Thursday, December 20, 2007

വാര്‍ത്താ വിചാരം : ലക്കം പതിനാല്

വീണ്ടും വസന്തത്തിന്റെ ഇടിമുഴക്കം.

ഒരു ഗവണ്മെന്റ് എങ്ങിനെ ആയിരിക്കരുത് എന്നതിന് ഏറ്റവും നല്ല ഉദാഹരണമായി മാറികൊണ്ടിരിക്കുകയാ‍ണ് പ്രബുദ്ധകേരളം നൂറിന്റെ ആനുകൂല്യത്തില്‍ ഭരണമേറ്റ പുരോഗമന പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്ന് സ്വയം അഹങ്കരിക്കുന്ന ഇടതു സര്‍ക്കാര്‍. ഭരണത്തിന്റെ എല്ലാ തലത്തിലും പരാജയമായികൊണ്ടിരിക്കുന്ന സര്‍ക്കാറില്‍ നന്നായി പ്രവര്‍ത്തിക്കുന്ന ഒരു വകുപ്പിനെ പോലും കാണാനില്ല. പ്രഖ്യാപനങ്ങളും സര്‍ക്കാര്‍ സ്പോണ്‍സേഡ് സമരാഭാസങ്ങളും അല്ലാതെ പൊതുജനത്തിന്റെ ദുരന്തങ്ങള്‍ക്ക് സാന്ത്വനമേകാന്‍ കഴിയുന്നതൊന്നും ആസൂത്രണം ചെയ്യാനോ ആസൂത്രണം ചെയ്തവ കുറ്റമറ്റതാക്കി നടപ്പിലാക്കാനോ സര്‍ക്കാര്‍ സംവീധാനത്തിന് കഴിയുന്നില്ല. ഭരണപക്ഷപാര്‍ട്ടികളില്‍ പ്രധാനപ്പെട്ട രണ്ടെണ്ണത്തിന്റെ പാര്‍ട്ടി സമ്മേളനങ്ങള്‍ കൂടി വന്നപ്പോള്‍ കേഡര്‍ പാര്‍ട്ടികളിലെ ഗ്രൂപ്പുകളികളുടെ ചരടുവലികള്‍ക്കായി ഭരണ സംവീധാനത്തെ ദുരുപയോഗപ്പെടുത്തി തെക്കുവടക്കോടുന്ന മന്ത്രിമാര്‍ ജനത്തെയും ഭരണത്തേയും ഭരണകൂടത്തേയും സെക്രട്ടറിയേറ്റിനേയും മറന്നിരിക്കുന്നു.

കൊട്ടും കുരവയുമായി അധികാരമേറിയ അച്ചുദാനന്ദന്‍ മന്ത്രിസഭ ഏതെങ്കിലും കാര്യത്തില്‍ മുന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ നിന്നോ അതിന് മുന്നേ പോയ ആന്റണി സര്‍ക്കാറില്‍ നിന്നോ വേറിട്ട് നില്‍ക്കുന്നുവോ? വേറിട്ട് നില്‍ക്കുന്നു. ഒരേ ഒരു കാര്യത്തില്‍ മാത്രം. മുന്‍ യൂ.ഡീ.എഫ് സര്‍ക്കാറുകളുടെ ഭരണകാലത്ത് സമരം നടത്തിയീരുന്നത് അന്നത്തെ പ്രതിപക്ഷം ആയിരുന്നു. ഇന്ന് സമരം ചെയ്യുന്നതും ഭരിക്കുന്നതും ഒരേ കൂട്ടര്‍ തന്നെ എന്ന ഒരേ ഒരു വ്യത്യാസം മാത്രം. “ഭരണവും സമരവും ഒന്നിച്ച്” എന്ന ഇടതു നയം ശുഷ്കിച്ച് ശുഷ്കിച്ച് “ഭരണമെങ്ങനായാലും സമരം നന്നായാല്‍ മതി” എന്നിടത്തേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു.

