Friday, August 17, 2007

വാര വിചാരം.(പുതിയ ബ്ലോഗ്)

ഭാ‍രതവും അമേരിക്കാവും പിന്നെ എതിര്‍ക്കപെടുന്ന ആണവകരാറും.

അമേരിക്കാവിന്റെ പല നടപടികളും എതിര്‍ക്കപെടേണ്ടവയാണ് എന്നതില്‍ ഭൂലോകത്ത് അമേരിക്കാവിന് കീജെയ് വിളിക്കുന്നവര്‍ക്കുപോലും എതിരഭിപ്രായമുണ്ടാവില്ല. പക്ഷേ ഇപ്പോള്‍ അമേരിക്കാവും ഭാരതാവും ചേര്‍ന്നുണ്ടാക്കിയ ആണവകരാറിനെ വെറും അമേരിക്കാ വിരോധം വെച്ച് എതിര്‍ക്കപേടേണ്ട ഒന്നാണെന്ന് തോന്നുന്നില്ല. ഭാരതാവിനെ വികസനോന്മുഖമാക്കാം എന്ന ശുദ്ധ വിചാരത്തോടെയാണ് സായിപ്പ് ഈ കരാറുമായി രമ്യതയിലെത്തിയത് എന്ന് കരുതുന്നുണ്ടെങ്കില്‍ അതും വങ്കത്തം. ദക്ഷിണേഷ്യയില്‍ സായിപ്പിന് സ്വന്തം താല്പര്യങ്ങള്‍ക്ക് വഴങ്ങികിട്ടുന്ന ഒരു ചങ്ങാതിയെ വേണം. അത് സായിപ്പിന്റെ കാര്യം. സായിപ്പിന്റെ താല്പര്യം.

അമേരിക്കാവിന്റെ താല്പര്യങ്ങള്‍ക്കാണോ അതോ ഭാരതാവിന്റെ താല്പര്യങ്ങള്‍ക്കാണോ കൂടുതല്‍ പ്രാധാന്യം എന്ന ചോദ്യത്തിന് എന്തെങ്കിലും പ്രസക്തി ഉണ്ട് എന്ന് തോന്നുന്നില്ല. കാരണം സായിപ്പിന് ഗുണപരമല്ലാത്ത ഏതെങ്കിലും കച്ചവടത്തിന് അവര്‍ നിന്നു തരും എന്ന് കരുതാന്‍ വകയില്ലല്ലോ. പക്ഷേ ഭാരതാ‍വിന്റെ സ്വയം നിര്‍ണ്ണയാവകാശവും അഖണ്ഡതയും പരമാധികാരവും ചോദ്യം ചെയ്യപ്പെടുന്നതാണ് ആണവകരാര്‍ എന്ന വാദം അജത്തെ ശുനകവല്‍ക്കരിക്കലാണ്. പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകളെ മാത്രം ആശ്രയിച്ച് നമ്മുടെ ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല എന്ന വസ്തുത നിലനില്‍ക്കേ ഭാവിയില്‍ ആണവോര്‍ജ്ജത്തെ ആശ്രയിക്കേണ്ടി വരുന്ന ഭാരതാവിന് ആണവ നിര്‍വ്യാപന കരാര്‍ അംഗീകരിക്കാത്തതിനാല്‍ യൂറേനിയം വിതരണ ഗ്രൂപ്പില്‍ നിന്നും സൌജന്യം ഒന്നും പ്രതീക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അമേരിക്കാവുമായുള്ള ആണവ സഹകരണ കരാറിലൂടെ ആവശ്യാനുസരണം യൂറേനിയം ലഭ്യാമാകും എന്നത് ഉറപ്പാണ്. അമേരിക്കാവുമായി ഉടമ്പടിയിലെത്തി കഴിഞ്ഞയുടനേ തന്നെ, ഇത്രയും നാളും നമ്മുക്ക് പുറം തിരിഞ്ഞ് നിന്ന ആസ്ത്രേലിയാവിന്റെ പുതിയ തീരുമാനം വന്നത് ശുഭസൂചകമാണ്.

ആണവകരാറിനെ എതിര്‍ക്കുന്നവര്‍ പറയുന്ന ഒരു കാര്യം അല്ലെങ്കില്‍ അമേരിക്കാവിന്റെ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അടിവരയിട്ട് പറഞ്ഞ ഒരു കാര്യം. അതു തന്നെയാണ് ഈ കരാര്‍ എതിര്‍ക്കപെടാതിരിക്കണം എന്ന നിഗമനത്തില്‍ എത്താന്‍ കാരണഭൂതമാകുന്നത്. എന്തെന്നാ‍ല്‍ ഭാരതാവ് ആയുധാവശ്യങ്ങള്‍ക്ക് വേണ്ടി ആണവപരീക്ഷണം നടത്തിയാല്‍ ഈ കരാറില്‍ നിന്നും ഭാരതം സ്വയം പിന്മാറിയതായി കണ്ട് കരാര്‍ റദ്ദാക്കപെടുന്നതും നഷ്ടപരിഹാരം സായിപ്പിന് വെച്ച് കൊടുക്കേണ്ടതാകുന്നതും ആണ്. ഇവിടെ നാം കാണാത്ത ഒരു ശുദ്ധ സന്ദേശം ഉണ്ട്. ആയുധാവശ്യങ്ങള്‍ക്ക് നാം മാത്രമല്ല ലോകത്ത് ആരും ആണവോര്‍ജ്ജം ഉപയോഗിക്കാന്‍ പാടില്ല തന്നെ. പിന്നെ പകുതിയിലേറെ ദരിദ്രമായ നാം എന്തിന് ആയുധാവശ്യങ്ങള്‍ക്ക് വേണ്ടി ആണവപരീക്ഷണം നടത്തണം. ആണവോര്‍ജ്ജം സമാധാനാവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിച്ച് നാം മറ്റുള്ളവര്‍ക്ക് മാതൃകയാകാന്‍ ആണവകരാര്‍ ഒരു നിമിത്തമാകട്ടെ! നാഗസ്സാക്കിയുടേയും ഹിരോഷിമയുടേയും ഓര്‍മ്മകളിരമ്പുന്ന ദിനങ്ങളില്‍ തന്നെ യുറേനിയത്തിന്റെ സമാധാന കാണ്ഡം ചര്‍ച്ചയായത് ലോകസമാധാനത്തിന് ചൂണ്ടു പലകയായി തീരട്ടെ.

വിളവെടുപ്പിന്റെ ഉത്സവവും കോമാളി വത്കരിക്കപെടുന്ന മഹാബലി തിരുന്നാളും.

