാങ്ങായിത്തീരുന്നു പ്രവാസികള്‍...!

മുതലക്കണ്ണീരുമായി വരുമ്പോള്‍ രണ്ടുകൈയ്യും നീട്ടീ സ്വീകരിക്കും, കഷ്ടം എന്നല്ലെ പറയാന്‍ പറ്റൂ..!

ക്രിക്കറ്റ് വിശകലനം നന്നായി

റഫീക്ക് കിഴാറ്റൂര്‍ said...

ക്രിക്കറ്റ് കലക്കീട്ടോ...

പ്രയാസി said...

“പ്രവാസികള്‍ പ്രവാസികാര്യ വകുപ്പ് മന്ത്രിക്ക് നല്‍കിയ ഭീമ ഹര്‍ജി കച്ചറ ഡബ്ബയില്‍” - വാര്‍ത്ത.
“ഗള്‍ഫ് മലയാളീ, നീയേ കച്ചറയാകുന്നു. കച്ചറ ഡബ്ബയല്ലോ നിന്‍ ഹര്‍ജ്ജിക്ക് ഉചിതമാം ഇരിപ്പിടം.”
ithu kalakkeeeee.....

Anonymous said...

എപ്പഴുമിങ്ങനെ കാളമൂത്രമൊഴിക്കുന്നത് വിചാരക്കാരന്റെ പക്വതയെ കാണിക്കുന്നില്ലേ എന്നൊരു സംശ്യം.

സഹയാത്രികന്‍ said...

ക്രിക്കറ്റ് കൊള്ളാം... പിന്നെ ബൂമറാങ്ങ്...
:)

വാല്‍മീകി said...

നന്നായി ഇത്തവണത്തെ വിചാരിപ്പ്. ബൂമറാങ് കലക്കി.

ഇത്തിരിവെട്ടം said...

“പ്രവാസികള്‍ പ്രവാസികാര്യ വകുപ്പ് മന്ത്രിക്ക് നല്‍കിയ ഭീമ ഹര്‍ജി കച്ചറ ഡബ്ബയില്‍” - വാര്‍ത്ത.
“ഗള്‍ഫ് മലയാളീ, നീയേ കച്ചറയാകുന്നു. കച്ചറ ഡബ്ബയല്ലോ നിന്‍ ഹര്‍ജ്ജിക്ക് ഉചിതമാം ഇരിപ്പിടം.”

മന്ത്രി ഇനിയും വരും...ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ പോയി സിന്ദാബാദ് വിളിക്കും... സ്വീകരണങ്ങളുടെ പൊടിപൂരമായിരിക്കും... പ്രസ്താവനകളുടെ ഒഴുക്ക് തന്നെയുണ്ടാവും... പിന്നെ പ്രവാസികളുടെ ഒപ്പു ശേഖരിച്ച ഭീമഹരജി നല്‍കും... അത് മന്ത്രി ചവറ്റു കൊട്ടയില്‍ മറന്ന് വെക്കും... അവിടെ ക്ലീനിംഗിനെത്തുന്ന, ഡോളര്‍ സമ്പാദിക്കുന്ന എന്‍ ആര്‍ ഐ ബൂര്‍ഷ്വാ വീണ്ടും പത്രക്കാര്‍ക്ക് കൊടുക്കും... പിന്നേം മന്ത്രി വരും... ഞങ്ങള്‍...

അഞ്ചല്‍ജീ.... :)