പ്രവാസ ജീവിതത്തിന്റെ വിസ വെട്ടപ്പെടുമെന്നും തൊഴില്‍ രഹിതനായി നാട് പിടിക്കേണ്ടി വരുമെന്നും കരുതിയ വാരങ്ങളില്‍ വായന ഒരു മാസം പിറകിലേക്കായി. വിസ വെട്ടപ്പെടാതിരിക്കുകയും ജീവിത താളം തിരിച്ച് കിട്ടപ്പെടുകയും ചെയ്ത ദിനങ്ങളില്‍ വാരവിചാരം തിരിച്ച് വരുന്നു. ബൂലോകം ഒരു ആശ്വാസമായിരുന്നു-പ്രതിസന്ധികളില്‍.
ഡിസംബര്‍ നാലുമുതല്‍ പത്തുവരെ അവതരിക്കപ്പെട്ട പോസ്റ്റുകളിലൂടെയുള്ള യാത്രയാണ് “ബൂലോക വിചാരം പതിനഞ്ചാം ലക്കം.”
1. ചിമ്മാരു മറിയം
സുന്ദരന്റെ “ചിമ്മാരു മറിയം” അവസാനിച്ചു. രണ്ടായിരത്തി ഏഴ് ഏപ്രിലില്‍ യാത്ര തുടങ്ങിയ ചിമ്മാരു ഇരുപത്തി ഏഴാം അദ്ധ്യായത്തില്‍ അവസാനിച്ചപ്പോള്‍ “ചിമ്മാരുവിനൊപ്പം” നടന്നിരുന്നവര്‍ക്ക് ആ വേര്‍പാട് നനുത്ത നൊമ്പരമായി. സുന്ദരന്‍, ചിമ്മാരു മറിയത്തിലൂടെ വരച്ചു വെച്ചത് കുടിയേറ്റ ഗ്രാമങ്ങളുടെ നേര് ചിത്രങ്ങളായിരുന്നു. സ്വതസിദ്ധമായ ശൈലി കൊണ്ടും നര്‍മ്മത്തില്‍ കോര്‍ത്ത വരികള്‍ കൊണ്ടും ചിമ്മാരു മറിയം ബൂലോക ശ്രദ്ധനേടിയ രചനയായിരുന്നു. ഇതൊരു സംഭവ കഥയല്ലേ എന്ന അനുവാചകരുടെ ചോദ്യത്തിന് സുന്ദരന്‍ കൊടുക്കുന്ന മറുപടിയാണ് പ്രസക്തം. “ഏതെങ്കിലും കുടിയേറ്റഗ്രാമങ്ങളില്‍ പോകാന്‍ അവസരംകിട്ടിയാല്‍ പഴയതലമുറയില്പെട്ട ആരോടെങ്കിലും കഥകള്‍ ചോദിക്കുക.അല്പം ക്ഷമയോടെ അവരെകേള്‍ക്കുക. എത്രയെത്ര മറിയാമ്മമാരെയും മറിയപ്പന്മാരെയുംകുറിച്ച് നിങ്ങള്‍ക്കു അവര്‍ പറഞ്ഞുതരും..” പക്ഷേ പഴമയെ കേള്‍ക്കാനുള്ള ക്ഷമയാണ് അനിവാര്യം. നാട്ടുകവലയിലിരുന്ന് ക്ഷമയോടേ പഴമയെ കേള്‍ക്കാന്‍ താല്പര്യമുണ്ടായിരുന്നവര്ക്ക് “ചിമ്മാരുമറിയം” നല്ല വായനാനുഭവമായിരുന്നു നല്‍കിയിരുന്നത്. ഒപ്പം ബൂലോകത്ത് ഘണ്ഡശ്ശ അവതരിക്കപെട്ട പോസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ അദ്ധ്യായങ്ങളിലെത്തി അവസാനിച്ച പോസ്റ്റെന്ന ഖ്യാതിയും ഒരു പക്ഷേ ഈ “സുന്ദരന്‍” പോസ്റ്റിനായിരിക്കും.
ഇതുവരെ “ചിമ്മാരുമറിയം” വായിച്ചിട്ടില്ലാത്തവര്‍ക്ക് ഇരുപത്തിയേഴ് അദ്ധ്യായങ്ങളും ഒന്നിച്ച് വായിക്കാനുള്ള അവസരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. വായിക്കപ്പെടാതിരിന്നാല് നഷ്ടമാകുന്ന പോസ്റ്റുകളിലൊന്നാണ് “ചിമ്മാരു മറിയവും”.
2. വിപരീതം.
