Saturday, September 1, 2007

വാര്‍ത്താ വിചാരം : മൂന്നാം വാരം

ഭൂലോക വാരം.
1. താലിബാന്‍ വിളിച്ച് പറഞ്ഞത്.
ദക്ഷിണ കൊറിയയില്‍ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് സാന്ത്വനവുമായി വന്ന ഇരുപത്തി മനുഷ്യസ്നേഹികളെ വെച്ച് താലിബാന്‍ നടത്തിയ വില പേശല്‍ അവസാനിച്ചത് മനുഷ്യ നന്മ ആഗ്രഹിക്കുന്ന ഏവര്‍ക്കും ആശ്വാസമായാണ് പോയ വാരം കടന്നു പോയത്. താലിബാന്റെ പിടിയിലായവരില്‍ രണ്ടു പേര്‍ കൊല ചെയ്യപെട്ടു. എന്തിന് വേണ്ടി ആര്‍ക്കു വേണ്ടി കൊലചെയ്യപെട്ടു എന്നതിന് ഉത്തരം കണ്ടെത്തുക എന്നാല്‍ അധിനിവേശത്തിന്റെ തേരോട്ടത്തില്‍ ഇറാക്കിലും അഫ്ഗാനിസ്ഥാനിലും ഒക്കെ ചതഞ്ഞരഞ്ഞ മനുഷ്യ ജന്മങ്ങള്‍ എന്തിന് വേണ്ടി ആര്‍ക്കു വേണ്ടി കൊലചെയ്യപ്പെടുന്നു എന്ന ചോദ്യത്തിന് ഉത്തരം തേടുന്നതു പോലെ വ്യാര്‍ത്ഥം. തട്ടികൊണ്ട് പോവുകയും തടവില്‍ പാര്‍പ്പിക്കുകയും മനോധര്‍മ്മമനുസരിച്ച് കൊല്ലുകയോ കയ്യോ കാലോ വിരലോ മൂക്കോ ചെവിയോ കണ്ണോ ഒക്കെ പറിച്ചെടുക്കുന്നതും കേവല ചങ്കൂറ്റമുള്ള ആര്‍ക്കും നിസ്സാരമായി ചെയ്യാവുന്ന കലാപരിപാടികള്‍. അത്രയും നിസ്സാരമായ ഒരു സംഗതിയില്‍ നിന്നും താലിബാന്റെ തട്ടികൊണ്ട് പോകല്‍ വേറിട്ട് നില്‍ക്കുന്നത് അവര്‍ ഇരുപത്തി മൂന്ന് ജീവനെ ജാമ്യമാക്കി നേടിയ കരാറാണ്. ഡിസംബര്‍ മാസത്തോടെ അഫ്ഗാനിസ്ഥാനില്‍ തള്ളപെട്ട മുഴുവന്‍ കൊറിയന്‍ പട്ടാളക്കാരെയും വാരികെട്ടി തിരിച്ചു കൊണ്ട് പൊയ്കൊള്ളാമെന്ന ഉറപ്പ്. ഇതിലെന്ത് പ്രത്യകത എന്ന് ചോദിക്കാന്‍ വരട്ടെ.

താലിബാന്‍ അംഗീകരിക്കപെട്ട ഒരു ഭരണകൂടമോ അല്ലെങ്കില്‍ ഒരു സംഘടനയോ അല്ല. അങ്ങിനെ ഒരു പ്രസ്ഥാനം മുന്നോട്ട് വയ്ക്കുന്ന ഒരു ഒത്തു തീര്‍പ്പ് ഫോര്‍മുലയില്‍ തീര്‍പ്പുണ്ടാക്കിയിട്ട് മാത്രമേ ബന്ധികളെ മോചിപ്പിക്കുക പതിവുള്ളു. തങ്ങളുടെ സ്വന്തക്കാര്‍ മോചിപ്പിക്കപെട്ടു കഴിഞ്ഞാല്‍ ഉണ്ടാക്കിയ കരാര്‍ നടപ്പാക്കേണ്ട ധാര്‍മ്മികതയൊന്നും ഒരു രാഷ്ട്രത്തിനില്ലല്ലോ. നിയമ വിരുദ്ധമായി പിടിച്ചു വെക്കപെട്ടവരെ മോചിപ്പിച്ച് തങ്ങളുടെ കാര്യം കണ്ടു കഴിഞ്ഞ് കാലു മാറിയാല്‍ താലിബാന് ലോക കോടാതിയില്‍ കേസൊന്നും കൊടുക്കാന്‍ കഴിയില്ലല്ലോ. പക്ഷേ ഇവിടെ തടവിലാക്കപെട്ടവരുടെ മോചനത്തിന് രണ്ടു ഗവണ്മെന്റുകള്‍ തമ്മിലുള്ള കരാറ് പോലൊരു ഉപാധിക്ക് താലിബാന്‍ സമ്മതിക്കുമ്പോള്‍ താലിബാന്‍ അധിനിവേശക്കാരോട് വിളിച്ചു പറയുന്നത് “ഞങ്ങളാണ് അഫ്ഗാനിസ്ഥാന്റെ അവസാന വാക്ക്” എന്ന് തന്നെയാണ്. കര്‍സായി താലിബാന്റെ മേയര്‍ മാത്രമായി തരം താഴുന്നു എന്നതാണ് അഫ്ഗാനില്‍ നിന്നും വരുന്ന പുതിയ വാര്‍ത്തകള്‍ തെളിയിക്കുന്നത്.

