Tuesday, November 6, 2007

ബൂലോകം പോയ വാരം : പതിനൊന്നാം ലക്കം.

കവിതക്ക് പാരഡിയാകാമോ? ഇംഗ്ലീഷ് തലകെട്ട് കവിതക്ക് അഭികാമ്യമോ? ഈ രണ്ടു ചര്‍ച്ചകളില്‍ കിടന്ന് വട്ടം കറങ്ങിയ ബൂലോകം പതിവുപോലെ തന്നെ സംഘര്‍ഷഭരിതം. എഴുതുന്നത് വായനക്കാര്‍ക്ക് വേണ്ടിയോ അതോ എഴുത്തുകാരന്റെ ആത്മഹര്‍ഷത്തിന് വേണ്ടിയോ അതുമല്ലെങ്കില്‍ ബൂലോകത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയോ ഇതിനൊക്കെയും പുറമേ ഹിറ്റുകളുടെ എണ്ണം കൂട്ടാനോ തുടങ്ങിയ തര്‍ക്കങ്ങള്‍ അരങ്ങ് വാഴുന്നുണ്ടെങ്കിലും ഒരോരുത്തരും അവരവരുടെ വാദഗതികളില്‍ ഉറച്ച് നില്‍ക്കുന്നതു കൊണ്ട് തന്നെ ഈ ചര്‍ച്ചകള്‍ തല്ലുകള്‍ക്കുള്ള സ്കോപ്പുകള്‍ ഒട്ടും പാഴാക്കാതെ തന്നെ തുടരും എന്ന് കരുതാം. പോയ വാരം കണ്ടതും കേട്ടതുമായ വിശേഷങ്ങളുമായി ഈ വാരത്തെ കാളമൂത്രം ഇവിടെ ആരംഭിക്കുന്നു.

1. ബെര്‍ളിത്തരങ്ങളും ബൂലോകവും
ബെര്‍ളിതോമസ് ബൂലോകത്തെ ഒരു പ്രതീകമാണ്. എഴുത്തിന്റെ ലാളിത്യം കൊണ്ടും മര്‍മ്മത്ത് കൊള്ളുന്ന നര്‍മ്മം കൊണ്ടും ബൂലോകത്ത് ചുരുങ്ങിയ കാലം കൊണ്ട് വായനക്കാരെ മുഴുവനും തന്റെ ബ്ലോഗിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞ ബെര്‍ളിതോമസിന്റെ ബെര്‍ളിത്തരങ്ങളും മറ്റ് ടോപ് ബ്ലോഗുകളും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. ബെര്‍ളീതോമസിന്റെ ബ്ലോഗ് ഒഴിക്കിനെതിരേ നീന്തിയാണ് ഹിറ്റ് ആയത്. വിശാലമനസ്കന്റെ കൊടകരപുരാണത്തിനോ കുറുമാന്റെ യൂറോപ്യന്‍ സ്വപ്നങ്ങള്‍ക്കോ അതുപോലെ ഹിറ്റായ മറ്റു ബ്ലോഗുകള്‍ക്കോ ബൂലോകത്ത് നിന്നും ലഭിച്ച സ്നേഹാദരങ്ങളോ ധാര്‍മ്മിക പിന്തുണയോ ബെര്‍ളിതോമസിന്റെ ബെര്‍ളിത്തരങ്ങള്‍ക്ക് നാളിന്നു വരെ ലഭിച്ചിട്ടില്ല. എന്നിട്ടും ബൂലോകത്തെത്തുന്നവരെല്ലാം സന്ദര്‍ശിക്കുന്ന ഒരു ബ്ലോഗായി ബെര്‍ളിത്തരങ്ങള്‍ വളര്‍ന്നിട്ടുണ്ടെങ്കില്‍ ആ ബ്ലോഗില്‍ വരുന്ന “ചവറുകള്‍” എല്ലാവരും ഇഷ്ടപ്പെടുന്നു എന്നതിലേക്കാണ് അത് വിരല്‍ ചൂണ്ടുന്നത്.

