Monday, September 10, 2007

വാര്‍ത്താ വിചാരം : നാലാം വാരം

ഭൂലോക വിചാരം.

1. ബുഷും ഒസാമയുടെ ടേപ്പും
പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായത്തിനെത്തുന്നവാനാണ് യഥാര്‍ദ്ധ സുഹൃത്ത് എന്നത് കാലം കാട്ടി തരുന്ന സത്യം. കാട് കാണാനിറങ്ങി കരടി വന്നപ്പോള്‍ മരം കേറാ‍നറിയാത്ത ചങ്ങാതിയെ കരടിക്ക് മുന്നിലിട്ട് മരം കേറിയ ചങ്ങാതിയുടെ ചതിയില്‍ പതറാതെ സ്വന്തം തലച്ചോറിന്റെ ബലത്തില്‍, പാഞ്ഞടുത്ത കരടിയുടെ മുന്നില്‍ ശവമായി കിടന്ന് സ്വ തടി കഴിച്ചിലാക്കിയ മല്ലന്റേം മാതേവന്റേം കഥ പഴങ്കഥ. ഒന്നിച്ച് കാട് കയറിയ അമേരിക്കാവും ബ്രിട്ടണും. കൊടും കാട്ടില്‍ പെട്ട് ഉഴറുമ്പോള്‍ ബസ്രയില്‍ നിന്നും തടി കഴിച്ചിലാക്കി ബ്രിട്ടണ്‍ മരം കേറുമ്പോള്‍ തലയില്‍ വെളിവില്ലാത്തവന് ശവമായി കിടന്ന് രക്ഷപെടുവാനുള്ള ബുദ്ധി അല്‍ഖ്വയ്ദായുടെ കയ്യില്‍ നിന്നും വിലക്ക് വാങ്ങാനൊക്കില്ലല്ലോ? ബ്രിട്ടണ്‍ പഴയ മാതേവനെ മൂലക്കിരുത്തി തടി കഴിച്ചിലാക്കി. മല്ലന്‍ ഗോദയില്‍ ഒറ്റപ്പെട്ടു. നാട്ടിലേക്ക് വന്നിറങ്ങുന്ന ദേശീയ പതാക പുതപ്പിച്ച ശവപെട്ടികള്‍ ഉറക്കം കെടുത്തുന്നു. ദിനേനേ നിമിഷം പ്രതി ജന പിന്തുണ താഴേക്കിറങ്ങുന്നു. ഡെമോക്രാറ്റുകള്‍ മല്ലന്റെ രക്തത്തിനായി മുറവിളി കൂട്ടുന്നു. ഇറാക്കില്‍ കിടന്ന് നട്ടം തിരിയുന്ന പട്ടാളക്കാര്‍ എന്തിന് വേണ്ടി ഇവിടെ കിടന്നു ഒളിപ്പോരാളികള്‍ക്ക് ഇരയാകണമെന്ന് പരസ്പരം ചോദിക്കുന്നു. ആ ചോദ്യം മെയിലായും മെസ്സേജായും കടല്‍ കടന്ന് അങ്ങ് സ്വ ഗൃഹങ്ങളിലേക്കെത്തുന്നു. ഗൃഹങ്ങളില്‍ നിന്നും ആ മെയിലുകളും മെസ്സേജുകളും ധവള ഗൃഹത്തിലേക്കും പറക്കുന്നു. ഇരിക്കപ്പൊറുതീം ഇല്ല കിടക്കപ്പൊറുതീം ഇല്ല. എന്നാ വേണമെന്ന് മിഴിച്ച് നില്‍ക്കുമ്പോഴാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും താടിക്കാരന്റെ പുതിയ സഹായമെത്തുന്നത്.

