Showing posts with label ബൂലോക വാരം. Show all posts
Showing posts with label ബൂലോക വാരം. Show all posts

Sunday, February 8, 2009

ബൂലോഗ വിചാരം : ലക്കം പതിനാറ്

പോയ വര്‍ഷം മാര്‍ച്ചില്‍ നിന്നു പോയ വാരവിചാരം പുനരാരംഭിയ്ക്കകയാണ്. ബൂലോഗത്ത് അവതരിപ്പിയ്ക്കപ്പെടുന്ന ബ്ലോഗ് പോസ്റ്റുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണമാണീ പംക്തി ലക്ഷ്യമാക്കുന്നത് എങ്കിലും ബൂലോഗ നിരൂപണം ആയി തെറ്റിദ്ധരിയ്ക്കാനിടയുണ്ട്. പക്ഷേ, ഒരു തരത്തിലുള്ള ആസ്വാദന കുറിപ്പ് എന്നതില്‍ കവിഞ്ഞ് ഈ പംക്തിയ്ക്ക് ഒരു പ്രാധാന്യവും കല്പിച്ചു നല്‍കേണ്ടുന്നതില്ല. വിചാരിപ്പ് കാരന്റെ വായനയെ അടിസ്ഥാനപ്പെടുത്തിയുള്ള വിചാരിപ്പാണ് ഇവിടെ സംഭവിയ്ക്കുന്നത്. വ്യക്തി മാറുന്നതിനനുസരിച്ച് വായനയും മാറും എന്നതിനാല്‍ വിചാരിപ്പ് കാരന്റെ വായനയ്ക്ക് തുല്യമാകണമെന്നില്ല ബൂലോഗത്തിന്റെ വായന. ഒരു പക്ഷേ പുറം ചൊറിയാണോ ഈ പംക്തീയെന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നിയേക്കാം. അത് തെറ്റാണ്. ആ സംശയം തെറ്റാണെന്നാണ് ഉദ്ദേശിച്ചത്. ഇത് തികച്ചും ഒരു തരം പുറം ചൊറി തന്നെയെന്നുള്ളതാണ് വാസ്തവം. വിചാരിപ്പ് കാരന് ഇഷ്ടമുള്ളവരെ പുകഴ്ത്താനും ഇഷ്ടമില്ലാ‍ത്തവരെ ഇകഴ്ത്താനും അനന്തമായ സാധ്യതകള്‍ തുറന്നു കിട്ടുന്ന വാരവിചാരം എന്ന അഭ്യാസത്തിലേയ്ക്ക് ഏവര്‍ക്കും വീണ്ടും സ്വാഗതം.

ഇന്നിയുള്ള ഞായറാഴ്ചകളില്‍ ബൂലോഗ വിചാരം പ്രത്യക്ഷപ്പെട്ടേയ്ക്കാം!

രണ്ടായിരത്തി ഒമ്പത് ജനുവരി മാസത്തിലെ ആദ്യത്തെ ആഴ്ച അവതരിയ്ക്കപ്പെട്ട ബ്ലോഗു പോസ്റ്റുകളാണീ ലക്കത്തില്‍ വിചാരിപ്പിനു വിധേയമാകുന്നത്. ജനുവരി ഒന്നു മുതല്‍ ഏഴു വരെ ദിവസങ്ങളില്‍ അവതരിയ്ക്കപ്പെട്ട പോസ്റ്റുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം.

1. നാട്ടില് മൊത്തം പാട്ടായി.
ആദര്‍ശ് കോലത്തുനാട്ടില്‍ എഴുതിയിട്ട പോസ്റ്റ് റേഡിയോ പ്രക്ഷേപണങ്ങളില്‍ കഴിഞ്ഞ അരനൂറ്റാണ്ടായി വന്ന മാറ്റത്തെ കുറിച്ചുള്ള സരസമായ വിവരണമാണ്. ട്രാന്‍സിസ്റ്റര്‍ റേഡിയോയുടെ ഉടമയാകാന്‍ ലൈസന്‍സ് ആവശ്യമായിരുന്ന ഒരു കാലഘട്ടത്തില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്ന പെട്ടി റേഡിയോ മുതല്‍ ആധുനിക എഫ്.എം നിലയങ്ങളിലെ തത്സമയ പ്രക്ഷേപണം വരെ ആദര്‍ശ് രസകരമായി അവതരിപ്പിച്ചിരിയ്ക്കുന്നു. ഒരു കാലഘട്ടത്തില്‍ ഭൂമിമലയാളത്തില്‍ ജനകീയമായിരുന്ന സിലോണ്‍ റേഡിയോ പ്രക്ഷേപണത്തിന്റേതടക്കമുള്ള വിവരണം ഗൃഹാതുരുത്വം ഉണര്‍ത്തുന്നു. "സംസ്കൃത വാര്‍ത്താഹ സുയന്താ ... പ്രവാചക ബല ദേവാനന്ദസാഗരാ ...." ബാക്കി വായന അവിടെ തുടരാം.

2. മാധ്യമ ഭീകരതയുടെ ഇരകള്‍.
എവിടെനിന്നു തുടങ്ങിയെന്നോ എങ്ങിനെ അവസാനിച്ചുവെന്നോ ആര്‍ക്കും ഇന്നും അറിയാത്ത ISRO ചാരക്കേസ് കുഴിച്ചു മൂടപ്പെട്ടിട്ട് രണ്ടു ദശ്ശാബ്ദം ആകുന്നു. രാജ്യത്തിന്റെ ശാസ്ത്ര പുരോഗതിയ്ക്ക് വേണ്ടി അഹോരാത്രം പണിയെടുത്ത കുറേ ശാസ്ത്രജ്ഞന്മാരുടെ ജീവിതം ദുരന്തമാക്കി മാറ്റിയ ചാരക്കേസില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്കിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന അലക്സ് ജേക്കബ്ബിന്റെ പോസ്റ്റാണ് മാധ്യമ ഭീകരതയുടെ ഇരകള്‍. നമ്പിനാരായണനും, ശശികുമാറും, ഫൌസിയ ഹസ്സനും, മറിയം റഷീദയും ഒക്കെ വീണ്ടും ഓര്‍ക്കപ്പെടാന്‍ അലക്സ് ജേക്കബ്ബിന്റെ ഓര്‍മ്മകള്‍ എന്ന ബ്ലോഗില്‍ വന്ന ഈ ഓര്‍മ്മക്കുറിപ്പ് ഒരു കാരണമായി.

3. ശാസ്ത്രം 2008 : അമ്പിളിമാമന്‍ മുതല്‍ അദൃശ്യ മനുഷ്യന്‍ വരെ.
മാനവരാശി രണ്ടായിരത്തി എട്ടില്‍ നേടിയെടുത്ത കണ്ടു പിടുത്തങ്ങളുടേയും ശാസ്ത്ര നേട്ടങ്ങളുടേയും വിളവെടുപ്പാണ് വി.ആര്‍. ഹരിപ്രസാദ് തന്റെ ലോഗ്-ഇന്‍ എന്ന ബ്ലോഗിലൂടെ നടത്തുന്നത്. പേടിയും പ്രതീക്ഷയും സമാസമം കൊണ്ടുവന്ന്‌, തുടങ്ങിയേടത്തുതന്നെ നില്‍ക്കുന്ന കണികാ പരീക്ഷണം മുതല്‍ ഭാരതത്തിന്റെ ചന്ദ്രയാന്‍ ദൌത്യം വരെ പരാമര്‍ശിയ്ക്കപ്പെടുന്ന ലേഖനം ബൂലോഗത്തിനു മുതല്‍ കൂട്ട് തന്നെ. ശാസ്ത്രം 2008 : അമ്പിളിമാമന്‍ മുതല്‍ അദൃശ്യ മനുഷ്യന്‍ വരെ ഇവിടെ വായിയ്ക്കാം.

4. അബ്രഹാമിന്റെ സന്തതികള്‍.
ഇസ്രായേല്‍ ഫലസ്തീന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷങ്ങളുടെ ചരിത്ര വീഥിയിലേയ്ക്ക് ഇറങ്ങി ചെല്ലുന്ന ലേഖനം. ഒരിയ്ക്കലും ശാന്തമാകാത്ത പശ്ചിമേഷ്യന്‍ സാഹചര്യങ്ങളിലെ രാഷ്ട്രീയവും സാമ്പത്തികവുമായ വശങ്ങളെ വിശകലനം ചെയ്യുന്ന ലേഖനം ഇസ്രായേല്‍ ഫലസ്തീന്‍ സംഘര്‍ഷങ്ങളുടെ ആരംഭം അന്വേഷിയ്ക്കുന്നവര്‍ക്ക് ഒരു വഴികാട്ടി തന്നെ. ഡോക്ടര്‍ സൂരജ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ എന്ന ബ്ലോഗില്‍ എഴുതിയിട്ട അബ്രഹാമിന്റെ സന്തതികള്‍ പൂര്‍ണ്ണമാകുന്നത് ആ പോസ്റ്റില്‍ നടന്ന ചര്‍ച്ചകളിലൂടെയാണ്. സെബിന്‍ എബ്രഹാം ജേക്കബ്ബിന്റേയും, മാവേലീ കേരളത്തിന്റേയും ഡീപ് ഡൌണിന്റേയും ശ്രീഹരിയുടേയും ഒക്കെ ഈ പോസ്റ്റിലെ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. രണ്ടായിരത്തി ഒമ്പതിന്റെ ആദ്യ ദിനത്തില്‍ തന്നെ ബൂലോഗത്തിനു ലഭിച്ച പുതുവത്സര സമ്മാനമാണ് ഡോക്ടര്‍ സൂരജിന്റെ ഈ പോസ്റ്റ്.

5. അല്‍-താനി ബില്‍ഡിംഗ് നമ്പര്‍ വണ്‍.
പ്രവാസത്തില്‍ വാടക വീടുകള്‍ സ്വന്തം വീടു പോലെയാണ്. നാട്ടിലെ വാടക വീടുകള്‍ക്കും പ്രവാസത്തില്‍ വാടക വീടുകള്‍ക്കും തമ്മിലുള്ള അന്തരവും ഇതു തന്നെയാണ്. പ്രവാസത്തിലെ വാടക വീടുകള്‍ മിക്കവാറും മൂന്നു വര്‍ഷക്കാലമാണ് അഭയമാവുക. എങ്കിലും ആ മൂന്ന് വര്‍ഷം കൊണ്ട് ഒരോ വാടക വീടും ജീവിതത്തോട് അങ്ങ് ഒട്ടിച്ചേരുകയാണ് പതിവ്. രണ്ടോ മൂന്നോ വര്‍ഷം മാത്രമേ ഒരു വാടക വീട്ടില്‍ താമസിയ്ക്കുന്നുള്ളൂ എങ്കിലും പ്രവാസത്തിലെ വാടക വീട്ടില്‍ നിന്നുള്ള ഒഴിഞ്ഞ് പോക്ക് വേദനാജനകമാണ്. ആ ഒഴിഞ്ഞു പോക്കിന്റെ വേദനയുടെ ഒരു കണികയാണ് സ്മിതാ ആദര്‍ശ് തന്റെ അല്‍-താനി ബില്‍ഡിംഗ് നമ്പര്‍ വണ്ണിലൂടെ പങ്കു വെയ്ക്കുന്നത്. പോസ്റ്റ് വായിച്ചു കഴിയുമ്പോള്‍ ഒരു നേര്‍ത്ത നൊമ്പരം എവിടെയോ ബാക്കിയാകുന്ന പോലെ...

6. ഒന്നാം രാഗം പാടി.
കുട്ടിച്ചാത്തന്റെ പെണ്ണുകാണല്‍ അനുഭവം പങ്കു വെയ്ക്കുന്ന പോസ്റ്റ്. കുട്ടിച്ചാത്തന്‍ പോസ്റ്റുകളിലെ നര്‍മ്മ ഭാവന ഈ പോസ്റ്റിലും ഒട്ടും കൈമോശം വന്നിട്ടില്ല. രണ്ടായിരത്തി ഒമ്പത് ഒന്നാം വാരം വന്ന തികഞ്ഞ നര്‍മ്മത്തിന്റെ ലിങ്ക് ദേണ്ടെ ഇവിടെ.

7. നേര്‍ച്ചകുറ്റിയ്ക്ക് മുന്നില്‍ വണ്ടി പാര്‍ക്കു ചെയ്യരുത്.
അരുണ്‍ ചുള്ളിയ്ക്കലിന്റെ കുറിപ്പ്. ദൈവത്തിനു വേണ്ടി വെച്ചിരിയ്ക്കുന്ന നേര്‍ച്ച കുറ്റികള്‍ മനുഷ്യന്റെ ചെയ്തിയാല്‍ മറയ്ക്കപ്പെടുന്നതിനെ വിമര്‍ശനാത്മകമായി സമീപിയ്ക്കുന്ന നേര്‍ച്ചകുറ്റിയ്ക്ക് മുന്നില്‍ വണ്ടി പാര്‍ക്കു ചെയ്യരുത് എന്ന പോസ്റ്റ് ആരാധനാലയങ്ങള്‍ കച്ചവടവല്‍ക്കരിയ്ക്കപ്പെടുന്നതിനെ ചര്‍ച്ചയാക്കുന്നു. ആത്മീയതയും നേര്‍ച്ച കുറ്റിയും ആധുനിക ലോകത്തിലെ ഏറ്റവും നല്ല കച്ചവട സാധ്യതയാണെന്ന അരുണിന്റെ വാദം ശരിവെയ്ക്കുന്നതായിരുന്നു പോസ്റ്റിനെ അധികരിച്ചു വന്ന ചര്‍ച്ചകളും.

8. ഡിസൈനറും കോന്‍ണ്ട്രാക്ടറും.
സ്വപ്ന ഗൃഹം ഒരുക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാനായി എസ്.കുമാര്‍ എഴുതിയിടുന്ന ബ്ലോഗാണ് പാര്‍പ്പിടം. വസ്തു വാങ്ങുന്നതു മുതല്‍ വാസ്തു നിശ്ചയിയ്ക്കുന്നതുവരെ എല്ലാ പാര്‍പ്പിടത്തില്‍ ഉണ്ട്. പാര്‍പ്പിടത്തില്‍ വന്ന ശ്രദ്ദേയമായൊരു ലേഖനമാണ് ഡിസൈനറും കോന്‍ണ്ട്രാക്ടറും. പുതിയ വീടു നിര്‍മ്മിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ നിശ്ചയമായും കണ്ടിരിയ്ക്കേണ്ട ബ്ലോഗുകൂടിയാണ് എസ്.കുമാറിന്റെ പാര്‍പ്പിടം.

9. മൊഴിമുത്തുകള്‍ -30.
ബഷീര്‍ വെള്ളറക്കാടിന്റെ മൊഴിമുത്തുകള്‍ എന്ന ബ്ലോഗ് അന്ത്യ പ്രവാചകര്‍ മുഹമ്മദ്‌ നബി (സ) തങ്ങളുടെ മൊഴി മുത്തുകളിലൂടെ സഞ്ചരിക്കുവാന്‍ ഒരു ശ്രമമാണ്. മൊഴിമുത്തുകളില്‍ മുപ്പതാം മൊഴിമുത്ത് സ്തീകളെ മാനിയ്ക്കുന്നതില്‍ പ്രവാചകന്‍ കാട്ടിയ മാതൃകയാണ് ചര്‍ച്ചാ വിഷയം. പ്രവാചക സൂക്തം വിശകലനം ചെയ്യുന്ന മൊഴിമുത്തുകള്‍ സംഘര്‍ഷ ഭരിതമായ വര്‍ത്തമാന കാലഘട്ടത്തില്‍ പ്രവാചകന്റെ ഉപദേശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുവാന്‍ കാരണമാകുന്നുണ്ട്.

10. ആഴ്ച ഏതെന്നറിയാന്‍ ഒരെളുപ്പവഴി.
ശ്രീയുടെ കുറുക്കുവഴി. പത്തക്കം ഉള്ള മൊബൈല്‍ നമ്പര്‍ ഓര്‍ത്തിരിയ്ക്കാന്‍ കഴിയുന്നവര്‍ക്ക് പന്ത്രണ്ടക്കമുള്ളൊരു കോഡ് ഓര്‍ത്തു വെയ്ക്കാന്‍ കഴിയുമല്ലോ. അങ്ങിനെ ഒരു പന്ത്രണ്ട് അക്കം ഓര്‍മ്മയില്‍ വെച്ചാല്‍ ആഴ്ചയും ദിവസവും ഒക്കെ കണ്ടു പിടിയ്ക്കാന്‍ കലണ്ടര്‍ തപ്പി നടക്കണ്ട. അതിനുള്ള വിദ്യ ശ്രീ ദേണ്ടെ ഇവിടെ എഴുതിയിട്ടുണ്ട്.

11. ടെന്‍ കാനൂസ്.
ടെന്‍ കാനൂസ് എന്ന ആസ്ടേലിയന്‍ സിനിമയെ കുറിച്ചുള്ള പ്രശാന്ത് കുളത്തിലിന്റെ ആസ്വാദനം.ഒരു നല്ല കഥ പറച്ചിലുകാരൻ ആവാനും നല്ല കേൾവിക്കാരനാവാനും ഒരുപാട് ഗുണങ്ങൾ വേണ്ടതാണെന്ന് ടെന്‍ കാനൂസ് എന്ന സിനിമ ഓര്‍മ്മിപ്പിയ്ക്കുന്നു എന്നു പറഞ്ഞു വെയ്ക്കുന്ന ലേഖകന്‍ ഒരു നല്ല സിനിമാ ആസ്വാദകനാകാനും ഏറെ ഗുണങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹത്തിന്റെ വിവരണത്തിന്റെ മനോഹാരിതയിലോടെ വ്യക്തമാക്കുന്നു. ആസ്വ്വാദനം എന്നാല്‍ സിനിമയുടെ ആഴങ്ങളിലേയ്ക്ക് ഇറങ്ങി ചെന്ന് സൂഷ്മാംശങ്ങളെ പോലും വിശകലനം ചെയ്യുന്ന അതീവ സുന്ദരമായൊരു പോസ്റ്റാണ് പ്രശാന്ത് കുളത്തിലിന്റേത്. വായിയ്ക്കാന്‍ വിട്ടുപോയാല്‍ നഷ്ടമാകുന്നൊരു പോസ്റ്റ്.

12. കൊച്ചു കൊച്ചു തട്ടിപ്പുകള്‍.
തട്ടിപ്പുകളില്‍ പെടാത്തവര്‍ ആരുമുണ്ടാകില്ല. ചിലപ്പോള്‍ ചെറിയ തട്ടിപ്പുകള്‍. മറ്റു ചിലപ്പോള്‍ ഭൂലോക തട്ടിപ്പുകള്‍. തട്ടിപ്പിനു വിധേയമാകുന്നവന്‍ പലപ്പോഴും തട്ടിപ്പു വീരന്മാരുടെ ചതിയ്ക്കാനുള്ള കഴിവില്‍ കുരുങ്ങി പോകാറാണുള്ളത്. നടക്കാന്‍ പോകുന്നത് ഉഗ്രന്‍ തട്ടിപ്പാണ് എന്ന മനസ്സിലാക്കി കൊണ്ട് തന്നെ തട്ടിപ്പിനു കീഴ്പ്പെടുന്നവരും കുറവല്ല. തട്ടികളെ കുറിച്ചുള്ള പ്രതീപിന്റെ ലേഖനം പങ്കു വെയ്ക്കുന്നതും അറിഞ്ഞിട്ടും തട്ടിപ്പിന്നിരായാകേണ്ടി വരുന്ന സാഹചര്യങ്ങളാണ്. അനുഭവങ്ങളാണ് പോസ്റ്റിനാധാരം. ശ്രദ്ധിയ്ക്കപ്പെടേണ്ട പോസ്റ്റുകളില്‍ ഒന്നു തന്നെയായിരുന്നു പ്രതീപിന്റെ മഴവില്ല് എന്ന ബ്ലോഗില്‍ വന്ന കൊച്ചു കൊച്ചു തട്ടിപ്പുകള്‍.

13. ഫാസിസം - അജിത് സാഹിയുമായുള്ള അഭിമുഖം ഒന്നാം ഭാഗം.
അജിത് സാഹി തെഹല്‍ക്കാ മാസികയിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകനാണ്. അടുത്തിടെ അദ്ദേഹം , മുസ്ലിം മതക്കാരെ, നിരോധിക്കപ്പെട്ട സംഘടനായ “സിമി“ യിലെ മുന്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ, പോലീസും മീഡിയയും രഹസ്യാന്വേഷണ ഏജന്‍സികളും ചേര്‍ന്ന് നിരപരാധികളായവരെ രാജ്യത്തെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെടുത്തി തെറ്റായ പ്രചരനം കൊടുക്കുന്നതിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യോഗീന്ദര് സിങ്ങുമായുള്ള ഈ അഭിമുഖസം ഭാഷണത്തില്‍ അദ്ദേഹം മുസ്ലിങ്ങളെ ഭീകരവാദികളായി ചിത്രീകരിക്കുന്നതില്‍ ഇന്ത്യയിലെ മീഡിയ വഹിക്കുന്ന പങ്കിനെക്കുറിച്ച് സംസാരിക്കുന്നു. ജയേഷിന്റെ തെരുവരങ്ങ് എന്ന ബ്ലോഗില്‍ അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം വായിയ്ക്കാം.

14. മേലേ പുളിയാങ്കുടി.
കേരളാ തമിഴ്നാട് അതിര്‍ത്തി ഗ്രാമമായ പുളിയാങ്കുടിയുടെ പശ്ചാത്തലത്തില്‍ പി.കെ.സുധിയെഴുതിയ കഥ. ഒരു തമിഴ്നാട് കാര്‍ഷിക ഗ്രാമത്തിന്റെ മനോഹരമായ പ്രകൃതി വര്‍ണ്ണന എന്നതിനപ്പുറം മറ്റെന്തെങ്കിലും അനുവാചകനു സുധിയുടെ
മേലേ പുളിയാങ്കുടി നല്‍കുന്നുണ്ടോ എന്നു സംശയമാണ്.


15. കരിനാക്ക്.

നാടോടി കഥകളുടെ കൂട്ടത്തിലേയ്ക്ക് ഇത്തിരിവെട്ടത്തിന്റെ പുതിയൊരു സംഭാവന. കരിനാക്കനെ കുറിച്ചുള്ള കെട്ടു തഴമ്പിച്ച കഥയുടെ പുനരാവിഷ്കാരം അവതരണത്തിന്റെ ലാളിത്യം കൊണ്ട് അനുവാചകന്റെ ചുണ്ടിന്‍ കോണില്‍ നേര്‍ത്ത പുഞ്ചിരി വിരിയിയ്ക്കും. മമ്മദിന്റെ പാടത്തെ പുല്ല് കരിയ്ക്കാന്‍ വരുന്ന കരിനാക്കന്റെ സംഭവ ബഹുലമായ കഥ ദേണ്ടേ ഇവിടെ വായിയ്ക്കാം.

16. മൂന്നുമുഴം മുല്ലപ്പൂ.
നനുനനുത്തൊരു കൌമാര പ്രണയത്തിന്റെ ഓര്‍മ്മകള്‍ പങ്കു വെയ്ക്കുകയാണ് നന്ദകുമാര്‍. ഗ്രാമീണ പശ്ചാത്തലത്തില്‍ അടര്‍ന്നു വീഴുന്ന വരികളില്‍ നിറഞ്ഞ് നില്‍ക്കുന്ന മൂന്നുമുഴം മുല്ലപ്പൂവിന്റെ പരിമളം നന്ദകുമാറിന്റെ പോസ്റ്റിന്റെ നീളം അനുവാചകനെ ഒരു വിധത്തിലും മടുപ്പിയ്ക്കുന്നില്ല. വീണ്ടും വായിയ്ക്കാന്‍ തോന്നലുളവാക്കുന്ന ജനുവരിയിലെ ഒന്നാമാഴ്ചത്തെ ഏക പോസ്റ്റും മൂന്നുമുഴം മുല്ലപ്പൂവായിരുന്നു. മൂന്നുമുഴം മുല്ലപ്പൂ പൂര്‍ണ്ണമാകുന്നത് പോസ്റ്റിലെ ജീവനുള്ള ചിത്രങ്ങളിലൂടെയാണ്. ചെറിയനാടന്റെ കമന്റില്‍ മൂന്നുമുഴം മുല്ലപ്പൂ അര്‍ഹിയ്ക്കുന്ന തലത്തില്‍ വിലയിരുത്തപ്പെടുകയും ചെയ്യുന്നു.

17. ഒരു ക്രിസ്തുമസ് കൂടി മടങ്ങി.
സ്വപ്ന അനു ബി. ജോര്‍ജ്ജിന്റെ സചിത്ര ഓര്‍മ്മക്കുറിപ്പ്. പ്രവസത്തിലാകുമ്പോഴാണ് ഒരോ മലയാളിയും നാട്ടിലെ ആഘോഷങ്ങളുടെ മധുരം തിരിച്ചറിയുന്നത്. ഒരോ ആഘോഷവും പ്രവാസിയ്ക്ക് ഒരു മടക്കയാത്രയുടെ ഓര്‍മ്മപ്പെടുത്തലാണ്. നഷ്ടപ്പെട്ടു പോകുന്ന ഒരോ ആഘോഷവും പ്രവാസത്തിലേയ്ക്ക് പറിച്ചു നടാനുള്ള ശ്രമവും വിഫലമല്ല. സ്വപ്നയുടെ ക്രിസ്തുമസ് ഓര്‍മ്മക്കുറിപ്പും അതുകൊണ്ട് തന്നെ മനസ്സുകൊണ്ടൊരു മടങ്ങിപ്പോക്കാണ്.

ജനുവരിയിലെ ആദ്യ ആഴ്ച പുതുബ്ലോഗുകളുടെ വരവ് തീരെ കുറവായിരുന്നു. ആ കുറവ് പരിഹരിച്ചത് ഒരു മെഗാസ്റ്റാര്‍ പുതുബ്ലോഗിന്റെ സാനിദ്ധ്യവുമായിരുന്നു. ബൂലോഗത്ത് മമ്മൂട്ടിയുടെ ബ്ലോഗിനു കിട്ടിയ വരവേല്‍പ്പിനു തുല്യതയുണ്ടായിരുന്നില്ല. കവിതാ ബ്ലോഗുകള്‍ മിക്കവാറും പൂര്‍ണ്ണമായും തന്നെ വര‍ണ്ടുകിടക്കുകയുമായിരുന്നു. വിവാദരഹിതമായ ഒരു വാരം കൂടിയായിരുന്നു രണ്ടായിരത്തി ഒമ്പതിലെ ഒന്നാം വാരം. ശാന്തിയും സമാധാനവും സൌഹൃദവുമായിരുന്നു ബൂലോഗത്തെ രണ്ടായിരത്തി ഒമ്പതിലെ ഒന്നാം വാരത്തിന്റെ മുഖമുദ്ര.

Wednesday, January 9, 2008

ബൂലോക വിചാരം : ലക്കം പതിനഞ്ച്.

പ്രവാസ ജീവിതത്തിന്റെ വിസ വെട്ടപ്പെടുമെന്നും തൊഴില്‍ രഹിതനായി നാട് പിടിക്കേണ്ടി വരുമെന്നും കരുതിയ വാരങ്ങളില്‍ വായന ഒരു മാസം പിറകിലേക്കായി. വിസ വെട്ടപ്പെടാതിരിക്കുകയും ജീവിത താളം തിരിച്ച് കിട്ടപ്പെടുകയും ചെയ്ത ദിനങ്ങളില്‍ വാരവിചാരം തിരിച്ച് വരുന്നു. ബൂലോകം ഒരു ആശ്വാസമായിരുന്നു-പ്രതിസന്ധികളില്‍.

ഡിസംബര്‍ നാലുമുതല്‍ പത്തുവരെ അവതരിക്കപ്പെട്ട പോസ്റ്റുകളിലൂടെയുള്ള യാത്രയാണ് “ബൂലോക വിചാരം പതിനഞ്ചാം ലക്കം.”

1. ചിമ്മാരു മറിയം
സുന്ദരന്റെ “ചിമ്മാരു മറിയം” അവസാനിച്ചു. രണ്ടായിരത്തി ഏഴ് ഏപ്രിലില്‍ യാത്ര തുടങ്ങിയ ചിമ്മാരു ഇരുപത്തി ഏഴാം അദ്ധ്യായത്തില്‍ അവസാനിച്ചപ്പോള്‍ “ചിമ്മാരുവിനൊപ്പം” നടന്നിരുന്നവര്‍ക്ക് ആ വേര്‍പാട് നനുത്ത നൊമ്പരമായി. സുന്ദരന്‍, ചിമ്മാരു മറിയത്തിലൂടെ വരച്ചു വെച്ചത് കുടിയേറ്റ ഗ്രാമങ്ങളുടെ നേര്‍ ചിത്രങ്ങളായിരുന്നു. സ്വതസിദ്ധമാ‍യ ശൈലി കൊണ്ടും നര്‍മ്മത്തില്‍ കോര്‍ത്ത വരികള്‍ കൊണ്ടും ചിമ്മാരു മറിയം ബൂലോക ശ്രദ്ധനേടിയ രചനയായിരുന്നു. ഇതൊരു സംഭവ കഥയല്ലേ എന്ന അനുവാചകരുടെ ചോദ്യത്തിന് സുന്ദരന്‍ കൊടുക്കുന്ന മറുപടിയാണ് പ്രസക്തം. “ഏതെങ്കിലും കുടിയേറ്റഗ്രാമങ്ങളില്‍ പോകാന്‍ അവസരംകിട്ടിയാല്‍ പഴയതലമുറയില്പെട്ട ആരോടെങ്കിലും കഥകള്‍ ചോദിക്കുക.അല്പം ക്ഷമയോടെ അവരെകേള്‍ക്കുക. എത്രയെത്ര മറിയാമ്മമാരെയും മറിയപ്പന്മാരെയുംകുറിച്ച് നിങ്ങള്‍ക്കു അവര്‍ പറഞ്ഞുതരും..” പക്ഷേ പഴമയെ കേള്‍ക്കാനുള്ള ക്ഷമയാണ് അനിവാര്യം. നാട്ടുകവലയിലിരുന്ന് ക്ഷമയോടേ പഴമയെ കേള്‍ക്കാന്‍ താല്പര്യമുണ്ടായിരുന്നവര്‍ക്ക് “ചിമ്മാരുമറിയം” നല്ല വായനാനുഭവമായിരുന്നു നല്‍കിയിരുന്നത്. ഒപ്പം ബൂലോകത്ത് ഘണ്ഡശ്ശ അവതരിക്കപെട്ട പോസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ അദ്ധ്യായങ്ങളിലെത്തി അവസാനിച്ച പോസ്റ്റെന്ന ഖ്യാതിയും ഒരു പക്ഷേ ഈ “സുന്ദരന്‍” പോസ്റ്റിനായിരിക്കും.

ഇതുവരെ “ചിമ്മാരുമറിയം” വായിച്ചിട്ടില്ലാത്തവര്‍ക്ക് ഇരുപത്തിയേഴ് അദ്ധ്യായങ്ങളും ഒന്നിച്ച് വായിക്കാനുള്ള അവസരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. വായിക്കപ്പെടാതിരിന്നാല്‍ നഷ്ടമാകുന്ന പോസ്റ്റുകളിലൊന്നാണ് “ചിമ്മാരു മറിയവും”.

