Thursday, March 6, 2008

ബൂലോകം പോയ വര്‍ഷം : ആമുഖം

പ്രിയരെ,
പ്രവാ‍സത്തിലെ പ്രതിസന്ധികള്‍ വിട്ടു മാറിയെന്ന് തോന്നിയിടത്തു നിന്നും പുതു പ്രതിസന്ധികള്‍ ഉടലെടുത്തതിനാല്‍ ബൂലോകത്ത് നിന്നും ഇത്തിരി വിട്ടു നില്‍ക്കേണ്ടി വന്നു. വായനയില്ലാതായാല്‍ “വിചാരിപ്പ്” നടക്കില്ലല്ലോ? അന്യന്റെ പോസ്റ്റുകള്‍ കൊണ്ട് അന്നം തേടുന്ന ഒരു തരം “പരാന്നഭോജിയാണ്” വിചാരിപ്പ്കാരന്‍ എന്നതിനാല്‍ വായന അവസാനിച്ചിടത്ത് ബ്ലോഗിങ്ങും നിന്നു പോയതാണ്.

ഓര്‍ത്തതിന് നന്ദി. ബൂലോകം പോയ വര്‍ഷവുമായി “വാരവിചാരം” തുടരുകയാണ്. “പോയ വര്‍ഷം പോയി മറഞ്ഞിട്ട് മാസം മുന്നാകുന്നു. ഇപ്പോഴാണോടോ തന്റെയൊരു വിചാരിപ്പ്” എന്നായിരിക്കും ഇപ്പോള്‍ വിചാരിക്കുന്നത്. എഴുതി വെച്ചത് പോസ്റ്റാതിരിക്കാന്‍ കഴിയുന്നില്ല. ക്ഷമിക്കുക.

അബ്ദുല്‍ അലിഫിന്റെ ലാഗോസ് വഴി നാട്ടിലേക്കും പിന്നെ തിരിച്ചും എന്ന രണ്ടായിരത്തി ഏഴിലെ ആദ്യ പോസ്റ്റ് മുതല്‍ ഹരിശ്രീയുടെ നമ്മുടെ സ്വന്തം ദാസേട്ടന്‍ എന്ന അവസാ‍ന പോസ്റ്റ് വരെ ബൂലോകത്ത് അവതരിച്ച പോസ്റ്റുകളിലൂടെ ഒരു ഓട്ട പ്രദക്ഷണത്തിന് മുതിരുന്നവന്‍ കിലോമീറ്ററുകള്‍ താണ്ടുന്ന ദുര്‍ഘടമായ മാരത്തോണിലേക്കാണ് കാലെടുത്ത് വെക്കുന്നത് എന്നതാണ് വാസ്തവം.

ലോകത്തിന്റെ ഒരു ചെറുപതിപ്പാണ് ബൂലോകം. ദൃശ്യ ശ്രവ്യ മാധ്യമങ്ങള്‍ ഒന്നും തന്നെ ശ്രദ്ധിക്കാതെ ബൂലോകം മാത്രം സന്ദര്‍ശിച്ച് ലോകത്തിനൊപ്പം നടക്കാം. ഭൂമിയില്‍ നടക്കുന്ന സര്‍വ്വ ചലനങ്ങളും മിനിറ്റുകള്‍ക്കുള്ളില്‍ ബൂലോകത്ത് ചര്‍ച്ചയാകുന്നു. യുദ്ധത്തിന്റെ ഭീകരതയും സമാധാനത്തിന്റെ സാന്ത്വന സ്പര്‍ശവും ബൂലോകം അതേപടി ആവാഹിക്കുന്നു. ബൂലോകം എന്ന കല്പിത മലയാള ഭൂമിക ഉടലെടുത്തതിന് ശേഷം ഏറ്റവും കൂടുതല്‍ ബ്ലോഗര്‍മാര്‍ ഉണ്ടാവുകയും പോസ്റ്റുകളുടെ പെരുമഴപാച്ചിലുകള്‍ അനുവാചകന് വായനയുടെ അഘോഷം നല്‍കുകയും ചെയ്ത രണ്ടായിരത്തി ഏഴിനെ സംഗ്രഹിക്കാനുള്ള ശ്രമമാണ് “ബൂലോകം പോയവര്‍ഷം”