സര്‍ക്കാറിന്റെ മുന്നിലേക്ക് വരുന്ന ഒരു പ്രശ്നത്തിനും പരിഹാരം കാണാന്‍ കഴിയാതെ തെരുവില്‍ തല്ലുന്ന ഘടക കക്ഷികളും വിഴുപ്പലക്കാന്‍ മത്സരിക്കുന്ന മന്ത്രിമാരും വിശ്വാസം നഷ്ടപെട്ട ഉദ്യോഗസ്ഥ പ്രമാണിമാരും എല്ലാം കൂടി കേരളം കണ്ട ഏറ്റവും മോശപ്പെട്ട സര്‍ക്കാര്‍ എന്ന പ്രതിഛായയുമായി ഇഴഞ്ഞ് നീങ്ങുന്ന സര്‍ക്കാറിനെ നേര്‍വഴിക്ക് നയിക്കാന്‍ ഒരു നേതാവിനോ പോളിറ്റ് ബ്യൂറോക്കോ ഇന്നി കഴിയുമെന്ന് കരുതാന്‍ വയ്യ തന്നെ. പാര്‍ട്ടിക്ക് അനഭിമതനായ അല്ലെങ്കില്‍ പാര്‍ട്ടി വിശ്വാസത്തിലെടുക്കാത്ത മുഖ്യമന്ത്രിയും, മുഖ്യമന്ത്രിക്ക് വിശ്വാസമില്ലാത്ത പാര്‍ട്ടി സെക്രട്ടറിയും, പരസ്പര വിശ്വാസമോ പ്രതിപക്ഷ ബഹുമാനമോ പോലും തൊട്ടു തീണ്ടിയിട്ടില്ലാത്ത ഘടക കക്ഷികളും കേരളത്തിന് ഭാരമാവുകയാ‍ണ്.

ഭരണം ജനവിരുദ്ധമാകുമ്പോള്‍ പ്രതികരിക്കേണ്ട പ്രതിപക്ഷം ഭരണത്തിനെതിരേ ഒന്നോരിയിടാന്‍ പോലും മിനക്കെടുന്നില്ല. നിഷ്ക്രിയമായ പ്രതിപക്ഷവും ജനവിരുദ്ധമായ ഭരണപക്ഷവും എവിടെ നിലവില്‍ വരുന്നുവോ അവിടെയൊക്കെ സംജാതമാകുന്ന പ്രതിസന്ധിയിലേക്കാണ് കേരളവും നീങ്ങുന്നത്. മുഖ്യാധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ വിശ്വാസം നഷ്ടപ്പെടുന്ന ജനത തീവ്ര സ്വഭാവമുള്ള പ്രസ്ഥാനങ്ങളില്‍ വിശ്വാസം അര്‍പ്പിക്കും എന്നതിന് എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടികാട്ടാന്‍ കഴിയും. തീവ്രവാദത്തിന് വളക്കൂറുള്ള എല്ലാ രാജ്യങ്ങളിലേയും തീവ്രവാദത്തിന്റെ അടിസ്ഥാന സൌകര്യം പട്ടിണിയും ദാരിദ്ര്യവും അരാജകത്വവും അരാഷ്ട്രീയവുമാണെന്ന് ലോകം തിരിച്ചറിഞ്ഞതാണ്. നേപ്പാളും അഫ്ഗാനിസ്ഥാനും എത്യോപ്പിയായും ഉഗാണ്ടയും ലിബിയായും സോമാലിയായും ഒക്കെ ഈ പ്രതിഭാസത്തിനുദാഹരണങ്ങളാണ്. എന്തിന്, ഭാരതത്തിലേക്ക് തന്നെ തിരിച്ച് വരാം. നക്സല്‍ പ്രസ്ഥാനങ്ങളും തീവ്രഹിന്ദു മുസ്ലീം വാദമൊക്കെയും തന്നെ നമ്മുടെ പട്ടണങ്ങളിലെ ചേരികളിലും അത്താഴ പഷ്ണിക്കാരായ ഗ്രാമവാസികളിലുമാണ് തഴച്ച് വളരുന്നത്.