ഒസാമ ബിന്‍ലാദന്‍ ജീവിച്ചിരിക്കേണ്ടത് ബുഷിന്റെ ആവശ്യം. അമേരിക്കാവിനെ എടുത്ത് വിഴുങ്ങാന്‍ വാ പൊളിച്ച് നില്‍ക്കുന്ന ഭീകരനെ കാട്ടി രാജ്യ സുരക്ഷയെ കുറിച്ച് വാചാലനായി രണഭൂവില്‍ പട്ടാളക്കാരെ കെട്ടിയിടാന്‍ ഒസാമയുടെ പുതിയ ടേപ്പിനും കഴിയും. ടേപ്പ് വന്നയുടനേ തകര്‍ന്നടിഞ്ഞിരുന്ന ബുഷിന്റെ ജനപിന്തുണ രണ്ട് ശതമാ‍നം കണ്ട് കൂടിയത് ഇതിനുദാഹരണമാണ്. എപ്പോ‍ഴൊക്കെ ബുഷ് പ്രതിസന്ധിയിലാകുന്നുവോ അപ്പോഴൊക്കെയും അല്‍ ജസ്സീറായില്‍ പ്രത്യക്ഷപ്പെടുന്ന ഒസാമ ബിന്‍ലാദന്‍ എന്തിനെയാണ് സൂചിപ്പിക്കുന്നത്? ഒന്നുകില്‍ ബുഷിന്റെ നല്ല ചങ്ങാതി. അല്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പിന് നിമിഷങ്ങള്‍ക്ക് മുമ്പ് മണ്ണിനടിയില്‍ നിന്നും മാന്തിയെടുക്കപ്പെടാന്‍‍ തക്ക ‍‍ വണ്ണം അഫ്ഗാനിസ്ഥാനിലെ മലനിരകളിലെവിടെയോ ബുഷ് തന്നെ മറച്ച് വെച്ചിരിക്കുന്ന മറ്റൊരു തുറുപ്പ് ശീ‍ട്ട്. വേണ്ടപ്പോള്‍ ടേപ്പുണ്ടാക്കി അല്‍ ജസ്സീറാക്ക് കൊടുത്ത് തന്‍ കാര്യം നേടി ഒടുവില്‍ ഭരണം വിടുന്ന നേരമാകുമ്പോള്‍ പുറത്തെടുത്ത് “ഞാന്‍ ഒസാമയെ പിടിച്ചേ..” എന്ന് അലമുറയിട്ട് പത്തോട്ട് വാങ്ങി സ്വന്തം പാര്‍ട്ടിയെ അധികാരത്തില്‍ വീണ്ടുമെത്തിക്കാനാണോ ബുഷിന്റെ ശ്രമമെന്ന് തോന്നി പോകുന്നു ഇതൊക്കെ കാണുമ്പോള്‍. ഒന്നുകില്‍ ഒസാമയെന്നൊരാള്‍ ഇല്ല. അല്ലെങ്കില്‍ അത് ബുഷിന്റെ ചങ്ങാതി. അതുമല്ലെങ്കില്‍ ഒസാമ ബുഷിന്റെ തടവില്‍.


2. അഭ്യാസങ്ങള്‍
ബംഗാള്‍ ഉള്‍ക്കടലില്‍ ഭാരതാവും അമേരിക്കാവും ശിങ്കിടികളും ഒക്കെ കൂടി നടത്തി വരുന്ന നാവികാഭ്യാസം അമേരിക്കാവു ഭാരതാവിനെ കൊണ്ട് നടത്തിക്കുന്ന വെറും “അഭ്യാസം” ആണെന്നത് തിരിച്ചറിയാന്‍ ചേര്‍ത്തല ഉപതിരഞ്ഞെടുപ്പിന് മാതാവിന്റെ കുഴിമാടത്തില്‍ അനുഗ്രഹം വാങ്ങാന്‍ പോയ വഴി കുഴിമാടത്തിനരികെ കുഴഞ്ഞ് വീണ് പത്തോട്ട് കൂട്ടാന്‍ തലയില്‍ ഉദിച്ച ബുദ്ധി പോരാ നമ്മുടെ പ്രതിരോധ മന്ത്രിക്ക്. അമേരിക്കാവൂന്റെ ദക്ഷിണേഷ്യയിലെ നിരന്തര ഇടപെടലുകള്‍ ഒട്ടും ദഹിക്കാത്ത ഒരു അയല്‍ വാസി നമ്മുക്കുണ്ട്. ഭാരതം ദക്ഷിണേഷ്യയിലെ അമേരിക്കാവൂന്റെ ഏജന്റായി മാറുന്നത് ചീന ഒട്ടും സന്തോഷത്തോടെയല്ല നോക്കി കാണുന്നത്. ആര്‍ഷ സംസ്കാരവും സൌഹൃദവും ഒക്കെ എപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്ന ഭാരതം അയല്‍ക്കാരെ എല്ലാം പിണക്കി നിര്‍ത്തുന്ന അവസ്ത എന്നും ദോഷമേ ചെയ്യുള്ളു. നമ്മുടെ അയല്‍ വാസികളെല്ലാം ഒന്നുകില്‍ ശത്രുക്കള്‍ അല്ലെങ്കില്‍ നമ്മെ സംശയത്തോടെ മാത്രം വീക്ഷിക്കുന്നവര്‍ എന്ന സ്തിതി മാറ്റി നല്ല സൌഹൃദം വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിന് പകരം എല്ലാരേം പ്രകോപിപ്പിക്കുന്ന തരത്തിലുള്ള നടപടികളിലൂടെ ആയുധമത്സരം ഉണ്ടാക്കി അതില്‍ നിന്നും മുതലെടുപ്പ് നടത്താനുള്ള അമേരിക്കാവിന്റെ നീക്കങ്ങളെ തിരിച്ചറിയേണ്ടുന്നതുണ്ട്.

