Saturday, September 29, 2007

ബൂലോക വാരം നാല്,അഞ്ച്,ആറ്

1. ആമുഖം.
സ്മാര്‍ത്തവിചാരവും ചിത്രവധവും നിഴല്‍ യുദ്ധങ്ങളും ഒക്കെ കഴിഞ്ഞ് സൌഹൃദവും സമാധാനവും തിരിച്ച് പിടിച്ച് ശാന്തമായ വാരങ്ങളുമായാണ് ബൂലോകം കടന്ന് പോയത്. ഭൂലോകത്തിന്റെ പരിച്ഛേദം തന്നെയാണ് ബൂലോകവും എന്ന് ഒരോ നിമിഷവും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഓണാഘൊഷവും റംസാന്‍ വ്രതാരംഭവും ഒക്കെ ബൂലോകത്തും അര്‍ഹിക്കുന്ന പരിഗണനകള്‍ നേടികൊണ്ട് തന്നെ കടന്നുപോയി. യുദ്ധ കാഹളങ്ങള്‍ മുഴങ്ങുമ്പോഴും സമാധാനത്തിന്റെ തുയിലുണരുമ്പോഴും അതൊക്കെയും ബൂലോകത്തും പ്രതിധ്വനിക്കുന്നു. ലോകമെമ്പാടും ഇണ്ടാകുന്ന ചലനങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ബൂലോകത്തും ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടുന്നു. ഭൂലോകത്തെ പോലെ തന്നെ ബൂലോകവും സംഭവ ബഹുലമായി കടന്നു പോകവേ വാരവിചാരത്തിലെ ബൂലോക കാണ്ഡം നാലാം ലക്കം കാലയളവ് ഓഗസ്റ്റ് അവസാന വാരം മുതല്‍ സെപ്റ്റംബര്‍ മൂന്നാം വാ‍രം വരെയാണ്.

2. നെറ്റിലെ സൌഹൃദങ്ങള്‍ ബൂലോക കൂട്ടായ്മയാകുമ്പോള്‍...
ഓര്‍ക്കുട്ടിലോ മറ്റേതെങ്കിലും സൌഹൃദകൂട്ടായ്മകളിലോ ചാറ്റ് റൂമുകളിലോ പരിചയപ്പെടുന്നവര്‍ എവിടെയെങ്കിലും വെച്ച് വഴി പിരിയുകയാണെങ്കില്‍, യാത്രക്കിടയിലോ മറ്റേതെങ്കിലും ജീവിത സാഹചര്യങ്ങളിലോ കണ്ടുമുട്ടിയവര്‍ ആ സാഹചര്യങ്ങളിലെവിടെയെങ്കിലും വെച്ച് തെറ്റി പിരിയുമ്പോള്‍ ആ സൌഹൃദങ്ങള്‍ മാത്രം പര‍സ്പരം തിരിച്ചറിഞ്ഞ് “നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി” എന്ന ഉദാത്ത ചിന്തയില്‍ അവരവരുടെ വഴിക്ക് പിരിയുന്നതു പോലെ വഴി പിരിയുന്നതാണ് നെറ്റിലെ ചാറ്റ് സംസ്കാരം. പക്ഷേ ബൂലോകത്താകുമ്പോള്‍ രണ്ടു സൌഹൃദങ്ങള്‍ തമ്മിലുണ്ടാകുന്ന ഉരസലുകള്‍, സൌന്ദര്യപിണക്കങ്ങള്‍, അഭിപ്രായ വ്യത്യാസങ്ങള്‍ ഒക്കെയും ഒരു കൂട്ടു കുടും‌ബത്തില്‍ രണ്ടു അംഗങ്ങള്‍ തമ്മില്‍ ഉണ്ടാകുന്ന ഉരസലുകളില്‍, സൌന്ദര്യപിണക്കങ്ങളില്‍, അഭിപ്രായ വ്യത്യാസങ്ങളില്‍ കുടും‌ബത്തിലെ മറ്റെല്ലാ അംഗങ്ങളും ഇടപെടുന്നതു പോലെ ഏറ്റു പിടിക്കുന്നതു പോലെ കുടും‌ബത്തിന്റെ പ്രശ്നം ആ ഗ്രാമത്തിന്റെ പ്രശ്നം ആയി മാറുന്നതു പോലെ ഒരു സാമൂഹ്യ പ്രശ്നമായി തീരുന്നു. ഇവിടെയാണ് ബൂലോകം സൃഷ്ടിക്കുന്നത് ചാറ്റ് റുമുകളിലെ സംസ്കാരം അല്ല അതിലും ഉപരി ഒരു കൂട്ടായ്മ സംസ്കാരം ആണ് എന്ന് വിചാരിക്കേണ്ടി വരുന്നത്. ചില ബൂലോക സൌഹൃദങ്ങളില്‍ ഉണ്ടായ വിള്ളല്‍ ബൂലോകത്ത് സൃഷ്ടിച്ച അനാരോഗ്യകരമായ വിഴുപ്പലക്കലുകള്‍ ഇതിന് തെളിവാണ്.

