Monday, October 29, 2007

വാരവിചാരം : ബൂലോകം പോയ വാരം : പത്താം ലക്കം.

1. ആമുഖം
കളികളായിരുന്നു പോയവാര ബൂലോക സവിശേഷത. മുന്നിലെത്തിയ പത്തുമുതല്‍ പുതു ഗ്രൂപ്പുവരെ എല്ലാം തമാശമയം. ശരിയേത് തെറ്റേത്, കളിയേത് കാര്യമേത് എന്നതൊന്നും തിരിച്ചറിയാതെ ബൂലോകര്‍ വാപോളിച്ച് നിന്നു. ബ്ലോഗന്‍ ബ്ലോഗണി വിവാഹത്തിന്റെ സന്ദേശം ബൂലോകത്തിന്റെ പത്ത് രണ്ടായിരം അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കാതെ ഭൂലോകത്തിന്റെ വിശാലതയിലേക്ക് പരന്നൊഴുകി. കാര്യങ്ങളൊന്തൊക്കെയായാലും നാലുപേര്‍ കൂടണ കാര്യമല്ലേ, ചില്ലറ തമ്മില്‍ തല്ലും പാരകളും ഒഴിയാതെ നില്‍ക്കുന്നതും കാണാമായിരുന്നു. തമാശകള്‍ നിറഞ്ഞ വാരാന്ത്യത്തിലേക്ക് വളരെ ഗൌരവതരമായ ചര്‍ച്ചയുമായി വാരവിചാരവും കടന്നു വരുന്നു.

2. ടോപ് ബ്ലോഗുകള്‍ തേടി തേടി അലയുന്നവര്‍...
“ടോപ് ബ്ലോഗ് ഓഫ് ദ വീക്ക്” എന്നൊരു സംരംഭവുമായി വന്ന സുജിത്ത് ഭക്തന്‍ ആദ്യം തിരഞ്ഞെടുത്തത് “ബൂലോക കാരുണ്യം” എന്ന ബ്ലോഗ്. രണ്ടാം വാരത്തെ “ടോപ് ഓഫ് ദ വീക്ക്” ആയത് “ബാച്ചി ക്ലബ്ബ്”. ഭക്തന്‍ “ടോപ്പ്” നിരീക്ഷണം രണ്ടാം വാരം കൊണ്ട് നിര്‍ത്തി. ഈപ്പോള്‍ “ബ്ലോഗേഴ്സിനെ ആദരിക്കലുമായി” എത്തിയിരിക്കുകയാണ്. ഇതിനിടക്ക് വേഡ് പ്രസില്‍ എഴുതുന്നവരുടെ ഒരു ഗ്രൂപ്പും നടത്തുന്നുണ്ട് ഭക്തന്‍. ബ്ലോഗ് റോള്‍ എന്നൊരു സംരംഭവും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇടക്കിടക്ക് ബൂലോകരെ ഉദ്ധരിക്കാന്‍ ചില ഉപദേശ പോസ്റ്റുകളും. തുടക്കത്തില്‍ തന്നെ ബ്ലോഗ് ചരിത്രത്തിലെ ആദ്യത്തെ ബ്ലോഗ് ഓണ്‍ ലൈന്‍ മാഗസീന്‍ ആയ “ചായക്കട” അദ്ദേഹത്തിന്റേതായി വന്നു. തുടക്കവും ഒടുക്കവും ഒരു ദിവസം തന്നെയായിരുന്നു. സുജിത് ഭക്തന്റെ സംരംഭങ്ങള്‍ തുടങ്ങുന്നതും ഒടുങ്ങുന്നതും വളരെ പെട്ടെന്നാണ്. തലക്കെട്ടില്‍ നിന്നും മുന്നോട്ടു പോകാന്‍ ഭക്തന്‍ ശ്രമിക്കാറില്ല. ഉറുമ്പ് എന്ന ബ്ലോഗറും അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഒരിക്കല്‍ “എഴുത്തുകാരെ നോക്കാതെ സൃഷ്ടിയെ മാത്രം വിലയിരുത്തി നല്ലവയെ തിരഞ്ഞെടുക്കുന്ന” ഒരു പ്രസ്ഥാനം നടത്തിയിരുന്നു. ഏഴ് സൃഷ്ടികളോടെ അതും പൂട്ടി.

അതുപോലെയാണ് ഇപ്പോള്‍ അവതരിച്ചിരിക്കുന്ന ടോപ്പ് ടെന്‍ എന്ന കോപ്രായവും. എല്ലാ മാസവും മുന്നിലെത്തുന്ന ബ്ലോഗുകളെ തിരഞ്ഞെടുക്കും എന്ന് പറഞ്ഞ് അവതരിച്ചിരിക്കുന്ന സംഘാടകര്‍ ചെയ്യാന്‍ പോകുന്നത് എന്താണെന്ന് അവര്‍ക്കു പോലും നിശ്ചയമില്ല. ഏറ്റവും നല്ല പത്ത് ബ്ലോഗുകള്‍ എന്ന് പറഞ്ഞിട്ട് പത്ത് പോസ്റ്റുകളാണ് കൊടുത്തിരിക്കുന്നത്. ബ്ലോഗുകള്‍ എന്താണെന്നോ പോസ്റ്റുകള്‍ എന്താണെന്നോ തിരിച്ചറിയാന്‍ കഴിയാത്തവര്‍ ബ്ലോഗ് നിരീക്ഷണമെന്നും പറഞ്ഞ് വരുന്നത് എന്തിന്റെ നാന്ദിയാണെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

വിചാരിപ്പുകാരന്റെ .ഫല്‍ഗൂന് വീണുകിട്ടിയ മഹാഭാഗ്യം എന്ന കഥ പ്രസിദ്ധീകരിക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് വക്രബുദ്ധി എന്നൊരു സഹപത്രാധിപര്‍ കമന്റെഴുതിയപ്പോള്‍ വിചാരിപ്പ് കാരനുണ്ടായ സന്തോഷത്തിനതിരുണ്ടായിരുന്നില്ല. പക്ഷേ പേര് സൂചിപ്പിച്ചത് പോലെ വക്രത നിറഞ്ഞ ആ കമന്റില്‍ മാത്രമേ പ്രസിദ്ധീകരണം ഉണ്ടായിള്ളൂ. അതുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ടത് എന്ന ലേബലില്‍ വരുന്ന ബ്ലോഗുകളില്‍ പെടുന്നവര്‍ക്കുണ്ടാകുന്ന സന്തോഷങ്ങളെ അതേ അര്‍ത്ഥത്തില്‍ തന്നെ ബഹുമാനിച്ചു കൊണ്ട് പറയട്ടെ: ടോപ്പ് ടെന്‍‍, ടോപ് ഓഫ് ദ വീ‍ക്ക് എന്നൊക്കെ പറഞ്ഞ് തങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നവരുടെ മൃദുല വികാരങ്ങളെ ചൂഷണം ചെയ്യുക എന്നതിലുപരി ഇത്തരത്തിലുള്ള സംരംഭങ്ങള്‍ക്ക് യാതൊരുവിധ ആത്മാര്‍ത്ഥതയും ഉണ്ടായിരിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തങ്ങളിലേക്ക് ശ്രദ്ധ പിടിച്ച് നിര്‍ത്താനുള്ള ചില കുറുക്കു വഴികള്‍ അത്ര തന്നെ.

കിനാവ് എന്ന ബ്ലോഗറുടെ “ബൂലോകവാരഫലം” എന്നൊരു ബ്ലോഗും ഇതൊക്കെ തന്നെയാണ് ചെയ്തത്. ഏറ്റവും അവസാ‍നം വന്ന വാരഫലത്തില്‍ “ശൂ...” വരച്ച് പോയ “ബൂലോക വാരഫലം” പോയ വാരം വെളിച്ചം കണ്ടതേയില്ല. ബൂലോകത്തെ എല്ലാ രചനകളും “ശൂ..” ആയതു കൊണ്ട് ഇനി ഫലം നോക്കിയിട്ട് കാര്യമൊന്നുമില്ലാ എന്നാണോ വാരഫലക്കാരന്‍ അര്‍ത്ഥമാക്കുന്നത് എന്നതാണ് വിചാരിപ്പ് കാരന്റെ ഇപ്പോഴത്തെ വിചാരം? ചെയ്യാന്‍ കഴിയാത്ത കാര്യം ഏറ്റെടുത്തിട്ട് പറ്റാതെ വരുമ്പോള്‍ ആയുധത്തെ കുറ്റം പറഞ്ഞ് തിരിഞ്ഞ് നടക്കുന്നത് ശരിയോയെന്ന് വാരഫലക്കാരന്‍ ചിന്തിക്കുന്നത് നന്ന്.