ചിങ്ങം പിറന്നു. നാം വിളവെടുപ്പ് ആഘോഷിക്കാന്‍ അയല്‍ സംസ്ഥാനത്ത് നിന്നും അതിര്‍ത്തി കടന്നു വരുന്ന പാണ്ടി ലോറിയിലേക്ക് മിഴിയും നട്ടിരിക്കുന്നു. വിളവെടുപ്പ് ആര്‍മാദിക്കാന്‍ സ്പിരിറ്റ് മുതല്‍ സാംബ്രാണി തിരി വരെ നമ്മുക്ക് അയല്‍‌വാസികള്‍ തരണം. നാം ആഘോഷിക്കേണ്ടത് തമിഴന്റെ വിളവെടുപ്പുത്സവമായ പൊങ്കലും, തെലുങ്കന്റെ ഉഗാഡിയും, കന്നടക്കാരന്റെ ദസ്സറയുമൊക്കെയാണ്. നമ്മുക്ക് വേണ്ടി അവരൊക്കെയാണ് വിളവെടുക്കുന്നത്. വിളവില്ലാത്ത കേരളം വിളവെടുപ്പ് ഉത്സവത്തിന്റെ നന്മ നിറഞ്ഞ മിത്തായ മഹാബലിയേയും കോമാളി വത്കരിച്ചു. വിളവിന്റെ വിലയറിയാത്തവര്‍ക്ക് മഹാബലി വയര്‍ ചാടിയ കഷണ്ടികയറിയ ഒറ്റമുണ്ടു കൊണ്ട് നാണം മറക്കുന്ന വെറുമൊരു കോമാളിയായത് യാദൃശ്ചികമല്ല. ഓണം എന്നത് നമ്മുടെ വിളവെടുപ്പ് ഉത്സവമാണെന്ന് തിരിച്ചറിയാതെ കോടികണക്കിന് രൂപയുടെ കള്ള് കുടിച്ച് വറ്റിച്ച് കോമാളി വേഷം കെട്ടിയാടുന്ന മലയാളിക്ക് മഹാബലിയും വെറുമൊരു കോമാളിയാകാതെ തരമില്ലല്ലോ? ദേശീയോത്സവത്തിന്റെ പ്രതി പുരുഷനെ ഇത്രയും തരംതാഴ്തിയ വേറൊരു ജനതയും ഭൂലോകത്തുണ്ടാവില്ല. പുതു തലമുറക്ക് മവേലി എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന ചിത്രം എന്തായിരിക്കും? കഷ്ടം വെയ്ക്കാനല്ലാതെ എന്തു ചെയ്യും.

ശുഷ്കിക്കപ്പെടുന്ന പാലക്കാടും സൃഷ്ടിക്കപ്പെടുന്ന സേലവും

സേലം ഡിവിഷന്‍ രൂപീകരിക്കപ്പെടുന്നതിനെ നമ്മുടെ പാര്‍ലമെന്റംഗങ്ങള്‍ നഖശിഖാന്തം എതിര്‍ത്തു. ഹോ..ഭയങ്കരം. ഈ കൂട്ടായ്മയുടെ ചെറിയൊരു ശതമാനം ആത്മാര്‍ത്ഥതയെങ്കിലും ഉപയോഗിച്ച് താറുമാറായ നമ്മുടെ റോഡ് ഗതാഗതം സുരക്ഷിതമാക്കാന്‍ വേണ്ടി ഇവറ്റകള്‍ എന്തെങ്കിലും ഒന്നു ചെയ്തെങ്കില്‍ എന്ന് ആശിച്ച് പോകുന്നു. തമിഴ്നാടിന്റെ കോയമ്പത്തൂര്‍ റെയില്‍‌വേസ്റ്റേഷന്‍ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്തി സേലത്തോട് ചെര്‍ക്കുന്നു. കോയമ്പത്തൂര്‍ റെയില്‍‌വേസ്റ്റേഷനോട് പാലക്കാട് ഡിവിഷന്‍ കാട്ടുന്ന ചിറ്റമ്മ നയമാണ് സേലം ഡിവിഷനിലേക്ക് കോയമ്പത്തൂര്‍ മാറ്റപ്പെട്ടത് എന്നത് തമിഴന്റെ കൂട്ടായ്മയുടെ തെളിവ്. ആ ആരോപണത്തില്‍ കാല്‍ കഴഞ്ച് കാമ്പെങ്കിലും ഉണ്ടാകുമെന്ന് മലയാളിയായ നാമല്ലേ തമിഴാളിയേക്കാള്‍ ആദ്യം മനസ്സിലാക്കേണ്ടത്. നമ്മുടെ നാടിന്റെ കാതലായ പ്രശ്നങ്ങളില്‍ കൂടി അര്‍ഹിക്കുന്ന പരിഗണന കൊടുക്കാന്‍ നമ്മുക്ക് കഴിയുന്നില്ല. പിന്നല്ലേ കോയമ്പത്തൂര്. ഹല്ല...പിന്നെ. അല്ലെങ്കില്‍ സ്വന്തം നാടിനോടും നാട്ടാരോടും തമിഴ് നാട്ടില്‍ നിന്നും തിര‍ഞ്ഞെടുക്കപെട്ടവര്‍ക്കുള്ള കൂറ്. അതങ്ങ് സമ്മതിച്ചു കൊടുത്ത് ചെയ്യാന്‍ കഴിയുന്നത് മാത്രം ഏറ്റെടുത്ത് നമ്മുക്ക് ബാക്കിയാകുന്ന അഞ്ഞൂറ്റി പത്തൊമ്പത് കിലോമീറ്റര്‍ റെയില്‍‌വേ ലൈനിന്റെ സംരക്ഷണവുമായി കഴിയുന്നതല്ലേ നല്ലത്. തമിഴന്‍ നമ്മുടെ റോഡിന്റെ നിലവാരം കണ്ട് വണ്ടറടിച്ചിട്ടായിരിക്കണം കോയമ്പത്തൂരും കൊണ്ട് രക്ഷപെട്ടത്.

അഭയാ സഹോദരി നേരിട്ട് നടത്തുന്ന കേസന്വോഷണം.