ഒരിക്കല്‍ വിടുതല്‍ നേടിയ “വസന്തത്തിന്റെ ഇടിമുഴക്കം” കേരളാ ഗ്രാമാന്തരങ്ങളില്‍ വീണ്ടും മുഴങ്ങുന്നതിന്റെ കാരണങ്ങള്‍ തേടിയിറങ്ങുന്ന ഒരാള്‍ ചെന്നെത്തുന്നത് ദിശാബോധവും ജനകീയ പിന്തുണയും നഷ്ടപ്പെട്ട നമ്മുടെ മുഖ്യാധാ‍രാ രാഷ്ട്രീയ പാര്‍ട്ടികളുടെ പടിവാതില്‍ക്കലാണ്. കേരളത്തില്‍ നക്സല്‍ പ്രസ്ഥാനങ്ങള്‍ വളരുന്നില്ല എന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്ഥാവന നേരറിഞ്ഞുള്ളതല്ല. ആന്ധ്രയില്‍ നിന്നും ഒരു നക്സല്‍ നേതാവ് കേരളത്തിലെ പാറമടകളിലൊന്നിലെത്തിയത് മഞ്ഞളിന് കളപറിക്കാനൊന്നുമല്ലാ എന്നെങ്കിലും സമ്മതിക്കുവാന്‍ ആഭ്യന്തരമന്ത്രിക്ക് കഴിയുമോ?

ലക്ഷ്യബോധം നഷ്ടപ്പെട്ട മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും കെട്ടുറപ്പു നഷ്ടപ്പെട്ട സര്‍ക്കാരും നിഷ്ക്രിയമായ പ്രതിപക്ഷവും കേരളത്തെ അപകടത്തിലേക്കാണ് നയിക്കുന്നത്. ഛത്തീസ്ഘട്ടിലെ പോലീസ് സ്റ്റേഷനില്‍ നിന്നും ഇരുന്നൂറോളം മാവോയിസ്റ്റുകള്‍ പുഷ്പം പോലെ പോലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടത് രാജ്യമാകമാനമുള്ള നക്സല്‍ പ്രസ്ഥാനങ്ങള്‍ക്കുള്ള സൂചനയായിരുന്നു. തങ്ങള്‍ക്ക് എന്തും ചെയ്യാന്‍ കഴിയും എന്ന സൂചന. സാഹസികത ഇഷ്ടപ്പെടുന്ന കേരളാ യുവത്വത്തിന് ആ ഒരു സൂചന മാത്രം മതി മാവോയിസം തലക്ക് പിടിക്കാന്‍. അതിന് തുടക്കമായിരിക്കുന്നു. അതെങ്ങനെ ഗ്രാമാന്തരങ്ങളില്‍ പടര്‍ന്ന് പിടിക്കുന്നുവെന്ന് നോക്കി നില്‍ക്കാന്‍ മാത്രമേ പ്രബുദ്ധ കേരളത്തിന് ഇന്നി കഴിയുള്ളൂ....

ഒന്നുമല്ലാത്തൊരു വെബ് പേജ് നിരോധിച്ചതു കൊണ്ടോ ഒരു ബ്ലോഗ് ബ്ലോക്കിയതു കൊണ്ടോ നക്സല്‍ പ്രസ്ഥാനങ്ങള്‍ ഭാരതത്തെയോ കേരളത്തെയോ പിടിമുറുക്കുന്നതില്‍ നിന്നും രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് കരുതുന്നത് വിഡ്ഡിത്തമാണ്. തീവ്രവാദം വളര്‍ത്തുന്ന പ്രസ്ഥാനങ്ങള്‍ ജനങ്ങളില്‍ നിന്നും അകന്ന് നില്‍ക്കാന്‍ മുഖ്യാധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുകയെന്നതല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. അല്ലെങ്കില്‍ വന്നു ഭവിക്കുന്ന ദുരന്തങ്ങള്‍ അനുഭവിക്കാന്‍ തയ്യാറെടുക്കേണ്ടി വരും.

തസ്ലീമാ നസ്രീന്റെ മര്യാദ കേടും ഭാരതത്തിന്റെ മര്യാദയും.
തസ്ലീമാ നസ്രീന്‍ ഇരുത്തം വന്ന ഒരു എഴുത്ത് കാരിയാണോ എന്നൊന്നും വിചാരിപ്പ്കാരനറിയില്ല. കാരണം ആ എഴുത്ത് കാരിയുടെ രചനകളൊന്നു പോലും വായിക്കാന്‍ വിചാരപ്പന് ഇതു വരെ കഴിഞ്ഞിട്ടില്ല. പിന്നെ അറിയാവുന്നത് ഒന്നുണ്ട്. എഴുത്തിന്റെ പേരില്‍ ജന്മനാട്ടില്‍ നിന്നും പാലായനം ചെയ്യേണ്ടി വന്ന തീവ്രവാദികളില്‍ നിന്നും ജീവന് ഭീഷണിയുള്ള ഒരു എഴുത്ത് കാരിയാണ് തസ്ലീമാ നസ്രീന്‍ എന്ന വസ്തുത.