2. പാ‍കിസ്ഥാനില്‍ നിന്നും വരുന്ന ചീഞ്ഞ കാറ്റ്.
മുന്‍ പ്രധാനമന്ത്രി പാകിസ്ഥാനില്‍ തിരിച്ചു വരാന്‍ ശ്രമിച്ചാല്‍ ഒമ്പത് വര്‍ഷം മുമ്പ് ഉണ്ടാക്കിയ നാടുകടത്തല്‍ കരറിലെ രഹസ്യങ്ങള്‍ പുറത്ത് വിടും. പാകിസ്ഥാനില്‍ കാലു കുത്താന്‍ നവാസ് ഷെറീഫിനെ അനുവദിക്കില്ല. പറയുന്നത് പാകിസ്ഥാനിലെ ജനകീയ പട്ടാളക്കാരന്‍ പര്‍വ്വീസ് മുഷാറഫ്. സുപ്രീം കൊടതിയുടെ വിധിയൊന്നും കുഞ്ഞന് പ്രശ്നമല്ല. അല്ലെങ്കില്‍ എന്ത് കോടതി. അതൊക്കെ അങ്ങ് വാഷിംഗ്‌ടണ്ണിലല്ലേ. അവിടുത്തെ ആസ്ഥാന ജഡ്ജി പറഞ്ഞു ബേനസ്സീറുമായി കൂട്ടുകൂടണം. കൂട്ടുകൂടി. ഇന്നി നവാസ് ഷെറീഫിനെ കെട്ടി പിടിക്കണോ അതിനും തയ്യാര്‍. പക്ഷേ “അവിടുന്ന്” ഉണര്‍ത്തിക്കണം, അത്രയേ ഉള്ളു. ഒമ്പത് വര്‍ഷം മുമ്പ് അധികാരത്തിലെത്തിയ പട്ടാളക്കാരന്‍ എവിടെ നില്‍ക്കുന്നു എന്നും ജനവും രാഷ്ട്രവും ഇന്ന് എവിടെ എത്തി നില്‍ക്കുന്നു എന്നതും അമേരിക്കന്‍ ചാരസംഘടനക്ക് മാത്രമറിയാവുന്ന രഹസ്യം. നവാസ് ഷെറീഫ് പോയതും മുഷാറഫ് വന്നതും ബേനസ്സീര്‍ പ്രവാ‍സിയായതും അഫ്ഗാന്‍ യുദ്ധവും ഇന്‍ഡ്യാ ഉപഭൂഖണ്ഡത്തിലെ ആണവായുധ പരീക്ഷണങ്ങളും ആയുധ മത്സരവും പിന്നെ ഇപ്പോള്‍ കാണുന്ന അധികാര വടം വലിയും ഒക്കെ കൂടി കൂട്ടി വായിച്ചാല്‍ എല്ലാത്തിന്റേം വേര് അങ്ങ് പടിഞ്ഞാറ്റേക്കാണെന്ന് തോന്നിപ്പോയാല്‍ തെറ്റു പറയാന്‍ കഴിയുമോ?

3. പരിശീലകന്റെ ആവശ്യം.
ഭാരതത്തിന്റെ കൃക്കറ്റിന് പരിശീലകന്റെ ആവശ്യമുണ്ടോ? ലോകത്തെ ഏതൊരു പരിശീലകനും ഉന്നത പരിശീലനം കൊടുക്കാന്‍ തക്ക കഴിവും പരിചയവും ഉള്ളവരാല്‍ സമ്പന്നമാണ് നമ്മുടെ പുകള്‍പെറ്റ ടീം. പരിശീലകന് ഒന്നു മുള്ളണമെങ്കില്‍ കൂടിയും ടീമിലെ സൂപ്പര്‍ താരങ്ങളുടെ മുങ്കൂര്‍ അനുവാദം വാങ്ങേണ്ടുന്നത്ര അച്ചടക്കമുള്ള നമ്മുടെ സ്വന്തം കൃക്കറ്റ് സംഘം. ഇപ്പോ കണ്ടില്ലേ ഒരു കോച്ചൂം ഇല്ലാതെ നമ്മള്‍ പരമ്പരയും ഏകദിനവും ഒക്കെ പുട്ടു പോലെ ജയിച്ചു കയറുന്നത്. ഇന്നി ഏതെങ്കിലും ഒടങ്കൊല്ലി കോച്ചിനെ വെച്ച് നമ്മുടെ ടീമിന്റെ ബര്‍ക്കത്ത് കളഞ്ഞ് കുളിക്കേണ്ടതുണ്ടോ? കളിക്കാര്‍ പരസ്പരം കളിക്കുകയും പരിശീലിപ്പിക്കുകേം കുതികാല്‍ വെട്ടുകയും ചെളിവാരി എറിയുകയും ഗ്രൂപ്പ് കളിക്കുകയും ചെയ്യട്ടെ. കോച്ചിന് കൊടുക്കുന്ന ശംബളവും ലാഭം, കളിക്കാരും കുഷി, നാടിന് ജയവും ഇതില്‍ കൂടുതല്‍ ആര്‍മ്മാദിക്കാന്‍ ഇന്‍ഡ്യന്‍ കൃക്കറ്റ് പ്രേമിക്കിനിയെന്ത് വേണ്ടൂ.

