Sunday, December 2, 2007

പുതു ബ്ലോഗുകളിലൂടെ : ലക്കം രണ്ട്.

പുതു ബ്ലോഗുകളുടെ ഒരു കുത്തൊഴുക്കു കൂടി കണ്ട വാരമാണ് കടന്നു പോയത്. മുന്‍ വാരങ്ങളെ അപേക്ഷിച്ച് പുതുതായി അവതരിച്ച ബ്ലോഗുകളിലധികവും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ശൈലിയുടെ പ്രത്യാകതകള്‍ കൊണ്ടും ശ്രദ്ധേയമാകുന്നവയാണ്. ചില ബ്ലൊഗുകളെങ്കിലും എല്ലാ ദിനവും അപ്‌ഡേറ്റ് ചെയ്യപ്പെടുന്നുമുണ്ട്. എന്തായാലും ബൂലോകത്തേക്ക് കൂടുതല്‍ കൂട്ടിചേര്‍ക്കലുകള്‍ ഉണ്ടാകുന്നു എങ്കിലും വായന പൊതുവേ കുറയുന്നതുപോലെയാണ് തോന്നുന്നത്. പോയവാരം എഴുപതോളം മലയാളം ബ്ലോഗുകള്‍ പുതുതായി വന്നു. അതിലധികവും ആധികാരികവും ആണ്

1. വന്നതും വരുന്നതും
പ്രേക്ഷകന്റെ പുതു ബ്ലോഗ്. “മലയാളം ടെലിവിഷന്‍ ചാനലുകള്‍ സ്ഥിരമായി കാണുന്ന ഒരു മലയാളി എഴുതുകയാണ്‌. ടെലിവിഷന്‍ പലരും വിശേഷിപ്പിക്കുന്നതു പോലെ വെറുമൊരു വിഡ്ഡീപ്പെട്ടിയാണെന്നു കരുതാത്തൊരാള്‍..എന്നാല്‍ കാണുന്നതെല്ലാം കൊള്ളാമെന്നല്ല.. ഇതൊരു വീക്ഷണം മാത്രം..വായിച്ചു നോക്കുക, അഭിപ്രായം പറയുക..”. പ്രേക്ഷകന്‍ സ്നേഹപൂര്‍വ്വം പറഞ്ഞ് നിര്‍ത്തുന്നു. പ്രൊഫൈലില്‍ പറയുന്നതു പോലെ മിനിസ്ക്രീനിലെ നെല്ലും പതിരും തിരിക്കാനൊരിടമാണ് “വന്നതും വരുന്നതും” സിനിമാ വിശേഷങ്ങളുമായി നിരവധി ബ്ലോഗുകള്‍ ബൂലോകത്ത് ഉണ്ട് എങ്കിലും “മിനി സ്ക്രീനിലെ” വിശേഷങ്ങളുമായി വരുന്ന അപൂര്‍വ്വം ബ്ലോഗുകളിലൊന്നാണ് പ്രേക്ഷകന്റേത്.

2. മായാ മഷ്‌റൂംസ്
സുജാതയുടെ ബ്ലോഗ്. ജീവിതം പ്രതിസന്ധിയിലായ നിമിഷങ്ങളില്‍ ഒഴുക്കിനെതിരേ നീന്തി ജീവിത വിജയം നേടിയ സുജാത മലയാളികള്‍ക്ക് അപരിചിതയല്ല. “മായാ മഷ്‌റൂംസ്” എന്ന പേരില്‍ കൂണ്‍ കൃഷി നടത്തി ജീവിതത്തിലേക്ക് തിരിച്ച് വന്ന സുജാതയെ ടീ.വി.യിലൂടെയും മറ്റും നമ്മുക്ക് പരിചിതയാണ്. സുജാതക്ക് വേണ്ടി ഇബ്ദസുബൈറാണ് ബ്ലോഗ് ഒരിക്കിയിരിക്കുന്നത്.

സുജാതയുടെ വാക്കുകള്‍:
“സുഹൃത്തുക്കളെ... ജീവിതം വഴിമുട്ടി നില്‍ക്കുന്ന ഒരു ഘട്ടത്തിലാണ് ഞാന്‍ കൂണ്‍ കൃഷിയിലേക്ക്‌ തിരിയുന്നത്‌. ആ മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തിച്ചപ്പോള്‍ കൂടുതല്‍ പേരെ അടുത്തറിയുവാനും, ധാരാളം ജനങ്ങളുടെ കണ്ണു നീര്‍ നേരിട്ടു കാണുവാനും അതില്‍ കുറേ പേരുടെയെങ്കിലും കണ്ണീരൊപ്പുവാനും എനിക്കു കഴിഞ്ഞു. ഇന്ന് ഞാനും എന്നോടൊപ്പമുള്ളവരും ചേര്‍ന്ന് സേവന പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി കോട്ടയം കേന്ദ്രമാക്കി സേവിക ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ ട്രസ്റ്റ്‌ റജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ചെറിയ നിലയില്‍ ആരംഭിച്ചു. നിങ്ങളുടെയെല്ലാം സഹായ സഹകരണങ്ങളും, നിര്‍ദ്ദേശങ്ങളും, പ്രാര്‍ത്ഥനയും എന്നോടൊപ്പമുണ്ടാകുമെന്നുള്ള പ്രതീക്ഷയോടെ, സ്നേഹപൂര്‍വം.. സുജാത സദനന്‍”.

