Tuesday, December 18, 2007

ബൂലോകം പോയ വാരം : ലക്കം പതിനാല്

ബൂലോകം ശാന്തം. തമ്മില്‍ തല്ലുകള്‍ വിരളം. കൂട്ടതല്ലും തൊഴുത്തില്‍ കുത്തും വിട്ടുമാറുന്നിടത്ത് നല്ല പോസ്റ്റുകളും പോസ്റ്റുകളില്‍ മേല്‍ ഗുണപരമായ ചര്‍ച്ചകളും നടക്കുമെന്ന് പോയ വാരം തെളിയിക്കുന്നു. അവതരിക്കപ്പെട്ട പോസ്റ്റുകളിലെ വിഷയ വൈവിധ്യം അനുവാചകന് നല്ല വായനാനുഭവം നല്‍കി. മൂന്നാമതൊരു പുസ്തകം കൂടി ബൂലോകത്ത് നിന്നും പിറവിയെടുക്കുന്നു എന്ന വിളംബരം ബൂലോകര്‍ക്കാകമാനം അഭിമാനമായി. അടിക്കടി അവതരിക്കപ്പെടുന്ന പോസ്റ്റുകളുടെ ആധിക്യത്തില്‍ വായിക്കപ്പെടാതെ പോകുന്ന പോസ്റ്റുകളുടെ എണ്ണവും കൂടുകയാണ്. പോസ്റ്റുകള്‍ വായിക്കപ്പെടാതെ പോകുന്നത് എഴുത്ത് കാരനെ സംബന്ധിച്ചിടത്തോളം സങ്കടകരമാണ്. പരിഹാരമായി ചില പരീക്ഷണങ്ങളും പോയ വാരം കണ്ടു. ഗൌരവമായി ബൂലോക വായനയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒട്ടും നിരാശപ്പെടേണ്ടി വരാതിരുന്ന പോയ വാരത്തെ നേര്‍കാഴ്ചകളുമായി “വാരവിചാരവും” എത്തുന്നു.

1. ഏറനാടന്‍ ചരിതങ്ങള്‍
മണല്‍ക്കാറ്റുമായി ഭൂലോകത്ത് കറങ്ങിയ ബൂലോകത്തെ മിനിസ്ക്രീന്‍ താരം ഏറനാടന്റെ “ഏറനാടന്‍ ചരിതങ്ങള്‍” പുസ്തകമാകാന്‍ പോകുന്ന വാര്‍ത്തയായിരുന്നു ബൂലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പോയ വാര ബൂലോക വിശേഷം. ഏറനാടന്‍ ചരിതത്തില്‍ ആദ്യം അവതരിച്ച “വല്യാപ്പ” യില്‍ തുടങ്ങി ലക്ഷ്മി സ്പെഷ്യല്‍ പുട്ടും പീന്നൊരു കൂട്ടും എന്ന പോസ്റ്റുവരെ ഏറനാടന്‍ മണ്ണിന്റെ മണമുള്ള കഥകളും കുറിപ്പുകളും ഇടക്ക് ചില പ്രവാസ നേര്‍ കാഴ്ചകളും ഒക്കെയായി ഏകദേശം മുപ്പതോളം പോസ്റ്റുകള്‍ ഉള്‍കൊള്ളുന്ന ഏറനാടന്‍ ചരിതം ആദ്യ പോസ്റ്റ് ഒഴികെ ബാക്കിയെല്ലാം ലാളിത്യമാര്‍ന്ന “ഏറനാടന്‍ ശൈലി” കൊണ്ട് ശ്രദ്ധേയമായിരുന്നു. പുസ്തകമാകുമ്പോള്‍ അനിവാര്യമാകുന്ന എഡിറ്റിങ്ങു കൂടി കഴിയുമ്പോള്‍ മലയാളം ബ്ലോഗേഴ്സിനാകെ അഭിമാനമായി മറ്റൊരു പുസ്തകം കൂടിയാകും “ഏറനാടന്‍ ചരിതങ്ങള്‍” എന്നതില്‍ തര്‍ക്കമില്ല തന്നെ. പുസ്തക പ്രസിദ്ധീകരണത്തിന്റെ കരാര്‍ ഒപ്പിടുന്നതു മുതല്‍ മേഖലാടിസ്ഥാനത്തിലുള്ള പ്രകാശനം വരെ ബൂലോകര്‍ പുസ്തക പ്രസിദ്ധീകരണം ആഘോഷമാക്കുന്ന ബൂലോകത്തിന്റെ മാത്രം നന്മ “ഏറനാടന്‍ ചരിതത്തിലും” ആവര്‍ത്തിക്കപ്പെടും എന്ന് പ്രതീക്ഷിക്കാം. ഏറനാടനും “ഏറനാടന്‍ ചരിതങ്ങള്‍ക്കും” വാരവിചാരത്തിന്റേയും സര്‍വ്വാശംസകളും....

2. മഴത്തുള്ളി കിലുക്കം
പുതിയൊരു വായനാ ശൈലി രൂപപ്പെടുത്തുകയാണ് “മഴത്തുള്ളി കിലുക്കം” എന്ന കൂട്ടായ്മ. മഴത്തുള്ളി കിലുക്കത്തില്‍ അവതരിക്കപ്പെടുന്ന പോസ്റ്റുകള്‍ വായിക്കപ്പെടും എന്ന മിനിമം ഗ്യാരണ്ടി ഉറപ്പുവരുത്താന്‍ കിലുക്കത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കഴിയുന്നുണ്ട്. നല്ല പോസ്റ്റുകള്‍ വായിക്കപ്പെടാതെയും ശ്രദ്ധിക്കപ്പെടാതെയും പോകുന്നിടത്ത് “മഴത്തുള്ളി കിലുക്കം” പോലുള്ള പരീക്ഷണങ്ങള്‍ ഇന്നിയും തുടരേണ്ടിയിരിക്കുന്നു.