മൂന്ന് ഭാഗങ്ങളിലായി അഞ്ച് ലക്കങ്ങള്‍ ഉല്‍പ്പെടുന്നതാണ് ബൂലോകം പോയവര്‍ഷം.
ആദ്യ ഭാഗം “നിറവുകള്‍”.
മൂന്ന് ലക്കങ്ങള്‍ ഉള്‍കൊള്ളുന്നതാണ് “നിറവുകള്‍”. പോസ്റ്റുകള്‍ കൊണ്ടും കമന്റുകള്‍ കൊണ്ടും ബൂലോകത്ത് വര്‍ഷം മുഴുവന്‍ നിറ സാനിദ്ധ്യമായിരുന്നവരെ എക്കാലത്തേക്കും ഓര്‍ത്തുവെക്കാനൊരിടം.

രണ്ടാം ഭാഗം “കനിവുകള്‍”
ബൂലോകത്ത് നിന്നും ഭൂലോകത്തേക്ക് നീണ്ട കനിവുകള്‍ ബൂലോകത്തിന് നല്‍കിയ തിരിച്ചറിവുകളേയും, ഫീസില്ലാ ട്യൂഷനുകളുമായി ആധുനിക വിവര സാങ്കേതികയുടെ സാങ്കേതങ്ങള്‍ ബൂലോകര്‍ക്കായി കനിഞ്ഞ് നല്‍കാന്‍ രൂപപ്പെട്ട വിശാല ഹൃദയങ്ങളെയും എക്കാലത്തേക്കുമായി ഒരിടത്ത് സംഗ്രഹിക്കുക എന്നതുമാണ് “കനിവുകള്‍” ലക്ഷ്യം വെക്കുന്നത്. ഒരു ലക്കത്തില്‍ അവസാനിക്കുന്നു “കനിവുകള്‍”.

മൂന്നാം ഭാഗം “മുറിവുകള്‍”
ബൂലോകത്തിന്റെ കല്പിത ഹൃദയത്തിനേറ്റ മുറിവുകള്‍. ആര്‍ക്കും ഒരു ഗുണവും ചെയ്യാത്ത നിരര്‍ത്ഥകമായ തൊഴുത്തില്‍ കുത്തുകളും പടലപിണക്കങ്ങളും. അതിലൂടെ നെടുകേ പിളരുന്ന സൌഹൃദങ്ങളും ഉടലെടുക്കുന്ന അനാരോഗ്യകരമായ ലോബീയിങ്ങും. ബൂലോകത്ത് ആര്‍ക്കും “ലവ ലേശം” താല്പര്യമില്ലാ എന്ന് നടിച്ച എന്നാല്‍ എല്ലാവരും ഏറ്റവും കൂടുതല്‍ ആസ്വാദിച്ച തല്ലുകളുടെ നിരര്‍ത്ഥകത ഓര്‍ത്തു വെക്കാന്‍ ഒരിടം. ഒരു ലക്കത്തില്‍ “മുറിവുകളും” അവസാനിക്കുന്നു.

