Tuesday, September 25, 2007

ഭൂലോക വാരം : ആറാം ലക്കം

1. “അഹമ്മതി”യല്ലാതെ മറ്റെന്താണിത്
വളരുന്ന തലമുറയുടെ സാംസ്കാരിക നവോദ്ധാനം മുന്നില്‍ കണ്ട് ഗ്രാമത്തില്‍ തട്ടികൂട്ടിയ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ മഹത്തായ രണ്ടാമത് വാര്‍ഷികാഘോഷ പരിപാടികള്‍ നടക്കുന്ന വേദി. വേദിയില്‍ വിശിഷ്ടാതിഥിയായി ബഹുമാനപെട്ട വാര്‍ഡ് മെമ്പര്‍ ഉല്പലാക്ഷന്‍ നീണ്ടു നിവര്‍ന്ന് ഘനഗംഭീരനായി വിരാചിക്കുന്നു. ഏത് ചെമ്മാനേം വേദിയിലിരുത്തി വാനോളം പുകഴ്തുന്ന സ്വാഗതം പ്രസംഗം ക്ലബ്ബിന്റെ ആജീവനാന്ത പ്രസിഡന്റ് ശ്രീ. ഗുണശേഖരന്‍ തുടങ്ങി. തുടക്കം എന്നത്തേയും പോലെ തന്നെ.

“സഭയില്‍ എന്നെ കേള്‍ക്കുന്ന ബഹുമാന പെട്ട നാട്ടുകാരേ ഗുരുജനങ്ങളേ.....” പിന്നെയാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്. ഗുണശ്ശേഖരന്‍ പ്രസംഗം തുടരുകയാണ്...

“നാട്ടുകാരേ...ഈ വേദിയില്‍ വിശിഷ്ടാതിഥിയായി ചടഞ്ഞിരിക്കുന്ന നമ്മുടെ ശാപമായ വാര്‍ഡ് മെമ്പര്‍ ഉല്പലാക്ഷനെ കുറിച്ച് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാം. ഉല്പലാക്ഷന്‍ എന്ന പേരിന് പകരം “അല്പലാക്ഷന്‍” എന്ന പേരാണ് ഈ മരമാക്രിക്ക് യോജിച്ചത്. സംസ്കാര ശൂന്യനായ നിരക്ഷര കുക്ഷിയായ സര്‍വ്വോപരി വിഷയ ലമ്പടനും ആയ ഈ ചെറ്റയെ ഈ വേദിയില്‍ കിട്ടിയത് എന്റെ ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. എന്തെന്നാല്‍ കഴിഞ്ഞ നാലു മാസങ്ങള്‍ക്ക് മുമ്പ് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച് ജയിക്കാന്‍ വേണ്ടി വോട്ടര്‍മാര്‍ക്ക് കള്ളും പണവും നല്‍കിയാണ് ഈ പരനാറി എന്നെ കേവലം എണ്ണൂറ്റി അറുപത്തിയാറ് വോട്ടിന് തോല്പിച്ചത് എന്ന് എനിക്കറിയാവുന്നത് പോലെ തന്നെ നിങ്ങള്‍ക്കും അറിവുള്ളതാണെന്ന് ഞാന്‍ കരുതുന്നു. അന്നുമുതല്‍ കരുതിയതാണ് ഇവനോട് നാലു കവിള് വര്‍ത്തമാനം പറയണം എന്ന്..... ഇവന്‍ പേര്‍ഷ്യയില്‍ അറബിയെ പറ്റിച്ചുണ്ടാക്കിയ പണം കൊണ്ട് വന്ന് കള്ളപ്പണം ഒഴുക്കി കള്ളും കള്ള വോട്ടും കൊണ്ട് എന്നെ തൊല്പിച്ചിട്ട് കേറി ഞെളിഞ്ഞിരിക്കുന്നത് കണ്ടില്ലേ. എങ്കിലും ഔപചാരികതയുടെ പേരില്‍ ഈ വിശിഷ്ടാതിഥിയെ “സൌഹൃദാ” ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ മഹത്താ‍യ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിക്കാനായി നിങ്ങളുടെ അനുവാദത്തോടു കൂടി എന്റെ സ്വന്തം പേരിലും “സൌഹൃദ” യുടെ പേരിലും സഹര്‍ഷം സവിനയം സ്വാഗതം ചെയ്തു കൊള്ളുന്നു. അടുത്തതായി സ്വാഗതം പറയാനുള്ളത്......”