മാതൃഭൂവില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ച ഭാരതാവിന്റെ ആദിത്യമര്യാദയെ അര്‍ഹിക്കുന്ന മര്യാദയോടെ ആദരിക്കാന്‍ തസ്ലീമാ നസ്രീന് കഴിഞ്ഞിട്ടുണ്ടോ? ഇല്ല എന്നതാണ് വാസ്തവം. ഒരു രാജ്യത്തെ സംഘര്‍ഷഭരിതമാക്കുന്ന തരത്തിലുള്ള നടപടികളില്‍ നിന്നും തസ്ലീമാ നസ്രീന്‍ വിട്ടു നില്‍ക്കണമായിരുന്നു. അഭയാര്‍ത്ഥിയായതു കൊണ്ട് അവരുടെ ചെയ്തികള്‍ നിയന്ത്രണ വിധേയമാണ് എന്നല്ല. ഒരു ഭാരതീയനാണെങ്കില്‍ കൂടി ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വിശ്വാസങ്ങളേയോ സംസ്കാരത്തേയൊ ഹനിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നത് തെറ്റ് തന്നെ.

ഭാരതം കൊടുത്ത സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്തതാണ് തസ്ലീമ ഇന്ന് നേരിടുന്ന പ്രതിസന്ധിക്ക് കാരണം. പ്രവാസിയായിരുന്നു കൊണ്ട് അഭയം കൊടുത്ത നാട്ടിന് പ്രതിസന്ധിയുണ്ടാക്കുന്നതൊന്നും തസ്ലീമാ ചെയ്യാന്‍ പാടില്ലായിരുന്നു എന്ന് പറയേണ്ടി വരുന്നതിനോടൊപ്പം ഇന്ന് തസ്ലീമാ പ്രശ്നം ഇത്രയും രൂക്ഷമാക്കിയത് “നന്ദീഗ്രാം” ആയിരുന്നു എന്നിടത്ത് ഭാരതം തസ്ലീമായോട് കാട്ടിയ മര്യാദ ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന പുരോഗമന പ്രസ്ഥാനമെന്ന് ഊറ്റം കൊള്ളുന്ന ബുദ്ധദേവ് ഭട്ടാചാര്യയുടേയും പ്രകാശ്കാരാട്ടിന്റേയും സീതാറാം യച്ചൂരിയുടേയും പാര്‍ട്ടിക്ക് കഴിഞ്ഞില്ല എന്നും കൂട്ടി വായിക്കണം. തസ്ലീമാ നസ്രീന്‍ നാടുകടത്തപ്പെടും. ഭരണം നിലനിര്‍ത്താന്‍ ബുദ്ധദേവിന്റേയും കൂട്ടരുടേയും പിന്തുണ വേണം എന്നുള്ളതു കൊണ്ട് തന്നെ മന്മോഹന്‍ സിങ്ങും മര്യാദ ലംഘിക്കും എന്നതില്‍ തര്‍ക്കമൊന്നുമില്ല. ഭാരതം തസ്ലീമക്ക് നല്‍കിയ മര്യാദ തസ്ലീമയാല്‍ ഹനിക്കപ്പെട്ടു എന്ന് കരുതിയാല്‍ മതി.

തസ്ലീമയോട് അല്പമെങ്കിലും ദയയും നീതിയും മര്യാദയും കാട്ടുന്നത് നമ്മുടെ സ്വന്തം നരേന്ദ്രമോഡിയാണ്. അഭയം കൊടുക്കാമെന്ന് ആണയിടുന്ന വിദ്വാന്‍ അഭയാര്‍ത്ഥികളാക്കിയവരെ കുറിച്ച് മാത്രം മിണ്ടരുത്. അദ്ദേഹത്തിന്റെ ദയയും നീതിയും മര്യാദയും ലോകോത്തരമായതു കൊണ്ട് അതിനെ കുറിച്ച് കൂടുതല്‍ വിചാരിക്കേണ്ടതില്ലാല്ലോ?