പതിറ്റാണ്ടിന് ശേഷം ഒരു തെളിവും അവശേഷിച്ചിട്ടില്ലാത്ത സ്വന്തം കൊലപാതക കേസ് സ്വയം തെളിയിക്കുകയാണ് സഹോദരി അഭയ ചെയ്യുന്നത് എന്ന് തോന്നി പോകുന്നു. സഭയും സര്‍ക്കാരും പോലീസും ഒക്കെ എഴുതി തള്ളിയ അഭയാ സഹോദരിയുടെ മരണം ശരികളോട് അടുത്ത് കൊണ്ടിരിക്കുന്നു. ആരും ഇല്ലാത്തവര്‍ക്ക് ദൈവം കൂട്ട്. മരിച്ചിട്ടും മറന്നിട്ടും അഭയ കുറ്റവാളിയെ ചൂണ്ടികാട്ടുന്നത് വാഴ്ത്തപ്പെടാനുള്ള അര്‍ഹതയാണ് വെളിവാക്കുന്നത്. അടുത്ത വാരവിചാരത്തില്‍ ഒരു പക്ഷേ അഭയ തന്നെ ഇല്ലായ്മ ചെയ്തവരെ ചൂണ്ടി കാട്ടിയതിനെ എഴുതിയിടാന്‍ കഴിയുമായിരിക്കും.


ബൂലോക വിചാരം

പോയ വാരം വീണ്ടു വിചാരവും യുക്തിവിചാരവും കൊണ്ട് ബൂലോകം ബഹളമയമായിരുന്നു. സമവായത്തിലെത്തിയ മകരവിളക്ക് വിവാദം നല്ലൊരു ചര്‍ച്ചയായി. യുക്തി വാദം നിരീശ്വരവാദം അല്ല എന്ന പുതു തത്വവും അനാവരണം ചെയ്യപ്പെട്ടു. നല്ല നല്ല ചര്‍ച്ചകള്‍ ഇനിയും ഉണ്ടാകട്ടെ. ദൈവം ഉണ്ടോ ഇല്ലയോ എന്ന ചര്‍ച്ച ഭൂലോകത്ത് വളരെ നടന്നിട്ടുണ്ടെങ്കിലും ആര്‍ക്കും ഒരു പൊതു മിനിമം ധാരണയിലെത്താന്‍ ഇതു വരെ കഴിയാത്തതുകൊണ്ട് ബൂലോകത്തും ഒരു സമവായം ഉണ്ടാവാന്‍ പോകുന്നില്ല തന്നെ. സുകുമാരന്‍ മാഷ് തുടങ്ങിവെച്ച യുക്തിവാദ ചര്‍ച്ച എങ്ങുമെത്താതെ അവസാനിക്കപെട്ടത് ഒരു കാര്യം വെളിവാക്കുന്നു. സീരിയസ് ആയ ചര്‍ച്ച കൃതൃമമായി സൃഷ്ടിക്കാന്‍ ബൂലോകത്ത് കഴിയില്ല. ചര്‍ച്ചകള്‍ അങ്ങ് വന്നു ഭവിക്കുന്നതാണ്. കിരണ്‍ തന്റെ ബ്ലോഗില്‍ ഇട്ട ഒരു പത്രകുറിപ്പ് ആരോഗ്യകരമായ ഒരു ചര്‍ച്ചയിലേക്ക് വളര്‍ന്ന് സമവായത്തിലെത്തിയപ്പോള്‍ ആധികാരികമായി സുകുമാരന്മാഷ് അതേ വിഷയവുമായി വന്നപ്പോള്‍ വേണ്ടത്ര ചര്‍ച്ച ചെയ്യാതെ പോയി, എന്നു മാത്രമല്ല ആ ചര്‍ച്ചക്ക് ഗുണപരമായ ഒരു പര്യവസാനം കാണാന്‍ കഴിയാതെയും പോയി. ചര്‍ച്ചാ വേദികളുണ്ടാക്കി ആരോഗ്യകരമാ‍യ ചര്‍ച്ചകള്‍ ഉണ്ടാക്കാന്‍ ബൂലോകത്തിന് കഴിയും എന്ന് തോന്നുന്നു. വക്കാരിയും ദേവേട്ടനും സുകുമാരന്മാഷും കൈപ്പള്ളിയും അതുല്യയും ഡിങ്കനും അങ്ങിനെ നല്ല ചര്‍ച്ചക്ക് കഴിവുള്ള എത്രയോപേരാല്‍ സമ്പന്നമാണ് നമ്മുടെ സ്വന്തം ബൂലോകം. ബൂലോകത്ത് സമവായത്തിലെത്താന്‍ കഴിയുന്ന ചര്‍ച്ചകള്‍ വീണ്ടും ഉണ്ടാകട്ടെ!

പ്രമാദമായ “ബെര്‍ളീ വീണ്ടു വിചാരം” കോഴി കോട്ടുവാ ഇട്ടതു പോലെയായി. അവസാനം ഇട്ട രണ്ടു പോസ്റ്റുകള്‍ ഡിലീറ്റിയിട്ട വീണ്ടു വിചാര പോസ്റ്റ് മുന്നോട്ടുവച്ചത് ബൂലോകം കൂലംകക്ഷമായി ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയം ആയിരുന്നുവെങ്കിലും ചര്‍ച്ച വഴിതെറ്റിപോയിരുന്നു. ആ ചര്‍ച്ചയില്‍ എന്ത് ഊരിതിരിഞ്ഞു വന്നു എന്നതിലുപരി ബെര്‍ളിയില്‍ നിന്നും കല്ലുവച്ച നര്‍മ്മമാണ് ബൂലോകം വീണ്ടും പ്രതീക്ഷിക്കുന്നത് എന്നാണ് ഓണായും ഓഫായും ആ പോസ്റ്റില്‍ വീണ കമന്റുകളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിഞ്ഞത്. കൊച്ചി ബാംഗ്ലൂര്‍ മീറ്റുകള്‍ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിച്ച സുനീഷും കൊച്ചുത്രേസ്യകൊച്ചും അഭിനന്ദനം അര്‍ഹിക്കുന്നു. ബൂലോകത്തെ രണ്ടാമത്തെ പുസ്തകവും ഹിറ്റാവും എന്ന് കരുതാം. മേഖലകള്‍ തിരിച്ചുള്ള പുസ്തക പ്രകാശനവും ചര്‍ച്ചയും ഒക്കെ ബൂലോകത്തിന്റെ മാത്രം പ്രത്യാകതകളായി മാറുകയാണ്. കുറുമാനും യൂറോപ്പ് കിനാവുകള്‍ക്കും സര്‍വ്വമംഗളങ്ങളും ബൂലോകം നിറഞ്ഞ മനസ്സോടെയാണ് നേര്‍ന്നത്.

