Saturday, November 3, 2007

വാരവിചാരം : ഭൂ‍ലോകം പോയ വാരം : ലക്കം - 11

1. തൊഴില്‍ സമരം - ഗള്‍ഫ് മോഡല്‍.
ആദ്യം വാടക വര്‍ദ്ധന. പിന്നെ എണ്ണ വിലയിലുണ്ടായ കുതിച്ച് കയറ്റം. തുടര്‍ന്ന് വന്ന സമ്പൂര്‍ണ്ണ വിലകയറ്റം. അമ്പത് ഫുലൂസ് ഉണ്ടായിരുന്ന ചായക്ക് വില എഴുപത്തി അഞ്ച് ഫുലൂസ് ആയി. ഒരു ദിര്‍ഹത്തിന് പൊറോട്ട മൂന്നെണ്ണം കിട്ടികൊണ്ടിരുന്നത് ആദ്യം രണ്ടായി കുറഞ്ഞു. ഇപ്പോള്‍ മൂന്ന് പൊറോട്ടക്ക് രണ്ടേകാല്‍ ദിര്‍ഹം എണ്ണി വെക്കണം. ദേശീയാഹാരമായ കുബ്ബൂസ് എന്ന റൊട്ടിക്ക് പാക്കറ്റിന് ഒരു ദിര്‍ഹമായിരുന്നത് ആദ്യം ഒന്നേകാലും ആറുമാസത്തിന് ശേഷം ഇപ്പോള്‍ ഒന്നരയും. വെള്ളത്തിന് ബോട്ടിലിന് അഞ്ച് ദിര്‍ഹമായിരുന്നത് ഒരു വര്‍ഷത്തിനിപ്പുറം വില എട്ട് ദിര്‍ഹം. ഭാരതത്തിലെ അരി പരദേശി തിന്നണ്ടാന്ന് കല്പിച്ചപ്പോള്‍ കിലോപുറത്ത് കൂടിയത് ഒന്നര ദിര്‍ഹം. നേരത്തേ രണ്ടര ദിര്‍ഹത്തിന് കിട്ടിയിരുന്ന പാലക്കാടന്‍ മട്ട ഒറ്റ ദിനം കൊണ്ട് നാലിലേക്കെത്തി. അസ്സല്‍ ബസ്മതിക്ക് പോലും ആ വിലയില്ല. കഴിഞ്ഞയാഴ്ചവരെ തേങ്ങയൊന്നിന് ഒന്നര ദിര്‍ഹം. ഇപ്പോള്‍ രണ്ടുദിര്‍ഹത്തിനും കിട്ടാനില്ല. കപ്പ കിലോക്ക് ശരാശരി അഞ്ച് ദിര്‍ഹമായിരുന്നത് ഇപ്പോള്‍ ഏഴിലെത്തി.

തൊഴില്‍ കരാറൊപ്പിടുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ ജീവിത ചിലവ് ഇരട്ടിയിലധികം കൂടിയീ പ്രവാസ ഭൂമികയില്‍. കൂട്ടത്തില്‍ ഒരു ദിര്‍ഹത്തിന് പന്ത്രണ്ട് രൂപാ അറുപത് പൈസ കിട്ടിയിരുന്നിടത്ത് ഇപ്പോള്‍ കിട്ടുന്നത് എത്താപറ്റാ പത്ത് രൂപാ മുപ്പത് പൈസ. അതായത് ആയിരം രൂപാ നാട്ടിലേക്കയക്കാന്‍ വേണ്ടിയിരുന്നത് എണ്‍പത്തി ഒന്നു ദിര്‍ഹമായിരുന്നത് ഇപ്പോള്‍ തൊണ്ണൂറ്റി മൂന്ന് ദിര്‍ഹമായി മാറിയിരിക്കുന്നു. ഭാരതീയന്റെ ഗള്‍ഫ് ജീവിതം ഏറ്റവും ദുസ്സഹമായ ദിനങ്ങളിലൂടെ കടന്ന് പോകുന്നു. ജീവിത ചിലവ് കൂടുന്നതിനനുസരിച്ച് പൊതു മേഖലയിലെ തൊഴിലാളിയുടെ വേതനം യാന്ത്രികമായി തന്നെ ഉയരും. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ നട്ടം തിരിയും. ജബലാലിയില്‍ സേവന വേതന വര്‍ദ്ധനവിന് വേണ്ടി തെരുവിലറങ്ങിയ തൊഴിലാളികളിലധികവും ഭാരതീയരായിരുന്നു - വാര്‍ത്ത. അതില്‍ അത്ഭുതത്തിന് വകയില്ല. പക്ഷേ പൊതുവേ സമാധാനമായ തൊഴില്‍ സംസ്കാരമുള്ള ഈ പ്രവാസ ഭൂമികയിലെ തൊഴില്‍ മേഖല കലുഷിതമാക്കാന്‍ ശ്രമിക്കുന്നത് ഭരതീയരാണ് എന്ന വാര്‍ത്ത പരക്കുന്നത് ഗള്‍ഫ് മേഖലയിലെ തൊഴില്‍ സാധ്യതകള്‍ നമ്മുക്ക് അന്യമാകുന്നിടത്തേക്ക് കാര്യങ്ങളെ കൊണ്ടു ചെന്ന് എത്തിക്കും.