അരവണ
ഇപ്പോഴും മണ്ഡലകാലം ശാന്തമായി മുന്നോട്ട് നീങ്ങുന്നത് ശബരിമലയുടെ നന്മയാണ്. പരിപാവനാമായ നടയില്‍ രാഷ്ട്രീയ പേക്കോലങ്ങള്‍ കെട്ടിയാടുന്ന വേഷങ്ങളില്‍ ഭക്തര്‍ ശ്രദ്ധിക്കുന്നതേയില്ല. അയ്യപ്പനെ തേടിയെത്തുന്നവര്‍ക്ക് അവകാശപ്പെട്ട പ്രസാദം ലഭിക്കാത്തവര്‍ അതു വിധിയാണെന്ന് കരുതി പടിയിറങ്ങുന്നു...വിവാദങ്ങളിലൊന്നും തലയിടാതെ ഇരുപത് കിലോമീറ്ററോളം ക്യൂ നിന്നു അയ്യപ്പ ദര്‍ശനം നടത്തി മണിക്കൂറുകള്‍ ക്യൂ നിന്നിട്ടും അരവണയില്ലാതെ പടിയിറങ്ങേണ്ടി വരുന്നവര്‍ക്ക് അയ്യപ്പ ദര്‍ശനത്തിലെ സായൂജ്യം തന്നെ വലുതെന്ന് സമാധാനിക്കുന്നു.

പക്ഷേ ശബരിമലയല്ലാതെ മറ്റൊരിടത്തായിരുന്നു അരവണ പോലെയുള്ള ഒരു പ്രശ്നം ഉണ്ടായിരുന്നതെങ്കില്‍ ഫലം എന്താകുമായിരുന്നു. കല്ല്യാണ വീട്ടില്‍ സദ്യ തികഞ്ഞില്ലായെങ്കില്‍ കൂടി ആയുധം എടുക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. അരവണ ലഭിക്കാത്തിടത്ത് അയ്യപ്പന്മാര്‍ പ്രക്ഷോഭം തുടങ്ങിയിരുന്നുവെങ്കില്‍, ലക്ഷക്കണക്കിന് ഭക്തര്‍ തിങ്ങി നില്‍ക്കുന്നിടത്ത് ഉണ്ടാകാവുന്ന ഒരു പ്രശ്നം ആഭ്യന്തര യുദ്ധമായി മാറാന്‍ എത്രനേരം വേണം. ക്ഷമയുടെ നെല്ലിപ്പലക കണ്ട് നില്‍ക്കുന്ന ഭക്തജനങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന വൈകാരികമായ ഒരു പ്രശ്നമായി അരവണമാറുകയും ജനക്കൂട്ടം ഇളകുകയും ചെയ്താല്‍ കേവലം രണ്ടായിരത്തി അഞ്ഞൂറ് പോലീസുകാര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നാണ്.

പണത്തിന് കുറവില്ല. സാങ്കേതി വിദ്യാക്കും ഇല്ല കുറവ്. പണം കൊടുത്താല്‍ കൃത്യമായും സേവിക്കാന്‍ കഴിയുന്ന കമ്പനികള്‍ക്കും കുറവില്ല. കോടിക്കണക്കിന് രൂപയുടെ നടവരവുള്ള ശബരിമലയുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ പിന്നെന്താണ് തടസ്സം? ഒന്നുമാത്രം. ആര്‍ജ്ജവത്വമുള്ള ഭരണാധിപന്മാര്‍. അത് ഉദ്യാഗസ്ഥന്മാരായാലും, ബോര്‍ഡ് അംഗങ്ങളായാലും, ജനപ്രതിനിധിയായാലും, മന്ത്രിയായാലും എല്ലാം കണക്ക് തന്നെ. ഇവന്മാരുടെ കെടുകാര്യസ്തതയില്‍ നട്ടം തിരിയുന്ന അയ്യപ്പന്മാരുടെ ക്ഷമയേയും സമാധാനത്തേയും എത്ര പുകഴ്തിയാലും മതിയാകില്ല...