വേറിട്ടകാഴ്ചകാരന്റെ ബൂലോകപ്രവേശം ഇത്തിരികുഞ്ഞന്മാര്‍ക്ക് ആവേശമായ വാരമാണ് കടന്നു പോയത്. സൈബര്‍ ലോകത്ത് ഒരുകുഞ്ഞു ബൂലോകം സൃഷ്ടിച്ച് അവിടെ കുഞ്ഞു കുഞ്ഞു ഭൂകമ്പങ്ങളും ആകാശത്തോളം വല്ലിയ ചര്‍ച്ചകളും ദൈവത്തെയും ശൈത്താനേം ഡര്‍വിനേയും വരെ പിടിച്ച് നിര്‍ത്തി വിചാരണയും ഒക്കെ ചെയ്യുന്ന ബൂലോകം വേറിട്ടൊരു കാഴ്ചതന്നെ. ബൂലോകം വി.കെ.ശ്രീരാമനില്‍ നിന്നും വേറിട്ടൊരു സാനിദ്ധ്യം തന്നെയാണ് പ്രതീക്ഷിക്കുന്നത്. വേറിട്ട കാഴ്ചകള്‍ ബൂലോകത്ത് പുതിയൊരു തരംഗമാകട്ടെ!

സ്ത്രീപക്ഷ രചനകളെ ഒരിമിച്ച് കൂട്ടാന്‍ വനിതാവേദി എന്ന ഒരു പുതു കൂട്ടായ്മയും ജന്മമെടുത്ത വാരമാണ് കടന്നു പോയത്. വനിതകള്‍ക്ക് മാത്രമായ ഒരു കൂട്ടായ്മ എന്നതിലുപരി സ്ത്രീപക്ഷ രചനകള്‍ എന്ന വിചാരത്തിലൂന്നിയ ഒരു സംരംഭം എന്ന നിലക്ക് പ്രോത്സഹനാര്‍ഹമായ ഒരു തുടക്കം. തുടക്കമിട്ട ഡാലിക്ക് ലക്ഷ്യം നേടാന്‍ കഴിയട്ടെ!

ബൂലോകരെ, ഇതെന്റെ പ്രതിവാര വിചാരങ്ങള്‍. അഗ്രജന്റെ ആഴ്ചകുറിപ്പുകള്‍ ആണ് വാരവിചാരത്തിന് പ്രചോദനം ആയി തീര്‍ന്നത്. എന്നെ ഇതുവരെ സഹിച്ച എല്ലാവരില്‍ നിന്നും വീണ്ടും തല്ലും തലോടലും തേടുന്നു.

16 comments:

അഞ്ചല്‍കാരന്‍ said...

ഇതെന്റെ പുതിയ ബ്ലോഗ്. രണ്ടാം വര്‍ഷം തുടക്കം പുതിയ ബ്ലോഗില്‍ നിന്നും. അഗ്രജന്റെ ആഴ്ചകുറിപ്പുകളാണ് ഈ ബ്ലോഗിന് പ്രചോദനം. കാണുന്നതും കേള്‍ക്കുന്നതും കുറിച്ചിടാനൊരിടം. അത്രയേ കരുതുന്നുള്ളു.

ബൂലോകത്തെ എല്ലാ നല്ല മനസ്സുകളുടേയും നിര്‍ദ്ധേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും തേടുന്നു.

പുതിയ ബ്ലോഗിനെ ബൂലോക സമക്ഷം സമര്‍പ്പിക്കുന്നു.

വക്കാരിമഷ്‌ടാ said...

അഞ്ചല്‍‌സേ, ക്ഷമിക്കണം. ഇതിനും ഞാന്‍ തന്നെ ആദ്യത്തെ ആശംസ അര്‍പ്പിക്കുന്നു (കണ്ട്രോള് കിട്ടുന്നില്ല) :)

വാരവിചാരം ഒന്നാം വാരം വായിച്ചു. അഞ്ചത്സ് അഞ്ചത്സിന്റെ നിരീക്ഷണങ്ങള്‍ പക്വതയോടെ അവതരിപ്പിച്ചിരിക്കുന്നു. കൊള്ളാം. എല്ലാ വാരവും ഇതുപോലെ പോരട്ടെ വിചാരങ്ങള്‍.

പിന്നെ അഗ്രജനൊരു പാച്ചുവുണ്ട് എല്ലാ കുറിപ്പിന്റെയും അവസാനം. അഞ്ചത്സിനോ? :)

വക്കാരിമഷ്‌ടാ said...

സൈനികാവശ്യങ്ങള്‍ക്ക് അണുവായുധം ഉപയോഗിക്കുന്നതിനെക്കുറിച്ച്:

ഇന്ത്യ ആദ്യം ആരുടെമേലും അണുവായുധം ഉപയോഗിക്കില്ല എന്ന് ഇപ്പോള്‍ തന്നെ പറഞ്ഞിട്ടുണ്ട്. വേറൊരു രാജ്യം ഇന്ത്യയില്‍ അണുബോംബിട്ടാല്‍ ഇന്ത്യ എന്ത് ചെയ്യണം പിന്നെ ആ അവസരത്തില്‍? ഇന്ത്യയ്ക്ക് ചുറ്റും കിടക്കുന്ന പാക്കിസ്ഥാനും ചൈനയ്ക്കും അണുവായുധം ഉണ്ട് താനും.

അഞ്ചല്‍കാരന്‍ said...

വക്കാരിജീ,
സൈനികാവശ്യങ്ങള്‍ക്ക് വേണ്ടി ഭാരതം യുറേനിയം ഉപയോഗിച്ച് പരീക്ഷണം നടത്തണം എന്നാണല്ലോ ഇപ്പോഴത്തെ ആണവ സഹകരണ കരാറിനെ എതിര്‍ക്കുന്നവരുടെ വാദത്തിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന വസ്തുത. ആണവായുധങ്ങള്‍ ആര് ആദ്യം പ്രയോഗിക്കുന്നു എന്നതില്‍ എന്തെങ്കിലും കാര്യം ഉണ്ടെന്ന് തോന്നുന്നില്ല. കൊല്ലപ്പെടുന്നവര്‍ക്ക് ദുരിതങ്ങള്‍ പുണരുന്നവര്‍ക്ക് അവര്‍ ചീനനെന്നോ ഹിന്ദുസ്താനിയെന്നോ പത്താനെന്നോ വേര്‍തിരിവില്ലല്ലോ? ജപ്പാന്‍ കാണാന്‍ ഭാഗ്യം സിദ്ധിച്ച വക്കാരിക്ക് ആണവായുദ്ധത്തിന്റെ ദുരന്തങ്ങള്‍ അനുഭവിക്കുന്നവരെ നേരിട്ട് കാണാന്‍ കഴിയില്ലേ. അവര്‍ക്ക് ശത്രു അമേരിക്കാവായിരിക്കില്ല. അണുബോമ്പായിരിക്കും. ആണവായുദ്ധം പാകിസ്താനില്‍ വീണാലും ചൈനാവില്‍ വീണാലും ദുരന്തം നമ്മളിലേക്കും എത്തും. ഹിരോഷിമയും ന്യൂയോര്‍ക്കും നാഗസാക്കിയും വാഷിങ്ങ്ടണ്ണും തമ്മിലുള്ള ദൂരമല്ലല്ലോ ഇസ്ലമാബാദും ഡെല്‍ഹിയും ബീജിംങ്ങും ബോംബെയും തമ്മില്‍.