വിചാരിപ്പ്കാരനെ സംബന്ധിച്ചിടത്തോളം ബെര്‍ളിയുടെ ബ്ലോഗില്‍ കണ്ട ഏക ചവര്‍ മറുമൊഴിയില്‍ നിന്നും പുറത്തേക്ക് എന്ന പോസ്റ്റായിരുന്നു. ബെര്‍ളിതോമസിന്റെ ഏറ്റവും വല്ലിയ തമാശയായിരുന്നു ആ പോസ്റ്റ് എന്ന് ബെര്‍ളിക്ക് മാത്രം അറിയാ‍വുന്ന രഹസ്യം. തന്റെ ബ്ലോഗിലേക്ക് തലയില്‍ തുണിയിട്ട് മാത്രം വായിക്കാനെത്തുന്ന ചിലരുടെ തലയിലെ തുണിപറിക്കുക മാത്രമല്ല അവരുടെയൊക്കെ വായനാ ലിസ്റ്റില്‍ തന്റെ ബ്ലോഗിനെ തൂക്കാനും ആ “ചവറിലൂടെ” ബെര്‍ളീതോമസിനായി. ഒരു എഴുത്ത് കാരന്‍ എന്ന നിലയില്‍ താന്‍ തുനിഞ്ഞിറങ്ങിയാല്‍ ആരെകൊണ്ടും തന്നെ അംഗീകരിപ്പിക്കാന്‍ കഴിയും എന്ന് അഹങ്കാരത്തോടെ വിളിച്ച് പറയാന്‍ കഴിയുന്ന ബൂലോകത്തെ ഒരേ ഒരാള്‍ ബെര്‍ളീ തോമസ് മാത്രമാണ്.

ബ്ലോഗിലേക്ക് എങ്ങിനെ വായനക്കാരെ എത്തിക്കണം എന്നും എത്തുന്നവരെ കൊണ്ട് എങ്ങിനെ തന്റെ പോസ്റ്റ് മുഴുവനും വായിപ്പിക്കണമെന്നും നന്നായി അറിയാവുന്ന ബെര്‍ളീ തോമസിന്റെ കണ്ടുപിടുത്തമായിരുന്നു ശ്രദ്ധിക്കപ്പെടുന്ന പോസ്റ്റുകള്‍ക്ക് പാരഡി എഴുതുക എന്നത്. മാതൃരചനയുടെ ഘടനക്ക് യാതൊരു വിധ മാറ്റവുമില്ലാതെ പാരഡിയെഴുതുക എന്നത് അത്ര എളുപ്പമുള്ള സംഗതിയല്ല തന്നെ. കഥകളും ലേഖനങ്ങളും അനുഭവങ്ങളുമൊക്കെ പാരഡിയായപ്പോള്‍ അതൊക്കെയും നന്നായി ആസ്വദിച്ചിരിന്നവര്‍ കവിതയെ ബെര്‍ളി പാരഡിയാക്കിയപ്പോള്‍ കവിതയുടെ വിശുദ്ധിക്ക് വേണ്ടി നിലവിളിച്ചതിനെ ന്യായീകരിക്കാന്‍ കഴിയില്ല. മറ്റേതൊരു സാഹിത്യ ശാഖയില്‍ നിന്നും ഏതെങ്കിലും തരത്തില്‍ വേറിട്ട് നില്‍ക്കുന്നതാണ് കവിത എന്നോ മറ്റെഴുത്ത് കാരില്‍ നിന്നും ഏതെങ്കിലും തരത്തില്‍ വാഴ്ത്തപ്പെട്ടവരാണ് കവികള്‍ എന്നോ കരുതുക വയ്യ.