ഒരു അര്‍ത്ഥത്തില്‍ ഈ “വാരവിചാരവും” ആള്‍ക്കാരെ കൂട്ടാനുള്ള ഒരു ഉപാധിയായിട്ടാണ് വിചാരിപ്പ്കാരന്‍ കാണുന്നത്. പുതുമുഖങ്ങളെ പരിചയപ്പെടുത്തുന്നതും മറ്റു ബ്ലോഗിലേക്ക് ലിങ്ക് കൊടുത്ത് ശ്രദ്ധ ക്ഷണിക്കുന്നതും ചിത്രകാരന്റെ ഒരു പോസ്റ്റില്‍ വിചാരിപ്പ് കാരനെ വിചാരിപ്പിന് വിധേയമാക്കി കൊണ്ട് ഒരാള്‍ കമന്റിയത് പോലെ ബസ്റ്റാന്റില്‍ ആളെ വിളിച്ചു വിടുന്ന മാതിരിയുള്ള ഒരു ഏജന്‍സി എന്നതിലുപരി “വാരവിചാരത്തില്‍” പെട്ടിട്ടുണ്ടോ എന്ന് ബൂലോകരെ കൊണ്ട് നോക്കിക്കാന്‍ വേണ്ടി ബ്ലോഗിലേക്ക് ആളെ കൂട്ടുക എന്ന ചെപ്പടി വിദ്യയും ഈ സംരംഭത്തിന്റെ പിന്നിലുണ്ട് എന്നതാണ് സത്യം. സ്റ്റഫില്ലാത്ത ബ്ലോഗുകളിലേക്ക് അള്‍ക്കാരെ ആകര്‍ഷിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം തലവാചകത്തില്‍ “ബൂലകം” എന്ന് ചേര്‍ക്കുക എന്നതാണ്. ബൂലോകത്തിന്റെ ആ മനശ്ശാസ്ത്രത്തെ നന്നായി ചൂഷണം ചെയ്യുന്ന ഒരു ബ്ലോഗാണ് നിങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്ന ഈ “വാരവിചാരവും” എന്നതില്‍ യാതൊരു തര്‍ക്കവും ഇല്ല തന്നെ.

“നന്മ നിറഞ്ഞ ചിലരെങ്കിലും ഉള്ളതു കൊണ്ടാണ് ലോകം അവസാ‍നിക്കാത്തത്” എന്ന് പറയുന്നതു പോലെ, കണ്‍കെട്ടുകളും ചെപ്പടി വിദ്യകളും ഇല്ലാതെ നന്നായി എഴുതി പോകുന്ന ഏതാനും ചില ബ്ലോഗുകള്‍ക്ക് വേണ്ടി തന്നെയാണ് ബൂലോകം നിലനില്‍ക്കുന്നത്.

3. ഹരിയുടെ സാങ്കേതികം.
കമ്പൂട്ടറിന്റെ വിവിധ സാങ്കേതിക വശങ്ങളെ ലളിതമായി അവതരിപ്പിക്കാന്‍ എപ്പോഴും ശ്രമിക്കാറുള്ള ഹരി പോയവാരം പരിചയപ്പെടുത്തിയത് കമ്പൂട്ടറിലെ ശബ്ദലേഖനത്തെയാണ്. അവതരിപ്പിക്കുന്ന വിഷയം വായനക്കാരന് ഉപയോഗപ്പെടണം എന്ന മുന്‍ വിധിയോടെ തന്നെയാണ് ഹരി വിഷയങ്ങള്‍ സമര്‍പ്പിക്കുന്നത്. സാങ്കേതികം എന്ന ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഉപയോഗ പ്രദം തന്നെ.

4. വാവയുടെ ചിത്രങ്ങള്‍.
കുഞ്ഞ് കണ്ണുകളില്‍ പതിക്കുന്ന വല്ലിയ കാഴ്ചകളാണ് വാവയുടെ ചിത്രങ്ങള്‍. പ്രവാസത്തിന്റെ ഈ പിന്നാമ്പുറ കാഴ്ച ദയനീയമാണ്. വാവയുടെ ചിത്രം കാട്ടി തരുന്ന പ്രവാസ ദുരന്ത കാഴ്ചയെ “നല്ല ചിത്രം” എന്ന് പറയുന്നവര്‍ ആ ചിത്രത്തിലെ ദയനീയതയെ ഉള്‍കൊണ്ടോ എന്ന് സംശയം. എരിയുന്ന പുരയുടെ ചിത്രം നോക്കി ഹായ് എത്ര നല്ല ചിത്രം എന്ന് പറയുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല. ദയനീയത പ്രതിഫലിക്കുന്ന ചിത്രം എടുത്തയാളുടെ കഴിവിനെ അഭിനന്ദിക്കുമ്പോള്‍ “നല്ല ചിത്രം” എന്ന വാക്ക് ഉപയോഗിക്കാന്‍ കഴിയുമോ?

5. അബ്ദുവും വിവാഹിതനായി.
ഇടങ്ങള്‍ എന്ന പേരില്‍ ബ്ലോഗെഴുതുന്ന അബ്ദുവും വിവാഹിതരുടെ ക്ലബ്ബില്‍ ചേര്‍ന്ന വാരമാണ് കടന്നു പോയത്. ഒക്ടോബര്‍ ഇരുപത്തിനാലാം തീയതിവിവാഹിതനായ അബ്ദുവിനും ഭാര്യ താഹിറക്കും വാരവിചാരത്തിന്റേയും മംഗളാശംസകള്‍.

5. ദേവേട്ടന്റെ കുസൃതി പോസ്റ്റ്
വായനാ സമൂഹം ഒരു കുസൃതി പരീക്ഷണം എന്ന പോസ്റ്റുമാ‍യി വന്ന ദേവന്‍ പറഞ്ഞ് വെച്ചത് ബൂലോകത്തെ ഇരട്ട വ്യക്തിത്വങ്ങളുടെ പ്രധാന്യത്തെ കുറിച്ചായിരുന്നു. പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കകം ബൂലോകത്ത് ഇടക്ക് പോയും വന്നുമൊക്കെ ഇരിക്കുന്ന പ്രശസ്തനായ ഒരു ബ്ലോഗര്‍ രണ്ടാം വ്യക്തിത്വവുമായി വന്നത് കൌതുകം ഉണര്‍ത്തി. ശശിയുടെ ഗ്രൂപ്പിസം ദേവേട്ടന്റെ കുസൃതി പോസ്റ്റിന്റെ പ്രാധാന്യത്തെ വിളിച്ചോതുന്നു. എങ്ങിനെയെഴുതിയാലും ശൈലിയില്‍ നിന്നും എഴുത്തുകാരന്‍ ബൂലോകത്ത് കയ്യോടെ പിടിക്കപ്പെടും എന്ന ദേവേട്ടന്റെ നിരീക്ഷണം ശരിയാണെന്നടിവരയിടുന്നു ശശീ ബ്ലോഗ്.

6. ത്രിശങ്കു.
ഒരു പുതിയ ബ്ലോഗ് അഗ്രഗേറ്ററും കൂടി ഉദിച്ച വാരമാണ് കടന്ന് പോയത്. ത്രിശങ്കു എന്ന ബ്ലോഗ് അഗ്രഗേറ്ററ് നിലവിലുള്ള മറ്റു അഗ്രഗേറ്ററുകളില്‍ നിന്നും വ്യത്യസ്തവും സൌകര്യപ്രദവുമായ സേവനമാണ് നല്‍കുന്നത്. ചിന്ത ഡോട് കോം പോലുള്ള പ്രസ്ഥാനങ്ങള്‍ പലപ്പോഴും പണിമുടക്കുന്നതിനിടക്ക് ഇങ്ങിനെയുള്ള സംരംഭങ്ങള്‍ക്ക് പ്രാധാന്യമേറെയാണ്. ഗൂഗിള്‍ ബ്ലോഗ് സെര്‍ച്ചും പോസ്റ്റുകളിലേക്കെത്തുവാന്‍ സഹായകരമാണ്.

