Monday, October 1, 2007

ഭൂലോകം പോയ വാരം : ഏഴാം ലക്കം

1. ബര്‍മ്മയിലെ പട്ടാള ഭരകൂടവും ബ്ലോഗുകളും.
ബര്‍മ്മയിലെ ബുദ്ധ ഭിക്ഷുക്കള്‍ ഒരു ധര്‍മ്മ സമരത്തിലാണ്. പട്ടാള ഭരണ കൂടത്തിനെതിരെ സഹന സമരം പ്രഖ്യാപിച്ച് തെരുവിലിറങ്ങിയ ബുദ്ധഭിക്ഷുക്കള്‍ രക്തരഹിതമായി കാട്ടാള ഭരണകൂടത്തിനെതിരെ നടത്തുന്ന സമരം എവിടെ ചെന്നെത്തും എന്ന ഭീതിയിലൂടെയാണ് ലോകം പോയവാരം കടന്നു പോയത്. ബുദ്ധ ഭിക്ഷുക്കളുടെ സഹന സമരം രണ്ടാഴ്ചകള്‍ പിന്നിടുമ്പോഴും പട്ടാള ഭരണ കൂടം എണ്‍പത്തി എട്ട് ആവര്‍ത്തിക്കാന്‍ മടിക്കുന്നത് വിവര സാങ്കേതിത വിദ്യയുടെ വിജയം അല്ലാതെ മറ്റൊന്നുമല്ല. എണ്‍പത്തി എട്ടില്‍ ഭരണകൂടത്തിനെതിരെ തിരിഞ്ഞ ഭിക്ഷുക്കളെ നിരത്തിലിട്ട് കശാപ്പുചെയ്തത് പുറം ലോകം തിരിച്ചറിയാതിരിക്കാനാവുന്നതെല്ലാം ഭരണകൂടത്തിന് ചെയ്യാന്‍ കഴിയുമായിരുന്നു. ചില്ലറക്ക് കിട്ടുന്ന ക്യാമറയുള്ള ഒരു മൊബൈല്‍ ഫോണും ഡയലപ്പ് ഇന്റര്‍നെറ്റ് കണക്ഷനും ഉള്ള ആര്‍ക്കും ഫോട്ടോ ഫീച്ചറുകള്‍ എഴുതി നിമിഷങ്ങള്‍ക്കുള്ളില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുന്ന ബ്ലോഗെന്ന മാധ്യമത്തെ ബര്‍മ്മയിലെ ജനാധിപത്യ വാദികള്‍ നന്നായി തന്നെ ഉപയോഗിക്കുന്നു. ഭരണ കൂട ഭീകരത എത്ര പൂഴ്ത്തി വെക്കാന്‍ ശ്രമിച്ചിട്ടും ഭിക്ഷുക്കളുടെ സഹന സമരത്തിനെതിരേ പട്ടാളം കാട്ടുന്ന ക്രൂരതകള്‍ ബര്‍മ്മ ഡൈജസ്റ്റ് എന്ന ലണ്ടനില്‍ നിന്നും നിയന്തിക്കപ്പെടുന്ന ബ്ലോഗിലൂടെ പുറം ലോകത്തെത്തിക്കൊണ്ടിരിക്കുന്നു. ദൃശ്യ ശ്രവ്യമാധ്യമങ്ങളെ പട്ടാള ചിട്ടയില്‍ നിയന്ത്രിക്കുവാന്‍ ഭരണകൂടത്തിന് കഴിയുമെങ്കിലും ക്യാമറയുള്ള ഒരു മൊബൈല്‍ ഫോണിന്റെ മുന്നില്‍ നടക്കുന്ന പൈശാചികമായ ഒരു സംഭവം നിമിഷങ്ങള്‍ക്കുള്ളില്‍ ബര്‍മ്മക്ക് പുറത്ത് വസിക്കുന്ന ഇന്റര്‍നെറ്റ് കഫേയില്‍ ഇരിക്കുന്ന ഒരു ബ്ലോഗറുടെ ബ്ലോഗിലേക്ക് ചേക്കേറാന്‍ നിമിഷങ്ങള്‍ മതി. ആ നിമിഷങ്ങളെ ഭയക്കുന്നതു കൊണ്ടാണ് പട്ടാളം ചര്‍ച്ചകള്‍ക്ക് തയ്യാറാകുന്നത്. പുറത്തേക്കുള്ള ടെലഫോണ്‍ ബന്ധങ്ങള്‍ വിശ്ചേദിക്കപെട്ടിട്ടും സാറ്റലൈറ്റ് ഫോണിലൂടെ മനുഷ്യത്വം മരവിപ്പിക്കുന്ന ചിത്രങ്ങളും വാര്‍ത്തകളുമായി നിമിഷം പ്രതി ബര്‍മ്മാ ഡൈജസ്റ്റ് അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