നസീര്‍ കടിക്കാടിന്റെ കവിത. ജീവിതത്തിന്റെ വിപരീതാവസ്തകളെ തന്മയത്തോടെ ഏതാനും വരികളില്‍ വരച്ച് വെച്ചിരിക്കുന്ന “വിപരീതം” വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
3. ഒരു കലാലയ ഓര്‍മ്മക്കുറിപ്പ്
ശ്രീയുടെ പോസ്റ്റ്. സ്കൂള്‍ ജീവിതത്തിലെ ഒരു ഏട് ശ്രീ ഹൃദയസ്പൃക്കായി അവതരിപ്പിച്ചിരിക്കുന്നു. എല്ലാ സ്കൂള്‍ ജീവിതങ്ങളും നന്മകളുടെ വിളനിലമാണ്. പത്തു വര്‍ഷത്തെ കുരുത്തക്കേടുകളും വികൃതികളും ഒക്കെ പല ഇന്ദിര ടീച്ചറന്മാരും പത്താം ക്ലാസിലെ അവസാന അദ്ധ്യായന ദിനത്തിന്റെ അവസാന നിമിഷങ്ങളില്‍ ഏതാനും വാക്കുകളിലൂടേയും സമീപനങ്ങളിലൂടേയും അവസാനിപ്പിക്കാറുണ്ട്. കേട്ടിരിക്കുന്ന പത്തം ക്ലാസുകാരന് കുട്ടിത്തം വിട്ട് ഉത്തരവാദിത്തം ഉണ്ടാകുന്ന ദിവസങ്ങളാണ് സ്കൂള്‍ ജീവിതത്തിലെ അവസാന ദിനങ്ങള്‍. അന്നു വരെ കുറുമ്പു കാരായിരുന്നവരുടേയും കഠിന ഹൃദയരായിരുന്നവരുടേയും കണ്കോണില് നനവ് പടര്‍ത്താന്‍ കഴിയുന്ന ഗുരുക്കന്മാര് എല്ലാ വിദ്യാലയങ്ങളുടേയും അനുഗ്രഹമാണ്. ആ ഗുരുക്കന്മാരുടെ നന്മ അതേ പടി ഉള്‍കൊള്ളാന്‍ കഴിയുന്ന ശിഷ്യന്മാര്ക്ക് ഒരിക്കലും പിന്നിലേക്ക് നോക്കേണ്ടി വരില്ല തന്നെ.
ശ്രീയുടെ ഇന്ദിര ടീച്ചറും വികൃതിയായ കണ്ണനും സഹപാഠികളും സ്കൂള്‍ ജീവിതത്തിലേക്കൊരു തിരിച്ച് പോക്കിനാണ് അവസരം ഒരുക്കിയത്.
4. മീനമൃത്
കണ്ണൂരാന്‍ തന്റെ പെരുങ്കളിയാട്ടത്തിലെഴുതിയ പോസ്റ്റ്. ചര്‍ച്ച ചെയ്യുന്നത് നമ്മുടെ ക്ഷേത്രങ്ങളിലെ വേറിട്ട് നില്ക്കുന്ന ആചാരാനുഷ്ഠാനങ്ങളെയാണ്. മദ്യവും മാംസവും മത്സ്യവുമെല്ലാം ഇഷ്ട നൈവേദ്യമാകുന്ന ക്ഷേത്രങ്ങള്‍ കേരളത്തില്‍ നില നില്ക്കുന്നു എന്നത് പുതിയ അറിവാണ് നല്‍കിയത്. പറശ്ശിനിക്കടവു മുത്തപ്പന് ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തിയായ മുത്തപ്പന്റെ ഇഷ്ടപാനീയം കള്ളാണ്, ഇഷ്ട നൈവേദ്യം ഉണക്കമീനും. ഉത്തര മലബാറിലെ കളിയാട്ടങ്ങളില്‍ കാണുന്ന അനാദൃശ്യമായ ചടങ്ങുകളിലൊന്നായ “മീനമൃതിനെ” വിവരിച്ച് കൊണ്ട് ഫോട്ടോകളുടേ പിന്തുണയോടെ കണ്ണൂരാന്‍ പറഞ്ഞ് വെക്കുന്ന വ്യത്യസ്തമായ ആചാരങ്ങള്‍ വായിക്കപ്പെടേണ്ടവയാണ്.
5. ശബരിമല യാത്ര 2007
ചിലമ്പിന്റെ പോസ്റ്റ്. ശ്രദ്ധേയമാകുന്നത് ഇരുമുടി കെട്ടു മുതല്‍ അയ്യപ്പദര്‍ശനം വരെയുള്ള ശബരിമല തീര്‍ത്ഥാടനത്തിലെ അനുഷ്ടാനങ്ങള്‍ അതേ പടി അവതരിപ്പിച്ചിരിക്കുന്നതിനാലാണ്. കൂട്ടത്തില്‍ ശബരിമലയില്‍ അസൌകര്യങ്ങള്ക്കിട്ട് കുഞ്ഞു കൊട്ടുകളും. ചിലമ്പിനൊപ്പം നടന്നാല്‍ ഒരു കുഞ്ഞു മലകയറ്റം കഴിഞ്ഞ പ്രതീതി.
6. കൌരവര്‍
ദേവന്റെ കമന്ററയില്‍ നിന്നും. തുറന്നിട്ട വലിപ്പുകളിലെ രാവണന് തോറ്റതോ? മാച്ച് ഫിക്സിങ്ങോ? എന്ന പോസ്റ്റില്‍ ദേവന് തന്നെ ഇട്ട ഒരു കമന്റിന്റെ അനുബന്ധമായി അദ്ദേഹത്തിന്റെ കമന്ററയില്‍ കൊടുത്തിരിക്കുന്ന കൌരവരുടെ പേരുകള്‍ ഒരു തരത്തില്‍ റഫറല്‍ പോസ്റ്റാണ്. നൂറ് പുരുഷ കേസരികളുടേയും ദുശ്ശള പെങ്ങളുടേയും പിന്നെ ഒറ്റക്ക് പിറന്ന യുയുത്സുവിന്റേയും അടക്കം നൂറ്റി രണ്ട് കൌരവ പേരുകള്‍ മനസ്സിലാക്കാന്‍ കിട്ടിയ ആദ്യ അവസരമാണ് ദേവന് ഒരുക്കിയിരിക്കുന്നത്. “കൌരവരില്‍” നിന്നും കമന്ററയിലെ ഈ പോസ്റ്റ് കൌരവരും ടിഷ്യൂ കള്‍ച്ചറും എന്ന ചിന്തോദ്ദീപനമായ മറ്റൊരു പോസ്റ്റിലേക്കും വളര്‍ന്നിരിക്കുന്നു. “വലിപ്പുകളില്‍” തുടങ്ങിയ കൌരവ ചിന്ത “ടിഷ്യൂ കള്‍ച്ചറില്‍” എത്തുമ്പോള്‍ ചര്‍ച്ച ഗൌരവതരമായ തലത്തിലേക്കെത്തുന്നു.