2. വിപരീതം.
നസീര്‍ കടിക്കാടിന്റെ കവിത. ജീവിതത്തിന്റെ വിപരീതാവസ്തകളെ തന്മയത്തോടെ ഏതാനും വരികളില്‍ വരച്ച് വെച്ചിരിക്കുന്ന “വിപരീതം” വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

3. ഒരു കലാലയ ഓര്‍മ്മക്കുറിപ്പ്
ശ്രീയുടെ പോസ്റ്റ്. സ്കൂള്‍ ജീവിതത്തിലെ ഒരു ഏട് ശ്രീ ഹൃദയസ്പൃക്കായി അവതരിപ്പിച്ചിരിക്കുന്നു. എല്ലാ സ്കൂള്‍ ജീവിതങ്ങളും നന്മകളുടെ വിളനിലമാണ്. പത്തു വര്‍ഷത്തെ കുരുത്തക്കേടുകളും വികൃതികളും ഒക്കെ പല ഇന്ദിര ടീച്ചറന്മാരും പത്താം ക്ലാസിലെ അവസാന അദ്ധ്യായന ദിനത്തിന്റെ അവസാന നിമിഷങ്ങളില്‍ ഏതാനും വാക്കുകളിലൂടേയും സമീപനങ്ങളിലൂടേയും അവസാനിപ്പിക്കാറുണ്ട്. കേട്ടിരിക്കുന്ന പത്തം ക്ലാസുകാരന് കുട്ടിത്തം വിട്ട് ഉത്തരവാദിത്തം ഉണ്ടാകുന്ന ദിവസങ്ങളാണ് സ്കൂള്‍ ജീവിതത്തിലെ അവസാന ദിനങ്ങള്‍. അന്നു വരെ കുറുമ്പു കാരായിരുന്നവരുടേയും കഠിന ഹൃദയരായിരുന്നവരുടേയും കണ്‍കോണില്‍ നനവ് പടര്‍ത്താന്‍ കഴിയുന്ന ഗുരുക്കന്മാര്‍ എല്ലാ വിദ്യാലയങ്ങളുടേയും അനുഗ്രഹമാണ്. ആ ഗുരുക്കന്മാരുടെ നന്മ അതേ പടി ഉള്‍കൊള്ളാന്‍ കഴിയുന്ന ശിഷ്യന്മാര്‍ക്ക് ഒരിക്കലും പിന്നിലേക്ക് നോക്കേണ്ടി വരില്ല തന്നെ.

ശ്രീയുടെ ഇന്ദിര ടീച്ചറും വികൃതിയായ കണ്ണനും സഹപാഠികളും സ്കൂള്‍ ജീവിതത്തിലേക്കൊരു തിരിച്ച് പോക്കിനാണ് അവസരം ഒരുക്കിയത്.

4. മീനമൃത്
കണ്ണൂരാന്‍ തന്റെ പെരുങ്കളിയാട്ടത്തിലെഴുതിയ പോസ്റ്റ്. ചര്‍ച്ച ചെയ്യുന്നത് നമ്മുടെ ക്ഷേത്രങ്ങളിലെ വേറിട്ട് നില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങളെയാണ്. മദ്യവും മാംസവും മത്സ്യവുമെല്ലാം ഇഷ്ട നൈവേദ്യമാകുന്ന ക്ഷേത്രങ്ങള്‍ കേരളത്തില്‍ നില നില്‍ക്കുന്നു എന്നത് പുതിയ അറിവാണ് നല്‍കിയത്. പറശ്ശിനിക്കടവു മുത്തപ്പന്‍ ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തിയായ മുത്തപ്പന്റെ ഇഷ്ടപാനീയം കള്ളാണ്, ഇഷ്ട നൈവേദ്യം ഉണക്കമീനും. ഉത്തര മലബാറിലെ കളിയാട്ടങ്ങളില്‍ കാണുന്ന അനാദൃശ്യമായ ചടങ്ങുകളിലൊന്നായ “മീനമൃതിനെ” വിവരിച്ച് കൊണ്ട് ഫോട്ടോകളുടേ പിന്തുണയോടെ കണ്ണൂരാന്‍ പറഞ്ഞ് വെക്കുന്ന വ്യത്യസ്തമായ ആചാരങ്ങള്‍ വായിക്കപ്പെടേണ്ടവയാണ്.

5. ശബരിമല യാത്ര 2007
ചിലമ്പിന്റെ പോസ്റ്റ്. ശ്രദ്ധേയമാകുന്നത് ഇരുമുടി കെട്ടു മുതല്‍ അയ്യപ്പദര്‍ശനം വരെയുള്ള ശബരിമല തീര്‍ത്ഥാടനത്തിലെ അനുഷ്ടാനങ്ങള്‍ അതേ പടി അവതരിപ്പിച്ചിരിക്കുന്നതിനാലാണ്. കൂട്ടത്തില്‍ ശബരിമലയില്‍ അസൌകര്യങ്ങള്‍ക്കിട്ട് കുഞ്ഞു കൊട്ടുകളും. ചിലമ്പിനൊപ്പം നടന്നാല്‍ ഒരു കുഞ്ഞു മലകയറ്റം കഴിഞ്ഞ പ്രതീതി.

6. കൌരവര്‍
ദേവന്റെ കമന്ററയില്‍ നിന്നും. തുറന്നിട്ട വലിപ്പുകളിലെ രാവണന്‍ തോറ്റതോ? മാച്ച് ഫിക്സിങ്ങോ? എന്ന പോസ്റ്റില്‍ ദേവന്‍ തന്നെ ഇട്ട ഒരു കമന്റിന്റെ അനുബന്ധമായി അദ്ദേഹത്തിന്റെ കമന്ററയില്‍ കൊടുത്തിരിക്കുന്ന കൌരവരുടെ പേരുകള്‍ ഒരു തരത്തില്‍ റഫറല്‍ പോസ്റ്റാണ്. നൂറ് പുരുഷ കേസരികളുടേയും ദുശ്ശള പെങ്ങളുടേയും പിന്നെ ഒറ്റക്ക് പിറന്ന യുയുത്സുവിന്റേയും അടക്കം നൂറ്റി രണ്ട് കൌരവ പേരുകള്‍ മനസ്സിലാക്കാന്‍ കിട്ടിയ ആദ്യ അവസരമാണ് ദേവന്‍ ഒരുക്കിയിരിക്കുന്നത്. “കൌരവരില്‍” നിന്നും കമന്ററയിലെ ഈ പോസ്റ്റ് കൌരവരും ടിഷ്യൂ കള്‍ച്ചറും എന്ന ചിന്തോദ്ദീപനമായ മറ്റൊരു പോസ്റ്റിലേക്കും വളര്‍ന്നിരിക്കുന്നു. “വലിപ്പുകളില്‍” തുടങ്ങിയ കൌരവ ചിന്ത “ടിഷ്യൂ കള്‍ച്ചറില്‍” എത്തുമ്പോള്‍ ചര്‍ച്ച ഗൌരവതരമായ തലത്തിലേക്കെത്തുന്നു.
ഈ സീരീസില്‍ കാര്യമായും നിസ്സാരമായും പറഞ്ഞ കാര്യങ്ങളൊക്കെയും നല്ല ചര്‍ച്ചകള്‍ക്കുള്ള വക നല്‍കുന്നവയാണ്.

7. E-Mail ലോട്ടറി തട്ടുപ്പുകള്‍
കൃഷ് ബൂലോകാ ക്ലബ്ബില്‍ എഴുതിയിട്ട പോസ്റ്റ്. കോടികളുടെ സമ്മാനങ്ങളുമായെത്തുന്ന ഓണ്‍ ലൈന്‍ ലോട്ടറികളുടെ അറിയിപ്പുകള്‍ മെയില്‍ ബോക്സില്‍ ലഭിക്കാത്തവര്‍ വിരളമായിരിക്കും. വെറുതേ മെസ്സേജുകളും വായിച്ച് ബ്ലോഗുമൊക്കെ എഴുതിയിരിക്കുന്ന ദരിദ്ര വാസികളെ നിമിഷം കൊണ്ട് കോടികള്‍ക്ക് അധിപന്മാരാക്കാന്‍ തുനിഞ്ഞിറങ്ങുന്നവര്‍ പിച്ച ചട്ടിയില്‍ കയ്യിട്ട് വാരാന്‍ വേണ്ടിയാണ് എഴുന്നുള്ളുന്നത് എന്ന വസ്തുത ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്ന പോസ്റ്റ് കമന്റുകളും കൂടി ചേരുമ്പോഴേ പൂര്‍ണ്ണമാകുന്നുള്ളൂ. ഇന്റര്‍നെറ്റ് തട്ടിപ്പുകളില്‍ പെടാതെ ഒഴിഞ്ഞ് നില്‍ക്കാന്‍ ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ അനിവാര്യമാണ്.

തട്ടിപ്പുകളില്‍ പെട്ടിട്ട് മാറത്തലച്ച് കരയുന്നതിനേക്കാള്‍ തട്ടിപ്പുകളെ കണ്ടെത്തി പരസ്പരം പറഞ്ഞും അറിഞ്ഞും ഇല്ലായ്മ ചെയ്യുകയാണ് വേണ്ടത്!

8. ജാതക ഫലം
മറ്റൊരു കുറുമാന്‍ കഥ. മറ്റെല്ലാ കുറുമാന്‍ രചനകളും പോലെ ഈ കഥയിലും ബൂലോകര്‍ക്ക് ചിരപരിചിതമായ ആ കുറുമാന്‍ മാജിക് കാണാം. “സൂര്യാസ്തമനത്തിന് ശേഷം കവിടി നിരത്തരുത്” എന്ന അഫ്ഫന്‍ കണിയാരുടെ വാക്കുകള്‍ ലംഘിച്ച് അസ്തമന ശേഷവും കവിടിയുമായിരുന്നു ലക്ഷ്മീ പൂജ നടത്തിയ മകന്‍ കണിയാര്‍ക്ക് പറ്റിയ പറ്റ് അവസാന വരി വരെ ഗൌരവതരമായി അവതരിപ്പിച്ച് അവസാന വരിയില്‍ ഒരു പൊട്ടിച്ചിരിയിലേക്കെത്തിക്കുന്നു കുറുമാന്‍. അഭയാര്‍ത്ഥി പറഞ്ഞ പോലെ അവസാന വരിയിലെ അവസാന വാക്കില്‍ നൈട്രസ് ഓക്സൈഡ് തുറന്ന് വിടുന്ന കരവിരുത് സമ്മതിക്കാതെ വയ്യ.

ലളിതമായി കഥ പറയുന്നവര്‍ ബൂലോകത്ത് വിരളമാണ്. ദുര്‍ഗ്രാഹ്യമായ വാക്കുകള്‍ കൂട്ടിവെച്ച് അനുവാചകന്റെ ക്ഷമ പരീക്ഷിക്കുന്ന ബൂലോകത്തിന്റെ ഭൂരിപക്ഷ കഥാകാരന്മാരില്‍ കുറുമാന്‍ കഥകള്‍ കൂടുതല്‍ ആസ്വദിക്കപ്പെടുന്നതിന്റെ കാരണം അവതരണത്തിന്റെ ലാളിത്യം തന്നെ.

9. ഒരു ലൈബ്രറി കൂടി മരിക്കുന്നു...
മൂര്‍ത്തിയുടെ പോസ്റ്റ്. 1964 ഏപ്രില്‍ ഒന്നിന് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ച ബ്രിട്ടീഷ് ലൈബ്രറി 2008 മാര്‍ച്ച് 31ന് അടച്ച് പൂട്ടപ്പെടുന്നു. അക്ഷരങ്ങളില്‍ നിന്നും അകന്നു പോകുന്നവര്‍ക്കെന്ത് ലൈബ്രറി എന്നതായിരിക്കും അടച്ച് പൂട്ടുന്നവര്‍ക്കുള്ള ന്യായീകരണം. പക്ഷേ നഷ്ടപ്പെടലിനോട് അടുക്കുമ്പോള്‍ മാത്രം ഇല്ലായ്മയെ കുറിച്ച് പരിതപിക്കുന്ന ഉള്ളപ്പോള്‍ ഉള്ളതിന്റെ മഹത്വം തിരിച്ചറിയാത്ത നാം ബ്രിട്ടീഷ് ലൈബ്രറിക്ക് വേണ്ടിയും മുതലകണ്ണീരൊഴിക്കി തുടങ്ങി. ആ സ്ഥാപാനം നില നിര്‍ത്താന്‍ വേണ്ടിയുള്ള ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തനങ്ങളല്ല സാംസ്കാരിക നായകന്മാരില്‍ നിന്നും ഉണ്ടാകുന്നത്. വെറുതേ ഒരു നാട്യം.

ബ്രിട്ടീഷ് ലൈബ്രറി അടച്ചു പൂട്ടുന്നതിലുള്ള ബൂലോകത്തിന്റെ വേദന ഒരു പക്ഷേ ഉള്ളില്‍ നിന്നും ഉല്‍ഭവിക്കുന്നതാകാം. കാരണം അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ ഒരുമിച്ച് കൂടുന്നിടമാണല്ലോ ഈ കുഞ്ഞ് ലോകം.

10. കുട്ടികളുടെ ചുമയകറ്റാന്‍ തേന്‍.
കുറുഞ്ഞി ഓണ്‍ലൈനിലെ മറ്റൊരു ആധികാരികമായ പോസ്റ്റ്. കഫ് സിറപ്പുകളേക്കാള്‍ കുട്ടികളുടെ ചുമക്ക് ശമനമുണ്ടാക്കാന്‍ തേനിന് കഴിയും എന്ന അറിവ് പങ്കു വെക്കുന്ന പോസ്റ്റില്‍ നടന്ന ചര്‍ച്ചയും ആധികാരികമായിരുന്നു. അലോപ്പതി ആയൂര്‍വ്വേദ ഹോമിയോ വിവാദം ബൂലോകത്ത് പൊടിപൊടിക്കുമ്പോള്‍ വന്ന തേന്‍ പോസ്റ്റ് എല്ലാ ചികിത്സാ വിധിക്കും അതിന്റേതായ നന്മകള്‍ ഉണ്ടെന്നുള്ളതിന് ഒരു അടിക്കുറിപ്പാവുകയായിരുന്നു.ബാബുരാജിന്റെ മറുപോസ്റ്റ് തേന്‍ ചികിത്സയിലെ “പോട്ടാ” ഫാക്ടര്‍ ചര്‍ച്ച ചെയ്യുന്നു.

ഒരു ഗുണവും ചെയ്യാത്ത കഫ് സിറപ്പുകള്‍ വാങ്ങി അലമാരയില്‍ സൂക്ഷിക്കേണ്ടുന്നതിന് പകരം കുറച്ച് തേന്‍ കരുതിയേക്കുക. പണവും ലാഭം കുട്ടികളുടെ ചുമയും മാറും തീപ്പൊള്ളലേറ്റാല്‍ നീറ്റലിന് ശമനവും ആകും.

11. ഡിജിറ്റല്‍ ലൈബ്രറി -പുസ്തകം വിരല്‍ തുമ്പില്‍
വി.കെ. ആദര്‍ശിന്റെ മറ്റൊരു വിവര ദായക പോസ്റ്റ്. ഇ-വായനയുടെ പുതു ലോകത്തെ പരിചയപ്പെടുത്തുന്ന ഈ ആദര്‍ശ് പൊസ്റ്റില്‍ ലൈബ്രറി ഡിജിറ്റല്‍ ഫോമിലാകുന്നതിന്റെ സൌകര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. “പരമ്പരാഗത ലൈബ്രറിയുടെ ഏറ്റവും വലിയ പ്രശ്‌നം പുസ്‌തകം വയ്‌ക്കാനുള്ള സ്ഥലവും കെട്ടിട സൗകര്യങ്ങളുമാണ്‌. ഇ-ലൈബ്രറിക്ക്‌ കംപ്യൂട്ടര്‍ ഡാറ്റാബേസ്‌ സ്ഥലം മാത്രമാണ്‌ ആവശ്യം. ഇതാണെങ്കില്‍ വളരെ കുറവാണ്‌ താനും. ഇന്ന്‌ ലഭ്യമായിട്ടുള്ള സി.ഡി.റോമില്‍ ഒരുലക്ഷം പുസ്‌തകപേജ്‌ വരെ ഉള്‍ക്കൊള്ളുമെന്ന്‌ പറഞ്ഞാല്‍ ലാഭിക്കാനാകുന്ന സ്ഥലം ഊഹിക്കാവുന്നതേയുള്ളൂ.”

ലൈബ്രറിയില്‍ പോകാതെ വീട്ടിലിരുന്ന് കംബൂട്ടറിലൂടെ ലൈബ്രറിയിലെ പുസ്തകം വായിക്കാന്‍ കഴിയുന്നതും വരിസംഖ്യ അടക്കാന്‍ കഴിയുന്നതും ഒക്കെ ഇപ്പോള്‍ പുതുമയാണെന്ന് പറയാന്‍ കഴിയില്ല. എങ്കിലും കേരളത്തിലേക്ക് ഈ സങ്കേതം എത്തിച്ചേരാന്‍ കാലമിന്നിയുമെത്രയെടുക്കും?

12. മലയാളികള്‍ ശവംതീനികളോ?
സഞ്ജയന്റെ പോസ്റ്റ്. സാക്ഷാല്‍ സി.ദിവാകരന്‍ സഖാവിന്റെ പ്രസിദ്ധമായ “പാല്,മുട്ട, മുറ്റത്ത് നടക്കുന്ന കോഴി” പ്രഖ്യാപനത്തിലെ ആരും ദര്‍ശിച്ച് കാണാത്ത ഒരു വൈരുദ്ധ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന കുഞ്ഞു പോസ്റ്റ്. കേരളത്തില്‍ സസ്യഭുക്കുകള്‍ എന്ത് ഭക്ഷിക്കണം എന്ന ചോദ്യത്തിനുത്തരം “ശവം തീനികളില്‍” നിന്നും പ്രതീക്ഷിക്കേണ്ടതില്ലാല്ലോ?

“പാല്,മുട്ട,കോഴിക്കറി” വാചകം എഴുന്നുള്ളിച്ചവന്റെ ബോധം അളക്കേണ്ടുന്ന ഒന്നല്ല. ‘എങ്കിലും സസ്യഭുക്കുകളെ അപമാനിച്ചു’ എന്ന ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു ഭാഗം കൂടി ബൂലോകത്ത് ചര്‍ച്ച ചെയ്യപ്പെടാനുള്ള അവസരം വേണ്ടത്ര ഉപയോഗിക്കപ്പെട്ടില്ല.

13. പൂര്‍ണ്ണമയുടെ യാത്രകള്‍
ആര്‍. ഗീ‍രീഷ് കുമാറിന്റെ “പ്രശസ്ത പ്രവാസികള്‍” എന്ന സീരീസില്‍ പരിചയപ്പെടുത്തുന്നത് ടുണീഷ്യയില്‍ ജനിച്ച്‌ അയര്‍ലന്‍ഡിലും പാകിസ്‌താനിലും അര്‍ജന്റീനയിലും ബ്രസീലിലും ഇന്ത്യയിലും അമേരിക്കയിലുമായി വളര്‍ന്ന പൂര്‍ണ ജഗന്നാഥന്‍ എന്ന ഹോളിവുഡ്ഡിലും അമേരിക്കന്‍ നാടക ലോകത്തും തന്റെ വ്യക്തി മുദ്ര പതിപ്പിച്ച തമിഴ് നാട്ടുകാരിയെയാണ്.

ഭൂഖണ്ഡങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്ന ജിവിത പരിചയമാണ് പൂര്‍ണ്ണിയെ ഈ നിരീക്ഷണത്തില്‍ എത്തിച്ചിരിക്കുന്നത്. “ഇന്ത്യയിലെ പഠനം ഓര്‍മയെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ്‌. എത്രത്തോളം ഓര്‍ക്കാന്‍ കഴിവുണ്ടോ അത്രത്തോളം മിടുക്ക്‌ കാട്ടാം. ലോകത്ത്‌ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ ഇവിടെനിന്നും പഠിക്കാനാവില്ലെന്ന്‌ അവര്‍ പറയുന്നു.” സത്യത്തോട് എത്രമാത്രം ചേര്‍ന്ന് നില്‍ക്കുന്ന വരികള്‍. ആര്‍.ഗിരീഷിന്റെ “പ്രശസ്ത പ്രവാസികള്‍” എന്ന സീരീസ് വായിക്കപ്പെടേണ്ട പോസ്റ്റുകളുമായാണ് ബൂലോകത്തേക്ക് വരുന്നത്.

14. മഞ്ഞിലുറയുന്ന ജലപാതങ്ങള്‍
ശ്രീലാലിന്റെ ഫോട്ടോ പോസ്റ്റ്. “മിനിയാപൊളിസ് ഡൌണ്ടൌണിനടുത്തുതന്നെയുള്ള മിനിഹഹ പാര്‍ക്കിലെ ഒരു കൊച്ചു വെള്ളച്ചാട്ടം മഞ്ഞില്‍ ഉറഞ്ഞുനില്‍ക്കുന്നതിന്റെ കാഴ്ചകള്‍” ഒഴിക്കിന്റെ വഴിയില്‍ ഉറഞ്ഞപോയ കുഞ്ഞു വെള്ള ചാട്ടത്തിന്റെ നേര്‍ചിത്രങ്ങള്‍ കൌതുകമുണര്‍ത്തുന്നു.

15. ത്രിപ്പൂ‍ണിത്തുറ വൃശ്ചികോത്സവം (2)
മണിയുടെ പോസ്റ്റ്. കഥകളിയെ സ്നേഹിക്കുന്നവര്‍ക്ക് ഒത്തുകൂടാനും വെടി വട്ടത്തിനുമായി സൃഷ്ടിച്ചിരിക്കുന്ന ബ്ലോഗ് കഥകളി സംബന്ധമായ വിഷയങ്ങളുമായി ബൂലോകത്തുള്ള അവതരിച്ചിട്ടുള്ള അപൂര്‍വ്വം ബ്ലോഗുകളിലൊന്നാണ്. ത്യപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശക്ഷേത്രത്തിലെ വിശ്ചികോത്സവത്തിന്റെ രണ്ടാംദിവസം നടന്ന കഥകളിയെപറ്റിയുള്ള വിവരണവും ഫോട്ടോകളുമാണ് ഈ പോസ്റ്റിലുള്ളത്. രുഗ്മാഗതചരിതവും രാവണവിജയവുമായിരുന്നു അവതരിക്കപ്പെട്ട കഥകള്‍.

കഥകളിയുടെ സങ്കേതങ്ങള്‍ പുതു തലമുറക്ക് പരിചയപ്പെടാന്‍ കഴിയുന്ന പോസ്റ്റുകള്‍ മണിയുടെ ബ്ലോഗു വഴി പ്രതീക്ഷിക്കുന്നു. നമ്മുടെ പരമ്പരാഗത സാംസ്കാരിക സമ്പത്തുകള്‍ യൂണീക്കോഡിലാക്കി പോസ്റ്റ് ചെയ്യാന്‍ അതാത് വിഷയങ്ങളില്‍ പ്രാഗത്ഭ്യം ഉള്ളവര്‍ ശ്രമിച്ചിരുന്നെങ്കില്‍ അത് ഭാവിയിലേക്കുള്ള മുതല്‍ കൂട്ടാകുമായിരുന്നു.

16. അവന്‍ നിങ്ങളെ പിരിയില്ല.
ജെസീ‍ന ഹംസയുടെ പോസ്റ്റ്. ചങ്ങാത്തം - അടുക്കുന്തോറും അകലുകയും അകലുന്തോറും അടുക്കുകയും ചെയ്യുന്നൊരു പ്രതിഭാസം. പക്ഷേ ജെസീനയുടെ ചങ്ങാതി ഒരിക്കലും പിരിയാതെ എപ്പോഴും കൂടെ തന്നെ. അതാരെന്നതിനുത്തരം കിട്ടാന്‍ കവിതയുടെ അവസാന വരി വരെ വായിക്കണം.

ദുരൂഹത ലവലേശമില്ലാതെ നല്ലൊരു ദര്‍ശനം നന്നായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു ഈ ജെസീനാ കവിതയില്‍.

17. ക്രിസ്മസ് അപ്പൂപ്പന്‍
അപ്പുവിന്റെ പോസ്റ്റ്. കുട്ടിക്കവിതകള്‍ ബൂലോകത്തെ അപൂര്‍വ്വതകളില്‍ ഒന്നാണ്. കുട്ടിയായി മാറിയെങ്കിലേ അല്ലെങ്കില്‍ കുട്ടിത്തം മനസ്സിലുണ്ടെങ്കിലേ കുട്ടികള്‍ക്കായി കഥകളും കവിതയും ഒക്കെ എഴുതാന്‍ കഴിയുള്ളൂ. കുട്ടികള്‍ക്കുള്ള കവിതകള്‍ കുട്ടികളേക്കാള്‍ മുതിര്‍ന്നവരാണ് ആസ്വാദിക്കുകയും ചെയ്യുന്നത്. മുതിര്‍ന്നവരിലൂടെയേ കുട്ടികളിലേക്ക് കുട്ടികള്‍ക്കുള്ള രചനകള്‍ എത്തുകയുള്ളൂ എന്ന് ചുരുക്കം. അവിടെയാണ് വിജയിക്കുന്നത്. കുട്ടിത്തം നിറഞ്ഞ് നില്‍ക്കുന്ന ക്രിസ്മസ് അപ്പൂപ്പന്‍ കുട്ടികള്‍ക്കുള്ള നല്ലൊരു ക്രിസ്മസ് സമ്മാനമാണ്.

കുട്ടികള്‍ക്കായുള്ള നല്ല ബ്ലോഗുകള്‍ ബൂലോകത്ത് കൂടുതല്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. കുറേശ്ശെ തുടങ്ങി വെക്കാം. നാളെ വായന തന്നെ ബ്ലോഗിലൂടെയാകുന്ന ഒരു നല്ല ദിവസത്തിലേക്ക്. അന്ന് കുട്ടികള്‍ക്കും കിട്ടട്ടെ കുറച്ച് നല്ല പോസ്റ്റുകള്‍. അപ്പുവിന്റെ
ഊഞ്ഞാല്‍ ഒരു കുട്ടികള്‍ക്കുള്ള ബ്ലോഗുകള്‍ക്ക് ഒരു മാതൃകയാണ്.

18. മാമാങ്കം പലകുറി കൊണ്ടാടി
കിഷോര്‍ കുമാറിന്റെ ശബ്ദത്തില്‍ മാമാങ്കം പലകുറി കൊണ്ടാടി കേള്‍ക്കാം. ശ്രവ്യ ബ്ലൊഗുകളില്‍ വേറിട്ട് നില്‍ക്കുന്ന, അടിക്കടി അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന കിഷോര്‍ കുമാറിന്റെ ബ്ലോഗ് സന്ദര്‍ശിക്കുന്നവര്‍ക്ക് ഹൃദയഹാരിയായ ഗാനങ്ങള്‍ കേട്ട് മടങ്ങാം.

19. “മകാനേ” യും “കടാപ്പുറവും” അല്ല മുക്കുവരുടെ യാഥാര്‍ത്ഥ്യം
അചിന്ത്യയുടെ പോസ്റ്റ്. തീരദേശമഹിളാവേദിയുടേയും, CZM -ഇനെതിരായ അഖിലേന്ത്യാപ്രതിഷേധസമരങ്ങളുടേയും പ്രവര്‍ത്തകയായ മഗ്ലിന്‍ പീറ്ററുടെ വരികളുമായെത്തുന്ന പോസ്റ്റ് ചര്‍ച്ച ചെയ്യുന്നത് തീര പ്രദേശത്തെ ജീവിതങ്ങളെ അപരിഷ്കൃത സമൂഹമായി നില നിര്‍ത്താന്‍ ശ്രമിക്കുന്ന ആധുനികതയുടെ വ്യഗ്രതയയേണ്. ദൃശ്യശ്രവ്യ മാധ്യമങ്ങളിലൊക്കെയും തന്നെ കടപ്പുറത്തെ ജീവിതം പകര്‍ത്തപ്പെടുമ്പോള്‍ അമ്പതുകളിലെ ജീവിത സാഹചര്യങ്ങളില്‍ നിന്നും കടപ്പുറം മാറിയിട്ടില്ലാ എന്ന സത്യത്തോട് ചേര്‍ന്ന് നില്‍ക്കാത്ത നിലപാടുകളാണ് ചിത്രീകരിക്കപ്പെടുന്നത്. ലോകം ആധുനികതയിലേക്ക് നീങ്ങുമ്പോള്‍ തീരവും മാറുന്നുണ്ട്. അത് തിരിച്ചറിയാതെ തീര വാസികളുടെ സംസ്കാരത്തേയും ജീവിതത്തേയും രീതികളേയും ചവിട്ട് മെതിച്ചു കൊണ്ട് കോണ്‍ക്രീറ്റ് വനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനെ അര്‍ഹിക്കുന്ന വിധത്തില്‍ അപലപിക്കുന്ന പോസ്റ്റ് ക്രിയാത്മക ചര്‍ച്ചക്ക് വഴി വെച്ചു.

പക്ഷേ ലേഖനത്തിലെ ഒരു വാചകം തെറ്റല്ലേ? “... സ്ഥാപിതം എന്നു തോന്നിയേക്കാവുന്ന ഒരു മിത്തിനെ ചോദ്യം ചെയ്തുകൊണ്ട് 'ചെമ്മീന്‍' അവസാനിക്കുമ്പോള്‍ മറ്റു പല ചിത്രങ്ങളും അന്ധവിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്നവയാണ്”.
“കടലീ പോയിരിക്കുന്ന ഭര്‍ത്താവിന്റെ ജീവന്‍ കരയിലിരിക്കുന്ന പെണ്ണിന്റെ കയ്യിലാ..” എന്ന മിത്ത് ഊട്ടി ഉറപ്പിക്കുന്നതല്ലേ ചെമ്മീനിന്റെ ക്ലൈമാക്സ്?

20. ബി.എം.ഡബ്ലിയുവിനെ നമ്മള്‍ എന്തു വിളിക്കും?
അജേഷ് ചെറിയാന്റെ പോസ്റ്റ്. വാഹനങ്ങളെ പരിചയപ്പെടുത്തുന്ന അജേഷിന്റെ “വാഹന ലോകം” ബൂലോകത്തെ വേറിട്ട് നില്‍ക്കുന്ന ബ്ലോഗുകളിലൊന്നാണ്. പക്ഷേ ഈ പോസ്റ്റ് മനോരമയിലെ സന്തോഷിന് കടപ്പെട്ടിരിക്കുന്നു. വാഹനങ്ങളെ പരിചയപ്പെടുത്തുന്ന ഒരു ബ്ലോഗ് നല്ല ആശയമാണ്. അതില്‍ സ്വന്തം പരിചയപ്പെടുത്തലുകള്‍ വരുന്നതാണ് വാഹനപ്രേമികള്‍ക്ക് കൂടുതല്‍ സംവേദിക്കാന്‍ കഴിയുക.

21. കൊളസ്ട്രോളും പിന്നെ സിന്ധുവിന് സ്നേഹ പൂര്‍വ്വം സരോജിനിയും.
ഇഞ്ചിപ്പെണ്ണിന്റെ പോസ്റ്റും അനംഗരിയുടെ മറുപടിയും നല്ല വായനയായിരുന്നു. വളര്‍ത്ത് ദോഷത്താല്‍ രോഗിയായ മകനെ വിവാഹിതനാക്കി തന്റെ ചുമതല മരുമകളിലേക്ക് മാറ്റി മകനെ മരുമകളുടെ സംരക്ഷണയിലാക്കാമെന്ന് കരുതുന്ന ആധുനിക മാതൃത്വത്തിന്റെ ആകുലതകളിലേക്കാണ് ഇഞ്ചിപ്പെണ്ണ് ശ്രദ്ധക്ഷണിച്ചത്. പെണ്മക്കളായതിനാല്‍ കൂട്ടുകാരിക്ക് ആശങ്കകള്‍ക്ക് വകയില്ലായെന്ന് ആശ്വാസിച്ച് ചുരുക്കപ്പെടുന്ന കത്തിന് ആനംഗരി അതേ നാണയത്തില്‍ മറുപടി പറഞ്ഞിരിക്കുന്നു-അദ്ദേഹത്തിന്റെ പോസ്റ്റില്‍. മകനെ വളര്‍ത്തി വഷളാക്കിയതാണ് ഇഞ്ചിപ്പെണ്ണ് ചര്‍ച്ചക്ക് വെച്ചതെങ്കില്‍ മകളെ വളര്‍ത്തി ഒന്നിനും കൊള്ളാത്തവളാക്കിയതാണ് അനംഗരി ചര്‍ച്ചക്ക് വെക്കുന്നത്.