“ഞങ്ങള്‍ യുറേനിയം ഭാരതാവിന് മാത്രമേ നല്‍കുള്ളൂ പാകിസ്ഥാന് നല്‍കുകയേ ഇല്ല” എന്ന് അമേരിക്കാവു ആണയിടുമ്പോള്‍ “ഞമ്മക്ക് നിങ്ങടെ യുറേനിയം വേണ്ട കുറച്ചും കൂടി അടുത്ത് ചൈനാവില്‍ നിന്നും ഞമ്മളത് മേടിച്ചോളാം” എന്ന് പാകിസ്ഥാന്‍ തിരിച്ചടിക്കുന്നു. ചിരിക്കുന്നത് അമേരിക്കാവു തന്നെ. എല്ലാവരും ആയുധം വാങ്ങി കൂട്ടട്ടെ. എന്നാലല്ലേ അമേരിക്കാവൂന്റെ ഖജാനവു നിറയുള്ളൂ‍. അമേരിക്കാവൂ എത്രത്തോളം ഭാരതാവിനെ സ്വാധീനിക്കുന്നുവോ അത്രത്തോളം ചൈനാവു ഭാരതാവുമായി അകലുകേം ചെയ്യും.

അകലെയുള്ള മിത്രത്തേക്കാള്‍ അടുത്തുള്ള ശത്രുവേ ആപത്തില്‍ ഉതകുള്ളൂ എന്ന പരമമായ സത്യം എന്നാണോ ആവോ നമ്മുടെ അഭ്യാസികള്‍ തിരിച്ചറിയുക.


3. അനുകരണീയം
ഛത്തീസ് ഘട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണം എന്തു കൊണ്ടും അനുകരണീയമാണ്. ഒരു പാര്‍ട്ടി അവിടെ തങ്ങളെ വിജയിപ്പിച്ചാല്‍ ഒരോ കുടുംബത്തിനും ആയിരത്തി എഴുന്നൂറ്റി അമ്പത് രൂപാ വച്ച് പ്രതിമാസം നാല്‍കുമെന്ന് പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നു. നല്ല വാര്‍ത്ത. വരും തിരഞ്ഞെടുപ്പുകളില്‍ എല്ലാ പാര്‍ട്ടികളും ഈ മാതൃക പിന്തുടര്‍ന്നാല്‍ നാട് രക്ഷപെടും. ഒരു പാര്‍ട്ടി ആയിരത്തി എഴുന്നൂറ്റി അമ്പത് പറയുമ്പോള്‍ എതിരാളി രണ്ടായിരം പറയട്ടെ. മൂന്നാം മുന്നണി രണ്ടായിരത്തി അഞ്ഞൂറും നാലാം മുന്നണി മൂവായിരവും പറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിടട്ടെ. ഇനി ഏതെങ്കിലും സ്വതന്ത്രന്‍ അയ്യായിരം പറഞ്ഞാല്‍ അവനെ “വിലയേറിയ” സമ്മതീദാനം നല്‍കി വിജയിപ്പിച്ച് വിജയ സോപാനത്തിലേക്കാനയിക്കാം. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ “സ്ഥാന മോഹികളും” ഈ രീതി വരും തിരഞ്ഞെടുപ്പുകളില്‍ പിന്തുടരട്ടേ എന്ന് പ്രാര്‍ത്ഥിക്കാം. അമേന്‍....


4. പൊന്മുടിയില്‍ സംഭവിക്കുന്നത് എന്തെന്നാല്‍
പൊന്മുടിയിലെ വിവാദമായ മാര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടില്‍ പുറമേനിന്നും നോക്കുമ്പോള്‍ സേവി മനോ മാത്യൂ എന്ന കച്ചവടക്കാരന്‍ സര്‍ക്കാറിന്റെ ഭൂമി ഏറ്റെടുത്ത് സര്‍ക്കാറിന് തന്നെ മറിച്ച് വിറ്റ ഒരു കേസ് സര്‍ക്കാര്‍ തന്നെ തടയുന്നു എന്ന് തോന്നാമെങ്കിലും ഇതിന്റെ കാണാപ്പുറങ്ങള്‍ തേടിപോയാല്‍ വെളിച്ചത്ത് വരുന്നത് രസകരമായ മറ്റൊരു സംഗതിയാണ്.