ഈ സീരീസില്‍ കാര്യമായും നിസ്സാരമായും പറഞ്ഞ കാര്യങ്ങളൊക്കെയും നല്ല ചര്‍ച്ചകള്‍ക്കുള്ള വക നല്കുന്നവയാണ്.
7. E-Mail ലോട്ടറി തട്ടുപ്പുകള്‍
കൃഷ് ബൂലോകാ ക്ലബ്ബില്‍ എഴുതിയിട്ട പോസ്റ്റ്. കോടികളുടെ സമ്മാനങ്ങളുമായെത്തുന്ന ഓണ്‍ ലൈന്‍ ലോട്ടറികളുടെ അറിയിപ്പുകള് മെയില്‍ ബോക്സില്‍ ലഭിക്കാത്തവര്‍ വിരളമായിരിക്കും. വെറുതേ മെസ്സേജുകളും വായിച്ച് ബ്ലോഗുമൊക്കെ എഴുതിയിരിക്കുന്ന ദരിദ്ര വാസികളെ നിമിഷം കൊണ്ട് കോടികള്‍ക്ക് അധിപന്മാരാക്കാന് തുനിഞ്ഞിറങ്ങുന്നവര്‍ പിച്ച ചട്ടിയില്‍ കയ്യിട്ട് വാരാന്‍ വേണ്ടിയാണ് എഴുന്നുള്ളുന്നത് എന്ന വസ്തുത ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്ന പോസ്റ്റ് കമന്റുകളും കൂടി ചേരുമ്പോഴേ പൂര്‍ണ്ണമാകുന്നുള്ളൂ. ഇന്റര്‍നെറ്റ് തട്ടിപ്പുകളില്‍ പെടാതെ ഒഴിഞ്ഞ് നില്ക്കാന് ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ അനിവാര്യമാണ്.
തട്ടിപ്പുകളില്‍ പെട്ടിട്ട് മാറത്തലച്ച് കരയുന്നതിനേക്കാള്‍ തട്ടിപ്പുകളെ കണ്ടെത്തി പരസ്പരം പറഞ്ഞും അറിഞ്ഞും ഇല്ലായ്മ ചെയ്യുകയാണ് വേണ്ടത്!
8. ജാതക ഫലം
മറ്റൊരു കുറുമാന് കഥ. മറ്റെല്ലാ കുറുമാന് രചനകളും പോലെ ഈ കഥയിലും ബൂലോകര്‍ക്ക് ചിരപരിചിതമായ ആ കുറുമാന് മാജിക് കാണാം. “സൂര്യാസ്തമനത്തിന് ശേഷം കവിടി നിരത്തരുത്” എന്ന അഫ്ഫന് കണിയാരുടെ വാക്കുകള്‍ ലംഘിച്ച് അസ്തമന ശേഷവും കവിടിയുമായിരുന്നു ലക്ഷ്മീ പൂജ നടത്തിയ മകന് കണിയാര്ക്ക് പറ്റിയ പറ്റ് അവസാന വരി വരെ ഗൌരവതരമായി അവതരിപ്പിച്ച് അവസാന വരിയില്‍ ഒരു പൊട്ടിച്ചിരിയിലേക്കെത്തിക്കുന്നു കുറുമാന്. അഭയാര്‍ത്ഥി പറഞ്ഞ പോലെ അവസാന വരിയിലെ അവസാന വാക്കില്‍ നൈട്രസ് ഓക്സൈഡ് തുറന്ന് വിടുന്ന കരവിരുത് സമ്മതിക്കാതെ വയ്യ.
ലളിതമായി കഥ പറയുന്നവര്‍ ബൂലോകത്ത് വിരളമാണ്. ദുര്‍ഗ്രാഹ്യമായ വാക്കുകള്‍ കൂട്ടിവെച്ച് അനുവാചകന്റെ ക്ഷമ പരീക്ഷിക്കുന്ന ബൂലോകത്തിന്റെ ഭൂരിപക്ഷ കഥാകാരന്മാരില് കുറുമാന് കഥകള്‍ കൂടുതല്‍ ആസ്വദിക്കപ്പെടുന്നതിന്റെ കാരണം അവതരണത്തിന്റെ ലാളിത്യം തന്നെ.
9. ഒരു ലൈബ്രറി കൂടി മരിക്കുന്നു...