സൈനികാവശ്യത്തിന് ഭാരതമല്ല ഒരു രാഷ്ട്രവും അണുശക്തി ഉപയോഗിക്കാന്‍ പാടില്ല തന്നെ. പാര്‍ലമെന്റില്‍ സൈനികാവശ്യത്തിന് വേണ്ടി ആണു ശക്തി ഉപയോഗിക്കണം എന്ന് വാദിക്കുന്നവര്‍ മാനവരാശിയുടെ സമാധാ‍നത്തിന്റെ തായ്‌വേരിലാണ് കത്തി വെയ്ക്കുന്നത്.

വക്കാരിമഷ്‌ടാ said...

അഞ്ചല്‍‌സ്, ഹിരോഷിമയിലിട്ട ബോംബിന്റെ ഇഫക്ട് പതിനഞ്ചോ മറ്റോ സ്ക്വയര്‍ കിലോമീറ്ററായിരുന്നു എന്ന് തോന്നുന്നു (ശരിക്കുറപ്പില്ല). അതുകൊണ്ട് പാക്കിസ്ഥാനിലോ ചൈനയിലോ ബോംബ് വീണാല്‍ ഇന്ത്യയിലുണ്ടാവുന്ന ഇഫക്ട് അത്ര മാരകമായിരിക്കണമെന്നില്ല. ജപ്പാന്‍ അത്ര ചെറിയ രാഷ്ട്രമായിട്ട് പോലും ബോംബിംഗ് മൂലമുണ്ടായ അണുപ്രസരം ജപ്പാന്‍ മൊത്തമില്ലായിരുന്നല്ലോ.

അഞ്ചത്സ് പറഞ്ഞത് താത്വികമായി ശരി. ആരും അണുവായുധങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. പക്ഷേ യുദ്ധതന്ത്രപരമായി നോക്കിയാലോ? ഇപ്പോള്‍ തന്നെ പാക്കിസ്ഥാനും ചൈനയ്ക്കും ബോംബുണ്ട്. അവര്‍ തന്നെ വേണമെന്നില്ല. എങ്കിലും അവരിരാരെങ്കിലും ഇന്ത്യയില്‍ ബോംബിട്ടു എന്ന് കരുതുക. എന്താണ് ഇന്ത്യ ആ അവസരത്തില്‍ ചെയ്യേണ്ടത്?

ഞാന്‍ അണുവായുധപ്രയോഗത്തെ ന്യായീകരിക്കുകയല്ല. പക്ഷേ മുകളില്‍ പറഞ്ഞതുപോലത്തെ ഒരു അവസ്ഥ ഉണ്ടായാല്‍ എന്ത് ചെയ്യണമെന്നും കൂടി നമുക്ക് പ്ലാനുണ്ടായിരിക്കണമല്ലോ. ഉത്തരകൊറിയ അണുവായുധം മൂപ്പിച്ചപ്പോള്‍ ജപ്പാന്‍ ഭരണഘടന ഭേദഗതി ചെയ്ത് അണുവായുധം ഉണ്ടാക്കിയാലോ എന്ന് പോലും ആലോചിക്കണോ എന്ന് ആലോചിക്കാന്‍ തുടങ്ങിയെന്നും തോന്നുന്നു.

SAJAN | സാജന്‍ said...

അഞ്ചല്‍‌സേ, നല്ല സരംഭം, എല്ലാവിധമായ ആശംസകളും:)

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയപ്പെട്ട അഞ്ചല്‍ക്കാരാ ,
ഈ ആഴ്ച്ചക്കുറിപ്പുകള്‍ സത്യത്തിന്റെ നേര്‍ക്കാഴ്ച്ച തന്നെയെന്നതില്‍ അഭിനന്ദിക്കുന്നു . ആണവക്കരാറിനെ പറ്റി പറഞ്ഞത് വളരെ ശരി . കേരളീയര്‍ ഓണം ആഘോഷിക്കുന്നതിന്റെ പൊള്ളത്തരം തുറന്നു കാട്ടിയതില്‍ വളര വളരെ നന്ദി . ഞാന്‍ അതിനെ പറ്റി ഒന്ന് കൂടി പറയട്ടെ . നമ്മള്‍ ഓണത്തിന് പൂക്കളം ഒരുക്കുന്നതിന് വേണ്ടി കര്‍ണ്ണാടകയിലും തമിഴ് നാട്ടിലും ഉള്ള കര്‍ഷകര്‍ കാലേക്കൂട്ടി പൂക്കള്‍ കൃഷി ചെയ്തു വിളവെടുത്ത് സംഭരിച്ചു വെച്ചു. ജമയന്തിയും , വാടാമല്ലികയും , ചെണ്ടുമല്ലികയുമാണ് ഇങ്ങിനെ ശേഖരിച്ചു വെക്കുന്നത് . കുറേ ദിവസങ്ങള്‍ വാടാതിരിക്കും എന്നതാണ് ഈ പൂക്കളുടെ ഒരു സൌകര്യം . ഓണത്തിന് മഹാബലി പ്രജകളെ കാണാന്‍ വരുമ്പോള്‍ ഞങ്ങള്‍ അന്നത്തെപ്പോലെ ഇന്നും ഐശ്വര്യ പൂര്‍ണ്ണമായ ജീവിതമാണ് നയിക്കുന്നത് എന്ന് അദ്ധേഹത്തെ കാണിക്കാന്‍ ഇങ്ങിനെ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങളും പൂക്കളും മാത്രം മതിയോ ? മദ്യവും വേണ്ടേ ? മഹാബലി വരുമ്പോള്‍ പ്രജകളെല്ലാം നല്ലപോലെ പൂസായി കണ്ടില്ലെങ്കില്‍ ചക്രവര്‍ത്തി വിഷമിച്ചു പോവുകയില്ലേ ? കര്‍ണ്ണാടകയിലെ ഡിസ്റ്റിലറികളില്‍ അതും റെഡി ! ഇനി ലോകത്ത് തന്നെ വേറെങ്ങും ഇല്ലാത്ത ഉപഭോക്തൃസമൂഹം എന്നറിയപ്പെടുന്ന കേരളീയര്‍ക്ക് മാവേലിയെ എതിരേല്‍ക്കാം !