സഹനസമരക്കാരെ പട്ടാളഭരണകൂടം പാറ്റണ്‍‌ടാങ്കും യന്ത്രതോക്കുമായി നേരിടാ‍ന്‍ മടിക്കുന്നത് സമരക്കേരെയോ ബര്‍മ്മയിലെ ജനരോഷത്തേയോ ഭയന്നിട്ടല്ല. ഉള്ളില്‍ നടക്കുന്ന സംഗതികള്‍ക്ക് നേരെ പിടിച്ച കണ്ണാടിയായി ബ്ലോഗുകള്‍ മാറുകയും അതോടെ ലോക ജനതയുടേയും സമാധാന വാദികളുടേയും രോഷം തങ്ങളുടെ കിരാതങ്ങള്‍ക്ക് നേരെ തിരിയുകയും ചെയ്യും എന്ന ഭയവും മൂലമാണ് പട്ടളഭരണകൂടം ചര്‍ച്ചകളിലേക്ക് വരുന്നത്. ബ്ലോഗെന്ന മാധ്യമമാണ് ബര്‍മ്മയെ കൂടുതല്‍ രക്ത രൂക്ഷിതമാക്കാതിരിക്കുന്നത് എന്ന് വിചാരിക്കുന്നതില്‍ തെറ്റേതുമില്ല തന്നെ. ബര്‍മ്മയിലെ പട്ടാള നിയന്ത്രണത്തിലുള്ള ദൃശ്യ ശ്രവ്യ മാധ്യമങ്ങള്‍ തുപ്പുന്ന ചുട്ടെടുക്കപ്പെടുന്ന വാര്‍ത്തകളാര്‍ക്കും വേണ്ടാതായിരിക്കുന്നു. ബ്ലോഗുകളെ എങ്ങിനെ ഗുണകരമായി ഉപയോഗിക്കാം എന്നതിന് ബര്‍മ്മയിലെ സഹനസമരവും കാട്ടിതരുന്നു.

സംഗതി ഇങ്ങിനെയൊക്കെ ആണേലും ലോകമാകമാനം ജനാധിപത്യം കയറ്റി അയക്കാന്‍ ഒരുങ്ങി നടക്കുന്നവരുടെ കണ്ണില്‍ ബര്‍മ്മയെ പോലെയുള്ള രാജ്യങ്ങളിലെ പട്ടാള ഭരണകൂടങ്ങള്‍ പെടാത്തത് എന്താണോ ആവോ?

2. ഫലം കണ്ടു തുടങ്ങി.
കല്യാണം കഴിഞ്ഞിട്ട് വരനും വധുവും കൂടി കുടുംബത്ത് വന്ന് വളര്‍ത്തവകാശക്കാരോട് വിവാഹത്തിന് അനുവാദം ചോദിക്കുന്നതു പോലെയായിരുന്നു ഭാരതാവും അമേരിക്കാവും ആണവകരാര്‍ ഒപ്പിട്ടത്. ഒപ്പിട്ട കരാറ് നടപ്പാക്കണമോ വേണ്ടയോ എന്നുള്ള ചര്‍ച്ചാ നാടകങ്ങള്‍ക്കായി രാഷ്ട്രീയ സമിതി ഒക്കെ ഉണ്ടാക്കി ചര്‍ച്ചകള്‍ക്കായി യോഗം ചേര്‍ന്ന് സുലൈമാനി കുടിച്ച് പിരിയല്‍ തകൃതിയായി നടക്കവേ ആണവകരാര്‍ കൊണ്ടുള്ള ആദ്യ ഫലം കണ്ടു കഴിഞ്ഞു. നാട്ടിന്റെ ഊര്‍ജ്ജ മേഖലക്ക് ഏറ്റവും കൂടുതല്‍ മുതല്‍ കൂട്ടാകുമായിരുന്ന കൊട്ടി ഘോഷിക്കപ്പെട്ട ഇറാന്‍ പ്രകൃതി വാതക കുഴലില്‍ നിന്നും ഭാരതം ഏതാണ്ട് തെറിച്ച മട്ടാണ്. വിലയൊത്തില്ല എന്ന വരട്ടുന്യായമൊക്കെ പറയാമെങ്കിലും അമേരിക്കാവു കണ്ണുരുട്ടിയതാണ് കുഴലില്‍ നിന്നും ഭാരതം ഒഴിവാക്കപ്പെട്ടത് എന്ന് “വിചാരിക്കുന്നതാണ്” കൂടുതല്‍ ശരി എന്ന് വിചാരിക്കാം.