കല്പിത ഭൂമികയില്‍ ബ്ലോഗറന്മാരേയും സാങ്കല്പികമായി കാണുകയാണ്. ബ്ലോഗര്‍ എന്ന് പറയുമ്പോള്‍ അതിന് പിന്നില്‍ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുണ്ടെങ്കിലും ബൂലോകത്തിന്റെ രീതികളില്‍ വ്യക്തിക്കല്ല ഐ.ഡികള്‍ക്കാണ് പ്രാധാന്യം എന്നുള്ളതു കൊണ്ടും ഐ.ഡികളാണ് ബ്ലോഗ് തുറക്കുന്നതും പോസ്റ്റുകള്‍ പ്രസിദ്ധീ‍കരിക്കുന്നത് എന്നതു കൊണ്ടും ഐ.ഡികളെയാണ് ബ്ലോഗറന്മാരായി വിചാരിപ്പ്കാരന്‍ കാണുന്നത്. അതായത് സിമി നസ്രത്ത് എന്ന ബ്ലൊഗര്‍ “സിമി” എന്ന പേരിലും “സുയോധനന്‍” എന്ന പേരിലും “ശശി” എന്ന പേരിലും ബ്ലോഗുകള്‍ എഴുതുന്നു. ഇവിടെ സിമി എഴുതിയ പോസ്റ്റുകള്‍ സിമി എന്ന ബ്ലോഗറുടേതും സുയോധനന്‍ എഴുതിയ പോസ്റ്റുകള്‍ സുയോധനന്‍ എന്ന ബ്ലോഗറുടേതും ശശി എഴുതിയ പോസ്റ്റുകള്‍ ശശിയെന്ന ബ്ലോഗറുടേതുമായാണ് വിചാരത്തിന് വിധേയമാക്കുന്നത്. ഈ മൂന്ന് ഐ.ഡികളും തന്റേതാണ് എന്ന് സിമി തന്നെ വെളിവാക്കിയതു കൊണ്ടാണ് സിമിയെ ഉദാഹരിച്ചത്. വ്യക്തിയല്ല ഐ.ഡികളാണ് ബ്ലോഗുന്നത് എന്നതിനാല്‍ അനോനികളും അന്യരല്ല.

നിറവുകള്‍ തുടങ്ങുമ്പോള്‍ ഒന്നു കൂടി. ഒന്നാമന്‍ ആര്? ഏറ്റവും നല്ല പോസ്റ്റ് ഏത്? ജനപ്രിയന്‍ ആര്? തുടങ്ങിയ ചര്‍ച്ചകള്‍ ഈ അവലോകനത്തിന്റെ ലക്ഷ്യമാകരുത് എന്ന് വിചാര്‍പ്പ്കാരന് ആഗ്രഹിക്കുന്നു. കാരണം:
എല്ലാവരും ഒന്നാമന്‍മാരാണ്-ഏറ്റവും കുറഞ്ഞത് അവരവര്‍ക്ക് എങ്കിലും.
എല്ലാ പോസ്റ്റുകളും നല്ല പോസ്റ്റുകളാണ്-ഏറ്റവും കുറഞ്ഞത് അവരവര്‍ക്ക് എങ്കിലും.
ഏല്ലാവരും ജനപ്രിയരാണ്-ഏറ്റവും കുറഞ്ഞത് അവരവര്‍ക്ക് എങ്കിലും.

ഇത്തിരി വൈകിയെങ്കിലും ബൂലോക സമക്ഷം “ബൂലോകം പോയ വര്‍ഷം” സമര്‍പ്പിക്കുകയാണ്. വായനയിലും വിലയിരുത്തലുകളിലും തെറ്റുകള്‍ കടന്നു വന്നിട്ടുണ്ടാകാം. ചൂണ്ടികാണിച്ചാല്‍ തിരുത്തപ്പെടും എന്ന് ഉറപ്പ്. തെറ്റായി ഒരു ബ്ലോഗും വിശകലനം ചെയ്യപ്പെടരുത് എന്ന് നിര്‍ബന്ധമുള്ളതിനാല്‍ തെറ്റു തിരുത്താനുള്ള അവകാശം വായനക്കാരന് വിടുന്നു.

വാരവിചാരത്തിന് നല്‍കിയ പരിഗണനകള്‍ക്ക് നന്ദി.

22 comments:

അഞ്ചല്‍ക്കാരന്‍ said...

ബൂലോകം പോയ വര്‍ഷവുമായി “വാരവിചാരം” തുടരുകയാണ്. “പോയ വര്‍ഷം പോയി മറഞ്ഞിട്ട് മാസം മുന്നാകുന്നു. ഇപ്പോഴാണോടോ തന്റെയൊരു വിചാരിപ്പ്” എന്നായിരിക്കും ഇപ്പോള്‍ വിചാരിക്കുന്നത്. എഴുതി വെച്ചത് പോസ്റ്റാതിരിക്കാന്‍ കഴിയുന്നില്ല. ക്ഷമിക്കുക.

അപ്പു said...