പക്ഷേ “മഴത്തുള്ളി കിലുക്കത്തിലേക്ക് രചനകള്‍ അയക്കൂ...ഞങ്ങള്‍ വേണ്ടുന്ന തിരുത്തലുകള്‍ വരുത്തി പ്രസിദ്ധീകരിക്കും... നേരിട്ട് പ്രസിദ്ധീകരിക്കുന്നത് ഡിലീറ്റ് ചെയ്യാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ടാകും..” തുടങ്ങിയ പ്രസ്താവനകള്‍ ബ്ലോഗെന്ന മാധ്യമത്തിന്റെ അന്തസത്തയെ ചോദ്യം ചെയ്യുന്നില്ലേ എന്ന് സംശയം. ‘ചിന്തയും’, ‘പുഴയും’ ഒക്കെ ചെയ്യുന്നതും ഇതാണ്. രചനകള്‍ അയക്കുന്നു. ഒരു എഡിറ്റോറിയല്‍ ബോര്‍ഡ് അതിനെ എഡിറ്റ് ചെയ്ത് അവരുടെ സൌകര്യം പോലെ പ്രസിദ്ധീകരിക്കുന്നു. ഓണ്‍ലൈന്‍ ആനുകാലികങ്ങള്‍ എന്ന നിലക്ക് അവര്‍ക്ക് അതിനുള്ള അവകാശമുണ്ട്. അതുപോലെ ഒരു ഓണ്‍ലൈന്‍ വാരിക എന്ന നിലയിലേക്ക് മഴത്തുള്ളി മാറുന്നതിലേക്ക് മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ കാരണമാകും. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ പുതിയ പോസ്റ്റു വരുള്ളൂ എന്ന നിലപാട് ശരി വെക്കുന്നതിനോടൊപ്പം ഒരോരുത്തരുടേയും ഊഴം വരുന്നിടത്ത് അവര്‍ സ്വയം പോസ്റ്റ് പബ്ലിഷ് ചെയ്യുക എന്ന സ്വാതന്ത്ര്യത്തിലേക്ക് മഴത്തുള്ളി തിരിച്ചു വരുന്നതാണ് “മഴത്തുള്ളികള്‍ക്ക്” ഗുണകരമാകുന്നത്.


3. ചോദ്യോത്തരം
രാജീവ് ചേലനാട്ടിന്റെ പോസ്റ്റ്. അമേരിക്കാവൂന്റെ ഇരട്ടത്താപ്പുകളെ അര്‍ഹിക്കുന്ന വിധത്തില്‍ അപഹസിക്കുന്ന ഒരു ഈ-മെയില്‍ മെസേജിനെ മലയാളത്തിലാക്കി അവതരിപ്പിച്ചിരിക്കുന്ന പോസ്റ്റ് അമേരിക്കാവിന്റെ നയങ്ങളെ ഹാസ്യാത്മകമായി തുറന്ന് കാട്ടുന്നു. പോസ്റ്റ് വായിച്ച് കഴിയുമ്പോള്‍ “ശരിയാണ്...ഇവര്‍ ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്.” എന്ന് അറിയാതെ പറഞ്ഞ് പോകുന്നു. അമേരിക്കാവിന്റെ സര്‍വ്വ നടപടികളും ഏതാനും വരികളില്‍ കടിച്ചു കുടഞ്ഞിരിക്കുന്ന പോസ്റ്റ് നല്ല വായനയാണ് നല്‍കുന്നത്.

4. ചിത്രപ്രശ്നം
ഹരിശ്രീ(ശ്യാം) യുടെ ബ്ലോഗ് ശ്രദ്ധേയമാകുന്നത് പോസ്റ്റിലെ നിഗൂഢതകളാലാണ്. ചിത്രങ്ങളുമായാണ് ഹരിശ്രീ എത്തുന്നത്. ചിത്രങ്ങളെന്നാല്‍ വെറും ചിത്രങ്ങളല്ല. ഒന്നു നോക്കികഴിഞ്ഞാല്‍ തല പുകയുന്ന ചിത്രങ്ങള്‍. ചിത്രങ്ങളില്‍ ചില സന്ദേശങ്ങളും ചില സംഭവങ്ങളുമൊക്കെ ഒളിഞ്ഞ് കിടക്കുന്നുണ്ടാകും. ഒരു സൂചനയും ഒറ്റ നോട്ടത്തില്‍ ലഭ്യമല്ലാത്ത പോസ്റ്റു വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രം ഉന്നയിക്കുന്ന പ്രശ്നത്തെ അഴിക്കാന്‍ ബൂലോകരില്‍ ചിലര്‍ക്ക് കഴിയുന്നതിനെ അത്ഭുതത്തോടെ മാത്രമേ നോക്കി നില്‍ക്കാന്‍ കഴിയുന്നുള്ളൂ. കൊച്ചു ത്രേസ്യ, വാല്‍മീകി, സഹയാത്രികന്‍, ശ്രീലാല്‍ തുടങ്ങിയവരുടെ ഇക്കാര്യത്തിലുള്ള കഴിവ് അഭിനന്ദനാര്‍ഹമാണ്. രസകരമാണ് ഹരിശ്രീയുടെ ചിത്രപ്രശ്നവും അതിലെ കമന്റുകളും. ഇത്തരത്തിലുള്ള ബൂലോകത്തെ ഏക ബ്ലോഗും ഇത് തന്നെ.

5. ഒരു ഞണ്ടു പിടുത്ത പരീക്ഷണം
മറ്റൊരു കൂട്ടായ്മയായ വിടരുന്ന മൊട്ടുകളില്‍ അംഗമായ പ്രസാദ് വിടരുന്ന മൊട്ടുകളില്‍ തന്നെ എഴുതിയിട്ട പോസ്റ്റായിരുന്നു ഗ്രാമീണതയുടെ മണമുണ്ടായിരുന്ന “ഒരു ഞണ്ടു പിടുത്ത പരീക്ഷണം.” ഒരു ഞണ്ടുപിടുത്ത വിശേഷം എങ്ങിനെ ശ്രദ്ധേയമാകുന്നു എന്ന് ചോദിച്ചാല്‍ “ഒരു ഞണ്ടിന്റെയെങ്കിലും പിറകേ കുട്ടിക്കാലത്ത് പോകാത്തവരാരെങ്കിലും ഉണ്ടാകുമോ?” എന്ന മറുചോദ്യമായിരിക്കും മറുപടി. ആ കുഞ്ഞോര്‍മ്മകളിലേക്ക് മനസ്സിനെ തിരികേ നടത്തുന്നതാണ് ആ “ഞണ്ട് പോസ്റ്റിന്റെ” പ്രാധാന്യം. നല്ല ചിത്രങ്ങള്‍. ഇത്തിരി ക്രൂരമാണെങ്കിലും ആധുനികതയുടെ നേര്‍കാഴ്ചയായ നോക്കിയ മൊബൈലിനൊപ്പം ചിതറിയ കാലുമായി തകര്‍ന്നു കിടക്കുന്ന ഞണ്ടുകള്‍ കൌതുകം ഉണര്‍ത്തുന്നു.

6. ഗതികെട്ടാല്‍ ആന...!!!
എല്ലാ പ്രൌഡിയോടും അടയാഭരണങ്ങള്‍ അണിഞ്ഞ് ആറാട്ടിന് തിടമ്പേറ്റി നില്‍ക്കുന്ന ഗജവീരന്മാര്‍ ഒരു കാഴ്ച തന്നെയാണ്. ഉത്സവ കാലം കഴിഞ്ഞാല്‍ പിന്നെ ഭീമന്‍ മരങ്ങള്‍ പുല്ലു പോലെ വലിച്ചു നീങ്ങുന്ന ഗജവീരന്മാരും നമ്മുക്ക് കൌതുകം തന്നെ. കൂട്ടത്തില്‍ അല്പം ഭക്തി കലര്‍ന്ന ഭയവും കൂടിയുണ്ടെന്ന് കൂട്ടിക്കോ. പക്ഷേ നിലം ഉഴുതു നീങ്ങുന്ന ആനകള്‍ നമ്മുക്ക് കേട്ടറിവു കൂടിയില്ല. അവിടെയാണ് ക്രിഷിന്റെ പോസ്റ്റ് ശ്രദ്ധേയമാകേണ്ടുന്നത്. നിലം ഉഴുതു നീങ്ങുന്ന ആനയുടെ അരുണാചല്‍ പ്രദേശിലെ നാട്ടു കാഴ്ച കാണേണ്ടുന്നത് തന്നെ.