ആരോഗ്യകരമായ ചര്‍ച്ചകളായിരുന്നു രണ്ടും. ഒരു കത്തും അതിനുള്ള മറുപടീം പോലെ തന്നെ വായിക്കപ്പെട്ട പോസ്റ്റ് അര്‍ഹിക്കുന്ന തരത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.

22. അമ്മേ മൂകാമ്പികേ...
ജ്യോതിര്‍മയിയുടെ പോസ്റ്റ്. അക്ഷരങ്ങള്‍ കൊണ്ട് മൂകാംബിക ദേവിക്ക് ജ്യൊതിര്‍മയി അര്‍പ്പിക്കുന്ന അര്‍ച്ചന. ഭക്തി സാന്ദ്രമായ വരികള്‍. സന്നിധാനത്തിരുന്ന് കുത്തിക്കുറിച്ച വരികള്‍ ജ്യോതിര്‍മയിയിലെ കവയത്രിയെ പുറത്ത് കൊണ്ടു വരുന്നതിങ്ങനെ:
“അമ്മേ! അക്ഷരമാല തന്റെ കളികള്‍ക്കാധാര നീയല്ലയോ?
അമ്പത്തൊന്നക്ഷരങ്ങള്‍ക്കതിമധുരമതും നല്‍കുന്നു നീയംബികേ!
അന്തം തെല്ലേതുമില്ലേയടിയനു വര്‍ണിയ്ക്കുവാന്‍ വാക്കു, നീയി-
ന്നെല്ലാം നല്‍കിയനുഗ്രഹമിദം തന്നീടണേയംബികേ.”

23. മസാല ദോശ
സൂവിന്റെ കറിവേപ്പിലയില്‍ നിന്നും. മസാല ദോശയുടെ നിര്‍മ്മാണ രഹസ്യം ചിത്രങ്ങളുടെ സഹായത്തോടെ സൂ നിര്‍വ്വഹിച്ചിരിക്കുന്ന പോസ്റ്റ്, മസാല ദോശ വീട്ടില്‍ ഉണ്ടാക്കാന്‍ താല്പര്യമുള്ളവര്‍ക്ക് സഹായകം. വിചാരിപ്പ്കാരന്റെ സസ്യഭുക്കായ ബീടരുടെ മസാല ദോശക്ക് വേണ്ടിയുള്ള വാരാവാര “ശരവണ ഭവന്‍” സന്ദര്‍ശനം അവസാനിപ്പിച്ച പോസ്റ്റെന്ന പ്രത്യാകത കൂടിയുണ്ട് ഈ “മസാല ദോശ” പോസ്റ്റിന്. ഇപ്പം മിക്കവാറും ദിവസങ്ങളില്‍ മസാല ദോശയാണ് അത്താഴത്തിനെങ്കിലും സ്വന്തമായി “മസാല ദോശ” ഉണ്ടാക്കുമ്പോള്‍ വാമഭാഗത്തിനുണ്ടാകുന്ന ആത്മസംതൃപ്തി അനുഭവിച്ചറിയേണ്ടുന്നത് തന്നെ. സൂര്യഗായത്രിക്ക് നന്ദി.

വീട്ടിലേക്ക് വരുമുമ്പ് ഫോണിലൂടെ “എന്താടോ ഇന്ന്” എന്ന ചോദ്യത്തിന് “മസാല ദോശ”യെന്ന മറുപടി കേള്‍ക്കുമ്പോള്‍ കഫ്ത്തീരിയയില്‍ കയറി പൊറോട്ടായും മാംസാഹാരവും കഴിച്ച് പിന്നെ വീട്ടീ വന്ന് മസാല ദോശയും കഴിക്കണം എന്ന ചെറിയൊരു ബുദ്ധിമുട്ടുണ്ടെന്ന് മാത്രം.

24. സോഫാ കം വാഷിംഗ് മെഷീന്‍
പേര് പേരക്കായുടെ പോസ്റ്റ്. ഉപഭോക്താവിന്റെ ആവശ്യാനുസരണം ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുക എന്ന ആശയവുമായി വരുന്ന കൊഹെരി നിഷിയാമയുടെ വെബ് സൈറ്റ് പരിചയപ്പെടുത്തുകയാണ് പേരക്ക ഈ പോസ്റ്റിലൂടെ. ഉപഭോക്താവിന്റെ ആശയങ്ങള്‍ ഓണ്‍ലൈനായി സ്വീകരിച്ച് കൂടുതല്‍ പോപ്പുലറായവ നിര്‍മിച്ച് വിപണിയിലറക്കുക എന്നതും തിരഞ്ഞെടുക്കുന്ന ആശയങ്ങള്‍ നല്‍കുന്ന വ്യക്തിക്ക് റോയല്‍റ്റി നല്‍കൂന്നു എന്നുള്ളതും വിപ്ലവകരമായ വിപണന സംസ്കാരമാണ്. ഭാവനയും അതിനെ ഗുണപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും മതിയാവോളമുള്ള മലയാളികള്‍ക്കും തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിച്ച് വിജയത്തിലെത്താന്‍ കഴിയുമെന്നതില്‍ തര്‍ക്കമില്ല.

ഗുണപ്രദമായ മറ്റൊരറിവാണ് പേരക്ക ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

25. ആള്‍ട്ടര്‍നേറ്റീവ് ഭക്ഷണം
ചക്കരയുടെ സി. ദിവാകരനുള്ള ചുട്ടയടി. രസകരം. മരീചിന്റെ കമന്റ് ശ്രദ്ധേയം.

26. ഫിലിപ്പൈനികളുടെ ഭാഗ്യം! ഇന്‍ഡ്യാക്കാര്‍ അസൂയപ്പെടേണ്ട!
ജനശബ്ദം വിരല്‍ ചൂണ്ടുന്നത് പൌരന്മാരോടൂള്ള ഭാരത സര്‍ക്കാറിന്റേയും ഫിലിപ്പൈന്‍ സര്‍ക്കാറിന്റേയും നിലപാടുകളിലെ വൈചിത്ര്യങ്ങളിലേക്കാണ്. നിയമകുരുക്കില്‍ പെട്ട ഫിലിപ്പിനോയെ രക്ഷിക്കാന്‍ “വേണമെങ്കില്‍ കുവൈറ്റി സര്‍ക്കാറിന് മുന്നില്‍ മുട്ടിലിഴയാന്‍ വരെ തയ്യാറാണെന്ന” പ്രഖ്യാപനവുമായി മറ്റെല്ലാ ഔദ്യോതിക പരിപാടികളും വെട്ടിക്കുറച്ച് കുവൈറ്റിലെത്തിയ ഫിലിപ്പൈന്‍സ് പ്രസിഡന്റ് ഗ്ലോറിയ അറോയേയും പ്രവാസികളുടെ കണ്ണുനീര്‍ നിറഞ്ഞ ഭീമ ഹര്‍ജ്ജി കച്ചറ ഡബ്ബയിലിട്ട് വണ്ടി കയറിയ ഭാരതത്തിന്റെ പ്രവാസീ കാര്യ വകുപ്പ് കാബിനറ്റ് മിനിസ്റ്ററേയും തമ്മില്‍ താരതമ്യം ചെയ്യുന്നതു പോലും ദൈവ ദോഷമായിരിക്കും.

ഫിലിപ്പിനോകളുടെ ഭാഗ്യം നാമെന്തിന് അസൂയപ്പെടണം?

27. ട്രൈ എഗയിന്‍
കിനാവിന്റെ കവിത. പ്രവാസത്തിന്റെ പിന്നാമ്പുറത്ത് ഭാഗ്യന്വോഷണത്തിന് അത്താഴ പഷ്ണിക്കാരനെ നിര്‍ബന്ധിക്കുന്ന “ചുരണ്ടല്‍” മേളയിലേക്കുള്ള ഒരു ചൂണ്ടു വിരലാണ് “ട്രൈ എഗയിന്‍”. കിനാവിന്റെ വാക്കുകളാണ് കൂടുതല്‍ സംവേദന ക്ഷമം:
“തിരിയും ചക്രത്തിന്മേല്‍
ബാലന്‍സുതെറ്റാതെ
ചുരണ്ടി തീര്‍ത്തീടേണം
വീണ്ടും ശ്രമിച്ചീടാന-
വസരമില്ലാത്തൊരീ
മങ്ങിയ കടലാസിലെ
ജീവിതകൂപ്പണുകള്‍.”

പ്രവാസി ചുരണ്ടി കൊണ്ടേയിരിക്കുകയാണ്, ഭാഗ്യത്തെ തേടിയല്ല. അന്നന്നത്തെ അന്നം തേടി.

28. വീണ്ടും തിരുവനന്തപുരം നഗരം
വഴി പോക്കന്റെ ഫോട്ടോ പോസ്റ്റ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പത്തെ തിരുവനന്തപുരം നഗരത്തിന്റെ കാഴ്ച കൌതുകം ഉണര്‍ത്തുന്നു. ഫോട്ടോയില്‍ കാണുന്നിടത്തെ ഇപ്പോഴത്തെ പട്ടണക്കാഴ്ച എങ്ങിനെയിരിക്കുന്നു? പഴയ ഫോട്ടോകള്‍ പഴമയിലേക്കൊരു തിരിച്ചു നടക്കലിന് കാരണമാകുന്നവയാണ്.

29. കരുണാകരന്റെ കോണ്‍ഗ്രസിലേക്കുള്ള തിരിച്ച് പോക്ക് സ്വാഗതാര്‍ഹം.
കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ പോസ്റ്റ്. കെ.കരുണാകരന്റെ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചു പോക്കിനേയും കരുണാകരന്റെ രാഷ്ട്രീയ ജീവിതത്തേയും വേറിട്ട് കാണുന്നൊരു പോസ്റ്റ് എന്ന നിലക്കാണ് ഈ “ശിഥില ചിന്ത” പ്രസക്തമാകുന്നത്. കേരളത്തില്‍ കരുണാകരന് തുല്യം എതിര്‍ക്കപ്പെടുകയും അതുലുപരി സ്വീകരിക്കപ്പെടുകയും ചെയ്തിട്ടുള്ള മറ്റൊരു നേതാവില്ലാ എന്ന നിരീക്ഷണം വസ്തുതകളോട് ചേര്‍ന്ന് നില്‍ക്കുന്നു.

30. ഗ്ലാസ് ആന്റ് ബോള്‍ മാജിക്
മന്‍സൂറിന്റെ പോസ്റ്റ്. മന്‍സൂര്‍ മാജിക് ലളിതമായി ബൂലോകരെ പഠിപ്പിക്കുകയാണ്. മാജിക് അറിയുന്നവര്‍ അതിന്റെ രഹസ്യങ്ങള്‍ തുറന്ന് പറയാന്‍ തയ്യാറാകാത്തിടത്താണ് മന്‍സൂര്‍ ലവലേശം മറയില്ലാതെ തനിക്കറിയാവുന്നതൊക്കെ ബൂലോക സമക്ഷം സമര്‍പ്പിക്കുന്നത്. വിശാല ഹൃദയത്തിന്നുടമകള്‍ക്കേ അതിന് കഴിയാറുള്ളൂ. മന്‍സൂറിന് നന്മകള്‍ നേരുന്നു.

എല്ലാ വായനകളും ഒരു പോലെയാകില്ല - ഒരിക്കലും. വിചാരിപ്പ്കാരന്റെ വായനയും പൂര്‍ണ്ണമാകണമെന്നില്ല. ഒരു രചനയെ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത് രചയിതാവിനോടും രചനയോടും ചെയ്യുന്ന അക്ഷന്തവ്യമായ തെറ്റാണ്. വിചാരിപ്പ്കാരന്റെ വായനയില്‍ വൈകല്യങ്ങള്‍ വന്നു പെട്ടേക്കാം. തെറ്റ് ഉണ്ടാവരുത് എന്ന് അദമ്യമായ ആഗ്രഹം ഉണ്ട്. ഏതെങ്കിലും വിധത്തിലുള്ള പാകപ്പിഴകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്ങ്കില്‍ ചൂണ്ടിക്കാട്ടാം. തിരുത്തപ്പെടും എന്ന് ഉറപ്പ്.

ബൂലോകം രണ്ടായിരത്തി ഏഴ് ഒരു സമഗ്രാവലോകനം തയ്യാറായി കൊണ്ടിരിക്കുന്നു. മൂന്ന് ഭാഗങ്ങള്‍ ഉള്ള ബൂലോകം - 2007 അടുത്ത വാരം പ്രസിദ്ധീകരിക്കപ്പെടും.
ഒന്നാം ഭാഗം : “നിറവുകള്‍”
രണ്ടാം ഭാഗം : “കനിവുകള്‍”
മൂന്നാം ഭാഗം : “മുറിവുകള്‍”

വാരവിചാരത്തിന് നല്‍കുന്ന ധാര്‍മ്മിക പിന്തുണക്ക് ഒരിക്കല്‍ കൂടി നന്ദി.

Tuesday, December 18, 2007

ബൂലോകം പോയ വാരം : ലക്കം പതിനാല്

ബൂലോകം ശാന്തം. തമ്മില്‍ തല്ലുകള്‍ വിരളം. കൂട്ടതല്ലും തൊഴുത്തില്‍ കുത്തും വിട്ടുമാറുന്നിടത്ത് നല്ല പോസ്റ്റുകളും പോസ്റ്റുകളില്‍ മേല്‍ ഗുണപരമായ ചര്‍ച്ചകളും നടക്കുമെന്ന് പോയ വാരം തെളിയിക്കുന്നു. അവതരിക്കപ്പെട്ട പോസ്റ്റുകളിലെ വിഷയ വൈവിധ്യം അനുവാചകന് നല്ല വായനാനുഭവം നല്‍കി. മൂന്നാമതൊരു പുസ്തകം കൂടി ബൂലോകത്ത് നിന്നും പിറവിയെടുക്കുന്നു എന്ന വിളംബരം ബൂലോകര്‍ക്കാകമാനം അഭിമാനമായി. അടിക്കടി അവതരിക്കപ്പെടുന്ന പോസ്റ്റുകളുടെ ആധിക്യത്തില്‍ വായിക്കപ്പെടാതെ പോകുന്ന പോസ്റ്റുകളുടെ എണ്ണവും കൂടുകയാണ്. പോസ്റ്റുകള്‍ വായിക്കപ്പെടാതെ പോകുന്നത് എഴുത്ത് കാരനെ സംബന്ധിച്ചിടത്തോളം സങ്കടകരമാണ്. പരിഹാരമായി ചില പരീക്ഷണങ്ങളും പോയ വാരം കണ്ടു. ഗൌരവമായി ബൂലോക വായനയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒട്ടും നിരാശപ്പെടേണ്ടി വരാതിരുന്ന പോയ വാരത്തെ നേര്‍കാഴ്ചകളുമായി “വാരവിചാരവും” എത്തുന്നു.

1. ഏറനാടന്‍ ചരിതങ്ങള്‍
മണല്‍ക്കാറ്റുമായി ഭൂലോകത്ത് കറങ്ങിയ ബൂലോകത്തെ മിനിസ്ക്രീന്‍ താരം ഏറനാടന്റെ “ഏറനാടന്‍ ചരിതങ്ങള്‍” പുസ്തകമാകാന്‍ പോകുന്ന വാര്‍ത്തയായിരുന്നു ബൂലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പോയ വാര ബൂലോക വിശേഷം. ഏറനാടന്‍ ചരിതത്തില്‍ ആദ്യം അവതരിച്ച “വല്യാപ്പ” യില്‍ തുടങ്ങി ലക്ഷ്മി സ്പെഷ്യല്‍ പുട്ടും പീന്നൊരു കൂട്ടും എന്ന പോസ്റ്റുവരെ ഏറനാടന്‍ മണ്ണിന്റെ മണമുള്ള കഥകളും കുറിപ്പുകളും ഇടക്ക് ചില പ്രവാസ നേര്‍ കാഴ്ചകളും ഒക്കെയായി ഏകദേശം മുപ്പതോളം പോസ്റ്റുകള്‍ ഉള്‍കൊള്ളുന്ന ഏറനാടന്‍ ചരിതം ആദ്യ പോസ്റ്റ് ഒഴികെ ബാക്കിയെല്ലാം ലാളിത്യമാര്‍ന്ന “ഏറനാടന്‍ ശൈലി” കൊണ്ട് ശ്രദ്ധേയമായിരുന്നു. പുസ്തകമാകുമ്പോള്‍ അനിവാര്യമാകുന്ന എഡിറ്റിങ്ങു കൂടി കഴിയുമ്പോള്‍ മലയാളം ബ്ലോഗേഴ്സിനാകെ അഭിമാനമായി മറ്റൊരു പുസ്തകം കൂടിയാകും “ഏറനാടന്‍ ചരിതങ്ങള്‍” എന്നതില്‍ തര്‍ക്കമില്ല തന്നെ. പുസ്തക പ്രസിദ്ധീകരണത്തിന്റെ കരാര്‍ ഒപ്പിടുന്നതു മുതല്‍ മേഖലാടിസ്ഥാനത്തിലുള്ള പ്രകാശനം വരെ ബൂലോകര്‍ പുസ്തക പ്രസിദ്ധീകരണം ആഘോഷമാക്കുന്ന ബൂലോകത്തിന്റെ മാത്രം നന്മ “ഏറനാടന്‍ ചരിതത്തിലും” ആവര്‍ത്തിക്കപ്പെടും എന്ന് പ്രതീക്ഷിക്കാം. ഏറനാടനും “ഏറനാടന്‍ ചരിതങ്ങള്‍ക്കും” വാരവിചാരത്തിന്റേയും സര്‍വ്വാശംസകളും....

2. മഴത്തുള്ളി കിലുക്കം
പുതിയൊരു വായനാ ശൈലി രൂപപ്പെടുത്തുകയാണ് “മഴത്തുള്ളി കിലുക്കം” എന്ന കൂട്ടായ്മ. മഴത്തുള്ളി കിലുക്കത്തില്‍ അവതരിക്കപ്പെടുന്ന പോസ്റ്റുകള്‍ വായിക്കപ്പെടും എന്ന മിനിമം ഗ്യാരണ്ടി ഉറപ്പുവരുത്താന്‍ കിലുക്കത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കഴിയുന്നുണ്ട്. നല്ല പോസ്റ്റുകള്‍ വായിക്കപ്പെടാതെയും ശ്രദ്ധിക്കപ്പെടാതെയും പോകുന്നിടത്ത് “മഴത്തുള്ളി കിലുക്കം” പോലുള്ള പരീക്ഷണങ്ങള്‍ ഇന്നിയും തുടരേണ്ടിയിരിക്കുന്നു.

പക്ഷേ “മഴത്തുള്ളി കിലുക്കത്തിലേക്ക് രചനകള്‍ അയക്കൂ...ഞങ്ങള്‍ വേണ്ടുന്ന തിരുത്തലുകള്‍ വരുത്തി പ്രസിദ്ധീകരിക്കും... നേരിട്ട് പ്രസിദ്ധീകരിക്കുന്നത് ഡിലീറ്റ് ചെയ്യാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ടാകും..” തുടങ്ങിയ പ്രസ്താവനകള്‍ ബ്ലോഗെന്ന മാധ്യമത്തിന്റെ അന്തസത്തയെ ചോദ്യം ചെയ്യുന്നില്ലേ എന്ന് സംശയം. ‘ചിന്തയും’, ‘പുഴയും’ ഒക്കെ ചെയ്യുന്നതും ഇതാണ്. രചനകള്‍ അയക്കുന്നു. ഒരു എഡിറ്റോറിയല്‍ ബോര്‍ഡ് അതിനെ എഡിറ്റ് ചെയ്ത് അവരുടെ സൌകര്യം പോലെ പ്രസിദ്ധീകരിക്കുന്നു. ഓണ്‍ലൈന്‍ ആനുകാലികങ്ങള്‍ എന്ന നിലക്ക് അവര്‍ക്ക് അതിനുള്ള അവകാശമുണ്ട്. അതുപോലെ ഒരു ഓണ്‍ലൈന്‍ വാരിക എന്ന നിലയിലേക്ക് മഴത്തുള്ളി മാറുന്നതിലേക്ക് മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ കാരണമാകും. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ പുതിയ പോസ്റ്റു വരുള്ളൂ എന്ന നിലപാട് ശരി വെക്കുന്നതിനോടൊപ്പം ഒരോരുത്തരുടേയും ഊഴം വരുന്നിടത്ത് അവര്‍ സ്വയം പോസ്റ്റ് പബ്ലിഷ് ചെയ്യുക എന്ന സ്വാതന്ത്ര്യത്തിലേക്ക് മഴത്തുള്ളി തിരിച്ചു വരുന്നതാണ് “മഴത്തുള്ളികള്‍ക്ക്” ഗുണകരമാകുന്നത്.


3. ചോദ്യോത്തരം
രാജീവ് ചേലനാട്ടിന്റെ പോസ്റ്റ്. അമേരിക്കാവൂന്റെ ഇരട്ടത്താപ്പുകളെ അര്‍ഹിക്കുന്ന വിധത്തില്‍ അപഹസിക്കുന്ന ഒരു ഈ-മെയില്‍ മെസേജിനെ മലയാളത്തിലാക്കി അവതരിപ്പിച്ചിരിക്കുന്ന പോസ്റ്റ് അമേരിക്കാവിന്റെ നയങ്ങളെ ഹാസ്യാത്മകമായി തുറന്ന് കാട്ടുന്നു. പോസ്റ്റ് വായിച്ച് കഴിയുമ്പോള്‍ “ശരിയാണ്...ഇവര്‍ ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്.” എന്ന് അറിയാതെ പറഞ്ഞ് പോകുന്നു. അമേരിക്കാവിന്റെ സര്‍വ്വ നടപടികളും ഏതാനും വരികളില്‍ കടിച്ചു കുടഞ്ഞിരിക്കുന്ന പോസ്റ്റ് നല്ല വായനയാണ് നല്‍കുന്നത്.

4. ചിത്രപ്രശ്നം
ഹരിശ്രീ(ശ്യാം) യുടെ ബ്ലോഗ് ശ്രദ്ധേയമാകുന്നത് പോസ്റ്റിലെ നിഗൂഢതകളാലാണ്. ചിത്രങ്ങളുമായാണ് ഹരിശ്രീ എത്തുന്നത്. ചിത്രങ്ങളെന്നാല്‍ വെറും ചിത്രങ്ങളല്ല. ഒന്നു നോക്കികഴിഞ്ഞാല്‍ തല പുകയുന്ന ചിത്രങ്ങള്‍. ചിത്രങ്ങളില്‍ ചില സന്ദേശങ്ങളും ചില സംഭവങ്ങളുമൊക്കെ ഒളിഞ്ഞ് കിടക്കുന്നുണ്ടാകും. ഒരു സൂചനയും ഒറ്റ നോട്ടത്തില്‍ ലഭ്യമല്ലാത്ത പോസ്റ്റു വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രം ഉന്നയിക്കുന്ന പ്രശ്നത്തെ അഴിക്കാന്‍ ബൂലോകരില്‍ ചിലര്‍ക്ക് കഴിയുന്നതിനെ അത്ഭുതത്തോടെ മാത്രമേ നോക്കി നില്‍ക്കാന്‍ കഴിയുന്നുള്ളൂ. കൊച്ചു ത്രേസ്യ, വാല്‍മീകി, സഹയാത്രികന്‍, ശ്രീലാല്‍ തുടങ്ങിയവരുടെ ഇക്കാര്യത്തിലുള്ള കഴിവ് അഭിനന്ദനാര്‍ഹമാണ്. രസകരമാണ് ഹരിശ്രീയുടെ ചിത്രപ്രശ്നവും അതിലെ കമന്റുകളും. ഇത്തരത്തിലുള്ള ബൂലോകത്തെ ഏക ബ്ലോഗും ഇത് തന്നെ.

5. ഒരു ഞണ്ടു പിടുത്ത പരീക്ഷണം
മറ്റൊരു കൂട്ടായ്മയായ വിടരുന്ന മൊട്ടുകളില്‍ അംഗമായ പ്രസാദ് വിടരുന്ന മൊട്ടുകളില്‍ തന്നെ എഴുതിയിട്ട പോസ്റ്റായിരുന്നു ഗ്രാമീണതയുടെ മണമുണ്ടായിരുന്ന “ഒരു ഞണ്ടു പിടുത്ത പരീക്ഷണം.” ഒരു ഞണ്ടുപിടുത്ത വിശേഷം എങ്ങിനെ ശ്രദ്ധേയമാകുന്നു എന്ന് ചോദിച്ചാല്‍ “ഒരു ഞണ്ടിന്റെയെങ്കിലും പിറകേ കുട്ടിക്കാലത്ത് പോകാത്തവരാരെങ്കിലും ഉണ്ടാകുമോ?” എന്ന മറുചോദ്യമായിരിക്കും മറുപടി. ആ കുഞ്ഞോര്‍മ്മകളിലേക്ക് മനസ്സിനെ തിരികേ നടത്തുന്നതാണ് ആ “ഞണ്ട് പോസ്റ്റിന്റെ” പ്രാധാന്യം. നല്ല ചിത്രങ്ങള്‍. ഇത്തിരി ക്രൂരമാണെങ്കിലും ആധുനികതയുടെ നേര്‍കാഴ്ചയായ നോക്കിയ മൊബൈലിനൊപ്പം ചിതറിയ കാലുമായി തകര്‍ന്നു കിടക്കുന്ന ഞണ്ടുകള്‍ കൌതുകം ഉണര്‍ത്തുന്നു.

6. ഗതികെട്ടാല്‍ ആന...!!!
എല്ലാ പ്രൌഡിയോടും അടയാഭരണങ്ങള്‍ അണിഞ്ഞ് ആറാട്ടിന് തിടമ്പേറ്റി നില്‍ക്കുന്ന ഗജവീരന്മാര്‍ ഒരു കാഴ്ച തന്നെയാണ്. ഉത്സവ കാലം കഴിഞ്ഞാല്‍ പിന്നെ ഭീമന്‍ മരങ്ങള്‍ പുല്ലു പോലെ വലിച്ചു നീങ്ങുന്ന ഗജവീരന്മാരും നമ്മുക്ക് കൌതുകം തന്നെ. കൂട്ടത്തില്‍ അല്പം ഭക്തി കലര്‍ന്ന ഭയവും കൂടിയുണ്ടെന്ന് കൂട്ടിക്കോ. പക്ഷേ നിലം ഉഴുതു നീങ്ങുന്ന ആനകള്‍ നമ്മുക്ക് കേട്ടറിവു കൂടിയില്ല. അവിടെയാണ് ക്രിഷിന്റെ പോസ്റ്റ് ശ്രദ്ധേയമാകേണ്ടുന്നത്. നിലം ഉഴുതു നീങ്ങുന്ന ആനയുടെ അരുണാചല്‍ പ്രദേശിലെ നാട്ടു കാഴ്ച കാണേണ്ടുന്നത് തന്നെ.

7. ആയൂര്‍വ്വേദവും ഹോമിയോയും മറ്റും ചികിത്സയല്ല. വെറും ചികിത്സാഭാസം.
കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ പോസ്റ്റ്. പോയ വാരം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പോസ്റ്റുകളിലൊന്ന്. ആയൂര്‍വ്വേദ ഹോമിയോ യുനാനി ചികിത്സാരീതികളെ വിമര്‍ശിച്ചു കൊണ്ടും അലോപ്പതിയെ പ്രകീര്‍ത്തിച്ചു കൊണ്ടും നിരവധി പോസ്റ്റുകള്‍ ബൂലോകത്ത് വന്നിട്ടുണ്ട്. അലോപ്പതി മാത്രമാണ് സത്യസന്ധമായ ചികിത്സയെങ്കില്‍ മരണത്തെ അതിജീവിക്കാന്‍ അലോപ്പതിയിലൂടെ കഴിയണം. കാരണം ചികിത്സിക്കുന്നത് മരണത്തില്‍ നിന്നും രക്ഷപ്പെടാനാണല്ലോ. സുകുമാരന്‍ മാഷ് എതിര്‍ക്കുന്ന ഹോമിയോയും ആയൂര്‍വ്വേദവും പോലെ അലോപ്പതിയും മരണത്തെ അതിജീവിക്കുകയല്ല, താല്‍ക്കാലികമായി നീട്ടി വെക്കുകയാണ് ചെയ്യുന്നത്. അലോപ്പതിയില്‍ ചികിത്സിച്ച് ഭേദമാകാത്ത രോഗം ഹോമിയോയില്‍ സുഖപ്പെട്ടു എന്ന് ഒരാള്‍ പറയുമ്പോള്‍ ഹോമിയോയില്‍ പരീക്ഷിച്ച് അലോപ്പതിയില്‍ ഗുണം കിട്ടിയെന്ന് പറയുന്ന മറുപക്ഷവും അലോപ്പതിയും ഹോമിയോയും തട്ടിപ്പാണ് ആയൂര്‍വ്വേദമാണ് ശരിക്കും ശരിയെന്ന് ആണയിടുന്ന മറ്റൊരു വിഭാഗവും ഉണ്ടാകുന്നത് സ്വാഭാവികം. എല്ലാ ചികിത്സകളും മരണത്തേ താല്‍ക്കാലികമായി അകറ്റി നിര്‍ത്തുന്നു എന്ന ധര്‍മ്മം മാത്രം പാലിക്കപ്പെടുന്നിടത്ത് ഏത് തരത്തിലുള്ള ചികിത്സാ ക്രമമാണെങ്കിലും രോഗിക്ക് സ്വാന്ത്വനം ഏകുന്നു എങ്കില്‍ സംഗീതവും പ്രാര്‍ത്ഥനയും പോലും അവഗണിക്കപ്പെടാന്‍ പാടില്ല തന്നെ. പക്ഷേ പോസ്റ്റിന്മേല്‍ നടന്ന ചര്‍ച്ച ആരോഗ്യകരമായിരുന്നു-ചില ഉരസലുകള്‍ ഉണ്ടായെങ്കിലും. എന്‍.ജെ. ജോജുവും, സെബിനും, മൂര്‍ത്തിയും, റോബിയും, ദേവനും, മരീചനും, ചിത്രകാരനും ഒക്കെ അഭിനന്ദനം അര്‍ഹിക്കുന്നു ഈ ചര്‍ച്ച സജീവമാക്കിയതിന്.

ഭാഷ പരുഷമാണെങ്കിലും ഇന്‍ഡ്യാ ഹെരിറ്റേജിന്റെ മറുപടി പോസ്റ്റില്‍ കൂടി ഒന്നു കറങ്ങി മുന്നോട്ട് പോയി എന്‍.ജെ. ജോജുവിന്റെ ഹോമിയോപ്പതിയും അവഗാഡ്രോ നമ്പരിലും കേറി നമ്പരുകളും എണ്ണി പിന്നെയും മൂര്‍ത്തിയുടെ ഗൌരവാല്‍റ്റി കോര്‍ണറില്‍ കേറി ഹോമിയോ പിള്ള, അലോ പിള്ള, ആയുരോ പിള്ള തുടങ്ങിയ പിള്ളമാരെയും കണ്ടിറങ്ങുമ്പോള്‍ എല്ലാം കണക്ക് തന്നെ എന്നതില്‍ നാമും എത്തിച്ചേരും. ശുഭം!

