Wednesday, September 19, 2007

ഭൂലോക വാരം : അഞ്ചാം ലക്കം

1. നാടുകടത്തല്‍ - പാകിസ്ഥാന്‍ മോഡല്‍
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയുടെ കൊട്ടിഘോഷിക്കപ്പെട്ട ജന്മനാട്ടിലേക്കുള്ള മടങ്ങിവരവും നാലുമണിക്കൂര്‍ നാടകവും കൊണ്ട് സംഭവബഹുലമായിരുന്നു പോയവാരം. നവാഫ് ഷെരീഫിനെ നിലംതൊടീക്കാതെ വീണ്ടും പറപറത്തിയ മുഷാറഫിന്റെ വാശിയാ വാശി. ഇസ്ലാമാബാദ് വിമാനത്താവളത്തില്‍ വന്നിറങ്ങിയ നവാസ് ഷെരീഫിനോട് പ്രസിഡന്റിന്റെ കിങ്കരന്മാര്‍ പറയാവുന്ന തരത്തിലൊക്കെ പറഞ്ഞ് നോക്കി മടങ്ങി പോകാന്‍. നവാസ് ഷെരീഫ് അങ്ങിനെ പോകാന്‍ വന്നയാളേ അല്ലായിരുന്നു. ഒടുവില്‍ നടന്നതെന്താ?
മുഷാറഫിന്റെ മൊബൈല്‍ ഷെറീഫിന്റെ ചെവിയില്‍:

മുഷാറഫ്: “ഷെരീഫെ നീ പോ കണ്ണാ...”
ഷെരീഫ്: “ഇല്ലാ ഞാന്‍ പോവൂല്ല.”
മുഷാറഫ്: “നിന്നെ ഞാന്‍ ജയിലിലടക്കും കുഞ്ഞാ..”
ഷെരീഫ്: “തടവെനിക്ക് പുത്തരിയല്ല...”
തുടര്‍ന്ന് നവാസ് ഷെരീഫിനെ ഹെലികോപ്ടറില്‍ കയറ്റുന്നു. ഹെലികോപ്റ്റര്‍ പറന്നുയരുന്നു. ഹെലികോപ്ടറില്‍ വെച്ച് മുഷാറഫിന്റെ മൊബൈല്‍ ഫോണ്‍ നവാസ് ഷെരീഫിന്റെ ചെവിയില്‍ വീണ്ടും. മൊബൈലില്‍ സാക്ഷാല്‍ ഘന ഗംഭീരമായ ശബ്ദം:
മുഷാറഫ്: “ഷെരീഫേയ്...നീ കെണിഞ്ഞു കണ്ണാ കെണിഞ്ഞു...ഹെലികോപ്ടറിന്റെ ഡൈവറും, നിന്റെ കൂടെയുള്ള മറ്റെല്ലാവരും ചാവേറുകളാ. എനിക്ക് വേണ്ടി മരിക്കാന്‍ നില്‍ക്കുന്നവര്‍..നീ മടങ്ങി പോന്നോ അതോ ഇപ്പം ഹെലികോപ്ടര്‍ തകരണമോ..”
നവാസ്: “അയ്യോ വേണ്ടായേ...ഞാന്‍ പൊക്കൊള്ളാവേയ്...എന്നുടയതേയ് എന്നെ കൊല്ലല്ലേ....”
മുഷാറഫ്: “നല്ല കുട്ടി. ശരി നിന്റെ വലതുവശത്തിരിക്കുന്ന പട്ടാളക്കാരന്റെ കയ്യില്‍ നീ സ്വമേധയാ മടങ്ങി പോകുവാണെന്ന് എഴുതി കൊടുത്ത് എങ്ങോട്ടെങ്കിലും പോയി തടി കഴിച്ചിലാക്ക് കണ്ണാ...”