ആകെ ആയിരത്ത് ഒരുനൂറ്റി എഴുപത് വോട്ട് പോള്‍ ചെയ്ത പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേവലം എണ്ണൂറ്റി അറുപത്തിയാറ് വോട്ടിന്റെ നിസ്സാര ഭൂരിപക്ഷത്തിന് തോറ്റ ഗുണശ്ശേഖരന്റെ സ്വാഗതം പ്രസംഗം കേട്ട് ഉല്പലാക്ഷന്‍ വേദിയിലിരുന്ന് വിയര്‍ത്തു.

യു.എന്‍. പൊതുസഭയില്‍ സംബന്ധിക്കനായി അമേരിക്കാവിലെത്തിയ ഇറാന്‍ പ്രസിഡന്റിനെ വേദിയില്‍ വെച്ച് കൊളമ്പിയാ സര്‍വ്വകലാശാലാ തലവന്‍ ലീ ബോളിങ്ങര്‍ വിളിച്ചു വരുത്തി ആക്ഷേപിച്ചു എന്ന് കേട്ടപ്പോള്‍ പത്തിരുപത്തി അഞ്ച് വര്‍ഷം മുമ്പ് സാക്ഷിയാകേണ്ടി വന്ന സ്വാഗത പ്രസംഗമാണ് ഓര്‍മ്മയിലെത്തിയത്. അഹമ്മദി നജാദ് വിമര്‍ശിക്കപ്പെടേണ്ട ആളായിരിക്കാം. പക്ഷേ ഒരു വേദിയിലേക്ക് വിളിച്ച് വരുത്തി സദസ്സില്‍ വെച്ച് ചെളിവാരിയെറിഞ്ഞത് വര്‍ത്തമാന നാഗരികതയുടെ മൊത്ത കച്ചവടക്കരെന്ന് ഊറ്റം കൊണ്ട് ലൊകമാകമാനം ഉത്തരാധുനിക സംസ്കാരം കയറ്റിഅയക്കുന്നവര്‍ക്ക് ചേര്‍ന്നതായില്ല. ഒരു രാജ്യത്തെ പരമാധികാരി, അതും പൂര്‍ണ്ണമായും ജനാധിപത്യം നിലനില്‍ക്കുന്ന ഒരു രാജ്യത്തെ നേതാവിനെ, അതു ശത്രു രാജ്യത്തിന്റെ പരമാധികാരി ആണെങ്കില്‍ കൂടിയും സദസ്സില്‍ വെച്ച് അവഹേളിച്ചത് അഹമ്മതി ആണെന്നേ പറയാന്‍ കഴിയുന്നുള്ളു.

2. ഹൈജാക്ക് ചെയ്യപ്പെട്ട “ഗാന്ധി”
ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഉടച്ച് വാര്‍ക്കല്‍ നടന്ന വാരമാണ് കടന്നു പോയത്. രാജ്യം ഒരു ഇടക്കല തിരഞ്ഞെടുപ്പിലേക്ക് നിങ്ങുകയാണ് എന്ന സൂചനയാണ് വര്‍ത്തമാനകാല ഭാരത രാഷ്ട്രീയം നല്‍കുന്ന സൂചന. സോണിയാ ഗാന്ധി മകനെ മുന്നിലേക്ക് വലിച്ച് നിര്‍ത്തി കഴിഞ്ഞു.