8. ഒരു കരിപ്പൂരും കുറേ കഴുതകളും
ടി.ഏ. അലി അക്‍ബറിന്റെ പോസ്റ്റ്. കരിപ്പൂര് എയര്‍പ്പോര്‍ട്ടിന് വേണ്ടിയുള്ള രാഷ്ട്രീയക്കാരുടെ മുതല കണ്ണീരിനെ അര്‍ഹിക്കുന്ന വിധത്തില്‍ ആപഹസിച്ചു കൊണ്ട് അലി അക്‍ബര്‍ പറഞ്ഞ് വെക്കുന്നത് എയര്‍ ഇന്‍ഡ്യയുടെ കരിപ്പൂര്‍ അവഗണനയുടെ പുതിയൊരു മുഖമാണ്. കരിപ്പൂര്‍ വഴി യാത്ര ചെയ്യാന്‍ വിധിക്കപ്പെട്ട യാത്രക്കരുടെ ദൈന്യങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന നല്ല ലക്ഷ്യമല്ല മറിച്ച് ആ ദൈന്യതയെ വോട്ടു ബാങ്കാക്കി നിര്‍ത്തുക എന്ന ഒറ്റ അജന്‍ഡയില്‍ വട്ടം കറങ്ങുന്ന കരിപ്പൂരിന്റെ അവഗണന രാഷ്ട്രീയക്കാരാല്‍ പരിഹരിക്കപ്പെടും എന്ന് കരുതുക വയ്യ. രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട കരിപ്പൂരിന്റെ വര്‍ത്തമാന കാല ചര്‍ച്ചയില്‍ വേറിട്ട് നില്‍ക്കുന്നു അലി അക്‍ബറിന്റെ “ഒരു കരിപ്പൂരും കുറേ കഴുതകളും”. എഴുത്തിന്റെ ശൈലി കൊണ്ട് ശ്രദ്ധിയര്‍ഹിക്കുന്നതും വിഷയത്തിന്റെ പ്രാധാന്യം കൊണ്ട് ചര്‍ച്ച ക്ഷണിച്ചു വരുത്തുന്നതും ആയിരുന്ന ഈ പോസ്റ്റ് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ടി.ഏ. അലിഅക്‍ബറിന്റെ പഴുതുകള്‍ കുറുക്കുവഴികള്‍ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും വായിക്കപ്പെടേണ്ടവയാണ്.

9. മാര്‍ക്സിസ്റ്റ് കാരുടെ “ഹിന്ദുത്വമുഖം”(?)
നകുലന്റെ പോസ്റ്റ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ കുറിച്ച് വയലാര്‍ രവി ഉന്നയിച്ച ഒരു ആരോപണമാണ് പോസ്റ്റിന്റെ ചര്‍ച്ചാവിഷയം. “മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഹിന്ദു വര്‍ഗ്ഗീയത വളര്‍ത്തുന്നു” എന്നതിന് വയലാര്‍ രവി ഉദാഹരണമായി പറഞ്ഞത് പിണറായിയുടെ “നികൃഷ്ടജീവി” പ്രയോഗമായിരുന്നു. ആ പ്രയോഗത്തിലൂടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഹിന്ദു വര്‍ഗ്ഗീയ വാദികളെ പ്രീണിപ്പിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നു എന്ന് വയലാര്‍ രവി പറഞ്ഞ് വെച്ചത് അസ്സല്‍ കൂസിസ്സം ആണെന്നതില്‍ തര്‍ക്കമേതുമില്ല തന്നെ. “പറയാന്‍ വേണ്ടി പറയുക” എന്നതിന്നൊരുദാഹരണമാണ് വയലാറിന്റെ ഈ പ്രസ്താവന. രചനയുടെ ശൈലികൊണ്ടും ചര്‍ച്ച ചെയ്ത വിഷയത്തിന്റെ കാലിക പ്രസക്തി കൊണ്ടും ശ്രദ്ധേയമാകേണ്ടിയിരുന്ന മറ്റൊരു പോസ്റ്റായിരുന്നു ഇതും.

10. കാക്കയെ ഛര്‍ദ്ദിക്കുന്നതെങ്ങനെ?അഥവാ പോലീസ് സ്റ്റേഷന്‍ ആക്രമിക്കുന്നതെങ്ങനെ?
അമ്മയെ തല്ലിയാലും അഭിപ്രായം പലതായിരിക്കുമെന്നതിനെ സാധൂകരിക്കുന്ന മറ്റൊരു പോസ്റ്റ്. ഗര്‍ഭിണികളായ സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നതും പോലീസ് സ്റ്റേഷനില്‍ കൊണ്ടു പോകുന്നതും പോലീസ് മുറയില്‍ തന്നെ കൈകാര്യം ചെയ്തിട്ടുള്ളതും ഒന്നും കേരളാ പോലീസ് ഡയറിയിലെ പുതിയ അദ്ധ്യായങ്ങളല്ല. നിയമ വിധേയമായി നന്നായി നടന്നു കൊണ്ടിരുന്ന ഒരു പലചരക്ക് കടയില്‍ കടന്ന് കയറി കല്ലു വര്‍ഷവും തെറിയഭിഷേകവും നടത്തിയ സി.പി.ഐ യൂത്തിലെ ഭരണം തലക്ക് കയറിയ (വിപ്ലവം അല്ല) യുവതികളില്‍ ചിലരെ പോലീസ് സ്റ്റേഷനില്‍ നിന്നും ഇറക്കുന്നതിനു മുമ്പ് പൂര്‍വ്വ കാലത്തെപ്പോഴെങ്കിലും ഏതെങ്കിലും ഗര്‍ഭിണിയായ യുവതിയെ പോലീസ് സ്റ്റേഷനില്‍ നിന്നും ഇറക്കാന്‍ ഏതെങ്കിലും മന്ത്രിമാര്‍ തുനിഞ്ഞിറങ്ങിയിട്ടുണ്ട് എന്ന് പോയ അമ്പത് വര്‍ഷക്കാലത്തെ പോലീസ് ചരിത്രത്തിലെവിടെയെങ്കിലും കാണുമെങ്കില്‍ ഈ വിവേക പോസ്റ്റിന് സാധൂകരണം ഉണ്ട്. അല്ലെങ്കില്‍ മാധ്യമങ്ങള്‍ പറയുന്നത് തന്നെയാണ് ശരി. ബൂലോകത്ത് സി.പി.ഐ കലാപരിപാടികളെ വേറിട്ട് കണ്ട ഒരു പോസ്റ്റെന്ന നിലക്കും ദത്തന്റെ വേറിട്ട ശൈലിയാല്‍ ശ്രദ്ധിക്കപ്പെടേണ്ട ഒരു പോസ്റ്റെന്ന നിലക്കും പ്രാധാന്യം അര്‍ഹിക്കുന്നു “കാക്കയെ ഛര്‍ദ്ദിക്കുന്നതെങ്ങനെ? അഥവാ പോലീസ് സ്റ്റേഷന്‍ ആക്രമിക്കുന്നതെങ്ങനെ?”

11. കുഞ്ചിയമ്മയും അഞ്ചുമക്കളും
ചിത്രകാരന്റെ കാര്‍ട്ടൂണ്‍ പോസ്റ്റ്. പതിനേഴു വയസ്സുള്ള കുഞ്ചു തൊടുത്ത് വിടുന്ന ചിന്തയുടെ ശകലങ്ങള്‍ ഇന്നും പ്രസക്തം. വളരുന്തോറും മക്കള്‍ മാതാപിതാക്കളെ മറക്കും എന്നത് ലോക സത്യം. അതിനെ ഏതാനും ചില കുഞ്ഞു വരകളില്‍ സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു ചിത്രകാരന്‍.

12. ഇത്രയാണ് പിണറായിയുടെ മകന്റെ മിടുക്ക്
ആന്റോതോമസ് “ദാറ്റ്സ് മലയാളത്തില്‍” നിന്നും എടുത്ത് പോസ്റ്റാക്കിയത്. വായിച്ച് കഴിയുമ്പോള്‍ വിവേക് പിണറായിയോട് ആദരവ് തോന്നി പോകുന്നു. എന്തെന്നാല്‍ അദ്ദേഹത്തിന്റെ പഠിപ്പോര്‍ത്ത്. മുക്കുവന്റെ കമന്റാണ് സ്കോര്‍ ചെയ്തത്. ദാറ്റ്സ് മലയാളത്തിലൂടെയാണെങ്കിലും ആന്റോതോമസിന്റെ ബ്ലോഗിലൂടെയാണെങ്കിലും വായിക്കപ്പെടേണ്ട ലേഖനം.

13. ബിംബ കല്പനയുടെ നൈതികത
പതാലിയുടെ പോസ്റ്റ്. ഇതും കൂടി ചേര്‍ത്ത് വായിച്ചാലേ വായന പൂര്‍ണ്ണമാകുള്ളൂ.

14. യൂറോപ്യന്‍ ചിന്താസരണികളും ഭാരതവും
സി.കെ. ബാബുവിന്റെ പോസ്റ്റ്. മനുഷ്യ ബുദ്ധിയുടെ ജയില്‍ വാസമെന്ന് വിശേഷിപ്പിക്കാവുന്ന ആറാം നൂറ്റാണ്ടു മുതല്‍ പതിനാലാം നൂറ്റാണ്ടു വരെയുള്ള ഇരുണ്ട കാല ഘട്ടത്തിന് ശേഷം ദൈവ രാജ്യത്തിന്റെ വരവിനായി കാത്തിരിക്കുന്നവരെ അവരുടെ വഴിക്ക് വിട്ട് ചിന്താ ശീലരും അന്വോഷണ കുതികളും ആയ ഏതാനും പാശ്ചാത്യാ പ്രതിഭാശാലികളുടെ സ്വതന്ത്ര ചിന്തയുടെ പരിണതിയാണ് ആധുനിക ലോകം ഇന്നനുഭവിക്കുന്ന സര്‍വ്വ ഭൌതിക സൌകര്യങ്ങളുടേയും അടിസ്ഥാനം. ദൈവരാജ്യ വരവിനായി കാത്തിരുന്നവരോടപ്പം ആ പ്രതിഭാശാലികളും ചേര്‍ന്നിരുന്നുവെങ്കില്‍ ഇന്നും മനുഷ്യ രാശി ഇരുട്ടില്‍ തപ്പുമായിരുന്നു. നവലോകത്തിലേക്ക് ഉള്ള യാത്രയില്‍ പശ്ചാത്യ ചിന്തകന്മാര്‍ നടന്നു തുടങ്ങിയപ്പോള്‍ ഭാരതം കാട്ടിലും പുഴയിലും കടലിലും വിണ്ണിലും മണ്ണിലും എന്നു വേണ്ട തൂണിലും തുരുമ്പിലും വരെ ദൈവത്തെ തേടി നടക്കുകയായിരുന്നു. ഇല്ലാത്തതിനെ തേടിയുള്ള ഭാരതീയന്റെ യാത്ര തുടരുമ്പൊള്‍ പാശ്ചാത്യ ലോകം പ്രപഞ്ച രഹസ്യങ്ങള്‍ ഒന്നൊന്നായി ചികഞ്ഞ് കണ്ടെത്തിയ ഭൌതിക ജീവിത സൌകര്യങ്ങള്‍ പാശ്ചാത്യരില്‍ നിന്നും സൌകര്യപൂര്‍വ്വം കടം കൊണ്ടിട്ട് അവരെ തന്നെ അവഗണിക്കണം എന്ന് പറയുന്ന ഇരട്ടത്താപ്പിനെ സി.കെ.ബാബു സുന്ദരമായി തുറന്ന് കാട്ടുന്നു. “കാളയുടെയോ കൈപ്പത്തിയുടെയോ പടം നോക്കി സ്വന്തം പ്രതിനിധികളെ തെരഞ്ഞെടുക്കേണ്ടിവരുന്ന ഒരു ജനാധിപത്യം അതിന്റെ ദയനീയതയിലേയ്ക്കും ഗതികേടിലേയ്ക്കുമാണു് വിരല്‍ ചൂണ്ടുന്നത്...” തുടങ്ങി ബാബു പോസ്റ്റില്‍ ചൂണ്ടികാട്ടുന്ന വിഷയങ്ങളും ചോദ്യങ്ങളും എല്ലാം തന്നെ ചിന്തിപ്പിക്കുന്നതാണ്. ഇതുവരെ മൂന്ന് ഭാഗങ്ങളായി എത്തിയിരിക്കുന്ന പോസ്റ്റ് വായിക്കപ്പെടേണ്ടതാണ്. പക്ഷേ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല.

15. മുല്ലപ്പെരിയാറിലേക്കൊരു യാത്ര - 11
പാച്ചുവിന്റെ മുല്ലപ്പെരിയാറിലേക്കൊരു യാത്രയിലെ പതിനൊന്നാം ലക്കം ശ്രദ്ധേയമാകുന്നത് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പിറവിയുമായി ബന്ധപ്പെട്ടിട്ടാണ്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം പോലും തോറ്റു മടങ്ങിയിടത്ത് ഒരു വ്യക്തിയുടെ നിശ്ചയ ദാര്‍ഢ്യമാണ് നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുല്ലപ്പെരിയാറില്‍ അണക്കെട്ട് ഉണ്ടാകാന്‍ കാരണമായത് എന്ന കുഞ്ഞറിവ് കൌതുകം ഉണര്‍ത്തുന്നു.

16. വേട്ടക്കാരുടെ സ്പേസ്, ഇരകളുടേയും
ഹരിപ്രസാദ് രാമകൃഷ്ണന്റെ പോസ്റ്റ്. സൈബര്‍ കുറ്റകൃത്യങ്ങലിലേക്ക് വെളിച്ചം വീശുന്ന മറ്റൊരു പോസ്റ്റ് എന്നതിലുപരി മെയ്‌‌ഗന്‍ മിയര്‍ എന്ന പതിമൂന്ന് കാരിയുടെ ദുരന്തമാണ് ഈ പോസ്റ്റിനെ ശ്രദ്ധാര്‍ഹമാക്കുന്നത്. ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി ഒരു പിഞ്ചിനെ കൊലപ്പെടുത്തിയ രീതി ഞെട്ടലുളവാക്കുന്നു. കുട്ടികളുടെ സൈബര്‍ യാത്രയില്‍ മുതിര്‍ന്നവര്‍ കൂടെയുണ്ടാകേണ്ടുന്നതിന്റെ ആവശ്യകത ഊന്നിപറയുന്ന പോസ്റ്റ് വായിക്കപ്പെടേണ്ടതാണ്.

17. നിയമങ്ങള്‍ പാലിക്കുമ്പോള്‍
തെക്കേടന്റെ രസകരമായ ലേഖനം. നിഷേധിക്കാനായി മാത്രം സൃഷ്ടിക്കപ്പെടുന്ന നിയമങ്ങളെ അനസ്യൂതം നിഷേധിച്ചു കൊണ്ടിരിക്കുന്ന മലയാള സംസ്കാരത്തെ ആക്ഷേപിച്ചു കൊണ്ടു തെക്കേടന്‍ പറയുന്നു “ചില മതിലുകളിലും ചില സ്ഥലങ്ങളിലും മറ്റൊരു അറിയിപ്പ് കാണാം.‘ഇവിടെ മൂത്രം ഒഴിക്കരുത്’.പട്ടി മയില്‍ക്കുറ്റികാണു‌മ്പോള്‍ പിന്‍ക്കാല്‍ പൊക്കുന്നതുപോലെ ഈ അറിയിപ്പ് കാണുമ്പോള്‍ ആണുങ്ങള്‍ അറിയാതൊന്നു ബ്രേക്കിടും.ബ്രേക്കിട്ടില്ലങ്കില്‍ നമ്മള്‍ എന്ത് മലയാളീസ്.” ചെയ്യരുതെന്ന് പറയുന്നത് ചെയ്തേ സമാധാനമുണ്ടാകൂ എന്ന നിലപാടിനെ തുറന്നെതിര്‍ക്കുന്ന ലേഖനം വായിക്കപ്പെടേണ്ടതായിരുന്നു. പക്ഷേ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

18. പത്മനാഭപുരം കൊട്ടാരം - ഫോട്ടോ പോസ്റ്റ്
കുട്ടുവിന്റെ ഫോട്ടോ പോസ്റ്റ്. പത്മനാഭപുരം കൊട്ടാരത്തിന്റെ ദൃശ്യഭംഗി അതേപടി ഒപ്പിയെടുത്തിരിക്കുന്ന കുട്ടുവിന്റെ പോസ്റ്റിലെ “ക്യാപിറ്റല്‍ പണിഷ്മെന്റിനുള്ള ഉപകരണ” ത്തിന്റെ ഫോട്ടോയും അതിന് നല്‍കിയിരിക്കുന്ന വിശദീകരണവും ഞടുക്കമുണ്ടാക്കുന്നു.

19. പുസ്തകവും എതിര്‍‌ പുസ്തകവും
മൂര്‍ത്തിയുടെ പോസ്റ്റ് ചര്‍ച്ച ചെയ്യുന്നത് ചെസ്സ് കളിയുമായി ബന്ധപ്പെട്ടിറങ്ങുന്ന പുസ്തകങ്ങളിലെ കൌതുകത്തെ കുറിച്ചാണ്. കൂട്ടത്തില്‍ നമ്മുടെ ഭാഷയില്‍ ചെസ്സ് പുസ്തകം ഇറങ്ങാത്തതിനെ കുറിച്ചൊരു കൊട്ടും. സുജിത്തിന്റെ കമന്റ് മൂര്‍ത്തിയുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും ആയി.


20. നമ്മുടെ മനോരോഗാശുപത്രികള്‍
വി.ശശികുമാറിന്റെ പോസ്റ്റ്. “നമ്മളില്‍ മിക്കവരും ഒരിക്കലും കാണാനാഗ്രഹിക്കാത്തൊരിടത്തെക്കുറിച്ചാണ്” ശശികുമാര്‍ എഴുതുന്നത്. തിരുവനന്തപുരം മാനസ്സികരോഗാശുപത്രിയിലെ കാഴ്ചകള്‍ വായിക്കുമ്പോള്‍ മരവിപ്പുണ്ടാകുന്നു. രോഗം മാറിയാലും രോഗിയെ മാറാന്‍ അനുവദിക്കാത്ത സമൂഹ മനസ്സാക്ഷിയെ തൊട്ടുണര്‍ത്താന്‍ സുന്ദര്‍ എന്ന മനുഷ്യ സ്നേഹി കലാ കൌമുദിയില്‍ എഴുതിയ ലേഖനങ്ങള്‍ ഒരുമിച്ച് കൂട്ടി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന “ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കില്‍” എന്ന പുസ്തകത്തിന്റെ വിളംബരവും പോസ്റ്റിലുണ്ട്. ചെറു മാനസ്സിക വൈകല്യങ്ങള്‍ ഉള്ളവരെ മുഴു ഭ്രാന്തന്മാരാക്കുന്ന നമ്മുടെ മാനസ്സിക രോഗാശുപത്രികളെയും സമൂഹത്തേയും ആരു ചികിത്സിക്കും? നല്ല ലേഖനം. വായിക്കപ്പെടേണ്ടത്.

“വാര വിചാരം” പതിനാലാം ലക്കം ഇവിടെ അവസാനിക്കുന്നു. ഡിസംബര്‍ മൂന്നാം തീയതി വരെയുള്ള ബ്ലോഗുകളിലൂടെയുള്ള യാത്രയാണ് പതിനാലാം ലക്കം. നന്ദി.

Tuesday, November 27, 2007

ബൂലോകം പോയ വാരം : ലക്കം പതിമൂന്ന്

പൊതുവേ ശാന്തമായ വാരത്തിലൂടെയാണ് ബൂലോകം കടന്നു പോയത്. അറിയാവുന്നത് മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കാനുള്ള ബൂലോക സൌഹൃദമായിരുന്നു പോയ വാരത്തെ പ്രത്യേകത. മോഷണം,പിടിച്ച് പറി, തൊണ്ടി കണ്ടെത്തല്‍, വിശ്വാസികളും നിരീശ്വര വാദികളും തമ്മിലുള്ള നിലക്കാത്ത സംവാദം, പോസ്റ്റിന് കമന്റ് പിന്നെ കമന്റ് തന്നെ പോസ്റ്റ്, തുടങ്ങി പതിവു പോലെ സജീവം ബൂലോകം. വാരവിചാരവും കടന്നു വരുന്നു പോയ വാരത്തെ ബൂലോക നേര്‍ കാഴ്ചകളുമായി.

1. സാര്‍ത്ഥവാഹക സംഘത്തോടൊപ്പം
ഇത്തിരിവെട്ടത്തിന്റെ സാര്‍ത്ഥവാഹക സംഘത്തോടൊപ്പം എന്ന ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ലേഖനം അതിന്റെ അവതരണ ഭംഗി കൊണ്ടും ചര്‍ച്ച ചെയ്യുന്ന വിഷയത്തിന്റെ പ്രാധാന്യം കൊണ്ടും ബൂലോകത്ത് വേറിട്ട് നില്‍ക്കുന്നു. സമത്വത്തിന്റെയും സാഹോദര്യത്തിന്റേയും ശാന്തിയുടേയും നേര്‍മതമായ ഇസ്ലാമിനെ അതിന്റെ നന്മ ഒട്ടും ചോര്‍ന്നു പോകാതെ വരച്ചു വെക്കാന്‍ ഇത്തിരിവെട്ടത്തിന് കഴിഞ്ഞിരിക്കുന്നു. ലോകത്ത് ഏറ്റവും തെറ്റിദ്ധരിക്കപെട്ട മതം ഇസ്ലാമല്ലാതെ മറ്റൊന്നല്ല. ശാന്തിയുടേയും സമാധാനത്തിന്റേയും പരിഛേദമാകേണ്ട ഇസ്ലാമിനെ ഭീകരതയുടെ സ്വരൂപമാക്കി മാറ്റപ്പെടുന്ന ആധുനിക ലോകത്ത് ഇസ്ലാമിന്റെ നന്മയെ കുറിച്ച് പറയുന്നവരെല്ലാം ഭീകരനായി മുദ്രകുത്തപ്പെടുന്നിടത്ത് ഇസ്ലാം മുന്നോട്ട് വെക്കുന്ന നന്മകള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു. അവിടെയാണ് ഇത്തിരി വിജയിക്കുന്നത്. “സാര്‍ത്ഥവാഹക സംഘത്തോടൊപ്പം” ഇസ്ലാം മതത്തിന്റെ നന്മകളും മാനവലോകത്തിന് ഇസ്ലാം നല്‍കുന്ന ശാന്തിയുടേയും സമാധാനത്തിന്റേയും സന്ദേശങ്ങളും അയത്ന ലളിതമായി ഇത്തിരിവെട്ടം വരച്ചു വെച്ചിരിക്കുന്നു. ഒരു മതാധിഷ്ടിത കുറിപ്പിന്റെ മടുപ്പ് ഒരിക്കലും ഉളവാക്കുന്നില്ല ഇത്തിരിയുടെ ശൈലി. അങ്ങേയറ്റം സൂഷ്മതയോടെ അല്പം പോലും തിരക്കില്ലാതെ അതീവ ശ്രദ്ധയോടെ അടുക്കും ചിട്ടയുമായി “സാര്‍ത്ഥവാഹക സംഘം” നിശ്ശബ്ദം യാത്ര തുടരുന്നു. കോലാഹലങ്ങളില്ലാതെ, അവകാശവാദങ്ങളില്ലാതെ, ഹിറ്റ് കൂട്ടാനോ കമന്റു മഴ പെയ്യിക്കാനോ തന്ത്രങ്ങള്‍ മെനയാതെ ഇത്തിരിവെട്ടം “സാര്‍ത്ഥവാഹക സംഘത്തോടൊപ്പം” പതുക്കെ നീങ്ങുമ്പോള്‍ ബൂലോകത്തിന് അത് പുതിയൊരനുഭവമാണ്.

പതിനഞ്ചാം അദ്ധ്യായത്തിലെത്തി നില്‍ക്കുന്ന “സാര്‍ത്ഥവാഹക സംഘത്തോടൊപ്പം” ഒരു പക്ഷേ ബൂലോകത്ത് നിന്നും പുറത്ത് വരുന്ന മുന്നാമത്തെ പുസ്തകം ആയേക്കാം. കാരണം ഇത്രയും ശ്രദ്ധയോടെ അവതരിച്ചിട്ടുള്ള മറ്റൊരു പോസ്റ്റും ബൂലോകം നാളിതു വരെ കണ്ടിട്ടില്ല എന്നത് തന്നെ. പൊതുവാളിന്റെ ആസ്വാദനകുറിപ്പ് “സാര്‍ത്ഥവാഹക സംഘത്തിന്റെ” നെറുകയില്‍ ചാര്‍ത്തിയ പൊന്‍ തൂവലായി.

2. ചതുരാകൃതിയിലുള്ള പഞ്ചഭുജ ത്രികോണം
പോയ വാരം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പോസ്റ്റ് ജബ്ബാര്‍ മാഷിന്റെ “ചതുരാകൃതിയിലുള്ള പഞ്ചഭുജ ത്രികോണം” ആയിരുന്നു. ഏവൂരാന്‍ തുടങ്ങിവെച്ച ചര്‍ച്ച യുക്തിവാദികളും ഈശ്വരവിശ്വാസികളും തമ്മിലുള്ള ഒരു മല്‍പ്പിടുത്തമാകാതെ ക്രിയാത്മകമായി വസ്തുനിഷ്ടമായി മുന്നോട്ട് പോയി. ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാവരും സ്വയം മോഡറേറ്ററന്മാരായി മാറുന്ന കാഴ്ചയും ഈ പോസ്റ്റു കൊണ്ടു വന്നു. ഒരിക്കലും അതിരുകള്‍ വിടാതെ അവരവരുടെ വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ പങ്കെടുത്തവര്‍ക്കെല്ലാം കഴിഞ്ഞു എന്നത് ബൂലോകത്തെ അപൂര്‍വ്വ കാഴ്ചകളിലൊന്നാണ്. നിരീശ്വരവാദവും ഈശ്വരവിശ്വാസവും എപ്പോഴും സമാന്തരമാണെന്നതു കൊണ്ട് തന്നെ ഈ ചര്‍ച്ച സമവായത്തില്‍ എത്തുമെന്ന് പ്രതീക്ഷിച്ചു കൂടല്ലോ. എന്തായാലും പോസ്റ്റിനെ വെല്ലുന്ന നിരവധി കമന്റുകളാല്‍ സമ്പന്നമാണ് “ചതുരാകൃതിയിലുള്ള പഞ്ചഭുജ ത്രികോണം.”

3. സാറാ ജോസഫിനെതിരേ ജീ.സുധാകരന്റെ തെറിയഭിഷേകം.
ബി.ആര്‍.പി.ഭാസ്കറിന്റെ പോസ്റ്റ് ആത്മരോഷം ഉളവാക്കുന്നത് കേരളാ കൌമുദിയുടെ വാര്‍ത്തയിലൂടെ കണ്ണോടിക്കുമ്പോഴാണ്. രാജ്യം ഭരിക്കുന്ന ഒരു മന്ത്രി കേരളം കണ്ട എക്കാലത്തേയും നല്ല എഴുത്തുകാരികളില്‍ ഒരാളെ സംബോധന ചെയ്തിരിക്കുന്ന രീതിയും തൊടുത്ത് വിട്ടിരിക്കുന്ന വാക്കുകളും എല്ലാ പരിതികളും ലംഘിച്ചിരിക്കുന്നു. ആ വാര്‍ത്ത വായിച്ച് കഴിയുമ്പോള്‍ ഇവനൊക്കെ എങ്ങിനെ മന്ത്രി പദത്തില്‍ ചേക്കേറി എന്ന് സ്വയം ചോദിക്കേണ്ടി വരുന്നു. മലയാളത്തിന്റെ ദുര്യോഗം അല്ലാതെന്ത് പറയാന്‍.

4. നക്ഷത്ര വേശ്യയിലേക്കൊരു പാലം
മൈനയുടെ ആസ്വാദനം. ഹസ്സന്‍ നാസിര്‍ എഴുതിയ “നഗര വാതില്‍ക്കലെ രക്ഷകന്‍” വായിച്ചപ്പോള്‍ എഴുത്ത് കാരികൂടിയായ വായനക്കാരിക്ക് തോന്നിയ അസ്വസ്ഥതകളും ആശങ്കളും ഏതാനും വരികളിലൂടെ ബൂലോകരുമായി സംവേദിക്കാന്‍ മൈനക്ക് കഴിഞ്ഞിരിക്കുന്നു. ആസ്വാദനം വായിച്ച് കഴിയുമ്പൊള്‍ നോവല്‍ ഒറ്റയിരിപ്പിന് വായിച്ച പ്രതീതി അനുവാചകനില്‍ ജനിക്കുന്നതോടൊപ്പം നോവല്‍ മുന്നോട്ട് വെക്കുന്ന സമൂഹ്യ പ്രശ്നം വെള്ളിടിയായി മസ്തിഷ്കത്തിലേക്ക് ഇരച്ചു കയറുകയും ചെയ്യുന്നു.

5. സ്വയാശ്രയം മുക്കുവന്റെ നോട്ടത്തില്‍
മുക്കുവന്റെ പോസ്റ്റ്. “സ്വയാശ്രയ സ്ഥാപനം എന്നാല്‍ വരവുചിലവുകള്‍ സ്വന്തമായി നിയന്ത്രിക്കാന്‍ കഴീവുള്ള സ്ഥാപനം എന്നര്‍ത്ഥം. അത് ഒരു ജുവലറി ഷോപ്പോ, സുപ്പര്‍ ബസാറോ, ദിനേശ് ബീഡിയോ, കള്ള് ഷാപ്പോ, കോളേജോ ആകാം. അങ്ങനെയുള്ള ഒരു സ്ഥാപനങ്ങളും അവരുടെ വരുമാനത്തിന്റെ പകുതി പാവങ്ങള്‍ക്ക് വെറുതെ കൊടുക്കാന്‍ ഒരു സര്‍ക്കാര്‍ പറയുന്നതില്‍ എന്താണൊരു ന്യായം?” മുക്കുവന്റെ ഈ ചോദ്യത്തിന് മുക്കുവന്‍ തന്നെ ഉത്തരം നല്‍കുന്നു. ശ്രദ്ധയര്‍ഹിക്കുന്ന ഒരു പോസ്റ്റിന് അര്‍ഹിക്കുന്ന ശ്രദ്ധ ലഭിച്ചില്ല.

6. ഓന്തുകള്‍
കരീം മാഷിന്റെ പോസ്റ്റ്. നാലുമരണങ്ങളോടുള്ള സമൂഹത്തിന്റെ സമീപനമാണ് ഇതിവൃത്തം. ഏതാനും വരികളില്‍ “അന്നും ഇന്നും” ചിന്തക്ക് തീ കൊളുത്തുന്നു. നല്ലൊരു സാമൂഹ്യ വിമര്‍ശനം.

7. മനുഷ്യ പരിണാമത്തിന്റെ പത്തവതാരങ്ങള്‍
എബിജോണിന്റെ മാവേലിരാജ്യ ധര്‍മ്മ പീഠത്തില്‍ നിന്നും വന്ന പോസ്റ്റ്. ദശാവതാരങ്ങളെ പുതിയൊരു വീക്ഷണകോണില്‍ നിന്നും നോക്കികാണുകയാണ് എബിജോണ്‍. “ദശാവതാര ആശയത്തില്‍ അടങ്ങിയിരിക്കുന്നതു് മനുഷ്യപരിണാമത്തിന്റെ പത്തു് ഘട്ടങ്ങളാണെന്ന്” പറഞ്ഞ് തുടങ്ങുന്ന എബി ജോണ്‍ “അസുരരുടെ മേല്‍ സുരന്മാരുടെ വിജയം ഉറപ്പിയ്ക്കാനും അസുരരെ പരമാവധി അപകീര്‍ത്തിപ്പെടുത്തുവാനും ദുഷിയ്ക്കുവാനും ബ്രാഹ്മണാധിപത്യം നിലനിറുത്തുന്ന ജാതിവ്യവസ്ഥയെ സംരക്ഷിയ്ക്കുവാനും ഉപയോഗപ്പെടുന്ന വിധത്തിലാണു് ദശാവതാര കഥകള്‍ ചമച്ചിട്ടുള്ളത്” എന്ന് പറഞ്ഞ് വെക്കുമ്പോള്‍ ദശാവതാരങ്ങള്‍ക്ക് അങ്ങിനെയൊരു ധര്‍മ്മവും ഉണ്ടായിരുന്നില്ലേ എന്ന് തോന്നി പോകുന്നു. അതീവ ശ്രദ്ധയര്‍ഹിച്ചിരുന്ന ഒരു പോസ്റ്റ് ശ്രദ്ധിക്കപ്പെടാതെ പോയി. വായിക്കപ്പെടേണ്ട ഒരു പോസ്റ്റാണ് “മനുഷ്യ പരിണാമത്തിന്റെ പത്തവതാരങ്ങള്‍”

8. കോഴിയങ്കം
മലബാറിയുടെ പോസ്റ്റ്. നിരോധിക്കപ്പെട്ട കോഴിയങ്കങ്ങള്‍ കാസര്‍ഗോഡ് ജില്ലയിലെ വടക്കേ അതിര്‍ത്തിയില്‍ വീണ്ടും സജീവമാകുന്നതിനെ കുറിച്ചുള്ള പോസ്റ്റ് ശ്രദ്ധേയമാകുന്നത് ഫോട്ടോകളുടെ പിന്തുണയോടെ മലബാറി കൊടുത്തിരിക്കുന്ന വിശദീകരണങ്ങള്‍ കൊണ്ടാണ്.

