Thursday, August 23, 2007

വാര്‍ത്താ വിചാരം : രണ്ടാം വാരം

ഇറാക്ക് വിടുന്ന അമേരിക്ക.

കാട്ടുതീയില്‍ നിന്നും രക്ഷപെടുവാന്‍ ആദിവാസികള്‍ ചെയ്യുന്ന ഒരു ഉപായമുണ്ട്. കാട്ടു തീയ് പടരുമ്പോള്‍ കാടിന്റെ മക്കള്‍ കുറ്റിചെടികളും പുല്ലുകളും നിറഞ്ഞിടത്തേക്ക് ഓടികൂടിയിട്ട് വൃത്താകൃതിയില്‍ പുല്ലും കുറ്റിച്ചെടികളും പിഴുതു കളഞ്ഞ് കുറെ സ്ഥലം വെളിപ്പിച്ചിട്ട് തീയിടും. തീയ് വൃത്താകൃതിയില്‍ തന്നെ പുറം ഭാഗത്തേക്ക് കത്തി കാട്ടു തീയുമായി കൂട്ടിയിടിച്ച് കെട്ടു പോകും. കനലുകള്‍ അണയുമ്പോള്‍ വൃത്തത്തിലുള്ളവര്‍ സുരക്ഷിതരായി പുറത്തേക്ക് വരും. ഇത് അഗ്നി കൊണ്ട് അഗ്നിയെ കെടുത്തുന്ന വിദ്യ. അമേരിക്ക കത്തുന്ന ഇറാക്കില്‍ നിന്നും പുറത്തേക്ക് കടക്കാന്‍ തീയിട്ടു തുടങ്ങി. തങ്ങളുടെ തന്നെ പാവകുട്ടിയായ നൂറി അല്‍ മാലിക്കി സര്‍ക്കാരിനെതിരെ കൃതൃമമായി (അതെപ്പോഴും അങ്ങിനെ തന്നെയാണല്ലോ) സൃഷ്ടിച്ചെടുക്കുന്ന അഭിപ്രായ ഭിന്നതകളാണ് ഇവിടെ തീയിടാന്‍ ഒരുക്കിയെടുക്കുന്ന വൃത്താകൃതിയിലുള്ള പ്രദേശം. ഇനി എപ്പോള്‍ തീയിടണം എന്ന കാര്യത്തിലേ തീരുമാനം ആകേണ്ടതുള്ളു. ആഭ്യന്തര യുദ്ധത്തിന്റെ ഏറ്റവും തീഷ്ണമായ ഒരു അദ്ധ്യായം മാനവരാശിക്ക് ലൈവായി കാണാന്‍ കഴിയുന്ന ദിനങ്ങള്‍ വരുന്നു. ഉത്തര വാദിത്തം അമേരിക്കക്ക് അല്ലേ അല്ല. അത് നൂറി അല്‍ മാലിക്കിക്ക്. പക്ഷേ അഗ്നിക്കെതിരെ അഗ്നിയെ തൊടുക്കുമ്പോള്‍ കാടിന്റെ മക്കള്‍ കാറ്റിന്റെ ദിശ നോക്കിയേ തീ പറ്റിക്കാറുള്ളു. അമേരിക്കക്ക് കാറ്റിന്റെ ദിശ മനസ്സിലാക്കാന്‍ ഇറാക്കികള്‍ അവസരം കൊടുക്കുമോ എന്ന് കണ്ട് തന്നെ അറിയണം.

കാട്ടു തീയാണെങ്കിലും അമേരിക്ക സ്വയ രക്ഷക്ക് ഇടുന്ന തീയാണെങ്കിലും കത്തുന്നത് ഇറാക്കിലെ പുല്ലും കുറ്റിച്ചെടിയുമാണെന്നത് പരമമായ ദൈന്യം.