രണ്ട് മൂന്ന് വാരങ്ങള്‍ നിറഞ്ഞാടിയ ചിലമ്പൊലികളുടെ ആകെ തുക കൂഴൂര്‍ വിത്സന്‍ മാഷിന്റേതായി വന്ന പിന്മൊഴിയാണ്:
“...മദര്‍ തെരേസ, മാതാ അമ്യതാനന്ദമയി, കലൂര്‍ ലീല, ചാലപ്പുറം ഷീല എന്നിവരോടെല്ലാം ഒരേ രീതിയില്‍ ഒരേ ഭാഷയില്‍, ഒരേ വികാരത്തില്‍ സംസാരിക്കണം എന്നു പറഞ്ഞാല്‍ ജനിച്ചിട്ടില്ലെന്ന് പറയുകയേ നിവ്യത്തിയുള്ളൂ...”
അതേയ്... അതു തന്നെയാണ് ശരി. ദൈവത്തിനുള്ളത് ദൈവത്തിനും ശൈത്താനുള്ളത് (സീസര്‍ക്കുള്ളത് അല്ല) ശൈത്തനും കിട്ടുന്നു.

3. വായനാ ലിസ്റ്റും ഹിറ്റും.
സിബു ഒരു പ്രമുഖ ബ്ലോഗറുടെ ട്രാഫിക്ക് നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി കുറിച്ച വായനാ ലിസ്റ്റുകളും ഹിറ്റുകളും എന്ന പോസ്റ്റ് ചില കാര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. തനിമലയാളത്തില്‍ നിന്നും പോസ്റ്റുകളിലേക്കുള്ള യാത്രകള്‍ വളരെ കുറയുന്നു (രണ്ടു ശതമാനം മാത്രം) മാത്രമല്ല തനിമലയാളത്തിലൂടെ പോസ്റ്റിലെത്തുന്നവര്‍ പോസ്റ്റില്‍ തങ്ങുന്നതും തുശ്ചമായ നിമിഷങ്ങള്‍ (ഒരു മിനുട്ട്). നേരേ ഫേവറിറ്റില്‍ തൂക്കി പോസ്റ്റുകളിലേക്ക് പോകുന്നത് പതിനാലു ശതമാനവും നേരെ പോസ്റ്റിലേക്കെത്തുന്നവര്‍ അവിടെ ഏഴു മിനിട്ടും തങ്ങുന്നു. ചിന്ത വഴി പോസ്റ്റുകളിലേക്കെത്തുന്നവര്‍ (പതിനേഴ് ശതമാനം) നാലു മിനിട്ട് ബ്ലോഗില്‍ ചിലവഴിക്കുമ്പോള്‍ മറുമൊഴി വഴി പോസ്റ്റിലേക്കെത്തുന്നവര്‍ (പതിമൂന്ന് ശതമാനം) ബ്ലോഗില്‍ ചിലവഴിക്കുന്നത് രണ്ടു മിനുട്ട്. വായനാ ലിസ്റ്റുകള്‍ വഴി പോസ്റ്റിലേക്കെത്തുന്നവര്‍ ഇരുപത്തി ഒന്നു ശതമാനം പേര്‍. അവര്‍ ബ്ലോഗില്‍ ചിലവഴിക്കുന്നത് പതിമൂന്ന് മിനിട്ടും. ഇത്രയും പറഞ്ഞിട്ട് സിബു “അനുമാനം” അനുവാചകന് വിട്ടു കൊടുത്തിരിക്കുന്നു.

അവിടെ ആരും ഒന്നും അനുമാനിച്ച് കാണാത്തതു കൊണ്ട് ഇവിടെ “അനുമാനിക്കാം” എന്ന് വിചാരിച്ചു. അനുമാനിച്ചത്:

അനുമാനം ഒന്ന്: തനിമലയാളത്തിലേക്കുള്ള പോക്കുവരവുകള്‍ തുലോം കുറയുന്നു. ഏവൂരാന്റെ “വൈരി” വെറും നീറരിച്ച നായയുടെ കഥയല്ല എന്ന് വേണമെങ്കില്‍ ഇവിടേ ചേര്‍ത്ത് വായിക്കാം. പിന്മൊഴിയെ നീറരിച്ചതും തനിമലയാളത്തിലേക്ക് നീറുകള്‍ അരിച്ചരിച്ച് നീങ്ങുന്നതും ഋജുവായി പറഞ്ഞതാണ് വൈരി എന്ന് അനുമാനിക്കുന്നതില്‍ കാരണങ്ങള്‍ ഉണ്ട് എന്ന്. പിന്മൊഴികള്‍ നിര്‍ത്തപ്പെട്ടത് അത്ര സന്തോഷത്തോടെയല്ല എന്ന് സിബുവിന്റെ ഹിറ്റ് പട്ടികയും വൈരിയും കാട്ടിത്തരുന്നു.