9. ഹാപ്പി ബ്ലോഗിങ്ങ്
“ഒരു പുതിയ ബ്ലോഗ് ചെയ്യുമ്പോള്‍ അതിലെ സെറ്റിങ്സിനെക്കുറിച്ച് പലരും സംശയമുന്നയിച്ച് കേട്ടിട്ടുണ്ട്. ബ്ലോഗ് സെറ്റിങ്ങ് , വേര്‍ഡ് വെരിഫിക്കേഷന്‍, കമന്റുകളില്‍ എങ്ങനെ ലിങ്ക് കൊടുക്കാം അങ്ങനെയങ്ങനെ... ഇവിടെ ഈ പോസ്റ്റില്‍ എനിക്കറിയാവുന്ന ചില കാര്യങ്ങള്‍ പറയുന്നു. എല്ലാം പൂര്‍ണ്ണമാകണമെന്നില്ല. അറിയാവുന്ന ചില കാര്യങ്ങള്‍ ഞാന്‍ ഇവിടെ പറായാന്‍ ശ്രമിക്കുന്നു, ആര്‍ക്കെങ്കിലും ഉപകരിച്ചാലോ..”
സഹയാത്രികന്റെ വാക്കുകള്‍. ബ്ലോഗറില്‍ ലോഗിന്‍ ചെയ്യുന്നതു മുതല്‍ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത് വരെയുള്ള സാങ്കേതികമായ സംഗതികള്‍ ലളിതമായി വിവരിച്ചിരിക്കുന്ന സഹയാത്രികന്റെ ശ്രമം നല്ലൊരു വഴികാട്ടിയാണ്.

10. വെരി ഹാപ്പി ബ്ലോഗിങ്ങ്
പേര് പേരക്കായുടെ പോസ്റ്റ്. ബ്ലോഗുകളെ എങ്ങിനെ കൂടുതല്‍ ആകര്‍ഷകവും ഫലപ്രദവും ആക്കാമെന്ന് ചൂണ്ടികാണിക്കുകയാണ് പേരക്ക ഈ പോസ്റ്റിലൂടെ. ബ്ലോഗിങ്ങ് എങ്ങിനെ എന്തിന് ആര്‍ക്കു വേണ്ടി തുടങ്ങിയ ചോദ്യങ്ങള്‍ക്കൊക്കെ പൂര്‍ണ്ണമായും ഉത്തരം നല്‍കാന്‍ ആര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. എങ്കിലും ബ്ലോഗിങ്ങിന്റെ പ്രസക്തിയെ കുറിച്ചുള്ള അടിസ്ഥാന പരമായ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ഈ പേരക്കാ പോസ്റ്റിന് കഴിയുന്നുണ്ട്.

11. വീണ്ടും മകരജ്യോതി കത്തിക്കുമ്പോള്‍
മകരജ്യോതീ സംവാദം സമവായത്തിലെത്തിയതായിരുന്നു-ബൂലോകത്ത്. എന്നിരുന്നാലും മറ്റൊരു മണ്ഡലകാലത്ത് മകരജ്യോതി കേരളക്കരയില്‍ ചര്‍ച്ചയാകുമ്പോള്‍ മലയാളത്തിന്റെ നേരെ പിടിച്ച കണ്ണാടിയായ ബൂലോകത്തും അനുരണങ്ങള്‍ ഉണ്ടാകാതെ തരമില്ലല്ലോ? പക്ഷേ ഡി. പ്രദീപ് കുമാറിന്റെ മകരജ്യോതി പോസ്റ്റ് പ്രസക്തമാകുന്നത് ശബരിമല നല്‍കുന്ന നന്മകളെ ചോദ്യം ചെയ്യാതെ മകരജ്യോതിയിലെ കാണാപ്പുറങ്ങള്‍ തേടുകയാണ് എന്നതു കൊണ്ടാണ്. മകര ജ്യോതിമാത്രമാണോ ശബരി മലയുടെ ദിവ്യത്വത്തിന് ഹേതു? അല്ലേ അല്ല. സന്നിധാനം കേരളക്കരയുടെ മതസൌഹാര്‍ദ്ദത്തിന്റേയും ശാന്തിയുടേയും സമാധാനത്തിന്റേയും പ്രതീകം തന്നെയാണ്. ശബരിമലയുടെ പ്രാധാന്യം ഒരു ജ്യോതിയില്‍ തട്ടി ഇല്ലാതാകരുത്. മകരജ്യോതി ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പല്ലാ എന്ന് വിശ്വാസിക്കാനാണ് വിചാരിപ്പ്കാരനിഷ്ടം. അഥവാ ഏതെങ്കിലും തരത്തിലുള്ള നീച ഇടപെടലുകള്‍ മകര ജ്യോതിയുടെ കാര്യത്തില്‍ ഉണ്ട് എങ്കില്‍ അതിന്റെ പേരില്‍ ശബരിമലയുടെ ദിവ്യത്വം അസ്തമിക്കപ്പെട്ടും കൂട.

12. ഉടുമ്പ്
ചക്രം ചവയുടെ പോസ്റ്റ്. ഫോട്ടോ പോസ്റ്റ് കൌതുകം ഉണര്‍ത്തി.. ദേവേന്റെ കമന്റാണ് ഈ ഫോട്ടോ പോസ്റ്റിന്റെ കാതല്‍.

13. ആഭരണങ്ങള്‍ (ഇമിറ്റേഷന്‍ ജ്യൂവല്ലറി)
അതുല്യായുടെ ബ്ലോഗ്. ബൂലോകത്ത് സജീവമായ അതുല്യയുടെ പുതിയ ബ്ലോഗാണ് “ആഭരണങ്ങള്‍”. വീട്ടിലെ വിരസമായ നിമിഷങ്ങളെ ഉല്ലാസപ്രദവും ഉപയോഗപ്രദവുമാക്കാന്‍ അതുല്യായുടെ ബ്ലോഗ് നാരികളെ സഹായിക്കുന്നു. നരന്മാര്‍ക്കും “ഒന്നര ടണ്‍” ക്ഷമയുണ്ടെങ്കില്‍ വീട്ടില്‍ തന്നെ ഇമിറ്റേഷന്‍ ആഭരണങ്ങള്‍ ഉണ്ടാക്കാം. സുന്ദരിക്കുണുക്കളുമായി വന്ന ബ്ലോഗില്‍ ഇപ്പോള്‍ മൂന്ന് പോസ്റ്റ്. മൂന്നും ഗുണപ്രദം. പരീക്ഷിക്കൂ...ക്ഷമയുണ്ടെങ്കില്‍ മാത്രം. പക്ഷേ അറിഞ്ഞത് പറഞ്ഞ് കൊടുക്കാനുള്ള അതുല്യായുടെ ശ്രമം ശ്ലാഘനീയം.

14. മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍
“മലയാള അക്ഷരങ്ങള്‍ക്കായി എത്ര യൂണിക്കോഡ് ഫോണ്ടുകള്‍ - Malayalam Unicode Fonts - ലഭ്യമാണ്?” ഈ ചോദ്യത്തുനുള്ള ഉത്തരം തേടി സെബിന്‍ എബ്രഹാം ജേക്കബ് നടത്തിയ യാത്രയുടെ ഫലം. മലയാളത്തില്‍ ലഭ്യമായ യൂണീക്കോഡ് ഫോണ്ടുകളെ കഴിയുന്നിടത്തോളം ഒരിടത്ത് ഒരിമിച്ച് കൂട്ടാന്‍ സെബിന്‍ എബ്രഹാം ജേക്കബിന് കഴിഞ്ഞിട്ടുണ്ട് എന്ന് കമന്റുകള്‍ പറയുന്നു.

15. ഉണ്ടിരുന്ന വെളിയത്തിന് വിളി വന്നാല്‍
മാരിചന്റെ പോസ്റ്റ്. ഏതൊരു മലയാളിയുടെയും ആത്മരോഷമാണ് മാരിചന്‍ ഈ പോസ്റ്റിലൂടെ പറഞ്ഞ് വെക്കുന്നത്. “ദാറ്റ്സ് മലയാളത്തില്‍” വന്ന പോസ്റ്റ് ബ്ലോഗിലേക്ക് വന്നതാണ്. കേരളത്തിന്റെ നാണക്കേടാണ് ഇന്ന് ആളില്ലാ നേതാപാര്‍ട്ടിയായ സി.പി.ഐ. എന്നതില്‍ യാതൊരു തര്‍ക്കവുമില്ല.

16. സുജിത് ഭക്തനും തൊണ്ടി സാധനവും.
ബ്ലോഗ് ശ്രീ ഓണ്‍ ലൈന്‍ മാസികയില്‍ എക്സ്ക്ലൂസീവായി വന്ന “എഷ്യാനെറ്റ് ജനങ്ങളെ വഞ്ചിക്കുന്നു” എന്ന പോസ്റ്റ് അനില്‍ ശ്രീയുടെ ബ്ലോഗില്‍ നിന്നും അടര്‍ത്തി മാറ്റിയതാണ് എന്ന സംഗതി അംഗീകരിക്കാതെ ഭക്തന്‍ വീണിടത്ത് കിടന്ന് ഉരുണ്ട കാഴ്ച അരോചകമായിരുന്നു. ഏറ്റവും പരിഹാസ്യമായത് ഈ ചര്‍ച്ചയുടെ ഒരുഭാഗത്ത് സുജിത് ഭക്തന്‍ “ശബരിമലയെ” ശഭരിമലയാക്കാന്‍ ശ്രമിച്ചതാണ്. ഒരു തെറ്റ് ഒരാള്‍ ചൂണ്ടികാട്ടിയാല്‍ അതിനെ അംഗീകരിക്കാന്‍ തയ്യാറാകാതെ വീണിടത്ത് കിടന്നുരുണ്ട് പുറമാകെ ചേറായി ഒടിഞ്ഞു കുത്തി നില്‍ക്കേണ്ട കാര്യമൊന്നും ബൂലോകത്തില്ലാല്ലോ.

17. സായിപ്പല്ലേ..കവാത്ത് മറന്നതാകും.
ഏ.ആര്‍. നജീം കൊണ്ടു വന്ന പോസ്റ്റ്. ഭാ‍രതത്തിന്റെ ദേശീയ പതാക ജയ്പൂരില്‍ വെച്ച് നടന്ന ഇന്‍‍ഡ്യാ പാകിസ്ഥാന്‍ ക്രിക്കറ്റ് മാച്ചിനിടയില്‍ മേശവിരിയാക്കിയതിനെയും പതാകക്ക് മുകളില്‍ മദ്യ ഗ്ലാസ് വെച്ചതിലേക്കുമാണ് നജീം പോസ്റ്റിലൂടെ ശ്രദ്ധക്ഷണിക്കുന്നത്. “ഒരു സ്വാതന്ത്ര്യ ദിനത്തില്‍ നമ്മുടെ ഒരു സര്‍ക്കാര്‍ ഓഫീസിലെ പ്യൂണ്‍ ഈ പതാക തലകീഴായി ഉയര്‍ത്തിയപ്പോള്‍ രക്തം തിളച്ച നമ്മള്‍ സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നതാണോ?” നജീമിന്റെ ഈ ചോദ്യം പ്രസക്തമാണ്.

18. പാരകളുണ്ട് സൂക്ഷിക്കുക
സാബു പ്രയാറിന്റെ പോസ്റ്റ്. ടൈറ്റില്‍ കണ്ട് വിചാരിപ്പ്കാരനിട്ട് താങ്ങിയതായിരി‍ക്കും, കിട്ടിയതിരിക്കട്ടേയെന്ന് കരുതി കയറി ചെന്ന പോസ്റ്റാണ്. പക്ഷേ സാബു പ്രയാര്‍ പറഞ്ഞ് വെച്ചത് സൌദി അറേബ്യയിലെ മലയാളി പാരകളെ കുറിച്ചാണ്. ഫ്രീവിസയില്‍ സൌദിയിലെത്തി ജോലി തേടുന്ന മലയാളികള്‍ക്ക് സ്വന്തം നാട്ടുകാര്‍ ബുദ്ധിമുട്ടുകളുണ്ടാക്കുന്നതാണ് സാബു ചര്‍ച്ച ചെയ്യുന്നത്. സൌദിയിലെ വിസാ നിയമങ്ങളും മറ്റും ഒരു പോസ്റ്റായി ഇടാന്‍ സാബുവിന് കഴിയുമെങ്കില്‍ അത് സൌദിയിലേക്ക് വരുന്നവര്‍ക്ക് സഹായകമായേക്കും.

19. എന്താണ് വില്ലേജാഫീസുകള്‍
ചന്ദ്രശേഖരന്‍ നായരുടെ പോസ്റ്റ്. വില്ലേജാഫീസിലെ അഴിമതികളെ കുറിച്ചും വില്ലേജ് ആഫീസില്‍ ചെന്നാലുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറുച്ചും കര്‍ഷകന്‍ നന്നായി എഴുതിയിരിക്കുന്നു. കിമ്പളമുണ്ടെങ്കില്‍ ഫയലുകള്‍ മിന്നല്‍ വേഗത്തില്‍ നീങ്ങും. ഇല്ലെങ്കില്‍ ഒച്ചിഴയുന്നതുപോലെ പോലും ഫയലുകള്‍ നീങ്ങില്ല. വില്ലേജാഫീസുകള്‍ അഴിമതി ആഫീസുകളായി മാറിയിരിക്കുന്നു.


20. ഫോട്ടോ ഗ്രാഫി ഒരു പഠനം
കൂട്ടുകാരന്റെ പോസ്റ്റ്. ഫോട്ടോഗ്രാഫിയുടെ സാങ്കേതിക വശങ്ങളെ ലളിതമായി വിവരിച്ചിരിക്കുന്നു. ക്യാമറ പിടിക്കുന്നതെങ്ങിനെയെന്നതാണ് ആദ്യ പോസ്റ്റ്. ഫോട്ടോ ഗ്രാഫിയെ കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ കഴിയുന്ന ഒരാള്‍ കൂടി ബൂലോകത്തേക്കെത്തിയിരിക്കുന്നു എന്ന് കരുതാം.


പുനര്‍വായന.
ബ്ലോഗാഭിമാനി യാദൃശ്ചികമായാണ് കണ്ടത്. “സ്വതന്ത്ര ബ്ലോഗീയ ഇഷ്ടിക” ആദ്യത്തെ ഏഴ് ലക്കങ്ങളോടെ മാര്‍ച്ചില്‍ തിരശ്ശീലയിട്ടു. രസകരമായിരുന്നു ബ്ലോഗാഭിമാനിയുടെ അവതരണം. ബൂലോകത്തില്‍ ലോബികളുടേ സ്വാധീനം എന്ന പേരില്‍ വന്ന അവസാന പോസ്റ്റ് മുന്നോട്ട് വെച്ച വിഷയം അറമ്പറ്റിയതു പോലെയാണ് ബ്ലോഗാഭിമാനി പ്രസിദ്ധീകരണം നിര്‍ത്തി വെച്ചത്. ഏഴ് ലക്കങ്ങളിലായി ബ്ലോഗാഭിമാനി ആക്ഷേപം കലര്‍ന്ന നല്ല ഹാസ്യത്തില്‍ പറഞ്ഞ് വെച്ചത് എല്ലാം തന്നെ ബൂലോകത്തെ നേരുകളും നെറികളും നെറികേടുകളുമായിരുന്നു. ഇതുവരെ ബ്ലോഗാഭിമാനി കണ്ടിട്ടില്ലാത്താവര്‍ അവിടെയൊന്നു പോകണം. അന്നത്തെ ബൂലോകത്തിന്റെ ഒരു പരിഛേദം തന്നെയാണ് ആ ഏഴു ലക്കങ്ങളും.


വാരവിചാരത്തിന്റെ ബൂലോക കാണ്ഡം പതിമൂന്നാം ലക്കം ഇവിടെ അവസാനിക്കുന്നു. ഇതുവരെ “വിചാരത്തിന്” തന്ന ധാര്‍മ്മിക പിന്തുണക്കും വിമര്‍ശനങ്ങള്‍ക്കും നന്ദി. നിര്‍ദ്ദേശങ്ങള്‍ വിലപ്പെട്ടതാണ്. തെറ്റു തിരുത്താന്‍ വിമര്‍ശനങ്ങള്‍ക്കു കഴിയും. തുറന്ന മനസ്സോടെ “വിചാരത്തെ” ആര്‍ക്കും വിചാരിപ്പിന് വിധേയമാക്കാം.

Thursday, November 15, 2007

ബൂലോകം പോയ വാരം : ലക്കം പന്ത്രണ്ട്.

മോഡറേറ്ററന്മാരില്ലാതെ കാളമൂത്രം പോലെ നീളുന്ന തര്‍ക്കങ്ങള്‍ക്ക് ഒരിക്കലും സമവായം ഉണ്ടാകില്ലാ എന്ന് അറിഞ്ഞ് കൊണ്ട് തന്നെ വിരല്‍‌വ്യായാമത്തിലേര്‍പ്പെടുന്നവര്‍ ബൂലോകത്തിന്റെ ആശയും ആവേശവും എന്തിനേറെ പറയുന്നു ശശിയും ആയി മാറുന്ന കാഴ്ചകളാണ് ബൂലോകത്തെ പോയ വാര കൌതുകം.ബ്ലോഗറന്മാരുടെ “ബുദ്ധിപരമായ” ചില തര്‍ക്കവിതര്‍ക്കങ്ങളാല്‍ സംഭവ ബഹുലമായിരുന്നു ബൂലോകം എപ്പോഴെത്തേയും പോലെ പോയ വാരവും. “ബീകോം ബ്ലോഗര്‍”‍ മുതല്‍ “എസ്.എസ്.എല്‍.സി” ബ്ലോഗര്‍ വരെ ബുദ്ധിപരമായ തര്‍ക്കങ്ങളിലേര്‍പ്പെട്ട് സാ‍യൂജ്യമടഞ്ഞു.

1. എഴുത്തുകാരും വായനക്കാരും പിന്നെ കമന്ററന്മാരും.
ബൂലോകത്ത് കമന്റുകള്‍ക്കുള്ള പ്രാധാന്യം പലവുരു പലതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഒരു സ്വാതന്ത്ര്യപ്രഖ്യാപന പോസ്റ്റില്‍ ബ്ലോഗര്‍ പറഞ്ഞത് പോലെ “പോസ്റ്റിടാതെ കമന്റുകള്‍ മാത്രം എഴുതി ബൂലോക ശ്രദ്ധ പിടിച്ച് പറ്റുന്നതിനെ പ്രോത്സാഹിപ്പിക്കേണമോ?” എന്ന ചോദ്യവും പ്രസക്തമാണ്. പോസ്റ്റ് വായിച്ചിട്ട് കമന്റിടാന്‍ സമയവും സൌമനസ്യവും കാട്ടുന്നവരാണ് അക്ഷരാര്‍ത്ഥത്തില്‍ ബൂലോകത്തെ സജീവമാക്കി നിര്‍ത്തുന്നത്. എഴുത്ത്കാരനും വായനക്കാരനും ഇടക്കുള്ള ഒരു പാലമാണ് പലപ്പോഴും കമന്റര്‍ എന്നതാണ് ശരി. ദുരൂഹമായ ഒരു കവിത അല്ലെങ്കില്‍ കഥ വായിച്ചിട്ട് ആ രചനയെ കുറിച്ച് രണ്ടു വരി കമന്റ് ആ രചന വേണ്ട വിധം സംവേദിച്ച ഒരാള്‍ എഴുതിയിടിമ്പോള്‍ തുടര്‍ന്ന് വരുന്ന ഒരു വായനക്കാരന് ദുരൂഹമായി തോന്നാവുന്ന രചനയിലെ ഇതിവൃത്തത്തെ സംവേദനക്ഷമമാക്കി മാറ്റുകയാണ് ആ കമന്റര്‍ ചെയ്യുന്നത്. അതായത് രചനകളെ കൂടുതല്‍ വായിക്കാന്‍ കമന്റുകള്‍ പ്രേരിപ്പിക്കുന്നു എന്നതാണ് കൂടുതല്‍ ശരി.

കമന്റുകള്‍ എഴുതി ബൂലോകത്ത് ശ്രദ്ധ പിടിച്ച് പറ്റിയ നിരവധി ബ്ലോഗറന്മാരുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തെ ആള്‍ക്കാര്‍ മന്‍സൂറും കുഞ്ഞനും ശ്രീയും പ്രിയയും വാല്‍മീകിയും ഒക്കെയാണ്. മന്‍സൂര്‍ നാലു ദിവസം ബൂലോകത്ത് നിന്നും വിട്ട് നിന്നപ്പോള്‍ അത് ബൂലോക ശ്രദ്ധയില്‍ പെടാന്‍ കാരണമായത് മന്‍സൂറിന്റെ കമന്റുകള്‍ കാണാഞ്ഞത് കൊണ്ടായിരുന്നു എന്ന് വിചാരിപ്പ്കാരന്‍ പറയുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ ആളുണ്ടാകും എന്നതീല്‍ സംശയമില്ല. പക്ഷേ വാസ്തവം അതായിരുന്നു. അതാണ് കമന്റ് എഴുതുന്നവരും ബൂലോകവും തമ്മിലുള്ള ബന്ധം.

പലപ്പോഴും കമന്റുകള്‍ പോസ്റ്റുകളേക്കാള്‍ ആധികാരികമാകാറുണ്ട്. ശോണിമയുടെ പോസ്റ്റ് ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ഇതില്‍ ദേവനും വിശ്വപ്രഭയും ഇട്ട കമന്റുകള്‍ ഒരു പോസ്റ്റിന് തുല്യമായിരുന്നു. ഇപ്പോള്‍ ആ പോസ്റ്റ് ഒരു തരത്തില്‍ റെഫറല്‍ പോസ്റ്റായി മാറിയിരിക്കുന്നു. ആദ്യ ബ്ലോഗര്‍ ആരാണെന്ന ചോദ്യത്തിന് ഈ ശോണിമാ പോസ്റ്റ് ഒരു ചൂണ്ടുപലകയാണ് ഇപ്പോള്‍. നേരെ മറിച്ച് ആ പോസ്റ്റ് മാത്രം എടുത്താല്‍ അതിനെന്തു പ്രാധാന്യമാണുള്ളത്? പരമ്പരാഗത എഴുത്തില്‍ മാതൃരചനക്ക് കൂടുതല്‍ വായനക്കാരെ ഉണ്ടാക്കി കൊടുക്കാന്‍ നല്ല ആസ്വാദനങ്ങള്‍ക്ക് കഴിയും എന്നത് പോലെ ആധികാരികമായ കമന്റുകള്‍ ഒരു പോസ്റ്റിനെ കൂടുതല്‍ വായിപ്പിക്കും എന്നതിനും യാതൊരു തര്‍ക്കത്തിനും വകയില്ല.

എത്ര പ്രകോപനം ഉണ്ടായാലും സഹിഷ്ണുതയോടെ മാത്രം ചര്‍ച്ചയില്‍ പങ്കെടുത്ത് പോസ്റ്റുകള്‍ക്ക് ഗുണകരമാകുന്ന നല്ല കമന്റുഴുതുന്നതില്‍ വക്കാരിയെ വെല്ലാന്‍ മറ്റാരും ഇന്ന് ബൂലോകത്ത് ഉണ്ട് എന്ന് തോന്നുന്നില്ല. അസഹിഷ്ണുതയുടെ പ്രതീകം പെരിങ്ങോടനും. തനിക്കിഷ്ടമില്ലാത്തത് പറയുന്നവരെ ശത്രു പക്ഷത്ത് കാണുന്നതാണ് പെരിങ്ങോടന്റെ രീതിയെങ്കില്‍ തന്റെ അഭിപ്രായങ്ങളെ എതിര്‍ക്കുന്നവരെ തന്റെ വാദഗദികളോട് ലളിതമായ വാചകങ്ങളിലൂടെ ആകര്‍ഷിക്കുകയാണ് വക്കാരിയുടെ ശൈലി. വക്കാരിയോട് സംവാദത്തില്‍ ഏര്‍പ്പെടുന്നവര്‍ ഏതെങ്കിലും ഒരു പോയിന്റില്‍ “വക്കാരി പറയുന്നതും ശരിയാണ്” എന്ന് പറയേണ്ടി വരും. പെരിങ്ങോടനുമായി സംവാദത്തില്‍ ഏര്‍പ്പെട്ടാല്‍ ബീപി കൂടി “എടാ..പോടാ” യില്‍ ചര്‍ച്ച അവസാനിപ്പിക്കേണ്ടി വരും. ചിത്രകാരനും പെരിങ്ങോടനും തമ്മിലാണ് ഇക്കാര്യത്തില്‍ മത്സരം. ആരാണ് കൂടുതല്‍ അസഹിഷ്ണു എന്ന് തിരിച്ചറിയുക വളരെ ബുദ്ധിമുട്ടാണ്. ഇവര്‍ തമ്മില്‍ ഉള്ള തര്‍ക്കങ്ങളില്‍ തീ പാറും.

പറഞ്ഞ് വന്നത് കമന്റുകള്‍ എഴുതുന്നവര്‍ ബൂലോകത്തെ സജീവമാക്കി നിര്‍ത്തുന്നു എന്നതാണ്.

2. തലക്കെട്ടു വിവാദം.
“തല‍ക്കെട്ടു” വിവാദം എന്നതാണ് കൂടുതല്‍ ശരി. ഒരു പോസ്റ്റിന് എങ്ങിനെ തലക്കെട്ടിടണം? പേര് പേരക്കായുടെ “തലക്കെട്ട്” പോസ്റ്റ് ശ്രദ്ധേയമായത് ആ പൊസ്റ്റിന്റെ തലകെട്ടു കൊണ്ടാണ്. “ബ്ലോഗുകളുടെ തലകെട്ടുകള്‍ എങ്ങിനെ ഭംഗിയാക്കാം” എന്ന പേരിലായിരുന്നു ആ പോസ്റ്റ് എങ്കില്‍ ഒന്നോ രണ്ടോ ഡിസൈനറന്മാര്‍ മാത്രം വന്ന് അവരുടെ അഭിപ്രായം എഴുതി പോകുമായിരുന്ന പോസ്റ്റിനെ “തലകെട്ടു” കൊണ്ട് പേരക്കാ കൂടുതല്‍ വായനക്കാരിലേക്കെത്തിച്ചു. ബ്ലോഗറന്മാരുടെ പേരില്‍ തുടങ്ങുന്ന പോസ്റ്റിലേക്ക് കൂടുതല്‍ ഹിറ്റ് ഉണ്ടാകും എന്നത് ബൂലോകത്തിന്റെ മനശ്ശാസ്ത്രമാണ്. “ബൂലോകം” എന്ന വാക്ക് പോസ്റ്റില്‍ ഉണ്ടെങ്കിലും കൂടുതല്‍ വായനക്കാരെത്തും. അതിനെ നന്നായി ഉപയോഗിക്കാന്‍ പേരക്കാക്കും കഴിഞ്ഞു എന്നതില്‍ കവിഞ്ഞ് പേരക്കായുടെ പോസ്റ്റ് പുതുതായി എന്തെങ്കിലും ആ പോസ്റ്റില്‍ പറഞ്ഞിരുന്നില്ലാ എന്നതാണ് വസ്തുത. പക്ഷേ അങ്ങേയറ്റം പ്രകോപനപരമായ പല കമന്റുകളും ആ പേരക്കാപോസ്റ്റില്‍ വന്നെങ്കിലും പേരക്കാ കാട്ടിയ സംയമനം അംഗീകരിക്കേണ്ടത് തന്നെയാണ്.

3. വായനാലിസ്റ്റും ബൂലോക ബുദ്ധിയും.
ബ്ലോഗറന്മാരെ അവരുടെ ഐ.ക്യൂവിനെയും തിരിച്ചറിവിനെയും വിവരത്തേയും വിവരക്കേടിനേയും ഒക്കെ അടിസ്ഥാനമാക്കി മൂന്നായി തരം തിരിക്കാം.
1. മഹാ ബുദ്ധികള്‍.
2. സാദാ ബുദ്ധികള്‍.
3. മന്ദ ബുദ്ധികള്‍.
ബൂലോകത്ത് വളരെ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ഒരു വിഭാഗമാണ് മഹാ ബുദ്ധികള്‍. പേര് സൂചിപ്പിക്കുന്നത് പോലെ ഇവര്‍ ബുദ്ധിരാക്ഷസന്മാരാണ്. തൊണ്ണൂറുകളില്‍ സര്‍വ്വസാധാരണമായിരുന്ന മലയാള ഭാഷാ സാഹിത്യത്തിലെ ബുദ്ധി ജീവികളുമായി ഘടനാപരമായി ഇവര്‍ക്ക് സാമ്യം ഒന്നും ഇല്ലാ എങ്കിലും സൂഷ്മമായി നിരീക്ഷിച്ചാല്‍ ചില യോജിപ്പുകള്‍ കാണാം. ബുദ്ധിജീവികളുടെ ബ്രാന്‍ഡ് ഇമേജായ വെട്ടിയൊതുക്കാത്ത മുടിയും താടിയും വെള്ളം കാണാത്ത പൈജാമ ചുണ്ടെത്തെരിയുന്ന “ചാമി” കറുത്ത ചരടില്‍ കെട്ടി ഞാത്തിയിട്ടിരിക്കുന്ന പൊട്ടിയ കണ്ണാടി എന്നിവയൊന്നും ബൂലോകത്തെ ബുദ്ധിജീവികളില്‍ കാണാന്‍ കഴിയില്ല. പകരം കോട്ടും സ്യൂട്ടുമായിരിക്കും വേഷം. ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയ പോലെ ഒരു ലാപ് ടോപ് ഉണ്ടാകും. അത് ഒരു കറുത്ത സഞ്ചിയില്‍ തൂക്കി തോളത്ത് തൂക്കിയിട്ടുണ്ടാകും. “പ്രപഞ്ചത്തിന്റെ നില നില്പ് തന്നെ ലാപ് ടോപ്പിലാണ്” ഇതാണ് ഇവരുടെ സ്ഥായീ ഭാവം. ഇവര്‍ എഴുതുന്നത് ലോക ക്ലാസിക്കുകളേക്കാള്‍ ഉന്നതമായിരിക്കും. പക്ഷേ മനസ്സിലാകുന്നത് അതേ നിലവാരത്തിലുള്ള മഹാബുദ്ധികള്‍ക്ക് മാത്രം. സാദാബുദ്ധികളും മന്ദബുദ്ധികളും ഇവരുടെ ബ്ലോഗ് സന്ദര്‍ശിച്ച് പോസ്റ്റിന്റെ തലവാചകം വായിച്ച് നേരെ “കമന്റില്‍” ക്ലിക്കി “അതിമനോഹരമെന്നോ”, “കിടിലന്‍” എന്നോ കാച്ചി തടി കഴിച്ചിലാക്കും.