നല്ല സംരംഭം. ദുര്‍ഘടമായ ജീവിതാനുഭവങ്ങളും തുടര്‍ന്ന് ഒഴിക്കിനെതിരേ നീന്തി ജീവിത വിജയത്തിലേക്കെത്തിയ വഴികളും സമാനരുമായി പങ്കുവക്കുന്നത് “ഇന്നിയെന്ത്” എന്ന ചോദ്യത്തിന് മുന്നില്‍ പകച്ച് നില്‍ക്കുന്നവര്‍ക്ക് വഴികാട്ടിയാകുമെന്നതില്‍ സംശയമില്ല. പക്ഷേ നവംബര്‍ ഇരുപത്തി രണ്ടാം തീയതി വന്ന ആദ്യ പോസ്റ്റിന് ശേഷം ബ്ലോഗ് അപ്‌ഡേറ്റ് ചെയ്തിട്ടില്ല.

3. കാര്യം നിസ്സാരം
സാക്ഷരന്റെ ബ്ലോഗ്. ആകെ മൊത്തം ഒരു “വിശാലമനസ്കന്‍ ടച്ച്”.അത് പ്രൊഫൈലില്‍ നിന്നും തുടങ്ങുന്നു “പൂങ്കാവിലമ്മ ഈ ബ്ളോഗിണ്റ്റെ നാഥ.” എന്ന് ബ്ലോഗിന്റെ അവസാ‍നം വായിക്കുമ്പോള്‍ ഇതേ പോലൊരു വാചകം അവിടേയും ഇല്ലേ എന്നൊരു സംശയം. “എടത്താടന്‍ മുത്തപ്പനെന്നോ” മറ്റോ. നര്‍മ്മം കുറിക്ക് കൊള്ളുന്നു. പ്രതീക്ഷയുണര്‍ത്തുന്ന ബ്ലോഗുകളിലൊന്നു കൂടി.

4. ജാലക കാഴ്ചകള്‍
വടോസ്കിയുടെ ബ്ലോഗ്. വടൂ എന്ന് വിളിച്ചോട്ടേയെന്ന വിശ്വപ്രഭയുടെ ചോദ്യം തന്നെ ആവര്‍ത്തിക്കാം. വടുവിന്റെ ആദ്യ പോസ്റ്റ് പേരിടാന്‍ അര്‍ഹതയില്ലാത്തവര്‍ എന്ന കഥ നല്ലൊരു തുടക്കമായി. ഇതു വരെയുള്ള ഏഴു പോസ്റ്റുകളും ഒന്നിനൊന്നു മെച്ചം. എല്ലാം കഥകളല്ല. നിരീക്ഷണങ്ങളും അനുഭവകുറിപ്പുകളും ആസ്വാദനവും ഒക്കെ നന്നായി തന്നെ വഴങ്ങുന്നു വടുവിന്. ശ്രദ്ധയര്‍ഹിക്കുന്ന ബ്ലോഗ്. പക്ഷേ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല.

5. ആര്‍ഷം
കെ.ബി.എസ്. നായരുടെ ബ്ലൊഗ്. പേര് സൂചിപ്പിക്കുന്നതു പോലെ ആര്‍ഷ സംസ്കാരമാണ് ചര്‍ച്ചാ വിഷയം. തത്വ ചിന്തകളും ഋഷിമാരുടെ ദര്‍ശനങ്ങളും വിശകലനം ചെയ്യുന്നു.

6. സന്തോഷം നിറഞ്ഞ ലോകം
പി.വി.പി നായരെന്ന് ബ്ലോഗ് അഡ്രസില്‍ കാണുന്ന ദേശാഭിമാനിയുടെ ബ്ലോഗ്. സന്തോഷം നിറഞ്ഞൊരു ലോകം സ്വപനം കാണുന്ന ദേശാഭിമാനിയുടെ കുറിപ്പുകളൊക്കെയും നെറികെട്ട ലോകത്തോടുള്ള ആത്മ രോഷങ്ങളാണ്.