കരാറിലെ പണം കൃത്യമായി ലഭിക്കാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും ഈ നാട്ടിലെ അധികാരികള്‍ നിയമം മൂലം ഉറപ്പ് വരുത്തുന്നുണ്ട്. കരാറില്‍ ഒപ്പിടുന്നതിന് മുമ്പ് കരാറിലെ വേതനം കൊണ്ട് തനിക്കും തന്റെ കുടുംബത്തിനും ജീവിക്കാന്‍ കഴിയുമോ എന്ന് ഉറപ്പ് വരുത്തുക. ഒപ്പിട്ടതിന് ശേഷം തെരുവിലറങ്ങിയാല്‍ കോണ്‍സുലേറ്റിനത് പണിയാകും. പുറത്തിറക്കി നാട്ടിലേക്ക് കയറ്റി വിടാന്‍ അവരും മിനക്കിടണമല്ലോ?

കാര്യങ്ങള്‍ പറഞ്ഞ് വന്നപ്പോഴാ മറ്റൊരു കാര്യം ഓര്‍മ്മ വന്നത്. ഇന്ന് കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി തേങ്ങാക്കിട്ട തറവില നാലുരൂപ. (ദിര്‍ഹത്തില്‍ പറഞ്ഞാല്‍ 0.035. അതായത് 35 ഫുലൂസ്) ഇവിടെ വില തേങ്ങയൊന്നിന് ദിര്‍ഹംസ് രണ്ട്. (ഏകദേശം ഇരുപത്തി നാലു രൂപ) തേങ്ങ വരുന്നത് കൂടുതലും ശ്രീലങ്കയില്‍ നിന്നും. ചന്ദ്രേട്ടന്റെയൊക്കെ ശ്രദ്ധ പതിയേണ്ടുന്ന ഒരു സംഗതിയല്ലേ ഇത്. തേങ്ങ സര്‍ക്കാര്‍ തലത്തില്‍ സംഭരിച്ച് വിദേശങ്ങളിലേക്ക് കയറ്റി വിട്ടാല്‍ കര്‍ഷകര്‍ക്ക് നല്ല വില കിട്ടില്ലേ? ഇടനിലക്കാരെ ഒഴിവാക്കി തേങ്ങ നേരിട്ട് സംഭരിച്ച് കയറ്റി അയക്കാനുള്ള സൌകര്യങ്ങളുണ്ടാക്കിയാല്‍ കേര കര്‍ഷകര്‍ക്ക് അതൊരു നേട്ടമാകും എന്നതില്‍ സംശയമില്ല.

2. സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം കേരളാ കാമ്പസില്‍.
കേരളത്തിലെ കാമ്പസുകളില്‍ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും നിറഞ്ഞാടുന്നത് കാണേണ്ടുന്ന കാഴ്ച തന്നെ. ഭൂരിപക്ഷം കാമ്പസിലും സ്വാതന്ത്ര്യത്തിന്റെ മൊത്ത കച്ചവടക്കാര്‍ നക്ഷത്രാങ്കിത ശുഭ്ര പതാകാ വാഹകരാണെങ്കില്‍ അപൂര്‍വ്വം ചിലിടത്ത് കാവി പതാകാ വാഹകരാണ് മൊത്തവിതരണക്കാര്‍. നീല പറവകളെ കാണ്മാനേയില്ല. ഒരോ കാമ്പസിലേയും സമാധാനത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും മൊത്തവിതരണക്കാര്‍ക്ക് അവരവരുടെ സാമ്രാജ്യത്തിലേക്ക് കടന്നു വരുന്ന സഹോദര സംഘടനാ പ്രവര്‍ത്തകരേയും അനുഭാവികളേയും സമാധാന മന്ത്രം ചൊല്ലി സ്വീകരിക്കാന്‍ വടിവാള്‍ സൈക്കിള്‍ചെയിന്‍ ഇടിക്കട്ട നഞ്ചെക്ക് മുളക് പൊടി ഇത്യാതി ആഡംബര വസ്തുക്കളുടെ ഒരു സൂക്ഷിപ്പ് തന്നെ കാണും. വിദ്യാര്‍ത്ഥികളും അദ്ധ്യാപകാനദ്ധ്യാപകരും ഒക്കെ പാലിക്കപെടേണ്ട നിയമങ്ങള്‍ അതാതു കാമ്പസിലെ കുട്ടികുരങ്ങന്മാരുടെ കൂട്ടം തിരുമാനിക്കുന്നത് തന്നെ. അവിടുത്തെ സമാധാനവും പുറം ലോകത്തെ സമാധാനവും തമ്മില്‍ അജഗജാന്തരമുണ്ട്. കാമ്പസിലെ വല്യേട്ടനെ ശല്യം ചെയ്യാതിരിക്കുന്നിടത്തോളം കാമ്പസ് സമാധാന പരമായിരിക്കും.

ഒരുകാമ്പസില്‍ സര്‍വ്വാധികാരിയായിരിക്കുന്ന ഒരു പ്രസ്ഥാനം മറ്റൊരു സംഘടനയോടിടപെടുന്നത് അമേരിക്കാവു അല്‍ഖായിദായോടിട പെടുന്നതുപോലെയാണ്. അതിനിടയില്‍ പെടുന്നവരൊക്കെയും യുദ്ധത്തില്‍ പെട്ട് വെറുതെ ചുമ്മാ ഒരു തമാശക്ക് മരണപ്പെടുന്ന സാധു പ്രജകള്‍. പാവം പോലീസുകാരന്‍ മരിച്ചത് ഇപ്പോള്‍ ഹൃദയ സ്തംഭനം മൂലമാണെന്ന് പുതിയ വെളിപാടുകള്‍ വന്നു തുടങ്ങി. ഹൃദയ സ്തംഭനത്തെ അറസ്റ്റ് ചെയ്ത് അകത്തിടും നമ്മുടെ ഭരണ കൂടം - പോലീസ് കാരനെ കൊന്നത് ഹൃദയ സ്തംഭനം ആണെന്ന ന്യയം പറഞ്ഞ്.

പോലീസ് കാരന്റെ തലക്ക് അടിച്ചത് എസ്.എഫ്.ഐ ആണോ എ.ബീ.വി.പി. ആണോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. അടിച്ചത് ആരാണെങ്കിലും അവനെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുക എന്നത് എസ്.എഫ്.ഐ. യുടേയും ഏ.ബീ.വി.പീയുടേയും കടമയാണ്. എസ്.എഫ്.ഐ ക്കാരനാണാങ്കില്‍ എസ്.എഫ്.ഐ ക്കാര്‍ തന്നെ അവനെ സമൂഹത്തിന് കാട്ടി കൊടുക്കണം. എ.ബീ.വി.പി ക്കാരനാണെങ്കില്‍ എ.ബീ.വീ.പിക്കാര്‍ അവനെ പുറത്ത് കൊണ്ടു വരണം. അങ്ങിനെയൊരു നന്മയെങ്കിലും നാളെയുടെ വാഗ്ദാനങ്ങള്‍ മനുഷ്യമനസ്സാക്ഷിയോട് ചെയ്യണം.