2. ദേവസേനയുടെ കവിതയും ഇംഗ്ലീഷ് തലകെട്ടും.
ദാമ്പത്യത്തിന്റെ menopause എന്ന ദേവസേനാ കവിതയുടെ തലക്കെട്ടിന്റെ രണ്ടാം ഭാഗം ഇംഗ്ലീഷിലായതില്‍ മലയാളത്തിന് വേണ്ടി ജീവനും രക്തവും സമര്‍പ്പിക്കാന്‍ വെമ്പല്‍ കൊണ്ടു നടന്നൊരുകൂട്ടര്‍ പ്രതിഷേധവുമായി വന്ന വാരമാണ് കടന്ന് പോയത്. മലയാളം ഒരു ശുദ്ധ ഭാഷയാണോ എന്നുള്ള ചര്‍ച്ച ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇംഗ്ലീഷും ഹിന്ദിയും അറബിയും തമിഴും ഒന്നും ചേര്‍ക്കാതെ മലയാളം ഉപയോഗിക്കുക അസാധ്യമാണ്. ഇന്നി അഥവാ ആരെങ്കിലും മലയാളത്തില്‍ മാത്രം സംസാരിക്കാനോ എഴുതാ‍നോ ശ്രമിച്ചാല്‍‍ ആ ശ്രമം അപഹാസ്യമാവുകയേ ഉള്ളൂ. സ്വിച്ച്, ബെഞ്ച്, കമ്പൂട്ടര്‍, കാല്‍കുലേറ്റര്‍, മൌസ്, കാസറ്റ്, തുടങ്ങി നാം ദൈനം ദിനം ഉപയോഗിക്കുന്ന അന്യാഭാഷാവാക്കുകളെ മലയാള വല്‍ക്കരിക്കാന്‍ ശ്രമിച്ചാല്‍ ഭാഷക്കുണ്ടാകാവുന്ന വൈകല്യത്തിന് ഉദാഹരണമാണ് ഈ വാക്കുകളൊക്കെ മിമിക്രിക്കാര്‍ മലയാള വല്‍ക്കരിച്ച് അവതരിപ്പിക്കുമ്പോള്‍ നാം തന്നെ ആര്‍ത്തു ചിരിക്കുന്നത്. ഏത് നാട്ടില്‍ പോയാലും ആ നാട്ടിനോട് ചേര്‍ന്ന് ജീവിക്കാന്‍ കഴിയുന്ന മലയാളി തന്റെ ഭാഷയിലേക്ക് മറ്റ് ഭാഷകളെ തുറന്ന മനസ്സോടെ സ്വീകരിക്കുന്നതിനെ അംഗീകരിക്കുക എന്നത് തന്നെയാണ് കരുണീയം.

അല്ല പറഞ്ഞ് വന്നത് ദേവസേനയുടെ കവിത. കവയത്രിയുടെ കവിതകള്‍ അനവധി വായിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എങ്കിലും ദേവസേനയുടെ കവിതകളിലധികവും വിചാരിപ്പ്കാരന് സംവേദിക്കാന്‍ കഴിഞ്ഞിട്ടില്ല. ദേവസേനയുടേതെന്നല്ല ദുരൂഹമായ വരികളുള്ള ബുലോകത്തെ മിക്ക കവിതകളും വിചാരിപ്പ്കാരന് അന്യമാണ്.

“തങ്ങളില്‍ തങ്ങളില്‍ മുഖത്തു തുപ്പും
നമ്മളൊന്നെന്ന് ചൊല്ലും ചിരിക്കും..”

എന്നിങ്ങനെയൊക്കെയുള്ള വരികളാണ് വിചാരിപ്പ്കാരന് മനസ്സിലാവുക. പക്ഷേ ദേവസേനയുടെ തലക്കെട്ടിനാല്‍ വിവാദമായ കവിത ഒന്നാം വായനയില്‍ ഒന്നും മനസ്സിലായില്ലാ എങ്കിലും നാലാമത്തെ വായന കഴിഞ്ഞപ്പോഴാണ് ഞാനും ഭാര്യയോട് ഒരു ദിവസം സംസാരിക്കുന്ന വാക്കുകളുടെ എണ്ണത്തേകുറിച്ച് ഒരു ഞടുക്കത്തോടെ ഓര്‍ത്തത്. കാമ്പസിന്റെ ഇടനാഴികളില്‍ ദിവസം മുഴുവനും കിന്നാരം പറഞ്ഞാലും ഒന്നും പറയാന്‍ കഴിഞ്ഞില്ലല്ലോ എന്ന തോന്നലുമായി പിരിഞ്ഞിരുന്ന ഒരുകാലം. ഇപ്പോള്‍ ദിവസം മുഴുവനും കൂടെയുണ്ടായിട്ടും ഒന്നോ രണ്ടോ മൂളലുകളില്‍ ദിനങ്ങള്‍ അവസാനിക്കുന്നു. ആ തിരിച്ചറിവില്‍ എല്ലാ തിരക്കിന്റേയും ഒടുവില്‍ ദിനവും ഇത്തിരി നേരം ആ പഴയ കാമുകിയോട് മനസ്സ് തുറക്കാന്‍ എന്നെ പ്രേരിപ്പിച്ച ദേവസേനയുടെ കുറേ വരികള്‍ കവിതയാണെങ്കില്‍ വിചാരിപ്പ്കാരനെ സംബന്ധിച്ചിടത്തോളം ദേവസേന ഒരു കവയത്രി എന്ന നിലയില്‍ വിജയിച്ചിരിക്കുന്നു. ഓര്‍ക്കുക: ഞാന്‍ വായിച്ചത് തലവാചകമല്ല. കവിതയാണ്.