അനുമാനം രണ്ട്: ഫേവറിറ്റില്‍ തൂക്കുന്നവര്‍ക്ക് ഹരം കിട്ടുന്ന തരത്തില്‍ എഴുതി തെളിയുന്നതില്‍ തെറ്റില്ല. എല്ലാവരും സ്റ്റാറുകളാവുക. ഫേവറിറ്റില്‍ തൂങ്ങുക. പ്രശസ്തരാവുക. “എന്ത്..സ്റ്റാറാവാന്‍ തക്ക സ്റ്റഫ് ഇല്ലാ” എന്നോ? ഭയം വേണ്ടാ... മൂന്നാം അനുമാനം കാണുക.

അനുമാനം മൂന്ന്: വായനാ ലിസ്റ്റില്‍ കൂടി വായിക്കുക. ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ വരും വരുന്നവരെല്ലാം കാണും കാണുന്നവരെല്ലാം വായിക്കും വായിക്കുന്നവരെല്ലാം കമന്റിടും. കമന്റിടാനുള്ള സമയമാണ് പതിമൂന്ന് മിനുട്ട്. “വായനാ ലിസ്റ്റില്‍ ചേക്കേറാന്‍ സ്റ്റഫില്ലേ”? എന്തിനാ കുഞ്ഞാ സ്റ്റഫ്. കേറിയങ്ങ് പുറം ചൊറി. നേരെ വായനാ ലിസ്റ്റിലെത്താം. ആര്‍മ്മാദിക്കാം.

അനുമാനം നാല്: ചിന്തവഴി വഴി ബ്ലോഗിലെത്തുന്നവര്‍ പോസ്റ്റ് വായിച്ച് രണ്ടു മിനിട്ട് ചിന്തിച്ച് കമന്റാതെ പോകുന്ന പിശുക്കന്മാരാണ്. അവരെ നമ്പി പോസ്റ്റിട്ട് കുത്തിയിരുന്നാല്‍ പോസ്റ്റുകള്‍ കമന്റില്ലാതെ തരിശ്ശായി പോകും. അതു കൊണ്ട് ചിന്തയെ കൂടുതല്‍ നമ്പണ്ട.

അനുമാനം അഞ്ച്: മറുമൊഴി വഴി പോകുകയേ അരുത്. മറുമൊഴി വഴി ബ്ലോഗിലെത്തുന്നവര്‍ വെറും രണ്ടു മിനിട്ട് മാത്രമേ ബ്ലോഗില്‍ കഴിയുന്നുള്ളൂ. എന്തിന് വെറും പതിമൂന്ന് ശതമാനം “ദരിദ്ര വാസികള്‍” മാത്രമേ മറുമൊഴി വഴി വരുന്നുമുള്ളൂ. പോസ്റ്റ് വായിച്ച് “ഞാനീ നാട്ടുകാരനല്ലേ” എന്ന മനോഗദത്തില്‍ മടങ്ങി പോകുന്നവരാണവര്‍. കമന്റിടാനൊന്നും അവര്‍ മിനക്കെടുന്നില്ല. അതുകൊണ്ട് മറുമൊഴിയില്‍ നിന്നും എത്രയും വേഗം പടിയിറങ്ങി അതിനെയങ്ങ് പൂട്ടിക്കള. എന്നിട്ട് പുറം ചൊറി തുടങ്ങ്.

വാസ്തവം: ഒരു വായനാ ലിസ്റ്റിലും ഇക്കാലത്തോളം എത്തപ്പെടാന്‍ കഴിയാത്ത “വിചാരിപ്പ് കാരന്” ഏറ്റവും കൂടുതല്‍ ഹിറ്റ് കിട്ടുന്നത് (എഴുപത് ശതമാനം) ചിന്തയില്‍ നിന്നുമാണ്. ഇരുപത് ശതമാനത്തോളം ദാരിദ്രരുടെ മറുമൊഴിയില്‍ നിന്നും ബാക്കി അഞ്ചു ശതമാനം തനിമലയാളവും മറ്റുള്ളവരും ദാനമാക്കുന്നതും. എന്തു മനസ്സിലായി? “ആരുമില്ലാത്തവന് ചിന്ത കൂട്ട്...” അത്ര തന്നെ.