3. മുല്ലപ്പെരിയാര്‍ - തെറ്റിദ്ധരിപ്പിക്കപ്പെടുന്ന സമൂഹം.
പോയവാരത്തിലും മുല്ലപ്പെരിയാര്‍ കേരളത്തിന്റെ ഉറക്കം കെടുത്തി. നൂറ്റി മുപ്പത്തിയാറ് അടിയില്‍ നിന്നും വെള്ളം ഉയരുന്ന ഒരോ നിമിഷവും കേരളം നടുങ്ങുന്നു. രണ്ടായിരമാണ്ടില്‍ ലോകം അവസാനിക്കും അവസാനിക്കും എന്ന് പറഞ്ഞ് ഭൂലോകരെ പേപ്പിടിയാക്കിയിരുന്നത് പോലെ കേരളത്തില്‍ മഴയൊന്ന് കൂടിയാല്‍ മുല്ലപ്പെരിയാര്‍ ദേണ്ടെ പൊട്ടാന്‍ പോകുന്നേ പൊട്ടാന്‍ പോകുന്നേയെന്ന് നിലവിളിച്ച് ചാനലുകള്‍ അവിടെയും ഇവിടേയും ചോരുന്ന വെള്ളത്തിന്റെ ക്ലോസപ്പുകള്‍ കാട്ടി എം.കെ.പ്രേമചന്ദ്രനേയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനേയും ലൈവിലിട്ട് തമ്മിലടിപ്പിക്കും. ഇതൊരു സ്ഥിരം നാടകവേദി. അങ്ങിനെയൊരു നാടകം ചാനലില്‍ നടക്കുന്നു കഴിഞ്ഞൊരു ദിനം. ഒരു ചങ്ങാതിയുടെ റൂമിലെ സഹമുറിയന്‍ അണ്ണാച്ചിയും ചാനലിലേക്ക് കണ്ണും നട്ടിരിക്കയാണ്. മുല്ലപ്പെരിയാറാണ് ചാനലിലെ വിഷയം. അണ്ണാച്ചിയുടെ ചോദ്യം പെട്ടെന്നായിരുന്നു.

“ഈ കേരളക്കാര്‍ ഞങ്ങളോടെന്തിനാണീ ചതി ചെയ്യുന്നത്?”

ഞങ്ങള്‍ക്ക് അത്ഭുതമായി. കാരണം അന്വോഷിച്ചു. അദ്ദേഹം പറഞ്ഞ കാരണം കേട്ട് ഞങ്ങളൊന്നു ഞടുങ്ങി.
“മുല്ലപ്പെരിയാറില്‍ നിന്നും ഞങ്ങള്‍ക്ക് വെള്ളം തരുന്നില്ല. ഡാമില്‍ നൂറ്റി നാല്പത്തി രണ്ട് അടി വെള്ളമുണ്ടെങ്കിലേ തങ്ങളുടേ കൃഷിയിടങ്ങളിലേക്ക് ആവശ്യത്തിന് വെള്ളം കിട്ടുള്ളൂ. മഴ തിമര്‍ത്ത് പെയ്യുമ്പോള്‍ ഡാം തുറന്ന് വിട്ട് തങ്ങളുടെ പാടങ്ങളെ വെള്ളത്തിനടിയിലാക്കുന്നു. അല്ലാത്തപ്പോള്‍ വെള്ളം ലഭിക്കുന്നില്ല..”

അങ്ങിനെ പോയി അദ്ദേഹത്തിന്റെ പാരാദൂരം. ശരിയാണ്: പാവം തമിഴ് നാട്ടുകാരന്‍ അണ്ണാച്ചിയെ തമിഴ് നാട്ടിലെ ചാനലുകള്‍ തെറ്റിദ്ധരിപ്പിക്കുന്നു. പ്രബുദ്ധരാ‍യ മലയാളി മന്ദ ബുദ്ധികളെ കേരളാ ചാനലുകള്‍ പൊട്ടാന്‍ പോകുന്ന അണകെട്ട് കാട്ടി കുരങ്ങ് കളിപ്പിക്കുന്നു. ചാനലുകളെല്ലാം കൂടി അണകെട്ട് പൊട്ടിച്ച് വിടാതിരുന്നാല്‍ മതിയായിരുന്നു. ഇപ്പോഴൊത്തെ നിലയില്‍ അതിനും സാധ്യതയില്ലാതില്ല.

