Wednesday, October 17, 2007

വാരവിചാരം : ഭൂലോകം പോയ വാരം : ഒമ്പതാം ലക്കം.

1. മൂന്നായി മുറിയുന്ന ഇറാക്ക്.
മൂന്നായി മുറിഞ്ഞ് മാറാന്‍ വെമ്പല്‍ കൊണ്ട് നില്‍ക്കുകയാണ് ഇറാക്ക് എന്ന് ഭൂലോകത്തെ തെര്യപ്പെടുത്തി മൂന്നായി വെട്ടി മുറിക്കാന്‍ ഈര്‍ച്ച വാളുമായി തക്കം പാര്‍ത്തിരിക്കുന്ന അമേരിക്കാവൂന്റെ വാളിന്റെ മൂര്‍ച്ച കൂട്ടുകയാണ് കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി എന്ന അമേരിക്കാവൂന്റെ പണം പറ്റി സദ്ദാം ഹുസൈനെതിരേ പൂര്‍വ്വ യുദ്ധ ഇറാക്കില്‍ അരക്ഷിതാവസ്ത സൃഷ്ടിക്കാന്‍ കൊട്ടേഷനെടുത്തിരുന്ന ഒരു പാര്‍ട്ടി ചെയ്യുന്നത്. സദ്ദാം വീണുടനേ കുര്‍ദിസ്ഥാന്‍ പ്രഖ്യാപിക്കാന്‍ കെ.വി.പി. ഒരു ശ്രമം നടത്തി നോക്കിയെങ്കിലും ലോകത്തിന്റെ മുന്നില്‍ അത് തങ്ങള്‍ക്ക് നാ‍റ്റക്കേസാകുമെന്ന് അമേരിക്കാവൂന് തോന്നിയതു കൊണ്ട് മാത്രം മാറ്റി വെക്കപെട്ട സ്വാതന്ത്ര്യ പ്രഖ്യാപനത്തിലേക്കാണ് കുര്‍ദുകള്‍ നീങ്ങുന്നത്. മണ്ണും ചാരി കളി കണ്ടു കൊണ്ടിരിക്കുന്ന തുര്‍ക്കിയെ കേറിയൊന്ന് ചൊറിഞ്ഞ് അവരെ കൊണ്ട് ഇറാക്കിന്റെ ഭാഗമായ കുര്‍ദ് മേഖലയില്‍ ബോംബൊന്നു ചൊരിച്ചാല്‍ അമേരിക്ക എവിടെ നില്‍ക്കും. തുര്‍ക്കി കുര്‍ദുകളിലൂടെ ഇറാക്കില്‍ യുദ്ധം പ്രഖ്യാപിച്ചാല്‍ കുര്‍ദുകളെ സംരക്ഷിക്കാന്‍ വേണ്ടി ഇറാക്കിനും യുദ്ധം ചെയ്യേണ്ടി വരില്ലേ? ഇറാക്കിന് വേണ്ടി അമേരിക്കാവു തുര്‍ക്കിക്കെതിരേ യുദ്ധ മുഖം തുറക്കുമോ? തുറക്കില്ല. സമവായം ഇറാക്ക് എന്ന രാജ്യം ലോക ഭൂപടത്തില്‍ നിന്നുള്ള അപ്രത്യക്ഷമാകല്‍ എന്ന ലളിതമായ കരാറിലെത്തും.

ഇറാക്ക് മൂന്നായി മുറിയും. എല്ലാവര്‍ക്കും അമേരിക്കാവു സൈനിക സഹായം നല്‍കും. ഷിയാസ്ഥാനും, സുന്നിസ്ഥാനും, കുര്‍ദിസ്ഥാനും ആ ജീവനാന്തം തമ്മിലടിക്കാനുള്ള സര്‍വ്വ കുതന്ത്രങ്ങളും പാരകളും കേറ്റി അമേരിക്കാവു നനഞ്ഞ പൂച്ചയെ പോലെ ഇറാക്ക് വിടും. ഒരു സംസ്കാരത്തെ എങ്ങിനെ നശിപ്പിക്കാമെന്ന് യാങ്കികളെ ആരും പഠിപ്പിച്ച് കൊടുക്കേണ്ടതില്ലല്ലോ?

2. ഹേയ്...പ്രബുദ്ധ കേരളമേ നീ നാണിക്കൂ...തലതാഴ്തൂ‍.