3. കേരള ഹ..ഹ..ഹ ഡോട് കൊം ഏഷ്യനെറ്റില്‍.
ബൂലോകത്തിന്റെ സ്വന്തം കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് ബാലകൃഷ്ണന്റെ ബ്ലോഗ് ഏഷ്യനെറ്റ് വാര്‍ത്തയാക്കിയിരിക്കുന്നു. കാരിക്കേച്ചറുകള്‍ വരച്ച് റികോര്‍ഡിലേക്ക് നീങ്ങുന്ന സജ്ജീവിനെ അര്‍ഹിക്കുന്ന വിധത്തില്‍ തന്നെ കൂഴൂര്‍ വിത്സന്‍ വാക്കുകള്‍ കൊണ്ട് വരച്ച് വെച്ചിരിക്കുന്നു. വിത്സന്‍ മാഷിന്റെ വാര്‍ത്തകള്‍ വായിക്കുന്നത് എന്ന ബ്ലോഗില്‍ കേരള ഹഹഹ ഡോട് കോം കാണാം.

4. ബൂലോകത്തെ ആദ്യ വിവാഹവും മറനീക്കി പുറത്ത് വന്ന ഗ്രൂപ്പിസവും.
ഇക്കാസ് ജാസൂട്ടി വിവാഹം ബൂലോകത്തെ രണ്ടു ബ്ലോഗറന്മാരുടെ പ്രണയ സാഫല്യമായിരുന്നു എന്നതിലുപരി ബൂലോകം ആ വിവാഹം ആഘോഷിച്ച രീതി കൊണ്ട് കൂടിയാണ് പ്രസക്തമാകുന്നത്. കേരളാ കൌമുദിയും മലയാള മനോരമയും ഒക്കെ ഇക്കാസ് ജസൂട്ടി വിവാഹം വാര്‍ത്തയാക്കിയതും ബൂലോകത്തെ ആഘോഷങ്ങളുടെ ചുവട് പിടിച്ചായിരുന്നു എന്നതില്‍ രണ്ട് അഭിപ്രായം ഉണ്ടാകും എന്ന് തോന്നുന്നില്ല. ജനനം, മരണം, വിവാഹം, ജന്മദിനം, എഴുത്തിനിരുത്ത്, പത്രപ്രവേശം, ആനുകാലിക പ്രവേശം, പുസ്തക പ്രകാശനം, മീറ്റുകളും ഈറ്റുകളും, ബൂലോകത്തെ വാര്‍ഷികം, പോസ്റ്റുകളുടെ നാഴിക കല്ലുകള്‍ തുടങ്ങി ക്രിക്കറ്റില്‍ സൃഷ്ടിക്കപ്പെടുന്ന റിക്കാര്‍ഡുകള്‍ പോലെ വന്നതിനും നിന്നതിനും പോകുന്നതിനും വരെ ആശംസകള്‍ എഴുതിയിടുക ബൂലോക വഴക്കം. ബൂലോകമാകെ സന്തോഷവും ആഹ്ലാദവും വാരി വിതറി ഇക്കാസ് ജാസൂട്ടിയുടേ കൈ പിടിച്ച് നടന്നപ്പോള്‍, ഒരു വിവാഹ വീടിന്റെ എല്ലാ കാഴ്ചകളും ബൂലോകത്ത് നിറഞ്ഞ് നിന്നപ്പോള്‍, അതിലൊന്നും ഇടപെടാതെ മനപൂര്‍വ്വം ഒരു ബ്ലോക്കായി പുറം തിരിഞ്ഞ് നിന്നവര്‍ ബൂലോകത്തില്ലാ എന്ന് അവര്‍ പറയുന്നതും ഉണ്ട് എന്ന് കാഴ്ചക്കാര്‍ പറയുന്നതുമായ ഗ്രൂപ്പിസം മറനീക്കി പുറത്ത് വരുന്നതിന്റെ ദയനീയ കാഴ്ചയാണ് ബൂലോകത്തേക്ക് പോയ വാരം കൊണ്ടു വന്നത്.

തനിക്കിതെന്നാത്തിന്റെ കേടാ. “ഞങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ ഞങ്ങള്‍ ആശംസിക്കും അല്ലെങ്കില്‍ കമന്റും. അതിന് തനിക്കെന്നാ ചേദം” എന്ന ചോദ്യത്തിന് “വാരാവാരം കാണുന്നതും കേള്‍ക്കുന്നതും കാളമൂത്രമായി ഒഴുക്കാനാ ഞാനീ പ്രസ്ഥാനം നടത്തുന്നത്.” എന്ന് വിനീതമായ ഡിസ്ക്ലൈമര്‍.