നെഹ്രു കുടുംബത്തിന് ഭാരതം, പ്രത്യകിച്ചും ഉത്തര്‍പ്രദേശ് നല്‍കുന്ന ബഹുമാനത്തെ വോട്ടാക്കി മാറ്റുക എന്നതല്ലാതെ കോണ്‍ഗ്രസ്സിന് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരിക്കലും കഴിയില്ല എന്ന് അവര്‍ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു. നെഹ്രു കുടും‌ബത്തിന് രാജ്യത്തെ രക്ഷിക്കാന്‍ കഴിയുമോ ഇല്ലയോ എന്നതല്ല “വിചാരത്തിലെ” വിഷയം.

എവിടെയാണ് നെഹ്രു കുടും‌ബത്തിന് “നെഹ്രു” നഷ്ടമായത്. അല്ലെങ്കില്‍ “നെഹ്രു” വിനെ നെഹ്രു കുടും‌ബം പുറം തള്ളിയത്? മോട്ടീലാല്‍ നെഹ്രുവിന്റെ മകന്‍ ജവഹര്‍ലാല്‍ നെഹ്രു. അങ്ങിനെയാണല്ലോ നെഹ്രു കുടും‌ബം എന്ന് ഭാരതം ഊറ്റം കൊള്ളുന്ന “നെഹ്രു കുടുംബം” തുടങ്ങുന്നത്. ജവഹര്‍ലാല്‍ നെഹ്രുവിന്റെ മകള്‍ ഇന്ദിരാ പ്രിയദര്‍ശിനി. അവിടെ ഇന്ദിരാ നെഹ്രുവിനെ പ്രിയദര്‍ശിനിയാക്കിയത് “ബാപ്പു”. വിവാഹം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് ഫിറോസ് ഗാന്ധിയുടെ പേര് ചേര്‍ക്കപ്പെട്ടത് സ്വാഭാവികം. പക്ഷേ ഇന്ദിരാ ഗാന്ധി എന്ന ഇന്ദിരാ പ്രിയദര്‍ശിനിയുടെ മകനായ രാജീവിന്, രാജീവ് നെഹ്രു എന്നതിന് പകരം രാജീവ് ഗാന്ധി എന്ന പേര് വരികയും മറ്റൊരു മകനായ സഞ്ജയ്ക്ക്, സഞ്ജയ് നെഹ്രു എന്നതിന് പകരം സഞ്ജയ് ഗാന്ധി എന്ന നാമം വരികയും ചെയ്തത് പിതാമഹനെക്കാളും പിതാവിന് ആ കുടുംബം പ്രാധാന്യം നംകിയത് കൊണ്ടാകാം എന്ന് വേണമെങ്കില്‍ വെറുതേ അങ്ങ് കരുതാം. അവിടേം തീരുന്നില്ലല്ലോ പ്രശ്നം. അങ്ങിനെയാണെങ്കില്‍ രാജിവ് ഗാന്ധിയുടെ ഭാര്യ സോണിയാ രാജീവ് ആകണ്ടേ? ആയതോ സോണിയാ ഗാന്ധി.ജവഹര്‍ലാല്‍ നെഹ്രു എന്ന പിതാമഹന് ഇല്ലാത്ത പ്രാധാന്യം ഫിറോസ് ഗാന്ധി എന്ന പിതാമഹന്. രാജീവ് സോണിയാ ദമ്പതികളുടെ മക്കള്‍ രാഹുലും പ്രിയങ്കയും. ഹേയ്...വീണ്ടും കുഴപ്പം തന്നെ. ഇന്ദിരാ പ്രിയദര്‍ശിനിയുടേയും ഫിറോസ് ഗാന്ധിയുടേയും മകനായ രാജീവ് ഗാന്ധിയുടെ മകന് രാഹുല്‍ രാജീവ് എന്നോ രാഹുല്‍ നെഹ്രു എന്നോ അല്ലേ പേര് വരേണ്ടിയിരുന്നത്. അതും പോകട്ടെ. ഇറ്റലിക്കാരിയായ സോണിയ മൈനോ രാജീവ് ഗാന്ധിയെ വിവാഹം കഴിച്ച് സോണിയാ ഗാന്ധി ആയെങ്കില്‍ ഭാരതീയനായ റോബര്‍ട്ട് വധേരയെ വിവാഹം കഴിച്ച പ്രിയങ്ക എന്തു കൊണ്ട് പ്രിയങ്കാ വധേരയാകാതെ പ്രിയങ്കാ ഗാന്ധിയായി നില നില്‍ക്കുന്നു. ഇത് യാദൃശ്ചികമല്ല. നെഹ്രു കുടുംബത്തില്‍ നിന്നും “നെഹ്രു” പോയിട്ട് കടന്ന് വന്ന ഫിറോസ് ഗാന്ധിയിലെ “ഗാന്ധി” യെ സൌകര്യ പൂര്‍വ്വം മഹാത്മാ ഗാന്ധിയുടെ “ഗാന്ധി” ആക്കി മാറ്റപ്പെടുകയായിരുന്നു. അഥവാ മഹാത്മാഗാന്ധിയിലെ “ഗാന്ധി” യെ നെഹ്രു കുടുംബം ഹൈജാക്ക് ചെയ്ത് സ്വന്തം താല്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്ന് വിചാരിക്കുന്നതല്ലേ കൂടുതല്‍ ശരി. നെഹ്രു കുടുംബത്തില്‍ ജവഹര്‍ലാല്‍ നെഹ്രുവിലെ “നെഹ്രു” വിന് ഇല്ലാത്ത പ്രാധാന്യം ഫിറോസ് ഗാന്ധിയിലെ “ഗാന്ധി” ക്ക് ലഭിക്കാനുള്ള കാരണം ഇതല്ലാതെ മറ്റൊന്നുമല്ല തന്നെ.