4. കേരളപിറവീ ദിനവും, രാഷ്ട്രപതിയുടെ കേരളാ സന്ദര്‍ശനവും പിന്നെ ഹര്‍ത്താലും.
ഹര്‍ത്താലിന്റെ സ്വന്തം നാടായ കേരളം, കേരള പിറവി ദിനത്തിലും രാഷ്ട്രപതീ സാനിദ്ധ്യത്തില്‍ ഹര്‍ത്താല്‍ ഭംഗിയായി അഘോഷിച്ചു. ഹര്‍ത്താല്‍, രാ‍ഷ്ട്രപതി, കേരളാ പിറവി എന്ന വിഷയത്തിലെ മാരത്തോണ്‍ ചര്‍ച്ച കഴിഞ്ഞില്ലേ. ഓ..ഇന്നിയിപ്പം തന്റെ ഒണക്ക വിചാരത്തിലും കൂടി താന്‍ അത് വിചാരപ്പിക്കാത്തതിന്റെ കുറവും കൂടിയേ ഉണ്ടായിരുന്നുള്ളൂ എന്നാണെങ്കില്‍ ബൂലോക സാഹോദര്യമേ വിചാരിപ്പ്കാരനോട് ക്ഷമീര്. അതിനല്ല ഇത്രയും പറഞ്ഞത്. ഹര്‍ത്താല്‍ ദിനത്തില്‍ ഭാരതീയ ജനതാപാര്‍ട്ടിയുടെ ഒരു ജാഥയില്‍ കേട്ട മുദ്രാവാക്യം വിചാരിപ്പ്കാരനങ്ങ് ക്ഷ പിടിച്ചു. ദേണ്ടെ അത് ബൂലോക സമക്ഷം സമര്‍പ്പിക്കുന്നു.
“കേരളത്തിലെ എം.പീമാര്‍
ഇരുപത്തൊമ്പത് ഷണ്ഡന്മാര്‍...”
ഹോ... എന്നാ നിരീക്ഷണം. ജമ്മത്തിന്നുവരെ ഇതുപോലെ രണ്ടുവരിയില്‍ കേരളത്തെ അപ്പാടെ നിര്‍വചിച്ച ഒരു മുദ്രാവാക്യം കേട്ടിട്ടില്ല.

ബൂമറങ്ങ് :
“അയ്യപ്പ ദര്‍ശനം വെബ്‌സൈറ്റിലൂടെ” - വാര്‍ത്ത.
“അയ്യപ്പനെ വൈറസ് ബാധിക്കാതിരിക്കാന്‍ ഒരു വൈറസ് സംഹാര ഹോമം കൂടി നടത്താം.”

5 comments:

അഞ്ചല്‍ക്കാരന്‍ said...

ഭൂലൊകവാരം പതിനൊന്നാം ലക്കം ബൂലോക സമക്ഷം സമര്‍പ്പിക്കുന്നു.
നന്ദി.

വാല്‍മീകി said...

പൂര്‍വാധികം മികച്ചതായി. ബൂമറാങ് ഇഷ്ടപെട്ടു.

വല്യമ്മായി said...

ഇവിടത്തെ ജീവിത ചെലവിനെ കുറിച്ച് പറഞ്ഞത് വളരെ ശരി.

സഹയാത്രികന്‍ said...

മാഷേ... നന്നായി...
പ്രത്യേകിച്ച് ഗള്‍ഫ് വിശേഷവും ബൂമറങ്ങും...
ആശംസകള്‍

:)

ത്രിശങ്കു / Thrisanku said...

നല്ല വിശകലനങ്ങള്‍.


കരാറില്‍ ഒപ്പിടുന്നതിന് മുമ്പ് കരാറിലെ വേതനം കൊണ്ട് തനിക്കും തന്റെ കുടുംബത്തിനും ജീവിക്കാന്‍ കഴിയുമോ എന്ന് ഉറപ്പ് വരുത്തുക.


വിലകയറ്റം സ്വാഭാവികമായിരിക്കാം. പക്ഷേ ഇത്തരത്തിലുള്ള വാടക വര്‍ദ്ധന ആരെങ്കിലും സങ്കല്‍‌പ്പിച്ചിട്ടുണ്ടാവുമോ?