5. പൈങ്ങോടന്‍സ് പടംസ്
പൈങ്ങോടന്‍സിന്റെ ആഫ്രിക്കന്‍ കാഴ്ചകള്‍ കൌതുകം ഉണര്‍ത്തുന്നു. പൊക്കണത്തില്‍ കുട്ടിയും തലയില്‍ മരച്ചീനിയുമായി നില്‍ക്കുന്ന ആഫ്രിക്കനമ്മ നല്ല ആഫ്രിക്കന്‍ കാഴ്ചയായി.

6. പള്ളിഭാഗം യൂത്ത് മൂവ്മെന്റ്
കൃസ്തീയ ഭക്തിഗാനങ്ങള്‍ കൂട്ടി വെക്കാനൊരിടം. നല്ല കുറേ ഗാനങ്ങളുടെ ശേഖരം ബ്ലൊഗിലുണ്ട്.

7. സപ്തസ്വര.
ശാസ്ത്രീയ സംഗീതത്തിനും ചലച്ചിത്ര ഗാനത്തിനും ലളിത ഗാനത്തിനുമായി രാമകൃഷ്ണന്‍ ഒരുക്കിയിരിക്കുന്ന ശബ്ദ ബ്ലോഗ്. ഗാനങ്ങളുടെ ഒരു നല്ല സമാഹാരം തന്നെയുണ്ട് ഈ രാമകൃഷ്ണന്‍ ബ്ലോഗില്‍. അദ്ദേഹത്തിന്റെ സ്വന്തം ശബ്ദത്തില്‍ നല്ല കുറേ ഗാനങ്ങള്‍ കേള്‍ക്കാം “സപ്തസ്വരം” സന്ദര്‍ശിച്ചാല്‍.

8. തലക്കെട്ട് നിര്‍മ്മാണം.
ബൂലോകത്തെ ബ്ലോഗുകളിലെ മറ്റൊരു നിരന്തര സാനിദ്ധ്യമാണ് സഹയാത്രികന്‍. ബ്ലോഗിന്റെ തലകെട്ടുകളാണ് സഹയാത്രികന്റെ മാസ്റ്റര്‍ പീസ്. ബൂലോകത്തെ ഭംഗിയുള്ള മിക്ക തലകെട്ടുകളും സഹയാത്രികന്റെ നല്ല മനസ്സിന്റെ നേര്‍കാഴ്ചയാണ്. നല്ല തലക്കെട്ടുകള്‍ എങ്ങിനെ ഉണ്ടാക്കിയെടുക്കാമെന്ന് വളരെ ലളിതമായി സഹയാത്രികന്‍ അദ്ദേഹത്തിന്റെ “നിങ്ങള്‍ക്കായി” എന്ന ബ്ലോഗിലെ “തല‍ക്കെട്ട് നിര്‍മ്മാണം” എന്ന പോസ്റ്റില്‍ വിശദീകരിച്ചിരിക്കുന്നു. “വാരവിചാര” ത്തിന്റെ തലക്കെട്ട് നിര്‍മ്മിച്ച് നല്‍കിയതിന് നന്ദി രേഖപ്പെടുത്താനും ഈ അവസരം വിനിയോഗിക്കുന്നു.

പുതു ബ്ലോഗുകള്‍.
1. സ്നേഹതീരം
കെ.പി. ദാമോദരന്‍ മാഷിന്റെ പുതു ബ്ലോഗ്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ “കൂട്ടുകാരേ, ഓരോ വ്യക്തിക്കുംതന്റേതായ പ്രശ്നങ്ങളും പ്രയാസങ്ങളും ഉണ്ടായിരിക്കുമല്ലൊ ആയവ വിശകലനം ചെയ്യാനും പരിഹാരംകണ്ടെത്താനും ഓരോരുത്തര്‍ക്കും തന്റെതായകഴിവുണ്ടായിരിക്കുകയും ചെയ്യും എന്നാല്‍ അപൂര്‍വം ചില അവസരങ്ങളില്‍ ചിലവ പരിഹരിക്കനുള്ള പോംവഴികള്‍ കണ്ടെത്താന്‍ കഴിയാതെ വന്നേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ നിരാശരാകാതെ സ്നേഹതീരത്തേക്ക് വരൂ നമുക്ക് കൂട്ടായി യത്നിക്കാം.” നല്ല വിചാരം. പ്രയാസങ്ങള്‍ പറയാനുള്ളൊരിടമായി സ്നേഹതീരം മാറട്ടെ.