4. വമ്പിച്ച വിജയം
ഇരുപത്തി അഞ്ച് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഭാരതത്തിന്റെ “അന്താരാഷ്ട്ര” ഫുഡ്‌ബോള്‍ ടൂര്‍ണമെന്റായ നെഹ്രു കപ്പ് ഭാരതം നേടിയത് രാജ്യം ആഘോഷിച്ച് തിമര്‍ക്കുകയാണ്. പങ്കെടുത്ത ഭയങ്കരന്മാരായ അന്താരാഷ്ട്ര ടീമുകള്‍ ഏതൊക്കെയാണെന്ന് ചോദിക്കരുത്. അടുത്ത തവണ ഒന്നുകൂടി ഒത്തു പിടിച്ച് ലോകത്തെ കിടയറ്റ അക്രമനിരയാല്‍ പേരെടുത്ത അഫ്‌ഗാനിസ്ഥാന്‍ പ്രതിരോധത്തിന്റെ അവസാന വാക്കായ എരിത്തിരിയ ഫുഡ്‌ബോള്‍ കൊണ്ട് കളത്തില്‍ കവിത രചിക്കുന്ന ജിബൂത്തി തുടങ്ങിയ ഫുഡ്‌ബോള്‍ രംഗത്തെ വന്‍ശക്തികളായ “അന്താരാഷ്ട്ര” ടീമുകളെ ഇറക്കി എല്ലാ കളിയും ജയിച്ച് നമ്മുക്ക് ഗപ്പ് നിലനിര്‍ത്താം.


5. ബീഹാറിന്റെ കാട്ടുനീതി ലോകത്തിന്റെയും.
ബീഹാറിന്റെ നീതി കാട്ടു നീതിയാണ്. തോക്കുകള്‍ കൊണ്ട് സന്ധിസംഭാഷണം നടത്തുന്ന കാട്ടു നീതി. മാലമോഷ്ടാവിനെ അതി ക്രൂരമായി തല്ലി മോട്ടോര്‍ സൈക്കിളില്‍ കെട്ടി വലിച്ചത് കാട്ടി “ക്രൂരം” “ക്രൂരം” വിളിക്കുന്നവര്‍ ആ ക്രൂരത ടി.വി.യില്‍ കണ്ടു എന്നതു കൊണ്ടാണ് ആത്മരോഷം കൊള്ളുന്നത് എന്നത് മറക്കവുന്നതല്ല. ദൃശ്യവത്കരിക്കപെടുന്നതിനെ മാത്രമേ എതിര്‍ക്കുള്ളു എന്ന സ്ഥിതി തെറ്റാണ്. ബീഹാറിന്റെ തെരുവില്‍ നീതി നടപ്പാക്കിയ പോലീസ് കാരന്‍ ഭരണകൂടത്തിന്റെ പ്രതിനിധിയാണ് എന്നതു കൊണ്ട് തന്നെ അത് ഭരണകൂട ഭീകരതയാണ്. ഭരണകൂട ഭീകരതയുടെ ഏറ്റവും വലിയ ഉദാഹരണമാണോ ബീഹാറിലെ കാടത്വം. ഭാരതത്തിലെ നിരക്ഷരില്‍ ഏറ്റവും കൂടുതല്‍ നിരക്ഷരകുക്ഷികളെ സംഭാവന ചെയ്യുന്ന ബീഹാറിലെ ഒരു ഗ്രാമത്തില്‍ നടന്ന നിഷ്ടൂരമായ ഒരു കര്‍മ്മത്തെ ചൂണ്ടി പടിഞ്ഞാറ്റ് നിന്നും മനുഷ്യാവകാശ സംരക്ഷകര്‍ ഭാരതത്തിലേക്ക് മാര്‍ച്ച് ചെയ്യുമ്പോള്‍ ഉത്തരാധുനികതയുടെ അപ്പൊസ്തലന്മാര്‍ വിഹരിക്കുന്ന പടിഞ്ഞാറ്റുകാരുടെ പടായാളികള്‍ അങ്ങ് ഇറാക്കിലും ഇങ്ങ് അഫ്ഗാനിസ്ഥാനിലും ഒക്കെ ദാനമാക്കുന്ന “ദയ” ആദ്യം പഠന വിധേയമാക്കണം. ഇറാക്കിലെ മൊസൂളില്‍ അന്യ ഗോത്രത്തില്‍ പെട്ട ഒരുവനെ പ്രണയിച്ചതിന്റെ പേരില്‍ പതിനാറു വയസ്സുകാരിയെ തെരുവിലിട്ട് നീതി നടപ്പാക്കിയത് അമേരിക്കാവിന്റെ സൈനിക ബലത്തിന്‍ കീഴില്‍ ആധുനികതയിലേക്ക് പറന്നുയര്‍ന്നുകൊണ്ടിരിക്കുന്ന ഇറാക്കിലെ അമേരിക്കാവിന്റെ പരിശീലനം സിദ്ധിച്ച പോലീസിന്റെ കാര്‍മികത്വത്തില്‍ ആയിരുന്നു. മനസ്സാക്ഷി മരവിച്ചിട്ടില്ലാത്തവര്‍ ഈ നീതി നടപ്പാക്കല്‍ കാണരുത്. ആയിരത്തോളം വരുന്ന ജനകൂട്ടമാണ് പതിനാറുകാരിയെ കല്ലെറിഞ്ഞ് കൊന്നത്. മനുഷ്യന് എങ്ങിനെ ഇങ്ങനെയൊക്കെ ആകാന്‍ കഴിയുന്നു. ആ പിഞ്ചു ബാലികയുടെ മൃതശരീരത്തോട് പോലും ആധുനിക ലോകം കാട്ടിയ അനീതി ഉത്തരാധുനികതയില്‍ വിഹരിക്കുന്ന ഒരു സാമ്രാജ്യത്തിന്റെ പടയാളികള്‍ നോക്കിനില്‍ക്കവേയാണ് എന്നത് ലോകത്തിനുള്ള ഒരു സൂചനയാണ്. മനുഷ്യന്‍ കാടുകളിലേക്ക് മടങ്ങി പൊയ്കൊണ്ടിരിക്കുന്നു എന്ന സൂചന.