സാദാബുദ്ധികളേയും മന്ദബുദ്ധികളേയും പ്രബുദ്ധരാക്കാന്‍ ഇവര്‍ സദാ സന്നദ്ധരായിരിക്കും. തങ്ങളൊഴികെ ബാക്കിയുള്ളോരെല്ലാം കണ്ട്രികളാണ് എന്ന് തിരിച്ചറിഞ്ഞിട്ടും ആ കണ്ട്രികളെ വിവരവല്‍ക്കരിക്കാന്‍ ഇവര്‍ കാട്ടുന്ന സേവന തല്പരത അങ്ങേയറ്റം ശ്ലാഘനീയമാണ്. എഴുതുന്ന പേനയാരുണ്ടാക്കി? എന്തുവെച്ച് ഉണ്ടാക്കി? റീഫില്ലില്‍ എങ്ങിനെ മഷിനിറക്കുന്നു? നിറഞ്ഞമഷി എങ്ങിനെ അല്പാല്പമായി അക്ഷരങ്ങാളായി പുറത്ത് വരുന്നു തുടങ്ങിയ ശാസ്ത്രീയ വശങ്ങളൊന്നും നോക്കാതെ കിട്ടിയ പേനകൊണ്ട് എഴുതി തുടങ്ങുന്നവരെപോലെയല്ല ഇവര്‍. എന്തു ചെയ്താലും അതിന്റെ നെല്ലിപലക വരെ പരിശോധിച്ച് സ്വയം തൃപ്തിപെട്ടെട്ടെ ഇവര്‍ എന്തും ചെയ്യുള്ളൂ. ബൂലോകത്തെ മഹാ ബുദ്ധികളുടെ തികച്ചും സ്വാഭാവികമായ ഒരു പരാതിയുണ്ട്. “കമ്പൂട്ടറും ഇന്റര്‍നെറ്റും ബ്ലോഗും എന്തെന്ന് അറിയാത്ത മന്ദബുദ്ധികളുടെ കടന്നു കയറ്റമാണ് ആഗോള തലത്തില്‍ വിവരസാങ്കേതിക വിദ്യ നേരിടുന്ന ഏറ്റവും വല്ലിയ പ്രശ്നം.”

സാദാ ബുദ്ധികളെന്നാല്‍ ഇക്കൂട്ടര്‍ എഴുതുന്നത് മന്ദബുദ്ധികള്‍ക്കും മഹാബുദ്ധികള്‍ക്കും മനസ്സിലാകും. പക്ഷേ മഹാബുദ്ധികള്‍ വായിക്കുന്നത് പോലെയായിരിക്കില്ല മന്ദബുദ്ധികള്‍ മനസ്സിലാക്കുക എന്ന ഒരു വ്യത്യാസമുണ്ട്. ബൂലോകത്ത് സര്‍വ്വ സാധാരണമായ ഒരു വിഭാഗമാണ് സാദാ ബുദ്ധികള്‍. ഒരിക്കലും തര്‍ക്കങ്ങളില്‍ പെടാതെ തടികഴിച്ചിലാക്കാന്‍ ഇവരെ ആരും ഉപദേശിക്കേണ്ടതില്ല. മഹാബുദ്ധികളെ ഗുരുതുല്യം കാണാനും മന്ദബുദ്ധികളെ ശിഷ്യതുല്യം കാണാനും സാദാബുദ്ധികള്‍ക്കുള്ള വിശാലമനസ്കത ശ്ലാഘനീയമാണ്. മഹാബുദ്ധികളും സാദാബുദ്ധികളും തമ്മിലുള്ള പ്രകടമായ വ്യത്യാസം മഹാബുദ്ധികള്‍ മറ്റു ബ്ലോഗുകളില്‍ എത്തണമെങ്കില്‍ “വായനാ ലിസ്റ്റ്” “യൂണീ കോഡ്” “പിന്മൊഴി” തുടങ്ങിയ വാക്കുകള്‍ പോസ്റ്റില്‍ ഉണ്ടാകണം. വാക്കുകള്‍ ഫില്‍റ്റര്‍ ചെയ്യാതെ വായിക്കാന്‍ സാദാ ബുദ്ധികള്‍ എപ്പോഴും തയ്യാറായിരിക്കും. പക്ഷേ മഹാബുദ്ധികളോട് അടിമത്വവും മന്ദബുദ്ധികളോട് ജന്മിത്വവും അങ്ങിനെയൊരു ഇരട്ടത്താപ്പ് സാദാബുദ്ധികള്‍ വെച്ചു പുലര്‍ത്തുന്നുണ്ട് എന്നതാണ് വിചാരിപ്പ്കാരന് സാദാബുദ്ധികളില്‍ കാണുന്ന ഏക ന്യൂനത.

മന്ദബുദ്ധികള്‍ ബൂലോകത്ത് വളരെകൂടുതലല്ലേ എന്ന് ചോദിച്ചാല്‍ അല്ലായെന്നും ആണോ എന്ന് ചോദിച്ചാല്‍ അല്ലായെന്നും പറയേണ്ടി വരും. എന്തെങ്കിലും മനസ്സിലായോ? ഇല്ല അല്ലേ? അതാണ് മന്ദബുദ്ധി. മന്ദബുദ്ധികളില്‍ മുഖ്യന്‍ ഒരു “വാരവിചാരം” നടത്തുന്നുണ്ട്. ഇതാണ് പ്രമാദമായ ക്ലൂ. മന്ദബുദ്ധികള്‍ക്ക് എപ്പോഴും സംശയമാണ്. എന്തിനാ പിന്മൊഴി പൂട്ടിയത്? എന്നാത്തിനാ മറുമൊഴി തുറന്നത്? എന്തിനാ പൈപ്പ്? എന്നാത്തിനാ വായനാ ലിസ്റ്റ്? എന്താ കമന്റു കിട്ടാത്തത്? തുടങ്ങി കാണുന്നതും കേള്‍ക്കുന്നതും ഒക്കെ അവര്‍ക്ക് പുതിയ അനുഭവങ്ങളാണ്. മഹാബുദ്ധികളെ കാണുമ്പോള്‍ തന്നെ കാളമൂത്രം പോലെ നടന്ന് മുള്ളും. പക്ഷേ എപ്പോഴും താനുമൊരു മഹാബുദ്ധിയാകുന്നതും സ്വപ്നം കണ്ടാണ് മിക്ക മന്ദബുദ്ധികളും ബൂലോകത്ത് തനിക്ക് കിട്ടിയ പാട്ട സ്ഥലത്ത് കുടില്‍ കെട്ടി കഴിയുന്നത്. അതിന് വേണ്ടി മന്ദ ബുദ്ധികള്‍ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കും. “വാരവിചാരം” പോലെയുള്ള ലോക ക്ലാസിക്കുകള്‍ എഴുതി താനുമൊരു മഹാബുദ്ധിയായി മാറുന്നതും കാത്തിരിക്കുന്ന കൂട്ടത്തില്‍ മഹാബുദ്ധികളുമായി ചില ബുദ്ധിപരമായ തര്‍ക്കങ്ങളില്‍ പെട്ട് ചതഞ്ഞ് ഒടിഞ്ഞു തൂങ്ങി ബ്ലോഗും പൂട്ടി പോകേണ്ടി വരുന്ന ഹതഭാഗ്യന്മാരാണിവര്‍. സാദാബുദ്ധികളെ ഇവര്‍ കണ്ടില്ലാന്ന് നടിക്കും. എല്ലാ പോസ്റ്റും വായിക്കും കമന്റെഴുതും. പലതും ഓഫാ‍യിരിക്കുമെന്ന് മാത്രം. ഓഫെഴുതി എഴുതി എഴുതി ഒരിക്കല്‍ ഇവരും മഹാബുദ്ധികളായി പരിണമിച്ചു എന്ന് ഇവര്‍ക്ക് ഉള്‍വിളിയുണ്ടാകും. പക്ഷേ സംഗതികുഴപ്പത്തിലായി - എന്തെന്നാല്‍ ഇവര്‍ നാലാമതൊരു ഗണത്തിലാണ് ചെന്ന് പതിച്ചിരിക്കുന്നത്. “വക്രബുദ്ധി” എന്ന ഗണത്തില്‍.

അങ്ങിനെ വക്രബുദ്ധികളും മഹാബുദ്ധികളും കൂടി ചേര്‍ന്ന് വായനാ ലിസ്റ്റ് എന്ത്? എങ്ങിനെ? എപ്പോള്‍ എന്ന ആഗോള പ്രശ്നം സാദാ ബുദ്ധികളേയും മന്ദബുദ്ധികളേയും പഠിപ്പിക്കുന്ന കാഴ്ചയാണ് ബൂലോകത്തെ കാണേണ്ടുന്ന കാഴ്ചയെന്റെ ബൂലോക സാഹോദര്യമേ....

4. ശാരിയെ കൊന്നിട്ട് മൂന്ന് വര്‍ഷം.
കിളിരൂര്‍ കേസിലെ ശാരി കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം കഴിയുന്നയവസരത്തില്‍ വാസ്തവം ദിനപത്രം എന്ന ബ്ലോഗില്‍ വന്ന കുറിപ്പുകള്‍ ശ്രദ്ധിക്കപ്പെടേണ്ടവയാണ്. ശാരിയെ കൊന്നവര്‍ ഭരണതലത്തില്‍ പിടിപാടുള്ളവരാണെന്ന് വാസ്തവം ടീം പേരെടുത്ത് പറയുന്നു. ചര്‍ച്ച ക്ഷണിച്ച് വരുത്തുന്ന ഒരു പോസ്റ്റിന് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. പോസ്റ്റിന്റെ പേരിലെവിടെയെങ്കിലും “ബൂലോകം” എന്നോ “വായന” എന്നോ ഏറ്റവും കുറഞ്ഞത് “ശാരിയെ കൊന്നത് രാഷ്ട്രീയക്കാരെന്ന് പിന്മൊഴി” എന്നോ ആയിരുന്നു തലവാചകം എങ്കില്‍ ബൂലോകര്‍ അവിടെ തള്ളികയറുമായിരുന്നു. കഷ്ടം.

5. ശബ്ദം തിരക്കഥ.
ബൂലോകത്തെ ആദ്യത്തെ തിരക്കഥയെന്ന പദവി നേടി അദൃശ്യന്റെ ശബ്ദം ഖണ്ഡശ്ശയായി മുന്നോട്ടു പോകുന്നു. കഥയുടെ ഘടനയോട് യോജിക്കാന്‍ കഴിയില്ലാ എങ്കിലും തിരക്കഥ എഴുതാന്‍ അദൃശ്യന് കഴിയും എന്ന് ഈ ഉദ്യമം തെളിയിക്കുന്നു.

6. മുല്ലപ്പെരിയാറിലേക്ക് ഒരു യാത്ര.
കോട്ടയത്തുനിന്ന് പാലാ, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, വണ്ടിപ്പെരിയാര്‍ വഴി കുമളിയിലേയ്ക്കെത്താം, കുമളിയില്‍ നിന്നു തേക്കടിയിലേയ്ക്ക്, തേക്കടി ബോട്ട്ലാന്റിങ്ങില്‍ നിന്നു ബോട്ടു മാര്‍ഗ്ഗം മുല്ലപ്പെരിയാറിലേയ്ക്ക്, മുല്ലയാറും പെരിയാറും സംഗമിച്ചൊഴുകുന്ന മുല്ലപ്പെരിയാറിലേയ്ക്ക് !! ശരിക്കും മുല്ലപ്പെരിയാറിലേക്ക് ഒരു യാത്രയുടെ അനുഭവമാണ് പാച്ചുവിന്റെ ഫോട്ടോ ബ്ലോഗ് നല്‍കുന്നത്. മുല്ലപ്പെരിയാറിലേക്ക് ഒരു യാത്ര യിലെ വിവരണങ്ങള്‍ ഫോട്ടോകള്‍ക്ക് ജീവന്‍ നല്‍കുന്നു.

7. ദുബൈ എയറ്ഷോ.
ദുബായ് ഫെയര്‍സ് ആന്റ് എക്ഷിബിഷന്‍സ് കമ്പനിയും, ദുബായ് ഡിഫന്‍സും, ദുബായ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സിവില്‍ ഏവിയേഷനും സംയുക്തമായി ദുബായില്‍ നടത്തുന്ന എയര്‍ ഷോയെപ്പറ്റിയുള്ള വിശദ വിവരങ്ങളും പറക്കുന്ന വിമാനത്തിന്റെ ഫോട്ടോകളുമായി എത്തുന്ന തമനുവിന്റെ പോസ്റ്റ് ലോകമാകമാനം പടര്‍ന്ന് കിടക്കുന്ന മലയാളി അതാതിടങ്ങളിലെ വിശേഷങ്ങളെ ബ്ലോഗിലെത്തിക്കെണ്ടുന്നതിന്റെ പ്രാധാന്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ദുബൈ എയര്‍ഷോ ദുബായി നിവാസികള്‍ക്ക് കണ്ണിനേകുന്ന വിരുന്നാണ്. ആ വിരുന്നിനെ അതേ പടി ഒപ്പിയെടുക്കാന്‍.അപ്പുവിന്റെ ക്യാമറക്കും കഴിഞ്ഞിരിക്കുന്നു. മിന്നല്‍ വേഗത്തില്‍ പറന്ന് പോകുന്ന വിമാനത്തെ ക്യാമറയിലാക്കുക ദുഷ്കരമാണ്. പക്ഷേ തമനുവും അപ്പുവും ഒക്കെ കാട്ടിയിരിക്കുന്ന കരവിരുത് അഭിനന്ദനാര്‍ഹം തന്നെ.

8. മച്ചാന്റെ സ്വന്തം ഫാത്തിമാ ബീവി.
മൈനയുടെ കഥ.“സുല്‍ത്താന്‍ ഇതിനുമുമ്പ്‌ വേറെ കല്ല്യാണം കഴിച്ചിട്ടില്ലെന്നതായിരുന്നു അത്ഭുതപ്പെടുത്തിയ മറ്റൊന്ന്‌.മുസ്ലീം പുരുഷന്മാര്‍ക്കിടയില്‍ അങ്ങനെയൊരാളെ കണ്ടത്താന്‍ പ്രയാസമായിരുന്നു.ഇത്രകാലം കല്ല്യാണം കഴിക്കാതിരുന്നതിനേക്കുറിച്ച്‌ ഗോവിന്ദന്‍കുട്ടി ചോദിച്ചപ്പോള്‍ 'കല്ല്യാണം കഴിക്കുന്നതെന്തിനാണെന്ന്‌ തനിക്കറിയില്ലായിരുന്നു' പോലും എന്നാണ്‌ പ്രതികരിച്ചത്.” ഇത് പൊസ്റ്റിന്റെ തുടക്കത്തില്‍ മൈന ചുകപ്പ് നിറത്തില്‍ കാട്ടിയിരിക്കുന്ന വരികള്‍. ആദ്യ കമന്റിലും മൈന ഇത് തന്നെ കൊടുത്തിരിക്കുന്നു. അതായത് “ഒറ്റ വിവാഹം കഴിച്ച് അതില്‍ സംതൃപ്തനായ സുല്‍ത്താN" എന്ന കഥാ പാത്രത്തെ അത്ഭുതത്തോടെ കാണുന്ന കഥാകാരി എന്താണ് പറഞ്ഞ് വെക്കുന്നത്. എല്ലാ മുസ്ലീം പുരുഷന്മാരും ഒന്നില്‍ കൂടുതല്‍ വിവാഹം കഴിച്ച് ഭാര്യമാരെ അടിമകളായി വെച്ചു കൊണ്ടിരിക്കുന്നു എന്നാണോ? കഥയുടെ മര്‍മ്മം അതാല്ലായെങ്കില്‍ ചുകപ്പ് വരികള്‍ വയനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതായി.

9. അവഗണനക്ക് എതിരേ പ്രതിഷേധിക്കുക
കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിന്റെ പരിതാപകരമായ ഇന്നത്തെ നിലയിലേക്ക് ശ്രദ്ധക്ഷണിക്കാന്‍ വേണ്ടി രിസാല അല്‍ ഐന്‍ യൂണിറ്റ് ഉണ്ടാക്കിയിരിക്കുന്ന ബ്ലോഗാണ് കോഴിക്കോട് എയര്‍പ്പോര്‍ട്ടിനോടുള്ള അവഗണനയില്‍ പ്രതിഷേധിക്കുക എന്നത്. ഓണ്‍ ലൈന്‍ പരാതി അധികരികാളിലെത്തിക്കാനുള്ള ശ്രമവും ഇവിടെ നടക്കുന്നുണ്ട്. എന്തായാലും ഇപ്പോള്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് വേണ്ടി നടക്കുന്ന ശ്രമങ്ങള്‍ വിജയത്തിലെത്തും എന്ന് പ്രതീക്ഷിക്കാം.

പുതു ബ്ലോഗുകളെ ഉള്‍കൊള്ളിച്ചു കൊണ്ടുള്ള നവാഗത വിചാരം ശനിയാഴ്ച എത്തും. ഈ മന്ദബുദ്ധീ വിചാ‍രത്തിന് നല്‍കുന്ന പിന്തുണക്ക് വീണ്ടും നന്ദി.

Tuesday, November 6, 2007

ബൂലോകം പോയ വാരം : പതിനൊന്നാം ലക്കം.

കവിതക്ക് പാരഡിയാകാമോ? ഇംഗ്ലീഷ് തലകെട്ട് കവിതക്ക് അഭികാമ്യമോ? ഈ രണ്ടു ചര്‍ച്ചകളില്‍ കിടന്ന് വട്ടം കറങ്ങിയ ബൂലോകം പതിവുപോലെ തന്നെ സംഘര്‍ഷഭരിതം. എഴുതുന്നത് വായനക്കാര്‍ക്ക് വേണ്ടിയോ അതോ എഴുത്തുകാരന്റെ ആത്മഹര്‍ഷത്തിന് വേണ്ടിയോ അതുമല്ലെങ്കില്‍ ബൂലോകത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയോ ഇതിനൊക്കെയും പുറമേ ഹിറ്റുകളുടെ എണ്ണം കൂട്ടാനോ തുടങ്ങിയ തര്‍ക്കങ്ങള്‍ അരങ്ങ് വാഴുന്നുണ്ടെങ്കിലും ഒരോരുത്തരും അവരവരുടെ വാദഗതികളില്‍ ഉറച്ച് നില്‍ക്കുന്നതു കൊണ്ട് തന്നെ ഈ ചര്‍ച്ചകള്‍ തല്ലുകള്‍ക്കുള്ള സ്കോപ്പുകള്‍ ഒട്ടും പാഴാക്കാതെ തന്നെ തുടരും എന്ന് കരുതാം. പോയ വാരം കണ്ടതും കേട്ടതുമായ വിശേഷങ്ങളുമായി ഈ വാരത്തെ കാളമൂത്രം ഇവിടെ ആരംഭിക്കുന്നു.

1. ബെര്‍ളിത്തരങ്ങളും ബൂലോകവും
ബെര്‍ളിതോമസ് ബൂലോകത്തെ ഒരു പ്രതീകമാണ്. എഴുത്തിന്റെ ലാളിത്യം കൊണ്ടും മര്‍മ്മത്ത് കൊള്ളുന്ന നര്‍മ്മം കൊണ്ടും ബൂലോകത്ത് ചുരുങ്ങിയ കാലം കൊണ്ട് വായനക്കാരെ മുഴുവനും തന്റെ ബ്ലോഗിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞ ബെര്‍ളിതോമസിന്റെ ബെര്‍ളിത്തരങ്ങളും മറ്റ് ടോപ് ബ്ലോഗുകളും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. ബെര്‍ളീതോമസിന്റെ ബ്ലോഗ് ഒഴിക്കിനെതിരേ നീന്തിയാണ് ഹിറ്റ് ആയത്. വിശാലമനസ്കന്റെ കൊടകരപുരാണത്തിനോ കുറുമാന്റെ യൂറോപ്യന്‍ സ്വപ്നങ്ങള്‍ക്കോ അതുപോലെ ഹിറ്റായ മറ്റു ബ്ലോഗുകള്‍ക്കോ ബൂലോകത്ത് നിന്നും ലഭിച്ച സ്നേഹാദരങ്ങളോ ധാര്‍മ്മിക പിന്തുണയോ ബെര്‍ളിതോമസിന്റെ ബെര്‍ളിത്തരങ്ങള്‍ക്ക് നാളിന്നു വരെ ലഭിച്ചിട്ടില്ല. എന്നിട്ടും ബൂലോകത്തെത്തുന്നവരെല്ലാം സന്ദര്‍ശിക്കുന്ന ഒരു ബ്ലോഗായി ബെര്‍ളിത്തരങ്ങള്‍ വളര്‍ന്നിട്ടുണ്ടെങ്കില്‍ ആ ബ്ലോഗില്‍ വരുന്ന “ചവറുകള്‍” എല്ലാവരും ഇഷ്ടപ്പെടുന്നു എന്നതിലേക്കാണ് അത് വിരല്‍ ചൂണ്ടുന്നത്.

വിചാരിപ്പ്കാരനെ സംബന്ധിച്ചിടത്തോളം ബെര്‍ളിയുടെ ബ്ലോഗില്‍ കണ്ട ഏക ചവര്‍ മറുമൊഴിയില്‍ നിന്നും പുറത്തേക്ക് എന്ന പോസ്റ്റായിരുന്നു. ബെര്‍ളിതോമസിന്റെ ഏറ്റവും വല്ലിയ തമാശയായിരുന്നു ആ പോസ്റ്റ് എന്ന് ബെര്‍ളിക്ക് മാത്രം അറിയാ‍വുന്ന രഹസ്യം. തന്റെ ബ്ലോഗിലേക്ക് തലയില്‍ തുണിയിട്ട് മാത്രം വായിക്കാനെത്തുന്ന ചിലരുടെ തലയിലെ തുണിപറിക്കുക മാത്രമല്ല അവരുടെയൊക്കെ വായനാ ലിസ്റ്റില്‍ തന്റെ ബ്ലോഗിനെ തൂക്കാനും ആ “ചവറിലൂടെ” ബെര്‍ളീതോമസിനായി. ഒരു എഴുത്ത് കാരന്‍ എന്ന നിലയില്‍ താന്‍ തുനിഞ്ഞിറങ്ങിയാല്‍ ആരെകൊണ്ടും തന്നെ അംഗീകരിപ്പിക്കാന്‍ കഴിയും എന്ന് അഹങ്കാരത്തോടെ വിളിച്ച് പറയാന്‍ കഴിയുന്ന ബൂലോകത്തെ ഒരേ ഒരാള്‍ ബെര്‍ളീ തോമസ് മാത്രമാണ്.

ബ്ലോഗിലേക്ക് എങ്ങിനെ വായനക്കാരെ എത്തിക്കണം എന്നും എത്തുന്നവരെ കൊണ്ട് എങ്ങിനെ തന്റെ പോസ്റ്റ് മുഴുവനും വായിപ്പിക്കണമെന്നും നന്നായി അറിയാവുന്ന ബെര്‍ളീ തോമസിന്റെ കണ്ടുപിടുത്തമായിരുന്നു ശ്രദ്ധിക്കപ്പെടുന്ന പോസ്റ്റുകള്‍ക്ക് പാരഡി എഴുതുക എന്നത്. മാതൃരചനയുടെ ഘടനക്ക് യാതൊരു വിധ മാറ്റവുമില്ലാതെ പാരഡിയെഴുതുക എന്നത് അത്ര എളുപ്പമുള്ള സംഗതിയല്ല തന്നെ. കഥകളും ലേഖനങ്ങളും അനുഭവങ്ങളുമൊക്കെ പാരഡിയായപ്പോള്‍ അതൊക്കെയും നന്നായി ആസ്വദിച്ചിരിന്നവര്‍ കവിതയെ ബെര്‍ളി പാരഡിയാക്കിയപ്പോള്‍ കവിതയുടെ വിശുദ്ധിക്ക് വേണ്ടി നിലവിളിച്ചതിനെ ന്യായീകരിക്കാന്‍ കഴിയില്ല. മറ്റേതൊരു സാഹിത്യ ശാഖയില്‍ നിന്നും ഏതെങ്കിലും തരത്തില്‍ വേറിട്ട് നില്‍ക്കുന്നതാണ് കവിത എന്നോ മറ്റെഴുത്ത് കാരില്‍ നിന്നും ഏതെങ്കിലും തരത്തില്‍ വാഴ്ത്തപ്പെട്ടവരാണ് കവികള്‍ എന്നോ കരുതുക വയ്യ.

2. ദേവസേനയുടെ കവിതയും ഇംഗ്ലീഷ് തലകെട്ടും.
ദാമ്പത്യത്തിന്റെ menopause എന്ന ദേവസേനാ കവിതയുടെ തലക്കെട്ടിന്റെ രണ്ടാം ഭാഗം ഇംഗ്ലീഷിലായതില്‍ മലയാളത്തിന് വേണ്ടി ജീവനും രക്തവും സമര്‍പ്പിക്കാന്‍ വെമ്പല്‍ കൊണ്ടു നടന്നൊരുകൂട്ടര്‍ പ്രതിഷേധവുമായി വന്ന വാരമാണ് കടന്ന് പോയത്. മലയാളം ഒരു ശുദ്ധ ഭാഷയാണോ എന്നുള്ള ചര്‍ച്ച ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇംഗ്ലീഷും ഹിന്ദിയും അറബിയും തമിഴും ഒന്നും ചേര്‍ക്കാതെ മലയാളം ഉപയോഗിക്കുക അസാധ്യമാണ്. ഇന്നി അഥവാ ആരെങ്കിലും മലയാളത്തില്‍ മാത്രം സംസാരിക്കാനോ എഴുതാ‍നോ ശ്രമിച്ചാല്‍‍ ആ ശ്രമം അപഹാസ്യമാവുകയേ ഉള്ളൂ. സ്വിച്ച്, ബെഞ്ച്, കമ്പൂട്ടര്‍, കാല്‍കുലേറ്റര്‍, മൌസ്, കാസറ്റ്, തുടങ്ങി നാം ദൈനം ദിനം ഉപയോഗിക്കുന്ന അന്യാഭാഷാവാക്കുകളെ മലയാള വല്‍ക്കരിക്കാന്‍ ശ്രമിച്ചാല്‍ ഭാഷക്കുണ്ടാകാവുന്ന വൈകല്യത്തിന് ഉദാഹരണമാണ് ഈ വാക്കുകളൊക്കെ മിമിക്രിക്കാര്‍ മലയാള വല്‍ക്കരിച്ച് അവതരിപ്പിക്കുമ്പോള്‍ നാം തന്നെ ആര്‍ത്തു ചിരിക്കുന്നത്. ഏത് നാട്ടില്‍ പോയാലും ആ നാട്ടിനോട് ചേര്‍ന്ന് ജീവിക്കാന്‍ കഴിയുന്ന മലയാളി തന്റെ ഭാഷയിലേക്ക് മറ്റ് ഭാഷകളെ തുറന്ന മനസ്സോടെ സ്വീകരിക്കുന്നതിനെ അംഗീകരിക്കുക എന്നത് തന്നെയാണ് കരുണീയം.

അല്ല പറഞ്ഞ് വന്നത് ദേവസേനയുടെ കവിത. കവയത്രിയുടെ കവിതകള്‍ അനവധി വായിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എങ്കിലും ദേവസേനയുടെ കവിതകളിലധികവും വിചാരിപ്പ്കാരന് സംവേദിക്കാന്‍ കഴിഞ്ഞിട്ടില്ല. ദേവസേനയുടേതെന്നല്ല ദുരൂഹമായ വരികളുള്ള ബുലോകത്തെ മിക്ക കവിതകളും വിചാരിപ്പ്കാരന് അന്യമാണ്.

“തങ്ങളില്‍ തങ്ങളില്‍ മുഖത്തു തുപ്പും
നമ്മളൊന്നെന്ന് ചൊല്ലും ചിരിക്കും..”

എന്നിങ്ങനെയൊക്കെയുള്ള വരികളാണ് വിചാരിപ്പ്കാരന് മനസ്സിലാവുക. പക്ഷേ ദേവസേനയുടെ തലക്കെട്ടിനാല്‍ വിവാദമായ കവിത ഒന്നാം വായനയില്‍ ഒന്നും മനസ്സിലായില്ലാ എങ്കിലും നാലാമത്തെ വായന കഴിഞ്ഞപ്പോഴാണ് ഞാനും ഭാര്യയോട് ഒരു ദിവസം സംസാരിക്കുന്ന വാക്കുകളുടെ എണ്ണത്തേകുറിച്ച് ഒരു ഞടുക്കത്തോടെ ഓര്‍ത്തത്. കാമ്പസിന്റെ ഇടനാഴികളില്‍ ദിവസം മുഴുവനും കിന്നാരം പറഞ്ഞാലും ഒന്നും പറയാന്‍ കഴിഞ്ഞില്ലല്ലോ എന്ന തോന്നലുമായി പിരിഞ്ഞിരുന്ന ഒരുകാലം. ഇപ്പോള്‍ ദിവസം മുഴുവനും കൂടെയുണ്ടായിട്ടും ഒന്നോ രണ്ടോ മൂളലുകളില്‍ ദിനങ്ങള്‍ അവസാനിക്കുന്നു. ആ തിരിച്ചറിവില്‍ എല്ലാ തിരക്കിന്റേയും ഒടുവില്‍ ദിനവും ഇത്തിരി നേരം ആ പഴയ കാമുകിയോട് മനസ്സ് തുറക്കാന്‍ എന്നെ പ്രേരിപ്പിച്ച ദേവസേനയുടെ കുറേ വരികള്‍ കവിതയാണെങ്കില്‍ വിചാരിപ്പ്കാരനെ സംബന്ധിച്ചിടത്തോളം ദേവസേന ഒരു കവയത്രി എന്ന നിലയില്‍ വിജയിച്ചിരിക്കുന്നു. ഓര്‍ക്കുക: ഞാന്‍ വായിച്ചത് തലവാചകമല്ല. കവിതയാണ്.

3. കേരള ഹ..ഹ..ഹ ഡോട് കൊം ഏഷ്യനെറ്റില്‍.
ബൂലോകത്തിന്റെ സ്വന്തം കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് ബാലകൃഷ്ണന്റെ ബ്ലോഗ് ഏഷ്യനെറ്റ് വാര്‍ത്തയാക്കിയിരിക്കുന്നു. കാരിക്കേച്ചറുകള്‍ വരച്ച് റികോര്‍ഡിലേക്ക് നീങ്ങുന്ന സജ്ജീവിനെ അര്‍ഹിക്കുന്ന വിധത്തില്‍ തന്നെ കൂഴൂര്‍ വിത്സന്‍ വാക്കുകള്‍ കൊണ്ട് വരച്ച് വെച്ചിരിക്കുന്നു. വിത്സന്‍ മാഷിന്റെ വാര്‍ത്തകള്‍ വായിക്കുന്നത് എന്ന ബ്ലോഗില്‍ കേരള ഹഹഹ ഡോട് കോം കാണാം.