3. തിരുത്തി കൊണ്ടിരുന്നവന്‍ തിരുത്തപ്പെടുമ്പോള്‍
നൂറിന്റെ ഭാരവുമായി ഭരണത്തിലേറിയ കേരളത്തിന്റെ വിപ്ലവ മുഖ്യമന്ത്രിയുടെ ആദ്യകാല പ്രധാന തൊഴില്‍ മറ്റു മന്ത്രിമാരെ തിരുത്തുക എന്നതായിരുന്നു. ശ്രീമതി ടീച്ചറും സുധാകരന്‍ സാറും ബേബിയും ഒക്കെ അങ്ങിനെ തിരുത്തപ്പെട്ടുകൊണ്ടേയിരുന്നു. മന്ത്രിമാരെ തിരുത്തിയും ഉദ്യോഗസ്ഥരെ വിരട്ടിയും വാണരുളിയിരുന്ന മുഖ്യനെ സ്വന്തം പാര്‍ട്ടി തന്നെ പിടിച്ച് ചെവി തിരിച്ചു വിട്ടു. അന്നു തുടങ്ങി കഷ്ടകാലം. കാണുന്ന ചെമ്മാനും ചെരുപ്പുകുത്തിയും ചന്ദ്രചൂഡനും വെളിയം ഭാര്‍ഗ്ഗവനും വരെ മുഖ്യന്റെ മേല്‍ തിരുത്തു തുടങ്ങി. ദാ ഇപ്പോഴിതാ മുന്നാറില്‍ മൊത്തം തിരുത്തലായി.

എലിയെ പിടിക്കാന്‍ വിട്ട നിറമില്ലാത്ത പൂച്ചകളെയൊക്കെയും കൂടെ നിന്നവരും വിപ്ലവക്കാരും ലാന്‍ഡ് മാഫിയാ കാരും എല്ലാം കൂടി പിടിച്ച് ചാക്കില്‍ കെട്ടി പുഴ കടത്തി വിട്ടു. പുഴകടന്ന നിറമില്ലാത്ത പൂച്ചകളിലൊന്ന് മാപ്പപേക്ഷയുമായി കോടതികള്‍ കേറിയിറങ്ങുന്നു. പുഴ നീന്തി ഇടുക്കിയിലെത്തിയ മറ്റൊരു പൂച്ചയെ തല്ലികൊല്ലാനായി ജോസഫ് പിറകേ കൂടി. ജോസഫിന്റെ അടുപ്പ് വക്കില്‍ ചുരുണ്ട് കൂടി കിടന്നപ്പോള്‍ കണ്ട അഴിമതികള്‍ ചാക്കില്‍ കെട്ടി പുഴയിലിട്ടപ്പോള്‍ മുഖത്തും തലയിലും വെള്ള കേറിയപ്പോഴാണ് പൂച്ചക്ക് ഓര്‍മ്മ വന്നത്. പുഴ കടത്തപെട്ട മീശക്കാരന്‍ പൂച്ചയുടെ പൊടി പോലുമില്ല കണ്ടു പിടിക്കാന്‍.