അഞ്ചലേ, ഇന്ന് ഫോണില്‍ ഒന്നുവിളീക്കാം എന്നു പ്ലാന്‍ ചെയ്തതായിരുന്നു ആളെവിടെ എന്നറിയാന്‍. ഏതായാലും സാന്നിധ്യം അറിയിച്ചതില്‍ നന്ദി. വായിക്കാനായി കാത്തിരിക്കുന്നു - കാണാതെപോയ ഒരുപാടുനല്ല പോസ്റ്റുകള്‍ അഞ്ചലിന്റെ കുറിപ്പുകളില്‍ക്കൂടെ കാണുവാന്‍ സാധിക്കും എന്നകാര്യം വളരെ സന്തോഷം നല്‍കുന്നു. ആദ്യലക്കത്തിനായി കാത്തിരിക്കുന്നു.

ആശംസകളോടെ
അപ്പു (എന്ന ഐ.ഡി!)

കരീം മാഷ്‌ said...

കാണാതിരുന്നപ്പോഴാണു എന്റെ “ഈ” വായനയില്‍ വാരവിചാരത്തിനുണ്ടായിരുന്ന ഇടം മനസ്സിലായത്.
എന്റെ കമന്റില്ലാത്തതിനാല്‍ ഇനി ഇതിനു മുടക്കം വരരുത്.
ആശംസകളോടെ!

കുറുമാന്‍ said...

അഞ്ചല്‍ക്കാ‍രാ‍ സ്വാഗതം.

എവിടെ പോയി എന്നു കരൂതിയിരിക്കുകയായിരുന്നു. ഇവിടെയൊക്കെ ഉണ്ട്ന്നറിഞ്ഞതില്‍ സന്തോഷം.

ഒരുദിവസം ഡുവില്‍ വിളിച്ചപ്പോള്‍ കട്ട് ചെയ്തു :)

Unni(ജൊജി) said...

Welcome back, we (at least me) were missing Ur weekly reviews

ശ്രീ said...

അഞ്ചല്‍‌മാഷേ...

കാത്തിരിപ്പു തുടങ്ങിയിട്ടു നാളു കുറേയായി. ഇപ്പോഴെങ്കിലും എത്തിയല്ലോ... ഇനി അടുത്ത വിചാരിപ്പുകള്‍ക്ക് കാത്തിരിയ്ക്കുന്നു.
:)

Visala Manaskan said...

പ്രിയ അഞ്ചല്‍ക്കാരന്‍.

സന്തോഷം!

ബാജി ഓടംവേലി said...

നിങ്ങളുടെ സാന്നിദ്ധ്യം ബൂലോകത്തിന് വിലപ്പെട്ടതാണ്...
ആശംസകള്‍......

Meenakshi said...

എല്ലാ ആശംസകളും നേരുന്നു

ശ്രീവല്ലഭന്‍ said...

അഞ്ചല്‍കാരന്‍,
തിരിച്ചുവരവ് നല്ല കാര്യം. സ്വാഗതം!

കൊച്ചുത്രേസ്യ said...

അതുശരി.. അപ്പോ മുറിയടച്ചിരുന്ന്‌ 'ബൂലോക ആണ്ടുവിചാരം' ഉണ്ടാക്കുകയായിരുന്നു അല്ലേ.. എന്തായാലും വീണ്ടും കണ്ടതില്‍ ഒരുപാടു സന്തോഷം.

സൂരജ് :: suraj said...

Back with a Bang! എന്നൊക്കെ പറയാവുന്ന വരവാണല്ലോ മാഷേ ? ആശംസകള്‍.

ഏതായാലും ‘സൂപ്പര്‍ ബ്ലോഗര്‍’, ‘ജനപ്രിയ ബ്ലോഗര്‍’ എന്നിങ്ങനെയുള്ള ഇഡിയോട്ടിക് കണ്‍സെപ്റ്റുകളെ തള്ളിപ്പറഞ്ഞു കൊണ്ട് ആമുഖത്തില്‍ തന്നെ നയം വ്യക്തമാക്കിയത് ക്ഷ പിടിച്ചു.
ഭൂരിപക്ഷം വരുന്ന ബൂലോക-ഹിപ്പോക്രിറ്റുകളെ പോലെ ഈയുള്ളവനും താ‍ല്പര്യം ആ മൂന്നാം ഭാഗത്തിലാണേ....കാത്തിരിക്കുന്നു :))

ശ്രീലാല്‍ said...