മൂര്‍ത്തിയുടെ പോസ്റ്റ്. 1964 ഏപ്രില്‍ ഒന്നിന് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ച ബ്രിട്ടീഷ് ലൈബ്രറി 2008 മാര്‍ച്ച് 31ന് അടച്ച് പൂട്ടപ്പെടുന്നു. അക്ഷരങ്ങളില്‍ നിന്നും അകന്നു പോകുന്നവര്ക്കെന്ത് ലൈബ്രറി എന്നതായിരിക്കും അടച്ച് പൂട്ടുന്നവര്ക്കുള്ള ന്യായീകരണം. പക്ഷേ നഷ്ടപ്പെടലിനോട് അടുക്കുമ്പോള്‍ മാത്രം ഇല്ലായ്മയെ കുറിച്ച് പരിതപിക്കുന്ന ഉള്ളപ്പോള്‍ ഉള്ളതിന്റെ മഹത്വം തിരിച്ചറിയാത്ത നാം ബ്രിട്ടീഷ് ലൈബ്രറിക്ക് വേണ്ടിയും മുതലകണ്ണീരൊഴിക്കി തുടങ്ങി. ആ സ്ഥാപാനം നില നിര്‍ത്താന്‍ വേണ്ടിയുള്ള ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തനങ്ങളല്ല സാംസ്കാരിക നായകന്മാരില് നിന്നും ഉണ്ടാകുന്നത്. വെറുതേ ഒരു നാട്യം.
ബ്രിട്ടീഷ് ലൈബ്രറി അടച്ചു പൂട്ടുന്നതിലുള്ള ബൂലോകത്തിന്റെ വേദന ഒരു പക്ഷേ ഉള്ളില്‍ നിന്നും ഉല്ഭവിക്കുന്നതാകാം. കാരണം അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ ഒരുമിച്ച് കൂടുന്നിടമാണല്ലോ ഈ കുഞ്ഞ് ലോകം.
10. കുട്ടികളുടെ ചുമയകറ്റാന്‍ തേന്‍.
കുറുഞ്ഞി ഓണ്‍ലൈനിലെ മറ്റൊരു ആധികാരികമായ പോസ്റ്റ്. കഫ് സിറപ്പുകളേക്കാള്‍ കുട്ടികളുടെ ചുമക്ക് ശമനമുണ്ടാക്കാന്‍ തേനിന് കഴിയും എന്ന അറിവ് പങ്കു വെക്കുന്ന പോസ്റ്റില്‍ നടന്ന ചര്‍ച്ചയും ആധികാരികമായിരുന്നു. അലോപ്പതി ആയൂര്‍വ്വേദ ഹോമിയോ വിവാദം ബൂലോകത്ത് പൊടിപൊടിക്കുമ്പോള്‍ വന്ന തേന്‍ പോസ്റ്റ് എല്ലാ ചികിത്സാ വിധിക്കും അതിന്റേതായ നന്മകള് ഉണ്ടെന്നുള്ളതിന് ഒരു അടിക്കുറിപ്പാവുകയായിരുന്നു.ബാബുരാജിന്റെ മറുപോസ്റ്റ് തേന്‍ ചികിത്സയിലെ “പോട്ടാ” ഫാക്ടര്‍ ചര്‍ച്ച ചെയ്യുന്നു.
ഒരു ഗുണവും ചെയ്യാത്ത കഫ് സിറപ്പുകള്‍ വാങ്ങി അലമാരയില്‍ സൂക്ഷിക്കേണ്ടുന്നതിന് പകരം കുറച്ച് തേന്‍ കരുതിയേക്കുക. പണവും ലാഭം കുട്ടികളുടെ ചുമയും മാറും തീപ്പൊള്ളലേറ്റാല്‍ നീറ്റലിന് ശമനവും ആകും.
11. ഡിജിറ്റല്‍ ലൈബ്രറി -പുസ്തകം വിരല്‍ തുമ്പില്‍
വി.കെ. ആദര്‍ശിന്റെ മറ്റൊരു വിവര ദായക പോസ്റ്റ്. ഇ-വായനയുടെ പുതു ലോകത്തെ പരിചയപ്പെടുത്തുന്ന ഈ ആദര്‍ശ് പൊസ്റ്റില്‍ ലൈബ്രറി ഡിജിറ്റല്‍ ഫോമിലാകുന്നതിന്റെ സൌകര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. “പരമ്പരാഗത ലൈബ്രറിയുടെ ഏറ്റവും വലിയ പ്രശ്നം പുസ്തകം വയ്ക്കാനുള്ള സ്ഥലവും കെട്ടിട സൗകര്യങ്ങളുമാണ്. ഇ-ലൈബ്രറിക്ക് കംപ്യൂട്ടര്‍ ഡാറ്റാബേസ് സ്ഥലം മാത്രമാണ് ആവശ്യം. ഇതാണെങ്കില്‍ വളരെ കുറവാണ് താനും. ഇന്ന് ലഭ്യമായിട്ടുള്ള സി.ഡി.റോമില്‍ ഒരുലക്ഷം പുസ്തകപേജ് വരെ ഉള്‍ക്കൊള്ളുമെന്ന് പറഞ്ഞാല്‍ ലാഭിക്കാനാകുന്ന സ്ഥലം ഊഹിക്കാവുന്നതേയുള്ളൂ.”
ലൈബ്രറിയില്‍ പോകാതെ വീട്ടിലിരുന്ന് കംബൂട്ടറിലൂടെ ലൈബ്രറിയിലെ പുസ്തകം വായിക്കാന്‍ കഴിയുന്നതും വരിസംഖ്യ അടക്കാന്‍ കഴിയുന്നതും ഒക്കെ ഇപ്പോള്‍ പുതുമയാണെന്ന് പറയാന്‍ കഴിയില്ല. എങ്കിലും കേരളത്തിലേക്ക് ഈ സങ്കേതം എത്തിച്ചേരാന്‍ കാലമിന്നിയുമെത്രയെടുക്കും?
12. മലയാളികള്‍ ശവംതീനികളോ?