മൂന്നാറില്‍ ചെയ്തതെല്ലാം തെറ്റായിരുന്നു എന്ന് മുഖ്യന് സ്വയം സമ്മതിക്കേണ്ടി വരുന്നു. മൂന്നാറില്‍ തുടങ്ങിയത് തന്റെ ഭരണത്തിന്റെ നേട്ടമാണെന്ന് പൊക്കി കാട്ടിയ ആള്‍ അവിടെ നടന്ന എല്ലാകാര്യങ്ങളും തെറ്റായിരുന്നു എന്ന് സ്വയം സമ്മതിക്കേണ്ടി വരുന്നിടത്ത് താന്‍ പരാജയമാണെന്ന് തിരിച്ചറിയാതിരിക്കുന്നത് എന്തു കൊണ്ട്? മൂന്നാര്‍ ഒരു നല്ല തുടക്കമായിരുന്നു. അതിന് നേതൃത്വം കൊടുത്തയാള്‍ അട്ടിമറിച്ചവര്‍ക്ക് ഓശാന പാടുന്നതാണ് ഏറ്റവും പുതിയ കേരള കാഴ്ച.

ഒന്നുകില്‍ നിറമില്ലാത്ത ചത്ത പൂച്ചകളെയാണ് പന്നിയെലികളെ പിടിക്കാന്‍ മൂന്നാറിലേക്ക് കയറ്റി വിട്ടത്. അല്ലെങ്കില്‍ എലികള്‍ പൂച്ചകളെ പിടിച്ചു. അതു മല്ലെങ്കില്‍ പൂച്ചകളും എലികളുമായി ചങ്ങാതത്തിലായി.

4. ശ്രീശാന്തും മാതാവും.
ഇരുപത് ഇരുപത് ലോക കപ്പില്‍ ഭാരതം മുത്തമിട്ടത് അഭിമാനകരമാണ്. പക്ഷേ അതേ തുടര്‍ന്ന് കളിക്കാരോടും ടീമിനോടും നാട് കാട്ടുന്ന തീവ്രാരാധന എല്ലാ പരിധികളും ലംഘിക്കുന്നതായിമാറുന്നു. ഭാരതത്തിന്റെ ദേശീയ ഗെയിം അടക്കം മറ്റെല്ലാ ടീമുകളേയും കായിക മേഖലയേയും കൃക്കറ്റ് വിഴുങ്ങി കഴിഞ്ഞിരിക്കുന്നു എന്നതാണ് വാസ്തവം. തഴച്ചു വളരുന്ന കൃക്കറ്റും മുരടിച്ചു തളരുന്ന മറ്റു കായിക മേഖലയും എന്നതല്ല “വിചാരത്തിലെ” വിഷയം. ടീം ഇന്‍ഡ്യയിലെ മലയാള സാനിധ്യമായ ശ്രീശാന്തും അദ്ദേഹത്തിന്റെ മാതാവും കേരളത്തില്‍ തുടക്കമിടുന്ന പുതിയ സംസ്കാരം ആണ്.

ശ്രീശാന്ത് കളിക്കുമ്പോള്‍ പത്രക്കാരെല്ലാം കൂടി ക്യാമറായും തൂക്കി ശ്രീയുടെ വീ‍ട്ടിന് മുന്നില്‍ തമ്പടിക്കും. മാതാവിന് കളി കാണുന്നതിലും താല്പര്യം മാധ്യമ പ്രവര്‍ത്തകരെ കൈകാര്യം ചെയ്യുന്നതിലാണ്. ഒരു മകന്റെ വിജയം ഏതൊരമ്മക്കും അഭിമാനകരം ആണെന്നത് വസ്തുതയാണെങ്കിലും കളി നടന്നുകൊണ്ടിരിക്കുമ്പോഴും കഴിയുമ്പോഴും ഒറ്റക്കും കുടുംബം കൂട്ടായും ഒക്കെ അഭിമുഖവുമായി വരുന്നതിനെ കേരളത്തിലെ പത്രക്കാര്‍ ഒരു നിയന്ത്രണവുമില്ലാതെ പ്രോത്സാഹിപ്പിക്കുന്നത് കേരളത്തിലെ സ്കൂള്‍ യുവജനോത്സവങ്ങളില്‍ നടമാടിയിരുന്ന അമ്മ പോരിനെ ഓര്‍മ്മിപ്പിക്കുന്നു. യുവജനോത്സവങ്ങളില്‍ മുന്നിലെത്തുന്നവര്‍ക്ക് പത്രക്കാര്‍ ഒരു കാലത്ത് കൊടുത്ത അമിത പ്രാധാന്യമാണ് യുവജനോത്സവ വേദികളില്‍ അമ്മമാര്‍ പരസ്പരം മത്സരിക്കാന്‍ കാരണം. പ്രതിഭകളെ വാര്‍ത്തെടുക്കാനായി കേരളത്തിലങ്ങോളം ഇങ്ങോളം “കലാ പ്രതിഭാ-തിലക ചൂളകള്‍” ഉണ്ടാവുകയും കുറേയാളുകള്‍ അമ്മമാരുടെ മാനസ്സിക വൈകല്യങ്ങളെ വിറ്റ് ഉപജീവനം നടത്തുകയും ചെയ്തത് മറക്കാന്‍ തക്ക കാലം ആയിട്ടില്ല.