7. TALES OF ABJ
ഇംഗ്ലീഷില്‍ ബ്ലോഗെഴുതി കൊണ്ടിരുന്ന അരുണ്‍ ബാബു ജോസിന്റെ മലയാളം ബ്ലോഗ്. കൈപ്പള്ളിക്ക് ഭീഷണിയാകും.

8. സ്മൃതിപര്‍വ്വം
രാമുവിന്റെ ബ്ലോഗ്. ആദ്യത്തെ പൊസ്റ്റ് അതേ പടി എടുക്കുന്നു. ഡോക്ടര്‍ ക്ഷമിക്കുക കോപ്പീ പേസ്റ്റിന്. “ജോലിക്കിടയിലെ ഇടവേളകള്‍...എം‌പ്ലോയര്‍‌ സദയം നല്‍കിയ ബ്രോഡ് ബാന്‍ഡ് ഇന്റെനെറ്റ്...ഡോ. ഹനീഷ് എന്ന ബഹുമുഖപ്രതിഭയുടെപ്രചോദനം...ഇതെല്ലാം ഒത്തുവന്നപ്പോള്‍, ആയുസ്സിന്റെ അര്‍ദ്‌ധസെഞ്ചുറിയുടെ പടിവാതിലില്‍ നില്‍ക്കുന്ന;
ജീവിതത്തിന്റെ വസന്തകാലത്ത് ഇന്റെനെറ്റും ഇ-ലൈഫും അനുഭവിക്കാന്‍ യോഗമില്ലാതിരുന്ന ഒരു തലമുറയിലെ അം‌ഗമായ ഈയുള്ളവന്‍ ഒരു സാഹസത്തിന് ഒരുങ്ങുകയാണ്. പൂര്‍വാശ്രമത്തില്‍ ചെയ്തുവച്ച ചില വികൃതികള്‍ (പ്രസിദ്‌ധീകരിച്ചതും അല്ലാത്തതും) ഈ പുതിയ മാദ്‌ധ്യമത്തിലൂടെ പ്രകാശിപ്പിക്കുക എന്ന കൃത്യത്തിന്. എനിക്കു മുമ്പേ നടന്നവരെ മനസാ നമിച്ചുകൊണ്ട് തുടങ്ങട്ടെ..” ഈ ബ്ലോഗിനെ പരിചയപ്പെടുത്താന്‍ ഈ വാക്കുകളല്ലാതെ മറ്റൊന്നും എഴുതാന്‍ കഴിയുന്നില്ല. എല്ലാം രാമു ഈ വരികളില്‍ ഒതുക്കിയിരിക്കുന്നു. കവിതാ ബ്ലോഗാണ്. ശ്രദ്ധയര്‍ഹിക്കുന്ന മറ്റൊരു ബ്ലോഗുകൂടി അജ്മാനില്‍ നിന്നും വരുന്നു.

9. തനിനിറങ്ങള്‍
തനിനിറന്റെ ബ്ലോഗ്. “എല്ലാവരും ഋജുവായി പെരുമാറിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്ന സ്വയം അങ്ങിനെയാകാന്‍ ശ്രമിക്കുന്ന” തനിനിറന്‍ ആദ്യം പറഞ്ഞ് വെച്ചത് “സ്റ്റാര്‍ സിംഗര്‍ ഗായകനെതിരേ ഒരു ഗ്രൂപ്പോ” എന്നതാണ്. ഐഡിയാ സ്റ്റാര്‍ സിംഗറിനെ കുറിച്ചുള്ള വേറിട്ടൊരു പോസ്റ്റായി തനിനിറന്റേത്. പേരു സൂചിപ്പിക്കുന്ന ബൂലോകത്തെ “തനിനിറമാകാന്‍” തനിനിറന് കഴിയട്ടെ.

10. പാദ മുദ്ര
ഫുള്‍ജന്റെ ബ്ലോഗ്. “പാദ മുദ്ര” എന്ന പേരില്‍ മറ്റൊരു ബ്ലോഗ് കണ്ടതു പോലെ തോന്നുന്നു. ശ്രീകുമാരന്‍ തമ്പിയുടെ വരികളിലൂടെ തുടക്കം. എങ്ങോട്ടാണ് പോക്കെന്ന് കാത്തിരുന്ന് കാണാം.

11. മെഡിസിന്‍ @ ബൂലോകം
സൂരജിന്റെ ബ്ലോഗ്. രാഷ്ട്രീയമുള്ള നിരീശ്വരവാദിയായ എന്നാല്‍ യുക്തിവാദിയല്ലാത്ത സൂരജ് “എന്താണ് യഥാര്‍ത്ഥത്തില്‍ രോഗവും രോഗ ചികിത്സയും? അഥവാ എന്തല്ല വൈദ്യം” എന്നു ചോദിച്ചു കൊണ്ട് വൈദ്യ രംഗത്തെക്കുറിച്ചുള്ള വിമര്‍ശനാത്മക ചിന്തകളുമായിട്ടാണ് വരുന്നത്. ചികിത്സാ രംഗത്ത് നിന്നും വരുന്ന ഒരാള്‍ ആധുനിക ചികിത്സാരീതികളേയും സംസ്കാരത്തേയും വിമര്‍ശനാത്മകമായി ചര്‍ച്ച ചെയ്യുന്നത് ബൂലോകത്തെ ആദ്യ അനുഭവമാണ്. “എല്ലു ഡോക്ടര്‍” എന്ന പേരില്‍ ഒരു ബ്ലോഗ് വന്നിരുന്നു എങ്കിലും ഇപ്പോള്‍ അത് കാണുന്നില്ല. സൂരജിന്റെ ആദ്യ മൂന്ന് പോസ്റ്റുകളും ആധികാരികങ്ങളാണ്. ആദ്യ കമന്റില്‍ സൂരജ് പറയുന്നതിന്നടിയില്‍ ഒരൊപ്പ് “ലാവണ്യ സാഹിത്യം വിഹരിക്കുന്ന ബൂലോകത്തില്‍ മനുഷ്യനു പ്രയോജനമുള്ള എന്തെങ്കിലും ചെയ്യാന്‍ ഒരു എളിയ ശ്രമം...” അതങ്ങിനെ തന്നെയാകട്ടെ.