മഹാത്മാവിന്റെ പേരിനെ കേവല രാഷ്ട്രീയ താല്പര്യങ്ങള്‍ക്കായി ഹൈജാക്ക് ചെയ്തവര്‍ എങ്ങിനെ ഭാരതത്തിന്റെ രക്ഷകരായി മാറും?

3. പതിനെട്ടിന്റന്ത്യത്തില്‍ കുറ്റിപറിച്ചില്ലായിരുന്നു എങ്കില്‍.
പ്രഥമ ഇരുപത് ഇരുപത് ലോക കപ്പ് ക്രിക്കറ്റില്‍ ഭാരതത്തിന്റെ കുട്ടികള്‍ ബദ്ധവൈരികളായ (?) പാകിസ്ഥാനെ അഞ്ചു ചുവടുകള്‍ക്ക് മറികടന്നപ്പോള്‍ ഭാരതം അക്ഷരാര്‍ത്ഥത്തില്‍ ഉത്സവലഹരിയില്‍ ആറാടുകയായിരുന്നു. ആദ്യ ഓവറില്‍ പാകിസ്ഥാന് “ഓട്ട” മഴ നല്‍കിയ മല്ലു നിര്‍ണ്ണായക പതിനെട്ടാം ഓവറിന്റെ ആദ്യ പന്തില്‍ ആറ് “ഓട്ടങ്ങള്‍” നല്‍കി ഭാ‍രതത്തെ തോല്‍‌വിയുടെ വക്കിലെത്തിച്ചു. ആ നിര്‍ണ്ണായകമായ പതിനെട്ടിന്റെ അന്ത്യ പന്തില്‍ “മല്ലു” കുറ്റി പറിച്ചില്ലായിരുന്നു എങ്കില്‍? അന്ത്യ ഓവറില്‍ ഒഴിഞ്ഞ കോണിലെ “പിടുത്തം” ഒന്നു വഴുതിയിരുന്നു എങ്കില്‍...എങ്കില്‍ കേരളത്തിന്റെ “അഭിമാനത്തെ” എങ്ങിനെ ആയിരിന്നിരിക്കും “പ്രബുദ്ധ ക്രിക്കറ്റ് കേരളം” വരവേല്‍ക്കുമായിരുന്നിരിക്കുക. അല്ല വെറുതേ ഒന്നു “വിചാരിച്ചു” പോയതാണേ...