അമ്മമാര്‍ ക്രിക്കറ്റ് ബാറ്റുമായി ഇറങ്ങാനേ ശ്രീശാന്തിന്റെ മാതാവിലൂടെ ഭാ‍രത കായിക വേദിയെ വിശകലനം ചെയ്യാനൊരുമ്പെടുന്ന മാധ്യമ പ്രവര്‍ത്തകരുടെ ചെയ്തികള്‍ വഴിവെക്കുള്ളൂ. കേരളത്തിലെ മുക്കിലും മൂലയിലും കുട്ടികളെ “ശ്രീ ശാന്തിനെ” പോലെ കൃക്കറ്റ് താരമാക്കാമെന്ന് ബോര്‍ഡും തൂക്കി കൃക്കറ്റ് പരിശീലന സ്ഥാപനങ്ങള്‍ കൂണുകള്‍ പോലെ മുളക്കാന്‍ തുടങ്ങുന്നത് നമ്മുക്ക് അടുത്ത ദിനങ്ങളില്‍ കാണാം. കുട്ടിയേയും ഒക്കത്തിരുത്തി ബാറ്റും സ്റ്റമ്പും ബാളുമായി നീങ്ങുന്ന അമ്മമാരേയും.

5. നല്ല വാര്‍ത്ത.
സുപ്രീം കോടതിയില്‍ നിന്നും വീണ്ടും നല്ല വാര്‍ത്ത. തമിഴ് നാട് സര്‍ക്കാരിനോട് ബന്ദ് നടത്തരുത് എന്ന താക്കീത്. എന്നാ വിരോധാഭാസം. ഭരിക്കുന്ന ഗവണ്മെന്റ് തന്നെ ജന ജീവിതം ദുഃസ്സഹമാക്കുന്ന ബന്ദിനെ അനുകൂലിച്ച് കോടതിയെ സമീപിക്കുക. കോടതി അതിന് തടസ്സം നില്‍ക്കുമ്പോള്‍ അതിനെ വരട്ട് ന്യായങ്ങള്‍ പറഞ്ഞ് ന്യായീകരിക്കുക. ജനത്തിന്റെ സമാധാനക്കേടിന് ചൂട്ടുപിടിക്കുക. ഇതൊക്കെയും ഭാരത ജനാധിപത്യത്തിന്റെ തിരുത്തപ്പെടേണ്ട മറുപുറങ്ങളാണ്. സുപ്രീം കോടതിയുടെ ഇപ്പോഴത്തെ ഇടപെടല്‍ പുതിയ തുടക്കമാണ്. കേരളത്തിലും സര്‍ക്കാര്‍ സ്പോണ്‍സേഡും അല്ലാത്തതുമായ ഹര്‍ത്താലുകള്‍ (ബന്ദ് തന്നെ) പ്രഖ്യാപിക്കുമ്പോള്‍ ആരെങ്കിലുമൊക്കെ കോടതിയെ സമീപിക്കുക. ഹര്‍ത്താലിന് ഹേതുവാകുന്ന സംഭവം ഹര്‍ത്താല് നടത്താന്‍ തക്ക പ്രാധാന്യം ഉള്ളതാണോ ഇല്ലയോ എന്ന് പരിശോധിച്ച് കോടതി അനുവാദം കൊടുക്കുകയോ കൊടുക്കാതിരിക്കയോ ചെയ്യട്ടെ.