4. നൈജീരിയന്‍ തരികിട.
നൈജീരിയന്‍ വിശേഷങ്ങളുമായെത്തുന്ന അലിഫിന്റെ നൈജീരിയ - തൊഴില്‍ മേഖലയും തട്ടിപ്പുകളും എന്ന ലേഖനം ഒരു പുതിയ ബ്ലോഗ് സംസ്കാരത്തിന്റെ നാന്ദി കുറിക്കുന്നു. ലോകത്തെവിടേയും അന്നത്തിനായി കുടിയേറേണ്ടി വരുന്ന മലയാളിക്ക് നേരിടേണ്ടി വരുന്ന തട്ടുപ്പുകളുടെ ചരിത്രത്തിനും കുടിയേറ്റകാലം മുതല്‍ പഴക്കമുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗത്തും ജീവിക്കാന്‍ വേണ്ടി എത്തിപ്പെടുന്ന മലയാളികള്‍ അതാത് രാജ്യത്ത് നിലനില്‍ക്കുന്ന രീതികളേയും നിയമങ്ങളേയും ഉണ്ടാകാവുന്ന തട്ടിപ്പുകളേയും ചൂണ്ടി കാട്ടുന്ന ഇത്തരത്തിലുള്ള ലേഖനങ്ങളും കുറിപ്പുകളും ബൂലോകത്ത് വീണ്ടും ഉണ്ടാകണം. തൊഴില്‍ തേടുന്നവരെ “നൈജീരിയ” എങ്ങിനെ കെണിയില്‍ പെടുത്തുന്നു എന്ന് അലിഫിന്റെ ലേഖനം വസ്തു നിഷ്ടമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഒരു പക്ഷേ പോയ വാരങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ടിയിരുന്ന പോസ്റ്റും “നൈജീരിയ” തന്നെയായിരുന്നു.

5. ക്രിക്കറ്റ് താരങ്ങളുടെ മെയില്‍ ഐഡി.
ഭാരതത്തിലെ ക്രിക്കറ്റ് താരങ്ങളുടെ മെയില്‍ ഐഡികളാണ് ഇന്‍ഡ്യന്‍ ക്രിക്കറ്റ് താരങ്ങളുടെ മെയില്‍ ഐഡി എന്ന കുറിപ്പില്‍ അച്ചായന്‍ പറയുന്നത്. ക്രിക്കറ്റ് താരങ്ങളുടെ ലഭ്യമായ എല്ലാ മെയില്‍ ഐഡികളും ഉള്‍പ്പെടുത്തിയിരിക്കുന്ന പോസ്റ്റ് ആരാധകര്‍ക്ക് സൂക്ഷിച്ച് വെക്കാം. പൊതു വിവരങ്ങള്‍ ലഭ്യമാക്കുന്ന ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ബൂലോകത്ത് തുടര്‍ന്നും ഉണ്ടാകട്ടെ.

6. കര്‍ഷകന്റെ സംസാരം
കര്‍ഷകര്‍ അങ്ങിനെയാണ്. സ്വന്തം വിയര്‍പ്പില്‍ അപ്പം തേടുന്നവര്‍. ബൂലോകത്തും അതിന്റെ നേര്‍ കാഴ്ചയുണ്ട്. സ്വപ്രയത്നം കൊണ്ട് സ്വയത്തമാക്കുന്ന സാങ്കേതങ്ങളെ ലളിതമായി അവതരിപ്പിക്കുന്ന കുറിപ്പുകളുമായെത്തുന്ന ചന്ദ്രേട്ടന്റെ ബ്ലോഗ് പലപ്പോഴും തുടക്കക്കാര്‍ക്ക് ഗുണകരമാകുന്നതാണ് കാണാന്‍ കഴിയുന്നത്. സ്വതന്ത്ര സോഫ്റ്റ് വെയറിലേക്ക് ചുവട് മാറ്റുവാന്‍ കമ്പൂട്ടറിന്റെ സാങ്കേതങ്ങള്‍ ആഴത്തില്‍ വശമില്ലാത്തവര്‍ക്കും കഴിയും എന്ന് ചന്ദ്രേട്ടന്‍ ഈ പോസ്റ്റില്‍ വിശദമാ‍ക്കുന്നു. മൈക്രോ സോഫ്റ്റില്‍ അടിപെട്ടു പോയവര്‍ക്ക് ഒരു ചുവട് മാറ്റത്തിനുള്ള സാധ്യതയാണ് കേരളാ ഫാര്‍മര്‍ തുറന്നിട്ടത്. ഈ ലേഖനവും അദ്ദേഹത്തിന്റേതായി വന്ന തുടര്‍ ലേഖനങ്ങളും സ്വ പ്രയത്നം കൊണ്ടും നിരീക്ഷണങ്ങള്‍ കൊണ്ടും ആര്‍ക്കും പുതു സാങ്കേതങ്ങള്‍ വശമാക്കാമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെടുന്നു.