4. ബൂലോകത്തെ ആദ്യ വിവാഹവും മറനീക്കി പുറത്ത് വന്ന ഗ്രൂപ്പിസവും.
ഇക്കാസ് ജാസൂട്ടി വിവാഹം ബൂലോകത്തെ രണ്ടു ബ്ലോഗറന്മാരുടെ പ്രണയ സാഫല്യമായിരുന്നു എന്നതിലുപരി ബൂലോകം ആ വിവാഹം ആഘോഷിച്ച രീതി കൊണ്ട് കൂടിയാണ് പ്രസക്തമാകുന്നത്. കേരളാ കൌമുദിയും മലയാള മനോരമയും ഒക്കെ ഇക്കാസ് ജസൂട്ടി വിവാഹം വാര്‍ത്തയാക്കിയതും ബൂലോകത്തെ ആഘോഷങ്ങളുടെ ചുവട് പിടിച്ചായിരുന്നു എന്നതില്‍ രണ്ട് അഭിപ്രായം ഉണ്ടാകും എന്ന് തോന്നുന്നില്ല. ജനനം, മരണം, വിവാഹം, ജന്മദിനം, എഴുത്തിനിരുത്ത്, പത്രപ്രവേശം, ആനുകാലിക പ്രവേശം, പുസ്തക പ്രകാശനം, മീറ്റുകളും ഈറ്റുകളും, ബൂലോകത്തെ വാര്‍ഷികം, പോസ്റ്റുകളുടെ നാഴിക കല്ലുകള്‍ തുടങ്ങി ക്രിക്കറ്റില്‍ സൃഷ്ടിക്കപ്പെടുന്ന റിക്കാര്‍ഡുകള്‍ പോലെ വന്നതിനും നിന്നതിനും പോകുന്നതിനും വരെ ആശംസകള്‍ എഴുതിയിടുക ബൂലോക വഴക്കം. ബൂലോകമാകെ സന്തോഷവും ആഹ്ലാദവും വാരി വിതറി ഇക്കാസ് ജാസൂട്ടിയുടേ കൈ പിടിച്ച് നടന്നപ്പോള്‍, ഒരു വിവാഹ വീടിന്റെ എല്ലാ കാഴ്ചകളും ബൂലോകത്ത് നിറഞ്ഞ് നിന്നപ്പോള്‍, അതിലൊന്നും ഇടപെടാതെ മനപൂര്‍വ്വം ഒരു ബ്ലോക്കായി പുറം തിരിഞ്ഞ് നിന്നവര്‍ ബൂലോകത്തില്ലാ എന്ന് അവര്‍ പറയുന്നതും ഉണ്ട് എന്ന് കാഴ്ചക്കാര്‍ പറയുന്നതുമായ ഗ്രൂപ്പിസം മറനീക്കി പുറത്ത് വരുന്നതിന്റെ ദയനീയ കാഴ്ചയാണ് ബൂലോകത്തേക്ക് പോയ വാരം കൊണ്ടു വന്നത്.

തനിക്കിതെന്നാത്തിന്റെ കേടാ. “ഞങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ ഞങ്ങള്‍ ആശംസിക്കും അല്ലെങ്കില്‍ കമന്റും. അതിന് തനിക്കെന്നാ ചേദം” എന്ന ചോദ്യത്തിന് “വാരാവാരം കാണുന്നതും കേള്‍ക്കുന്നതും കാളമൂത്രമായി ഒഴുക്കാനാ ഞാനീ പ്രസ്ഥാനം നടത്തുന്നത്.” എന്ന് വിനീതമായ ഡിസ്ക്ലൈമര്‍.

5. പൈങ്ങോടന്‍സ് പടംസ്
പൈങ്ങോടന്‍സിന്റെ ആഫ്രിക്കന്‍ കാഴ്ചകള്‍ കൌതുകം ഉണര്‍ത്തുന്നു. പൊക്കണത്തില്‍ കുട്ടിയും തലയില്‍ മരച്ചീനിയുമായി നില്‍ക്കുന്ന ആഫ്രിക്കനമ്മ നല്ല ആഫ്രിക്കന്‍ കാഴ്ചയായി.

6. പള്ളിഭാഗം യൂത്ത് മൂവ്മെന്റ്
കൃസ്തീയ ഭക്തിഗാനങ്ങള്‍ കൂട്ടി വെക്കാനൊരിടം. നല്ല കുറേ ഗാനങ്ങളുടെ ശേഖരം ബ്ലൊഗിലുണ്ട്.

7. സപ്തസ്വര.
ശാസ്ത്രീയ സംഗീതത്തിനും ചലച്ചിത്ര ഗാനത്തിനും ലളിത ഗാനത്തിനുമായി രാമകൃഷ്ണന്‍ ഒരുക്കിയിരിക്കുന്ന ശബ്ദ ബ്ലോഗ്. ഗാനങ്ങളുടെ ഒരു നല്ല സമാഹാരം തന്നെയുണ്ട് ഈ രാമകൃഷ്ണന്‍ ബ്ലോഗില്‍. അദ്ദേഹത്തിന്റെ സ്വന്തം ശബ്ദത്തില്‍ നല്ല കുറേ ഗാനങ്ങള്‍ കേള്‍ക്കാം “സപ്തസ്വരം” സന്ദര്‍ശിച്ചാല്‍.

8. തലക്കെട്ട് നിര്‍മ്മാണം.
ബൂലോകത്തെ ബ്ലോഗുകളിലെ മറ്റൊരു നിരന്തര സാനിദ്ധ്യമാണ് സഹയാത്രികന്‍. ബ്ലോഗിന്റെ തലകെട്ടുകളാണ് സഹയാത്രികന്റെ മാസ്റ്റര്‍ പീസ്. ബൂലോകത്തെ ഭംഗിയുള്ള മിക്ക തലകെട്ടുകളും സഹയാത്രികന്റെ നല്ല മനസ്സിന്റെ നേര്‍കാഴ്ചയാണ്. നല്ല തലക്കെട്ടുകള്‍ എങ്ങിനെ ഉണ്ടാക്കിയെടുക്കാമെന്ന് വളരെ ലളിതമായി സഹയാത്രികന്‍ അദ്ദേഹത്തിന്റെ “നിങ്ങള്‍ക്കായി” എന്ന ബ്ലോഗിലെ “തല‍ക്കെട്ട് നിര്‍മ്മാണം” എന്ന പോസ്റ്റില്‍ വിശദീകരിച്ചിരിക്കുന്നു. “വാരവിചാര” ത്തിന്റെ തലക്കെട്ട് നിര്‍മ്മിച്ച് നല്‍കിയതിന് നന്ദി രേഖപ്പെടുത്താനും ഈ അവസരം വിനിയോഗിക്കുന്നു.

പുതു ബ്ലോഗുകള്‍.
1. സ്നേഹതീരം
കെ.പി. ദാമോദരന്‍ മാഷിന്റെ പുതു ബ്ലോഗ്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ “കൂട്ടുകാരേ, ഓരോ വ്യക്തിക്കുംതന്റേതായ പ്രശ്നങ്ങളും പ്രയാസങ്ങളും ഉണ്ടായിരിക്കുമല്ലൊ ആയവ വിശകലനം ചെയ്യാനും പരിഹാരംകണ്ടെത്താനും ഓരോരുത്തര്‍ക്കും തന്റെതായകഴിവുണ്ടായിരിക്കുകയും ചെയ്യും എന്നാല്‍ അപൂര്‍വം ചില അവസരങ്ങളില്‍ ചിലവ പരിഹരിക്കനുള്ള പോംവഴികള്‍ കണ്ടെത്താന്‍ കഴിയാതെ വന്നേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ നിരാശരാകാതെ സ്നേഹതീരത്തേക്ക് വരൂ നമുക്ക് കൂട്ടായി യത്നിക്കാം.” നല്ല വിചാരം. പ്രയാസങ്ങള്‍ പറയാനുള്ളൊരിടമായി സ്നേഹതീരം മാറട്ടെ.

2. കേരളാ രാഷ്ട്രീയം
ദിവാകരന്റെ രാഷ്ട്രീയം പറയാനുള്ള പുതു ബ്ലോഗ്. കേരളത്തില്‍ കാണുന്ന പേക്കൂത്തുകള്‍ വിശകലനം ചെയ്യാനാണ് ദിവാകരന്‍ ശ്രമിക്കുന്നത്.

3. കാചം.
തര്‍ക്കിക്കുമ്പോള്‍ ചെകുത്താന്റെ വക്കീലാകാനാണിഷ്ടമെന്ന് തുറന്ന് പറഞ്ഞ് കൊണ്ട് ബൂലോകത്തത്തിയിരിക്കുന്ന മൂര്‍ത്തിയുടെ ഫോട്ടോ ബ്ലോഗം.

4. സജിത് വട്ടംകണ്ടത്തില്‍
സജിത് വട്ടംകണ്ടത്തിലിന്റെ പുതു ബ്ലോഗ്. നമസ്കാരം പറഞ്ഞ് പോയിരിക്കുന്നു.

5. പീപ്പീസ് പടിപ്പുര
പി.പി. സോമരാജന്റെ ഫോട്ടോ ബ്ലോഗം.

6. പഴം നുറുക്ക്
അനുവിന്റെ പുതു ബ്ലോഗ്. ഓര്‍മ്മകുറിപ്പുകളാണ് അനു പങ്കുവെക്കാനാഗ്രഹിക്കുന്നത്.

7. അനാമിക
ജാസി സൈനബിന്റെ ബ്ലോഗ്. സിനിമാ നിരൂപണവുമായി തുടക്കം. സിനിമാ നിരൂപണത്തില്‍ പലപ്പോഴും കണ്ടു വരുന്ന കഥയെ അതേ പടി പറയുക എന്ന തെറ്റ് ജാസി സൈനബ് ആനുവര്‍ത്തിച്ച് കണ്ടില്ല എന്നത് ആശ്വാസകരം. അനാമിക എന്ന പേരില്‍ മറ്റൊരു ബ്ലോഗറെ ബൂലോകത്ത് കണ്ടിട്ടുണ്ട്.

8. പേരില്ലാതെ
നാഥന്‍ തുടങ്ങുന്നത് ബൂലോകത്ത് ഒരു മേല്‍‌വിലാസം ലഭിക്കാനുള്ള ബുദ്ധിമുട്ടിലേക്ക് വിരല്‍ ചൂണ്ടികൊണ്ടാണ്. പേര് തപ്പി തപ്പി പേരുകള്‍ കിട്ടതെ ഒടുവില്‍ “പേരില്ലാതെ” എന്ന പേരും സ്വീകരിച്ച് നാഥനും ബൂലോകത്തേക്ക്..

9. ചക്കമുള്ള്
വടക്കന്‍ പറവൂര്‍കാരന്‍ ഇബ്രാഹീമിന്റെ സിനിമാ നിരൂപണ ബ്ലൊഗ്. സിനിമാ നിരൂപണ ബ്ലോഗിലേക്ക് മറ്റൊന്നു കൂടി.

10. കില്ലര്‍ സുബാവു
തിരോന്തരോത്ത് നിന്നും സുബീഷ് എഴുതുന്നു. സുബീഷിന്റെ തന്നെ വാക്കുകള്‍ “മലയാള സാഹിത്യം എക്കാലത്തും തനതായ അവതാരണ രീതികളാല് ദേശീയ ശ്രദ്ധ നേടിയിട്ടുളളതാണ് .മലയാള സംസ്കൃതിയുടെ ഭാഗഭാക്കായ ഏതാനും സാഹിത്യ കൃതിഭകെളയും അവരുടെ കാലാതീതമായ രചനകെളക്കുറിച്ചും ഒരു വിചിന്തനമാണ് എന്റെ ലക്ഷ്യം.” വാക്കുകളില്‍‍ കാണുന്ന ആതമവിശ്വാസത്തോടെ ലക്ഷ്യാ പ്രാപ്തിയിലെത്താന്‍ സുബീഷിന് കഴിയട്ടെ.

11. പൂവിതളുകള്‍
പൂവാ‍ലന്‍ എന്ന ശര‍ത് കുമാറിന്റെ പുതു ബ്ലോഗ്. “സ്നേഹിതേ നിനക്കായി” എന്ന പോസ്റ്റുമായി തുടങ്ങിയിരിക്കുന്ന പൂവാലന്റേതും അനുഭവ കുറിപ്പുകളാണ്.

12. പൊഴിയും മുമ്പേ.
സുഹ്രയുടെ പുതിയ ബ്ലോഗ്. “നുണ” എന്ന കുറിപ്പുമായി തുടക്കം.

ഈ വാരംകാളമൂത്രം ഇവിടെ അവസാനിക്കുന്നു. വരും വാരം മുതല്‍ പുതു ബ്ലോഗുകളെ “ഒരു അന്തവും കുന്തവും ഇല്ലാതെ” വേര്‍ തിരിച്ച് “വിചാരിക്കുകയാണ്”. അതായത് ഒരു വാരത്തില്‍ മൂന്ന് വിചാരങ്ങള്‍.
1. ഭൂലോക വിചാരം.
2. ബൂലോക വിചാരം.
3. നവാഗത വിചാരം.
നന്ദി.

Monday, October 29, 2007

വാരവിചാരം : ബൂലോകം പോയ വാരം : പത്താം ലക്കം.

1. ആമുഖം
കളികളായിരുന്നു പോയവാര ബൂലോക സവിശേഷത. മുന്നിലെത്തിയ പത്തുമുതല്‍ പുതു ഗ്രൂപ്പുവരെ എല്ലാം തമാശമയം. ശരിയേത് തെറ്റേത്, കളിയേത് കാര്യമേത് എന്നതൊന്നും തിരിച്ചറിയാതെ ബൂലോകര്‍ വാപോളിച്ച് നിന്നു. ബ്ലോഗന്‍ ബ്ലോഗണി വിവാഹത്തിന്റെ സന്ദേശം ബൂലോകത്തിന്റെ പത്ത് രണ്ടായിരം അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കാതെ ഭൂലോകത്തിന്റെ വിശാലതയിലേക്ക് പരന്നൊഴുകി. കാര്യങ്ങളൊന്തൊക്കെയായാലും നാലുപേര്‍ കൂടണ കാര്യമല്ലേ, ചില്ലറ തമ്മില്‍ തല്ലും പാരകളും ഒഴിയാതെ നില്‍ക്കുന്നതും കാണാമായിരുന്നു. തമാശകള്‍ നിറഞ്ഞ വാരാന്ത്യത്തിലേക്ക് വളരെ ഗൌരവതരമായ ചര്‍ച്ചയുമായി വാരവിചാരവും കടന്നു വരുന്നു.

2. ടോപ് ബ്ലോഗുകള്‍ തേടി തേടി അലയുന്നവര്‍...
“ടോപ് ബ്ലോഗ് ഓഫ് ദ വീക്ക്” എന്നൊരു സംരംഭവുമായി വന്ന സുജിത്ത് ഭക്തന്‍ ആദ്യം തിരഞ്ഞെടുത്തത് “ബൂലോക കാരുണ്യം” എന്ന ബ്ലോഗ്. രണ്ടാം വാരത്തെ “ടോപ് ഓഫ് ദ വീക്ക്” ആയത് “ബാച്ചി ക്ലബ്ബ്”. ഭക്തന്‍ “ടോപ്പ്” നിരീക്ഷണം രണ്ടാം വാരം കൊണ്ട് നിര്‍ത്തി. ഈപ്പോള്‍ “ബ്ലോഗേഴ്സിനെ ആദരിക്കലുമായി” എത്തിയിരിക്കുകയാണ്. ഇതിനിടക്ക് വേഡ് പ്രസില്‍ എഴുതുന്നവരുടെ ഒരു ഗ്രൂപ്പും നടത്തുന്നുണ്ട് ഭക്തന്‍. ബ്ലോഗ് റോള്‍ എന്നൊരു സംരംഭവും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇടക്കിടക്ക് ബൂലോകരെ ഉദ്ധരിക്കാന്‍ ചില ഉപദേശ പോസ്റ്റുകളും. തുടക്കത്തില്‍ തന്നെ ബ്ലോഗ് ചരിത്രത്തിലെ ആദ്യത്തെ ബ്ലോഗ് ഓണ്‍ ലൈന്‍ മാഗസീന്‍ ആയ “ചായക്കട” അദ്ദേഹത്തിന്റേതായി വന്നു. തുടക്കവും ഒടുക്കവും ഒരു ദിവസം തന്നെയായിരുന്നു. സുജിത് ഭക്തന്റെ സംരംഭങ്ങള്‍ തുടങ്ങുന്നതും ഒടുങ്ങുന്നതും വളരെ പെട്ടെന്നാണ്. തലക്കെട്ടില്‍ നിന്നും മുന്നോട്ടു പോകാന്‍ ഭക്തന്‍ ശ്രമിക്കാറില്ല. ഉറുമ്പ് എന്ന ബ്ലോഗറും അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഒരിക്കല്‍ “എഴുത്തുകാരെ നോക്കാതെ സൃഷ്ടിയെ മാത്രം വിലയിരുത്തി നല്ലവയെ തിരഞ്ഞെടുക്കുന്ന” ഒരു പ്രസ്ഥാനം നടത്തിയിരുന്നു. ഏഴ് സൃഷ്ടികളോടെ അതും പൂട്ടി.

അതുപോലെയാണ് ഇപ്പോള്‍ അവതരിച്ചിരിക്കുന്ന ടോപ്പ് ടെന്‍ എന്ന കോപ്രായവും. എല്ലാ മാസവും മുന്നിലെത്തുന്ന ബ്ലോഗുകളെ തിരഞ്ഞെടുക്കും എന്ന് പറഞ്ഞ് അവതരിച്ചിരിക്കുന്ന സംഘാടകര്‍ ചെയ്യാന്‍ പോകുന്നത് എന്താണെന്ന് അവര്‍ക്കു പോലും നിശ്ചയമില്ല. ഏറ്റവും നല്ല പത്ത് ബ്ലോഗുകള്‍ എന്ന് പറഞ്ഞിട്ട് പത്ത് പോസ്റ്റുകളാണ് കൊടുത്തിരിക്കുന്നത്. ബ്ലോഗുകള്‍ എന്താണെന്നോ പോസ്റ്റുകള്‍ എന്താണെന്നോ തിരിച്ചറിയാന്‍ കഴിയാത്തവര്‍ ബ്ലോഗ് നിരീക്ഷണമെന്നും പറഞ്ഞ് വരുന്നത് എന്തിന്റെ നാന്ദിയാണെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

വിചാരിപ്പുകാരന്റെ .ഫല്‍ഗൂന് വീണുകിട്ടിയ മഹാഭാഗ്യം എന്ന കഥ പ്രസിദ്ധീകരിക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് വക്രബുദ്ധി എന്നൊരു സഹപത്രാധിപര്‍ കമന്റെഴുതിയപ്പോള്‍ വിചാരിപ്പ് കാരനുണ്ടായ സന്തോഷത്തിനതിരുണ്ടായിരുന്നില്ല. പക്ഷേ പേര് സൂചിപ്പിച്ചത് പോലെ വക്രത നിറഞ്ഞ ആ കമന്റില്‍ മാത്രമേ പ്രസിദ്ധീകരണം ഉണ്ടായിള്ളൂ. അതുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ടത് എന്ന ലേബലില്‍ വരുന്ന ബ്ലോഗുകളില്‍ പെടുന്നവര്‍ക്കുണ്ടാകുന്ന സന്തോഷങ്ങളെ അതേ അര്‍ത്ഥത്തില്‍ തന്നെ ബഹുമാനിച്ചു കൊണ്ട് പറയട്ടെ: ടോപ്പ് ടെന്‍‍, ടോപ് ഓഫ് ദ വീ‍ക്ക് എന്നൊക്കെ പറഞ്ഞ് തങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നവരുടെ മൃദുല വികാരങ്ങളെ ചൂഷണം ചെയ്യുക എന്നതിലുപരി ഇത്തരത്തിലുള്ള സംരംഭങ്ങള്‍ക്ക് യാതൊരുവിധ ആത്മാര്‍ത്ഥതയും ഉണ്ടായിരിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തങ്ങളിലേക്ക് ശ്രദ്ധ പിടിച്ച് നിര്‍ത്താനുള്ള ചില കുറുക്കു വഴികള്‍ അത്ര തന്നെ.

കിനാവ് എന്ന ബ്ലോഗറുടെ “ബൂലോകവാരഫലം” എന്നൊരു ബ്ലോഗും ഇതൊക്കെ തന്നെയാണ് ചെയ്തത്. ഏറ്റവും അവസാ‍നം വന്ന വാരഫലത്തില്‍ “ശൂ...” വരച്ച് പോയ “ബൂലോക വാരഫലം” പോയ വാരം വെളിച്ചം കണ്ടതേയില്ല. ബൂലോകത്തെ എല്ലാ രചനകളും “ശൂ..” ആയതു കൊണ്ട് ഇനി ഫലം നോക്കിയിട്ട് കാര്യമൊന്നുമില്ലാ എന്നാണോ വാരഫലക്കാരന്‍ അര്‍ത്ഥമാക്കുന്നത് എന്നതാണ് വിചാരിപ്പ് കാരന്റെ ഇപ്പോഴത്തെ വിചാരം? ചെയ്യാന്‍ കഴിയാത്ത കാര്യം ഏറ്റെടുത്തിട്ട് പറ്റാതെ വരുമ്പോള്‍ ആയുധത്തെ കുറ്റം പറഞ്ഞ് തിരിഞ്ഞ് നടക്കുന്നത് ശരിയോയെന്ന് വാരഫലക്കാരന്‍ ചിന്തിക്കുന്നത് നന്ന്.

ഒരു അര്‍ത്ഥത്തില്‍ ഈ “വാരവിചാരവും” ആള്‍ക്കാരെ കൂട്ടാനുള്ള ഒരു ഉപാധിയായിട്ടാണ് വിചാരിപ്പ്കാരന്‍ കാണുന്നത്. പുതുമുഖങ്ങളെ പരിചയപ്പെടുത്തുന്നതും മറ്റു ബ്ലോഗിലേക്ക് ലിങ്ക് കൊടുത്ത് ശ്രദ്ധ ക്ഷണിക്കുന്നതും ചിത്രകാരന്റെ ഒരു പോസ്റ്റില്‍ വിചാരിപ്പ് കാരനെ വിചാരിപ്പിന് വിധേയമാക്കി കൊണ്ട് ഒരാള്‍ കമന്റിയത് പോലെ ബസ്റ്റാന്റില്‍ ആളെ വിളിച്ചു വിടുന്ന മാതിരിയുള്ള ഒരു ഏജന്‍സി എന്നതിലുപരി “വാരവിചാരത്തില്‍” പെട്ടിട്ടുണ്ടോ എന്ന് ബൂലോകരെ കൊണ്ട് നോക്കിക്കാന്‍ വേണ്ടി ബ്ലോഗിലേക്ക് ആളെ കൂട്ടുക എന്ന ചെപ്പടി വിദ്യയും ഈ സംരംഭത്തിന്റെ പിന്നിലുണ്ട് എന്നതാണ് സത്യം. സ്റ്റഫില്ലാത്ത ബ്ലോഗുകളിലേക്ക് അള്‍ക്കാരെ ആകര്‍ഷിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം തലവാചകത്തില്‍ “ബൂലകം” എന്ന് ചേര്‍ക്കുക എന്നതാണ്. ബൂലോകത്തിന്റെ ആ മനശ്ശാസ്ത്രത്തെ നന്നായി ചൂഷണം ചെയ്യുന്ന ഒരു ബ്ലോഗാണ് നിങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്ന ഈ “വാരവിചാരവും” എന്നതില്‍ യാതൊരു തര്‍ക്കവും ഇല്ല തന്നെ.

“നന്മ നിറഞ്ഞ ചിലരെങ്കിലും ഉള്ളതു കൊണ്ടാണ് ലോകം അവസാ‍നിക്കാത്തത്” എന്ന് പറയുന്നതു പോലെ, കണ്‍കെട്ടുകളും ചെപ്പടി വിദ്യകളും ഇല്ലാതെ നന്നായി എഴുതി പോകുന്ന ഏതാനും ചില ബ്ലോഗുകള്‍ക്ക് വേണ്ടി തന്നെയാണ് ബൂലോകം നിലനില്‍ക്കുന്നത്.

3. ഹരിയുടെ സാങ്കേതികം.
കമ്പൂട്ടറിന്റെ വിവിധ സാങ്കേതിക വശങ്ങളെ ലളിതമായി അവതരിപ്പിക്കാന്‍ എപ്പോഴും ശ്രമിക്കാറുള്ള ഹരി പോയവാരം പരിചയപ്പെടുത്തിയത് കമ്പൂട്ടറിലെ ശബ്ദലേഖനത്തെയാണ്. അവതരിപ്പിക്കുന്ന വിഷയം വായനക്കാരന് ഉപയോഗപ്പെടണം എന്ന മുന്‍ വിധിയോടെ തന്നെയാണ് ഹരി വിഷയങ്ങള്‍ സമര്‍പ്പിക്കുന്നത്. സാങ്കേതികം എന്ന ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഉപയോഗ പ്രദം തന്നെ.

4. വാവയുടെ ചിത്രങ്ങള്‍.
കുഞ്ഞ് കണ്ണുകളില്‍ പതിക്കുന്ന വല്ലിയ കാഴ്ചകളാണ് വാവയുടെ ചിത്രങ്ങള്‍. പ്രവാസത്തിന്റെ ഈ പിന്നാമ്പുറ കാഴ്ച ദയനീയമാണ്. വാവയുടെ ചിത്രം കാട്ടി തരുന്ന പ്രവാസ ദുരന്ത കാഴ്ചയെ “നല്ല ചിത്രം” എന്ന് പറയുന്നവര്‍ ആ ചിത്രത്തിലെ ദയനീയതയെ ഉള്‍കൊണ്ടോ എന്ന് സംശയം. എരിയുന്ന പുരയുടെ ചിത്രം നോക്കി ഹായ് എത്ര നല്ല ചിത്രം എന്ന് പറയുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല. ദയനീയത പ്രതിഫലിക്കുന്ന ചിത്രം എടുത്തയാളുടെ കഴിവിനെ അഭിനന്ദിക്കുമ്പോള്‍ “നല്ല ചിത്രം” എന്ന വാക്ക് ഉപയോഗിക്കാന്‍ കഴിയുമോ?

5. അബ്ദുവും വിവാഹിതനായി.
ഇടങ്ങള്‍ എന്ന പേരില്‍ ബ്ലോഗെഴുതുന്ന അബ്ദുവും വിവാഹിതരുടെ ക്ലബ്ബില്‍ ചേര്‍ന്ന വാരമാണ് കടന്നു പോയത്. ഒക്ടോബര്‍ ഇരുപത്തിനാലാം തീയതിവിവാഹിതനായ അബ്ദുവിനും ഭാര്യ താഹിറക്കും വാരവിചാരത്തിന്റേയും മംഗളാശംസകള്‍.

5. ദേവേട്ടന്റെ കുസൃതി പോസ്റ്റ്
വായനാ സമൂഹം ഒരു കുസൃതി പരീക്ഷണം എന്ന പോസ്റ്റുമാ‍യി വന്ന ദേവന്‍ പറഞ്ഞ് വെച്ചത് ബൂലോകത്തെ ഇരട്ട വ്യക്തിത്വങ്ങളുടെ പ്രധാന്യത്തെ കുറിച്ചായിരുന്നു. പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കകം ബൂലോകത്ത് ഇടക്ക് പോയും വന്നുമൊക്കെ ഇരിക്കുന്ന പ്രശസ്തനായ ഒരു ബ്ലോഗര്‍ രണ്ടാം വ്യക്തിത്വവുമായി വന്നത് കൌതുകം ഉണര്‍ത്തി. ശശിയുടെ ഗ്രൂപ്പിസം ദേവേട്ടന്റെ കുസൃതി പോസ്റ്റിന്റെ പ്രാധാന്യത്തെ വിളിച്ചോതുന്നു. എങ്ങിനെയെഴുതിയാലും ശൈലിയില്‍ നിന്നും എഴുത്തുകാരന്‍ ബൂലോകത്ത് കയ്യോടെ പിടിക്കപ്പെടും എന്ന ദേവേട്ടന്റെ നിരീക്ഷണം ശരിയാണെന്നടിവരയിടുന്നു ശശീ ബ്ലോഗ്.

6. ത്രിശങ്കു.
ഒരു പുതിയ ബ്ലോഗ് അഗ്രഗേറ്ററും കൂടി ഉദിച്ച വാരമാണ് കടന്ന് പോയത്. ത്രിശങ്കു എന്ന ബ്ലോഗ് അഗ്രഗേറ്ററ് നിലവിലുള്ള മറ്റു അഗ്രഗേറ്ററുകളില്‍ നിന്നും വ്യത്യസ്തവും സൌകര്യപ്രദവുമായ സേവനമാണ് നല്‍കുന്നത്. ചിന്ത ഡോട് കോം പോലുള്ള പ്രസ്ഥാനങ്ങള്‍ പലപ്പോഴും പണിമുടക്കുന്നതിനിടക്ക് ഇങ്ങിനെയുള്ള സംരംഭങ്ങള്‍ക്ക് പ്രാധാന്യമേറെയാണ്. ഗൂഗിള്‍ ബ്ലോഗ് സെര്‍ച്ചും പോസ്റ്റുകളിലേക്കെത്തുവാന്‍ സഹായകരമാണ്.

7. ആനുകാലികങ്ങളില്‍ നിന്നും...
ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന കവിതകളെ ഒരിമിച്ച് കൂട്ടാനായി സുനില്‍ കൃഷ്ണന്റെ പ്രയത്നമാണ് കാവ്യം എന്ന ബ്ലോഗ്. ആനുകാലികങ്ങളില്‍ നിന്നും ഇന്റര്‍നെറ്റിലേക്കുള്ള പാലത്തിന്റെ നിര്‍മ്മിതി ബന്ധപ്പെട്ട അധികാരികളുടെ രേഖാമൂലമുള്ള അനുവാദത്തോടെയല്ലായെങ്കില്‍ സുനില്‍ കെണിയും-ഇന്നല്ലെങ്കില്‍ നാളെ. നല്ല സംരംഭം. ഭൂലോകത്തെ കവിതകളെ അനുഭവിക്കാന്‍ കഴിയുന്നൊരിടമാണ് “കാവ്യം”.

8. ആസ്ത്രേലിയയുടെ ഭാരത പര്യടനം.
ജയകൃഷ്ണന്റെ ഓര്‍മ്മകളുടെ ബുക്കില്‍ ഇത്തവണ ചര്‍ച്ച ചെയ്തിരിക്കുന്നത് ആസ്ത്രേലിയാ ക്രിക്കറ്റ് ടീമിന്റെ ഭാരത പര്യടനത്തെയാണ്. ഭാരതാവൂന്റെ ക്രിക്കറ്റ് നേരിടുന്ന പ്രതിസന്ധികളും പടല പിണക്കങ്ങളും തന്‍‌പൊരിമയും കളിക്കാരുടേയും കാണികളുടേയും അമിതാവേശവും അസഹിഷ്ണുതയും ഒക്കെ ജയകൃഷ്ണന്‍ നന്നായി വിശകലനം ചെയ്തിരിക്കുന്നു. ആസ്ത്രെലിയാവിന്റെ ഭാരത പര്യടനത്തെ അധികരിച്ച് ഭാരത ക്രിക്കറ്റിനെ വിലയിരുത്തിയാല്‍ നാമെത്തുക ഭാരത ക്രിക്കറ്റ് ഇപ്പോഴും ഭാഗ്യ പരീക്ഷണം തന്നെയാണ് നടത്തുന്നത് എന്നിടത്താണ്. കിട്ടിയാല്‍ കിട്ടി. പൊട്ടിയാലും കിട്ടി-ലക്ഷങ്ങള്‍ കളികാര്‍ക്ക്.

9. മധുര ഗീതങ്ങള്‍.
മലയാളത്തിലെ നിത്യഹരിത ഗാനങ്ങള്‍ ഒരിമിച്ച് കൂട്ടാനുള്ള ഒരു ശ്രമമാണ് മധുര ഗീതങ്ങള്‍ എന്ന ബ്ലോഗില്‍ ഉള്ളത്. നല്ല കുറേ ഗാനങ്ങള്‍ ഇപ്പോള്‍ തന്നെ ചേര്‍ത്തിരിക്കുന്നു. സീഡിയും കാസറ്റും എമ്പീത്രീയും ഒക്കെ ഉണ്ടെങ്കിലും നെറ്റിലും കിടക്കട്ടെ കാലാകാലം കുറച്ച് നല്ല ഗാനങ്ങള്‍. പക്ഷേ ബ്ലോഗിന്റെ മുതലാളി ആരാണെന്ന് എത്ര തപ്പിയിട്ടും കിട്ടിയില്ല.