അങ്ങിനെ ഷെറീഫ് സ്വയം നാടുകടത്ത പെട്ടു.
പാകിസ്ഥാനില്‍ ജനാധിപത്യം പുലരുന്ന ലക്ഷണം കണ്ടു തുടങ്ങി. മുഷാറഫ് പ്രസിഡന്റ് സ്ഥാനം രാജി വക്കുന്നു. രണ്ടും കൂടി ഒരാള്‍ കൊണ്ടു നടക്കുന്നതിനെ അമേരിക്കാവു കണ്ണുരുട്ടി കാണിച്ചു തുടങ്ങി.
താന്‍ പ്രസിഡന്റ് പദവി ഒഴിയാം പകരം തന്റെ സഹധര്‍മ്മിണി സാവയെ പ്രസിഡന്റാക്കിയാല്‍ മതിയെന്ന് പാവം പര്‍വേസ് മുഷാറഫ്. എന്തൊരു വിട്ടു വീഴ്ച. പര്‍വേസ് മുഷാറഫ് ലാലു പ്രസാദ് യാദവിന് പഠിക്കുവാ. മിടുക്കന്‍.

2. ഇല്ലാത്തതിനെ തിരഞ്ഞ് ഉള്ളതിനെ ഇല്ലാതാക്കുന്നവര്‍
പശ്ചിമേഷ്യ വീണ്ടും കലുഷിതമാകുന്നു. ഇല്ലാത്ത വിനാശകാരികളായ ജൈവായുധങ്ങളും ആണവ റിയാക്ടറുകളും വിഷവാതകങ്ങളും തപ്പി ഇറാക്കിലെത്തിയവര്‍ ഇറാക്കിനെ ഒരു വഴിക്കാക്കി. എന്ത് കാരണമായിരുന്നോ ഒരു സംസ്കാരത്തെയും സമൂഹത്തെയും ചവിട്ടി മെതിക്കാന്‍ അധിനിവേശക്കാര്‍ പറഞ്ഞത് അതൊക്കെയുന്‍ ഊഹാപോഹങ്ങളും തെറ്റിദ്ധരിപ്പിക്കലുകളും ആയിരുന്നു എന്ന് തെളിഞ്ഞിട്ടും ഏറ്റു പറയാനോ അല്ലെങ്കില്‍ ചെയ്തത് തെറ്റാണെന്ന് ചൂണ്ടികാട്ടാനോ തെറ്റുചെയ്തവര്‍ക്ക് കഴിയുന്നില്ല എന്നതിനും പുറമേ പുതിയ തെറ്റുകള്‍ക്ക് കോപ്പു കൂട്ടുകയും ചെയ്യുന്നു. ഒരു യുദ്ധത്തില്‍ കൊലചെയ്യപ്പെടുന്ന നിരപരാധികളും നിസ്സഹായരുമായ മനുഷ്യരുടെ ആര്‍ത്തനാദങ്ങള്‍ യുദ്ധങ്ങള്‍ അഴിച്ചു വിടുന്നവരുടെ ഉറക്കം കെടുത്തുന്നില്ല. ബധിര കര്‍ണ്ണങ്ങളില്‍ അമിട്ടിന്റെ നാദം എങ്ങിനെ പ്രതികരണം ഉണ്ടാക്കാന്‍? ലക്ഷകണക്കിന് ജീവനുകള്‍ക്ക് ഉത്തരം പറയേണ്ടുന്നവരായി മാറുന്ന യുദ്ധവെറിയന്മാരോട് ആര് സമാധാനം ചോദിക്കാന്‍? ഇറാന്റെ ആണവ പരിപാടികള്‍ ഒട്ടും പ്രോത്സാഹനീയമല്ല. പക്ഷേ ഉത്തരകൊറിയക്ക് നല്‍കിയ ഔദാര്യം ഇറാനു കൂടി നല്‍കി അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിന് പകരം കൂടുതല്‍ ചാവേറുകളെ സൃഷ്ടിക്കാനുള്ള അമേരിക്കാവൂന്റേയും ശിങ്കിടികളുടേയും തീരുമാനങ്ങള്‍ മാനവ രാശിയെ കൂടുതല്‍ ഭയത്തിലേക്ക് തള്ളി വിടുകയേ ഉള്ളൂ. ഒരോയുദ്ധത്തിലും ഉറ്റവരും ഉടയവരും നഷ്ടപ്പെടുന്നവര്‍ ചാവേറുകളായി മാറുകയാണ്.