4. എനിക്ക് ശേഷം പ്രളയം.
ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നില വിട്ട് പി.ജെ. ജോസഫിന്റെ കേരളാ കോണ്‍ഗ്രസ് ഒരു ജന കൂട്ടമായി മാറിയതാണ് പോയ വാരം കേരള രാഷ്ട്രീയത്തിലെ ഏറ്റവും ഭയങ്കര “സംഭവം”. നാല് നിയമ സഭാ അംഗങ്ങളില്‍ ആരോപണ വിധേയരും അഴിമതിക്കാരും ആകാന്‍ ഇനിയും രണ്ടു പേര്‍ ധാരാളം ബാക്കി നില്‍ക്കേ പുതിയ മന്ത്രിയെ പ്രഖ്യാപിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല. കാരണം മറ്റൊന്നുമല്ല. ഫ്ലൈറ്റില്‍ വെച്ച് തെറിച്ച മന്ത്രികുപ്പായത്തില്‍ ഒന്നിനും കൊള്ളാത്ത കുരുവിളയെ കേറ്റി നോക്കുകുത്തിയാക്കി മാലോകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ ജോസഫിന് അറിയാമായിരുന്നു കുരുവിള ഒരു കാലത്തും തനിക്ക് ഒരു “കുരു” ആകാന്‍ തക്കവണ്ണം ഇമേജോ കഴിവോ ഉള്ള ആളല്ല എന്ന്. കൂട്ടത്തില്‍ സീനിയറും താരത്മ്യന പൊതു സമ്മതനുമായ മോന്‍സിനെ മൂലക്കിരുത്തി കുരുവിളയെ വാഴിച്ചത് പാര്‍ട്ടിയിലെ സൂപ്പര്‍ പദവി മോന്‍സ് അടിച്ചു മാറ്റുമോ എന്നുള്ള പേടിയില്‍ തന്നെയായിരുന്നു. അങ്ങിനെ ഒരു വിധത്തില്‍ ആത്മസുഖം പൂണ്ട് കുരുവിളയെ കൊണ്ട് ഭരിപ്പിച്ചു കൊണ്ടിരിക്കയാണ് കുരുവിളയേയും “കുരു” പിടിക്കുന്നത്. പകരം അഞ്ചലില്‍ നിന്നും തിരോന്തോരത്തെത്തി ശര്‍ത്ശ്ചന്ദ്ര പ്രസാദിന്റെ കൃപാ കടാക്ഷത്താല്‍ തടി കഴിച്ചിലാക്കിയ “പിള്ളയെ” വാഴിക്കാന്‍ ഒരു തരത്തിലും സഭ സമ്മതിക്കൂന്നും ഇല്ലാന്നേയ്.
പിന്നെ ആര് “മോന്‍സോ”?.
“ഹോ..ചിന്തിക്കാന്‍ പോലും മേലായേ..”
“കര്‍ത്താവേ..ഒരു അവസരം കിട്ടിയാല്‍ അടുത്ത വര്‍ഷം മോന്‍സ് ജോസഫ് മറ്റൊരു ജോര്‍ജ്ജ് ആകില്ലാ എന്ന് ആര് കണ്ടു..” പിന്നെന്നാ ചെയ്യും.

“നമ്മുടെ പാര്‍ട്ടിക്ക് പൊതുജന സേവനത്തിന് എന്നാത്തിനാ ഒരു മന്ത്രി പദവി?” ഹല്ല പിന്നെ....

14 comments:

അഞ്ചല്‍ക്കാരന്‍ said...

വാര വിചാരം ആറാം വാരം ബൂലോക സമക്ഷം സമര്‍പ്പിക്കുന്നു.

അപ്പു ആദ്യാക്ഷരി said...