കയറ്റിറക്കങ്ങള്‍.
ഭാരതാവിന്റെ മൂലധനമാര്‍ക്കറ്റ് വന്‍ തകര്‍ച്ചയെ നേരിടുന്നു. ലോകത്തിലെ മൂലധന വിപണികള്‍ക്കെല്ലാം മാന്ദ്യത്തിന്റെ ലക്ഷണമായിരുന്നു എന്ന് സമാധാനിക്കാന്‍ വരട്ടെ. വികസിത രാജ്യങ്ങളുടെയൊക്കെ മൂലധന വിപണിക്ക് സ്ഥിരതയാര്‍ന്ന ഒരു സ്വഭാവം ഉണ്ട്. നമ്മുടെ വിപണിയുടെ മനശ്ശാസ്ത്രം നമ്മുടെ ക്രിക്കറ്റ് പോലെ തന്നെ. എപ്പോഴാ എന്താ സംഭവിക്കയെന്ന് കോച്ചിനോ മാനേജര്‍ക്കോ ടീം കാപ്റ്റനോ കളിക്കാര്‍ക്കോ ബി.സി.സി ഐക്കോ അറിയില്ല പിന്നല്ലേ കാണികള്‍ക്ക്. നാലു കളി ഒന്നിച്ച് ജയിച്ചാല്‍ ലോകോത്തരം എന്ന് ക്രിക്കറ്റ് നിരൂപകര്‍. സ്റ്റാര്‍ ബാറ്റ്സ്മാന്‍ മാര്‍ നാലു പേര്‍ രണ്ടക്കം തികക്കാതെ പുറത്തേക്ക് നടക്കുമ്പോള്‍ അതേ ടീമിനെ തന്നെ മാറ്റണമെന്നും അവര്‍ തന്നെ പറയും. മൂലധന മാര്‍ക്കറ്റും അങ്ങിനെ തന്നെ. വിപണിയെ കാളകള്‍ കുത്തി പൊക്കുമ്പോള്‍ വിപണിയുടെ കരുത്തിനെ പറ്റി വാതോരാതെ പറഞ്ഞ് പാവങ്ങളുടെ ചില്ലറകള്‍ വരെ, ഏറ്റവും കരുത്തുറ്റ നിക്ഷേപ മാര്‍ഗ്ഗത്തിലേക്കാര്‍ഷിക്കുന്നവര്‍ കരടി പിടുത്തത്തില്‍ വിപണി പെടുമ്പോള്‍ ഇത്രയും ദുര്‍ബലമായ സാമ്പത്തിക സ്ഥിതിയുള്ള മാര്‍ക്കറ്റില്‍ ആരും പണം നിക്ഷേപിക്കരുതെന്നും ഭാരതാവിന്റെ മൂലധന വിപണി മഹാബദ്ധമാണെന്നും അലമുറയിടും. വായുവില്‍ ആവിയാകുന്നത് ചെറുകിട നിക്ഷേപകന്റെ മക്കളെ കെട്ടിക്കാന്‍ കരുതി വെച്ചിരിക്കുന്ന ചില്ലറ സമ്പാദ്യവും. വമ്പന്മാര്‍ വിപണീയുടെ തകര്‍ച്ച മരത്തില്‍ കാണും. ചെറുകിടക്കാര്‍ പിപണി തകര്‍ന്ന് തരിപ്പണമായതിന് ശേഷം മരത്തില്‍ കയറും, കയ്യിലൊരു കയറുമായി.

ഭാരതാവിന്റെ മൂലധന വിപണി ഇന്നത്തെ സാഹചര്യത്തില്‍ എത്തിപ്പെടാന്‍ കഴിയാത്തത്ര ഉയരത്തിലാണ് കയറി നില്‍ക്കുന്നത്. ഇത് സ്വഭാവികമായി സംഭവിച്ചതല്ല. കുത്തി ഉയര്‍ത്തപ്പെട്ടതാണ്. പിന്നിലെ രഹസ്യങ്ങള്‍ ഒരു തകര്‍ച്ചക്ക് ശേഷം മാത്രമേ വെളിച്ചം കാണുള്ളു. അതാണ് ഭാരതാവിന്റെ മൂലധന വിപണിയുടെ ഇത്രയും കാലത്തെ ചരിത്രം തരുന്ന പാഠം. വിപണി സൂചിക അമേരിക്കാവിന്റെ സൂചികയെ ഒക്കെ മറികടന്നു അതു കൊണ്ട് നമ്മുടെ മൂലധന വിപണി അമേരിക്കാവിനേക്കാള്‍ മഹത്തരമാണ് എന്നൊക്കെ ആണയിട്ടവര്‍ മനസ്സിലാക്കേണ്ട ഒരു സംഗതിയുണ്ട്. നമ്മുടെ മൂലധന പണ വിപണികള്‍ക്ക് കാര്യമായ എന്തോ തകരാറുണ്ട്. പണത്തിന്റെ മൂല്യം ഉയരുമ്പോള്‍ മൊത്ത വില സൂചിക താഴണം. അതാണ് വിപണിയുടെ സാമാന്യ മര്യാദ. അതായത് രൂപയുടെ മൂല്യം പത്ത് ശതമാനം കൂടിയെന്നിരിക്കട്ടെ. വിപണിയില്‍ ഇരുപത് രൂപക്ക് കിട്ടുന്ന പഞ്ചസാര പതിനെട്ട് രൂപയിലേക്ക് താഴണം. പതിനഞ്ച് രൂപക്ക് കിട്ടുന്ന പാല്‍ പതിമൂന്ന് രൂപ അമ്പത് പൈസയിലേക്ക് വരണം. പക്ഷേ ഭാരതത്തില്‍ അതിന്റെ ഒരു ലക്ഷണവും കാണുന്നില്ല എന്നതു മാത്രമല്ല വില ഉയരുകയും ചെയ്യുന്നു. ഇത് തികച്ചും വൈരുദ്ധ്യാത്മകമാണ്. പണത്തിന്റെയും വിപണിയുടേയും ഉയര്‍ച്ച താഴ്ചകളില്‍ എന്തൊക്കെയോ കൃതൃമങ്ങള്‍ നടക്കുന്നുണ്ട് എന്നതിനുള്ള സാധാരണ ബുദ്ധിയില്‍ തോന്നുന്ന ഒരു കുഞ്ഞു ഉദാഹരണം, അത്രയേ ഉള്ളു. പക്ഷേ ദോഷം പറയരുതല്ലോ വില കുറയുന്ന ഒരു സംഗതിയുണ്ട്. പ്രവാസിയുടെ വരുമാനം. രൂപയുടെ വില പത്ത് ശതമാനം കൂടിയാല്‍ പ്രവാസിയുടെ വരുമാനം കൃത്യം പത്തു ശതമാനം കുറയും. മൂല്യം പത്തു ശതമാനം കുറഞ്ഞാല്‍ പ്രവാസീ വരുമാനം നൂല് വലിച്ച പോലെ പത്ത് ശതമാനം കൂടുകയും ചെയ്യും.