12. കഷായം
വൈദ്യന്റെ ബ്ലോഗ്. “അറിയില്ലെന്ന് അറിവ് അറിയാനുള്ള ത്വരയുണ്ടാക്കും..” നല്ല വരികള്‍. പക്ഷേ ആകെപ്പാടെ അവിയല്‍ പരുവത്തിലാണ് ബ്ലോഗ്.

13.പെയ്തു തോരാത്ത മഴ
എസ്.വിയുടെ ബ്ലോഗ്. “വാക്കാണ് സത്യം സത്യമാണ് ദൈവം..” നല്ല ചിന്ത. മഴ സ്വപനം കാണുന്ന പ്രവാസിയുടെ വിഹ്വലതകളാണ് വിഷയം. പ്രവാസം ചര്‍ച്ച ചെയ്യുന്ന മറ്റൊരു ബ്ലോഗു കൂടി.

14. ഫാമികഥകള്‍
അബ്ദുണ്ണിയുടെ ബ്ലോഗ്. ബ്ലോഗിന് തലക്കെട്ടു കാണുന്നില്ല. ഫാമികഥകളില്‍ അബ്ദുണ്ണി പറയുന്നു “ഫാമിയെ കഥ പറഞ്ഞുറക്കുന്ന പതിവ്‌ തുടങ്ങിയത്‌ ഞാനാണ്‌. പിന്നെപ്പിന്നെയവള്‍ കഥ കേള്‍ക്കാതെ ഉറങ്ങില്ലെന്നായി. കയ്യിലെ കഥകളുടെ ശേഖരം തീര്‍ന്നു; ആവര്‍ത്തനങ്ങള്‍ അവള്‍ കണ്ടുപിടിക്കാനും തുടങ്ങി. അങ്ങനെയാണ്‌ പുതിയ കഥകള്‍ മെനയാന്‍ തുടങ്ങിയത്‌. ആ കഥകളില്‍ ചിലത്‌ ബ്ലോഗന്‍കുഞ്ഞുങ്ങള്‍ക്കായി ചേര്‍ക്കുന്നു..”
കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ കഴിയുന്ന കുഞ്ഞു കഥകളാണ് ബ്ലോഗിലുള്ളത്. കുഞ്ഞുങ്ങള്‍ക്കായുള്ള സംരംഭങ്ങളില്‍ നല്ലതെന്നു പറയാന്‍ കഴിയുന്നൊരു ബ്ലോഗുകൂടി.

15. ബട്ടര്‍ഫ്ലൈസ്
ബട്ടര്‍ഫ്ലൈയുടെ ബ്ലോഗ്. “ജീവിതാമാകുന്ന മഹാസമുദ്രത്തിലൂടെ മൂത്തൂചിപ്പികള്‍ പെറുക്കിയെടുക്കാന്‍ എന്റെ കളി വഞ്ചിയിലൂടെ യാത്ര തുടരുന്നു..” ബട്ടര്‍ഫ്ലൈ യാത്ര തുടരട്ടെ...

16. കൊച്ചു മുതലാളി
കൊച്ചുമുതലാളിയുടെ ബ്ലൊഗ്. കാന്താരി മുളകും ഞാനും നല്ല വായനാനുഭവമാണ്. കൂടുതല്‍ പ്രതീക്ഷിക്കാം.

17. ചിത്രത്തൂണുകള്‍
സുമിത് കെ.ആറിന്റെ ബ്ലോഗ്. ഒറ്റ ഫോട്ടോ കൊണ്ട് പ്രവാസിയെ ഗ്രാമത്തിന്റെ നൈര്‍മല്യതയിലേക്ക് ഒരു നിമിഷം യാത്രയാക്കാന്‍ കഴിഞ്ഞു ആദ്യ പോസ്റ്റിലൂടെ സുമിത്തിന്.

18. ലോംഗ് ഷോട്ട്
ടി.സുരേഷ് ബാബുവിന്റെ ബ്ലോഗ്. പത്രപ്രവര്‍ത്തകനായ സുരേഷ്ബാബു സമകാലിക ലോക സിനിമയിലൂടെ കടന്നു പോകുന്നു. മികച്ച ലോക സിനിമകളെ ബൂലോകത്തെത്തിക്കുന്ന ആദ്യ ബ്ലോഗാണ് “ലോംഗ് ഷോട്ട്”. സുരേഷ് ബാബുവിന്റെ ആസ്വാദനം വായിച്ചുകഴിയുമ്പോള്‍ സിനിമ കണ്ട പ്രതീതി ഉണ്ടാകുന്നു. അത്രക്ക് ഹൃദ്യമാണ് അവതരണം. ശ്രദ്ധിക്കപ്പെടേണ്ടതാണ് “ലോംഗ് ഷോട്ട്”

19. കൊച്ചു കാര്യങ്ങള്‍
ബിജുമോന്‍ തോമസിന്റെ ബ്ലോഗ്. കൊച്ചു കൊച്ചു കാര്യങ്ങള്‍...രസകരമായ ഒരു വീഡിയോ എന്ന പോസ്റ്റ് രസകരം തന്നെ. അപഹാസ്യമാകുന്ന ഔപചാരികത അസ്സലായി വര‍ച്ചു വെച്ചിരിക്കുന്ന ഒരു വീഡിയോ.