7. ആനുകാലികങ്ങളില്‍ നിന്നും...
ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന കവിതകളെ ഒരിമിച്ച് കൂട്ടാനായി സുനില്‍ കൃഷ്ണന്റെ പ്രയത്നമാണ് കാവ്യം എന്ന ബ്ലോഗ്. ആനുകാലികങ്ങളില്‍ നിന്നും ഇന്റര്‍നെറ്റിലേക്കുള്ള പാലത്തിന്റെ നിര്‍മ്മിതി ബന്ധപ്പെട്ട അധികാരികളുടെ രേഖാമൂലമുള്ള അനുവാദത്തോടെയല്ലായെങ്കില്‍ സുനില്‍ കെണിയും-ഇന്നല്ലെങ്കില്‍ നാളെ. നല്ല സംരംഭം. ഭൂലോകത്തെ കവിതകളെ അനുഭവിക്കാന്‍ കഴിയുന്നൊരിടമാണ് “കാവ്യം”.

8. ആസ്ത്രേലിയയുടെ ഭാരത പര്യടനം.
ജയകൃഷ്ണന്റെ ഓര്‍മ്മകളുടെ ബുക്കില്‍ ഇത്തവണ ചര്‍ച്ച ചെയ്തിരിക്കുന്നത് ആസ്ത്രേലിയാ ക്രിക്കറ്റ് ടീമിന്റെ ഭാരത പര്യടനത്തെയാണ്. ഭാരതാവൂന്റെ ക്രിക്കറ്റ് നേരിടുന്ന പ്രതിസന്ധികളും പടല പിണക്കങ്ങളും തന്‍‌പൊരിമയും കളിക്കാരുടേയും കാണികളുടേയും അമിതാവേശവും അസഹിഷ്ണുതയും ഒക്കെ ജയകൃഷ്ണന്‍ നന്നായി വിശകലനം ചെയ്തിരിക്കുന്നു. ആസ്ത്രെലിയാവിന്റെ ഭാരത പര്യടനത്തെ അധികരിച്ച് ഭാരത ക്രിക്കറ്റിനെ വിലയിരുത്തിയാല്‍ നാമെത്തുക ഭാരത ക്രിക്കറ്റ് ഇപ്പോഴും ഭാഗ്യ പരീക്ഷണം തന്നെയാണ് നടത്തുന്നത് എന്നിടത്താണ്. കിട്ടിയാല്‍ കിട്ടി. പൊട്ടിയാലും കിട്ടി-ലക്ഷങ്ങള്‍ കളികാര്‍ക്ക്.

9. മധുര ഗീതങ്ങള്‍.
മലയാളത്തിലെ നിത്യഹരിത ഗാനങ്ങള്‍ ഒരിമിച്ച് കൂട്ടാനുള്ള ഒരു ശ്രമമാണ് മധുര ഗീതങ്ങള്‍ എന്ന ബ്ലോഗില്‍ ഉള്ളത്. നല്ല കുറേ ഗാനങ്ങള്‍ ഇപ്പോള്‍ തന്നെ ചേര്‍ത്തിരിക്കുന്നു. സീഡിയും കാസറ്റും എമ്പീത്രീയും ഒക്കെ ഉണ്ടെങ്കിലും നെറ്റിലും കിടക്കട്ടെ കാലാകാലം കുറച്ച് നല്ല ഗാനങ്ങള്‍. പക്ഷേ ബ്ലോഗിന്റെ മുതലാളി ആരാണെന്ന് എത്ര തപ്പിയിട്ടും കിട്ടിയില്ല.

10. റീത്തയോടൊപ്പം ഒരു രാത്രി.
പോസ്റ്റിന്റെ ടൈറ്റില്‍ കാണുമ്പോള്‍ കുട്ടികളടുത്തുണ്ട് എങ്കില്‍ ഒരു ചെറു ഉള്‍ക്കിടിലം ഉണ്ടാവുന്നു എന്നത് സത്യം തന്നെ. എങ്ങിനെ പോസ്റ്റിന് ആകര്‍ഷകമായ പേരിടണമെന്ന് വാല്‍മീകിയില്‍ നിന്നും പഠിക്കണം. റീത്ത എന്ന കൊടുങ്കാറ്റിനെ മുഖാമുഖം കണ്ടതിന്റെ ഓര്‍മ്മകുറിപ്പുകളാണ് വാല്‍മീകി റീത്തയോടൊപ്പം ഒരു രാത്രി എന്ന പോസ്റ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. പൊസ്റ്റിന്റെ ടൈറ്റില്‍ കണ്ട് എന്തൊക്കെയോ പ്രതീക്ഷിച്ചാണ് വായിച്ച് തുടങ്ങുന്നത് എങ്കില്‍ കൂടിയും എഴുത്ത് കാരന്റെ കരവിരുത് കൊണ്ട് ഒരു വാ‍ക്ക് പോലും വിടാതെ ആകാംഷയോടെ വായിച്ച് തീര്‍ക്കാന്‍ കഴിയുന്നതാണ് റീത്തയോടൊപ്പമുള്ള രാത്രി.

11. ജനകീയ ശാസ്ത്രം.
ബൂലോകത്തെ ഏറ്റവും നല്ല ചര്‍ച്ചകളുടെ ഒരു ലിസ്റ്റ് എടുത്താല്‍ അതിലധികവും കെ.പി.സുകുമാരന്‍ മാഷിന്റെ സംഭാവനകള്‍ ആയിരിക്കും എന്നതിന് രണ്ടഭിപ്രായം ഉണ്ടാകും എന്ന് തോന്നുന്നില്ല. മാഷിന്റെ ജനകീയ ശാസ്ത്രം എന്ന ബ്ലോഗില്‍ വരുന്ന ലേഖനങ്ങളെല്ലാം തന്നെ ശാസ്ത്ര സത്യങ്ങളെ ലളിതമായി വിവരിക്കാനുള്ള ശ്രമമാണ്. ഈ ബ്ലോഗില്‍ ഇതുവരെ അവതരിപ്പിക്കപ്പെട്ട ആറ് പോസ്റ്റുകളും അത്യന്തം വിജ്ഞാനപ്രദമാണ് എന്നതിലുപരി സംവേദന ക്ഷമങ്ങളുമാണ്. അടിസ്ഥാന ശാസ്ത്രാവബോധം ഒന്നുമില്ലാത്ത ഒരാള്‍ക്ക് കൂടിയും എളുപ്പം ഗ്രഹിക്കുവാന്‍ കഴിയുന്ന രീതിയിലാണ് വിഷയങ്ങളുടെ അവതരണം. മാഷിന്റെ തന്നെ വാ‍ക്കുകള്‍ കടമെടുത്താല്‍ “വിദ്യാഭ്യാസകാലത്ത് എല്ലാവരും സയന്‍സ് പഠിക്കുന്നുണ്ടെങ്കിലും പിന്നീട് അത് മറന്നു പോകുന്നതിനാല്‍ ആര്‍ക്കും സയന്‍സിനെക്കുറിച്ചു ഒരു സാമാന്യ ധാരണ ഉണ്ടാകുന്നില്ല.അതുകൊണ്ട് മുതിര്‍ന്നവര്‍ക്ക് സയന്‍സിന്റെ ഒരു പുനര്‍‌വായന ആവശ്യമുണ്ട്. സയന്‍സിന്റെ അടിസ്ഥാന വസ്തുതകള്‍ എനിക്കറിയാവുന്ന ഭാഷയില്‍ വിവരിക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ..” ഉദ്യമം വിജയത്തിലെത്തട്ടെ!