സഞ്ജയന്റെ പോസ്റ്റ്. സാക്ഷാല്‍ സി.ദിവാകരന് സഖാവിന്റെ പ്രസിദ്ധമായ “പാല്,മുട്ട, മുറ്റത്ത് നടക്കുന്ന കോഴി” പ്രഖ്യാപനത്തിലെ ആരും ദര്‍ശിച്ച് കാണാത്ത ഒരു വൈരുദ്ധ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന കുഞ്ഞു പോസ്റ്റ്. കേരളത്തില്‍ സസ്യഭുക്കുകള്‍ എന്ത് ഭക്ഷിക്കണം എന്ന ചോദ്യത്തിനുത്തരം “ശവം തീനികളില്‍” നിന്നും പ്രതീക്ഷിക്കേണ്ടതില്ലാല്ലോ?
“പാല്,മുട്ട,കോഴിക്കറി” വാചകം എഴുന്നുള്ളിച്ചവന്റെ ബോധം അളക്കേണ്ടുന്ന ഒന്നല്ല. ‘എങ്കിലും സസ്യഭുക്കുകളെ അപമാനിച്ചു’ എന്ന ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു ഭാഗം കൂടി ബൂലോകത്ത് ചര്‍ച്ച ചെയ്യപ്പെടാനുള്ള അവസരം വേണ്ടത്ര ഉപയോഗിക്കപ്പെട്ടില്ല.
13. പൂര്‍ണ്ണമയുടെ യാത്രകള്‍
ആര്. ഗീരീഷ് കുമാറിന്റെ “പ്രശസ്ത പ്രവാസികള്‍” എന്ന സീരീസില്‍ പരിചയപ്പെടുത്തുന്നത് ടുണീഷ്യയില്‍ ജനിച്ച് അയര്‍ലന്‍ഡിലും പാകിസ്താനിലും അര്‍ജന്റീനയിലും ബ്രസീലിലും ഇന്ത്യയിലും അമേരിക്കയിലുമായി വളര്‍ന്ന പൂര്‍ണ ജഗന്നാഥന് എന്ന ഹോളിവുഡ്ഡിലും അമേരിക്കന്‍ നാടക ലോകത്തും തന്റെ വ്യക്തി മുദ്ര പതിപ്പിച്ച തമിഴ് നാട്ടുകാരിയെയാണ്.
ഭൂഖണ്ഡങ്ങള്‍ നിറഞ്ഞ് നില്ക്കുന്ന ജിവിത പരിചയമാണ് പൂര്ണ്ണിയെ ഈ നിരീക്ഷണത്തില്‍ എത്തിച്ചിരിക്കുന്നത്. “ഇന്ത്യയിലെ പഠനം ഓര്‍മയെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ്. എത്രത്തോളം ഓര്‍ക്കാന്‍ കഴിവുണ്ടോ അത്രത്തോളം മിടുക്ക് കാട്ടാം. ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് ഇവിടെനിന്നും പഠിക്കാനാവില്ലെന്ന് അവര്‍ പറയുന്നു.” സത്യത്തോട് എത്രമാത്രം ചേര്‍ന്ന് നില്ക്കുന്ന വരികള്‍. ആര്.ഗിരീഷിന്റെ “പ്രശസ്ത പ്രവാസികള്‍” എന്ന സീരീസ് വായിക്കപ്പെടേണ്ട പോസ്റ്റുകളുമായാണ് ബൂലോകത്തേക്ക് വരുന്നത്.
14. മഞ്ഞിലുറയുന്ന ജലപാതങ്ങള്‍
ശ്രീലാലിന്റെ ഫോട്ടോ പോസ്റ്റ്. “മിനിയാപൊളിസ് ഡൌണ്ടൌണിനടുത്തുതന്നെയുള്ള മിനിഹഹ പാര്‍ക്കിലെ ഒരു കൊച്ചു വെള്ളച്ചാട്ടം മഞ്ഞില്‍ ഉറഞ്ഞുനില്‍ക്കുന്നതിന്റെ കാഴ്ചകള്‍” ഒഴിക്കിന്റെ വഴിയില്‍ ഉറഞ്ഞപോയ കുഞ്ഞു വെള്ള ചാട്ടത്തിന്റെ നേര്‍ചിത്രങ്ങള്‍ കൌതുകമുണര്‍ത്തുന്നു.
15. ത്രിപ്പൂണിത്തുറ വൃശ്ചികോത്സവം (2)
മണിയുടെ പോസ്റ്റ്. കഥകളിയെ സ്നേഹിക്കുന്നവര്‍ക്ക് ഒത്തുകൂടാനും വെടി വട്ടത്തിനുമായി സൃഷ്ടിച്ചിരിക്കുന്ന ബ്ലോഗ് കഥകളി സംബന്ധമായ വിഷയങ്ങളുമായി ബൂലോകത്തുള്ള അവതരിച്ചിട്ടുള്ള അപൂര്‍വ്വം ബ്ലോഗുകളിലൊന്നാണ്. ത്യപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശക്ഷേത്രത്തിലെ വിശ്ചികോത്സവത്തിന്റെ രണ്ടാംദിവസം നടന്ന കഥകളിയെപറ്റിയുള്ള വിവരണവും ഫോട്ടോകളുമാണ് ഈ പോസ്റ്റിലുള്ളത്. രുഗ്മാഗതചരിതവും രാവണവിജയവുമായിരുന്നു അവതരിക്കപ്പെട്ട കഥകള്‍.