പേരോര്‍മ്മയില്ല. ഷാജി കൈലാസ് സുരേഷ് ഗോപി തീ‍പ്പൊരി ചിത്രത്തില്‍ പറഞ്ഞ കഥ പോലെ: ഒരു വന്മരത്തിന്റെ വീഴ്ചയില്‍ തകര്‍ന്നടിയുന്ന ചെറുമരങ്ങളും ചെടികളും ശ്രദ്ധിക്കപ്പെടുകയില്ല എന്ന തത്വത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തിലെ തങ്ങളുടെ ഇരയേയും മുഖ്യമന്ത്രിയേയും ഒരുമിച്ച് കൊലപ്പെടുത്തിയിട്ട് ശ്രദ്ധ മുഴുവനും മുഖ്യമന്ത്രിയിലേക്കാക്കി പ്രതി രക്ഷപെടുന്ന തന്ത്രം. “നിനക്കെന്താ കൂ‍ടിയോ? പൊന്മുടിയിലെവിടാടോ സുരേഷ് ഗോപീം മുഖ്യമന്ത്രിയും കൊലപാതകവും?” എന്ന് ചോദിക്കാന്‍ വരട്ടെ. കാര്യങ്ങള്‍ കണ്ണ് തുറന്നൊന്ന് കണ്ടേ...മാര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിന്റെ കസ്റ്റോഡിയനായ സേവി മനോ മാത്യു തന്റെ അധീനതയില്‍ ഉള്ള ഭൂമിയില്‍ അനുവദനീയമായ കൃഷി മാത്രമേ ചെയ്യുന്നുള്ളു. അല്ലെങ്കില്‍ അതു മാത്രമേ അവിടെ ചെയ്യാന്‍ പാടുള്ളൂ. നിയമം അനുസരിക്കുന്ന സേവി നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ല.

ഇക്കാലത്ത് കൃഷിയൊക്കെ കൊണ്ട് എങ്ങിനെ ജീവിക്കാനെന്ന് സേവിക്കും ചിന്തിക്കാമല്ലോ. കൂടാതെ പൊന്മുടിയിലെ മറ്റു കൃഷിക്കാരും അങ്ങിനെ തന്നെ ചിന്തിക്കുന്നതില്‍ തെറ്റൊന്നും ഇല്ല. അവര്‍ക്കും ജീവിക്കണ്ടെ. പിന്നെന്തു ചെയ്യാന്‍ കഴിയും? ആ ചിന്തയ്ക്കുത്തരമാണ് പൊന്മുടി വിവാദം. സൈലന്റ് വാലി പോലെ അല്ലെങ്കില്‍ അതിലുമേറേ സംരക്ഷിത വനമേഖലയായ പൊന്മുടിയില്‍ റിസോര്‍ട്ടുകള്‍ ഉയരണം. സുഖവാസ മാളികകള്‍ നിര്‍മ്മിക്കപ്പെടണം. കാട്ടു ജീവികളില്ലാത്ത കാട്ടിലേക്ക് നാട്ടുവാസികള്‍ വിദേശീയരും വേട്ടക്കിറങ്ങണം. വാണിഭം നടത്തണം. അതിന് സംരക്ഷണ വനത്തിലേക്ക് ഒരു ചാക്ക് സിമന്റോ ഒരു കമ്പി കഷണമോ പോലും കൊണ്ടു പോകാന്‍ സര്‍ക്കാരോ വനം വകുപ്പോ അനുവദിച്ചാല്‍ തന്നെ പ്രകൃതി സ്നേഹികള്‍ അനുവദിക്കുമെന്ന് സ്വപ്നേപി കരുതണ്ട. പിന്നെന്തു ചെയ്യും. ഒടുവില്‍ ഉത്തരമായി. മറ്റൊരു സംരക്ഷിത മേഖലയായ ഐ.എസ്.ആര്‍.ഓ യെ കൊണ്ട് പൊന്മുടിയെ കോണ്‍ക്രീറ്റ് വനമാക്കുക. സ്പേസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ടിന്റെ തറക്കല്ലിടാന്‍ പ്രധാനമന്ത്രിയെ നേരിട്ട് പൊന്മുടിയിലറക്കാന്‍ ഹെലിപ്പാഡ് നിര്‍മ്മിക്കുന്നതിലൂടെ അതിന് തുടക്കമിട്ടു. പിന്നെ ഇന്‍സ്റ്റിറ്റൂട്ടിന്റെ ബഹുനില മന്ദിരങ്ങളുടെ നിര്‍മ്മാണം തുടങ്ങാം. ഭാരതത്തിന്റെ “നാസ” ആയതു കൊണ്ട് ഐ.എസ്.ആര്‍.ഓ കൂടുതല്‍ ചോദ്യം ചെയ്യപ്പെടുകയും ഇല്ലല്ലോ? സ്പേസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ട് നിര്‍മ്മാണം തുടങ്ങി കഴിഞ്ഞാല്‍ ആ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ ചൂണ്ടി കാട്ടി പൊന്മുടിയിലെ സേവി അടക്കം ഉള്ള പാവം കര്‍ഷകര്‍ക്ക് മണിമാളികകള്‍ കെട്ടി നഷ്ടം നികത്താം. മാസങ്ങള്‍ കൊണ്ട് പൊന്മുടി വെളുത്ത് കിട്ടും. സ്പേസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ട് ഉയരുകയോ ഉയരാതിരിക്കുകയോ ചെയ്യും. അതിന് ഉറപ്പൊന്നുമില്ല. പക്ഷേ സേവിമാരുടെ റിസോര്‍ട്ടുകള്‍ അതിനുമുന്നേ ഉയര്‍ന്ന് വരുമെന്നതിന് സംശയമൊന്നുമില്ല.