12. പുലിമട.
നിശ്ശബ്ദമായ ഒരു വിപ്ലവത്തിനാണ് കാര്‍ട്ടൂണിസ്റ്റ് സജ്ജീവിന്റെ കേരള ഹ..ഹ..ഹ എന്ന ബ്ലോഗ് സാക്ഷ്യം വഹിക്കുന്നത്. ബൂലോകത്തുള്ള സര്‍വ്വ പുലികളേയും കൂട്ടിലടക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഡിസംബര്‍ മുപ്പത്തി ഒന്നിനകം നൂറ് കാരിക്കേച്ചറുകളാണ് അദ്ദേഹത്തിന്റെ ഉന്നം. രണ്ടായിരത്തി പത്തില്‍ ആയിരം പുലികളുടെ കാരിക്കേച്ചറുകള്‍ എന്ന റിക്കാഡിലേക്ക് നടന്നടുക്കുന്ന സജ്ജീവിന്റെ പുലിമടയിലെ അമ്പതാം നമ്പര്‍ പുലിയാകാന്‍ ഭാഗ്യം സിദ്ധിച്ചത് “മെലോഡിയോസിനാണ്”. കാര്‍ട്ടൂണിസ്റ്റിന്റെ ഊണേശ്വരം പി.ഓ. എന്ന ബ്ലോഗും ചിരിക്കും ചിന്തക്കും വക നല്‍കുന്നു. ബൂലോകത്തെ മറ്റു ബ്ലോഗുകളിലെ ഏറ്റവും വല്ലിയ സാനിധ്യമാണ് ഇപ്പോള്‍ കാര്‍ട്ടൂണിസ്റ്റ്. സ്വന്തം ചിത്രങ്ങള്‍ക്ക് പകരം സജ്ജീവിന്റെ കാരിക്കേച്ചര്‍ പ്രൊഫൈലില്‍ തൂക്കാന്‍ ബൂലോകര്‍ കാട്ടുന്ന താല്പര്യം അദ്ദേഹത്തിന്റെ വരകളുടെ വിജയമാണ്. അമ്പതാം പുലിയിലെത്തിയ സജ്ജീവിന് വാരവിചാരത്തിന്റേയും ആശംസകള്‍!

13. നവാഗതര്‍
പോയ രണ്ട് വാരങ്ങളെ പോലെ തന്നെ ഈ വാരവും പുതു ബ്ലോഗുകളുടെ ഒരു കുത്തൊഴുക്ക് തന്നെ ഉണ്ടായി. ഇക്കാസിന്റേയും ജാസൂട്ടിയുടേയും വിവാഹ വിളംബരം പത്രങ്ങളില്‍ സ്ഥാനം പിടിച്ചതും മാതൃഭൂമിയിലെ വിശാല മനസ്കന്റെ അഭിമുഖാനന്തരം മാതൃഭൂമിയില്‍ തന്നെ നടന്ന തുടര്‍ചര്‍ച്ചകളും ആണ് ഈ ഒരു ചലനത്തിന് ഹേതു. പുതുതായി അവതരിച്ച ബ്ലോഗുകളില്‍ പ്രതീക്ഷക്ക് വക തരുന്നവ വളരെയേറെയുണ്ട്. മാത്രമല്ല സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും ബ്ലോഗുകള്‍ ഉണ്ടാകുന്നു എന്നതും പോയ വാരത്തെ സവിശേഷതയായിരുന്നു.

1. സയന്‍സ് അങ്കിള്‍
മലയാളം സയന്‍സ് അന്റ് ഹോബി മാസിക എന്നാണ് തലകെട്ട്. സയന്‍സ് അങ്കിള്‍ തന്നെ നടത്തുന്ന ബ്ലോഗ്. സംഘാടകന്റെ തന്നെ വാക്കുകളാണ് ഈ ബ്ലോഗിനെ പരിചയപ്പെടുത്താന്‍ ഏറ്റവും ഉചിതം “ചെറുപ്പകാലത്തിന്റെ കുസൃതികളാണ് ശാസ്ത്രകൌതുമായി വളരുന്നത്. അത്തരം ഒരു ഭൂതകാലത്തിലെ സ്മരണകള്‍ പുത്തന്‍ തലമുറക്കു കൂടി സമ്മാനിക്കാനാണ് ഈ സൈറ്റ് ഒരുക്കിയിരിക്കുന്നത്. ഇത് കൂട്ടുകാര്‍ക്കുള്ള കനപ്പെട്ട ഒരു ഉപഹാരമാകുമെന്നു പ്രതീക്ഷിക്കുന്നു.” പ്രതീക്ഷ നിലനിര്‍ത്താന്‍ സയന്‍സ് അങ്കിളിന് കഴിയും എന്നാണ് ആദ്യ പോസ്റ്റുകള്‍ നല്‍കുന്ന സൂചന.

2. ശാസ്ത്ര പരീക്ഷണങ്ങള്‍
ഈ ദുനിയാവിലെ നിസ്സാരനായ റഫീക്ക് കീഴാറ്റൂരിന്റേതാണ് ബ്ലോഗ്. “പരീഷണങ്ങള്‍ പരിച്ചയപെടുത്തുവാന്‍,പരസ്പരം കൈമാറുവാന്‍ ഒരു വേദി” അതാണ് റഫീക്ക് ലക്ഷ്യം വക്കുന്നത്. ലക്ഷയ്ത്തിലേക്കെത്താനുള്ള റഫീക്കിന്റെ ശാസ്ത്ര പരിചയമൊന്നും പ്രൊഫൈലില്‍ ലഭ്യമല്ല.

3. വിശേഷാല്പ്രതി.
മണികുട്ടന്റെ വിശേഷാല്‍ പ്രതി. “കണ്ണാടി കാണ്മോളവും തന്മുഖം മാത്രം നന്നെന്നുനിരൂപിക്കും എത്രയും വിരൂപന്‍മാര്‍..” എവിടെയൊക്കെയോ തട്ടുന്ന വരികള്‍. ആദ്യ കുദാ‍ശ പ്രതീക്ഷ നല്‍കുന്നു.

4. വിവേകം.
ദത്തന്റെ ബ്ലോഗ്. അന്നത്തെ കുഞ്ഞൂഞ്ഞും ഇന്നത്തെ ബിഷപ്പും എന്ന ആദ്യ പോസ്റ്റ് തന്നെ ശ്രദ്ധയര്‍ഹിക്കുന്നു. പക്ഷേ വേണ്ടത്ര പരിഗണന കിട്ടിയിട്ടില്ല ദത്തന്. നല്ലൊരു നിരീക്ഷകനാണ് താനെന്ന് ആദ്യ പോസ്റ്റ് തന്നെ വിളിച്ചു പറയുന്നു.

5. വയലോരം.
വയലോരത്തിന്റെ ബ്ലോഗാണ് വയലോരം. “ഉടന്‍ വരുന്നൂ..” എന്നൊരു ബാനര്‍ മാത്രം. ഇതുവരെ വന്നിട്ടില്ല.

6. ലഹരി തീണ്ടിയ ഓര്‍മ്മകള്‍.
എല്ലെമ്മിന്റെ പുതിയ ബ്ലോഗ്. കള്ള്, കഞ്ചാവ്, പെണ്ണ് എന്നിങ്ങനെ ഒരു അരാജകവാദിയുടെ അഹംഭാവങ്ങളുമായി എത്തിയ എല്ലെം‍ പകലുറങ്ങുമ്പോള്‍ രാത്രികള്‍ ചെയ്യുന്നത് എന്ന നല്ല തലകെട്ടോടെ തുടങ്ങിയ ആദ്യ പോസ്റ്റിന്റെ അവസാനം ഇങ്ങിനെ എഴുതിയിരിക്കുന്നു “ഇന്നത്തെ രാത്രി അതിജീവിക്കുകയാണെങ്കില്‍ വീണ്ടും കാണാം..” പിന്നെ കണ്ടില്ല. രാത്രിയെ അതിജീവിച്ച് കാണില്ല.

7. മരത്തണലില്‍.
കാണിയുടെ ബ്ലോഗ്. വാക്കുകളില്‍ രോഷം കത്തി നില്‍ക്കുന്ന മറ്റൊരു ബ്ലോഗ്. പറയാനുള്ളത് കാടുകയറാതെ ചെറിയ പോസ്റ്റുകളിലായി പറഞ്ഞ് പോകാന്‍ കാണിക്കാകുന്നു. “കാണി” നല്ല പേരും.