ഓര്‍ക്കുട്ടിലെ കൊല.
സൈബര്‍ ചങ്ങാത്തങ്ങള്‍ എങ്ങിനെ ആയിക്കൂടാ എന്നതിന് തെളിവായി പോയു വാരം ഭാരതത്തിന്റെ തലസ്ഥാന നഗരിയില്‍ നടന്ന നിഷ്ടൂരമായ കൊലപാതകം. പതിനാറുകാരനായ അദ്‌നാന്‍ കൊല്ലപ്പെട്ടത് ഓര്‍ക്കുട്ടിലെ ചങ്ങാതിമാരുടെ കരങ്ങളാല്‍. സൈബറില്‍ അനോനിമസായിരിക്കേണ്ടതിന്റെ ആവശ്യകത ഒന്നു കൂടി ഉറപ്പിക്കുന്നതാ‍യി കിരാതമായ ഈ സംഭവം. ഏഞ്ചല്‍ എന്ന പൊതു സുഹൃത്തിനെ നേരിട്ട് പരിചയപ്പെടുത്താം എന്ന വാഗ്ദാനത്തില്‍ വീണ കൌമാരത്തിന് ഓര്‍ക്കുട്ടന്മാരിട്ട വില രണ്ടു കോടി. വാര്‍ത്ത പുറത്തായപ്പോള്‍ ഏഞ്ചലിനെ തേടിയെത്തിയ ചങ്ങാതി തന്നെ ചങ്ങാതിമാരാല്‍ “ഏഞ്ചലായി” മാറ്റപെട്ട് പിറ്റേന്ന് കാറില്‍ മരവിച്ച് കിടന്നു. പ്രതികളില്‍ ഒരാള്‍ പതിവുപോലെ ഇവിടേയും മലയാളി തന്നെയെന്നത് യാദൃശ്ചികമല്ല.

ശ്ശോയ്...ഈ മക്കളെ കൊണ്ട് തോറ്റു.
പൊതുമരാമത്ത് മന്ത്രിമാര്‍ക്ക് ഗ്രഹണി പിടിച്ചെന്നാ തോന്നുന്നത്. കഴിഞ്ഞ ഉത്രാടത്തിന്റന്ന് പി.ജേ. ജോസഫ് പാട്ടും പാടി കണ്ണീരും കയ്യുമായി പടിയിറങ്ങി. പകരം വന്ന കുരിവിള നാളെ പടിയിറങ്ങാനുള്ള ഒരുക്കത്തിലും. ജോസഫിന്, “ചെന്നയില്‍ ജോലി കളമശ്ശേരിയില്‍ താമസം ഡെയിലി പോയി വരുന്ന” നാല്പത്തഞ്ച് വയസ്സുള്ള “പെണ്‍കുട്ടി” വാമനയായെങ്കില്‍ ഈ ഉത്രാടത്തിന് കുവൈറ്റില്‍ കച്ചോടക്കാരനായ കെ.ജി. എബ്രഹാം വാമന വേഷം കെട്ടി. നാളെ കഴിഞ്ഞ് പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തല്‍ ചടങ്ങ് നടക്കും. അടുത്ത ഞറുക്ക് സുരേന്ദ്രന്‍ പിള്ളക്ക്. വരുന്ന കൊല്ലത്തെ ഉത്രാടത്തിന് വാമന വേഷം ആര്‍ക്കായിരിക്കുമോ എന്തോ? മക്കള്‍ തെറ്റു ചെയ്തതിന് പാവം കുരുവിള എന്ത് വേണം? ഈ മക്കള് മാരെ കൊണ്ട് തോറ്റു. മന്ത്രി പദവി ഏറ്റെടുക്കാന്‍ എല്ലാരും കൂടി ചുറ്റും നിന്ന് നിര്‍ബന്ധിച്ചതിനാലാണ് താനീ കുരിശ്ശ് എടുത്ത് തലയില്‍ വെച്ചതെന്നാ കുരുവിള അച്ചായന്റെ മതം. പക്ഷേ രാജി വെക്കൂല്ലാ. എന്തൊരു ത്യാഗം. ഇഷ്ടമില്ലാത്തിടത്ത് പൊതുജനത്തിന് വേണ്ടി കുത്തിയിരുന്നു കൊള്ളാം. വലിച്ചിറക്കി വിടല്ലേ എന്ന്.... ഇങ്ങിനെയുള്ള നാലെണ്ണം മതി നാട്ടിലെ ബാക്കി റോഡും കൂടി കുളമാകാന്‍...