6. ഓണക്കാഴ്ചകള്‍
മലയാളി എവിടെയുണ്ടോ അവിടെയെല്ലാം ഓണവും ആഘോഴിച്ചു. ആയിര കണക്കിന് മാവേലിമാരാണ് പാതാളത്ത് നിന്നും മലയാളികള്‍ക്ക് അനുഗ്രഹ വര്‍ഷം നടത്താന്‍ കൂടോടെ ഇറങ്ങി തിരിച്ചത്. ഒരുമാതിരി കുടവയറുള്ള സര്‍വ്വ പുരുഷന്മാരേയും ഓടിച്ചിട്ട് പിടിച്ച് മാവേലി വേഷം കെട്ടിച്ച് കയ്യിലൊരു പീറ ഓലകുടയും കൊടുത്ത് “ഇന്‍സ്റ്റന്റായി” അനുഗ്രഹവും തേടി നാം കേരളീയര്‍ രണ്ടു ദിനം കൊണ്ട് അറുപത് കോടിയുടെ കള്ള് കുടിച്ച് വറ്റിച്ചു. ചാനലുകളില്‍ ഒരു ദിവസം കൊണ്ട് “തനി മലയാളീ” വത്കരിക്കപെട്ട അവതാരകരുടെ ചതഞ്ഞ മലയാളവും താരങ്ങളുടെ ഓണ സ്മരണകളും കണ്ടും കേട്ടും ഓണം പൊടിപൊടിച്ചു. പൂക്കളത്തിനുള്ള പൂക്കള്‍ തമിഴ് നാട്ടില്‍ നിന്നും വന്നു. ഇരുന്നുണ്ണാനുള്ള കുത്തരി ആന്ത്രാവില്‍ നിന്നും കലത്തിലേക്കെത്തി. കുടിച്ചു വറ്റിക്കാനുള്ള കള്ള് കര്‍ണ്ണാടകത്തില്‍ നിന്നും ഒഴികിയെത്തി. പച്ചകറികള്‍ അയല്‍ രാജ്യങ്ങള്‍ ദാനമാക്കി. ചോറ് വിരിക്കാനുള്ള തൂശനില കിലോക്ക് ഇരുപത് രൂപാ വെച്ച് ചന്തയില്‍ നിന്നും വാങ്ങി, അതും തമിഴന്റെ ദാനം. പായസം ലിറ്ററിന് നൂറ് രൂപ ഈടാക്കി ഹോട്ടലുകളില്‍ നിന്നും പാഴ്സലായി നേരെ ഊണ്‍ മുറിയിലേക്കെത്തി. ഹായ്...എത്ര സുന്ദരമീ ഓണം. ഗള്‍ഫിലെ കുടവയറന്മാര്‍ക്ക് ഇനി രണ്ടുമാസം കൂടി രക്ഷയില്ല. ഇവിടുത്തെ ഓണം അവസാനിക്കുക നവംബറില്‍. ഇടക്ക് മാവേലിമാര്‍ക്ക് ഒരു ഇടവേള. റംസാന്‍ വ്രതം പ്രമാണിച്ച്. പെരുന്നാള്‍ കഴിഞ്ഞ് വീണ്ടും.......


ബൂലോക വാരം.