ഒട്ടകങ്ങള്‍.
രാഷ്ട്ര നേതാക്കന്മാരുടെ ഇഷ്ടങ്ങള്‍ ഏതറ്റം വരെയാകാം? ലിബിയന്‍ പ്രസിഡന്റ് കേണല്‍ ഗദ്ദാഫിയുടെ ഇഷ്ടം ഇത്തിരി കടന്നിട്ടാണ്. ഇസ്ലാമിന്റെ പേരില്‍ എല്ലാ അനിസ്ലാമികതക്കും ചൂട്ടു പിടിക്കുന്ന, പറയുന്ന വാക്കുകള്‍ക്കും ചെയ്യുന്ന പ്രവര്‍ത്തികള്‍ക്കും യാതൊരു വ്യവസ്തയും വെള്ളിയാഴ്ചയും ഇല്ലാത്ത കേണലിന്റെ ഇപ്പോഴത്തെ ഇഷ്ടം ഇത്തിരി കഷ്ടം തന്നെ.

അതിയാന്‍ ഇപ്പോള്‍ ആഡംബരകാറുകളിലൊന്നും കയറില്ല. വിദേശ സഞ്ചാരങ്ങള്‍ക്ക് ചിലവ് കുറക്കാന്‍ നക്ഷത്ര ഹോട്ടലിനുള്ളില്‍ കേറുക പോലുമില്ല. അതിവ്യായം ദൈവ നിന്ദയാണ് എന്ന് ഉരുവിടുന്ന കേണല്‍ എങ്ങാട്ട് പോയാലും കൂടെ ഒരു ഒട്ടകത്തെ കൂട്ടും. അതിലാണ് യാത്ര. കൂടെ അംഗരക്ഷകരായി പത്തഞ്ഞൂറ് കന്യകകളും... നാലഞ്ച് വിമാനങ്ങളില്‍ വിദേശരാജ്യത്ത് സന്ദര്‍ശനത്തിനെത്തുന്ന വിദ്വാന്‍ പഞ്ചനക്ഷത്ര ഹോട്ടലിന് ഉള്ളില്‍ കയറില്ല. ഹോട്ടലിന് മുന്നില്‍ ടെന്റ് കെട്ടി അതിലാണ് പാര്‍ക്കല്‍. ഇതിനെല്ലാം കൂടിവരുന്ന ചിലവും സുരക്ഷാ സംവീധാനം തീര്‍ക്കലിനുമൊക്കെയായി ചിലവാക്കേണ്ടി വരുന്ന തുക നേരേ ചൊവ്വേ സന്ദര്‍ശനം നടത്തി തിരിച്ചു വരുന്നതിനേക്കാള്‍ ഇരട്ടി വരും. അതൊന്നും കേണലിന് പ്രശ്നമേയല്ല.

ഓരോ രാജ്യത്തെയും ജനതയുടെ ആത്മാഭിമാനത്തെ വിറ്റുകുളിക്കുന്ന നാടിന്റെ ശാപമായി സ്വയം നേതാക്കന്മാരായി അവരോധിക്കപ്പെടുന്ന അരക്കിറുക്കന്മാര്‍ കാട്ടി കൂട്ടുന്ന കോപ്രായങ്ങള്‍ക്ക് ഫ്രാന്‍സ് പോലെയുള്ള പരിഷ്കൃത രാജ്യങ്ങള്‍ ചൂട്ടു പിടിക്കുന്നതിനെ എങ്ങിനെ ന്യായീകരിക്കാന്‍ കഴിയും? ഫ്രാന്‍സ് സന്ദര്‍ശിക്കാന്‍ ഒട്ടകപ്പുറത്തെഴുന്നുള്ളിയെ ഗദ്ദാഫിയെ വായിച്ചപ്പോള്‍ “തുറുപ്പുഗുലാന്‍” സിനിമയിലെ മമ്മൂട്ടിയുടെ ആനപ്പുറത്തുള്ള നക്ഷത്ര ഹോട്ടല്‍ സന്ദര്‍ശനമാണ് ഓര്‍മ്മ വരുന്നത്. ഇസ്ലാമിന്റെ പേരില്‍ മറ്റൊരു പേക്കൂത്ത് കൂടി. കഷ്ടം തന്നെ!