20. എന്റെ കണ്ണടയിലൂടെ
ഹേമാംബികയുടെ ബ്ലോഗ്. ഹേമാംബികയുടെ വാക്കുകള്‍ “എന്‍‌റ്റെ കണ്ണടയിലൂടെ ഞാന്‍ കണ്ട കാഴ്ചകള്‍. കണ്ടതു മധുരം, കാണാത്തതു അതിലേറെ മധുരം എന്നു വിചാരിച്ചു ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക്...ഈ യാത്രയില്‍ ഇടയ്ക്കിത്തിരി നേരം ഇവിടെ...” ഫോട്ടോ ബ്ലോഗാണ്. ജീവസ്സുറ്റ ചിത്രങ്ങളാല്‍ ശ്രദ്ധേയമാണ് ഈ ബ്ലോഗ്. എന്റെ കൊവിതകള്‍ എന്ന പേരില്‍ ഒരു ബ്ലോഗ് കൂടി ഹേമാംബികയുടേതായിട്ടുണ്ട്. കൊവിതകളല്ല. കവിതകള്‍ തന്നെയാണ് ഹേമാംബികയുടേത്.

21. വെറുതെയൊരു ബ്ലോഗ്
സജീഷ് അറിയാതെ ഉണ്ടാക്കി പോയ ബ്ലോഗ്. പാവം ചങ്ങായിയുടെ പോസ്റ്റുകള്‍ വായിച്ചാല്‍ അങ്ങിനെ വെറുതേ തുടങ്ങിയതാണെന്ന് തോന്നില്ല. നല്ല ശൈലി.

22. സര്‍ഗ്ഗശാല
സര്‍ഗ്ഗശാലയുടെ ബ്ലോഗ്. ആദ്യ പോസ്റ്റും ആദ്യ കമന്റും പ്രൊഫൈലും എല്ലാം ദുരൂഹം.

23. മൃദുല തൂലിക
നേരമില്ലാത്തവന്റെ നേരമ്പോക്കുകളുമായി ജോഫി എത്തുന്നു.

24. എന്ന് സ്വന്തം
അഫ്സല്‍ അസ്കറിന്റെ കവിതാ ബ്ലോഗം.

25. നാരായം
കൂട്ടം തെറ്റി മേയുന്ന സഞ്ജയന്റെ ബ്ലോഗ്. സാ‍മൂഹ്യ വിമര്‍ശനമാണ് മുഖമുദ്ര. യുക്തിവാദത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വിചാരങ്ങള്‍. കവിതകളും കാണാം ബ്ലോഗില്‍. കവിതകളില്‍ രതിയാണ് നിറഞ്ഞ് നില്‍ക്കുന്നത്. കൈതമുള്ളീന്റെ അസ്സലൊരു കമന്റും കാണാം.

26. കഥയല്ലാകഥ
കഥാകാരന്റെ ബ്ലോഗ്. “ജീവിതം എന്നത് അനുഭവങ്ങളുടെ ഒരു തീരമാണ്...ഒരു പാടു കഥകളും യാഥാര്‍ത്ഥ്യവും നിറഞ്ഞ തീരം..പലപ്പോഴും കഥയേത് ജീവിതമേത് എന്ന് തിരിച്ചറിയാനാവാതെ അന്തംവിട്ടു നില്‍ക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും...കഥയല്ലാക്കഥ അത്തരമൊരു കഥയാണ്...കഥാകാരനും കഥാകാരന്റെ സുഹൃത്തുക്കളും അന്തം വിട്ടു നിന്ന ചില നിമിഷങ്ങള്‍..” കഥാകാരന്‍ പറഞ്ഞ് വെക്കുന്നു. സ്നേഹത്തിനായി കാത്തിരിക്കുന്ന കഥാകാരന്റേതായ പ്രണയ കവിതകള്‍ എന്നൊരു കവിതാ ബ്ലോഗു കൂടിയുണ്ട്.

27. കുത്തും കോമയും
അറുപത് വയസ്സെത്തി നില്‍ക്കുന്ന കൊച്ചു നാരായണന്റെ ബ്ലൊഗ്. ഒരു കോമ കൊണ്ട് വധശിക്ഷ വരെ ഒഴിവാക്കപ്പെട്ട കഥയുമായി വാക്കുകളില്‍ കുത്തും കോമയും ഒക്കെ എങ്ങിനെ പ്രാധാന്യം അര്‍ഹിക്കുന്നു എന്ന ചര്‍ച്ചയുമായി വരുന്ന കൊച്ചുനാരായണന്റെ ശൈലി രസകരം തന്നെ. ശ്രദ്ധിക്കപ്പെടേണ്ട കുറിപ്പുകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടു കണ്ടില്ല.

28. എന്റെ തീരം
സതീര്‍ത്ഥ്യന്റെ ബ്ലോഗ്. ഉടമ പറയുന്ന പോലെ തന്നെ ആകെപ്പാടെ അവിയല്‍ പരുവത്തിലാണ് ബ്ലോഗ്. എന്റെ ഗ്രാമം എന്ന കവിത തമ്മില്‍ ഭേതം.