1. ബ്ലോഗെഴുത്ത്കാരും കൂട്ടായ്മയും.
ഓണം ബൂലോകത്തും പൊടിപൊടിക്കേണ്ടതാണ്. പക്ഷേ ഓഗസ്റ്റ് മാസമായത് കൊണ്ടായിരിക്കണം സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളില്‍ ബൂലോകത്തെ ഓണം മുങ്ങിപോയി. ബൂലോകാ ക്ലബ്ബിന്റെ പ്രസക്തി ഏകദേശം നഷ്ടമായിരിക്കുന്നു. കൂട്ടായ്മകള്‍ എന്ന് കേള്‍ക്കുന്നത് തന്നെ അലര്‍ജിയായി മാറുന്നകാലം. മലയാളത്തില്‍ ബ്ലോഗെഴുതുന്നവരുടെ പൊതുവേദിയായി ബൂലോഗാ ക്ലബ്ബിനെ കാണുന്നതിനെ തിരുത്താന്‍ സമയമായിരിക്കുന്നു എന്ന സൂചനകള്‍ പലപ്പോഴും പുറത്ത് വരുന്നു. ബ്ലോഗെഴുത്തിലൂടെ ഉണ്ടാക്കപെടുന്ന സൌഹൃദങ്ങളെ ബ്ലോഗിനപ്പുറം കൊണ്ടു പോകരുത് എന്ന ഉപദേശങ്ങള്‍ പല വഴിക്കും വന്നു കൊണ്ടിരിക്കുന്നു. ഓര്‍ക്കുട്ടിലെ യാന്ത്രികതകള്‍ക്കപ്പുറം ബൂ‍ലോകത്തിനൊരാത്മാവുണ്ടെന്ന തിരിച്ചറിവിനെ നാം പുറം കാലുകൊണ്ട് തൊഴിച്ച് പുറത്ത് ചാടിച്ചിട്ട് ബൂലോഗത്തേയും നമ്മുക്ക് സാങ്കേതികമാക്കാം. കുറുമാന്‍ തുടങ്ങി വെച്ച “ബൂലോഗ കാരുണ്യം” നമ്മുക്ക് വെറും “കാരുണ്യം” ആക്കി മാറ്റാം. എവിടെയൊക്കെ ഒരിമിച്ച് കൂടാനുള്ള അവസരങ്ങള്‍ ഉണ്ടോ അവയൊക്കെയും തല്ലിയുടച്ചിട്ട് നമ്മുക്ക് “അണു കൂട്ടായ്മകള്‍” സൃഷ്ടിക്കാം. നാട്ടിലേക്കുള്ള യാത്രാ മദ്ധ്യേ കൊളംബോയില്‍ തങ്ങേണ്ടി വന്നാല്‍ ഒരു ബൂലോഗ ചങ്ങാതിയുടെ സഹായം സ്വീകരിച്ചാല്‍ അത് “ദേണ്ടെ ഈ വിദ്വാന്‍ ബൂലൊഗത്തെ സൌഹൃദം ദുരുപയോഗം ചെയ്തെന്ന്” അലമുറയിടാം. എന്നിട്ട് അതിനെതിരെ മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്താം. ചര്‍ച്ചകള്‍ നടത്തി അടിച്ചു പിരിയാം. അങ്ങിനെ “വളരുന്തോറും പിളരുകയും പിളരുന്തോറും തളരുകയും” ചെയ്യുക എന്ന പൊതു നീതിക്ക് നമ്മുക്കും പാത്രമാകാം.

2. വൈരം.
ഏവൂരാന്റെ വൈരി ആദ്യവായനയില്‍ നീറരിച്ച വളര്‍ത്തു നായയുടെ കഥ ഋജുവായി പറഞ്ഞിരിക്കുന്നു എന്ന് തോന്നി. കഥയും തലവാചകവും തമ്മിലെ പൊരുത്തക്കേട് വീണ്ടും വായിപ്പിച്ചു. അപ്പോള്‍ ഞാനും “നീറല്ലേ” എന്ന തോ‍ന്നല്‍. സംശയ നിവര്‍ത്തിക്ക് മൂന്നാം വായന. അപ്പോള്‍ നീറ് മാത്രമല്ല “നായ” യും ഞാനാണെന്ന തോന്നല്‍. നലാം വായനയില്‍ തലച്ചോറില്‍ നീറരിച്ചു. അപ്പോള്‍ ബൂലോകമാകെ നീറൂകളരിച്ചു നടക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.


3. ജഢം
മനുവിന്റെ ജഢം നല്ല വായനാ അനുഭവമായി. ആധുനികതയുടെ സ്വയം ഇരയാകല്‍ സുന്ദരമായി വരച്ചു വെക്കാന്‍ മനുവിന് കഴിഞ്ഞിരിക്കുന്നു. മനുവിന്റെ കഥകള്‍ ബൂലോകത്തിന് പുറത്തേക്കും വളര്‍ന്ന് വരണം.

4. പോഡ്‌കാസ്റ്റ്
കൈപള്ളിയുടെ പോഡ്‌കാസ്റ്റ് ബൂലോകത്തെ ഇത്തരത്തിലുള്ള ഏക സംരംഭമാണ്. തനത് ശൈലിയിലുള്ള കൈപ്പള്ളീ പ്രക്ഷേപണം കേള്‍ക്കുക രസകരമാണ്. പക്ഷേ “ഒന്നിച്ച് കിടന്ന് ഒരു പാത്രത്തില്‍ നിന്നും ഉണ്ണുന്നത്” എങ്ങിനെയാണോ ആവോ?