അഞ്ചല്‍ക്കാരാ വായിച്ചു. അഹമ്മദി നിജാദിനെ വേദിയില്‍ അവഹേളിച്ചത് ശരിയായില്ല. അതിന്റെ മറുപടി അദ്ദേഹം അവിടെത്തന്നെ നല്‍കിക്കാണും അല്ലേ?

പിന്ന്നെ ഈ വിചാരത്തിന്റെ അവസാനം ആ ശ്രീ ചെക്കനെ എന്തിനാ ഇങ്ങനെ നമ്മളെല്ലാം കൂടി അവഹേളിക്കുന്നത്? ഇത് ഒരു ടീമിന്റെ കളിയെക്കാളുപരി രാജ്യം മുഴുവന്‍ പങ്കെടുത്ത് ഒരു ഗെയിമായി കണക്കാക്കുമ്പോഴാണ് പ്രശ്നം.

തറവാടി said...

രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ എഴുത്തുകാരന്‍റ്റെ രഷ്ട്രീയം കടന്നുകൂടുക സ്വാഭാവികം ,

താത്‌കാലികമായി ഒന്നും തോന്നുകില്ലെങ്കിലും മറ്റുവിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ , ആദ്യത്തെ ഈ "മുഴച്ചു" നില്‍ക്കല്‍ മുന്‍ദ്ധാരണ വായനക്കാരനില്‍ ഉണര്‍ത്തുകയും എഴുത്തുകാരന്‍റ്റെ മറ്റുള്ള വിഷയങ്ങളിലുള്ള സ്വാതന്ത്ര്യത്തെ പോലും ചോദ്യപ്പെടുകയും ചെയ്യും

കുഞ്ഞന്‍ said...

5ല്‍ത്സ്, അവലോകനം കൊള്ളാം..:)

ആ പ്രസംഗത്തില്‍ നിന്ന് കക്കൂസ് കഴുകുന്ന പണിയെന്ന പ്രയോഗം(വേറെരു ആളാണു പറയുന്നതെങ്കിലും) ഇത്തിരി നൊമ്പരപ്പെടുത്തുന്നു.എന്റെ ചില സുഹൃത്തുക്കള്‍,ഇവിടെ ഇഷ്ടമല്ലെങ്കില്‍ക്കൂടിയും ആ തൊഴില്‍ ചെയ്യുന്നുണ്ട്, കാരണം വിശന്നിരിക്കുന്ന വയറുകള്‍ നാട്ടില്‍ കാത്തിരിക്കുന്നുവെന്നുള്ള ബോധം,ഏതുവിധേനെയും കാശുണ്ടാക്കി ഒരു കരക്കെത്തെണമെന്ന ആഗ്രഹം കൊണ്ട്,അങ്ങിനെ പലതുകൊണ്ടും, അതുകൊണ്ട് അവരൊന്നും മാന്യന്മാരല്ലെന്നു നമുക്കു പറയാന്‍ പറ്റുമൊ?

Unknown said...

അല്ലാ, ഈ രാഹുല്‍ ഗാന്ധി.. രാഹുല്‍ ഗാന്ധി ആണോ? അതോ റൌള്‍ മൈനി വിന്‍സി ആണോ? പ്രിയങ്ക ഗാന്ധി, പ്രിയങ്ക ആണോ? അതോ ബയാങ്കാ മൈനി ആണോ?



REF: http://en.wikipedia.org/wiki/Rahul_Gandhi#Education_and_career_before_politics

krish | കൃഷ് said...

വാരവിചാരം രണ്ടും മൂന്നും പൊയന്റുകള്‍ നന്നായിട്ടുണ്ട്.

അഞ്ചല്‍ക്കാരന്‍ said...