കഥകളിയുടെ സങ്കേതങ്ങള്‍ പുതു തലമുറക്ക് പരിചയപ്പെടാന്‍ കഴിയുന്ന പോസ്റ്റുകള്‍ മണിയുടെ ബ്ലോഗു വഴി പ്രതീക്ഷിക്കുന്നു. നമ്മുടെ പരമ്പരാഗത സാംസ്കാരിക സമ്പത്തുകള്‍ യൂണീക്കോഡിലാക്കി പോസ്റ്റ് ചെയ്യാന്‍ അതാത് വിഷയങ്ങളില്‍ പ്രാഗത്ഭ്യം ഉള്ളവര്‍ ശ്രമിച്ചിരുന്നെങ്കില്‍ അത് ഭാവിയിലേക്കുള്ള മുതല്‍ കൂട്ടാകുമായിരുന്നു.
16. അവന് നിങ്ങളെ പിരിയില്ല.
ജെസീന ഹംസയുടെ പോസ്റ്റ്. ചങ്ങാത്തം - അടുക്കുന്തോറും അകലുകയും അകലുന്തോറും അടുക്കുകയും ചെയ്യുന്നൊരു പ്രതിഭാസം. പക്ഷേ ജെസീനയുടെ ചങ്ങാതി ഒരിക്കലും പിരിയാതെ എപ്പോഴും കൂടെ തന്നെ. അതാരെന്നതിനുത്തരം കിട്ടാന്‍ കവിതയുടെ അവസാന വരി വരെ വായിക്കണം.
ദുരൂഹത ലവലേശമില്ലാതെ നല്ലൊരു ദര്‍ശനം നന്നായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു ഈ ജെസീനാ കവിതയില്‍.
17. ക്രിസ്മസ് അപ്പൂപ്പന്
അപ്പുവിന്റെ പോസ്റ്റ്. കുട്ടിക്കവിതകള്‍ ബൂലോകത്തെ അപൂര്‍വ്വതകളില്‍ ഒന്നാണ്. കുട്ടിയായി മാറിയെങ്കിലേ അല്ലെങ്കില്‍ കുട്ടിത്തം മനസ്സിലുണ്ടെങ്കിലേ കുട്ടികള്‍ക്കായി കഥകളും കവിതയും ഒക്കെ എഴുതാന്‍ കഴിയുള്ളൂ. കുട്ടികള്‍ക്കുള്ള കവിതകള്‍ കുട്ടികളേക്കാള്‍ മുതിര്‍ന്നവരാണ് ആസ്വാദിക്കുകയും ചെയ്യുന്നത്. മുതിര്ന്നവരിലൂടെയേ കുട്ടികളിലേക്ക് കുട്ടികള്‍ക്കുള്ള രചനകള്‍ എത്തുകയുള്ളൂ എന്ന് ചുരുക്കം. അവിടെയാണ് വിജയിക്കുന്നത്. കുട്ടിത്തം നിറഞ്ഞ് നില്ക്കുന്ന ക്രിസ്മസ് അപ്പൂപ്പന് കുട്ടികള്‍ക്കുള്ള നല്ലൊരു ക്രിസ്മസ് സമ്മാനമാണ്.
കുട്ടികള്‍ക്കായുള്ള നല്ല ബ്ലോഗുകള്‍ ബൂലോകത്ത് കൂടുതല്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. കുറേശ്ശെ തുടങ്ങി വെക്കാം. നാളെ വായന തന്നെ ബ്ലോഗിലൂടെയാകുന്ന ഒരു നല്ല ദിവസത്തിലേക്ക്. അന്ന് കുട്ടികള്‍ക്കും കിട്ടട്ടെ കുറച്ച് നല്ല പോസ്റ്റുകള്‍. അപ്പുവിന്റെ
ഊഞ്ഞാല് ഒരു കുട്ടികള്‍ക്കുള്ള ബ്ലോഗുകള്‍ക്ക് ഒരു മാതൃകയാണ്.
18. മാമാങ്കം പലകുറി കൊണ്ടാടി
കിഷോര്‍ കുമാറിന്റെ ശബ്ദത്തില്‍ മാമാങ്കം പലകുറി കൊണ്ടാടി കേള്‍ക്കാം. ശ്രവ്യ ബ്ലൊഗുകളില്‍ വേറിട്ട് നില്ക്കുന്ന, അടിക്കടി അപ്ഡേറ്റ് ചെയ്യപ്പെടുന്ന കിഷോര്‍ കുമാറിന്റെ ബ്ലോഗ് സന്ദര്‍ശിക്കുന്നവര്‍ക്ക് ഹൃദയഹാരിയായ ഗാനങ്ങള്‍ കേട്ട് മടങ്ങാം.
19. “മകാനേ” യും “കടാപ്പുറവും” അല്ല മുക്കുവരുടെ യാഥാര്‍ത്ഥ്യം
അചിന്ത്യയുടെ പോസ്റ്റ്. തീരദേശമഹിളാവേദിയുടേയും, CZM -ഇനെതിരായ അഖിലേന്ത്യാപ്രതിഷേധസമരങ്ങളുടേയും പ്രവര്‍ത്തകയായ മഗ്ലിന്‍ പീറ്ററുടെ വരികളുമായെത്തുന്ന പോസ്റ്റ് ചര്‍ച്ച ചെയ്യുന്നത് തീര പ്രദേശത്തെ ജീവിതങ്ങളെ അപരിഷ്കൃത സമൂഹമായി നില നിര്‍ത്താന്‍ ശ്രമിക്കുന്ന ആധുനികതയുടെ വ്യഗ്രതയയേണ്. ദൃശ്യശ്രവ്യ മാധ്യമങ്ങളിലൊക്കെയും തന്നെ കടപ്പുറത്തെ ജീവിതം പകര്‍ത്തപ്പെടുമ്പോള്‍ അമ്പതുകളിലെ ജീവിത സാഹചര്യങ്ങളില്‍ നിന്നും കടപ്പുറം മാറിയിട്ടില്ലാ എന്ന സത്യത്തോട് ചേര്‍ന്ന് നില്‍ക്കാത്ത നിലപാടുകളാണ് ചിത്രീകരിക്കപ്പെടുന്നത്. ലോകം ആധുനികതയിലേക്ക് നീങ്ങുമ്പോള്‍ തീരവും മാറുന്നുണ്ട്. അത് തിരിച്ചറിയാതെ തീര വാസികളുടെ സംസ്കാരത്തേയും ജീവിതത്തേയും രീതികളേയും ചവിട്ട് മെതിച്ചു കൊണ്ട് കോണ്‍ക്രീറ്റ് വനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനെ അര്‍ഹിക്കുന്ന വിധത്തില്‍ അപലപിക്കുന്ന പോസ്റ്റ് ക്രിയാത്മക ചര്‍ച്ചക്ക് വഴി വെച്ചു.