14 comments:

അഞ്ചല്‍ക്കാരന്‍ said...

വാര വിചാരം ഏഴാം ലക്കം ബൂലോക സമക്ഷം സമര്‍പ്പിക്കുന്നു.

1. ബര്‍മ്മയിലെ പട്ടാള ഭരണകൂടവും ബ്ലോഗുകളും
2. ഫലം കണ്ടു തുടങ്ങി.
3. തിരുത്തി കൊണ്ടിരുന്നവര്‍ തിരുത്തപ്പെടുമ്പോള്‍
4. ശ്രീശാന്തും കേരളത്തിലെ അമ്മമാരും
5. നല്ല വാര്‍ത്ത.

കുഞ്ഞന്‍ said...

പതിവുപോലെ നന്നായിട്ടുണ്ട്, മികച്ചു നില്‍ക്കുന്നത് ശ്രീശാന്തും കേരളത്തിലെ അമ്മമാരും!

സുല്‍ |Sul said...

അഞ്ചല്‍കാരാ
ഈ ലക്കവും നന്നായി.
-സുല്‍

un said...

നല്ല ലേഖനങ്ങള്‍.
മിമിക്രിക്കാരെക്കാള്‍ നന്നായി നാട്ടുകാരെ ചിരിപ്പിക്കുന്നുണ്ട് ശ്രീശാന്തിന്റെ അമ്മയുടെ കോപ്രായങ്ങളും കോമാളിത്തരങ്ങളും..അവരുടെ
ഇഗ്ലീഷ് അഭിമുഖവും കാണേണ്ട ഗതികേട് വന്നു..
...
കേരളത്തിലെ കോടതിയും പണ്ട് ബന്ദ് നിരോധിച്ചില്ലേ? എന്നിട്ടെന്തായി? ഹര്‍ത്താലെന്ന പേരില്‍ പിന്നെയും തുടര്‍ന്നു തോന്ന്യവാസങ്ങള്‍..ഇനിയീ സുപ്രീം കോടതി വിധിക്കുകൂടെ ഈ വിധി വരാതിരുന്നാല്‍ മതിയായിരുന്നു..

മുസ്തഫ|musthapha said...

എല്ലാ വിഷയങ്ങളും നന്നായി പറഞ്ഞിരിക്കുന്നു... ഈ ലക്കവും മികവ് പുലര്‍ത്തിയിരിക്കുന്നു...

വെള്ളെഴുത്ത് said...

നല്ല വിചാരം..

വേണു venu said...

അഞ്ചല്‍‍കാരാ, ഇത്തവണയും നന്നായിട്ടുണ്ടു്. പ്രത്യ്യെകിച്ചും ബര്‍മ്മയിലെ വാര്‍ത്തകള്‍‍.:)

Anonymous said...

വാരവിചാരത്തില്‍ തിരഞ്ഞെടുത്ത വിഷയങ്ങളും അവതരണരീതിയും കൊള്ളാം.

ശ്രീശാന്തിനെകുറിച്ചും അദ്ദേഹത്തിന്റെ അമ്മയെക്കുറിച്ചമ്മുള്ള വിമര്‍ശനങ്ങള്‍ മനസ്സിലാകുന്നില്ല. ക്രിക്കറ്റില്‍ നിന്ന് കിട്ടിയ കാശ് കൊണ്ട് ശ്രീശാന്ത് തുടങ്ങിയ ചാനലിന്റെ ക്യാമറമാനൊ അല്ലെങ്കില്‍ ശ്രീശാന്തിന്റെ ഉടമസ്ഥതയിലുള്ള പത്ര സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടേഴ്സോ അല്ല ശ്രീശാന്തിന്റെ വീട്ടില്‍ ക്യാമറയും തൂക്കി നടന്ന് അവരുടെ സ്വകാര്യജീവിതം പോലും പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് വച്ചത്. ശ്രീശാന്തും അദ്ദേഹത്തിന്റെ അമ്മയും കാശ് കൊടുത്ത് പത്രപവര്ത്തകരെ വിളിച്ച് വരുത്തിയതുമല്ലല്ലൊ.