7. ആയൂര്‍വ്വേദവും ഹോമിയോയും മറ്റും ചികിത്സയല്ല. വെറും ചികിത്സാഭാസം.
കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ പോസ്റ്റ്. പോയ വാരം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പോസ്റ്റുകളിലൊന്ന്. ആയൂര്‍വ്വേദ ഹോമിയോ യുനാനി ചികിത്സാരീതികളെ വിമര്‍ശിച്ചു കൊണ്ടും അലോപ്പതിയെ പ്രകീര്‍ത്തിച്ചു കൊണ്ടും നിരവധി പോസ്റ്റുകള്‍ ബൂലോകത്ത് വന്നിട്ടുണ്ട്. അലോപ്പതി മാത്രമാണ് സത്യസന്ധമായ ചികിത്സയെങ്കില്‍ മരണത്തെ അതിജീവിക്കാന്‍ അലോപ്പതിയിലൂടെ കഴിയണം. കാരണം ചികിത്സിക്കുന്നത് മരണത്തില്‍ നിന്നും രക്ഷപ്പെടാനാണല്ലോ. സുകുമാരന്‍ മാഷ് എതിര്‍ക്കുന്ന ഹോമിയോയും ആയൂര്‍വ്വേദവും പോലെ അലോപ്പതിയും മരണത്തെ അതിജീവിക്കുകയല്ല, താല്‍ക്കാലികമായി നീട്ടി വെക്കുകയാണ് ചെയ്യുന്നത്. അലോപ്പതിയില്‍ ചികിത്സിച്ച് ഭേദമാകാത്ത രോഗം ഹോമിയോയില്‍ സുഖപ്പെട്ടു എന്ന് ഒരാള്‍ പറയുമ്പോള്‍ ഹോമിയോയില്‍ പരീക്ഷിച്ച് അലോപ്പതിയില്‍ ഗുണം കിട്ടിയെന്ന് പറയുന്ന മറുപക്ഷവും അലോപ്പതിയും ഹോമിയോയും തട്ടിപ്പാണ് ആയൂര്‍വ്വേദമാണ് ശരിക്കും ശരിയെന്ന് ആണയിടുന്ന മറ്റൊരു വിഭാഗവും ഉണ്ടാകുന്നത് സ്വാഭാവികം. എല്ലാ ചികിത്സകളും മരണത്തേ താല്‍ക്കാലികമായി അകറ്റി നിര്‍ത്തുന്നു എന്ന ധര്‍മ്മം മാത്രം പാലിക്കപ്പെടുന്നിടത്ത് ഏത് തരത്തിലുള്ള ചികിത്സാ ക്രമമാണെങ്കിലും രോഗിക്ക് സ്വാന്ത്വനം ഏകുന്നു എങ്കില്‍ സംഗീതവും പ്രാര്‍ത്ഥനയും പോലും അവഗണിക്കപ്പെടാന്‍ പാടില്ല തന്നെ. പക്ഷേ പോസ്റ്റിന്മേല്‍ നടന്ന ചര്‍ച്ച ആരോഗ്യകരമായിരുന്നു-ചില ഉരസലുകള്‍ ഉണ്ടായെങ്കിലും. എന്‍.ജെ. ജോജുവും, സെബിനും, മൂര്‍ത്തിയും, റോബിയും, ദേവനും, മരീചനും, ചിത്രകാരനും ഒക്കെ അഭിനന്ദനം അര്‍ഹിക്കുന്നു ഈ ചര്‍ച്ച സജീവമാക്കിയതിന്.

ഭാഷ പരുഷമാണെങ്കിലും ഇന്‍ഡ്യാ ഹെരിറ്റേജിന്റെ മറുപടി പോസ്റ്റില്‍ കൂടി ഒന്നു കറങ്ങി മുന്നോട്ട് പോയി എന്‍.ജെ. ജോജുവിന്റെ ഹോമിയോപ്പതിയും അവഗാഡ്രോ നമ്പരിലും കേറി നമ്പരുകളും എണ്ണി പിന്നെയും മൂര്‍ത്തിയുടെ ഗൌരവാല്‍റ്റി കോര്‍ണറില്‍ കേറി ഹോമിയോ പിള്ള, അലോ പിള്ള, ആയുരോ പിള്ള തുടങ്ങിയ പിള്ളമാരെയും കണ്ടിറങ്ങുമ്പോള്‍ എല്ലാം കണക്ക് തന്നെ എന്നതില്‍ നാമും എത്തിച്ചേരും. ശുഭം!

8. ഒരു കരിപ്പൂരും കുറേ കഴുതകളും
ടി.ഏ. അലി അക്‍ബറിന്റെ പോസ്റ്റ്. കരിപ്പൂര് എയര്‍പ്പോര്‍ട്ടിന് വേണ്ടിയുള്ള രാഷ്ട്രീയക്കാരുടെ മുതല കണ്ണീരിനെ അര്‍ഹിക്കുന്ന വിധത്തില്‍ ആപഹസിച്ചു കൊണ്ട് അലി അക്‍ബര്‍ പറഞ്ഞ് വെക്കുന്നത് എയര്‍ ഇന്‍ഡ്യയുടെ കരിപ്പൂര്‍ അവഗണനയുടെ പുതിയൊരു മുഖമാണ്. കരിപ്പൂര്‍ വഴി യാത്ര ചെയ്യാന്‍ വിധിക്കപ്പെട്ട യാത്രക്കരുടെ ദൈന്യങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന നല്ല ലക്ഷ്യമല്ല മറിച്ച് ആ ദൈന്യതയെ വോട്ടു ബാങ്കാക്കി നിര്‍ത്തുക എന്ന ഒറ്റ അജന്‍ഡയില്‍ വട്ടം കറങ്ങുന്ന കരിപ്പൂരിന്റെ അവഗണന രാഷ്ട്രീയക്കാരാല്‍ പരിഹരിക്കപ്പെടും എന്ന് കരുതുക വയ്യ. രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട കരിപ്പൂരിന്റെ വര്‍ത്തമാന കാല ചര്‍ച്ചയില്‍ വേറിട്ട് നില്‍ക്കുന്നു അലി അക്‍ബറിന്റെ “ഒരു കരിപ്പൂരും കുറേ കഴുതകളും”. എഴുത്തിന്റെ ശൈലി കൊണ്ട് ശ്രദ്ധിയര്‍ഹിക്കുന്നതും വിഷയത്തിന്റെ പ്രാധാന്യം കൊണ്ട് ചര്‍ച്ച ക്ഷണിച്ചു വരുത്തുന്നതും ആയിരുന്ന ഈ പോസ്റ്റ് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ടി.ഏ. അലിഅക്‍ബറിന്റെ പഴുതുകള്‍ കുറുക്കുവഴികള്‍ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും വായിക്കപ്പെടേണ്ടവയാണ്.