Visala Manaskan said...

പ്രിയ അഞ്ചല്‍ക്കാരന്‍. പോസ്റ്റിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ നാളെ പറയാം.

മറ്റൊരു കാര്യം പറയട്ടേ. കഴിഞ്ഞ ദിവസം ഒരു വേദിയില്‍ വച്ച്, ശ്രീ.കുഴൂര്‍ വിത്സണ്‍ താങ്കളുടെ ഒരു പോസ്റ്റിനെ പറ്റി ഒരുപാട് പറയുകയുണ്ടായി. സത്യത്തില്‍ അത് വായിക്കാതെ പോയതില്‍ ശരിക്കും എനിക്ക് വിഷമം തോന്നി.

ഞാന്‍ പൊതുവെ ചര്‍ച്ചകളില്‍ പങ്കെടുക്കാതിരിക്കുന്നത് അതിനുള്ള ‘ഏപ്പ’ ഇല്ലാത്തതുകൊണ്ടാണെന്നും ‘ഏപ്പ’ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കാത്തതത് ഒട്ടും‘ഏപ്പ’ ആവശ്യമില്ലാത്ത പുരാണങ്ങള്‍ പടച്ച് വിടാനുള്ള ഇഷ്ടം കൂടുതലായതുകൊണ്ടാണെന്നും അറിയിക്കട്ടേ.

എല്ലാവിധ ആശംസകളും.

ഡാലി said...

അഞ്ചല്‍ക്കാരാ, വാരവിചാരം നന്നായി. ഭൂലോകവും ബൂലോഗവും ഒരുമ്മിക്കുന്നിടം. നല്ലത്.

വനിതാലോകത്തെ പരിചയപ്പെടുത്തിയതിനു വനിതാലോകത്തിന്റെ പേരില്‍ നന്ദി. വനിതാലോകത്തെ കുറിച്ച് ഒരു തിരുത്തുണ്ട്. വനിതാലോകം ഇപ്പോള്‍ തുടങ്ങിയതല്ല എന്ന് അതിലെ പോസ്റ്റുകള്‍ കണ്ടാല്‍ മനസ്സിലാവും. ആദ്യപോസ്റ്റ് ഒക്ടൊബര്‍ 21, 2006. സുധചേച്ചി http://www.blogger.com/profile/05676644443423198689 എന്ന പഴയൊരു ബ്ലോഗര്‍ തുടങ്ങി വച്ചതാണ്. സ്ത്രീപക്ഷരചനകള്‍ പുതിയ ഒരു സംരംഭം ആണ് എന്ന് മാത്രം.

അപ്പു said...

ിക്അഞ്ചല്‍ക്കാരാ വാരവിചാരം വായിച്ചു.
നല്ല നിലവാരം പുലര്‍ത്തുന്നു താങ്കളുടെ നിരീ‍ക്ഷണങ്ങള്‍. എല്ലാ ഭാവുകങ്ങളും നേരുന്നു.

വക്കാരി പറഞ്ഞതിനോട് അല്‍പ്പം വിയോജ്ജിപ്പുണ്ട്. അഗ്രജന്‍ പാച്ചുവിനെ ആഴ്ച്ചക്കുറിപ്പുകളില്‍ ഉള്‍പ്പെടുത്തിയതു അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം. അതുകൊണ്ട് അഞ്ചല്‍ക്കാരനും അതുപോലെ ഒരു കുട്ടിക്കളി വാരവിചാരത്തില്‍ ഉള്‍പ്പെടുത്തണം എന്ന് എങ്ങനെ പറയാനാവും. വേണ്ട എന്നാണ് എന്റെ അഭിപ്രായം.

Kiranz..!! said...

കൊള്ളാം അഞ്ചലേ..അചഞ്ചലമായി മുന്നോട്ടു പോകൂ.നന്നായിരിക്കുന്നു എഴുത്ത്,കഴിഞ്ഞയാഴ്ച്ച ബൂലോഗം എപ്പടി എന്നുള്ള ഒരു സ്നാപ് ഷോട്ട് ആണ് ഇതില്‍ എനിക്കു കൂടുതലായി ഇഷ്ടമായത്.തുടര്‍ന്നും അവലോകിക്കൂസ്..!

കിരണ്‍ തോമസ് തോമ്പില്‍ said...

ആണവക്കരാറിനെപ്പറ്റി പറഞ്ഞതിലെ ഒരു വൈരുദ്ധ്യം ചുണ്ടിക്കാണിച്ചുകൊണ്ട്‌ തുടങ്ങാം. ഇന്ത്യ അണുപരീക്ഷണം ആയുധ നിര്‍മ്മാണത്തിന്‌ വേണ്ടി ഉപയോഗിച്ചാല്‍ കരാറില്‍ നിന്ന് ഇന്ത്യ പിന്‍മാറിയതായി കണക്കാക്കപ്പെടും എന്നും നഷ്ടപരിഹാരം നല്‍കേണ്ടിവരും എന്നും എവിടെയും കരാറില്‍ ഇല്ല. അമേരിക്കക്ക്‌ അങ്ങനെ ഏകപക്ഷീയമായി കരാറില്‍ നിന്നും പിന്മാറാനും കഴിയില്ല. അങ്ങനെ പിന്‍മാറിയാല്‍ അവര്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും.

പിന്നെ ബ്ലോഗ്‌ വാരഫലം വിലയിരുത്തല്‍ കുറേക്കൂടി കര്‍ക്കശമാകാം എന്ന അഭിപ്രായമാണ്‌ എനിക്കുള്ളത്‌. സ്വാര്‍ത്ഥ താത്പര്യങ്ങളോ വൈരുദ്ധ്യങ്ങളോ ഏതെങ്കിലും ബ്ലോഗില്‍ കണ്ടാല്‍ അടച്ചാക്ഷേപിക്കണം എന്നാണ്‌ എനിക്ക്‌ പറയാനുള്ളത്‌.

മെലോഡിയസ് said...

അഞ്ചല്‍ക്കാരാ..പുതിയ ബ്ലോഗിന് എല്ലാവിധ ആശംസകളും.. നിലവാരമുള്ള എഴുത്തും നിരീക്ഷണങ്ങള്‍ കൊണ്ട് ഇത് ശ്രദ്ധിക്കപ്പെടും. തീര്‍ച്ച..

ഷാനവാസ്‌ ഇലിപ്പക്കുളം said...