തീവ്രവാദവും ഭീകരവാദവും വളരുന്നതിന് മത്രമേ യുദ്ധങ്ങള്‍ സഹായമാവുകയുള്ളു. യുദ്ധം എന്തിനെങ്കിലും എപ്പോഴെങ്കിലും പരിഹാരം ആയുട്ടുണ്ടോ? ഇല്ല തന്നെ. സമാധാനം എല്ലാത്തിനും പരിഹാരം ആകും എന്ന ചരിത്ര സത്യങ്ങളെ കണ്ണു തുറന്ന് കാണാതെ അല്‍ഖ്വയ്ദക്ക് ആളെകൂട്ടാന്‍ സംസ്കാരത്തിന്റേയും പരിഷ്കാരത്തിന്റേയും മൊത്തകച്ചവടക്കാര്‍ വീണ്ടും വീണ്ടും കളത്തിലേക്കിറങ്ങുന്നതിനേ കഷ്ടം വെക്കാനല്ലാതെ എന്ത് ചെയ്യാന്‍...

3. സെപ്ടംബര്‍ പതിനൊന്ന്
മരണത്തിനും ഓര്‍മ്മപ്പെടുത്തലുകള്‍ക്കും വര്‍ണ്ണവിവേചനം ഉണ്ടോ? സെപ്ടംബര്‍ പതിനൊന്നിന് മരണപെട്ടവരോടുള്ള ആദരവും സ്മരണകളും അതിന്റെ എല്ലാ അര്‍ത്ഥത്തിലും ഉള്‍കൊണ്ട് കൊണ്ട് തന്നെ പറയട്ടെ- കേവലം മൂവായിരത്തോളം പേര്‍ കൊല്ലപെട്ട ആ നശിച്ചദിനത്തെ ലോക മാധ്യമങ്ങള്‍ ആഢംബരത്തോടെ ആഘോഷിച്ചപ്പോള്‍ ആ സംഭവത്തെ പിന്തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലും പിന്നെ ഇറാക്കിലും കൊല്ലപെട്ട ലക്ഷങ്ങളെ സ്മരിക്കുവാന്‍ മറന്നേപോയി. അല്ല, മറന്ന് പോയത് അല്ല. മരണം പ്രധാനികളുടേതാകുമ്പോള്‍ പ്രാധാന്യം ഏറും. അപ്രധാനികള്‍ എങ്ങിനെയെങ്കിലും പണ്ടാരമടങ്ങട്ടെ എന്നായിരിക്കുന്നു ഉത്തരാധുനികതയുടെ പടു നീതി. പോയിന്റ് സീറോയില്‍ തലകുമ്പിട്ട് നിന്ന ബുഷിനെയും ഡിക്ചെനിയേയും കണ്ടപ്പോള്‍ അവരുടെ മനസ്സില്‍ മരണം അടഞ്ഞ മൂവായിരം പേരുടെ സ്മരണകളാകുമോ ഉണ്ടാവുക എന്ന് വെറുതേ ചിന്തിച്ചു പോയി. അല്ലാ എന്നാണ് ഉത്തരം ലഭിച്ചത്. നാളെ എവിടെയൊക്കെ അശ്ശാന്തി വിതക്കാം എന്ന ആലോചനയാണ് ആ മുഖങ്ങളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിഞ്ഞത്. ലോകമെമ്പാടും തങ്ങളുടെ പ്രവൃത്തികളാല്‍ നിസ്സഹായാരായ നിരപരാധികള്‍ പിടഞ്ഞ് വീഴുമ്പോള്‍‍ അവരുടെ കുമ്പിടലിനെന്ത് പ്രസക്തി. സെപ്റ്റംബര്‍ പതിനൊന്നിന് കൊല്ലപ്പെട്ടവരുടെ ആത്മാവുകള്‍ ഈ മനുഷ്യ പിശാചുകള്‍ക്ക് മാപ്പു നല്‍കുന്നുണ്ടാകുമോ? ആവോ?