8. മാമ്പല കുന്നിലെ പൂമ്പാറ്റകള്‍.
കവിത പോലെ സുന്ദരമായ തലവാചകം. പ്രസന്നകുമാറിന്റെ ബ്ലോഗിലെ കവിത്വം പേരിലവസാനിക്കുന്നു. തനിമലയാളത്തിലൂടെ ഒരിടത്തു നിന്നും റീഡയറക്ടൊക്കെ ചെയ്ത് മാമ്പലകുന്നിലെത്തിയാല്‍ വഴിപോക്കന്‍ നിരാശപ്പെടേണ്ടി വരും. ഒന്നുമില്ല ബ്ലോഗില്‍.

9. ഭരണഭേരി.
സുധീഷ് കുമാറ് ജെയുടെ ബ്ലോഗ്. ലക്ഷ്യം ഇതാ ഇങ്ങിനെ “പൌരനെന്ന നിലയില്‍ നിര്‍ബന്ധമായും നാം അറിയേണ്ട, വിശകലനം ചെയ്യേണ്ട രാഷ്ട്രീയമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.” വായനക്കാര്‍ അരാഷ്ട്രീയ വാദികളാണെന്ന് തെളിയിക്കുന്നു അഭിപ്രായ സര്‍വ്വേ. ഇതു വരെ സമ്മതീദാനാവകാശം രേഖപ്പെടുത്തിയവരുടെ എണ്ണം “ശൂന്യം”.

10. ബി-ലോകം
വ്യാപാര, വാണിജ്യ, വ്യവസായ മേഖലകളിലെ പുത്തന്‍ തുടിപ്പുകളോട് അടുത്തു നില്‍ക്കുന്ന ഒരു കൂട്ടം മലയാളികള്‍. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പാര്‍ക്കുന്നവര്‍. അവരാല്‍ നിയന്ത്രിക്കുന്ന ബ്ലോഗ്. വാണിജ്യ കാര്യങ്ങള്‍ സംവേദിക്കാനുള്ള ബൂലോകത്തെ ആദ്യത്തെ സംരംഭമായിരിക്കും ബി-ലോകം. ആഗോള മൂലധന,പണ,പണ്ട, എണ്ണ വിപണികളിലെ ചലനങ്ങളെ അതാതു സമയം വിശകലനം ചെയ്ത് അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഗുണപ്രദമാകാവുന്ന തുടക്കം. ആശംസകള്‍.

11. ബലിതവിചാരം.
ലോകമൊരിക്കലും നന്നാകില്ലാ എന്ന ആയിരം തവണ പറഞ്ഞ് പതം വന്ന വാക്കുകളുടെ ബൂലോക പരിഛേദം. എന്തിരാണോ ആവോ. എവിടെ ചെന്ന് നില്‍ക്കുമോ എന്തരോ.

12. പരിഭവമില്ലാതെ ...ഹൃദയത്തിന്റെ ഭാഷയില്‍.
പരിഭവമേതുമില്ലാതെ ഒരു നിരൂപകന്‍ കൂടി ജനിക്കുന്നു . “സാഹിത്യവിമര്‍ശനത്തോടുള്ള താല്പര്യവും ബ്ലോഗില്‍ കാണുന്നകൃതികള്‍ക്ക് വ്യക്തിപരമല്ലാത്ത നിരൂപണം വേണമെന്ന അദമ്യമായ ആഗ്രഹവുമായി” ബൂലോകത്തേക്കെത്തിയ ബ്ലോഗര്‍. പുതിയ ആളാണെങ്കില്‍ നിരൂപകന്‍ വിഷമിക്കും. ബൂലോകരെല്ലാം കൂടി എടുത്തിട്ട് നിരൂപിക്കാതെ നോക്കിയാല്‍ നന്ന്. നല്ല നിരൂപണങ്ങള്‍ക്ക് ബൂലോകത്തുള്ള സാധ്യതകള്‍ അനന്തമാണ്. ആഗ്രഹം പൂവണിയട്ടെയെന്ന് ആശംസിക്കുന്നു.

13. നവമി.
ഓരോ ദിവസവും ലോകത്തെ വിസ്മയത്തോടെ കാണുന്ന. ഓരോ ചലനവും എത്ര അദ്ഭുതകരമാണെന്ന് ആത്മഗതം ചെയ്യുന്ന സുരേഷ് മാധവന്റെ ബ്ലോഗ്. രസകരമായ കുഞ്ഞു കുഞ്ഞു കവിതകളും വരികളുമാണ് ബ്ലോഗില്‍ ഉള്ളത്. എല്ലാ വരികളും ചിന്തക്ക് വക നല്‍കുന്നു.

14. ജ്യോതിസ്.
“ആലക്തിക ദീപങ്ങള്‍ പ്രഭ ചൊരിയുന്ന രാജവീഥിയില്‍ ഈ മണ്‍ചെരാതിന്റെ ഇത്തിരിവെട്ടം കൂടി..” അതേ... രാജവീഥിയിലേക്ക് ഒരു ഇരുത്തം വന്ന എഴുത്ത് കാരി കൂടി. എന്റര്‍ കീയിലടിച്ച് വാക്ക് മുറീക്കാന്‍ കഴിയുന്നവരെല്ലാം കവികളാകുന്ന ബൂലോകത്ത് കവിത്വം തുളുമ്പുന്ന വാക്കുകളും വരികളുമായി ജ്യോതി എത്തുമ്പൊള്‍ ബൂലോകത്തിന് അതൊരു മുതല്‍ കൂട്ട് ആവുകയാണ്.

15. ഒരാള്‍ ചെറിയനാട്ടു നിന്നും ബ്ലോഗുന്നു.
“പേരിടാത്ത ചിത്രം” പോലെ ബൂലോകത്തെ ആദ്യത്തെ “പേരിടാത്താ ബ്ലോഗ്”. ചെറിയനാട്ടുകാരന്‍ എഴുതി തുടങ്ങിയിരിക്കുന്നു. മാതൃഭൂമിയാണ് ബൂലോകത്തെത്തീച്ചതെന്ന് ചെറിയനാട്ടുകാരന്റെ സാക്ഷ്യം.

16. ചാമരങ്ങള്‍.
പ്രിന്‍സന്റെ കഥക്കും കവിതകള്‍ക്കുമായുള്ള ബ്ലോഗ്. തിരുവകളെന്ന ആദ്യത്തെ കഥ പ്രതീക്ഷയുണര്‍ത്തുന്നു.

17. ചങ്ങാതികൂട്ടം.
സുമേഷ് റാണയുടെ ബ്ലോഗ്. “ഒരു ജനാധിപത്യ രാജ്യത്തില്‍ ജനിച്ച എനിക്ക്‌ ഒരു ബ്ലോഗെഴുതനുള്ള സ്വാതന്ത്ര്യം ഇല്ലേ..” എന്ന വിപ്ലവകരമായ ചോദ്യവുമായി എത്തുന്ന ജനകീയ ജനാധിപത്യ വാദിയുടെ ബ്ലോഗ്. പടം പിടുത്തവും നമസ്കാരവും ആയി തുടക്കം.

18. കറ്റാടി.
നരിമാന്റെ ബ്ലോഗ്. ഇടത് വശത്തേക്ക് ചരിഞ്ഞു നിന്നുള്ള നിരീക്ഷണങ്ങളും അഭിപ്രായങ്ങളുമായെത്തിയിരിക്കുന്നു നരിമാന്‍.

19. ക്യാന്‍‌വാസും കടലാസും.
കാന്‍‌വാസും കടലാസും എന്ന ബ്ലോഗറുടെ പുതിയ ബ്ലോഗ്. കവിതാ ബ്ലൊഗാണ്. വാക്കുകളില്‍ കവിതയുണ്ട്.

20. കൈപ്പിഴകള്‍.
പഥികന്റെ ബ്ലോഗ്. പഥികന്‍ എന്ന പേരില്‍ മറ്റൊരു ബ്ലോഗറ് ഉണ്ട് എന്ന് തോന്നുന്നു. കഥാ ബ്ലോഗാണ്.