ഇങ്ങിനെയാണ് വന്മരങ്ങള്‍ വീഴുമ്പോള്‍ ചെറു മരങ്ങള്‍ ചതഞ്ഞരയുന്നു എന്ന നിസ്സാരമായ തത്വം പൊന്മുടിയില്‍ പ്രായോഗികമാകാന്‍ പോകുന്നത്.


5. വൃദ്ധ സദനങ്ങള്‍/പകല്‍ വീടുകള്‍ അഥവാ കണ്ടംഡ് സെല്ലുകള്‍.
തൊഴുത്തിനേക്കാള്‍ തൊഴുമ്പായാ കാലികള്‍ക്ക് മാനഹാനിയുണ്ടാക്കുന്ന ഇരുകാലികള്‍ മേയുന്ന നമ്മുടെ നിയമ സഭയില്‍ ഒരു നന്മ പൂവിടുന്നതിന് പോയ വാരം സാക്ഷിയായി. “മാതാ പിതാക്കളെ സംരക്ഷിക്കാത്ത മക്കളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള” ബില്ല് അവതരിപ്പിക്കപെട്ടു. നല്ലത്. നിയമത്തിലൂടെ മാത്രമേ മാതൃത്വവും പിതൃത്വവും ഒക്കെ സംരക്ഷിക്കപ്പെടുകയുള്ളു എന്നത് ഉപഭൊത്കൃ സംസ്കാരത്തിന്റെ ഉപോത്പന്നമാണ്. വൃദ്ധരായ മാതാ പിതാക്കളെ വൃദ്ധ സദനങ്ങളില്‍ തള്ളി സുഖ ജീവിതം നയിക്കുന്നവര്‍ തന്നെയാണ് ഒന്നാം നമ്പ്ര് ക്രിമിനലുകള്‍. ജോലി, അവധി, ചിലവ്, തുടങ്ങിയ അസൌകര്യങ്ങളില്‍ കൂടി തന്നെയാണ് വൃദ്ധരായവര്‍ തങ്ങളെ പറക്കമുറ്റിച്ചതെന്ന തിരിച്ചറിവ് മക്കള്‍ക്ക് നല്‍കാന്‍ ഇത്തരം നിയമങ്ങള്‍ക്ക് കഴിയും.

വൃദ്ധ സദനങ്ങളെ കുറിച്ചുള്ള ചിന്തകള്‍ കാടുകയറിയപ്പോള്‍ ഒരു വെള്ളി വെളിച്ചം. മക്കള്‍ക്ക് വേണ്ടാത്ത മാതാപിതാക്കളേം മാതാപിതാക്കള്‍ക്ക് വേണ്ടാത്ത മക്കളേം ഒരുമിച്ച് ചേര്‍ത്ത് വൃദ്ധ സദനങ്ങളെ “ശരണാലയങ്ങള്‍” ആക്കി മാറ്റി കൂടെ? വൃദ്ധ സദങ്ങളില്‍ തള്ളപ്പെടുന്ന വൃദ്ധരായ മാതാ പിതാക്കള്‍ കണ്ടംഡ് സെല്ലില്‍ അടക്കപെട്ട കുറ്റവാളിയെ പോലെയാണ്. വിധി മാറി വന്നില്ലങ്കില്‍ എപ്പോഴും പുറത്തേക്കെടുക്കപ്പെടുന്നത് മൃതശരീരമായിരിക്കും. കണ്ടംഡ് സെല്ലിലെ മരണം കാത്തു കഴിയുന്ന കുറ്റവാളികള്‍ക്ക് മാനസൊല്ലാസത്തിന് എത്ര സൌകര്യങ്ങള്‍ ഉണ്ടാക്കി കൊടുത്താലും അതിനെന്തെങ്കിലും ഗുണം ഉണ്ടോ എന്ന് തോന്നുന്നില്ല. എങ്കിലും മരണം മാത്രം മുന്നില്‍ കണ്ട് ഭൂതകാലം കീറിമുറിക്കുന്ന വൃണിത ഹൃദയത്തോടെ വൃദ്ധ സദനത്തില്‍ കഴിയുന്ന മാതാപിതാക്കള്‍ക്ക് കുഞ്ഞു കുട്ടികളുടെ സാനിദ്ധ്യം മുറുവുകള്‍ക്ക് സാന്ത്വനം ആകാന്‍ കഴിയില്ലേ? അനാഥത്വം പേറുന്ന കുരുന്നുകള്‍ക്ക് വൃദ്ധസദനത്തില്‍ തള്ളപ്പെടുന്ന വൃദ്ധര്‍ മാതാപിതാക്കളായി മാറാനും മാതാപിതാക്കളാല്‍ ഉപേക്ഷിക്കപെട്ട പിഞ്ചുകള്‍ ജീവിതത്തിന്റെ സായം സന്ധ്യയിലെത്തി നില്‍ക്കുന്നവര്‍ക്ക് പുതു മക്കളായി മാറാനും കഴിയും. അങ്ങിനെ വൃദ്ധ സദനം എന്ന നരകത്തെ ശരണാലയം എന്ന സ്വര്‍ഗ്ഗം ആക്കി മാറ്റാം.