ബൂലൊക വാ‍രം.
“ഉടല്‍ മണ്ണുക്ക് ഉയിര്‍ തമിഴര്‍ക്ക്” ഇരുവറിലെ മനസ്സില്‍ തറച്ച ഈ വാക്കുകളെ ഓര്‍മ്മിപ്പിക്കുന്നതായി വിശാല മനസ്കന്റെ വനിതയില്‍ വന്ന സ്മരണകളില്ലാത്ത പുവര്‍ യൂത് എന്ന നര്‍മ്മ കുറിപ്പ്. “ജോലി ജബലാലിയില്‍ താമസം കൊടകരയില്‍” എന്ന നാലുവാക്കില്‍ ചിരിയുടെ മര്‍മ്മം ഒതുക്കിയ വിശാല്‍ജീ ബൂലോകത്ത് എന്ത് എങ്ങിനെ വാരിയിട്ടാലും അതൊരു ചിരിവാരമാകും. പക്ഷേ ബൂലോകത്തിന് പുറത്തേക്ക് ആകുമ്പോള്‍ ചിരിക്ക് പിശുക്ക്. അതായത് “ഗുമ്മൊക്കെയും ബൂലോകത്തിന് ചളുക്കൊക്കെയും ഭൂലോകത്തിന്”. അതങ്ങനെ തന്നെയായിരിക്കട്ടെ. എക്കാലവും ബൂലോകത്തിന്റെ മാത്രം ചിരിയായി കൊടകര വാഴട്ടെ....

ബെര്‍ളിത്തരങ്ങളില്‍ പുതിയ ട്രെന്റ്. ബെര്‍ളി തോമസ് ലിവര്‍ ക്രോസ് റോഡിലെ കൊലപാതകം എന്ന കുറ്റാന്വോഷണ കഥയുമായി വന്നു. ഒരു പക്ഷേ ബൂലോകത്തെ ആദ്യത്തെ എല്ലാം തികഞ്ഞ അപസര്‍പ്പക കഥയായിരിക്കാം ലിവര്‍ ക്രോസ് റോഡിലെ കൊലപാതകം. കുറ്റാന്വോഷണ കഥകള്‍ എഴുതി പതം വന്ന ഒരു എഴുത്ത് കാരനെയാണ് ബെര്‍ളിയുടെ തൂലികയില്‍ കാണാന്‍ കഴിയുന്നത്. ബെര്‍ളിത്തരങ്ങളില്‍ വേറിട്ട് നില്‍ക്കുന്നു ലിവര്‍ ക്രോസ് റോഡിലെ കൊലപാതകം. കുറ്റാന്വോഷണ കഥയെഴുതുകയെന്നത് ലളിതമായ ഒരു സംഗതിയല്ല. അതും എഴുത്ത് കാരന്‍ വായനക്കാരാല്‍ നിരന്തരം വിചാരണ ചെയ്യപ്പെടാന്‍ എല്ലാ സാധ്യതകളും ഉള്ള ഒരിടത്ത്. അവസാന വരിയില്‍ വരെ വായനക്കാരനെ ആകാംഷയുടെ മുള്‍ മുനയില്‍ നിര്‍ത്തുകയാണല്ലോ കുറ്റാന്വോഷണ കഥാകാരന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ആ വെല്ലുവിളി ഭംഗിയായി ഏറ്റെടുക്കാന്‍‍ ബെര്‍ളിക്ക് കഴിയും എന്ന് പ്രത്യാശിക്കാം.