9. മാര്‍ക്സിസ്റ്റ് കാരുടെ “ഹിന്ദുത്വമുഖം”(?)
നകുലന്റെ പോസ്റ്റ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ കുറിച്ച് വയലാര്‍ രവി ഉന്നയിച്ച ഒരു ആരോപണമാണ് പോസ്റ്റിന്റെ ചര്‍ച്ചാവിഷയം. “മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഹിന്ദു വര്‍ഗ്ഗീയത വളര്‍ത്തുന്നു” എന്നതിന് വയലാര്‍ രവി ഉദാഹരണമായി പറഞ്ഞത് പിണറായിയുടെ “നികൃഷ്ടജീവി” പ്രയോഗമായിരുന്നു. ആ പ്രയോഗത്തിലൂടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഹിന്ദു വര്‍ഗ്ഗീയ വാദികളെ പ്രീണിപ്പിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നു എന്ന് വയലാര്‍ രവി പറഞ്ഞ് വെച്ചത് അസ്സല്‍ കൂസിസ്സം ആണെന്നതില്‍ തര്‍ക്കമേതുമില്ല തന്നെ. “പറയാന്‍ വേണ്ടി പറയുക” എന്നതിന്നൊരുദാഹരണമാണ് വയലാറിന്റെ ഈ പ്രസ്താവന. രചനയുടെ ശൈലികൊണ്ടും ചര്‍ച്ച ചെയ്ത വിഷയത്തിന്റെ കാലിക പ്രസക്തി കൊണ്ടും ശ്രദ്ധേയമാകേണ്ടിയിരുന്ന മറ്റൊരു പോസ്റ്റായിരുന്നു ഇതും.

10. കാക്കയെ ഛര്‍ദ്ദിക്കുന്നതെങ്ങനെ?അഥവാ പോലീസ് സ്റ്റേഷന്‍ ആക്രമിക്കുന്നതെങ്ങനെ?
അമ്മയെ തല്ലിയാലും അഭിപ്രായം പലതായിരിക്കുമെന്നതിനെ സാധൂകരിക്കുന്ന മറ്റൊരു പോസ്റ്റ്. ഗര്‍ഭിണികളായ സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നതും പോലീസ് സ്റ്റേഷനില്‍ കൊണ്ടു പോകുന്നതും പോലീസ് മുറയില്‍ തന്നെ കൈകാര്യം ചെയ്തിട്ടുള്ളതും ഒന്നും കേരളാ പോലീസ് ഡയറിയിലെ പുതിയ അദ്ധ്യായങ്ങളല്ല. നിയമ വിധേയമായി നന്നായി നടന്നു കൊണ്ടിരുന്ന ഒരു പലചരക്ക് കടയില്‍ കടന്ന് കയറി കല്ലു വര്‍ഷവും തെറിയഭിഷേകവും നടത്തിയ സി.പി.ഐ യൂത്തിലെ ഭരണം തലക്ക് കയറിയ (വിപ്ലവം അല്ല) യുവതികളില്‍ ചിലരെ പോലീസ് സ്റ്റേഷനില്‍ നിന്നും ഇറക്കുന്നതിനു മുമ്പ് പൂര്‍വ്വ കാലത്തെപ്പോഴെങ്കിലും ഏതെങ്കിലും ഗര്‍ഭിണിയായ യുവതിയെ പോലീസ് സ്റ്റേഷനില്‍ നിന്നും ഇറക്കാന്‍ ഏതെങ്കിലും മന്ത്രിമാര്‍ തുനിഞ്ഞിറങ്ങിയിട്ടുണ്ട് എന്ന് പോയ അമ്പത് വര്‍ഷക്കാലത്തെ പോലീസ് ചരിത്രത്തിലെവിടെയെങ്കിലും കാണുമെങ്കില്‍ ഈ വിവേക പോസ്റ്റിന് സാധൂകരണം ഉണ്ട്. അല്ലെങ്കില്‍ മാധ്യമങ്ങള്‍ പറയുന്നത് തന്നെയാണ് ശരി. ബൂലോകത്ത് സി.പി.ഐ കലാപരിപാടികളെ വേറിട്ട് കണ്ട ഒരു പോസ്റ്റെന്ന നിലക്കും ദത്തന്റെ വേറിട്ട ശൈലിയാല്‍ ശ്രദ്ധിക്കപ്പെടേണ്ട ഒരു പോസ്റ്റെന്ന നിലക്കും പ്രാധാന്യം അര്‍ഹിക്കുന്നു “കാക്കയെ ഛര്‍ദ്ദിക്കുന്നതെങ്ങനെ? അഥവാ പോലീസ് സ്റ്റേഷന്‍ ആക്രമിക്കുന്നതെങ്ങനെ?”

11. കുഞ്ചിയമ്മയും അഞ്ചുമക്കളും
ചിത്രകാരന്റെ കാര്‍ട്ടൂണ്‍ പോസ്റ്റ്. പതിനേഴു വയസ്സുള്ള കുഞ്ചു തൊടുത്ത് വിടുന്ന ചിന്തയുടെ ശകലങ്ങള്‍ ഇന്നും പ്രസക്തം. വളരുന്തോറും മക്കള്‍ മാതാപിതാക്കളെ മറക്കും എന്നത് ലോക സത്യം. അതിനെ ഏതാനും ചില കുഞ്ഞു വരകളില്‍ സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു ചിത്രകാരന്‍.

12. ഇത്രയാണ് പിണറായിയുടെ മകന്റെ മിടുക്ക്
ആന്റോതോമസ് “ദാറ്റ്സ് മലയാളത്തില്‍” നിന്നും എടുത്ത് പോസ്റ്റാക്കിയത്. വായിച്ച് കഴിയുമ്പോള്‍ വിവേക് പിണറായിയോട് ആദരവ് തോന്നി പോകുന്നു. എന്തെന്നാല്‍ അദ്ദേഹത്തിന്റെ പഠിപ്പോര്‍ത്ത്. മുക്കുവന്റെ കമന്റാണ് സ്കോര്‍ ചെയ്തത്. ദാറ്റ്സ് മലയാളത്തിലൂടെയാണെങ്കിലും ആന്റോതോമസിന്റെ ബ്ലോഗിലൂടെയാണെങ്കിലും വായിക്കപ്പെടേണ്ട ലേഖനം.