2. കേരളാ രാഷ്ട്രീയം
ദിവാകരന്റെ രാഷ്ട്രീയം പറയാനുള്ള പുതു ബ്ലോഗ്. കേരളത്തില്‍ കാണുന്ന പേക്കൂത്തുകള്‍ വിശകലനം ചെയ്യാനാണ് ദിവാകരന്‍ ശ്രമിക്കുന്നത്.

3. കാചം.
തര്‍ക്കിക്കുമ്പോള്‍ ചെകുത്താന്റെ വക്കീലാകാനാണിഷ്ടമെന്ന് തുറന്ന് പറഞ്ഞ് കൊണ്ട് ബൂലോകത്തത്തിയിരിക്കുന്ന മൂര്‍ത്തിയുടെ ഫോട്ടോ ബ്ലോഗം.

4. സജിത് വട്ടംകണ്ടത്തില്‍
സജിത് വട്ടംകണ്ടത്തിലിന്റെ പുതു ബ്ലോഗ്. നമസ്കാരം പറഞ്ഞ് പോയിരിക്കുന്നു.

5. പീപ്പീസ് പടിപ്പുര
പി.പി. സോമരാജന്റെ ഫോട്ടോ ബ്ലോഗം.

6. പഴം നുറുക്ക്
അനുവിന്റെ പുതു ബ്ലോഗ്. ഓര്‍മ്മകുറിപ്പുകളാണ് അനു പങ്കുവെക്കാനാഗ്രഹിക്കുന്നത്.

7. അനാമിക
ജാസി സൈനബിന്റെ ബ്ലോഗ്. സിനിമാ നിരൂപണവുമായി തുടക്കം. സിനിമാ നിരൂപണത്തില്‍ പലപ്പോഴും കണ്ടു വരുന്ന കഥയെ അതേ പടി പറയുക എന്ന തെറ്റ് ജാസി സൈനബ് ആനുവര്‍ത്തിച്ച് കണ്ടില്ല എന്നത് ആശ്വാസകരം. അനാമിക എന്ന പേരില്‍ മറ്റൊരു ബ്ലോഗറെ ബൂലോകത്ത് കണ്ടിട്ടുണ്ട്.

8. പേരില്ലാതെ
നാഥന്‍ തുടങ്ങുന്നത് ബൂലോകത്ത് ഒരു മേല്‍‌വിലാസം ലഭിക്കാനുള്ള ബുദ്ധിമുട്ടിലേക്ക് വിരല്‍ ചൂണ്ടികൊണ്ടാണ്. പേര് തപ്പി തപ്പി പേരുകള്‍ കിട്ടതെ ഒടുവില്‍ “പേരില്ലാതെ” എന്ന പേരും സ്വീകരിച്ച് നാഥനും ബൂലോകത്തേക്ക്..

9. ചക്കമുള്ള്
വടക്കന്‍ പറവൂര്‍കാരന്‍ ഇബ്രാഹീമിന്റെ സിനിമാ നിരൂപണ ബ്ലൊഗ്. സിനിമാ നിരൂപണ ബ്ലോഗിലേക്ക് മറ്റൊന്നു കൂടി.

10. കില്ലര്‍ സുബാവു
തിരോന്തരോത്ത് നിന്നും സുബീഷ് എഴുതുന്നു. സുബീഷിന്റെ തന്നെ വാക്കുകള്‍ “മലയാള സാഹിത്യം എക്കാലത്തും തനതായ അവതാരണ രീതികളാല് ദേശീയ ശ്രദ്ധ നേടിയിട്ടുളളതാണ് .മലയാള സംസ്കൃതിയുടെ ഭാഗഭാക്കായ ഏതാനും സാഹിത്യ കൃതിഭകെളയും അവരുടെ കാലാതീതമായ രചനകെളക്കുറിച്ചും ഒരു വിചിന്തനമാണ് എന്റെ ലക്ഷ്യം.” വാക്കുകളില്‍‍ കാണുന്ന ആതമവിശ്വാസത്തോടെ ലക്ഷ്യാ പ്രാപ്തിയിലെത്താന്‍ സുബീഷിന് കഴിയട്ടെ.

11. പൂവിതളുകള്‍
പൂവാ‍ലന്‍ എന്ന ശര‍ത് കുമാറിന്റെ പുതു ബ്ലോഗ്. “സ്നേഹിതേ നിനക്കായി” എന്ന പോസ്റ്റുമായി തുടങ്ങിയിരിക്കുന്ന പൂവാലന്റേതും അനുഭവ കുറിപ്പുകളാണ്.