4. പോഴത്തം
കേരളം പോഴന്മാരുടെ നാടാണ്. സംശയമേ ഇല്ല. കൂടെയുള്ള മന്ത്രി പോഴനാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ട് ആ പോഴനേയും ചുമന്ന് നടക്കാന്‍ മുഖ്യന് നാണമേതുമില്ല തന്നെ. അപ്പോള്‍ മുഖ്യനും പോഴനായി. പോഴനായ മുഖ്യന്‍ ഭരിക്കുന്ന കേരളം “പോഴകേരളം”. ‘പോഴകേരളം എത്ര സുന്ദരം’ എന്ന പാട്ടും പാടി ആര്‍മ്മാ‍ദിക്കാം.

കേരളം ഒരു വല്ലിയ പ്രതിസന്ധിയിലാണ്. തിരഞ്ഞെടുക്കാനില്ലാത്ത പ്രതിസന്ധിയില്‍. സ്വീകരിക്കാന്‍ നമ്മുക്ക് രണ്ട് സംഗതികളെ ഉള്ളൂ. ഒന്നുകില്‍ കാളകൂടം. അല്ലെങ്കില്‍ സയനൈഡ്. എന്തായാലും മരണം ഉറപ്പ്. കേരള സമൂഹത്തെ ഇടത്തും വലത്തുമായി വെട്ടിമുറിക്കപെട്ടു കഴിഞ്ഞു. രണ്ടു കക്ഷികളേ ഇന്ന് കേരളത്തിലുള്ളൂ. ഒന്ന് എല്‍.ഡീ.എഫ് മറ്റേത് യൂ.ഡീ.യെഫ്. രണ്ടും തമ്മിലുള്ള വ്യത്യാസം തിരയുന്നത് തിരയെണ്ണുന്നത് പോലെ വ്യാര്‍ത്ഥം. ദേണ്ട് നോക്കിയേ:

ഇടതു പക്ഷ ജനാധിപത്യം:മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി (പിണറായിയും വെളിയവും സംഘവും), കോണ്‍ഗ്രസ് (ജോസഫ് അച്ചായനും സംഘവും) , മുസ്ലീം ലീഗ് (സലാമും കൂട്ടരും) ആര്‍.എസ്.പി. (ചന്ദ്രചൂഡനും സംഘവും), അഴിമതി, സ്വജന പക്ഷപാതം, ഗ്രൂ‍പ്പ് കളി, വനം കയ്യേറ്റം, പെണ്‍ വാണിഭം, മാഫിയ, സിന്‍ഡിക്കേറ്റ്....

ഐക്യ ജാനാധിപത്യം: കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി (രാഘവനും ഗൌരിയമ്മയും കൂട്ടരും) കോണ്‍ഗ്രസ് (ഉമ്മന്‍‌ചാണ്ടിയും മാണിയും പിള്ളയും കൂട്ടരും) മുസ്ലീം ലീഗ് (കുഞ്ഞാലികുട്ടിയും കൂട്ടരും), ആര്‍.എസ്.പി (താമരാക്ഷനും, ഷിബു ബേബി ജോണും കൂട്ടരും) പിന്നെ അഴിമതി, സ്വജന പക്ഷപാതം, ഗ്രൂ‍പ്പ് കളി, വനം കയ്യേറ്റം, പെണ്‍ വാണിഭം, മാഫിയ, സിന്‍ഡിക്കേറ്റ്....