13. ബിംബ കല്പനയുടെ നൈതികത
പതാലിയുടെ പോസ്റ്റ്. ഇതും കൂടി ചേര്‍ത്ത് വായിച്ചാലേ വായന പൂര്‍ണ്ണമാകുള്ളൂ.

14. യൂറോപ്യന്‍ ചിന്താസരണികളും ഭാരതവും
സി.കെ. ബാബുവിന്റെ പോസ്റ്റ്. മനുഷ്യ ബുദ്ധിയുടെ ജയില്‍ വാസമെന്ന് വിശേഷിപ്പിക്കാവുന്ന ആറാം നൂറ്റാണ്ടു മുതല്‍ പതിനാലാം നൂറ്റാണ്ടു വരെയുള്ള ഇരുണ്ട കാല ഘട്ടത്തിന് ശേഷം ദൈവ രാജ്യത്തിന്റെ വരവിനായി കാത്തിരിക്കുന്നവരെ അവരുടെ വഴിക്ക് വിട്ട് ചിന്താ ശീലരും അന്വോഷണ കുതികളും ആയ ഏതാനും പാശ്ചാത്യാ പ്രതിഭാശാലികളുടെ സ്വതന്ത്ര ചിന്തയുടെ പരിണതിയാണ് ആധുനിക ലോകം ഇന്നനുഭവിക്കുന്ന സര്‍വ്വ ഭൌതിക സൌകര്യങ്ങളുടേയും അടിസ്ഥാനം. ദൈവരാജ്യ വരവിനായി കാത്തിരുന്നവരോടപ്പം ആ പ്രതിഭാശാലികളും ചേര്‍ന്നിരുന്നുവെങ്കില്‍ ഇന്നും മനുഷ്യ രാശി ഇരുട്ടില്‍ തപ്പുമായിരുന്നു. നവലോകത്തിലേക്ക് ഉള്ള യാത്രയില്‍ പശ്ചാത്യ ചിന്തകന്മാര്‍ നടന്നു തുടങ്ങിയപ്പോള്‍ ഭാരതം കാട്ടിലും പുഴയിലും കടലിലും വിണ്ണിലും മണ്ണിലും എന്നു വേണ്ട തൂണിലും തുരുമ്പിലും വരെ ദൈവത്തെ തേടി നടക്കുകയായിരുന്നു. ഇല്ലാത്തതിനെ തേടിയുള്ള ഭാരതീയന്റെ യാത്ര തുടരുമ്പൊള്‍ പാശ്ചാത്യ ലോകം പ്രപഞ്ച രഹസ്യങ്ങള്‍ ഒന്നൊന്നായി ചികഞ്ഞ് കണ്ടെത്തിയ ഭൌതിക ജീവിത സൌകര്യങ്ങള്‍ പാശ്ചാത്യരില്‍ നിന്നും സൌകര്യപൂര്‍വ്വം കടം കൊണ്ടിട്ട് അവരെ തന്നെ അവഗണിക്കണം എന്ന് പറയുന്ന ഇരട്ടത്താപ്പിനെ സി.കെ.ബാബു സുന്ദരമായി തുറന്ന് കാട്ടുന്നു. “കാളയുടെയോ കൈപ്പത്തിയുടെയോ പടം നോക്കി സ്വന്തം പ്രതിനിധികളെ തെരഞ്ഞെടുക്കേണ്ടിവരുന്ന ഒരു ജനാധിപത്യം അതിന്റെ ദയനീയതയിലേയ്ക്കും ഗതികേടിലേയ്ക്കുമാണു് വിരല്‍ ചൂണ്ടുന്നത്...” തുടങ്ങി ബാബു പോസ്റ്റില്‍ ചൂണ്ടികാട്ടുന്ന വിഷയങ്ങളും ചോദ്യങ്ങളും എല്ലാം തന്നെ ചിന്തിപ്പിക്കുന്നതാണ്. ഇതുവരെ മൂന്ന് ഭാഗങ്ങളായി എത്തിയിരിക്കുന്ന പോസ്റ്റ് വായിക്കപ്പെടേണ്ടതാണ്. പക്ഷേ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല.

15. മുല്ലപ്പെരിയാറിലേക്കൊരു യാത്ര - 11
പാച്ചുവിന്റെ മുല്ലപ്പെരിയാറിലേക്കൊരു യാത്രയിലെ പതിനൊന്നാം ലക്കം ശ്രദ്ധേയമാകുന്നത് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പിറവിയുമായി ബന്ധപ്പെട്ടിട്ടാണ്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം പോലും തോറ്റു മടങ്ങിയിടത്ത് ഒരു വ്യക്തിയുടെ നിശ്ചയ ദാര്‍ഢ്യമാണ് നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുല്ലപ്പെരിയാറില്‍ അണക്കെട്ട് ഉണ്ടാകാന്‍ കാരണമായത് എന്ന കുഞ്ഞറിവ് കൌതുകം ഉണര്‍ത്തുന്നു.

16. വേട്ടക്കാരുടെ സ്പേസ്, ഇരകളുടേയും
ഹരിപ്രസാദ് രാമകൃഷ്ണന്റെ പോസ്റ്റ്. സൈബര്‍ കുറ്റകൃത്യങ്ങലിലേക്ക് വെളിച്ചം വീശുന്ന മറ്റൊരു പോസ്റ്റ് എന്നതിലുപരി മെയ്‌‌ഗന്‍ മിയര്‍ എന്ന പതിമൂന്ന് കാരിയുടെ ദുരന്തമാണ് ഈ പോസ്റ്റിനെ ശ്രദ്ധാര്‍ഹമാക്കുന്നത്. ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി ഒരു പിഞ്ചിനെ കൊലപ്പെടുത്തിയ രീതി ഞെട്ടലുളവാക്കുന്നു. കുട്ടികളുടെ സൈബര്‍ യാത്രയില്‍ മുതിര്‍ന്നവര്‍ കൂടെയുണ്ടാകേണ്ടുന്നതിന്റെ ആവശ്യകത ഊന്നിപറയുന്ന പോസ്റ്റ് വായിക്കപ്പെടേണ്ടതാണ്.