അപ്പൂ, മറുപടി കൊടുത്തോ ഇല്ലയോ എന്നതല്ല വിഷയം. പരിഷ്കാരത്തിന്റെ അപ്പോസ്തലന്മാരെന്ന് സ്വയം അഹംങ്കരിക്കുന്നവര്‍ കാട്ടി കൂട്ടുന്ന ചാപല്യങ്ങളാണ് പരാമര്‍ശിക്കപെട്ടത്. ശ്രീ ശാന്തിനെ വിമര്‍ശിക്കുക എന്നതായിരുന്നില്ല കുറിപ്പിനാധാരം. ഒരു പക്ഷേ ഭാരതന്‍ തോറ്റിരുന്നു എങ്കില്‍ ആദ്യ ഓവറില്‍ ശ്രീശാന്തില്‍ നിന്നും ഉണ്ടായ റണ്ണൊഴുക്കിന്റേയും നിര്‍ണ്ണായക ഘട്ടത്തില്‍ വിട്ടു കൊടുത്ത “ആറിന്റേയും” പേരില്‍ തോല്‍‌വിയുടെ സര്‍വ്വ ഉത്തരവാദിത്തവും ശ്രീശാന്തിന്റെ തലയില്‍ കെട്ടിവെച്ച് “പ്രബുദ്ധ ക്രിക്കറ്റ് കേരളം” ശ്രീശാന്തിനോടും കുടുംബത്തോടും എങ്ങിനെ പെരുമാറുമായിരുന്നു എന്ന് വിചാരിച്ചെന്നേ ഉള്ളൂ.

ശ്രീശാന്ത് കേരളത്തിന്റെ അഭിമാനം തന്നെ. പക്ഷേ ജയപരാജയങ്ങളെ നാം ഉള്‍കൊള്ളുന്ന രീതികള്‍ മറേണ്ടിയിരിക്കുന്നു.

അഞ്ചല്‍ക്കാരന്‍ said...

തറവാടീ,
സംഗതി മനസ്സിലായില്ല. വ്യക്തമാക്കാന്‍ കഴിയുമോ?. വാര വിചാരത്തിലെ “വിചാരങ്ങള്‍” വസ്തുതകള്‍ക്കോ യുക്തിക്കോ നിരക്കുന്നതായിരിക്കണം എന്നില്ല. വെറും വിചാരങ്ങളാണ്. രാഷ്ട്രീയത്തേയും അരാഷ്ട്രീയത്തേയും ചുറ്റുപാടുകളേയും തലതിരിഞ്ഞ് വീക്ഷിക്കാനുള്ള ഒരു ശ്രമം അത്രയേ ഉള്ളൂ.

വന്നതിനും വായിച്ചതിനും സഹകരണത്തിനും നന്ദി.

അഞ്ചല്‍ക്കാരന്‍ said...

കുഞ്ഞാ,
ആ പ്രയോഗം ഞാന്‍ മാറ്റുന്നു. ഇരുപത്ത് വര്‍ഷം മുമ്പ് ഞങ്ങളുടെ ഗ്രാമത്തിലെ ഒരു ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ വാര്‍ഷികാഘോഷത്തില്‍ നടന്ന ഒരു കലപിലയായിരുന്നു കുറിപ്പിനാധാരം. അന്ന് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ഒരു വാര്‍ഡു മെമ്പറെ വേദിയിലിരുത്തി മദ്യത്തിന്റെ ലഹരിയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തോറ്റ എന്നാല്‍ ക്ലബ്ബിന്റെ പ്രസിഡന്റുമായിരുന്ന ഒരവതാരം അന്ന് വിളിച്ചു കൂവിയതെല്ലാം ഇവിടെ എഴുതാന്‍ കഴിയുന്നതല്ല. അയാളുടെ പ്രയോഗം ആയിരുന്നു “കക്കൂസ്”. എന്ന് മാത്രമല്ല, ഗ്രാമങ്ങളുടെ ഒരു ശീലമാണല്ലോ ഗള്‍ഫില്‍ നിന്നും തിരിച്ചെത്തി സ്വപ്രയത്നവും സേവന തല്പരതയും കൊണ്ട് പൊതു സമ്മതനാകുന്നവനെ “അവന്‍ ഗള്‍ഫില്‍ പണം ഉണ്ടാക്കുന്നത് അങ്ങിനെയായിരുന്നു” എന്ന് പറഞ്ഞ് തരം താഴ്ത്താന്‍ ശ്രമിക്കുന്നതും.