പ്രിയ അന്ചല്ക്കാരാ, രണ്ടാം വറ്ഷത്തിലേക്ക് കടക്കുന്ന ബ്ളോഗെഴുത്തിലെ പുതിയ സംരംഭത്തിന്‍
എല്ലാ വിധ ഭാവുകങ്ങളും ആശംസിക്കുന്നു. ഇതൊരു നല്ല ശ്രമമാണ്‌. വാരവിചാരം വളരെ നല്ല രീതിയില്‍
വളരെക്കാലം മുന്നോട്ട് പോകട്ടെയെന്ന് ആശംസിക്കുന്നു.

വിയോജിപ്പുകളേയും അതിന്റെ സ്പിരിറ്റോടെ കാണാന്‍ കഴിയുന്ന ഒരാളെന്ന നിലയ്ക്കാണ്‌താങ്കളുടെ
ബ്ളോഗില്‍ ഇത്തരം നീണ്ട ഒരു കമന്റെഴുതാന്‍ തന്നെ തുനിഞ്ഞത്. താങ്കള്‍ പറഞ്ഞ ആണവകരാറിനെക്കുറിച്ചുള്ള മറുകോണില്നിന്നുള്ള എന്റെ ഒരു വീക്ഷണമാണ്‍ ഈ കമന്റില്‍. ഇതല്പം
നീടുപോയതിന്‍ ആദ്യമേതന്നെ ക്ഷമചോദിക്കുന്നു. താങ്കള്‍ക്ക് ഇതു വേണമെങ്കില്‍ ഡിലീറ്റാവുന്നതാണ്‌:)

"ഇപ്പോള്‍ അമേരിക്കാവും ഭാരതവും ചേര്‍ന്നുണ്ടാക്കിയ ആണവകരാറിനെ വെറും അമേരിക്കാ വിരോധം വെച്ച് എതിര്‍ക്കപേടേണ്ട ഒന്നാണെന്ന് തോന്നുന്നില്ല"
അന്ധമായ മമേരിക്കന്‍ വിരോധം അത് ഒരോവ്യക്തികളുടെ കാര്യം അതില്‍ തലയിടുന്നില്ല. പക്ഷേ അമേരിക്കയുമായുണ്ടാക്കുന്ന ഈ കരാറിനെ എതിര്‍ക്കുന്നത് അന്ധമായ അമേരിക്കന്‍ വിരോധമെന്ന
ലേബലില്‍ ഒതുക്കാന്‍ ശ്രമിക്കുന്നതിനോട് യോജിപ്പില്ല. ഈ കരാറിനെ എതിര്‍ക്കുന്നതിന്റെ പേരില്‍
ഒരു അമേരിക്കന്‍ വിരോധിയായി കണ്ടാലും കുഴപ്പമില്ല.

ഈകരാറുകൊണ്ട് ഇന്ഡ്യയ്ക്കുണ്ടാകുമെന്ന് പറയപ്പെടുന്ന ഗുണകണങ്ങളെക്കുറിച്ച് കുറച്ചുകൂടി ആഴത്തിലൊന്ന്പരിശോധിച്ചാല്‍ ചിലകാര്യങ്ങള്‍ വ്യക്തമാകും.കൃത്യമായ കണക്കുകളൊന്നും നിരത്താന്‍ ഇപ്പോള്‍ കൈവശമില്ലെങ്കിലും അറിഞ്ഞിടത്തോളം ഊര്‍ജ്ജ ആവശ്യങ്ങള്ക്കായി ഇന്ഡ്യ പുതിയ
സ്റോതസ്സുകള്‍ കണ്ടെത്തിയേ മതിയാകൂ.എത്രശ്രമിച്ചാലും, 2020ല്‍ ഇന്ഡ്യയ്ക്ക് മൊത്തം ആവശ്യമുള്ള ഊറ്ജ്ജത്തിന്റെ കേവലം 10% മാത്രമേ ആണവ റിയാക്ടറുകളില്‍ നിന്നും ലഭ്യമാകൂ. ഈ പത്തുശതമാനത്തില്‍ ഒരു മൂന്നു ശതമാനത്തിന്‌ ഇന്ഡ്യയുടെ നിലവിലെ സ്ഥിതിവെച്ച് സ്വന്തമായി നേടാം ബാക്കിയുള്ള കേവലം ഏഴുശതമാനം ആണവ ഊറ്ജ്ജത്തിന്‌ വേണ്ടിയാണോ നാം ഇന്ഡ്യയുടെ
ഇഒതുവരെയുണ്ടായിരുന്ന സ്വതന്ത്രമെന്നവകാശപ്പെടുന്ന വിദേശനയം അമേരിക്കയ്ക്ക് അടിയറവെക്കാന്‍ പോകുന്നത്‌?

ഇത്‌മദ്യ വിരുധ്ധ സമിതിയുടെ യോഗത്തിന്റെ അദ്ധ്യക്ഷന്‍ യോഗം പിരിച്ചുവിട്ടയുടനേ
പട്ടഷാപ്പന്വേഷിച്ചുപോകുന്നതുപോലെയാണ്‌ ചേരിചേരാനയത്തിന്റെ അദ്ധ്യക്ഷ
സ്ഥാനത്തുനിന്നുള്ള ഇന്ഡ്യയുടെ ഈ അമേരിക്കന്‍ സൈഡുവലിവ്‌.ഈ കാലുമാറ്റം ഇറാഖ്, ഇറാന്‍
പ്രശനങ്ങളില്‍ സ്വീകരിച്ച നിലപാടുകളോടെ തെളിയിച്ചുകഴിഞ്ഞതാണ്‌. ഇതുപോലെ തന്നെ
ഇന്ഡ്യയുടെ ഊറ്ജ്ജ താല്പര്യസംരക്ഷണമായിരുന്നു ലക്ഷ്യമെങ്കില്‍ ഇറാനില്‍ നിന്നുള്ള വാതക
പൈപ്പുഇലൈനിനെ തുരങ്കം വെയ്ക്കുന്ന നിലപാട് അമേരിക്കയ്കുവേണ്ടികൈക്കൊള്ളുമായിരുന്നോ?