അവഗണിക്കപ്പെടുക എന്നത് ദുസ്സഹമാണ്. അത് സ്വന്തം മക്കളില്‍ നിന്നാകുമ്പോള്‍ അതിനെ എന്ത് വിളിക്കാം?

------------------------------------------------
പ്രിയരേ,

“വാര വിചാരം” ഒന്നാം മാസം പിന്നിടുന്ന ഈ വാരം മുതല്‍ നെടുകേ മുറിക്കപ്പെടുകയാണ്. “ഭൂലോക വിചാരവും” “ബൂലോക വിചാരവും” ഒരു പോസിറ്റില്‍ ഒന്നിച്ച് വരുമ്പോള്‍ പോസ്റ്റിന്റെ വലിപ്പം അനുവാചകനെ ബുദ്ധി മുട്ടിലാക്കുന്നു എന്നത് “വിചാരിപ്പുകാരന്‍” മനസ്സിലാക്കുന്നു എന്നതിലുപരി വായനക്കാരുടെ നിര്‍ദ്ധേശങ്ങളും ഇങ്ങിനെ ഒരു മുറിക്കപ്പെടലിന് ഹേതുവായിട്ടുണ്ട്. എല്ലാ തിങ്കളാഴ്ചയും “ഭൂലോക വിചാരവും” വ്യാഴാഴ്ചകളില്‍ “ബൂലോക വിചാരവും” സമര്‍പ്പിക്കപ്പെടണം എന്ന് കരുതുന്നു. “കൂട്ടതല്ലുകളും” “മീറ്റുകളും” ഒക്കെ ഉണ്ടാകുമ്പോള്‍ വാര വിചാരം മുങ്ങി പോകാതിരിക്കുവാന്‍ ചില ദിവസങ്ങള്‍ അങ്ങോട്ടോ ഇങ്ങോട്ടോ ആയി പോകും എന്നത് ഹൃദയപുര്‍വ്വം ക്ഷമിക്കുക. “വാര വിചാരത്തിന്” തന്ന പിന്തുണക്കും നിര്‍ദ്ധേശങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതിനോടൊപ്പം തുടര്‍ന്നും “വാര വിചാരത്തിലേക്ക്” കുറച്ചു നിമിഷങ്ങള്‍ ചിലവഴിക്കണം എന്നും തെറ്റുകളുണ്ടെങ്കില്‍ നിര്‍ദ്ദയം കീറിമുറിക്കണമെന്നും സവിനയം അപേക്ഷിക്കുന്നു.

13 comments:

അഞ്ചല്‍ക്കാരന്‍ said...

വാര വിചാരം - നാലാം വാരം ബൂലോക സമക്ഷം സമര്‍പ്പിക്കുന്നു.

വേണു venu said...

മനോഹരം എന്നെഴുതാനൊരുങ്ങിയ എനിക്കു് അതു മാറ്റിയെഴുതണം. വാര വി്ചാരം നന്നായി.
വാര്‍ത്തകളിലോരോന്നിലും കുരുങ്ങി പരിതപിക്കുന്നു മനസ്സു്. തുടരൂ... ആശംസകള്‍‍.:)

Kaippally കൈപ്പള്ളി said...

എത്രയും പ്രിയപ്പെട്ട ഷിഹാബു.

ബുഷിന്‍റെ ഭരണവും അദ്ദേഹത്തിന്‍റെ Iraq policy യും എനിക്ക് ഇഷ്ടമല്ല. എങ്കിലും അടിസ്ഥാനവും തെളിവുമില്ലാതെ ഊഹാപോഹങ്ങള്‍ വിളിച്ചുപറഞ്ഞു മൂനാംലോക രാജ്യങ്ങളിലുള്ള പാവപ്പെട്ട ജനങ്ങളെ സംശയാലുക്കളക്കുന്നതില്‍ ഇതുപോലുള്ള ലേഖനങ്ങള്‍ വളരെ ഗുണം ചെയ്യും.