എവിടാ തമ്മില്‍ വ്യത്യാസം. എപ്പോഴും പ്രതിപക്ഷമാണ് ജനപക്ഷത്ത്. പ്രതി പക്ഷനേതാക്കന്മാര്‍ ജനങ്ങള്‍ക്ക് വേണ്ടി മുറവിളി കൂട്ടുന്നതും സമരം ചെയ്യുന്നതും എന്നും കാണപ്പെടുന്ന കേരള പ്രതിഭാസം. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയായല്‍ പോഴന്മാരായി മാറും. അതും വര്‍ത്തമാന കാല യാഥാര്‍ദ്ധ്യം. ഇന്നി നമ്മുക്ക് ഇങ്ങിനെയൊന്ന് ചിന്തിച്ചാലോ: പ്രതിപക്ഷ നേതാവു കേരളം ഭരിക്കട്ടെ. ഭരണ പക്ഷനേതാവ് ഭരിപ്പിക്കട്ടെ. നിയമസഭയില്‍ ഭൂരിപക്ഷം ഉള്ളവര്‍ പ്രതിപക്ഷത്തിരുന്ന് ഭൂരിപക്ഷം കുറഞ്ഞവരെ കൊണ്ട് ഭരിപ്പിച്ചാലെ ഇന്നി കേരളം നന്നാവുള്ളൂ. ഭൂരി പക്ഷം കൂടുന്നതിനനുസരിച്ച് ഭരണാധികാരികള്‍ക്ക് ജനങ്ങളോടുള്ള പ്രതിബദ്ധത കുറയുന്നതിന് ഇത് മാത്രമേ പരിഹാരമുള്ളൂ. അല്ലെങ്കില്‍ ഒരു സീറ്റില്‍ ഭൂരിപക്ഷം ഒതുങ്ങണം. എപ്പോള്‍ വേണമെങ്കിലും നിലം പൊത്തും എന്ന പേടി വേണം. എങ്കില്‍ നമ്മുടെ റോഡുകള്‍ എന്നേ സഞ്ചാര യോ‍ഗ്യമായേനെ. നൂറിന്റെ ഭാരമാണ് കഴിഞ്ഞ ഏഴു വര്‍ഷമായി കേരളം അനുഭവിക്കുന്നത്. വരും തിരഞ്ഞെടുപ്പുകളിലെങ്കിലും ജനം തൂക്കി നിര്‍ത്തുന്ന ഗവണ്മെന്റുകള്‍ അധികാരത്തിലെത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

5. വ്രതാഘോഷം
സഹനം, സാഹോദര്യം, സഹവര്‍ത്തിത്വം, സമത്വം, സൌഹാര്‍ദ്ദം, തുടങ്ങിയ എല്ലാ നന്മകളേയും ഒരുമിപ്പിക്കുന്ന വ്രതശുദ്ധി നിറവാര്‍ന്ന ദിനരാത്രങ്ങളാണ് കടന്ന് പോകുന്നത്. ആത്മാവിനേയും ശരീരത്തേയും ശുദ്ധീകരിക്കുന്ന മഹത്തായ വ്രത ദിനരാത്രങ്ങളെ ആഘോഷ വത്കരിക്ക പെടുന്നിടത്ത് വ്രതത്തിന്റെ ആത്മാവ് നഷ്ടപ്പെടുന്നത് ആധുനിക സമൂഹം തിരിച്ചറിയുന്നില്ല. പുലര്‍ച്ചേ മുതല്‍ അന്തിവരെ ഉപേക്ഷിക്കപ്പെടുന്ന ഭക്ഷണം അന്തികഴിഞ്ഞാല്‍ “കളാ വീട്ടി”* തിന്നു തീര്‍ക്കുന്ന ആധുനിക വ്രതം എവിടെയാണ് അന്യന്റെ വിശപ്പിനെ സംവേദിപ്പിക്കുന്നത്? രാവിലെ മുത്താഴം എന്ന പേരില്‍ മൂക്കും മുട്ടെ തിന്നിട്ട് ഉച്ചവരെ കിടന്നുറങ്ങി ഉറക്കം കഴിഞ്ഞാല്‍ ടി.വി.യുടെ മുന്നില്‍ ചടഞ്ഞിരുന്ന് അന്തിക്ക് നോമ്പു തുറന്ന് പുലരും വരെ തിന്നും കുടിച്ചും കഴിയുന്നവര്‍ വ്രതത്തെ അശുദ്ധമാക്കുകയാണ് ചെയ്യുന്നത്.

മുത്താഴം കൃത്യമായി കഴിച്ച് അത്താഴം മുന്നിലുണ്ടെന്ന സുന്ദരപ്രതീക്ഷയിലുള്ള വ്രതത്തില്‍ നിന്നും ഉല്‍ഭവിക്കുന്ന വിശപ്പും മുത്താഴമോ അത്താഴമോ പോകട്ടെ പച്ചവെള്ളമല്ലാതെ മറ്റൊന്നും സ്വപ്നം പോലും കാണാന്‍ കഴിയാത്ത വിശപ്പും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനുള്ള സാഹചര്യം ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ.