29. EL-DORADO
“കൂട്ടുകാരിക്ക് സ്നേഹ പൂര്‍വ്വം” എന്ന കവിതയുമായി വരുന്ന എല്‍-ഡൊറാഡോയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ബൂലോകത്ത് അതിന്റെ ആവശ്യവും ഇല്ലല്ലോ. ആദ്യ പോസ്റ്റ് കൊണ്ട് തന്നെ ശ്രദ്ധേയമാണ് ഈ ബ്ലോഗ്. കവിത്വം തുളുമ്പുന്ന വരികളാല്‍ സമ്പന്നമായ ആദ്യ പോസ്റ്റ് ഈ ബ്ലോഗിനെ പ്രതീക്ഷയുണര്‍ത്തുന്നതാക്കൂന്നു. വായിക്കപ്പെടേണ്ട കവിതയാണ് “കൂട്ടുകാരിക്ക് സ്നേഹ പൂര്‍വ്വം..”

30. എന്ന് സ്വന്തം
പരിപൂര്‍ണ്ണ നിദ്രയുമായി വരുന്ന സ്വന്തം മുന്നോട്ടു വെക്കുന്ന ചോദ്യം “എപ്പോഴാണ് ഒരാള്‍ പൂര്‍ണ്ണത കൈവരിക്കുന്നത്?” എന്നതാണ്. മരണത്തിലെന്ന് ആദ്യ കുറിപ്പ് സാക്ഷ്യം.

31. ഞാന്‍ നാണപ്പന്‍
“ഒരു സാറിന്റെ ഷഡ്ഡിയിടാത്ത മാന്യത” എന്ന പേരില്‍ ആദ്യ പോസ്റ്റുമായി വന്ന നാണപ്പന്‍ ബുലോകത്തെ മറ്റൊരു ബ്ലോഗറെ ഓര്‍മ്മിപ്പിക്കുന്നു. എന്തായാലും ശൈലിയും ബ്ലോഗിന്റെ രീതിയും തുടക്കക്കാരനല്ലാ എന്ന് വിളിച്ചോതുന്നതാണ്. നാണപ്പന്റെ ആദ്യ പോസ്റ്റിലെ ചിത്രകാരന്റെ കമന്റ് ശ്രദ്ധേയമാണ്.

32. അനുഭവങ്ങള്‍ പച്ചാളികള്‍
തെറ്റിദ്ധരിക്കണ്ട. “അനുഭവങ്ങള്‍ പാളിച്ചകള്‍” അല്ല. “അനുഭവങ്ങള്‍ പച്ചാളികള്‍” തന്നെയാണ്. വലിയ വരക്കാരന്റെ ബ്ലോഗാണ്. “അല്പം വര...ഇത്തിരി വായന...പിന്നെ ഒത്തിരി വായി നോട്ട” വുമായി വരക്കാരനെത്തിയിരിക്കുന്നു. ടി.ആര്‍. രാജേഷിന്റെ പോസ്റ്റുകളെല്ലാം രസകരം തന്നെ. വേറിട്ട ശൈലി.

33. ചെറുചോദ്യം.
ക്രിസ്‌വിന്റെ ബ്ലോഗ്. കുഞ്ഞു ചിന്തകള്‍ കൊണ്ടു സമ്പന്നമാണ് “ചെറു ചോദ്യം”. യുക്തിവാദത്തെ ചോദ്യം ചെയ്യുന്ന ബ്ലോഗ് പക്ഷേ പലപ്പോഴും ഈശ്വരവിശ്വാസത്തെയും വിമര്‍ശിച്ചു കാണുന്നു. രസകരമാണ് എല്ലാ പോസ്റ്റുകളും. സന്ദര്‍ശിക്കാതിരുന്നാല്‍ നഷ്ടമാകുന്നൊരു ബ്ലോഗു കൂടി. കമന്റുകള്‍ക്കുള്ള ക്രിസ്വിന്റെ മറുപടികളും രസകരമാണ്.

34. മേഘദൂത്
സിബിന്റെ ഫോട്ടോ ബ്ലോഗ്. മിഴിവാര്‍ന്ന ചിത്രങ്ങള്‍. ഫോട്ടോ ബ്ലോഗുകളില്‍ ശ്രദ്ധേയമാകാന്‍ കഴിയുന്ന കൈവഴക്കം പോസ്റ്റുകളില്‍ കാണാം.ഞാന്‍ കണ്ട ജപ്പാന്‍ സീരീസ് നല്ലൊരനുഭവമാണ്. ഈ ബ്ലോഗ് സന്ദര്‍ശിക്കുക തന്നെ വേണം അതിന്റെ മേന്മയറിയാന്‍.

35. ചുമ്മായെഴുത്തും ചുവരെഴുത്തും
ജോമോന്‍ തോമസിന്റെ ബ്ലോഗ്. ഓര്‍മ്മ കുറിപ്പുകളും കഥകളും കവിതകളും കാണാം. നവംബര്‍ നാലിന് തുടങ്ങിയ ബ്ലോഗില്‍ ഇതുവരെ പതിമൂന്ന് പോസ്റ്റുകളുണ്ട്. ബഷീറിയന്‍ തെറി ബേപ്പൂര്‍ സുല്‍ത്താനെ ഒരു നിമിഷം ഓര്‍ക്കാനൊരു നുറുങ്ങായി..