കമന്റ് അഗ്രഗേറ്റ് ചെയ്യുന്നതിന്റെ ഗുണദോഷങ്ങളെ കുറിച്ച് രണ്ടു മാസത്തെ നിരീക്ഷണങ്ങള്‍ക്ക് ശേഷം ഇഞ്ചിപെണ്ണ് എഴുതിയ സ്വതന്ത്ര ബ്ലോഗിംങ്ങ് കീജെയ് എന്ന നിരീക്ഷണകുറിപ്പ് ഒരു “മരംപെയ്ത്ത്” ആണെങ്കില്‍ കൂടിയും മുന്നോട്ട് വച്ച ചോദ്യങ്ങള്‍ പ്രസക്തമാണ്. കമന്റുകളിലൂടെയല്ലാതെയും പോസ്റ്റ് വായിക്കപെടില്ലേ എന്ന ചോദ്യത്തിന് വായിക്കപ്പെടും എന്ന ഉത്തരം തരുന്നു ആ പോസ്റ്റില്‍ നടന്ന ചര്‍ച്ച. പക്ഷേ ലേഖികയുടെ നിരീക്ഷണങ്ങള്‍ എല്ലാം ശരിവെക്കുന്ന തരത്തിലല്ല ചര്‍ച്ച നയിക്കപ്പെട്ടത്. പഴിചാരലും കുറ്റപ്പെടുത്തലും മാപ്പപേക്ഷിക്കലും മാപ്പു കൊടുക്കലും അനോനി തേരോട്ടവും വെല്ലുവിളികളും എല്ലാം “നാല്കവലയില്‍”‍ നടക്കുന്നതു പോലെ തന്നെ “നാലുകെട്ടിന്” ഉള്ളിലും നടന്നു. ഇതില്‍ നിന്നും ഒന്നു മനസ്സിലാകും. പിന്മൊഴിയും മറുമൊഴിയും തനിമലയാളവും ചിന്ത ഡോട് കോമും ഒന്നുമല്ല പ്രശ്നം. അത് ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ സമീപനമാണ്. സമീപനം നന്നെങ്കില്‍ ചര്‍ച്ച ആരോഗ്യകരമാകും. സാല്‍ജോയുടെ ഒരു ഓഫ് മാജിക്കും കണ്ടു ഈ പോസ്റ്റിന്റെ ചര്‍ച്ചയില്‍. ഒരു ഓഫ് കൊണ്ട് പറയാനുള്ള കാര്യങ്ങള്‍ എങ്ങിനെ കൃത്യമായി പറഞ്ഞ് പോരാം എന്നതിന് ഒരു നല്ല ഉദാഹരണമായി സാല്‍ജ്ജൊയുടെ ആ കമന്റ്.

കൊച്ചുത്രേസ്യകൊച്ച് നര്‍മ്മത്തിന് പുതിയ വായനാ ഭാഷ്യം രചിക്കുന്നു. എഴുത്തറിയുന്നവര്‍ ബൂലോകത്ത് കൂടികൂടി വരുന്നു എന്നതിന് മറ്റൊരു വിളമ്പരമായി ഒരു ബൈക്കും കുഞ്ഞാങ്ങളയും. ഇടതടവില്ലാത്ത പോസ്റ്റുകളുമായി വന്നിട്ടും കൊച്ചു ത്രേസ്യയുടെ ഒരോ പോസ്റ്റിലും നര്‍മ്മത്തിന്റെ മര്‍മ്മം കുടിയിരുത്താന്‍ എഴുത്തുകാരിക്ക് കഴിയുന്നു.

കെ.പി.സുകുമാരന്‍ മാഷ് കേരളത്തിലെ അനാചാരങ്ങളുമായാണ് പോയ വാരം എത്തിയത്. പൊന്നമ്പലവുമായി അനാരോഗ്യകരം എന്ന് തൊന്നിക്കുന്ന ചില തര്‍ക്കങ്ങള്‍ ഉണ്ടായെങ്കിലും വിഷയത്തിനുള്ളില്‍ നിന്നു കൊണ്ടുള്ള ചര്‍ച്ചകള്‍ക്ക് ബൂലോകത്ത് നല്ല സാധ്യതകള്‍ ഉണ്ട് എന്നതിന് ഉദാഹരണമായി “കേരളത്തില്‍ അനാചാരങ്ങള്‍ പെരുകുന്നു‍” പോസ്റ്റും എടുത്ത് കാട്ടാന്‍ കഴിയും.