17. നിയമങ്ങള്‍ പാലിക്കുമ്പോള്‍
തെക്കേടന്റെ രസകരമായ ലേഖനം. നിഷേധിക്കാനായി മാത്രം സൃഷ്ടിക്കപ്പെടുന്ന നിയമങ്ങളെ അനസ്യൂതം നിഷേധിച്ചു കൊണ്ടിരിക്കുന്ന മലയാള സംസ്കാരത്തെ ആക്ഷേപിച്ചു കൊണ്ടു തെക്കേടന്‍ പറയുന്നു “ചില മതിലുകളിലും ചില സ്ഥലങ്ങളിലും മറ്റൊരു അറിയിപ്പ് കാണാം.‘ഇവിടെ മൂത്രം ഒഴിക്കരുത്’.പട്ടി മയില്‍ക്കുറ്റികാണു‌മ്പോള്‍ പിന്‍ക്കാല്‍ പൊക്കുന്നതുപോലെ ഈ അറിയിപ്പ് കാണുമ്പോള്‍ ആണുങ്ങള്‍ അറിയാതൊന്നു ബ്രേക്കിടും.ബ്രേക്കിട്ടില്ലങ്കില്‍ നമ്മള്‍ എന്ത് മലയാളീസ്.” ചെയ്യരുതെന്ന് പറയുന്നത് ചെയ്തേ സമാധാനമുണ്ടാകൂ എന്ന നിലപാടിനെ തുറന്നെതിര്‍ക്കുന്ന ലേഖനം വായിക്കപ്പെടേണ്ടതായിരുന്നു. പക്ഷേ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

18. പത്മനാഭപുരം കൊട്ടാരം - ഫോട്ടോ പോസ്റ്റ്
കുട്ടുവിന്റെ ഫോട്ടോ പോസ്റ്റ്. പത്മനാഭപുരം കൊട്ടാരത്തിന്റെ ദൃശ്യഭംഗി അതേപടി ഒപ്പിയെടുത്തിരിക്കുന്ന കുട്ടുവിന്റെ പോസ്റ്റിലെ “ക്യാപിറ്റല്‍ പണിഷ്മെന്റിനുള്ള ഉപകരണ” ത്തിന്റെ ഫോട്ടോയും അതിന് നല്‍കിയിരിക്കുന്ന വിശദീകരണവും ഞടുക്കമുണ്ടാക്കുന്നു.

19. പുസ്തകവും എതിര്‍‌ പുസ്തകവും
മൂര്‍ത്തിയുടെ പോസ്റ്റ് ചര്‍ച്ച ചെയ്യുന്നത് ചെസ്സ് കളിയുമായി ബന്ധപ്പെട്ടിറങ്ങുന്ന പുസ്തകങ്ങളിലെ കൌതുകത്തെ കുറിച്ചാണ്. കൂട്ടത്തില്‍ നമ്മുടെ ഭാഷയില്‍ ചെസ്സ് പുസ്തകം ഇറങ്ങാത്തതിനെ കുറിച്ചൊരു കൊട്ടും. സുജിത്തിന്റെ കമന്റ് മൂര്‍ത്തിയുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും ആയി.


20. നമ്മുടെ മനോരോഗാശുപത്രികള്‍
വി.ശശികുമാറിന്റെ പോസ്റ്റ്. “നമ്മളില്‍ മിക്കവരും ഒരിക്കലും കാണാനാഗ്രഹിക്കാത്തൊരിടത്തെക്കുറിച്ചാണ്” ശശികുമാര്‍ എഴുതുന്നത്. തിരുവനന്തപുരം മാനസ്സികരോഗാശുപത്രിയിലെ കാഴ്ചകള്‍ വായിക്കുമ്പോള്‍ മരവിപ്പുണ്ടാകുന്നു. രോഗം മാറിയാലും രോഗിയെ മാറാന്‍ അനുവദിക്കാത്ത സമൂഹ മനസ്സാക്ഷിയെ തൊട്ടുണര്‍ത്താന്‍ സുന്ദര്‍ എന്ന മനുഷ്യ സ്നേഹി കലാ കൌമുദിയില്‍ എഴുതിയ ലേഖനങ്ങള്‍ ഒരുമിച്ച് കൂട്ടി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന “ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കില്‍” എന്ന പുസ്തകത്തിന്റെ വിളംബരവും പോസ്റ്റിലുണ്ട്. ചെറു മാനസ്സിക വൈകല്യങ്ങള്‍ ഉള്ളവരെ മുഴു ഭ്രാന്തന്മാരാക്കുന്ന നമ്മുടെ മാനസ്സിക രോഗാശുപത്രികളെയും സമൂഹത്തേയും ആരു ചികിത്സിക്കും? നല്ല ലേഖനം. വായിക്കപ്പെടേണ്ടത്.

“വാര വിചാരം” പതിനാലാം ലക്കം ഇവിടെ അവസാനിക്കുന്നു. ഡിസംബര്‍ മൂന്നാം തീയതി വരെയുള്ള ബ്ലോഗുകളിലൂടെയുള്ള യാത്രയാണ് പതിനാലാം ലക്കം. നന്ദി.

21 comments:

simy nazareth said...

വാരവിചാരം നന്നായി. വായിക്കാതെ പോയ പലതും ഇവിടെ വായിക്കാന്‍ പറ്റുന്നുണ്ട്. വര്‍ഷാവസാനം വരുന്നു. എല്ലാം ക്രോഡീകരിച്ച് വാര്‍ഷികവിചാരം ഇറക്കുമല്ലോ അല്ലേ.

Anonymous said...

പതിവ് പോലെ ഈ ലക്കവും നന്നായിരിക്കുന്നു . വായിച്ചു കഴിയുമ്പോള് ഇത്രയും ബ്ലോഗുകള് വായിക്കാനും നിരൂപണം നടത്താനും അഞ്ചല്ക്കാരന് സമയം ആര് കടം കൊടുക്കുന്നു എന്ന സംശയവും പതിവ് പോലെ തോന്നുന്നു .

എന്റെ പോസ്റ്റിനെക്കുറിച്ചുള്ള വിലയിരുത്തലില് കാരണം ചികിത്സിക്കുന്നത് മരണത്തില് നിന്നും രക്ഷപ്പെടാനാണല്ലോ എന്ന പരാമര്ശം തിരുത്തുകയോ പിന്വലിക്കുകയോ വേണമെന്ന് അഭ്യര്ത്ഥിക്കുന്നു . കാരണം ആ പ്രസ്താവന വായനക്കാരില് തെറ്റിദ്ധാരണ ഉളവാക്കും . ചികിത്സ മരണത്തില് നിന്ന് രക്ഷപ്പെടാന് വേണ്ടിയല്ല . ജനനം മുതല് മരണം വരെയുള്ള കാലയളവില് ശരീരത്തിന് സംഭവിക്കുന്ന തകരാറുകള് പരിഹരിക്കാന് വേണ്ടിയാണ് . ആ തകരാറുകള് എങ്ങിനെ ഉണ്ടാവുന്നു , അത് പരിഹരിക്കാനുള്ള മാര്ഗ്ഗങ്ങള് എന്തൊക്കെ എന്ന് മനസ്സിലാക്കാനുള്ള കഴിവ് അധുനിക വൈദ്യശാസ്ത്രത്തിന് മാത്രമേയുള്ളൂ എന്ന് സ്ഥാപിക്കാനാണ് ഞാന് ശ്രമിച്ചിരുന്നത് . തല്ക്കാലം ഞാന് ആ സംവാദം നിര്ത്തിവെച്ചതാണ് .
ആശംസകളോടെ,

അഞ്ചല്‍ക്കാരന്‍ said...