36. കാഴ്ചക്കിപ്പുറം
ബൂലോകത്തെ ഫോട്ടോ ബ്ലോഗറന്മാരില്‍ ശ്രദ്ധേയനായ അപ്പുവിന്റെ പുതു ബ്ലോഗ്. ഫോട്ടോ ഗ്രാഫിയില്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിട്ടാണ് അപ്പു ഈ പുതു ബ്ലോഗുമായി വരുന്നത്.

37. മലബാര്‍ ന്യൂസ്
മറ്റൊരു ബ്ലോഗ് പത്രം കൂടി.

38. സൌദിക്കാരന്‍
തുടക്കക്കാരനായ പ്രവാസി തുടങ്ങുന്നു. കഥയുമായി തുടക്കം.

39. നിറങ്ങളുടെ കാഴ്ചകള്‍
എനിക്ക് കിട്ടിയ നല്ലൊരു കൂട്ടുകാരി എന്നാണ് ബ്ലോഗറുടെ പേര്. ആകപ്പാടെ എന്തൊക്കെയോ എഴുതി കൂട്ടിയിരിക്കുന്നു. സംഗതി ഒന്നും മനസ്സിലാകുന്നില്ല. “എനിക്ക് കിട്ടിയ നല്ലൊരു കൂട്ടുകാരി” എന്ന പേരെങ്കിലും മാറ്റിയിരുന്നേല്‍ നന്നായേനെ.

40. ജനശ്ശബ്ദം
“ജനശ്ശബ്ദം” പോസ്റ്റായി വരുന്നു. ജനങ്ങള്‍ക്ക് പറയേണ്ടുന്നത് പറയാനൊരിടം.

41. സ്വപ്ന ചിന്തുകള്‍
മീരയുടെ ബ്ലോഗ്. കവിതാ ബ്ലോഗമാണ്. വരികളില്‍ കവിതയുണ്ട്. ശ്രദ്ധിക്കപെടേണ്ടുന്ന മറ്റൊരു ബ്ലോഗു കൂടിയെന്ന് കരുതാം.

42. നാലുമണി പൂവ്
അന്നയുടെ ബ്ലോഗ്. പുതുമയുള്ള തുടക്കം. പക്ഷേ ദുരൂഹം.

പതിവു പോലെ വെറും നമസ്കാരം മാത്രം പറഞ്ഞു പോയ കുറേയധികം ബ്ലോഗുകളും കണ്ടു. പുതു ബ്ലോഗുകള്‍ പുതുമഴക്ക് കുരുക്കുന്ന തകരപോലെ വന്നു കൊണ്ടേയിരിക്കുന്നു. കാമ്പുള്ളവയും ഒന്നിനും കൊള്ളാത്തവയും പിറക്കുന്നുണ്ട്. പല നല്ല ബ്ലോഗുകളും ആരാലും ശ്രദ്ധിക്കപ്പെടാതെ ആദ്യത്തെ രണ്ടു മൂന്ന് പോസ്റ്റുകള്‍ കഴിയുമ്പോള്‍ അടഞ്ഞും പോകുന്നു.

അഗ്രഗേറ്ററുകളിലൂടെ പുതുബ്ലോഗുകളിലേക്ക് വായനക്കാര്‍ ചെന്നെത്തും എന്ന് കരുതുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ശരിയാകണമെന്നില്ല. കാരണം ശ്രദ്ധേയമായ പോപ്പുലര്‍ ബ്ലോഗുകള്‍ തന്നെ അടിക്കടി അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ഇന്നത്തെ നിലയില്‍ വായനക്കാര്‍ ആ ബ്ലോഗുകളിലേക്കായിരിക്കും കൂടുതല്‍ ശ്രദ്ധിക്കുക. അതിന് ഒരു പരിഹാരമായിട്ടുള്ളത് മറ്റു ബ്ലോഗുകളിലെ പോസ്റ്റുകളില്‍ നവാഗതര്‍ പോസ്റ്റ് വായിച്ചിട്ട് കമന്റിടുക എന്നതാണെന്ന് തോന്നുന്നു. ഒരാളുടെ പോസ്റ്റില്‍ വരുന്ന കമന്റില്‍ കാണുന്ന ഐ.ഡി.യിലൂടെ അതാത് ബ്ലോഗിലേക്ക് പോകാന്‍ ബൂലോകര്‍ ശ്രമിക്കാറുണ്ട്. പുതിയ പേരിലാണ് കമന്റെങ്കില്‍ ബൂലോകര്‍ തീര്‍ച്ചയായും ആ ലിങ്കിലൂടെ പുതു ബ്ലോഗിലെത്തി ചേരുക തന്നെ ചെയ്യും. അതിലൂടെ പുതു ബ്ലോഗുകള്‍ കുറച്ചു കൂടി വായിക്കപ്പെടും എന്ന് കരുതാം. പിന്നെയൊരു മാര്‍ഗ്ഗം ആദ്യ പോസ്റ്റിന്റെ ആദ്യ കമന്റ് മറുമൊഴിയിലേക്ക് തിരിച്ചു വിടുക എന്നതാണ്. ആ കമന്റിലൂടെയും നവാഗതരുടെ ബ്ലോഗിലേക്ക് കൂടുതല്‍ ശ്രദ്ധ ക്ഷണിക്കപ്പെടും.