21. കണ്ടനാടു വിശേഷം.
കണ്ടനാടു് (കിഴക്കു്) മെത്രാപ്പോലീത്താസന വാര്‍ത്തകളുമായെത്തുന്ന ഒരു മതാധിഷ്ടിത ബ്ലോഗ്. സഭയും മതവും ഒക്കെ തന്നെയാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.

22. ഏറുമാടം.
ഏറുമാടത്തിന്റെ ശൈലിയും ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളും തികച്ചും വ്യത്യസ്തമാണ്. ആക്ഷേപ ഹാസ്യമാണ് ബ്ലോഗിന്റെ ജീവന്‍.

23. ആത്മബോധം.
സാജു തറയില്‍, തൃശ്ശൂര്‍ ജില്ലയിലെ വെന്മേനാടു നിന്നും പ്രവാസത്തിലേക്ക് കുടിയേറിപ്പാര്‍ത്ത മറ്റൊരു മലയാളി. മലയാള സാഹിത്യത്തെക്കുറിച്ച് ഒന്നുമറിയാത്ത വെറുമൊരു വായനക്കാരന്‍. സാജുവിന്റെ ആദ്യത്തെ പരിചയപ്പെടുത്തല്‍ ഇങ്ങിനെയാണ്. ഈ ഡിങ്കന്‍ കമന്റിന് ശേഷം പ്രൊഫൈല്‍ ഇങ്ങിനെ മാറി “തൃശ്ശൂര്‍ ജില്ലയിലെ വെന്മേനാടു നിന്നും പ്രവാസത്തിലേക്ക് കുടിയേറിപ്പാര്‍ത്ത മറ്റൊരു മലയാളി.” ശരിക്കും മലയാളീ മനസ്സിന്റെ ആത്മബോധം ഇങ്ങിനെ തന്നെയാണ്. ഇടക്കിടക്ക് മാറി കൊണ്ടിരിക്കും.

24. അമ്മു പറയുന്നു.
ഒന്നും പറയാനില്ലാതെ അമ്മു എല്ലാം പറയാന്‍ തുടങ്ങുന്നു. ഇന്നി എന്താണെന്ന് അമ്മു തന്നെ പറയേണ്ടിയിരിക്കുന്നു.

25. പൊയില്‍ക്കാ‍വ്.
തന്റെ രചനകള്‍ വയാനക്കാ‍രാ നിന്റെ മനസ്സ് തകര്‍ക്കല്ലേ എന്ന നിര്‍ദ്ദോഷ മുന്നറിയിപ്പോടെ ബൂലോകത്തേക്കെത്തിയ പ്രവീണ്‍ കവിതയെഴുത്ത് നിര്‍ത്തീ വിമര്‍ശനങ്ങളെഴുതി തുടങ്ങുന്നു എന്ന് പറയുന്നു. ശരിക്കും സാമൂഹ്യ വിമറ്ശനം വഴങ്ങുന്നുണ്ട് പ്രവീണിന്.

26. അന്തിപത്രം.
പിപീജെ യുടെ അന്തിപത്രം അക്ഷരാര്‍ത്ഥത്തില്‍ അന്തിപത്രം തന്നെ. ബൂലോകത്ത് ഒരുപാട് സാധ്യതകള്‍ ഉള്ള ഒരു മേഖലയിലാണ് പീപീജെ ഇപ്പോള്‍ നില്‍ക്കുന്നത്

27. അജിത് കവി.
പേര് കണ്ട് വിഷമിക്കേണ്ട. കവിയെന്നത് സ്വയം വിളിച്ച് പറയുന്നതല്ല. കവിയൂരിനെ ചെറുതാക്കിയതാണ് കവിയെന്നത്. അജിത്തിന്റെ ബ്ലൊഗിന്റെ ലക്ഷണം മനസ്സിലാക്കാന്‍ കഴിയുന്നില്ല.

28. വിയെംസി.
മറ്റൊരു തോന്ന്യവാസ ബ്ലോഗ്. കുരീപ്പുഴ ശ്രീകുമാര്‍ സാറിന്റെ “ജസ്സി” യാതൊരു ഇളുപ്പുമില്ലാതെ പോസ്റ്റിയിരിക്കുന്നു വിനീത് ഉണ്ണിത്താന്‍ എന്ന ചോരന്‍.

29. സൃഷ്ടി.
സന്ദീപിന്റെ കവിതാ ബ്ലോഗ്. ആദ്യത്തെ കവിത ഞാന്‍ അറിയാത്തത് അക്ഷര തെറ്റുകളുടെ ഘോഷയാത്ര കൊണ്ട് ശ്രദ്ധേയം. അക്ഷര തെറ്റുകള്‍ മാറ്റി പോസ്റ്റിയെങ്കില്‍ മാത്രമേ കവിത അനുവാചകനിലെത്തുള്ളൂ.

30. സീക്കിങ്ങ് ദി ഫിലോസഫി ഓഫ് ലൈഫ്.
അഞ്ജിതയുടെ ബ്ലോഗ്. ഓര്‍മ്മകുറിപ്പുകളാണ് അഞ്ജിത ലക്ഷ്യം വെക്കുന്നത്. എഴുത്ത് കാരിയുടെ ശൈലി അനുവാചകനെ പൂര്‍ണ്ണമായും വായിക്കാന്‍ പ്രേരിപ്പിക്കുന്നു. പ്രതീക്ഷയുണര്‍ത്തുന്ന മറ്റൊരു ബ്ലോഗാണ് അഞ്ജിതയുടേത്.

31. ഓര്‍മ്മ.
എസ്കുറുവത്തിന്റെ കവിതാ ബ്ലോഗ്. ഏഴ് ദിവസം കൊണ്ട് എട്ട് കവിതകള്‍. എല്ലാം നല്ല വരികളാല്‍ സമ്പന്നം.

32. നൈസ് തിങ്സ് ടു ഷെയര്‍.
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്ന ബ്ലോഗറുടെ തുടക്കം. പേരുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കപ്പെടേണ്ടവ ശ്രദ്ധിക്കാത്തതിന്റെ കുഴപ്പം ഉദാഹരിക്കാവുന്ന പേരുമായി ബൂലോകത്തെത്തിയ ഇയാളും ഓര്‍മ്മകള്‍ പങ്കുവെക്കാനാണ് ശ്രമിക്കുന്നത്.

33. മനൂസ് ബ്ലോഗ്.
മനു നമസ്കാരം പറഞ്ഞ് തുടങ്ങിയിരിക്കുന്നു. ഉദ്ദേശ്യം ലക്ഷ്യം ഒന്നും വ്യക്തമല്ല.

34. കാതോരം.
ബാങ്ക് ഉദ്യോഗസ്ഥയായ ഭൂമീപുത്രിയുടെ പുതിയ ബ്ലോഗ്. “എല്ലാരും ബ്ലോഗുന്നു..ഞാനും ബ്ലോഗുന്നു”. ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ അവ്യക്തം.

35. ജയകേരളം.
പോയവാരം:
“ബ്ലോഗ് കൊള്ളാം വളരെ നന്നായിരിക്കുന്നു, കിടിലന്‍, ഗംഭീരം.
http://www.jayakeralam.com കണ്ട്‌
താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ.
Jayakeralam for Malayalam Stories and Poetry...
സ്നേഹപൂര്‍വ്വം ജയകേരളം Editor."
എന്ന പരസ്യപിടിയില്‍ നിന്നും വളരെ അപൂവ്വം ബ്ലോഗുകളേ രക്ഷപെട്ടിട്ടുള്ളൂ. തന്റെ ഓണ്‍ലൈന്‍ മാഗസിന്റെ പരസ്യം പതിക്കുന്നതിന് വേണ്ടി മാത്രം കമനന്റാനെത്തിയ പ്രസ്തുത ബ്ലൊഗറുടെ ചെയ്തി ഒരു തരത്തിലും ന്യായീകരിക്കത്തക്കതല്ല. പരസ്യം പതിക്കണം എങ്കില്‍ അതാകാം. പക്ഷേ അവിടെ പോസ്റ്റ് വായിക്കാതെ “കോപ്പീ പേസ്റ്റ്” കമന്റുമായി നടന്നത് ശരിയായില്ല എന്നതാണ് വിചാരിപ്പ് കാരന്റെ വിചാരം.