മുകളിലുള്ളത് കെ.പി. സുകുമാരന്‍ മാഷിന്റെ കമന്റാണ്. ചില സാങ്കേതിക കാരണങ്ങളാല്‍ പതിനാലാം ലക്കം പുനര്‍ പോസ്റ്റ് ചെയ്യേണ്ടി വന്നു. ആദ്യം പോസ്റ്റ് ചെയ്തപ്പോള്‍ സുകുമാരന്‍ മാഷ് തന്ന കമന്റിനെ നഷ്ടപ്പെടുത്താന്‍ കഴിയാത്തതു കൊണ്ടാണ് അനോനിമസില്‍ പോസ്റ്റേണ്ടി വന്നത്. സുകുമാരന്‍ മാഷിനോട് ക്ഷമാപണം.

salil | drishyan said...

അഞ്ചല്‍ക്കാരാ... നന്നായിട്ടുണ്ട് വാര വിചാരം. ഇത് ഇപ്പോഴാണ് ക്കണ്ടതു. ഇതു ഇതു പോലെ വളരെ കാലാം തുടരാനാകട്ടേ എന്ന് പ്രത്യാശിക്കുന്നു, ആശംസിക്കുന്നു.

സസ്നേഹം
ദൃശ്യന്‍

ബാജി ഓടംവേലി said...

വിചാരങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ കാത്തിരിക്കാറുണ്ട്.....
ഒന്നും വായനക്കാരെ നിരാശപ്പെടുത്തുന്നില്ല.....
ഈ ശ്രമങ്ങള്‍ അഭിനന്ദനം അര്‍‌ഹിക്കുന്നു.
ആശംസകള്‍.....

Anonymous said...

വാരഫലത്തില്‍ പ്രധാനപ്പെട്ട പല പോസ്റ്റുകളും ലഭ്യമാണ്. അഭിനന്ദനങ്ങള്‍.

krish | കൃഷ് said...

വാരവിചാരം പതിനാലാം ലക്കവും നിരൂപണങ്ങളും നന്നായിട്ടുണ്ട്.

ഉറുമ്പ്‌ /ANT said...

അഭിനന്ദനങ്ങള്‍.

പ്രയാസി said...

പ്രിയപ്പെട്ട വാരവിജാരം..

മഴത്തുള്ളിക്കിലുക്കത്തിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും വായിച്ചു. ഇടക്കു മഴത്തുള്ളിക്കിലുക്കത്തില്‍ എല്ലാവര്‍ക്കും സ്വന്തമായി പോസ്റ്റാന്‍ അനുവാദം കൊടുത്തതിന്റെ പരിണിതഫലം താങ്കളും കണ്ടതാണല്ലൊ!?

ബ്ലോഗു ഡിലീറ്റാന്‍ വരെ തീരുമാനിച്ചതാണ്..

ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കുമെന്ന രീതിയില്‍ ദിവസം മൂന്നു പോസ്റ്റുവരെ വന്നു. പരസ്യപ്പലക പോലെ..! ചിലര്‍ ദിവസങ്ങള്‍ കൊണ്ടാകണം ചിലതൊക്കെ എഴുതി തയ്യാറാക്കുന്നത് അതു ആരെങ്കിലുമൊക്കെ വായിക്കണം എന്ന ആഗ്രഹവും അവര്‍ക്കുണ്ടാവും..അങ്ങനെ പോസ്റ്റുന്നതിന്റെ മുകളില്‍ തുടരെ തുടരെ പോസ്റ്റുകള്‍ വന്നാല്‍ എന്തു ചെയ്യും..അതു വിഷമമുള്ള കാര്യമല്ലെ..

പിന്നെ ഒരാളുടെയും ഒരു വാക്കുപോലും ഞങ്ങള്‍ തിരുത്താന്‍ ശ്രമിക്കാറില്ല.. അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.. അവരുടെ വരികള്‍ക്കനുസരിച്ചു ഞങ്ങള്‍ അതു പുതിയൊരു ലേ ഔട്ടിലേക്കു മാറ്റുന്നു.. അത്ര മാത്രം. അതിനു നല്ല പ്രതികരണവും ലഭിക്കുന്നുണ്ട്. ഒരു കാര്യം കൂടി ഓര്‍മ്മിപ്പിക്കട്ടെ.. മഴത്തുള്ളികളുടെ പരിപൂര്‍ണ്ണ സമ്മതത്തോടെ മാത്രമാണ് ഞങ്ങള്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്..അതെ ഞങ്ങളുടെ ശക്തി ഈ മഴത്തുള്ളികള്‍ തന്നെയാണ്..
താങ്കളുടെ വിലയേറിയ പ്രോത്സാഹനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒരു പാടു നന്ദി..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല നിലവാരം പുലര്‍ത്തി.

മഴത്തുള്ളിക്കിലുക്കത്തിന്റെ പുതിയ ഭാവങ്ങള്‍ ഏറെ പ്രശംസനീയമാണ്.അടിക്കടി വരുന്ന പോസ്റ്റുകള്‍ വായനാസുഖം കുറയ്ക്കുന്നു.ആഴ്ചയില്‍ ഒന്ന് എന്ന ശൈലി ഏറെ ഗുണകരമാണ്.

മഴത്തുള്ളിക്കിലുക്കം ഒരു കൂട്ടായ്മയാണ്.അതിന്റെ മാസ്മരികഭാവം നിലനിര്‍ത്താന്‍ ഇതിലെ കൂട്ടുകാര്‍ക്ക്‌ കഴിഞ്ഞിരിക്കുന്നു.

മഴത്തുള്ളിക്കിലുക്കത്തിന് ഈ മഴത്തുള്ളിയുടെ ഭാവുകങ്ങള്‍

ദിലീപ് വിശ്വനാഥ് said...