കഴിഞ്ഞ പതിനന്ചുവര്‍ഷമായി അമേരിക്കയില്‍ ഒറ്റയാണവ റിയാക്റ്ററുകള്പോലും പുതുതായി
സ്താപിച്ചിട്ടില്ലെന്നതും, ആണവ വിസര്‍ജ്യങ്ങള്‍ സംസ്കരിക്കാനാകാതെ വിഷമിക്കുന്നുവെന്നതും
ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. അടിസ്ഥാനമില്ലാത്തെന്ന് പറഞ്ഞ് തള്ളികളഞ്ഞാല്‍ പോലും ചെര്‍ണോബില്‍ വിസ്മരിക്കാന്‍ കഴിയുമോ?12 വറ്ഷങ്ങള്ക്കു ശേഷമുള്ള കേവലം ഏഴുശതമാനം
ആണവഊറ്ജ്ജലഭ്യതയ്ക്കുവേണ്ടി അമേരിക്ക പോലും മൊത്തം ഊറ്ജ്ജോല്പാദനത്തില്‍ 20 ശതമാനം
മാത്രം ആശ്രയിക്കുന്ന ആണവോറ്ജ്ജത്തിനു പിറകേ പോയാല്‍ പോലും വേണ്ടി വരുന്ന ഭൂരിഭാഗം
ഊറ്ജ്ജോത്പാദനത്തിനുവേണ്ടി ആശ്രയിക്കേണ്ടി വരുന്ന മറ്റ് ഊര്‍ജ്ജ ശ്രോതസ്സുകളെക്കുറിച്ച്
ഒന്നും മിണ്ടാതെയാണ്‍ ഈ സാഹസമെന്ന് ഓറ്ത്തപ്പോള്‍ യോജിക്കാന്‍ കഴിയുന്നില്ല. ഇതേപ്പറ്റി ഞാന്‍ ഇവിടെ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. ഇവിടെ പറയാത്തചിലത് ഞാന്‍ അവിടെ പറഞ്ഞിട്ടുണ്ട്.

"സ്വയം നിര്‍ണ്ണയാവകാശവും അഖണ്ഡതയും പരമാധികാരവും ചോദ്യം ചെയ്യപ്പെടുന്നതാണ്
ആണവകരാര്‍ എന്ന ആരോപണം.." ആടിനെ പട്ടിയാക്കുകയല്ല മറിച്ച് ആട്ടിന്‍തോലണിഞ്ഞാലും
ചെന്നായ് നായ് തന്നെ. അതിന്റെ കൂറ്ത്ത പല്ലുകള്‍ ഒളിപ്പിക്കാനാകില്ല.നമ്മളെ നന്നാക്കനല്ല ഈ
കരാര്‍ എന്ന് താങ്കള്‍ തന്നെ പറയുന്നുണ്ടല്ലോ. ഒരു 'സ്ട്രാറ്റജിക് അലയന്സാണ്' ഈ കരാറിലൂടെ
ലക്ഷ്യമിടുന്നതെന്ന് അമേരിക്കന്‍ സെനറ്റില്‍ ബുഷ് ചെയ്ത പ്രസ്ഥാവന തന്നെ ഇനിയങ്ങോട്ടുള്ള
വിദേശ കാര്യ നയങ്ങളില്‍ അമേരിക്കയ്ക്ക് ജൈവിളിപ്പിക്കാനുള്ള ഒരു വാലാട്ടിയെയാണ്‌
ഇതൊകൊണ്ട് അമേരിക്ക നേറ്റുന്നതെന്ന് പച്ചയായ മലയാളം.
ഇവിടെയാണ്‌ ലോകജനസംഖ്യയുടെ 55%ത്തേയും, ഐക്യരാഷ്ട്രസഭയിലുള്ള രാജ്യങ്ങളുടെ മൂന്നിലൊന്നിനേയും പ്രതിനിധീകരിക്കുന്നതുമായ ഇന്ഡ്യയുടെ നിലപാടുകള്ക്ക് വിലകല്പ്പിക്കുന്ന 'നാം' ല്‍ അംഗങ്ങളായ
120 രാജ്യങ്ങള്‍ക്ക് മുന്നില്‍ നേരുത്തേ പറഞ്ഞ 'അദ്ധ്യക്ഷനായി' ഇന്‍ഡ്യ മാറുന്നത്‌.

"അമേരിക്കാവിന്റെ താല്പര്യങ്ങള്‍ക്കാണോ അതോ ഭാരതത്തിന്റെ താല്പര്യങ്ങള്‍ക്കാണോ കൂടുതല്‍
പ്രാധാന്യം എന്ന ചോദ്യത്തിന് എന്തെങ്കിലും പ്രസക്തി ഉണ്ട് എന്ന് തോന്നുന്നില്ല."
എന്തുകൊണ്ട് പ്രസക്തിയില്ല? ഒരു ഇന്ഡ്യക്കാരനെ സംബന്ധിച്ചിടത്തോളം ഇന്ഡ്യയുടെ താല്പര്യം തന്നെയാണ്‌ പ്രസക്തം അല്ലതെ അമേരിക്കയുടെ ഏഷ്യയിലെ താല്പര്യസംസക്ഷണമല്ല.
നാമെന്തിന്‌ അവരുടെ താല്പര്യ സമ്രക്ഷണത്തിന്‍ ഒരു ഇരയായി നിന്നുകൊടുക്കണം?

ഇതേവിഷയത്തില്‍ ഞാന്‍ ഒരു പോസ്റ്റ് ഇവിടെയിട്ടിട്ടുള്ളതുകൊണ്ട് ഇതിവിടെയവസാനിപ്പിക്കുന്നു. ഇതുവായിച്ച് താങ്കളുടെ ക്ഷമയ്ക്ക് നന്ദി :)

കമന്റ് വല്ലതെ നീണ്ടുപോയതുകൊണ്ട് തന്നെ എല്ലാക്കാര്യങ്ങളിലും അഭിപ്രായം പറയുന്നില്ലെങ്കിലും കോഴിയുടെ കോട്ടുവാ എന്ന പ്രയോഗം ക്ഷ പിടിച്ചു.
സ്നേഹപൂര്‍വം
ഷാനവാസ്

ഗുണശീലന്‍ said...

ചേരിചേരാ പ്രസ്ഥാനം അഥവാ “നാം” ഒരു ചത്ത കുതിരയാണ് . അന്ധമായ അമേരിക്കന്‍ വിരോധം ഇപ്പോള്‍ ചൈനയിലെ ജനങ്ങള്‍ക്ക് ഒട്ടും തന്നെ ഇല്ല . മാറിയ ലോകപരിസ്ഥിതി മനസ്സിലാക്കാന്‍ കഴിയാത്ത പ്രത്യയശാസ്ത്ര മൌലികവാദികള്‍ ഇപ്പോഴും പഴയ അമേരിക്കന്‍ വിരോധം ഛര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു .

അഗ്രജന്‍ said...

അഞ്ചല്‍കാരാ... ആശംസകള്‍

നന്നായിരിക്കുന്നു ആര്‍ട്ടിക്കുകളെല്ലാം...

ബൂലോക വിചാരം കൂടുതലിഷ്ടമായി...

ഓ.ടോ: ചേട്ടനായിരുന്നോ പണ്ടത്തെ ‘ബ്ലോഗാഭിമാനി’ :)