ഓണാഘോഷത്തിന്റെ ഭാഗമായി ബാച്ചി ക്ലബ്ബുകാര്‍ നടത്തിയ ഫുഡ്‌ബോള്‍ മാച്ച് കാണികളുടെ കമന്റുകള്‍ കൊണ്ടാണ് ശ്രദ്ധേയമായത്. മാല പടക്കത്തിന് തീയ് കൊളുത്തിയ പോലെ ആയിരുന്നു കളിക്കളത്തിലെ ചിരിക്ക് തീയ് കൊടുത്തത്. സാന്‍ഡോസിന്റെ എഴുത്തും ചാരുതയേറിയതായിരുന്നു. ഒരു പക്ഷേ പോയ വാരം ഏറ്റവും കൂടുതല്‍ ചിരിയുതിര്‍ത്ത പോസ്റ്റ് ബാച്ചിക്ലബ്ബിലേതായിരിക്കാം.

പ്രഥമ അഖില കേരളാ ബ്ലോഗേഴ്സ് മീറ്റിന്റെ സ്വാഗത സംഘം ഓഫീസും പൂട്ടി സംഘാടകന്‍ മുങ്ങിയതിനും പോയ വാരം സാക്ഷ്യം വഹിച്ചു. മീറ്റുകള്‍ സംഘടിപ്പിക്കുന്നവരുടെ വിശ്വാസ്യാതക്ക് മീറ്റുകളുമായുള്ള ബന്ധത്തിന് ഒരു ഉദാഹരണമായി സ്വാഗത സംഘം ഓഫീസ് മാഞ്ഞു പോയത്.

വളരെ നാളുകള്‍ക്ക് ശേഷം അംഗുലീമാലന്‍ എന്ന ചെറുകഥയുമായി കെ.പി എത്തുമ്പോള്‍ നല്ല എഴുത്തുകാര്‍ മാറി നില്‍ക്കുന്നത് ബൂലോകത്തിനുണ്ടാക്കുന്ന നഷ്ടത്തെ കുറിച്ചൊരു ഓര്‍മ്മപെടുത്തലായി.

അപ്പുവിന്റെ ഫോട്ടോ പോസ്റ്റ് പാലക്കാടന്‍ ഗ്രാമ തുടിപ്പുകള്‍ പ്രവാസികള്‍ക്ക് ഗൃഹാതുരുത്വമായി. നാട്ടിലേക്ക് മനസ്സു കൊണ്ടൊരു ഓട്ട പ്രദക്ഷണത്തിനുള്ള വക അപ്പുവിന്റെ ലെന്‍സിനുണ്ടായിരുന്നു.

കവിതയും സംഗീതവും ഒത്തു ചേരുന്നു ഈ ഷാര്‍മ്മിള ഗോപന്‍ ബ്ലോഗില്‍ സന്ദര്‍ശിക്കാന്‍ വിട്ടുപോയാല്‍ നഷ്ടമാകുന്ന ഒരു ബ്ലോഗ്.

മലയാളം പാട്ടുകള്‍ ഒരിമിച്ച് കൂട്ടാനായി കിരണ്‍‌സ് ഇവിടെ നടത്തുന്ന ശ്രമം ശ്രദ്ധിക്കപെടേണ്ടതാണ്. നാളെ ഒരു പഴയ പാട്ടിന്റെ വരികള്‍ നമ്മുക്ക് ഇവിടെ നിന്നും തിരഞ്ഞെടുക്കാന്‍ കഴിയുന്ന തരത്തില്‍ ഈ ബ്ലോഗ് വളര്‍ന്ന് വരണം.

വിക്കി പീഡിയിലെ തെറ്റുകളെ എടുത്തു കാട്ടുവാനായി Calicutter-ന്റേതായ CALICOCENTRIC എന്ന പുതിയ ഒരു ബ്ലോഗും ജന്മമെടുത്തു. തെറ്റുകള്‍ തിരുത്താന്‍ വിക്കി പീഡീയില്‍ തന്നെ അവസരം ഇല്ലേ എന്ന ചോദ്യത്തിന് “വിക്കി പീഡിയ” നന്നാക്കാനല്ല ടി ബ്ലോഗ് എന്ന് ബ്ലോഗര്‍ പ്രൊഫൈലില്‍ പറഞ്ഞത് നോക്കുക. ഉദ്ധേശ്യം താറടിമാത്രം.