കുറിപ്പ് വേദനിപ്പിച്ചതില്‍ ഖേദിക്കുന്നു. തിരുത്തിയിട്ടുണ്ട്. വന്നതിനും അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞതിനും തിരുത്തിയതിനും നന്ദി.

അഞ്ചല്‍ക്കാരന്‍ said...

പൊന്നമ്പലം,
ഭാരതം കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി എന്ന പദവി ഇന്നും ജവഹര്‍ലാല്‍ നെഹ്രുവിന് തന്നെ. എന്നിട്ടും നെഹ്രു കുടും‌ബം പേരിനോടൊപ്പം കൂട്ടുന്നത് ജവഹര്‍ലാല്‍ നെഹ്രുവിന്റെ “നെഹ്രു”വിന് പകരം ഫിറോസ് ഗാന്ധിയുടെ “ഗാന്ധി”യെ ആണ് എന്ന് കരുതുന്നത് എത്രത്തോളം യുക്തിഭദ്രമാണ്?

അവിടെയാണ് തട്ടിപ്പ്. മഹാത്മാഗാന്ധിയുടെ “ഗാന്ധി” യിലുള്ള ഭാരതത്തിന്റെ സ്നേഹത്തേയും ബഹുമാനത്തേയും സര്‍വ്വോപരി ആരാധനയേയും ഹൈജാക്ക് ചെയ്ത് സൌകര്യപൂര്‍വ്വം ഉപയോഗിക്കുകയാണ് നെഹ്രു കുടുംബം കാലാകാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നത്.

അഞ്ചല്‍ക്കാരന്‍ said...

ക്രിഷ്,
ഒന്നും നാലും ശരിയായിട്ടില്ല എന്ന് :) നന്നാക്കാന്‍ ശ്രമിക്കാം.

വന്നതിനും അഭിപ്രായം തുറന്ന് പറഞ്ഞതിനും നന്ദി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“പത്തൊമ്പതാം ഓവറിന്റെ അവസാനം “മല്ലു” കുറ്റി പറിച്ചില്ലാ“

പതിനെട്ടാം ഓവര്‍ പത്തൊന്‍പതല്ലാ----അതു കഴിഞ്ഞ് പത്തൊമ്പതില്‍ ആര്‍പി സിങ്ങാ ഒരു കുറ്റീം കൂടി പറിച്ചത്

അഞ്ചല്‍ക്കാരന്‍ said...

മിസ്റ്റര്‍ ചാത്തന്‍സ്,
തിരുത്തിയിട്ടുണ്ട്. തെറ്റു ചൂണ്ടി കാട്ടിയതിന് നന്ദി, വന്നതിലും കണ്ടതിലും സന്തോഷം.

Anonymous said...

Oi, achei seu blog pelo google está bem interessante gostei desse post. Gostaria de falar sobre o CresceNet. O CresceNet é um provedor de internet discada que remunera seus usuários pelo tempo conectado. Exatamente isso que você leu, estão pagando para você conectar. O provedor paga 20 centavos por hora de conexão discada com ligação local para mais de 2100 cidades do Brasil. O CresceNet tem um acelerador de conexão, que deixa sua conexão até 10 vezes mais rápida. Quem utiliza banda larga pode lucrar também, basta se cadastrar no CresceNet e quando for dormir conectar por discada, é possível pagar a ADSL só com o dinheiro da discada. Nos horários de minuto único o gasto com telefone é mínimo e a remuneração do CresceNet generosa. Se você quiser linkar o Cresce.Net(www.provedorcrescenet.com) no seu blog eu ficaria agradecido, até mais e sucesso. (If he will be possible add the CresceNet(www.provedorcrescenet.com) in your blogroll I thankful, bye friend).