പതിവുപോലെ ഇത്തവണയും ഗംഭീരം.
മഴത്തുള്ളികിലുക്കത്തിന്റെ പുതിയ മുഖവും പുതിയ രീതിയും തികച്ചും സ്വാഗതാര്‍ഹം തന്നെ.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പ്രയാസി പറഞ്ഞത് വളരെ ശെരിയാണ് കാരണം അവരവരുടെ ഇഷ്ടത്തിനു വിട്ടുകൊടുത്താല്‍ പറഞ്ഞപോലെ കരിമ്പിന്‍ തോട്ടത്തില്‍ ആനകയറിയപോലിരിക്കും..
അത് പലര്‍ക്കു വിശമങ്ങള്‍ ഉണ്ടാകും.
ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കുമെന്ന രീതിയില്‍ ദിവസം മൂന്നു പോസ്റ്റുവരെ വന്നു. ചിലര്‍ ദിവസങ്ങള്‍ കൊണ്ടാകണം ചിലതൊക്കെ എഴുതി തയ്യാറാക്കുന്നത് അതു ആരെങ്കിലുമൊക്കെ വായിക്കണം എന്ന ആഗ്രഹവും അവര്‍ക്കുണ്ടാവും..അങ്ങനെ പോസ്റ്റുന്നതിന്റെ മുകളില്‍ തുടരെ തുടരെ പോസ്റ്റുകള്‍ വന്നാല്‍ എന്തു ചെയ്യും..അതു വിഷമമുള്ള കാര്യമല്ലെ..
[പ്രയാസീ ഈ വരിയിങ്ങെടുത്തൂട്ടൊ]
പലരും നല്ലപോലെ എഴുതുന്നവര്‍ ഈ ഓര്‍ക്കൂട്ട് കൂട്ടയ്മയില്‍ ഉണ്ട് എന്നാലോ അവരുടെയൊന്നും സ്രിഷ്ടികള്‍ ആരും അറിയാതെ പോകുന്നൂ..ഈ മഴത്തുള്ളി എന്ന കൂട്ടായ്മയിലൂടെ അത് കുറച്ചുപേരെങ്കിലും അറിയുക എന്നത് വളരെ നല്ല കാര്യമല്ലെ..?
അഭിനന്ദനങ്ങളും വിമര്‍ഷനങ്ങളു വേണം
തിരയുണ്ടെങ്കിലെ തീരമുണ്ടാകൂ..
ഓരോ അഭിപ്രായങ്ങളിലൂടെ പലതും മനസിലാക്കുന്നൂ ..
വിമര്‍ശനങ്ങളിലൂടെ അത് തിരുത്തപ്പെടുകയും ചെയ്യുന്നൂ..
പിന്നെ മഴത്തുള്ളി എന്ന കൂട്ടായ്മയിലൂടെ ഒരു നല്ല സൌഹൃദത്തിന്റെ തൂവല്‍ക്കൊട്ടാരവും തീര്‍ക്കുന്നു..
താങ്കളുടെ വിലയേറിയ പ്രോത്സാഹനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒരു പാടു നന്ദി..
ഞാനും ഒരു മഴത്തുള്ളീ..സ്നേഹത്തോടെ സജി.!!

അപ്പു ആദ്യാക്ഷരി said...

അഞ്ചലേ നന്ദി

കാട്ടുപൂച്ച said...

അഞ്ചൽക്കാരന്റെ പൂമുഖത്തേക്ക് എത്തിനോക്കിയപ്പോൾ തന്നെ ഹഠാദാകർഷിച്ചു. സമയക്കുറവിനാൽ എല്ലാ എഴുത്തുകാരുടെയും കൃതികളിലേക്ക് എത്തിനോക്കാൻ കഴിയാറില്ല. പക്ഷെ താങ്കളുടെ വിരൽ തുമ്പിലൂടെയുളള വിശകലനം നല്ല വായനാനുഭവം സമ്മാനിക്കാൻ യുക്തമായവ തന്നെ. ആശംസകൾ അറീക്കുന്നു.

ശ്രീ said...

വാര വിചാരം ഇത്തവണയും നന്നായി.

സിമി പറഞ്ഞതു പോലെ ഒരു വാര്‍‌ഷിക അവലോകനവും പ്രതീക്ഷിയ്ക്കാമല്ലേ അല്ലേ?

Rejesh Keloth said...

വളരെ നന്നായിരിക്കുന്നു...
ആദ്യമായാണ് ഇവിടെ... ബ്ലോഗിലും പുതിയ യാത്രികനാണ്... ഇവിടത്തെ ചലനങ്ങള്‍ അറിയാന്‍, ഈ അവലോകനം നോക്കിയാല്‍ മതിയാകും...
ബൂലോകത്ത് ആദ്യമായ് ഞാന്‍ എത്തിപ്പെട്ട കൂട്ടായ്മയാണ് മഴത്തുള്ളിക്കിലു‍ക്കം... ആ കൂട്ടായ്മ ഇവിടെ പ്രതിപാദ്യമായതില്‍ സന്തോഷം... എനിക്ക് തെറ്റിയില്ല... ഈ മഴത്തുള്ളിയുടെ സന്തോഷം ഇവിടെ രേഖപ്പെടുത്തട്ടെ...
അഭിനന്ദനങ്ങള്‍

420 said...

അഞ്ചല്‍ക്കാരാ..,
വിശകലനത്തിനും
വരികള്‍ക്കും
നന്ദി..
സന്തോഷം..

ഉപാസന || Upasana said...

വാരവിചാരത്തില്‍ മഴത്തുള്ളിയെപ്പറ്റി വന്ന പരിഗണനീയമായ അഭിപ്രായമാണ് “കവിത എഴുതുന്നവരുടെ കവിതകള്‍ തിരുത്തുന്നു” എന്ന മട്ടില്‍ വന്ന അഭിപ്രായങ്ങള്‍...

അത് മഴത്തുള്ളിയില്‍ അംഗമായ ആരും പറഞ്ഞിട്ടില്ല.

പിന്നെ പ്രയാസി പറഞ്ഞത് ഞാനും ആവര്‍ത്തിക്കുന്നു.
വാരവിചാരം നല്ല ഒരു ബ്ലോഗാണ്.
എല്ലാ തവണയും വായിക്കറുണ്ട് കമന്റും ഇടാറുണ്ടെന്നാണ് എന്റെ ഓര്‍മ.
നന്ദി മഴത്തുള്ളിയെപ്പറ്റിയുള്ള വിലയിരുത്തലുകള്‍ക്ക്
:)
എന്നും സ്നേഹത്തോടെ
ഉപാസന

G.MANU said...

vaara vichaaram thudarooo mashe...
bhaavukangal

ഹരിശ്രീ (ശ്യാം) said...

ബ്ലോഗുകളുടെ പ്രളയത്തില്‍ സമയക്കുറവു മൂലം പലതും വായിയ്ക്കാന്‍ പറ്റാതെ പോവുമ്പോള്‍ താന്കളുടെ ഈ ബ്ലോഗ് ആണ് ചൂണ്ടുപലകയാവാറ്. ഈ ഉദ്യമം ശ്ലാഖനീയം തന്നെ. മഴത്തുള്ളിക്കിലുക്കത്തിന്റെ കാര്യത്തില്‍ പ്രയാസിയോടു യോജിക്കുന്നു. ചിത്രപ്രശ്നതിനു ഇടം തന്നതിന് നന്ദി.

ഏറനാടന്‍ said...

അഞ്ചല്‍ക്കാരന്‍ സോദരാ, ഇത് ഇപ്പോഴാ ശ്രദ്ധിച്ചത്. വൈകിയവേളയില്‍ നന്ദി സ്വീകരിച്ചാലും. സോറിട്ടോ. എന്നെ ഞാന്‍ പഴിപറയുന്നു. നന്ദി ഒരിക്കല്‍ കൂടി...