5. കത്തെഴുത്ത് മത്സരം.
കത്തെഴുത്ത് നഷ്ടമായികൊണ്ടിരിക്കുന്ന ആധുനികതയിലെ വേഗതയില്‍ പൂര്‍വ്വകാലത്തെ സ്മരിക്കുവാന്‍ ജിദ്ദയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് നടത്തുന്ന തനിമ കത്തെഴുത്ത് മത്സരം ബൂലോകത്തിനും മാതൃകയാക്കാം എന്ന് തോന്നുന്നു. നമ്മുക്കും ഒരു കത്തെഴുത്ത് മത്സരം നടത്തിക്കൂടെ?

6. നാടോടി കഥകള്‍
ബൂലോകത്ത് നാടോടി കഥകള്‍ സമാഹരിക്കാനുള്ള ശ്രമങ്ങള്‍ ആരും നടത്തി കണ്ടില്ല. ഇവിടെ അന്‍‌വര്‍ ഒരു ശ്രമം നടത്തുന്നു. പ്രോത്സാഹിപ്പിക്കപെടേണ്ട ഒരു ഉദ്യമം.

7. ഉപ കൂട്ടായ്മ.
ബൂലോകത്ത് ഒരു ഉപകൂട്ടായ്മയും കൂടി വരുന്നു. പുരോഗമനാശയക്കാരായ സാധാരണ ബ്ലോഗ്ഗര്‍മ്മാര്‍ക്ക് ജാതി-മത-കക്ഷിരാഷ്ട്രീയ ഭേദമെന്യെ ഒത്തുചേരാനുള്ള ഒരു വേദിയായിട്ടാണ് സംഘാടകര്‍ പ്രോഗ്രസീവ് ബ്ലോഗേഴ്സ് ഫോറത്തെ അവതരിപ്പിക്കുന്നത്. കൂട്ടായ്മക്ക് പേരും ഭരണഘടനയും സംഘാടകര്‍ ക്ഷണിച്ചിട്ടുണ്ട്.

8. ഫോട്ടോഗ്രാഫി മത്സരം
ബൂലോഗാ ഫോട്ടോ ഗ്രാഫി മത്സരത്തിന്റെ പ്രാതിനിധ്യം കുറയുന്നത് വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിലുള്ള അപാകതയാണെന്ന് തോന്നുന്നു. എല്ലാവര്‍ക്കും എളുപ്പം “ക്ലിക്കാനാവുന്ന” വിഷയങ്ങള്‍ വന്നാല്‍ കൂടുതല്‍ ഫോട്ടോകള്‍ ഉണ്ടാകും.

9. ലിപി
ചില്ലുകള്‍ യൂണീകോഡ് ലിപി ടൈപറൈ‌റ്റര്‍ എന്നിങ്ങനെ യൂണീകോഡും മലയാള ചില്ലുകളും കൂ‍ട്ടക്ഷരങ്ങളുമൊക്കെയായി എന്തൊക്കെയോ വിവാദം കത്തി പടരുന്നുണ്ട് കമ്പൂട്ടറില്‍ വക്കാരി കാട്ടി തന്ന വഴികളിലൂടെ അഞ്ജലിയിലും പെരിങ്ങോടന്‍ ദാനമാക്കിയ മൊഴികീമാപ്പിലും കഴിയുന്നു ഈ “നവസാക്ഷരന്റെ” ഭാഷാബോധം. സുറുമയിടുന്ന പോസ്റ്റുകളില്‍ എന്തൊക്കെയോ സംഗതികള്‍ ഉണ്ട് എന്ന് മനസ്സിലായി. ഭാഷാ പണ്ഡിതരും സാങ്കേതിക പരിജ്ഞാനമുള്ളവരും വിവാദത്തിലേര്‍പെട്ട് സമവായത്തിലെത്തട്ടെ. നല്ലതിനേം എളുപ്പമായതിനേം നമ്മുക്ക് സ്വീകരിക്കാം.

10. പുതു ബ്ലോഗുകള്‍
മലയാളത്തിലെ പുതു ബ്ലോഗുകളില്‍ വരുന്ന കമന്റുകളെ ഒരിമിച്ചു കൂട്ടാന്‍ സിബു ഒരു ശ്രമം നടത്തുന്നുണ്ട് . പക്ഷേ പൈപ്പിന്റെ മന്ദത ഒരു പ്രശ്നം തന്നെ. കമന്റുകള്‍ ഒരിമിച്ച് കൂട്ടുന്നതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് പുതുമുഖങ്ങളാണ് എന്നുള്ളതു കൊണ്ട് പുതിയവരുടെ കമന്റുകള്‍ ഒരിമിച്ചു കൂട്ടാന്‍ ഒരു “നവാഗത കമന്റ് അഗ്രഗേറ്റര്‍” ഉണ്ടായാല്‍ നന്നായേനെ.

വിട്ടുപ്പോയത്
മാവേലീകേരളം എഴുതിയ ദേവദാസി-സംബന്ധ സമ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും എന്ന ലേഖനവും ആ ലേഖനത്തിന് ഹേതുവായ കേരളത്തിന്റെ വേശ്യാ സാംസ്കാരത്തിന്റെ ആധാരം തേടുന്നവര്‍ക്കു വേണ്ടി
എന്ന പോസ്റ്റും അതിനോടനുബന്ധിച്ച് നടന്ന ചര്‍ച്ചയും വിലപെട്ട ഒരു രേഖയായി. മാവേലീകേരളം വളരെ ആധികാരികമായി തന്നെ വിഷയം കൈകാര്യം ചെയ്തിരിക്കുന്നു. ബൂലോകത്തെ ആരോഗ്യകരമായ ചര്‍ച്ചകള്‍ക്ക് ഈ പോസ്റ്റും ചര്‍ച്ചയും എക്കാലവും ചൂണ്ടികാട്ടാന്‍ കഴിയും.