10. റീത്തയോടൊപ്പം ഒരു രാത്രി.
പോസ്റ്റിന്റെ ടൈറ്റില്‍ കാണുമ്പോള്‍ കുട്ടികളടുത്തുണ്ട് എങ്കില്‍ ഒരു ചെറു ഉള്‍ക്കിടിലം ഉണ്ടാവുന്നു എന്നത് സത്യം തന്നെ. എങ്ങിനെ പോസ്റ്റിന് ആകര്‍ഷകമായ പേരിടണമെന്ന് വാല്‍മീകിയില്‍ നിന്നും പഠിക്കണം. റീത്ത എന്ന കൊടുങ്കാറ്റിനെ മുഖാമുഖം കണ്ടതിന്റെ ഓര്‍മ്മകുറിപ്പുകളാണ് വാല്‍മീകി റീത്തയോടൊപ്പം ഒരു രാത്രി എന്ന പോസ്റ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. പൊസ്റ്റിന്റെ ടൈറ്റില്‍ കണ്ട് എന്തൊക്കെയോ പ്രതീക്ഷിച്ചാണ് വായിച്ച് തുടങ്ങുന്നത് എങ്കില്‍ കൂടിയും എഴുത്ത് കാരന്റെ കരവിരുത് കൊണ്ട് ഒരു വാ‍ക്ക് പോലും വിടാതെ ആകാംഷയോടെ വായിച്ച് തീര്‍ക്കാന്‍ കഴിയുന്നതാണ് റീത്തയോടൊപ്പമുള്ള രാത്രി.

11. ജനകീയ ശാസ്ത്രം.
ബൂലോകത്തെ ഏറ്റവും നല്ല ചര്‍ച്ചകളുടെ ഒരു ലിസ്റ്റ് എടുത്താല്‍ അതിലധികവും കെ.പി.സുകുമാരന്‍ മാഷിന്റെ സംഭാവനകള്‍ ആയിരിക്കും എന്നതിന് രണ്ടഭിപ്രായം ഉണ്ടാകും എന്ന് തോന്നുന്നില്ല. മാഷിന്റെ ജനകീയ ശാസ്ത്രം എന്ന ബ്ലോഗില്‍ വരുന്ന ലേഖനങ്ങളെല്ലാം തന്നെ ശാസ്ത്ര സത്യങ്ങളെ ലളിതമായി വിവരിക്കാനുള്ള ശ്രമമാണ്. ഈ ബ്ലോഗില്‍ ഇതുവരെ അവതരിപ്പിക്കപ്പെട്ട ആറ് പോസ്റ്റുകളും അത്യന്തം വിജ്ഞാനപ്രദമാണ് എന്നതിലുപരി സംവേദന ക്ഷമങ്ങളുമാണ്. അടിസ്ഥാന ശാസ്ത്രാവബോധം ഒന്നുമില്ലാത്ത ഒരാള്‍ക്ക് കൂടിയും എളുപ്പം ഗ്രഹിക്കുവാന്‍ കഴിയുന്ന രീതിയിലാണ് വിഷയങ്ങളുടെ അവതരണം. മാഷിന്റെ തന്നെ വാ‍ക്കുകള്‍ കടമെടുത്താല്‍ “വിദ്യാഭ്യാസകാലത്ത് എല്ലാവരും സയന്‍സ് പഠിക്കുന്നുണ്ടെങ്കിലും പിന്നീട് അത് മറന്നു പോകുന്നതിനാല്‍ ആര്‍ക്കും സയന്‍സിനെക്കുറിച്ചു ഒരു സാമാന്യ ധാരണ ഉണ്ടാകുന്നില്ല.അതുകൊണ്ട് മുതിര്‍ന്നവര്‍ക്ക് സയന്‍സിന്റെ ഒരു പുനര്‍‌വായന ആവശ്യമുണ്ട്. സയന്‍സിന്റെ അടിസ്ഥാന വസ്തുതകള്‍ എനിക്കറിയാവുന്ന ഭാഷയില്‍ വിവരിക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ..” ഉദ്യമം വിജയത്തിലെത്തട്ടെ!

12. പുലിമട.
നിശ്ശബ്ദമായ ഒരു വിപ്ലവത്തിനാണ് കാര്‍ട്ടൂണിസ്റ്റ് സജ്ജീവിന്റെ കേരള ഹ..ഹ..ഹ എന്ന ബ്ലോഗ് സാക്ഷ്യം വഹിക്കുന്നത്. ബൂലോകത്തുള്ള സര്‍വ്വ പുലികളേയും കൂട്ടിലടക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഡിസംബര്‍ മുപ്പത്തി ഒന്നിനകം നൂറ് കാരിക്കേച്ചറുകളാണ് അദ്ദേഹത്തിന്റെ ഉന്നം. രണ്ടായിരത്തി പത്തില്‍ ആയിരം പുലികളുടെ കാരിക്കേച്ചറുകള്‍ എന്ന റിക്കാഡിലേക്ക് നടന്നടുക്കുന്ന സജ്ജീവിന്റെ പുലിമടയിലെ അമ്പതാം നമ്പര്‍ പുലിയാകാന്‍ ഭാഗ്യം സിദ്ധിച്ചത് “മെലോഡിയോസിനാണ്”. കാര്‍ട്ടൂണിസ്റ്റിന്റെ ഊണേശ്വരം പി.ഓ. എന്ന ബ്ലോഗും ചിരിക്കും ചിന്തക്കും വക നല്‍കുന്നു. ബൂലോകത്തെ മറ്റു ബ്ലോഗുകളിലെ ഏറ്റവും വല്ലിയ സാനിധ്യമാണ് ഇപ്പോള്‍ കാര്‍ട്ടൂണിസ്റ്റ്. സ്വന്തം ചിത്രങ്ങള്‍ക്ക് പകരം സജ്ജീവിന്റെ കാരിക്കേച്ചര്‍ പ്രൊഫൈലില്‍ തൂക്കാന്‍ ബൂലോകര്‍ കാട്ടുന്ന താല്പര്യം അദ്ദേഹത്തിന്റെ വരകളുടെ വിജയമാണ്. അമ്പതാം പുലിയിലെത്തിയ സജ്ജീവിന് വാരവിചാരത്തിന്റേയും ആശംസകള്‍!

13. നവാഗതര്‍
പോയ രണ്ട് വാരങ്ങളെ പോലെ തന്നെ ഈ വാരവും പുതു ബ്ലോഗുകളുടെ ഒരു കുത്തൊഴുക്ക് തന്നെ ഉണ്ടായി. ഇക്കാസിന്റേയും ജാസൂട്ടിയുടേയും വിവാഹ വിളംബരം പത്രങ്ങളില്‍ സ്ഥാനം പിടിച്ചതും മാതൃഭൂമിയിലെ വിശാല മനസ്കന്റെ അഭിമുഖാനന്തരം മാതൃഭൂമിയില്‍ തന്നെ നടന്ന തുടര്‍ചര്‍ച്ചകളും ആണ് ഈ ഒരു ചലനത്തിന് ഹേതു. പുതുതായി അവതരിച്ച ബ്ലോഗുകളില്‍ പ്രതീക്ഷക്ക് വക തരുന്നവ വളരെയേറെയുണ്ട്. മാത്രമല്ല സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും ബ്ലോഗുകള്‍ ഉണ്ടാകുന്നു എന്നതും പോയ വാരത്തെ സവിശേഷതയായിരുന്നു.

1. സയന്‍സ് അങ്കിള്‍
മലയാളം സയന്‍സ് അന്റ് ഹോബി മാസിക എന്നാണ് തലകെട്ട്. സയന്‍സ് അങ്കിള്‍ തന്നെ നടത്തുന്ന ബ്ലോഗ്. സംഘാടകന്റെ തന്നെ വാക്കുകളാണ് ഈ ബ്ലോഗിനെ പരിചയപ്പെടുത്താന്‍ ഏറ്റവും ഉചിതം “ചെറുപ്പകാലത്തിന്റെ കുസൃതികളാണ് ശാസ്ത്രകൌതുമായി വളരുന്നത്. അത്തരം ഒരു ഭൂതകാലത്തിലെ സ്മരണകള്‍ പുത്തന്‍ തലമുറക്കു കൂടി സമ്മാനിക്കാനാണ് ഈ സൈറ്റ് ഒരുക്കിയിരിക്കുന്നത്. ഇത് കൂട്ടുകാര്‍ക്കുള്ള കനപ്പെട്ട ഒരു ഉപഹാരമാകുമെന്നു പ്രതീക്ഷിക്കുന്നു.” പ്രതീക്ഷ നിലനിര്‍ത്താന്‍ സയന്‍സ് അങ്കിളിന് കഴിയും എന്നാണ് ആദ്യ പോസ്റ്റുകള്‍ നല്‍കുന്ന സൂചന.

2. ശാസ്ത്ര പരീക്ഷണങ്ങള്‍
ഈ ദുനിയാവിലെ നിസ്സാരനായ റഫീക്ക് കീഴാറ്റൂരിന്റേതാണ് ബ്ലോഗ്. “പരീഷണങ്ങള്‍ പരിച്ചയപെടുത്തുവാന്‍,പരസ്പരം കൈമാറുവാന്‍ ഒരു വേദി” അതാണ് റഫീക്ക് ലക്ഷ്യം വക്കുന്നത്. ലക്ഷയ്ത്തിലേക്കെത്താനുള്ള റഫീക്കിന്റെ ശാസ്ത്ര പരിചയമൊന്നും പ്രൊഫൈലില്‍ ലഭ്യമല്ല.

3. വിശേഷാല്പ്രതി.
മണികുട്ടന്റെ വിശേഷാല്‍ പ്രതി. “കണ്ണാടി കാണ്മോളവും തന്മുഖം മാത്രം നന്നെന്നുനിരൂപിക്കും എത്രയും വിരൂപന്‍മാര്‍..” എവിടെയൊക്കെയോ തട്ടുന്ന വരികള്‍. ആദ്യ കുദാ‍ശ പ്രതീക്ഷ നല്‍കുന്നു.

4. വിവേകം.
ദത്തന്റെ ബ്ലോഗ്. അന്നത്തെ കുഞ്ഞൂഞ്ഞും ഇന്നത്തെ ബിഷപ്പും എന്ന ആദ്യ പോസ്റ്റ് തന്നെ ശ്രദ്ധയര്‍ഹിക്കുന്നു. പക്ഷേ വേണ്ടത്ര പരിഗണന കിട്ടിയിട്ടില്ല ദത്തന്. നല്ലൊരു നിരീക്ഷകനാണ് താനെന്ന് ആദ്യ പോസ്റ്റ് തന്നെ വിളിച്ചു പറയുന്നു.

5. വയലോരം.
വയലോരത്തിന്റെ ബ്ലോഗാണ് വയലോരം. “ഉടന്‍ വരുന്നൂ..” എന്നൊരു ബാനര്‍ മാത്രം. ഇതുവരെ വന്നിട്ടില്ല.

6. ലഹരി തീണ്ടിയ ഓര്‍മ്മകള്‍.
എല്ലെമ്മിന്റെ പുതിയ ബ്ലോഗ്. കള്ള്, കഞ്ചാവ്, പെണ്ണ് എന്നിങ്ങനെ ഒരു അരാജകവാദിയുടെ അഹംഭാവങ്ങളുമായി എത്തിയ എല്ലെം‍ പകലുറങ്ങുമ്പോള്‍ രാത്രികള്‍ ചെയ്യുന്നത് എന്ന നല്ല തലകെട്ടോടെ തുടങ്ങിയ ആദ്യ പോസ്റ്റിന്റെ അവസാനം ഇങ്ങിനെ എഴുതിയിരിക്കുന്നു “ഇന്നത്തെ രാത്രി അതിജീവിക്കുകയാണെങ്കില്‍ വീണ്ടും കാണാം..” പിന്നെ കണ്ടില്ല. രാത്രിയെ അതിജീവിച്ച് കാണില്ല.

7. മരത്തണലില്‍.
കാണിയുടെ ബ്ലോഗ്. വാക്കുകളില്‍ രോഷം കത്തി നില്‍ക്കുന്ന മറ്റൊരു ബ്ലോഗ്. പറയാനുള്ളത് കാടുകയറാതെ ചെറിയ പോസ്റ്റുകളിലായി പറഞ്ഞ് പോകാന്‍ കാണിക്കാകുന്നു. “കാണി” നല്ല പേരും.

8. മാമ്പല കുന്നിലെ പൂമ്പാറ്റകള്‍.
കവിത പോലെ സുന്ദരമായ തലവാചകം. പ്രസന്നകുമാറിന്റെ ബ്ലോഗിലെ കവിത്വം പേരിലവസാനിക്കുന്നു. തനിമലയാളത്തിലൂടെ ഒരിടത്തു നിന്നും റീഡയറക്ടൊക്കെ ചെയ്ത് മാമ്പലകുന്നിലെത്തിയാല്‍ വഴിപോക്കന്‍ നിരാശപ്പെടേണ്ടി വരും. ഒന്നുമില്ല ബ്ലോഗില്‍.

9. ഭരണഭേരി.
സുധീഷ് കുമാറ് ജെയുടെ ബ്ലോഗ്. ലക്ഷ്യം ഇതാ ഇങ്ങിനെ “പൌരനെന്ന നിലയില്‍ നിര്‍ബന്ധമായും നാം അറിയേണ്ട, വിശകലനം ചെയ്യേണ്ട രാഷ്ട്രീയമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.” വായനക്കാര്‍ അരാഷ്ട്രീയ വാദികളാണെന്ന് തെളിയിക്കുന്നു അഭിപ്രായ സര്‍വ്വേ. ഇതു വരെ സമ്മതീദാനാവകാശം രേഖപ്പെടുത്തിയവരുടെ എണ്ണം “ശൂന്യം”.

10. ബി-ലോകം
വ്യാപാര, വാണിജ്യ, വ്യവസായ മേഖലകളിലെ പുത്തന്‍ തുടിപ്പുകളോട് അടുത്തു നില്‍ക്കുന്ന ഒരു കൂട്ടം മലയാളികള്‍. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പാര്‍ക്കുന്നവര്‍. അവരാല്‍ നിയന്ത്രിക്കുന്ന ബ്ലോഗ്. വാണിജ്യ കാര്യങ്ങള്‍ സംവേദിക്കാനുള്ള ബൂലോകത്തെ ആദ്യത്തെ സംരംഭമായിരിക്കും ബി-ലോകം. ആഗോള മൂലധന,പണ,പണ്ട, എണ്ണ വിപണികളിലെ ചലനങ്ങളെ അതാതു സമയം വിശകലനം ചെയ്ത് അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഗുണപ്രദമാകാവുന്ന തുടക്കം. ആശംസകള്‍.

11. ബലിതവിചാരം.
ലോകമൊരിക്കലും നന്നാകില്ലാ എന്ന ആയിരം തവണ പറഞ്ഞ് പതം വന്ന വാക്കുകളുടെ ബൂലോക പരിഛേദം. എന്തിരാണോ ആവോ. എവിടെ ചെന്ന് നില്‍ക്കുമോ എന്തരോ.

12. പരിഭവമില്ലാതെ ...ഹൃദയത്തിന്റെ ഭാഷയില്‍.
പരിഭവമേതുമില്ലാതെ ഒരു നിരൂപകന്‍ കൂടി ജനിക്കുന്നു . “സാഹിത്യവിമര്‍ശനത്തോടുള്ള താല്പര്യവും ബ്ലോഗില്‍ കാണുന്നകൃതികള്‍ക്ക് വ്യക്തിപരമല്ലാത്ത നിരൂപണം വേണമെന്ന അദമ്യമായ ആഗ്രഹവുമായി” ബൂലോകത്തേക്കെത്തിയ ബ്ലോഗര്‍. പുതിയ ആളാണെങ്കില്‍ നിരൂപകന്‍ വിഷമിക്കും. ബൂലോകരെല്ലാം കൂടി എടുത്തിട്ട് നിരൂപിക്കാതെ നോക്കിയാല്‍ നന്ന്. നല്ല നിരൂപണങ്ങള്‍ക്ക് ബൂലോകത്തുള്ള സാധ്യതകള്‍ അനന്തമാണ്. ആഗ്രഹം പൂവണിയട്ടെയെന്ന് ആശംസിക്കുന്നു.

13. നവമി.
ഓരോ ദിവസവും ലോകത്തെ വിസ്മയത്തോടെ കാണുന്ന. ഓരോ ചലനവും എത്ര അദ്ഭുതകരമാണെന്ന് ആത്മഗതം ചെയ്യുന്ന സുരേഷ് മാധവന്റെ ബ്ലോഗ്. രസകരമായ കുഞ്ഞു കുഞ്ഞു കവിതകളും വരികളുമാണ് ബ്ലോഗില്‍ ഉള്ളത്. എല്ലാ വരികളും ചിന്തക്ക് വക നല്‍കുന്നു.

14. ജ്യോതിസ്.
“ആലക്തിക ദീപങ്ങള്‍ പ്രഭ ചൊരിയുന്ന രാജവീഥിയില്‍ ഈ മണ്‍ചെരാതിന്റെ ഇത്തിരിവെട്ടം കൂടി..” അതേ... രാജവീഥിയിലേക്ക് ഒരു ഇരുത്തം വന്ന എഴുത്ത് കാരി കൂടി. എന്റര്‍ കീയിലടിച്ച് വാക്ക് മുറീക്കാന്‍ കഴിയുന്നവരെല്ലാം കവികളാകുന്ന ബൂലോകത്ത് കവിത്വം തുളുമ്പുന്ന വാക്കുകളും വരികളുമായി ജ്യോതി എത്തുമ്പൊള്‍ ബൂലോകത്തിന് അതൊരു മുതല്‍ കൂട്ട് ആവുകയാണ്.

15. ഒരാള്‍ ചെറിയനാട്ടു നിന്നും ബ്ലോഗുന്നു.
“പേരിടാത്ത ചിത്രം” പോലെ ബൂലോകത്തെ ആദ്യത്തെ “പേരിടാത്താ ബ്ലോഗ്”. ചെറിയനാട്ടുകാരന്‍ എഴുതി തുടങ്ങിയിരിക്കുന്നു. മാതൃഭൂമിയാണ് ബൂലോകത്തെത്തീച്ചതെന്ന് ചെറിയനാട്ടുകാരന്റെ സാക്ഷ്യം.

16. ചാമരങ്ങള്‍.
പ്രിന്‍സന്റെ കഥക്കും കവിതകള്‍ക്കുമായുള്ള ബ്ലോഗ്. തിരുവകളെന്ന ആദ്യത്തെ കഥ പ്രതീക്ഷയുണര്‍ത്തുന്നു.

17. ചങ്ങാതികൂട്ടം.
സുമേഷ് റാണയുടെ ബ്ലോഗ്. “ഒരു ജനാധിപത്യ രാജ്യത്തില്‍ ജനിച്ച എനിക്ക്‌ ഒരു ബ്ലോഗെഴുതനുള്ള സ്വാതന്ത്ര്യം ഇല്ലേ..” എന്ന വിപ്ലവകരമായ ചോദ്യവുമായി എത്തുന്ന ജനകീയ ജനാധിപത്യ വാദിയുടെ ബ്ലോഗ്. പടം പിടുത്തവും നമസ്കാരവും ആയി തുടക്കം.

18. കറ്റാടി.
നരിമാന്റെ ബ്ലോഗ്. ഇടത് വശത്തേക്ക് ചരിഞ്ഞു നിന്നുള്ള നിരീക്ഷണങ്ങളും അഭിപ്രായങ്ങളുമായെത്തിയിരിക്കുന്നു നരിമാന്‍.

19. ക്യാന്‍‌വാസും കടലാസും.
കാന്‍‌വാസും കടലാസും എന്ന ബ്ലോഗറുടെ പുതിയ ബ്ലോഗ്. കവിതാ ബ്ലൊഗാണ്. വാക്കുകളില്‍ കവിതയുണ്ട്.

20. കൈപ്പിഴകള്‍.
പഥികന്റെ ബ്ലോഗ്. പഥികന്‍ എന്ന പേരില്‍ മറ്റൊരു ബ്ലോഗറ് ഉണ്ട് എന്ന് തോന്നുന്നു. കഥാ ബ്ലോഗാണ്.

21. കണ്ടനാടു വിശേഷം.
കണ്ടനാടു് (കിഴക്കു്) മെത്രാപ്പോലീത്താസന വാര്‍ത്തകളുമായെത്തുന്ന ഒരു മതാധിഷ്ടിത ബ്ലോഗ്. സഭയും മതവും ഒക്കെ തന്നെയാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.

22. ഏറുമാടം.
ഏറുമാടത്തിന്റെ ശൈലിയും ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളും തികച്ചും വ്യത്യസ്തമാണ്. ആക്ഷേപ ഹാസ്യമാണ് ബ്ലോഗിന്റെ ജീവന്‍.

23. ആത്മബോധം.
സാജു തറയില്‍, തൃശ്ശൂര്‍ ജില്ലയിലെ വെന്മേനാടു നിന്നും പ്രവാസത്തിലേക്ക് കുടിയേറിപ്പാര്‍ത്ത മറ്റൊരു മലയാളി. മലയാള സാഹിത്യത്തെക്കുറിച്ച് ഒന്നുമറിയാത്ത വെറുമൊരു വായനക്കാരന്‍. സാജുവിന്റെ ആദ്യത്തെ പരിചയപ്പെടുത്തല്‍ ഇങ്ങിനെയാണ്. ഈ ഡിങ്കന്‍ കമന്റിന് ശേഷം പ്രൊഫൈല്‍ ഇങ്ങിനെ മാറി “തൃശ്ശൂര്‍ ജില്ലയിലെ വെന്മേനാടു നിന്നും പ്രവാസത്തിലേക്ക് കുടിയേറിപ്പാര്‍ത്ത മറ്റൊരു മലയാളി.” ശരിക്കും മലയാളീ മനസ്സിന്റെ ആത്മബോധം ഇങ്ങിനെ തന്നെയാണ്. ഇടക്കിടക്ക് മാറി കൊണ്ടിരിക്കും.

24. അമ്മു പറയുന്നു.
ഒന്നും പറയാനില്ലാതെ അമ്മു എല്ലാം പറയാന്‍ തുടങ്ങുന്നു. ഇന്നി എന്താണെന്ന് അമ്മു തന്നെ പറയേണ്ടിയിരിക്കുന്നു.

25. പൊയില്‍ക്കാ‍വ്.
തന്റെ രചനകള്‍ വയാനക്കാ‍രാ നിന്റെ മനസ്സ് തകര്‍ക്കല്ലേ എന്ന നിര്‍ദ്ദോഷ മുന്നറിയിപ്പോടെ ബൂലോകത്തേക്കെത്തിയ പ്രവീണ്‍ കവിതയെഴുത്ത് നിര്‍ത്തീ വിമര്‍ശനങ്ങളെഴുതി തുടങ്ങുന്നു എന്ന് പറയുന്നു. ശരിക്കും സാമൂഹ്യ വിമറ്ശനം വഴങ്ങുന്നുണ്ട് പ്രവീണിന്.

26. അന്തിപത്രം.
പിപീജെ യുടെ അന്തിപത്രം അക്ഷരാര്‍ത്ഥത്തില്‍ അന്തിപത്രം തന്നെ. ബൂലോകത്ത് ഒരുപാട് സാധ്യതകള്‍ ഉള്ള ഒരു മേഖലയിലാണ് പീപീജെ ഇപ്പോള്‍ നില്‍ക്കുന്നത്

27. അജിത് കവി.
പേര് കണ്ട് വിഷമിക്കേണ്ട. കവിയെന്നത് സ്വയം വിളിച്ച് പറയുന്നതല്ല. കവിയൂരിനെ ചെറുതാക്കിയതാണ് കവിയെന്നത്. അജിത്തിന്റെ ബ്ലൊഗിന്റെ ലക്ഷണം മനസ്സിലാക്കാന്‍ കഴിയുന്നില്ല.

28. വിയെംസി.
മറ്റൊരു തോന്ന്യവാസ ബ്ലോഗ്. കുരീപ്പുഴ ശ്രീകുമാര്‍ സാറിന്റെ “ജസ്സി” യാതൊരു ഇളുപ്പുമില്ലാതെ പോസ്റ്റിയിരിക്കുന്നു വിനീത് ഉണ്ണിത്താന്‍ എന്ന ചോരന്‍.

29. സൃഷ്ടി.
സന്ദീപിന്റെ കവിതാ ബ്ലോഗ്. ആദ്യത്തെ കവിത ഞാന്‍ അറിയാത്തത് അക്ഷര തെറ്റുകളുടെ ഘോഷയാത്ര കൊണ്ട് ശ്രദ്ധേയം. അക്ഷര തെറ്റുകള്‍ മാറ്റി പോസ്റ്റിയെങ്കില്‍ മാത്രമേ കവിത അനുവാചകനിലെത്തുള്ളൂ.

30. സീക്കിങ്ങ് ദി ഫിലോസഫി ഓഫ് ലൈഫ്.
അഞ്ജിതയുടെ ബ്ലോഗ്. ഓര്‍മ്മകുറിപ്പുകളാണ് അഞ്ജിത ലക്ഷ്യം വെക്കുന്നത്. എഴുത്ത് കാരിയുടെ ശൈലി അനുവാചകനെ പൂര്‍ണ്ണമായും വായിക്കാന്‍ പ്രേരിപ്പിക്കുന്നു. പ്രതീക്ഷയുണര്‍ത്തുന്ന മറ്റൊരു ബ്ലോഗാണ് അഞ്ജിതയുടേത്.

31. ഓര്‍മ്മ.
എസ്കുറുവത്തിന്റെ കവിതാ ബ്ലോഗ്. ഏഴ് ദിവസം കൊണ്ട് എട്ട് കവിതകള്‍. എല്ലാം നല്ല വരികളാല്‍ സമ്പന്നം.

32. നൈസ് തിങ്സ് ടു ഷെയര്‍.
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്ന ബ്ലോഗറുടെ തുടക്കം. പേരുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കപ്പെടേണ്ടവ ശ്രദ്ധിക്കാത്തതിന്റെ കുഴപ്പം ഉദാഹരിക്കാവുന്ന പേരുമായി ബൂലോകത്തെത്തിയ ഇയാളും ഓര്‍മ്മകള്‍ പങ്കുവെക്കാനാണ് ശ്രമിക്കുന്നത്.

33. മനൂസ് ബ്ലോഗ്.
മനു നമസ്കാരം പറഞ്ഞ് തുടങ്ങിയിരിക്കുന്നു. ഉദ്ദേശ്യം ലക്ഷ്യം ഒന്നും വ്യക്തമല്ല.

34. കാതോരം.
ബാങ്ക് ഉദ്യോഗസ്ഥയായ ഭൂമീപുത്രിയുടെ പുതിയ ബ്ലോഗ്. “എല്ലാരും ബ്ലോഗുന്നു..ഞാനും ബ്ലോഗുന്നു”. ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ അവ്യക്തം.

35. ജയകേരളം.
പോയവാരം:
“ബ്ലോഗ് കൊള്ളാം വളരെ നന്നായിരിക്കുന്നു, കിടിലന്‍, ഗംഭീരം.
http://www.jayakeralam.com കണ്ട്‌
താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ.
Jayakeralam for Malayalam Stories and Poetry...
സ്നേഹപൂര്‍വ്വം ജയകേരളം Editor."
എന്ന പരസ്യപിടിയില്‍ നിന്നും വളരെ അപൂവ്വം ബ്ലോഗുകളേ രക്ഷപെട്ടിട്ടുള്ളൂ. തന്റെ ഓണ്‍ലൈന്‍ മാഗസിന്റെ പരസ്യം പതിക്കുന്നതിന് വേണ്ടി മാത്രം കമനന്റാനെത്തിയ പ്രസ്തുത ബ്ലൊഗറുടെ ചെയ്തി ഒരു തരത്തിലും ന്യായീകരിക്കത്തക്കതല്ല. പരസ്യം പതിക്കണം എങ്കില്‍ അതാകാം. പക്ഷേ അവിടെ പോസ്റ്റ് വായിക്കാതെ “കോപ്പീ പേസ്റ്റ്” കമന്റുമായി നടന്നത് ശരിയായില്ല എന്നതാണ് വിചാരിപ്പ് കാരന്റെ വിചാരം.

36. എന്റെ വീട്.
ഹയര്‍സെക്കന്ററി ടീച്ചറായ യാമീരയുടെ ബ്ലോഗ്. മലയാളത്തില്‍ റിസര്‍ച്ച് ചെയ്യുന്നു എന്ന് പ്രൊഫൈല്‍ പറയുന്നു. കവിതാ ബ്ലൊഗം ആണ്.

പുതുതായി വന്ന ബ്ലോഗുകളിലധികവും കവിതാ ബ്ലോഗുകളാണ്. വളരെ നിസ്സാരമായി സമീപിക്കാന്‍ കഴിയുന്ന ഒരു സാഹിത്യ ശാഖയാണ് കവിത എന്ന തെറ്റായ ഒരു ധാരണ ബൂലോകത്ത് വളര്‍ന്ന് വരുന്ന പോലെ തോന്നുന്നു. സഖാവ് ശശിയുടെ ബ്ലോഗിലെ അദ്ദേഹത്തിന്റെ ഉല്‍കൃഷ്ട സൃഷ്ടിയായ ആണവ കരാര്‍ എന്ന കവിത പത്ര വാര്‍ത്ത പോലും മുറിച്ചെഴുതിയാല്‍ കവിതയാകും എന്നതിന് തെളിവാകുന്നു. കളിയായിട്ടാണെങ്കിലും ബൂലോകത്തെ പല കവിതകളുടേയും പരിതാപകരമായ അവസ്ഥയിലേക്കാണ് ശശി വിരല്‍ ചൂണ്ടിയിരിക്കുന്നത്. നല്ല കവിതകള്‍ ഉണ്ടാകുന്നില്ല എന്നല്ല. അതുണ്ടാകുന്നുണ്ട്. വല്ലപ്പോഴും ഒരിക്കല്‍. ബാക്കിയെല്ലാം ദുരൂഹവും ദുര്‍ഗ്രാഹ്യവുമായ വാക്കുകള്‍ കുത്തിനിറച്ച് പടച്ച് വിടുന്ന പത്രവാര്‍ത്തകളാണ്.. കീഴെ ലേബലില്‍ “കവിത” എന്നും ചാമ്പും. എഴുതിയ ആളെ നോക്കി ചവറുകള്‍ക്ക് ആസ്വാദനം എഴുതുന്നവര്‍ക്കിട്ട് കൊട്ടിയ നല്ല കൊട്ടുമായി റഷ്യക്കാരന്റെ അവലോകനവും.
അതുകൊണ്ട് തന്നെ കളികളിലും ഇത്തിരി കാര്യങ്ങള്‍ ഉണ്ട് എന്നതായിരുന്നു പോയ വാരത്തെ ബൂലോക വായന.

പുനര്‍ വായന.
ഇഞ്ചിപെണ്ണിന്റെ ഏയ് ഇവിടെ കൊടുങ്കാറ്റ് അടിക്കില്ല എന്ന പോസ്റ്റിന്റെ ലിങ്ക് കിട്ടിയത് വാല്‍മീകിയുടെ റീത്തയില്‍ നിന്നുമായിരുന്നു. പോസ്റ്റ് വായിച്ച് കഴിഞ്ഞാല്‍ ഒരു കൊടുങ്കാറ്റില്‍ പെട്ടുഴറന്നപോലെ തോന്നിക്കുമാറ് സംവേദനക്ഷമമാണ് ഇഞ്ചിപെണ്ണിന്റെ അവതരണം. നല്ല എത്രയോ പോസ്റ്റുകള്‍ ബൂലോകത്ത് വന്നു പൊയിട്ടുണ്ട്. നല്ലതെന്ന് തോന്നുന്ന പോസ്റ്റുകള്‍ പുനര്‍ പ്രസിദ്ധീകരിക്കുന്നതിന്റെ ആവശ്യകത വിളിച്ചോതുന്നതാണ് ഈ പോസ്റ്റും.

ബൂലോകം പോയ വാരം പത്താം ലക്കം ഇവിടെ അവസാനിക്കുന്നു. തെറ്റുകള്‍ തിരുത്തണമെന്ന് അദമ്യമായ ആഗ്രഹമുണ്ട്. സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.