ജോസഫ് കേരളാ കോണ്‍ഗ്രസ് കേരളാ രാഷ്ട്രീയത്തില്‍ കാട്ടി കൂട്ടുന്ന കോപ്രായങ്ങള്‍ എല്ലാ പരിധികളും ലംഘിച്ചു കൊണ്ടേയിരിക്കുന്നു. നാലു നിയമസഭാ പ്രതിനിധികളില്‍ രണ്ടു വര്‍ഷം കൊണ്ട് രണ്ടാളുകള്‍ വീട്ടിലിരിപ്പായി. മൂന്നാമനെ തിരഞ്ഞെടുക്കാന്‍ മാരത്തോണ്‍ ചര്‍ച്ച. മറ്റു രണ്ടു പേരില്‍ ഒരാ‍ളെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടിക്ക് സര്‍ക്കാറിന്റെ അന്ത്യശാസനം കിട്ടിയതിന്റെ പതിമൂന്നാം മണിക്കുറില്‍ പോലും രണ്ടിലൊരാളെ തണ്ടിലേറ്റാന്‍ ജോസഫച്ചായന്റെ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. അന്ത്യാശാസനത്തിന്റെ സമയ പരിധി അവസാനിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് മന്ത്രിയെ പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുത്ത വഴി പ്രബുദ്ധ രാഷ്ട്രീയ കേരളത്തിന്റെ മുഖത്ത് കരിവാരി തേക്കുന്നതുമായി. ആദ്യം തണ്ടില് കേറിയത് സാക്ഷാല്‍ ചെയറമാന്‍ പി.ജെ.ജോസഫ്. അതിയാന്റെ തോളില്‍ മാറാപ്പ് കേറിയപ്പോള്‍ രണ്ടാം വര്‍ഷം തണ്ടിലേറിയതു കുരുവിള. കുരുവിളക്ക് കുരുപിടിച്ചപ്പോള്‍ തണ്ടിലേറ്റാന്‍ രണ്ടാളുകള്‍ പിന്നെയും ബാക്കി. ബാക്കിയൊന്നിനെ തണ്ടിലേക്കേറ്റുമ്പോള്‍ അധികം വന്നോനെ അടുത്ത വര്‍ഷം തണ്ടിലേറ്റാം. പിന്നേം കിടക്കുന്നില്ലേ നീണ്ടു നിവര്‍ന്നൊരു വര്‍ഷം കൂടി. ആ വര്‍ഷം ഇന്നി പുറം പാര്‍ട്ടികളില്‍ നിന്നാരേലും കടം വാങ്ങി തണ്ടിലേറ്റാമായിരിക്കും.

കേരളത്തിലെന്നാ‍ത്തിനാ കോടികള്‍ മുടക്കി അയ്യാണ്ട് കൂടുമ്പോള്‍ തിരഞ്ഞെടുപ്പ് എന്ന കോപ്രായം കാട്ടി ജനത്തെ വലക്കുന്നത്. ഒരോ വര്‍ഷവും നമ്മുക്ക് ഞറുക്കിടാം. നൂറ്റി നാല്പത് ഞറുക്ക് കൊണ്ട് കാര്യം കഴിയും. എല്‍.ഡി.എഫ്. എന്ന പാര്‍ട്ടി നൂറ്റിനാല്പത് പേര് നല്‍കട്ടെ. യൂ.ഡീ.എഫ്. എന്ന മറ്റേ കമ്പനി മറ്റൊരു നൂറ്റി നാല്പത് കൊടുക്കട്ടെ. എന്നിട്ട് എല്ലാം കൂടി കൂട്ടി കലര്‍ത്തി നൂറ്റി നാല്പത് എം.എല്‍.ഏ. മാരെ തിരഞ്ഞ് പിടിച്ച് അതിലൊരു കിഴങ്ങനെ മുഖ്യനുമാക്കി പത്തിരുപത് പോഴന്മാ‍രെ പൊക്കി മന്ത്രിമാരുമാക്കി നമ്മുക്ക് സുഖകരമായ ആലസ്യത്തിലാണ്ട് കിടക്കാം. കേരളമേ നീ ശൈത്താന്റെ സ്വന്തം നാടാകുന്നു. ദൈവത്തെ ശൈത്താന്‍ പിടിച്ച് കെട്ടി പടിയടച്ച് പിണ്ഡം വെച്ചത് മാലോകരെ നിങ്ങള്‍ കാണുന്നില്ലേ?