7. അര്‍ദ്ധവിരാമങ്ങളും വിട പറയലുകളും.
എനിക്ക് ഒരു ഉമ്മാമ്മയുണ്ടായിരുന്നു. മക്കളുടേയും പേരമക്കളുടേയും ഒക്കെ വീടുകളില്‍ താമസ്സിക്കാന്‍ വരും. ഒരിടത്തും സ്ഥിരമായി താമസ്സിക്കില്ല. വന്ന് കയറുമ്പോഴേ പറയും “എനിക്ക് ഉച്ചക്ക് മുമ്പ് പോണം” മക്കളും കുഞ്ഞു മക്കളും ഒക്കെ “ഉമ്മാ പോകണ്ട...രണ്ടു ദിവസം കഴിഞ്ഞേ പോകാവൂ...” എന്ന് പറഞ്ഞന്നിരിക്കട്ടെ. “ഇല്ല എനിക്ക് പോയേ കഴിയുള്ളൂ...” എന്ന് വീണ്ടും പറയും. എത്രത്തോളം നാം നിര്‍ബന്ധിക്കുന്നുവോ അത്രത്തോളം “പോണം...”, “പോയേ പറ്റൂ.” പല്ലവിയുമായി നില്‍ക്കും. പക്ഷേ ആഴ്ചകള്‍ നീണ്ടാലും പോക്കുണ്ടാവൂല്ല. പോകണം, പോകണം എന്ന് പറഞ്ഞ് എല്ലാവരുടേയും ശ്രദ്ധ ഉമ്മാമ്മായില്‍ തന്നെ നിര്‍ത്താനാണ് അവര്‍ ശ്രമിക്കുക. ഇത് മനസ്സിലാക്കിയ മക്കളും കൊച്ചു മക്കളും ഒക്കെ “പോകരുത്” എന്ന് പറയുന്നത് അങ്ങ് നിര്‍ത്തി. അപ്പോള്‍ ഉമ്മാമ്മയുടെ ചോദ്യം “എന്താടീ എന്നെ നിങ്ങള്‍ക്ക് മടുത്തോ?”

ഉമ്മാമ്മയുടെ ആചോദ്യത്തിന് ബൂലോകത്ത് എന്ത് പ്രസക്തി എന്നായിരിക്കും. ഇപ്പോള്‍ ഒരു പുതിയ പ്രവണത കണ്ടു വരുന്നു. ഒരു വിധം നന്നായി എഴുതികൊണ്ടിരിക്കുന്നവര്‍ പെട്ടെന്ന് ഞാന്‍ പോകുവാ... എന്നൊരു കുറിപ്പും എഴുതി വെച്ച് പോസ്റ്റും നോക്കിയിരിക്കും. ആള്‍ക്കാര്‍ വന്ന് “അയ്യോ പോവല്ലേ” വിളിക്കും. പിന്നെ തൊട്ടടുത്ത നാഴികയില്‍ പുതിയ പോസ്റ്റുമായി വീണ്ടും ബൂലോകത്ത് കാണാം - “എന്താടോ എന്നെ നിങ്ങള്‍ക്ക് മടുത്തോ” എന്ന ചോദ്യവുമായി. തങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ പിടിച്ചു വെക്കാനുള്ള ഒരു തന്ത്രമായി ഈ രീതിയെ കാണാമെന്ന് തോന്നുന്നു.

8. ജനശ്ശക്തി ന്യുസ്.
ജനശ്ശക്തി ന്യൂസിന്റെ തുടക്കങ്ങളില്‍ ഒരു കോപ്പി പേസ്റ്റ് സംരംഭമായി ന്യൂസിനെ കണ്ടവനാണ് വിചാരിപ്പ് കാരനും. പക്ഷേ ഇപ്പോള്‍ ആ ധാരണ മാറ്റേണ്ടി വരുന്നു. അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വാര്‍ത്തകളും വിവരങ്ങളും ഉടനടി ബൂലോകത്തെത്തിക്കാന്‍ ജനശ്ശക്തി ന്യൂസിന് കഴിയുന്നുണ്ട്. പത്രങ്ങള്‍ വായിക്കാതെ തന്നെ ഭൂലോകത്ത് നടക്കുന്ന സംഭവ വികാസങ്ങളുടെ ഒരു ഏകദേശ ചിത്രം ജനശ്ശക്തി ന്യൂസിന് തരാന്‍ കഴിയുന്നുണ്ട്.

9. അറിവുകള്‍-നുറുങ്ങുകളിലൂടെ ലളിതമായി.
ഒരു വിഷയത്തില്‍ വൈദഗ്ദ്യം ഉള്ളവര്‍ അവരുടെ വിഷയങ്ങള്‍ ലളിതമായി സഹജീവികളുമായി പങ്കുവെക്കാന്‍ ശ്രമിക്കുന്നത് എന്തു കൊണ്ടും അഭിനന്ദനീയം ആണ്. തറവാടി അദ്ദേഹത്തിന്റെ സാങ്കേതിക വിജ്ഞാനം എന്ന ബ്ലോഗിലൂടെ ഈ ലക്ഷ്യം കൈവരിക്കുന്നു. ഒരു അദ്ധ്യാപകന്റെ വഴക്കത്തോടെ തറവാടിക്ക് കാര്യങ്ങള്‍ അനുവാചകനിലേക്ക് സംവേദിപ്പിക്കാന്‍ കഴിയുന്നുണ്ട്. നല്ല ഉദ്യമം എന്ന് പറയാന്‍ കഴിയുന്ന ഒരു ബ്ലോഗും പോസ്റ്റുകളും. സേവ് ചെയ്ത് സൂക്ഷിക്കേണ്ട പോസ്റ്റുകളാണ് എല്ലാം തന്നെ.