ബൂമറങ്ങ് :
“...ചോറ് തന്നെ വേണോ? രണ്ടു മുട്ടയും ഒരു ഗ്ലാസ് പാലും പോരെ? ഒരു കോഴിയെ പിടിച്ച് കറിയും കൂടി വെച്ചാല്‍ സുഖമായി കഴിയാമല്ലോ?..” - ഭക്ഷ്യമന്ത്രി സി.ദിവാകരന്‍.

“ഇത്തിരി കൂടി ജനകീയനാവ് സഖാവേ. കമ്മ്യൂണിസ്റ്റ് ചൈനയില്‍ ചോറിന് പകരം ജനം പാറ്റ പല്ലി പട്ടി പാമ്പ് പഴുതാര കുണ്ടളപ്പുഴു എന്ന് വേണ്ട സര്‍വ്വതിനേം തിന്നാണ് അരിയുടെ കുറവ് നികത്തുന്നത്. അടുത്ത വേദിയില്‍ ചൈനാ ഭക്ഷണക്രമം കൂടി വെളമ്പ്. നാട്ടിലെ പട്ടി പഴുതാരാ പാറ്റാ പല്ലി കുണ്ടളപ്പുഴു ശല്ല്യവും കുറയും, നമ്മുടെ വിശപ്പും മാറും”

8 comments:

അഞ്ചല്‍ക്കാരന്‍ said...

വാര്‍ത്താ വിചാരം പതിനാലാം ലക്കം ബൂലോക സമക്ഷം സമര്‍പ്പിക്കുന്നു.

Mr. K# said...

നന്നാവുന്നു. ആ പീപ്പിള്‍സ് മാര്‍ച്ചിലെ പുള്ളിയെ സമ്മതിക്കണം. പേരും അഡ്രസ്സുമൊക്കെ കൊടുത്തിട്ടുണ്ടല്ലോ. ഒറിജിനലായിരിക്കുമൊ? ആയിരിക്കും അല്ലേ.

അഞ്ചല്‍ക്കാരന്‍ said...

ഗോവിന്ദന്‍ കുട്ടിയെ ഇന്ന് അറസ്റ്റ് ചെയ്തു കുതിരവട്ടന്‍. പീപ്പിള്‍സ് മാര്‍ച്ച് നിരോധിക്കാന്‍ സര്‍ക്കാര്‍ ഗൂഗിളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു.
അതിന്റെ പേരിലും കുറേയെണ്ണം അമേരിക്കന്‍ സന്ദര്‍ശനം നടത്തും അത്ര തന്നെ.

ബാജി ഓടംവേലി said...

സ. ദിവാകരന്‍ പറഞ്ഞതില്‍ ഒരു സത്യമുണ്ട്...
പക്ഷേ അത് മന്ത്രി. ദിവാകരന്‍ പറയാന്‍ പാടില്ലായിരുന്നു.....

Unknown said...

വസന്തത്തിന്റെ ഇടിമുഴക്കം എന്ന ആദ്യഖണ്ഡികയില്‍ സര്‍ക്കാറിനെ വിലയിരുത്തിയത് ഏറെക്കുറെ നിഷ്പക്ഷവും വസ്തുനിഷ്ടവുമാണ് എന്നാണെന്റെ അഭിപ്രായം . എന്നാല്‍ തസ്ലിമയുടെ കാര്യത്തില്‍ അഞ്ചല്‍ക്കാരന്‍ മതമൌലികവാദികള്‍ക്ക് വേണ്ടി സംസാരിക്കുന്ന പോലെ ഒരു തോന്നല്‍ . തസ്ലീമ ഇന്ത്യയോട് എന്ത് നന്ദികേട് ആണ് കാണിച്ചത് ? മതം വേട്ടയാടി അഭയാര്‍ത്ഥിയാക്കിയ അബലയായ ഒരു സ്ത്രീയാണവര്‍ . ആര്‍ക്കും അഭയം നല്‍കുന്ന പാരമ്പര്യമാണ് നമ്മുടെത് . അതില്‍ തെറ്റില്ല താനും . തസ്ലീമ എങ്ങിനെയാണ് ഇങ്ങിനെ വേട്ടയാടപ്പെടലിന് അര്‍ഹയാവുക എന്ന് എത്ര ആലോചിട്ടും മനസ്സിലാകുന്നില്ല . വിശ്വാസത്തെ വൃണപ്പെടുത്തി എന്നാണെങ്കില്‍ , വൃണപ്പെടുന്ന വിശ്വാസങ്ങള്‍ ചികിത്സിക്കപ്പെടുകയാണ് വേണ്ടത് . കാരണം ഒരു വിശ്വാസം മറ്റനേകം വിശ്വാസങ്ങളെ വൃണപ്പെടുത്തുന്നുണ്ടല്ലോ ?