മുന്‍‌ വാരങ്ങളെ അപേക്ഷിച്ച് കാമ്പുള്ള കുറെ അധികം പോസ്റ്റുകളും പോസ്റ്റുകള്‍ക്ക് മേല്‍ അരോഗ്യകരമായ ചര്‍ച്ചയും നടന്ന വാരമാണ് കടന്ന് പോയത്. ചര്‍ച്ചകള്‍ക്ക് സമവായത്തിലെത്താനും പങ്കെടുക്കുന്നവര്‍ക്ക് പരസ്പര ബഹുമാനവും പ്രതിപക്ഷ ബഹുമാനവും നിലനിര്‍ത്താനും കഴിയുന്നുണ്ട് എന്നത് അഭിനന്ദനാര്‍ഹമാണ്. പുതിയവര്‍ വന്നു കൊണ്ടേയിരിക്കുന്നു. പഴയവര്‍ പുതിയവര്‍ക്ക് വഴികാട്ടികളാകുന്നു. സ്വയം പരിചയപ്പെടുത്തിയും പരസ്പരം പരിചയപെട്ടും തിരിച്ചറിഞ്ഞും ബൂലോകം വളരുന്നു...

13 comments:

അഞ്ചല്‍ക്കാരന്‍ said...

വാര വിചാരം :
രണ്ടാം വാരം സമര്‍പ്പിക്കുന്നു.

പുള്ളി said...

കൊള്ളാം...

അശോക് said...

This is a fine effort. Thanks..

Mubarak Merchant said...

5അല്‍ക്കാരനു അഭിവാദ്യങ്ങള്‍.
ഈ ശ്രമം ഒരാഴ്ചപോലും മുടങ്ങാതെ മുന്നോട്ടു പോകട്ടെ എന്നാശംസിക്കുന്നു.

മൂര്‍ത്തി said...

നന്നായിട്ടുണ്ട്... അമേരിക്ക, മൂലധനവിപണി വിലയിരുത്തലുകള്‍ ശ്രദ്ധയര്‍ഹിക്കുന്നു.

മന്‍സുര്‍ said...

ജോലി തിരകുകള്‍ക്കിടയില്‍ പലപോഴും ഇത്തരം ചിന്തനീയമായ വാര്‍ത്തകള്‍ അറിയാതെ പോകുന്ന എന്നെ പോലത്തെ പലര്‍ക്കും ഈ വാര വിചാരം വളരെ വിലപ്പെട്ടതാണ്‌ എന്ന് പറയട്ടെ.

സത്യത്തിന്‍ പൊരുല്‍ തേടിയുള്ള...ഈ പ്രയാണത്തില്‍ നിന്നോടൊപ്പം ഞങ്ങളും


സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍

ഗുപ്തന്‍ said...

അമേരിക്കയുടെ രാഷ്ട്രീയത്തെക്കുറിച്ചെഴുതിയത് നന്നായി. ബ്ലോഗിംഗിനെക്കുറിച്ചുള്ള ഭാഗത്ത് വ്യത്യസ്ഥമായ സമീപനം വേണമെന്ന് അഭിപ്രായമുണ്ട്. പുതിയ നല്ല ബ്ലോഗുകള്‍ പരിചയപ്പെടുത്താനും ശൈലികളില്‍ പരീക്ഷണം നടത്തുന്നവരെ കണ്ടെത്താനും ഒക്കെ ശ്രമിക്കുന്നത് നല്ലതായിരിക്കും. അതുപോലെ മലയാളം ബ്ലൊഗുകാര്‍ ശ്രദ്ധിക്കാത്ത മലയാളികള്‍ ഇംഗ്ലീഷില്‍ ബ്ലോഗ് ചെയ്യുന്നുണ്ട്.. കഴിഞ്ഞദിവസങ്ങളില്‍ ഞാന്‍ ദിവ്യ എസ് മേനോന്‍ എന്ന് പാട്ടുകാരിയെ ശ്രദ്ധിക്കുകയായിരുന്നു. സംഗീതരംഗത്തെ കച്ചവടത്തില്‍ കാലിടറിപ്പോയില്ലെങ്കില്‍ നാളത്തെ ശബ്ദമാണാകുട്ടി. അങ്ങനെയുള്ളവരെയും ആ ഭാഗത്തില്‍ പരിചയപ്പെടുത്താവുന്നതാണ്.

ഗുപ്തന്‍ said...

ഇത് ദിവ്യയുടെ ബ്ലോഗ്..
http://www.divyasmenon.blogspot.com
ഇവിടെ നിന്ന് കമന്റ്റ് അങ്ങോട്ടോഴുക്കുക എന്നതല്ല ഉദ്ദേശ്യം. ഞാന്‍ തന്നെ ആ ബ്ലോഗില്‍ ഇതുവരെ കമന്റിയിട്ടില്ല. പാട്ടിനെക്കുറിച്ച് സാങ്കേതികമായി അറിയുന്നവര്‍ ചെയ്താല്‍ മതി അക്കാര്യം എന്നാണ് എന്റെ അഭീപ്രായം.

മുസ്തഫ|musthapha said...

“പിന്മൊഴിയും മറുമൊഴിയും തനിമലയാളവും ചിന്ത ഡോട് കോമും ഒന്നുമല്ല പ്രശ്നം. അത് ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ സമീപനമാണ്. സമീപനം നന്നെങ്കില്‍ ചര്‍ച്ച ആരോഗ്യകരമാകും...”