10. ക്രൂര വിനോദം
എയര്‍ ഇന്‍ഡ്യാ എന്ന വെള്ളാന ഗള്‍ഫ് മലയാളികളോട് കാട്ടൂന്ന ചിറ്റമ്മനയവും ക്രൂരതകളും പലവുരു ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. അത് വീണ്ടു വീണ്ടും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്. കാരണം എയര്‍ ഇന്‍ഡ്യായുടെ ഗള്‍ഫ് മലയാളികളോടുള്ള സമീപനം അത്രമാതം അപലനീയമാണ്. ഒരു എയര്‍ ഇന്‍ഡ്യന്‍ ക്രൂര ഗാഥ എന്ന പോസ്റ്റിലൂടെ എയര്‍ ഇന്‍ഡ്യയുടെ ക്രൂരതകള്‍ കുട്ടപ്പായി വിശദമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. കൂടുതല്‍ ചര്‍ച്ച അര്‍ഹിക്കുന്ന ഖണ്ഡശ്ശയായി വരുന്ന ഒരു പോസ്റ്റാണിത്.

11. അഴിമതികളെ ഒരിമിച്ച് കൂട്ടി സൂക്ഷിക്കാനൊരിടം.
പുതുമയുള്ള ഒരു സംരംഭം. ഒരോ ദിനവും എന്തുമാത്രം അഴിമതി കഥകളാണ് നാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നത്. അഴിമതികഥകള്‍ തെളിയിക്കാനായി ജ്യൂഡിഷ്യല്‍ അന്വാഷണവും വിജിലന്‍സ് അന്വാഷണവും ഒക്കെ മുറപോലെ നടക്കുന്നു. ഇതിന്റെയൊക്കെ ഫലങ്ങള്‍ ആരും അറിയുന്നില്ല. അഴിമതി കുറയുന്നുമില്ല. ഒന്നും നേരേ ചൊവ്വേ അല്ലാത്ത നാട്ടിലെ ദിനേന നടക്കുന്ന അഴിമതികളുടെ ഒരു റെഡി റെക്കണറായി അങ്കിളിന്റെ അഴിമതി കാര്യങ്ങള്‍ കുറിച്ചിടാനൊരിടം ഉപയോഗിക്കാം. ഈ വിഷയത്തെ ഒരു കൂട്ടായ്മയുടെ രീതിയില്‍ ആക്കാമെന്ന് തോന്നുന്നു. അഴിമതികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കുറിച്ചിടാനുള്ള അധികാരം അതില്‍ താല്പര്യമുള്ള എല്ലാവര്‍ക്കും കൊടുക്കുകയും എഴുതുന്ന കാര്യങ്ങള്‍ക്ക് അടിസ്ഥാനം ഉണ്ട് എങ്കില്‍ അത് സൂക്ഷിച്ച് വെക്കാനും ശ്രദ്ധിച്ചാല്‍ നന്നായിരിക്കും. നാട്ടിലെ സകല അഴിമതി വാര്‍ത്തകളുടേയും ഒരു മ്യൂസിയം ആയി ഈ സംരംഭം വളര്‍ന്ന് വരട്ടെ.

12. വരവേല്പ് അധികമായിരുന്നു.
പാകിസ്ഥാനെ അഞ്ചു വിക്കറ്റിന് മറികടന്ന ഭാരതത്തിന്റെ ടീമിന് നാട് നല്‍കിയ വരവേല്‍പ്പ് ഇത്തിരി കടന്നു പോയില്ലേ എന്ന ചിന്തയാണ് സേതുലക്ഷ്മി വരവേല്‍പ് അല്പം കൂടിപോയില്ലേ എന്ന പോസ്റ്റില്‍ പങ്കു വയ്ക്കുന്നത്. ഇതേ ചിന്തയുള്ള ഒരുപാട് ആള്‍ക്കാര്‍ ഉണ്ട് എന്നതാണ് സത്യം. പക്ഷേ ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരുന്ന ഒരു പോസ്റ്റ് ചര്‍ച്ച ചെയ്യപ്പെടാതെ പോയത് ദൌര്‍ഭാഗ്യകരമായി പോയി. ജയക്രിഷ്ണന്റെ ഇന്‍ഡ്യയുടെ ടൊന്റി ടൊന്റി വിജയം മഹത്തരമോ എന്ന ലേഖനവും ഇതോട് ചേര്‍ത്ത് വായിക്കാം.