ഏറനാടന്റെ വിടപറയല്‍ ഉറുമ്പിന്റെ പിതാവാകല്‍ കൈപ്പള്ളിയുടെ കുട്ടിയുടെ ജനനം സാന്‍ഡോസിന്റെയും സുല്ലിന്റേയും വാര്‍ഷികാഘോഷങ്ങള്‍ പിന്നെ ഓണാഘോഷവും എല്ലാം ഒരു കുടുംബത്തില്‍ നടന്നതു പോലെ കഴിഞ്ഞു പോയി. ബൂലോകത്തെ സൌഹൃദങ്ങള്‍ ഭൂലോകത്തേക്കും പരന്നൊഴുകുന്നതാണ് പോയ വാരത്തിലും കാണാന്‍ കഴിഞ്ഞത്. അത് അങ്ങിനെ തന്നെ തുടരട്ടെ...

9 comments:

അഞ്ചല്‍ക്കാരന്‍ said...

വാര വിചാരം - മൂന്നാം വാരം ബൂലോക സമക്ഷം സമര്‍പ്പിക്കുന്നു.

മൂര്‍ത്തി said...

തുടരുക ഈ വിചാരം...

Mr. K# said...

1. "ദക്ഷിണ കൊറിയയില്‍ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് സാന്ത്വനവുമായി വന്ന ഇരുപത്തി മനുഷ്യസ്നേഹികളെ വെച്ച് താലിബാന്‍ നടത്തിയ വില പേശല്‍ അവസാനിച്ചത് മനുഷ്യ നന്മ ആഗ്രഹിക്കുന്ന ഏവര്‍ക്കും ആശ്വാസമായാണ് പോയ വാരം കടന്നു പോയത്."

സൌത്ത് കൊറിയ താലിബന് 20 മില്ല്യണ്‍ ഡോളറിലേറെ കൊടുത്തത്രേ missionaries നെ മോചിപ്പിക്കാന്‍. ആ പണം ഉപയോഗിച്ച് കൂടുതല്‍ ചാവേറാക്രമണങ്ങള്‍ സംഘടിപ്പിക്കുകയും ആയുധങ്ങള്‍ വാങ്ങിക്കുകയും ചെയ്യുമത്രേ. മനുഷ്യനന്മ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമായോ എന്ന് കണ്ടറിയാം. missionary എന്ന വാക്കിന്റെ മലയാള അര്‍ത്ഥം എന്താണെന്നാ പറഞ്ഞേ?

2. “എല്ലാത്തിന്റേം വേര് അങ്ങ് പടിഞ്ഞാറ്റേക്കാണെന്ന് തോന്നിപ്പോയാല്‍ തെറ്റു പറയാന്‍ കഴിയുമോ?“
മുഷറഫ് വന്നത് അമേരിക്കയുടെ താല്പര്യപ്രകാരമാണെന്നാണെന്നാണോ പറഞ്ഞു വരുന്നത്?

5. ബീഹാറിന്റെ കാട്ടുനീതി ലോകത്തിന്റെയും.
അഞ്ചല്‍കാരന്‍ ഈ വാര്‍ത്ത കണ്ടിരുന്നോ? ആരും ശ്രദ്ധിക്കാതെ പോയ വാര്‍ത്ത. കാണാപ്പുറത്തിന്റെ ഈ പോസ്റ്റ് വായിച്ചതില്‍ നിന്നാണ് ഈ വാര്‍ത്തയുടെ ലിങ്ക് ലഭിച്ചത്. ഒരാളെ വെടിവച്ചു കൊല്ലുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടും അതിനു ലഭിച്ചതിന്റെ പല മടങ്ങ് മാധ്യമശ്രദ്ധ ഈ പോക്കറ്റടിക്കേസിനു കിട്ടിയതിന്റെ കാരണം എനിക്കു മനസ്സിലാകുന്നില്ല. അഞ്ചല്‍ക്കാരുനു മനസ്സിലായോ?.

മാതൃഭൂമി വാര്‍ത്ത കണ്ടോ. ഈ സംഭവത്തെക്കുറിച്ച് ദേശീയ ന്യൂനപക്ഷക്കമ്മീഷന്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്രേ. ഇനി ആരെയെങ്കിലും പോക്കറ്റടിക്കേസിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും കേസിലോ പിടിച്ചാല്‍ ഏറ്റവും ആദ്യം ചെയ്യേണ്ടത് അവന്റെ ജാതിയും മതവും ചോദിക്കുകയാണത്രേ . എങ്ങാനും ന്യൂനപക്ഷമായിപ്പോയാല്‍ പുലിവാലായില്ലേ.