“രൂപയുടെ വില പത്ത് ശതമാനം കൂടിയാല്‍ പ്രവാസിയുടെ വരുമാനം കൃത്യം പത്തു ശതമാനം കുറയും. മൂല്യം പത്തു ശതമാനം കുറഞ്ഞാല്‍ പ്രവാസീ വരുമാനം നൂല് വലിച്ച പോലെ പത്ത് ശതമാനം കൂടുകയും ചെയ്യും...”

നല്ല നിരീക്ഷണങ്ങള്‍...
ഈ വാരവും നന്നായിരിക്കുന്നു.

Unknown said...

മലയാളം ബ്ലോഗുകളുടെ വളര്‍ച്ചയില്‍ വാരവിചാരം ഒരു നാഴികക്കല്ലാണെന്ന് മാത്രമല്ല , ബ്ലോഗിന്റെ ആരോഗ്യകരമായ വളര്‍ച്ചക്ക്‌ സ്തുത്യര്‍ഹമായ സംഭാവന നലകാന്‍ കൂടി ഈ സംരംഭത്തിനു കഴിയുമെന്നതില്‍ എനിക്ക്‌ സംശയമില്ല .
ആശംസകളോടെ ,
കെ.പി.എസ്‌.

അഞ്ചല്‍ക്കാരന്‍ said...

“വിക്കി പീഡിയിലെ തെറ്റുകളെ എടുത്തു കാട്ടുവാനായി Calicutter-ന്റേതായ CALICOCENTRIC എന്ന പുതിയ ഒരു ബ്ലോഗും ജന്മമെടുത്തു. തെറ്റുകള്‍ തിരുത്താന്‍ വിക്കി പീഡീയില്‍ തന്നെ അവസരം ഇല്ലേ എന്ന ചോദ്യത്തിന് “വിക്കി പീഡിയ” നന്നാക്കാനല്ല ടി ബ്ലോഗ് എന്ന് ബ്ലോഗര്‍ പ്രൊഫൈലില്‍ പറഞ്ഞത് നോക്കുക. ഉദ്ധേശ്യം താറടിമാത്രം”

------------------
ടി ബ്ലോഗറുടെ പ്രൊഫൈല്‍ മനസ്സിലാക്കുന്നതില്‍ വന്ന പിശകാണ് ഇങ്ങിനെ ഒരു വിചാരത്തിന് കാരണമായത്. അദ്ദേഹത്തിന്റെ ഉദ്യമം തെറ്റിദ്ധരിക്കപെട്ടതില്‍ ഖേദിക്കുന്നു.

എന്റെ പ്രൊഫൈലില്‍ ഉണ്ടായിരുന്ന ഒരു തെറ്റും Calicutter-നാല്‍ തിരുത്തപെട്ടിട്ടുണ്ട്. നന്ദി.

Rasheed Chalil said...

അഞ്ചല്‍ക്കാരാ വളരേ നല്ല നിരീക്ഷണങ്ങള്‍. തുടരുക... ആഭിനന്ദനങ്ങള്‍.

അപ്പു ആദ്യാക്ഷരി said...

അഞ്ചല്‍ക്കാരാ...വളരെ നന്നായിട്ടുണ്ട് ഈ ലക്കം. ഈ വിപണിയുടെ കയറിപ്പോക്ക് കണ്ട് ചിലപ്പോഴൊക്കെ പകച്ചിട്ടുണ്ട്. അതിന്റെ പിന്നിലെ കറുത്ത കൈകളെ താങള്‍ വളരെ സുന്ദരമായി പരിചപ്പെടുത്തിയിരിക്കുന്നു.

"വായുവില്‍ ആവിയാകുന്നത് ചെറുകിട നിക്ഷേപകന്റെ മക്കളെ കെട്ടിക്കാന്‍ കരുതി വെച്ചിരിക്കുന്ന ചില്ലറ സമ്പാദ്യവും. വമ്പന്മാര്‍ വിപണീയുടെ തകര്‍ച്ച മരത്തില്‍ കാണും. ചെറുകിടക്കാര്‍ പിപണി തകര്‍ന്ന് തരിപ്പണമായതിന് ശേഷം മരത്തില്‍ കയറും, കയ്യിലൊരു കയറുമായി..” നന്നായി ഈ നിരീക്ഷണം.

ബൂലോക വാരം എങ്ങനെ എന്ന ലിങ്ക് സഹിതമുള്ള അവലോകനം സൂപ്പര്‍ എന്നു പറയാതെവയ്യ. ഇത് ഇനിയും തുടരണേ.