ശ്രീശാന്ത് ഇന്ന് കേരളത്തിന്റെ സെലിബ്രറ്റിയും അഭിമാനവുമൊക്കെ തന്നെയാണു. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ നാളെ കേരളത്തില്‍ പുതിയ ശ്രീശാന്തന്മാരെ ഉണ്ടാക്കണം. അമ്മമാര്‍ ബാറ്റും സ്റ്റമ്പും ഒക്കത്ത് വച്ച് മക്കളെ ക്രിക്കറ്റ് അക്കാഡമിയില്‍ ചേര്‍ക്കാന്‍ പോകുന്ന കാഴ്ച കേരളത്തില്‍ സംഭവിച്ചാല്‍ അതൊരു പോരായ്മയായി കാണേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.

ശ്രീശാന്തിന്റെ അമ്മയ്ക്ക് എന്തു കൊണ്ട് അഭിമാനിച്ച്കൂട. എന്തു കൊണ്ട് കേരളത്തിലെ മറ്റ് അമ്മമാര്‍ ആ നിലയിലേക്ക് ഉയരുന്നില്ല- വേണ്ടാന്ന് വച്ചിട്ടൊന്നുമല്ലല്ലൊ? സാധിക്കാഞ്ഞിട്ടല്ലെ.

ഇതില്‍ നിന്നും മനസ്സിലാകുന്നത്, മറ്റുള്ളവരെ അംഗീകരിക്കാനുള്ള മലയാളികളുടെ മടി, തന്നെക്കാള്‍ ഒരാള്‍ വളരുന്നതിലുള്ള അസൂയ ഇതൊക്കെ തന്നെയാണ്.


മ‌അദനിയെപോലെയുള്ള വര്‍ഗ്ഗീയ വിഷങ്ങള്‍ക്ക്‌വേണ്ടി തൂലിക ചലിപ്പിക്കുന്നവരുടെ വികാരം മനസ്സിലാക്കാവുന്നതേയുള്ളു. ഇര്‍ഫാന്‍ പത്താനു വിക്കറ്റും കിട്ടണം പാകിസ്ഥാന്‍ ജയിക്കുകയും വേണം എന്നു പറയുന്ന് ഇന്ത്യാക്കാരുള്ള നാടല്ലെ. ഇതിലും കൂടുതല്‍ പ്രതീകഷിക്കാം.

Dominic Mathew

മൂര്‍ത്തി said...

ബര്‍മ്മ ലിങ്കിനു നന്ദി...

അഞ്ചല്‍ക്കാരാ പട്ടാള ഭരണകൂടങ്ങളിലല്ലേ ശരിക്കും ജനാധിപത്യം ഉള്ളത്..ജന എന്നത് ജനറലിന്റെ ഷോര്‍ട്ട് ഫോം ആണെന്നു മാത്രം..:)

അലിഫ് /alif said...

പതിവു പോലെ വാരവിചാരം നല്ല നിലവാരം പുലര്‍ത്തുന്നു.

ബര്‍മ്മ ലിങ്കിനു നന്ദി.

അഞ്ചല്‍ക്കാരന്‍ said...

കുഞ്ഞന്‍,
സുല്‍,
പെരക്കാ,
അഗ്രജന്‍,
വെള്ളെഴുത്ത്,
വേണു,
മൂര്‍ത്തി,
അലിഫ്,
അനോനിയായി വന്ന ഡൊമിനിക്ക് മാത്യൂ,
പിന്നെ വരുകയും വായിക്കുകയും വിചാരങ്ങളില്‍ പങ്കു ചേരുകയും ധാര്‍മ്മിക പിന്തുണ നല്‍കുകയും ചെയ്തു കൊണ്ടിരിക്കുന്ന എല്ലാ ബൂലോക സഹോദരങ്ങള്‍ക്കും അകമഴിഞ്ഞ നന്ദി.

വി. കെ ആദര്‍ശ് said...

njaan ithu ippozhanallo kaaNunnathu daivame.

nalla attempt. keep it up. ll be a regular reader of ur blog from this week onwards

Anonymous said...

At least sreesanth is playing for india. Not like u, using ur brain and skill for another nation. So u have no right to speak like that.

Anonymous said...

Testing comments after Domain transfer pleaseignore.

(കൈപ്പള്ളി)