13. വാര ഫലം.
ബൂലോകത്ത് അവതരിപ്പിക്കപ്പെടുന്ന സ്രിഷ്ടികളെ വിമര്‍ശനാത്മകമായി സമീപിക്കുന്ന ഒരു ബ്ലോഗാണ് കിനാവിന്റെ ബൂലോക വാരഫലം. ബൂലോകത്ത് അനുനിമിഷം പിറന്ന് വീണു കൊണ്ടിരിക്കുന്ന രചനകളെ വിലയിരുത്തി അവതരിപ്പിക്കുക എന്നത് ലളിതമായ ഒരു സംഗതി അല്ല തന്നെ. ബൂലോകത്ത് കൂടുതല്‍ നിരൂപണ ബ്ലോഗുകള്‍ ഉണ്ടാകണം. തെറ്റുകള്‍ തിരുത്തപ്പെടാനും കുറക്കാനും കൂടുതല്‍ വിമര്‍ശ്ശനങ്ങള്‍ കൊണ്ടേ കഴിയുള്ളൂ. വാരഫലത്തില്‍ കണ്ട ഒരു ന്യൂനത തെറ്റുകളെ ചൂണ്ടികാട്ടാന്‍ കനവ് പിശുക്ക് കാട്ടുന്നു എന്നതാണ്. എങ്കിലും പോയ വാരങ്ങളിലെ നല്ല കവിതകളേയും കഥകളേയും ഒരു പരിധി വരെയെങ്കിലും ഒരുമിച്ച് കൂട്ടാന്‍ കനവിന് കഴിഞ്ഞിരിക്കുന്നു. ആ ബ്ലോഗ് സന്ദര്‍ശിച്ചാല്‍ നല്ല രചനകളെ തിരഞ്ഞ് വായിക്കാന്‍ കഴിയും.
------------------------------------
വാരവിചാരത്തിലെ രണ്ടാം ഭാഗമായ ബൂലോക വാരം നാലും അഞ്ചും ആറും വാരങ്ങള്‍ ഇവിടെ ഒരുമിച്ച് അവതരിപ്പിക്കേണ്ടി വന്നു. ശ്രദ്ധിക്കപ്പെടേണ്ടതും വിമര്‍ശിക്കപ്പെടേണ്ടതും ആയ ഒട്ടനവധി പോസ്റ്റുകള്‍ ബാക്കിയാണ്. പോസ്റ്റിന്റെ നീളം കൂടുന്നത് ആര്‍ക്കും ഗുണകരമാകാത്തതു കൊണ്ട് “ഈ ചെളിവാരി” എറിയല്‍ വിചാരത്തിന്റെ ആറാം ഭാഗം ഇവിടെ നിര്‍ത്തുന്നു.

13 comments:

അഞ്ചല്‍കാരന്‍ said...

വാര വിചാരത്തിന്റെ ബൂലോക വാരം നാലു മുതല്‍ ആറുവരെ വാരങ്ങളെ ഒരുമിച്ച് ബൂലോക സമക്ഷം സമര്‍പ്പിക്കുന്നു.
1. ആമുഖം
2.നെറ്റിലെ സൌഹൃദങ്ങള്‍ ബൂലോക കൂട്ടായ്മയാകുമ്പോള്‍...
3.വായനാ ലിസ്റ്റും ഹിറ്റും.
4.നൈജീരിയന്‍ തരികിട
5.മെയില്‍ ഐഡി.
6.കര്‍ഷകന്റെ സംസാരം
7.അര്‍ദ്ധവിരാമങ്ങളും വിട പറയലുകളും.
8.ജനശ്ശക്തി ന്യുസ്.
9.അറിവുകള്‍-നുറുങ്ങുകളിലൂടെ ലളിതമായി.
10.ക്രൂര വിനോദം
11.അഴിമതികളെ ഒരിമിച്ച് കൂട്ടി സൂക്ഷിക്കാനൊരിടം.
12.വരവേല്പ് അധികമായിരുന്നു.
13.വാരഫലം.

കുഞ്ഞന്‍ said...

5ല്‍ത്സ്, പതിവുപോലെ നല്ലൊരു അവലോകനം. രണ്ടു മാസത്തെ അവലോകനമാണേങ്കിലും കുറച്ചധികം പിശുക്കിയാണെഴിതെയെന്ന് തോന്നലുണ്ടാക്കുന്നു.

KuttanMenon said...

ആദ്യമായി അഞ്ചല്‍ക്കാരനു എന്റെ അഭിവാദ്യങ്ങള്‍. ഇങ്ങനെ ഒരു വാരഫലം പരിപാടി തുടങ്ങിയതിനു. മുമ്പ് പ്രശസ്തനായ ഒരു ബ്ലോഗര്‍ തുടങ്ങിയൊതുങ്ങിയതാണ് ഈ പരിപാടി. വളരെ വ്യത്യസ്ഥമായി താങ്കളുടെ അവതരണ രീതി. നെറ്റിലെ സൌഹൃദങ്ങളെ അപഗ്രഥിച്ചതു നന്നായി. വായനാലിസ്റ്റുകളേക്കാള്‍ ഗ്രൂപ്പുകളിലൂടെയും ചിന്ത, തനിമലയാളം എന്നീ സൈറ്റുകളിലൂടെയുമാണ് ഇന്നും പലരും ബ്ലോഗുകളെ പരിചയപ്പെടുന്നത്. വായനാ ലിസ്റ്റുകള്‍ പലതും റേഞ്ചില്ലാത്ത തുരുത്തുകളായി നിലകൊള്ളുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ആഴ്കചയില്‍ രണ്ടോ മൂന്നോ തവണ ബ്ലോഗുകള്‍ സന്ദര്‍ശിക്കുന്നവര്‍ വായനാലിസ്റ്റിന്റെ പിന്നാലെ പോകാന്‍ മെനക്കെടാറുമില്ല. എയര്‍ ഇന്ത്യയുടെ ഗള്‍ഫുകാരോടുള്ള ക്രൂരവിനോദങ്ങള്‍ ഭാവിയില്‍ ആ നാഷണല്‍ കരിയറിനെ എത്രമാത്രം തിരിച്ചടികളിലേക്ക് നയിക്കുമെന്നത് നമുക്ക് കാത്തിരുന്നു കാണാം.