ശരി.. പോരട്ടെ പോസ്റ്റ്. മുന്‍പില്‍ സീറ്റ് പിടിച്ച് ഇരിക്കുന്നു :)

കുതിരവട്ടന്‍ :: kuthiravattan said...

പ്രതിസന്ധികളൊക്കെ തീര്ന്നു എന്ന് വിചാരിക്കുന്നു. വാരവിചാരം തുടരട്ടെ.

ശെഫി said...

തുടരുക

ഹരിത് said...

സ്വാഗതം, പോരട്ടേ വിചാരങ്ങള്‍...

കൃഷ്‌ണ.തൃഷ്‌ണ said...

ഈ ലോകത്ത് നാളുകള്‍ മാത്രം പരിചയമുള്ള എനിക്കു ഇങ്ങനെയൊരു സംഭവം ഈ ലോകത്തുണ്ടായിരുന്നു എന്നുള്ള ആദ്യത്തെ അറിവു തന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു...എല്ലാം അറിയാനും അനുഭവിക്കാനും കാത്തിരിക്കുന്നു....

ദേവന്‍ said...

താമസിച്ചിട്ടൊന്നുമില്ല അഞ്ചല്‍ക്കാരാ, കഴിഞ്ഞ കൊല്ലം വന്നതിന്റെ നാലിലൊന്നു പോസ്റ്റുകള്‍ പോലും വായിക്കാന്‍ ഇതുവരെ എനിക്കു കഴിഞ്ഞില്ല, അപ്പോള്‍ ഒരവലോകനം കണ്ട്‌ മൊത്തത്തില്‍ എങ്ങനെയുണ്ടായിരുന്നു പോയാണ്ട്‌ എന്നറിയാന്‍ വലിയ താല്‍പ്പര്യമുണ്ട്‌. പോരട്ടേ ലക്കം ലക്കമായി.

വാല്‍മീകി said...

സന്തോഷം.
തിരക്കുകളെല്ലാം കഴിഞ്ഞെങ്കില്‍ വാരവിചാരം പുനരാരംഭിച്ചുകൂ‍ടെ?

ഹരിശ്രീ said...

മാഷേ,

വാരവിചാരം തുടരട്ടെ...

ആത്മാന്വേഷി... said...
This comment has been removed by the author.
ആത്മാന്വേഷി... said...

എന്റെ ബ്ലോഗിന് നിഷ്പക്ഷനായ ഒരു നിരൂപകനെ കാതിരിക്കയായിരുന്നു.മറ്റുള്ളവരുടെ ബ്ലോഗില്‍ പരസ്യമെഴുതുന്നത് മോശമെന്നറിയാം.എങ്കിലും മറ്റുള്ളവരുടെ ബ്ലോഗിനെ വിചാരണ നടത്തുന്ന അഞ്ചല്‍ക്കാരനെ അറിയിക്കണമെന്നു തോന്നി...

ഞാനും ഈ ബൂലോഒകത്തില്‍ അഞ്ചു സെന്റ് വാങ്ങി കേട്ടോ...അതൊന്നൂ നോക്കി അഭിപ്രായം എന്റ് പോസ്റ്റില്‍ കമനാറ്റ്യ്ം നമ്മടെ പോസ്റ്റില്‍ (!) പരസ്യമായും ഇട്ട് ഈയുള്ളവനെ (കു)പ്രസിദ്ധനാക്കണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു....
പിന്നെ പോസ്റ്റിലെ വിഷയത്തോടുള്ള എതിര്‍പ്പുകള്‍ തല്‍ക്കാലം മറ്റിയേക്കൂ.അല്ലെങ്കില്‍ അത് കമന്റിയാല്‍ മതി.ഇപ്പൊ എന്റെ ബ്ലോഗിങ്ങ് രീതിയെ മാത്രം കൂട്ടില്‍ നിരുത്തി ഒന്നു വിചാരണ നടത്തൂ...
കാ‍ത്തിരിക്കുന്നു...
അത്മീയം