റംസാനെ, റംസാന്‍ ഫെസ്റ്റിവല്‍ ആക്കാതെ പരിപൂര്‍ണ്ണ വിശുദ്ധിയോടെ ആചരിച്ച് മനസ്സിനേയും ശരീരത്തേയും ശുദ്ധീകരിക്കാന്‍ ഈ വ്രതകാലം നമ്മുക്ക് പ്രേരകമാകട്ടെ!

* കടം വീടല്‍

7 comments:

അഞ്ചല്‍കാരന്‍ said...

വാര വിചാരം അഞ്ചാം വാരം ബൂലോക സമക്ഷം സമര്‍പ്പിക്കുന്നു.
1. നാടുകടത്തല്‍ - പാകിസ്ഥാന്‍ മോഡല്‍
2. ഇല്ലാത്തതിനെ തിരഞ്ഞ് ഉള്ളതിനെ ഇല്ലാതാക്കുന്നവര്‍.
3. സെപ്ടംബര്‍ പതിനൊന്ന്.
4. പോഴത്തം
5. വ്രതാഘോഷം.

എന്റെ ഉപാസന said...

:)
പകിസ്താന്‍ മോഡല്‍ ചിരിപ്പിച്ചു.

ഉപാസന

കുഞ്ഞന്‍ said...

ഹഹ .. മുഷറഫ്-ഷെരിഫ് കമ്പിയില്ലാ കമ്പി സംഭാഷണം അലക്കി പൊളിച്ചുട്ടോ...

സിമി said...

കൊള്ളാം. എന്നാലും ഷെറീഫിനെ ഹെലിക്കോപ്ടറില്‍ കേറ്റിയില്ല, ഒരു പഴയ ബസ്സിലേ കേറ്റിക്കൊണ്ടു പോയൊള്ളൂ എന്നാണു വായിച്ചത്. വസ്തുതാപരമായ തെറ്റ് :-)

ഏ.ആര്‍. നജീം said...

ഹ ഹാ...
അപ്പോ, മുഷ്റ്ഫ് ആണ് ഈ ആഴ്‌ചയിലെ താരം.
ന്റമ്മോ എന്തലക്കാ പുള്ളി അലക്കിയത്.
ബി.ബി.സിക്ക് പോലും കിട്ടാത്ത ഈ വാര്‍ത്ത അന്വഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ ഞങ്ങളില്‍ എത്തിച്ച ആഞ്ചല്‍ജിയേ അഭിനന്ദിക്കുന്നു

Kaippally കൈപ്പള്ളി said...

റമദാന്‍ =
1) രാവിലെ മുതല്‍ ഉച്ചവരെ റോഡില്‍ നാട്ടുകാരെ തെറി പറഞ്ഞു വണ്ടിയോടിക്കുക.
2) ജോലി ചെയ്യാതെ ഓഫിസ് മൊത്തം വായ് നാറ്റം പരത്തുക
3) റമദാന്‍ ആയതുകൊണ്ടു എല്ലാവരും കൂട്ടമായി വളഞ്ഞു നിന്നു് നോമ്പ് എടുക്കുന്നവരെ സഹതപിക്കുക.
4) തിരികെ വീട്ടില്‍ പോകുമ്പോള്‍ വീണ്ടും റോഡില്‍ മരിയാതിക്ക് വണ്ടിയോടിക്കുന്നവരെ തെറി പറയുക.
5) നോമ്പ് തുറന്ന് മുതല്‍ വെളുക്കും വരെ മൂക്കറ്റം തിന്നുക.

കുറുമാന്‍ said...

വാരവിചാരത്തില്‍ ആദ്യാമായാ.....

അഞ്ചാം വാരം ഇഷ്ടമായി, ഇനി ബാക്കിയുള്ളതും കൂടി വായിക്കട്ടെ.