സാര്‍ എന്തെങ്കിലും തെളിവോ ഒരു clueവോ തന്നിരുന്നുവെങ്കില്‍ നമുക്ക് ഒരു സമാധനമുണ്ടാകുമായിരുന്നു.

പിന്നെ സാര്‍ എന്തിനാണു് "അമെരിക്ക" എന്നതിനു് "അമേരിക്കാവ്" എന്നും ഭാരതം എന്നുള്ളതിനെ "ഭാരതാവ്" എന്നും പറയുന്നത്. അഞ്ചല്കാര്‍ എല്ലാവരും ഇങ്ങനയാണോ സാര്‍. സംശയങ്ങളാണെ.

ഇനി ഒരു ഉപദേശം (Free ആണു കേട്ടോ !!!):
താങ്കളുടെ എല്ലാ വാരവിചാരങ്ങളും ഞാന്‍ വായിച്ചു. വളരെ നല്ല ശൈലിയും ചിന്താഗതിയുമാണു എന്നു് എനിക്ക് തോന്നുന്നു. എല്ലാ ആഴ്ചയും താങ്കള്‍ ഇതുപോലെ എഴുതാന്‍ കഴിഞ്ഞാല്‍ അതു് വളരെ നല്ല കാര്യമാണു്. പക്ഷെ എപ്പോഴും അതു കഴിഞ്ഞെന്നു വരില്ല. അതുണ്ടാവാതിരിക്കാന്‍ ലേഖനങ്ങള്‍ കുറച്ചുകൂടി സംക്ഷിപ്തമാക്കാന്‍ ശ്രമിക്കു. പെട്ടെന്നു വായിച്ചിട്ട് പോയി എന്തരെങ്കിലും ചെയുകയും ചെയ്യാം. :)

അഞ്ചല്‍ക്കാരന്‍ said...

ബഹുമാനപെട്ട കൈപ്പള്ളി മാഷെ,

“വ്” എന്നത് ബഹുമാന സൂചകമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നമായ “അമേരിക്ക” യെ കേറി ഒരു ബഹുമാനവും ഇല്ലാതെ അമേരിക്കാ എന്ന് വിളിക്കുക. ലോകത്തിലെ ഏറ്റവും വല്ലിയ ജനാധിപത്യ രാഷ്ട്രത്തെ കേറി ഒരു ബഹുമാനവും ഇല്ലാണ്ട് “ഭാരതം” എന്നും ലോകത്ത് ഏറ്റവും കൂടുതല്‍ പ്രജകള്‍ ഉള്ള “ചൈന” യെ കേറി ഒരു ബഹുമാനവും ഇല്ല്ലാണ്ട് “ചൈനേ” എന്നുമൊക്കെ വിളിക്കാന്‍ ഒരു വിഷമം. അതു കൊണ്ട് ശ്രീമാന്‍ അമേരിക്കയെ ബഹുമാനത്തോടെ “അമേരിക്കാവു” എന്നും ശ്രീമതി ഭാരതത്തെ ബഹുമാനത്തോടെ “ഭാരതാവു” എന്നും മിസ്റ്റര്‍ ചൈനയെ ബഹുമാനത്തോടെ “ചൈനാവു” എന്നും വിളിക്കുന്നു. താങ്കള്‍ക്കും ഇത് അനുകരണനീയമാണ്. വല്ലിയ വല്ലിയ ആള്‍ക്കാരല്ലേ ഇത്തിരി ബഹുമാനം കൊടുക്കടെ...


ഇനി “ഊഹാ പോഹം”. സര്‍ “വാര വിചാരം” തലവാചകത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ വെറും “വിചാരങ്ങള്‍” ആണ്. ഈ “വിചാരങ്ങള്‍” വായിച്ച് ആരെങ്കിലും സത്യം തേടി ഈ വഴി വരണം എന്ന് തോന്നുന്നു എങ്കില്‍ പുറപ്പെടും മുമ്പ് ബ്ലോഗിന്റെ തല വാചകം ഒന്നു കൂടി മനസ്സിരുത്തി വായിക്കണമെന്ന് വ്യസന സമേതം താല്പര്യപ്പെടുന്നു.

ഉപദേശം നന്ദി പൂര്‍വ്വം കൈപ്പറ്റിയിരിക്കുന്നു.:)

അപ്പു ആദ്യാക്ഷരി said...