12. പൊഴിയും മുമ്പേ.
സുഹ്രയുടെ പുതിയ ബ്ലോഗ്. “നുണ” എന്ന കുറിപ്പുമായി തുടക്കം.

ഈ വാരംകാളമൂത്രം ഇവിടെ അവസാനിക്കുന്നു. വരും വാരം മുതല്‍ പുതു ബ്ലോഗുകളെ “ഒരു അന്തവും കുന്തവും ഇല്ലാതെ” വേര്‍ തിരിച്ച് “വിചാരിക്കുകയാണ്”. അതായത് ഒരു വാരത്തില്‍ മൂന്ന് വിചാരങ്ങള്‍.
1. ഭൂലോക വിചാരം.
2. ബൂലോക വിചാരം.
3. നവാഗത വിചാരം.
നന്ദി.

18 comments:

അഞ്ചല്‍ക്കാരന്‍ said...

ബൂലോകം പോയ വാരം - പതിനൊന്നാം ലക്കം ബൂലോക സമക്ഷം സമര്‍പ്പിക്കുന്നു.

കുഞ്ഞന്‍ said...

ബെര്‍ലിയെപ്പറ്റിയെഴുതിയതിനു താഴെ എന്റൊരു വല്യ കൈയ്യൊപ്പ്


കുഴൂര്‍ വിത്സനെ കുളൂര്‍ വിത്സനാക്കി..!

Unknown said...

വളരെ വ്യത്യസ്ഥമാര്‍ന്ന ആശയം... മൂര്‍ച്ചയേറിയ കാഴ്ചപ്പാടുകള്‍.... നന്നായിരിക്കുന്നു...

ദിലീപ് വിശ്വനാഥ് said...

പതിവുപോലെ നന്നായി. വാരത്തില്‍ മൂന്ന് വിചാരങ്ങള്‍ എന്നുള്ളത് മനസിലായില്ല. പുതിയ ബ്ലോഗുകളെ വിചാരിക്കാന്‍ വേറെ ഒരു പോസ്റ്റ് എന്നാണോ ഉദ്യേശിച്ചത്‌?

തറവാടി said...

സമാന ചിന്തകള്‍ പ്രകടിപ്പിക്കാന്‍ ധൈര്യപ്പെടാത്തവരുടെ
താദാത്മ്യം പ്രാപിക്കലാണ്‌ ബെര്‍ളിയുടെ വിജയം എന്നാണെനിക്കു തോന്നിയിട്ടുള്ളത്.
ഇതിനൊപ്പം തന്നെ അദ്ദേഹത്തിന്‍റ്റെ സാഹിത്യത്തിലുള്ള കഴിവുകള്‍ ബ്ലോഗില്‍ ഇനിയും പ്രദര്‍ശിപ്പിക്കേണ്ടിയിരിക്കുന്നു.

അഞ്ചല്‍കാരാ,

കാളമൂത്രം ഒരു മരുന്നല്ലെ അപ്പോ വിഷമിക്കേണ്ട ആവശ്യമില്ല.

അല്ലെങ്കിലും ബൂലോകം ഒരു വല്യ കാളതൊഴുത്തുതന്നെയാണ്‌ അതിനിടയില്‍ കുറച്ച് മെലിഞ്ഞ ആനകളെയും കെട്ടിയിട്ടുണ്ട് അത്രമാത്രം.

simy nazareth said...

oppittu :-) nannaayi.

Anonymous said...

thaan bayankara ezhuthukaaran aanennu karuthunna chila ahankaarikalaaya marangodan maar undu. malayalam blogging, english blogging, booloka club, meet , thengaakola, ulakkeda moodu...

man..blogging saahithyam mathram alla.. anything we can contribute..

i think this type of community and groupism comes under only blogs written in malayalam.


"ബ്ലോഗിന്റെയോ പുതിയ കാലത്തെ നെറ്റ് സാമൂഹികതയെ കുറിച്ചോ ഒരു ‘അന്തവും കുന്തവുമില്ലാത്ത’ വിഡ്ഡികള്‍ ബ്ലോഗിലേയ്ക്ക് എടുത്തു ചാടിയതാണ് മലയാളം ബ്ലോഗിന്റെ ശാപം എന്ന്‍ ആവര്‍ത്തിച്ചു പറയേണ്ടി വരുന്നു റീഡിങ് ലിസ്റ്റിനെ കുറിച്ചു അഞ്ചല്‍ക്കാരന്റെ പരാമര്‍ശം കാണുമ്പോള്‍."

ohhhhhhhh... oru bayankara budhimaanaaya ezhuthukaaran vannirikkunnu...

ask anybody..u r just a ahankaari only

Anonymous said...

can't agree more.