3. പിണറായി പിണങ്ങി തന്നെ.
പിണറായി വിജയന്‍ ഒരുമ്പെട്ട് തന്നെ. ക്രൈസ്തവ സഭയെ കേറി കുത്തിന് പിടിച്ച് പിണറായി കാട്ടുന്ന ഞൊണുക്ക് വിദ്യകള്‍ സഭയെ താറടിക്കാനാണെന്ന് കരുതുന്നവരേ നിങ്ങള്‍ക്ക് തെറ്റിയിരിക്കുന്നു. പിണറായി പിണങ്ങിയിരിക്കുന്നത് സര്‍ക്കാറിനോടാണ്. ഒരു വിധത്തിലും സമാധാനാമായി ഭരിക്കാന്‍ കണ്‍കണ്ട എതിരാളി സഖാവ് അച്ചുദാനന്ദനെ സമ്മതിക്കുല്ലാന്ന് തന്നേന്ന്. ആ സഖാവിനെം സര്‍ക്കാറിനേം എങ്ങിനേം ഒന്നു മെരുക്കി നിര്‍ത്താനുള്ള പിണറായിയുടെ ഒരോരോ കളികളല്ലേ നാം ദിനവും കാണുന്നേ. സഭാ മേലധ്യക്ഷന്മാരേ...., പുരോഹിതന്മാരേ..., പിണറായി ചെയ്യുന്നതെന്നതാണെന്ന് നിങ്ങള്‍ക്കറിയാമേലാതെ തെരുവിലേക്കിറങ്ങരുത്. എന്തെന്നാല്‍ അടുത്ത അഞ്ചു വര്‍ഷം യൂ.ഡി.എഫിനെ കൊണ്ടു ഭരിപ്പിക്കാനായി തുനിഞ്ഞിറങ്ങിയിരിക്കുന്ന പിണറായി പക്ഷക്കാരനായ കൊടിയേരി പോലീസിന്റെ ലാത്തിക്ക് അത് പണിയുണ്ടാക്കും. വീണ്ടും തുടര്‍ച്ചയായൊരു ഭരണത്തിലേക്ക് അച്ചുതാനന്ദന്‍ സഖാവ് കടന്ന് വരാതിരിക്കാനുള്ള എല്ലാ നീക്കങ്ങളും അതിയാന്‍ തന്നെ ചെയ്തു വെച്ചിട്ടുണ്ടെങ്കിലും അതൊന്നൊറപ്പിക്കാനുള്ള തത്രപ്പാടിലാ നമ്മുടെ സിക്രട്ടറി. അതു കൊണ്ട് ഇടയന്മാരേ നിങ്ങള്‍ പോലീസ് ലാത്തിക്കൊഴിഞ്ഞ് നടക്കൂ ഇടയ ലേഖനങ്ങളിറക്കി സമാധാനിക്കൂ‍...ലേഖനങ്ങളിറക്കുന്നിടത്തേക്ക് പോലീസ് ലാത്തിക്ക് കയറി വരാനൊക്കില്ലല്ലോ. ലാത്തികള്‍ കുഞ്ഞാടുകള്‍ മേടിച്ച് കൂട്ടിക്കോളും. അങ്ങിനെ ഇടയന്മാരേ നിങ്ങള്‍ക്ക് കൂടുതല്‍ ലേഖനങ്ങളിറക്കി കളി തുടരാം....