പക്ഷേ ലേഖനത്തിലെ ഒരു വാചകം തെറ്റല്ലേ? “... സ്ഥാപിതം എന്നു തോന്നിയേക്കാവുന്ന ഒരു മിത്തിനെ ചോദ്യം ചെയ്തുകൊണ്ട് 'ചെമ്മീന്‍' അവസാനിക്കുമ്പോള്‍ മറ്റു പല ചിത്രങ്ങളും അന്ധവിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്നവയാണ്”.
“കടലീ പോയിരിക്കുന്ന ഭര്‍ത്താവിന്റെ ജീവന് കരയിലിരിക്കുന്ന പെണ്ണിന്റെ കയ്യിലാ..” എന്ന മിത്ത് ഊട്ടി ഉറപ്പിക്കുന്നതല്ലേ ചെമ്മീനിന്റെ ക്ലൈമാക്സ്?
20. ബി.എം.ഡബ്ലിയുവിനെ നമ്മള് എന്തു വിളിക്കും?
അജേഷ് ചെറിയാന്റെ പോസ്റ്റ്. വാഹനങ്ങളെ പരിചയപ്പെടുത്തുന്ന അജേഷിന്റെ “വാഹന ലോകം” ബൂലോകത്തെ വേറിട്ട് നില്ക്കുന്ന ബ്ലോഗുകളിലൊന്നാണ്. പക്ഷേ ഈ പോസ്റ്റ് മനോരമയിലെ സന്തോഷിന് കടപ്പെട്ടിരിക്കുന്നു. വാഹനങ്ങളെ പരിചയപ്പെടുത്തുന്ന ഒരു ബ്ലോഗ് നല്ല ആശയമാണ്. അതില്‍ സ്വന്തം പരിചയപ്പെടുത്തലുകള്‍ വരുന്നതാണ് വാഹനപ്രേമികള്‍ക്ക് കൂടുതല്‍ സംവേദിക്കാന്‍ കഴിയുക.
21. കൊളസ്ട്രോളും പിന്നെ സിന്ധുവിന് സ്നേഹ പൂര്‍വ്വം സരോജിനിയും.
ഇഞ്ചിപ്പെണ്ണിന്റെ പോസ്റ്റും അനംഗരിയുടെ മറുപടിയും നല്ല വായനയായിരുന്നു. വളര്‍ത്ത് ദോഷത്താല്‍ രോഗിയായ മകനെ വിവാഹിതനാക്കി തന്റെ ചുമതല മരുമകളിലേക്ക് മാറ്റി മകനെ മരുമകളുടെ സംരക്ഷണയിലാക്കാമെന്ന് കരുതുന്ന ആധുനിക മാതൃത്വത്തിന്റെ ആകുലതകളിലേക്കാണ് ഇഞ്ചിപ്പെണ്ണ് ശ്രദ്ധക്ഷണിച്ചത്. പെണ്മക്കളായതിനാല് കൂട്ടുകാരിക്ക് ആശങ്കകള്‍ക്ക് വകയില്ലായെന്ന് ആശ്വാസിച്ച് ചുരുക്കപ്പെടുന്ന കത്തിന് ആനംഗരി അതേ നാണയത്തില്‍ മറുപടി പറഞ്ഞിരിക്കുന്നു-അദ്ദേഹത്തിന്റെ പോസ്റ്റില്‍. മകനെ വളര്‍ത്തി വഷളാക്കിയതാണ് ഇഞ്ചിപ്പെണ്ണ് ചര്‍ച്ചക്ക് വെച്ചതെങ്കില്‍ മകളെ വളര്‍ത്തി ഒന്നിനും കൊള്ളാത്തവളാക്കിയതാണ് അനംഗരി ചര്‍ച്ചക്ക് വെക്കുന്നത്.
ആരോഗ്യകരമായ ചര്‍ച്ചകളായിരുന്നു രണ്ടും. ഒരു കത്തും അതിനുള്ള മറുപടീം പോലെ തന്നെ വായിക്കപ്പെട്ട പോസ്റ്റ് അര്‍ഹിക്കുന്ന തരത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.
22. അമ്മേ മൂകാമ്പികേ...