ഇത് വായിച്ചിരിക്കുമല്ലോ ?

അനിലൻ said...

ഭാരതം കൊടുത്ത സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്തതാണ് തസ്ലീമ ഇന്ന് നേരിടുന്ന പ്രതിസന്ധിക്ക് കാരണം!!!

കാര്യങ്ങളെ അത്രയ്ക്കങ്ങോട്ട് ലളിതവത്ക്കരിക്കാന്‍ കഴിയുമോ അഞ്ചല്‍ക്കാരാ?

അഭയാര്‍ത്ഥിയായി വന്ന് വായടച്ച് ഒളിവുജീവിതം നയിക്കാനായിരുന്നെങ്കില്‍‍ തസ്ലിമയ്ക്ക് പുസ്തകമെഴുതാതിരിക്കാമായിരുന്നില്ലേ? സ്വന്തം നാട്ടില്‍ത്തന്നെ സുഖമായി കഴിയുകയും ചെയ്യാമായിരുന്നു. എന്തുകൊണ്ട് ഒരാള്‍ അത്തരമൊരു പുസ്തകമെഴുതിയെന്നതും പ്രധാനമാണ്. ലജ്ജയുടെ ഇംഗ്ലീഷ് പരിഭാഷ കിട്ടിയില്ലെങ്കില്‍ ഗ്രീന്‍ ബുക്സ് തൃശൂര്‍ പ്രസിദ്ധീകരിച്ച മലയാളം കിട്ടും. ഒരുപക്ഷേ അഞ്ചല്‍ക്കാരന്റെ നിരീക്ഷണം തെറ്റിയേക്കാം.

എഴുതിയതുകൊണ്ട് ജന്മനാട് വിടേണ്ടിവന്ന ആദ്യത്തെ എഴുത്താള്‍ അല്ലല്ലോ തസ്ലിമ.

(ഒരു ക്ലാസ്സിക് കൃതിയാണ് ലജ്ജയെന്ന് ഇപ്പറഞ്ഞതിന് അര്‍ത്ഥമില്ല.)

aneeshans said...

തസ്ലീമാ നസ്രീന്‍ ഇരുത്തം വന്ന ഒരു എഴുത്ത് കാരിയാണോ എന്നൊന്നും വിചാരിപ്പ്കാരനറിയില്ല. കാരണം ആ എഴുത്ത് കാരിയുടെ രചനകളൊന്നു പോലും വായിക്കാന്‍ വിചാരപ്പന് ഇതു വരെ കഴിഞ്ഞിട്ടില്ല.

...............................

സര്‍ ഒന്നും തോന്നരുത്. നിങ്ങള്‍ നിരൂപിച്ചോ, നല്ല കാര്യം. ഈ തസ്ലീമാ നസ്രീനെ എന്തെങ്കിലും പറയാനുള്ള അവകാശം ആദ്യത്തെ വാചകം തന്നെ നഷ്ടമാക്കി. അറിയാവുന്നതിനെ കുറിച്ച് പറയുക അതെല്ലേ നല്ലത്. പിന്നെ ആവശ്യമുള്ളിടത്ത് കുത്തും, കോമയും ഒക്കെ ഇട്ടാന്‍ വായിക്കാന്‍ എളുപ്പമുണ്ടാവും.

ഓ ടോ : വാരവിചാരം കലക്കുന്നുണ്ട് കേട്ടോ :)

അഞ്ചല്‍ക്കാരന്‍ said...

കുതിരവട്ടനും
ബാജി ഓടംവേലിക്കും
കെ.പി.സുകുമാരന്‍ മാഷിനും
അനിലനും
ആരോ ഒരാള്‍ക്കും
പിന്നെ വിചാരം സന്ദര്‍ശിക്കുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.