4. റോഡുകള്‍ നീതി പാലിക്കുക.
ഹൈക്കോടതിയുടെ ഉത്തരവുകള്‍ തുടരേ തുടരേ ലംഘിക്കുന്നത് കേരളാ റോഡുകളുടെ ഒരു സ്ഥിരം പരിപാടി ആയിരിക്കുന്നു. ഹൈക്കോടതി ഉത്തരവ് വന്നിട്ടും റോഡുകള്‍ കുഴികള്‍ അടക്കുവാന്‍ തയ്യാറായിട്ടില്ല. ഹൈക്കോടതിയേം കൊഞ്ഞനം കാണിച്ച് യാതൊരു പ്രതിപക്ഷ ബഹുമാനവും ഇല്ലാതെ ഞെളിഞ്ഞ് നിവര്‍ന്ന സുഖ സുഷിപ്തിയിലാണ് സര്‍വ്വ റോഡുകളും. എം.സീ. റോഡെന്ന പഹയന്റെ നേതൃത്വത്തിലുള്ള റോഡുകളുടെ കൂട്ടായ്മ സര്‍വ്വ നീതി വ്യവസ്തയേയും ക്രമസമാധാനത്തേയും ചോദ്യം ചെയ്തു കൊണ്ട് മുന്നോട്ട് പോകുന്നതിനെതിരേ രണ്ടാഴ്ച മുമ്പ് മുഖ്യ മന്ത്രി നേരിട്ട് വന്ന് “ഒന്നു കുഴികളടച്ച് ശരിയാകാന്‍” കാലും കയ്യും പിടിച്ച് കേണപേക്ഷിച്ചിട്ടും റോഡുകള്‍ കാറ്റു പിടിച്ചിട്ട് തന്നെ. എവിടെ...ഇവറ്റക്കൊന്നും യാതൊരു അനുസരണയും ഇല്ല. ഇപ്പോള്‍ വിജയ കുമാര്‍ മന്ത്രിയാണ് റോഡുകളുടെ കാല്‍ തിരുമുന്നത്.എന്നിട്ടും റോഡുകള്‍ക്ക് ഒരു പ്രതികരണവും ഇല്ല തന്നെ. ഡി.യൈ.എഫ്.യുടെ റോഡുകള്‍ക്കെതിരേയുള്ള കാല്‍നട പ്രചരണ ജാഥ വരുന്നു കേട്ടില്ലേ മുദ്രാവാക്യം...

“റോഡുകളേ മൂരാച്ചികളേ,
യൂഡീയെഫിന്‍ ചാരന്മാരേ,
സീ.ഐ.ഏയുടെ പണം പറ്റി
ഞങ്ങടെ സര്‍ക്കാറിനെയട്ടിമറിച്ചാല്‍
അക്കളി തീക്കളി സൂക്ഷിച്ചോ....”

ഗതാഗതത്തിന് കേരളത്തില്‍ കഴുതയേയോ കുതിരയേയോ പോത്തുകളേയോ ഒക്കെ ഉപയോഗിക്കാം. തിരോന്തോരത്ത് തുടക്കമിട്ട ഈ പുതിയ രീതിയാണ് നമ്മുക്കിനി നല്ലത്. അതേന്ന്.. നാമിപ്പോഴും ശിലായുഗത്തില്‍ തന്നേന്ന്.

5. ബൂമറങ്ങ് :
“ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തില്‍ മുന്‍‌വര്‍ഷങ്ങളേക്കാള്‍ വര്‍ദ്ധനവ്. സര്‍ക്കാറിന്റെ ക്രിയാത്മകമായ ഇടപെടലുകളാണ് ഈ നേട്ടത്തിന് കാരണം...” - ദേവസ്വം മന്ത്രി ജീ. സുധാകരന്‍.

“അയ്യോ...എന്റെ പൊന്നു സുധാകരന്‍ സാറേ, അതല്ല കാര്യം. നിങ്ങളെ കൊണ്ട് പൊറുതി മുട്ടിയ ജനം തങ്ങളുടെ സമ്പാദ്യം എല്ലാം സ്വരുകൂട്ടി കൊണ്ട് വന്ന് ഭണ്ഡാരത്തിലിട്ട് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുവാന്നേയ്...നിങ്ങളുടെ ഈ ഒടുക്കത്തെ ഭരണം ഒന്നവസാനിപ്പിക്കാന്‍. ഇങ്ങിനെ പോയാല്‍ അടുത്ത വര്‍ഷം ദേവസ്വം ബോര്‍ഡിന്റെ വരുമാനം ഇന്നിയും കൂടും സാറേ.....”

3 comments:

അഞ്ചല്‍ക്കാരന്‍ said...

ഭൂലോക പോയ വാരം ഒമ്പതാം ലക്കം ബൂലോക സമക്ഷം സമര്‍പ്പിക്കുന്നു. നന്ദി.

ദിലീപ് വിശ്വനാഥ് said...

നല്ല ഉദ്യമം. വളരെ പ്രയോജനപ്രദം.

സുല്‍ |Sul said...

അഞ്ചക്കാരാ,
ഈലക്കവും നന്നായിട്ടുണ്ട്.
-സുല്‍