7. "ഉപ കൂട്ടായ്മ."
“ബൂലോകത്ത് ഒരു ഉപകൂട്ടായ്മയും കൂടി വരുന്നു.“

ഈ പ്രോഗ്രസീവ് ബ്ലോഗേഴ്സ് ഫോറത്തെക്കുറിച്ച് കുറച്ചുകൂടി വിവരിക്കാമോ? അവിടെ ആകെക്കൂടി 2 കമന്റേ കണ്ടുള്ളൂ. രണ്ടിനും മറുപടി കണ്ടില്ല. ഉപകൂട്ടായ്മ എന്നു പറഞ്ഞാല്‍ എന്താ? കുറച്ചുനാള്‍ മുമ്പ് ബ്ലോഗ്‌നാഥന്‍ തുടങ്ങിയ ബ്ലോഗുലകം പോലെ എന്തെങ്കിലും ആണോ?

8. ഫോട്ടോഗ്രാഫി മത്സരം
പലപ്പോഴും മത്സരം നടക്കുന്നത് അറിയുന്നില്ല :-(

9. ലിപി
“എന്തൊക്കെയോ വിവാദം കത്തി പടരുന്നുണ്ട് കമ്പൂട്ടറില്‍ “
അവിടെ ആകെ നാലുകമന്റേയുള്ളല്ലോ. അപ്പോഴേക്കും കത്തിപ്പടരുന്ന വിവാദം ആയോ?
“നവസാക്ഷരന്റെ”
അതെന്താ ഒരു നവസാക്ഷര പ്രയോഗം?

10. പുതു ബ്ലോഗുകള്‍
സിബുവിന്റെ ശ്രമം നല്ലതു തന്നെ. സിബുവിന്റെ ബ്ലോഗുവരെ ബ്ലോഗുവരെ പുതുമുഖങ്ങള്‍ തപ്പിപ്പിടിച്ചെത്തിയാല്‍ തീര്‍ച്ചയായും പ്രയോജനപ്പെടും.

വിട്ടുപ്പോയത്
ദേവദാസി സമ്പ്രദായം എന്ന പോസ്റ്റിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാചകമാണ് “ബുദ്ധ മതത്തിനു ശേഷം ഉടലെടുത്ത ബ്രാഹ്മണമതം (ഇതിന്റെ ഒരു പതിപ്പാണ് ഇന്നു ഹിന്ദു മതം എന്നറിയപ്പെടുന്നത്), മനുവിന്റെ സംഹിതാനുസരണം സ്തീകളുടെ ഉപനയനം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങി അനേക അവകാശങ്ങളെ‍ ഇല്ലാതാക്കി “. :-)
അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് എന്തെങ്കിലും വിളിച്ചു പറയുന്ന സ്വഭാവം “എനിക്ക്” ഇല്ലാത്തതിനാല്‍ ആ പോസ്റ്റിനെക്കുറിച്ച് “ഞാന്‍” ഒന്നും പറയുന്നില്ല.

Santhosh said...

ജഢമല്ല, ജഡം എന്നതാണ് ശരി. മനുവിന്‍റെ ബ്ലോഗില്‍ ശരിയായി എഴുതിയിരിക്കുന്നു. ഇവിടെ തെറ്റും.

അപ്പു ആദ്യാക്ഷരി said...

അഞ്ചല്‍ക്കാരാ വളരെ ആകാഷയോടെയാണ് മൂന്നാം വാര വിചാരം വായിച്ചു തുടങ്ങിയത്. പ്രതീക്ഷകള്‍ തെറ്റിയില്ല. താങ്കള്‍ നന്നായി എഴുതിയിരിക്കുന്നു.ഇനിയും വരാനുള്ള എല്ലാ‍ ആഴ്ച്കളിലും വായിക്കാന്‍ കാത്തിരിക്കുന്നു. ഫേവറിറ്റ് ലിങ്കുകളുടെ കൂട്ടത്തില്‍ താങ്കളുടെ ഈ ബ്ലോഗിനേയും ഞാന്‍ ഉള്‍പ്പെടുത്തി.

Unknown said...
This comment has been removed by the author.
Unknown said...

ഞാനും ഒരു പോഡ്‌കാസ്റ്റ് ടെസ്റ്റിങ്ങ് നടത്തിയിട്ടുണ്ട് ശ്രദ്ധിക്കുമല്ലോ

http://kpsukumaran.blogspot.com/2007/09/blog-post_9036.html

ജിം said...

വാരവിചാരം ഇപ്പോഴാ കാണുന്നത്. നന്നായി ഈ ഉദ്യമം.
കഴിഞ്ഞ ആഴ്ചയില്‍ ഭൂലോകത്തും ബൂലോകത്തും നടന്ന പ്രധാന സംഭവങ്ങള്‍ ഒരു വായനയില്‍!
അടുത്ത ആഴ്ചകള്‍ക്കായി കാത്തിരിക്കുന്നു.

മുസ്തഫ|musthapha said...

പലവിഷയങ്ങളും വിശദമായി തന്നെ പ്രതിപാദിച്ച് പോകുന്ന ഈ പംക്തി വളരെ നന്നാവുന്നുണ്ട്. ഭൂലോക വാരവും ബൂലോഗ വാരവും വിഭജിച്ച് രണ്ട് രാഷ്ട്രങ്ങളാക്കിയാല്‍ വിഷയങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടും എന്ന് തോന്നുന്നു.