36. എന്റെ വീട്.
ഹയര്‍സെക്കന്ററി ടീച്ചറായ യാമീരയുടെ ബ്ലോഗ്. മലയാളത്തില്‍ റിസര്‍ച്ച് ചെയ്യുന്നു എന്ന് പ്രൊഫൈല്‍ പറയുന്നു. കവിതാ ബ്ലൊഗം ആണ്.

പുതുതായി വന്ന ബ്ലോഗുകളിലധികവും കവിതാ ബ്ലോഗുകളാണ്. വളരെ നിസ്സാരമായി സമീപിക്കാന്‍ കഴിയുന്ന ഒരു സാഹിത്യ ശാഖയാണ് കവിത എന്ന തെറ്റായ ഒരു ധാരണ ബൂലോകത്ത് വളര്‍ന്ന് വരുന്ന പോലെ തോന്നുന്നു. സഖാവ് ശശിയുടെ ബ്ലോഗിലെ അദ്ദേഹത്തിന്റെ ഉല്‍കൃഷ്ട സൃഷ്ടിയായ ആണവ കരാര്‍ എന്ന കവിത പത്ര വാര്‍ത്ത പോലും മുറിച്ചെഴുതിയാല്‍ കവിതയാകും എന്നതിന് തെളിവാകുന്നു. കളിയായിട്ടാണെങ്കിലും ബൂലോകത്തെ പല കവിതകളുടേയും പരിതാപകരമായ അവസ്ഥയിലേക്കാണ് ശശി വിരല്‍ ചൂണ്ടിയിരിക്കുന്നത്. നല്ല കവിതകള്‍ ഉണ്ടാകുന്നില്ല എന്നല്ല. അതുണ്ടാകുന്നുണ്ട്. വല്ലപ്പോഴും ഒരിക്കല്‍. ബാക്കിയെല്ലാം ദുരൂഹവും ദുര്‍ഗ്രാഹ്യവുമായ വാക്കുകള്‍ കുത്തിനിറച്ച് പടച്ച് വിടുന്ന പത്രവാര്‍ത്തകളാണ്.. കീഴെ ലേബലില്‍ “കവിത” എന്നും ചാമ്പും. എഴുതിയ ആളെ നോക്കി ചവറുകള്‍ക്ക് ആസ്വാദനം എഴുതുന്നവര്‍ക്കിട്ട് കൊട്ടിയ നല്ല കൊട്ടുമായി റഷ്യക്കാരന്റെ അവലോകനവും.
അതുകൊണ്ട് തന്നെ കളികളിലും ഇത്തിരി കാര്യങ്ങള്‍ ഉണ്ട് എന്നതായിരുന്നു പോയ വാരത്തെ ബൂലോക വായന.

പുനര്‍ വായന.
ഇഞ്ചിപെണ്ണിന്റെ ഏയ് ഇവിടെ കൊടുങ്കാറ്റ് അടിക്കില്ല എന്ന പോസ്റ്റിന്റെ ലിങ്ക് കിട്ടിയത് വാല്‍മീകിയുടെ റീത്തയില്‍ നിന്നുമായിരുന്നു. പോസ്റ്റ് വായിച്ച് കഴിഞ്ഞാല്‍ ഒരു കൊടുങ്കാറ്റില്‍ പെട്ടുഴറന്നപോലെ തോന്നിക്കുമാറ് സംവേദനക്ഷമമാണ് ഇഞ്ചിപെണ്ണിന്റെ അവതരണം. നല്ല എത്രയോ പോസ്റ്റുകള്‍ ബൂലോകത്ത് വന്നു പൊയിട്ടുണ്ട്. നല്ലതെന്ന് തോന്നുന്ന പോസ്റ്റുകള്‍ പുനര്‍ പ്രസിദ്ധീകരിക്കുന്നതിന്റെ ആവശ്യകത വിളിച്ചോതുന്നതാണ് ഈ പോസ്റ്റും.

ബൂലോകം പോയ വാരം പത്താം ലക്കം ഇവിടെ അവസാനിക്കുന്നു. തെറ്റുകള്‍ തിരുത്തണമെന്ന് അദമ്യമായ ആഗ്രഹമുണ്ട്. സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

26 comments:

അഞ്ചല്‍ക്കാരന്‍ said...

വാരവിചാരത്തിന്റെ ബൂലോകം പോയ വാരം പത്താം ലക്കം ബൂലോക സമക്ഷം സമര്‍പ്പിക്കുന്നു.

നന്ദി.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ബൂലോക വാരവിചാരം വായിച്ചു വിലയിരുത്തലുകള്‍ നന്നാവുന്നു.ഈവാരവും ബൂലോകവാരഫലം എന്നെ വായിക്കാന്‍ മറന്നു.പരാതിയില്ല.തുടര്‍ ലക്കങ്ങളില്‍ വായിക്കും എന്ന പ്രതിക്ഷയോടെ

ധ്വനി said...

ആദ്യമായാണീ ബ്ളോഗില്‍.
വളരെ നിഷ്പക്ഷമായ ഒരവലോകനമായി തോന്നി!
ഉപകാരപ്രദമായ ഉദ്യമം!

സഹയാത്രികന്‍ said...

അന്‍ചല്‍ക്കാരാ..ഈ ലക്കവും നന്നായീ..

:)

Priya Unnikrishnan said...

nice but to do better.Analyse and mention 'good rachanas last week' will be an interesting thing ....m
If its a good idea, expecting on coming Vaaravichaara

വാല്‍മീകി said...

വാരവിചാരം ഒന്നിനൊന്ന് മെച്ചമാവുന്നു. കൂടുതല്‍ വായിക്കാന്‍ ഇതൊരു പ്രേരണ നല്കുന്നു.

സിമി said...

ഉദ്ദരിക്കാന്‍ -> ഉദ്ധരിക്കാന്‍.

വാരവിചാരം നന്നായിട്ടുണ്ട്. ഒരുപാട് പരിശ്രമം ഇതിനു പിന്നില്‍ കാണാനാവുന്നു.

സിമി said...

ഇതും കൂടെ. ഉള്‍കൃഷ്ട -> ഉല്‍കൃഷ്ട

Jayakeralam said...

Good. but please take another template. white letters on black is, i think not good for the eyes.

സ്നേഹപൂര്‍വ്വം,
Jayakeralam malayalam Magazine,
http://www.jayakeralam.com വായിച്ച്‌ അഭിപ്രായം അറിയിക്കുമല്ലോ.

അഞ്ചല്‍ക്കാരന്‍ said...

സിമി,
രണ്ടും തിരുത്തിയിട്ടുണ്ട്. തെറ്റു തിരുത്തിയതിന് നന്ദി.

Manu said...

ജ്യോതിബായി പഴയബ്ലോഗര്‍ ആണ്. റ്റീച്ചര്‍ (?)മറ്റേതോ പേരിലോ (ജ്യോതി ഉള്ള ഒരു പേര്) മറ്റേതോ ബ്ലോഗിലോ മൌനം എന്ന കവിത ബ്ലോഗ് ചെയ്തത് എനിക്ക് നല്ല ഓര്‍മയുണ്ട്. ആളെയും പേരും മറന്നെങ്കിലും മൌനം മറന്നിരുന്നില്ല. നല്ല കവിത :)

പതിവുപോലെ താങ്കളുടെ പരിശ്രമത്തെ അഭിനന്ദിക്കാതെ വയ്യ. അക്ഷരത്തെറ്റ് ഒഴിവാക്കാന്‍ ഉപദേശിക്കുന്ന വാരവിചാരിപ്പുപിള്ള പക്ഷെ അക്കാര്യം ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്. ആത്മഗദം,യാഥാര്‍ദ്ധ്യം, സാനിദ്ധ്യമാണ് ഒക്കെ പ്രവാസം വഴിവരുന്ന പരിചയക്കുറവെന്നോര്‍ക്കാം. കൃക്കറ്റ്, ദേവേട്ടെന്റെ... ഈ പ്രയോഗങ്ങള്‍ ഡ്രാഫ്റ്റ് വായിച്ചുനോക്കാത്തതിന്റെ പ്രശ്നവും...

വാല്‍മീകി said...