ഭൂമിപുത്രി said...

ആദ്യമായി ബൂലോകത്തെത്തുന്നവര്‍ക്കു അകപ്പാടെ ഒരു
‘ഫീല്‍’കിട്ടാന്‍ വളരെ ഉപകാരമാകും ഈ വിലയിരുത്തലുകള്‍.
നന്ദി അഞ്ചല്‍ക്കാരാ

ഏ.ആര്‍. നജീം said...

പതിവു പോലെ നന്നായി...

Appu Adyakshari said...

അഞ്ചലേ... നന്നായി !!!

സഹയാത്രികന്‍ said...

പതിവുപോലെ നന്നായി
:)

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

ത്രിശങ്കു / Thrisanku said...

വരും വാരങ്ങളിലും വാര വിചാരം വരുമെന്ന് വിചാരിക്കട്ടെ. :)

ബെര്‍ളീതോമസിന്റെ ബ്ലോഗ് ഒഴിക്കിനെതിരേ നീന്തിയാണ് ഹിറ്റ് ആയത്.

ബെര്‍ളിത്തരങ്ങള്‍ ഒരു സംഭവം തന്നെയാണ്.

അനംഗാരി said...

പ്രിയ അഞ്ചല്‍ക്കാരന്‍:ഈ ബ്ലോഗ് ഇപ്പോഴാണ് കണ്ടത്.നന്നായിട്ടുണ്ട്.
ഒരു കാര്യം മാത്രം പറയാനാഗ്രഹിക്കുന്നു.
ദേവസേനയുടെ ആ കവിതക്ക് ഞാന്‍ മൂലം അത് അര്‍ഹിക്കുന്നതിലും കൂടുതല്‍ വായനക്കാരുണ്ടായി എന്ന ഒരു തെറ്റ് ഞാന്‍ ചെയ്തിട്ടുണ്ട്.അത് എനിക്ക് നന്നായി മനസ്സിലായിട്ടും ഉണ്ട്.ഞാന്‍ പറയാനുദ്ദേശിച്ചതും എന്റെ കാഴ്ചപ്പാടും ഞാന്‍ വളരെ വ്യക്തമായി എന്റെ തപാല്‍ എന്ന ബ്ലോഗില്‍ വിശദീകരിച്ചിരുന്നു.മലയാള ഭാഷയ്ക്ക് തനതായ ഒരു നിലനില്‍പ്പില്ല എന്നത് സത്യം തന്നെയാണ്.എന്റെ ചോദ്യം ഇതായിരുന്നു.മലയാളത്തില്‍ ഒരു കവിതയെഴുതി അതിന് പകുതി മലയാളത്തിലും പകുതി ആംഗലേയ ലിപിയിലും തലക്കെട്ട് നല്‍കുന്നത് ശരിയാണോ? ഒന്നുകില്‍ പൂര്‍ണ്ണമായും അത് മലയാള ലിപിയിലെഴുതണം.അല്ലെങ്കില്‍ ഇംഗ്ലീഷ് ഭാഷയിലെഴുതണം.അതാണ് ശരിയെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഇനിയിപ്പോള്‍ പകുതി മലയാളത്തിലും, പകുതി ചൈനീസ് ഭാഷയിലും തലക്കെട്ടെഴുതിയാല്‍ എനിക്കെന്താ കുഴപ്പം?
ഹോ! ഒന്നുമില്ലപ്പാ..
അഹങ്കാരം കയ്യും കാലും വെച്ച് കവിതകളായും,കവികളായും അനോണിമകളായും,
പിന്നെ മറ്റു പലവേഷത്തിലും, അരങ്ങ് വാഴുന്ന കാലമാണ്.
ബ്ലോഗ് മുത്തപ്പാ കാക്കണേ!

ഓ:ടോ:: ഈ വേഡ് വെരി ഒഴിവാക്കിയാല്‍ നന്നായിരുന്നു!

Roy said...

ആദ്യമായാണിവിടെക്കയറിയൊന്നു പരതിയത്‌,
നന്നായിട്ടുണ്ട്‌. പ്രയോജനപ്രദമാണ്‌.
ഭംഗിയായി തുടരട്ടെ എന്നാശംസിക്കുന്നു.

Raji Chandrasekhar said...

വായിച്ചേ....