പുതു ബ്ലോഗുകളിലൂടെ-രണ്ടാം ലക്കം ഇവിടെ പൂര്‍ണ്ണമാകുന്നു. നമസ്കാരം മാത്രം പറഞ്ഞ് പോയ ബ്ലോഗുകളില്‍ പോസ്റ്റുകള്‍‍ വരുന്ന മുറക്ക് അതിലൂടെയും കയറിവരാം. നിര്‍ദ്ദേശങ്ങള്‍ വിമര്‍ശനങ്ങള്‍ ഒക്കെയും ക്ഷണിക്കുന്നു. നവംബര്‍ ഇരുപത്തിയേഴാം തീയതി വരെ അവതരിച്ച പുതു ബ്ലോഗുകളാണ് രണ്ടാം ലക്കത്തില്‍ വന്നു പെട്ടിട്ടുള്ളത്.

നന്ദി.

17 comments:

അഞ്ചല്‍ക്കാരന്‍ said...

ബൂലോകത്ത് അവതരിച്ച പുതു ബ്ലോഗുകളിലൂടെ രണ്ടാം ലക്കം ബൂലോക സമക്ഷം സമര്‍പ്പിക്കുന്നു.
നന്ദി.

ദിലീപ് വിശ്വനാഥ് said...

ഹോ, എന്തു പറഞ്ഞാണ് അഭിനന്ദിക്കേണ്ടതെന്ന് അറിയില്ല. ഇത്രയൊക്കെ റിസേര്‍ച്ച് ചെയ്യാനും അത് മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതും അഭിനന്ദനാര്‍ഹം തന്നെ.

വല്യമ്മായി said...

ശ്രദ്ധയില്‍‌പ്പെട്ട മറ്റ് രണ്ട് ബ്ലോഗുകള്‍
http://aamitham.blogspot.com
http://kavithakodi.blogspot.com/

നാടോടി said...

ഞാനെന്താ രണ്ടാം കെട്ടിലെയാണോ?

Unknown said...

ശ്രദ്ധയില്പെട്ട മറ്റൊരു ബ്ലോഗ്
http://sankhupushpam.blogspot.com

വേണു venu said...

അഭിനന്ദാര്‍ഹം.:)

അലി said...

വളരെ പ്രയോജനപ്രദമായി
അഭിനന്ദനങ്ങള്‍...

Joseph Antony said...

എന്തു പ്രശ്നമാണിത്,
ഒര്‍ജിനല്‍ പോസ്റ്റ് വിളിക്കുന്പോള്‍ കുറെ കുത്തുകളേ കാണുന്നുള്ളു. മി.അഞ്ചല്‍ക്കാരന്‍ ഏത് ഫോണ്ടാണ് ഉപയോഗിക്കുന്നത്

പ്രയാസി said...

അഭിനന്ദനങ്ങള്‍..

Unknown said...

ഇത്തരം ശ്രമങ്ങള്‍ തുടരുക.
ആശംസകള്‍.

സഹയാത്രികന്‍ said...

അഭിനന്ദനാര്‍ഹം....
അഞ്ചല്‍ക്കാരാ ആശംസകള്‍
:)

Sherlock said...

this is really good work..

ഉപാസന || Upasana said...

ആഞേയാ,
കലക്കി :)

ഉപാസന

മന്‍സുര്‍ said...

അഞ്ചല്‍ക്കാര...

എന്നും നന്‍മയുടെ പാതകളിലൂടെയുള്ള ഈ ഉദ്യമം നാല്‍ക്കുനാള്‍ മികച്ചതാവുന്നു. ഇത്തരമൊരു വിശകലനത്തിലൂടെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന മറ്റ്‌ ബ്ലോഗ്ഗേര്‍സ്സിനെ അറിയാനും,കാണാനും അവസരമൊരുങ്ങുന്നു.

എല്ലാ ഭാവുകങ്ങളും ഷിഹാബുവിനും..വാര്‍ത്താവിചാരത്തിനും

നന്‍മകള്‍ നേരുന്നു

കണ്ണൂരാന്‍ - KANNURAN said...

സമ്മതിച്ചിരിക്കുന്നു സഖാവെ... കാണാതെപോയ പല പുതു ബ്ലോഗുകളും കാട്ടി തന്നതിന്‍...

Anonymous said...

ഹലോണ്‍ പരോപകാരി അഞ്ചല്‍മേന്‍,
ഇത്രയുമെങ്ങനെ ഒപ്പിക്കുന്നുവെന്നാദ്യം പറയുക. മികച്ച ടൈം മാനേജ്മെന്റ് സ്കൂളില്‍ ഇത്രേം വയസ്സില്‍ എനിയ്ക്കഡ്മിഷന്‍ കിട്ട്വോ ?

ഉഗ്രന്‍ ശ്രമം. എന്റെ ഏതാനും ആശംസകള്‍ !
രണ്ടു സ്മൈലിയും...

ഹരിശ്രീ said...

അഞ്ചല്‍ക്കാരാ,

കാണാതെ പോയ ചില പോസ്റ്റുകള്‍ വായിക്കാന്‍ ഈ പോസ്റ്റ് ഒരു വഴികാട്ടിയായി.

ആശംസകള്‍