അഞ്ചലേ... ഒരു പത്രത്തിന്റെ മുഖപ്രസംഗം വായിക്കുന്നതുപോലെ നന്നായി എഴുതിയിരിക്കുന്ന ലേഖനങ്ങള്‍! വായിച്ചു, താങ്കളുടെ ചിന്തകളിലെ സത്യങ്ങള്‍ അംഗീകരിക്കുന്നു.

ഇനിയും തുടരുക. അഭിനന്ദനങ്ങള്‍!

കുഞ്ഞന്‍ said...

5ത്സിന്റെ ഭൂമിയിടപാടിനെ പറ്റിയുള്ള കാഴ്ചപ്പാട് എത്ര സത്യം!

പ്രശംസനീയം തന്നെ..:)

ബീരാന്‍ കുട്ടി said...

അഞ്ചല്‍ജീ,
വളരെ നല്ല വിചാരം.
തുടരുക സധൈര്യം.

സുല്‍ |Sul said...

ഷിഹാബുവാ :)
നല്ല എഴുത്ത്. വേറിട്ട ചിന്തകള്‍. വാര വിചാരം നന്നായിരിക്കുന്നു.
ആശംസകള്‍!!!

-സുല്‍

തറവാടി said...

:)

മന്‍സുര്‍ said...

അഞ്‌ചല്‍ക്കാരാ..............

അറിവിന്‍റെ അണയാ വിളക്കായ്‌
വിഞ്ജാനത്തിന്‍റെ വിളംബരമായ്‌
തുടരുകയീ പ്രയാണം
വാരവിചാരമായ്‌.......


റംസാന്‍ ആശംസകള്‍


മന്‍സൂര്‍ ,നിലംബൂര്‍

K.P.Sukumaran said...

[b]അകലെയുള്ള മിത്രത്തേക്കാള്‍ അടുത്തുള്ള ശത്രുവേ ആപത്തില്‍ ഉതകുള്ളൂ എന്ന പരമമായ സത്യം എന്നാണോ ആവോ നമ്മുടെ അഭ്യാസികള്‍ തിരിച്ചറിയുക[/b]

ശരിയാണ് .. 1962 ല്‍ ചൈന ഇത് നമ്മെ ബോധ്യപ്പെടുത്തിയതാണ് .. അന്ന് ഇവിടെ ചൌ എന്‍ ലായ് വന്നു നമ്മള്‍ ഇന്തീ-ചീനീ ഭായീ ഭായീ എന്ന് അലറി വിളിച്ച് ആഘോഷിച്ച് അങ്ങേര് തിരിച്ച് പോയി ഉടനെ ആ ഉതകല്‍ നമുക്ക് കാണിച്ച് തന്നതാണ് . ഇനിയും അവസരം വരുമ്പോള്‍ ചൈനാഭായി 1962ലേത് പോലെ നമ്മളെ ഉതകാതിരിക്കില്ല . എന്തുകൊണ്ടും ഒരു ശ്രദ്ധ നല്ലതാണ് ......

Mr. K# said...

‘വു’ ബഹുമാനത്തെ ധ്വനിപ്പിക്കുന്ന ശബ്ദമാണെന്നത് പുതിയ ഒരു അറിവായിയിരുന്നു. നന്ദി.

ശ്രീ അമേരിക്കാവു, അല്ലെങ്കില്‍ ശ്രീ അമേരിക്കാവു അവര്‍കള്‍ എന്ന പദങ്ങള്‍ കൂടുതല്‍ ബഹുമാനത്തെ സൂചിപ്പിക്കുന്നു.ശ്രീ പോരെങ്കില്‍ സര്‍വ്വശ്രീ കൂടി ഉപയോഗിച്ചു നോക്കാവുന്നതാണ്.

Anonymous said...

ഇന്ത്യ എഴുപതോളം രാജ്യങ്ങള് മായി സംയുക്ത സൈനികാഭ്യാസം നടത്താറുണ്ട്‌. ഇത് ലോകത്തെ എല്ലാ രാജ്യങ്ങളും ചെയ്യാറുണ്ട്. ഗള്‍ഫ് രാജ്യങ്ങളുമായും സംയുക്ത സൈനികാഭ്യാസം നടത്താറുണ്ട്‌. എന്തിനേയും സംശയത്തോടെ നോക്കുനത് ശരിയല്ല. അയലത്തെ വീട്ടിലെ ഭിത്തിയിലെ ചെളിയുടെ കുറ്റം പറയുന്നതിന് മുമ്പ് സ്വന്തം വീട്ടിലെ ചില്ലിലാണോ ചെളി എന്ന് നോക്കുന്നത് ഉത്തമം ആയിരിക്കും. സ്വന്ത് കണ്ണിലെ ചെളി കളഞ്ഞാല്‍ ലോകത്തില്‍ ലോകത്ത് ഉത്തമന്‍ മാരെ ഉണ്ടാകൂ.