സന്തോഷ് said...

അദ്ധേഹം എന്ന് ഒന്നിലധികം തവണ തെറ്റായി എഴുതിയിരിക്കുന്നു. അദ്ദേഹമാണ് ശരി.

ചന്ദ്രശേഖരന്‍ നായര്‍ said...

വഴക്കിന്റെയും ചെളിവാരി എറിയുന്നതിന്റെയും കഥകളില്ലാത്ത ഒരു വാര വിചാരം. ചെന്നുനോക്കി വായിച്ച്‌ അവതരിപ്പിച്ചിരിക്കുന്നു. കമെന്റുകള്‍ കുറയുന്നെങ്കിലും എന്നെയും പലരും വാച്ച്‌ ചെയ്യുന്നുണ്ട്‌ സന്തോഷം. അങ്കിളിന്റെ അഴിമതിക്കഥയെപ്പറ്റിയുള്ള പരാമര്‍ശം നല്ലതായി.
"അഭിനന്ദനങ്ങള്‍"

അഞ്ചല്‍കാരന്‍ said...

നന്ദി സന്തോഷ്.
തെറ്റു തിരുത്തിയിട്ടുണ്ട്.

വക്കാരിമഷ്‌ടാ said...

അങ്ങിനെയെങ്കില്‍ “ക്രിതജ്ഞത“ യും തിരുത്തിക്കൊള്ളൂ

കൃ ത ജ്ഞ ത

:)

Anonymous said...

ദാ ഇതും കൂടെ :-)

പരിശ്ചേതം -> പരിച്ഛേദം

കുറുമാന്‍ said...

പതിവുപോലെ തന്നെ നന്നായിരിക്കുന്നു.

അഞ്ചല്‍കാരന്‍ said...

വക്കാരീ,
തെറ്റു തിരുത്തിയിട്ടുണ്ട്. ചൂണ്ടി കാട്ടിയതിന് അകമഴിഞ്ഞ “കൃതജ്ഞത”.

“പരിച്ഛേദം” ശരിയാക്കിയിട്ടുണ്ട്. അനോനിജീക്കും കൃതജ്ഞത രേഖപ്പെടുത്തുന്നു.

അപ്പു said...

അഞ്ചല്‍ക്കാരാ നന്നായി!

അഞ്ചല്‍കാരന്‍ said...

കുഞ്ഞനും
മേനോനും
സന്തോഷിനും
ചന്ദ്രേട്ടനും
വക്കാരിക്കും
അനോനി ചേട്ടനും
കുറുജീക്കും
അപ്പുവിനും
വരികയും വായിക്കുകയും ചെയ്ത മറ്റെല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. വീണ്ടും വരികയും വായിക്കുകയും തെറ്റുണ്ടെങ്കില്‍ കയ്യോടെ പിടികൂടണമെന്നും താല്പര്യപ്പെടുന്നു.

സിബു::cibu said...

ഏവൂരാന്‍ പറഞ്ഞിരുന്ന പോയിന്റ് കണക്കിലെടുത്തിരുന്നില്ല - അതായത്‌, തനിയില്‍ നിന്നുവരുന്നവ പേജ് റിഫ്രഷ് ടൈമൌട്ട് വച്ച്‌ വരുന്നവയായതിനാല്‍ എവിടേ നിന്ന്‌ വരുന്നു എന്ന്‌ രേഖപ്പെടുത്തില്ല. അതും കണക്കിലെടുത്ത്‌ പുതിയ ഡാറ്റയും വച്ച്‌ പുതിയ ടേബിള്‍ ഇട്ടിട്ടുണ്ട്. ചിത്രം ആകെ വ്യത്യസ്തമാണ്. പിന്നെ ഇത്‌ ഒരു ബ്ലോഗിന്റെ മാത്രം കഥയാണ് എന്നറിയാമല്ലോ. ഈ ബ്ലോഗെടുക്കാന്‍ കാരണം അത്‌ ചിന്ത, വായനാലിസ്റ്റുകള്‍, തനി, മറുമൊഴി, അഫിലിയേറ്റഡ് സൈറ്റുകള്‍ എന്നിവയിലൊക്കെ സാന്നിധ്യമുള്ള ഒന്നായതുകൊണ്ടാണ്. യുവര്‍ മൈലേജ് മേ വേരി.