ജയകേരളം ഇത്തവണയും കമന്റ് ഇട്ടു. കമന്റ് കണ്ടാല്‍ തന്നെ അറിയാം ഇതും വായിച്ചു നോക്കിയിട്ടില്ലെന്ന്.

G.manu said...

jayakeralam scoryallO anchalji..:)
vicharam nannavunnundu..especially puthia ezhuthukare parichapetuthunna karyathil

ത്രിശങ്കു / Thrisanku said...

ഒരായിരം നന്ദി - എന്റെ ബ്ലോഗ്‌റോള്‍ വീണ്ടും വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നു.

ഇങ്ങനെ ‘എല്ലാം കാണുന്ന‘ ഒരാള്‍ ബൂലോകത്തില്‍ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം.:)

പിന്നെ, ‘തൃശ്ശങ്കു‘വാണോ ‘ത്രിശങ്കു’വാണോ ശരി.

കുറുമാന്‍ said...

ഇത്തവണത്തെ വാരവിചാരവും നന്നായി ഷിഹാബ് ഭായ്. ഈ സംരംഭം ഇനിയും ബഹുദൂരം മുന്നോട്ട് പോകട്ടെ. ആശംസകള്‍

എസ്.ആര്‍.ലാല്‍ said...

ബൂലോക വിചാരം വായിച്ചു ; ആദ്യത്തെ വായനയാണ്
നന്നായി ഇഷ്ട്ടപെട്ടു
നന്ദി

aksharajaalakam.blogspot.com said...

അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്

Sul | സുല്‍ said...

എന്റുമ്മോ
ഈ അഞ്ചല്‍കാരന് വേറെ പണിയൊന്നുമില്ലേ?
ഇതെല്ലാം എപ്പടിയൊപ്പിക്കുന്നു മനുഷ്യാ.

വളരെ നന്നായിരിക്കുന്നു ഷിഹാബ് ഭായ് :)
-സുല്‍

കിനാവ് said...

ആ ശൂ...വിനെക്കുറിച്ച് കൊച്ചുത്രേസ്യ പറഞ്ഞതാണ് ശരി. ശരിക്കും കാറ്റ് പോയതാണ്. താങ്കള്‍ പറഞ്ഞപോലെ ‘തങ്ങളിലേക്ക് ശ്രദ്ധ പിടിച്ച് നിര്‍ത്താനുള്ള ചില കുറുക്കു വഴികള്‍’ ആയിരുന്നു ഇതിനു പിന്നിലെങ്കില്‍ 200 ഓളം വിസിറ്റേഴ്സ് ഓരോ പോസ്റ്റിനും ഉണ്ടായിട്ടും എനിക്ക് അത് നിര്‍ത്തേണ്ട ആവശ്യമില്ലായിരുന്നു. പിന്നെ വാരഫലത്തിലെ എന്റെ ആദ്യത്തെ പോസ്റ്റുകളൊക്കെ ഞാന്‍ ചെയ്തത് അനോണിയായിട്ടായിരുന്നു (അതായിരുന്നു സൌകര്യമെന്ന് ഇപ്പോള്‍ തോന്നുന്നു). തൊഴില്‍ പരമായ ബുദ്ധിമുട്ടുകള്‍ കാരണം നിര്‍ത്തണമെന്ന് വന്നപ്പോഴാണ് പേര് വച്ച് വിടപറച്ചില്‍ നടത്തിയത്. പിന്നെയും തുടരാന്‍ അവസരം കിട്ടിയപ്പോള്‍ തുടര്‍ന്നു. അത്രയേ ഉള്ളൂ. ഇപ്പോള്‍ ചില അനോണി കമന്റുകള്‍ താങ്കള്‍ പറഞ്ഞരീതിയില്‍ വരാന്‍ തുടങ്ങിയത് ബുദ്ധിമുട്ടുണ്ടാക്കിയതിനാലാണ് വീണ്ടും നിര്‍ത്തിയത്. മറ്റൊരു രീതിയില്‍ തുടര്‍ന്നാലോ എന്നൊരു ആലോചനയില്ലാതില്ല.

ഞാന്‍ ബഹ്‌റൈനില്‍ എത്തിയയുടനെ എനിക്കുണ്ടായ ബുദ്ധിമുട്ടുകളാണ് അങ്ങിനെയൊന്ന് തുടങ്ങുവാന്‍ പ്രേരിപ്പിച്ചത്. ഒരുപാട് ബുദ്ധിമുട്ടിവേണം ഇന്റര്‍നെറ്റ് കഫേയിലെത്താന്‍. വെള്ളിയാഴ്ച‍. രണ്ടോമൂന്നോ മണിക്കൂറാണ് ചെലവഴിക്കാന്‍ ഉണ്ടാ‍കുക. ഒരാഴ്ചയിലെ പ്രധാനപ്പെട്ടവ തനിമലയാളത്തിലോ മറ്റോ തിരഞ്ഞുപിടിക്കുമ്പോഴേക്ക് സമയം ഒരുവഴിക്കാവും. പോകുന്നതിന്‍ മുമ്പ് രാജു ഇരിങ്ങലിനെ വിളിച്ച് വായിക്കേണ്ടവയുടെ ലിസ്റ്റ് ഉണ്ടാക്കുമായിരുന്നു. ഈ ബുദ്ധിമുട്ടൊക്കെയുള്ളവര്‍ ഇപ്പോഴുമുണ്ടാകും. അവര്‍ക്കൊരു സഹായം അത്രയേ കരുതിയുള്ളൂ. അല്ല. നിങ്ങള്‍ പറഞ്ഞതാണ് അതിന്റെ ശരി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: രണ്ടക്കം കടന്ന ആദ്യ ബ്ലോഗ് നിരൂപണം ഇതാണോ? എന്തായാലും ചില നിരീക്ഷണങ്ങള്‍ കേമം. നിരൂപിക്കുന്ന ബ്ലോഗുകളുടെ മിക്ക പോസ്റ്റുകളും വായിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാം.

ഇത്രേം സമയം എവിടുന്നൊപ്പിക്കുന്നു?

ഇത്തിരിവെട്ടം said...

വാരവിചാരം പതിവ് പോലെ വായനയ്ക്കായി ഒരു ചൂണ്ടുപലക നല്‍കുന്നു... അഭിനന്ദങ്ങാള്‍.

ബാജി ഓടംവേലി said...

വാരവിചാരം ഒന്നിനൊന്ന് മെച്ചമാവുന്നു.
അഭിനന്ദനങ്ങള്‍.
കനവ് എന്ന പേരില്‍ നിങ്ങള്‍ പറഞ്ഞിരിക്കുന്ന (ബൂലോക വാരവിചാരം )കിനാവ് എന്ന ബ്ലോഗ്ഗര്‍ എഴുത്തിനോടും ബ്ലോഗ്ഗിങ്ങിനോടും ജീവിതത്തോടും വളരെ ആത്‌മാര്‍‌ത്ഥത പുലര്‍ത്തുന്ന ഒരാളാണ്. അദ്ദേഹത്തെ വെറുതെ വിടാന്‍ അഭ്യര്‍‌ത്ഥിക്കുന്നു.

മുരളി മേനോന്‍ (Murali Menon) said...

ഒന്നു കൂടിയുണ്ട് തിരുത്താന്‍:

നാലാമത്തെ ഖണ്ഡികയില്‍ അവസാനം

യാഥാര്‍ദ്ധ്യം. - യാഥാര്‍ത്ഥ്യം

അഞ്ചല്‍ക്കാരന്‍ said...

മനുവിനും മുരളീ മേനോനും തെറ്റു ചൂണ്ടി കാട്ടിയതിന് നന്ദി.
തിരുത്തിയിട്ടുണ്ട്.

റഫീക്ക് കിഴാറ്റൂര്‍ said...

ഇത്തരം ഒരു പോസ്റ്റിടാനുള്ള അധ്വാനത്തെ കുറച്ചു കാണുന്നില്ല...
നന്‍മകളും നേരുന്നു.

പഞ്ചാരക്കുട്ടന്‍.... said...

haali anchalkaaraan....
mothathil ee introdections vaayikaan thanne oru resamunte....
aasamsakal..
DeeP...