ജ്യോതിര്‍മയിയുടെ പോസ്റ്റ്. അക്ഷരങ്ങള്‍ കൊണ്ട് മൂകാംബിക ദേവിക്ക് ജ്യൊതിര്‍മയി അര്‍പ്പിക്കുന്ന അര്‍ച്ചന. ഭക്തി സാന്ദ്രമായ വരികള്‍. സന്നിധാനത്തിരുന്ന് കുത്തിക്കുറിച്ച വരികള്‍ ജ്യോതിര്‍മയിയിലെ കവയത്രിയെ പുറത്ത് കൊണ്ടു വരുന്നതിങ്ങനെ:
“അമ്മേ! അക്ഷരമാല തന്റെ കളികള്‍ക്കാധാര നീയല്ലയോ?
അമ്പത്തൊന്നക്ഷരങ്ങള്‍ക്കതിമധുരമതും നല്കുന്നു നീയംബികേ!
അന്തം തെല്ലേതുമില്ലേയടിയനു വര്‍ണിയ്ക്കുവാന്‍ വാക്കു, നീയി-
ന്നെല്ലാം നല്‍കിയനുഗ്രഹമിദം തന്നീടണേയംബികേ.”
23. മസാല ദോശ
സൂവിന്റെ കറിവേപ്പിലയില്‍ നിന്നും. മസാല ദോശയുടെ നിര്‍മ്മാണ രഹസ്യം ചിത്രങ്ങളുടെ സഹായത്തോടെ സൂ നിര്‍വ്വഹിച്ചിരിക്കുന്ന പോസ്റ്റ്, മസാല ദോശ വീട്ടില്‍ ഉണ്ടാക്കാന്‍ താല്പര്യമുള്ളവര്ക്ക് സഹായകം. വിചാരിപ്പ്കാരന്റെ സസ്യഭുക്കായ ബീടരുടെ മസാല ദോശക്ക് വേണ്ടിയുള്ള വാരാവാര “ശരവണ ഭവന്” സന്ദര്‍ശനം അവസാനിപ്പിച്ച പോസ്റ്റെന്ന പ്രത്യാകത കൂടിയുണ്ട് ഈ “മസാല ദോശ” പോസ്റ്റിന്. ഇപ്പം മിക്കവാറും ദിവസങ്ങളില്‍ മസാല ദോശയാണ് അത്താഴത്തിനെങ്കിലും സ്വന്തമായി “മസാല ദോശ” ഉണ്ടാക്കുമ്പോള്‍ വാമഭാഗത്തിനുണ്ടാകുന്ന ആത്മസംതൃപ്തി അനുഭവിച്ചറിയേണ്ടുന്നത് തന്നെ. സൂര്യഗായത്രിക്ക് നന്ദി.
വീട്ടിലേക്ക് വരുമുമ്പ് ഫോണിലൂടെ “എന്താടോ ഇന്ന്” എന്ന ചോദ്യത്തിന് “മസാല ദോശ”യെന്ന മറുപടി കേള്‍ക്കുമ്പോള്‍ കഫ്ത്തീരിയയില്‍ കയറി പൊറോട്ടായും മാംസാഹാരവും കഴിച്ച് പിന്നെ വീട്ടീ വന്ന് മസാല ദോശയും കഴിക്കണം എന്ന ചെറിയൊരു ബുദ്ധിമുട്ടുണ്ടെന്ന് മാത്രം.
24. സോഫാ കം വാഷിംഗ് മെഷീന്
പേര് പേരക്കായുടെ പോസ്റ്റ്. ഉപഭോക്താവിന്റെ ആവശ്യാനുസരണം ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുക എന്ന ആശയവുമായി വരുന്ന കൊഹെരി നിഷിയാമയുടെ വെബ് സൈറ്റ് പരിചയപ്പെടുത്തുകയാണ് പേരക്ക ഈ പോസ്റ്റിലൂടെ. ഉപഭോക്താവിന്റെ ആശയങ്ങള്‍ ഓണ്‍ലൈനായി സ്വീകരിച്ച് കൂടുതല്‍ പോപ്പുലറായവ നിര്‍മിച്ച് വിപണിയിലറക്കുക എന്നതും തിരഞ്ഞെടുക്കുന്ന ആശയങ്ങള്‍ നല്കുന്ന വ്യക്തിക്ക് റോയല്‍റ്റി നല്കൂന്നു എന്നുള്ളതും വിപ്ലവകരമായ വിപണന സംസ്കാരമാണ്. ഭാവനയും അതിനെ ഗുണപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും മതിയാവോളമുള്ള മലയാളികള്‍ക്കും തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിച്ച് വിജയത്തിലെത്താന്‍ കഴിയുമെന്നതില്‍ തര്‍ക്കമില്ല.
ഗുണപ്രദമായ മറ്റൊരറിവാണ് പേരക്ക ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
25. ആള്‍ട്ടര്‍നേറ്റീവ് ഭക്ഷണം
ചക്കരയുടെ സി. ദിവാകരനുള്ള ചുട്ടയടി. രസകരം. മരീചിന്റെ കമന്റ് ശ്രദ്ധേയം.
26. ഫിലിപ്പൈനികളുടെ ഭാഗ്യം! ഇന്ഡ്യാക്കാര് അസൂയപ്പെടേണ്ട!
ജനശബ്ദം വിരല്‍ ചൂണ്ടുന്നത് പൌരന്മാരോടൂള്ള ഭാരത സര്‍ക്കാറിന്റേയും ഫിലിപ്പൈന്‍ സര്‍ക്കാറിന്റേയും നിലപാടുകളിലെ വൈചിത്ര്യങ്ങളിലേക്കാണ്. നിയമകുരുക്കില്‍ പെട്ട ഫിലിപ്പിനോയെ രക്ഷിക്കാന്‍ “വേണമെങ്കില്‍ കുവൈറ്റി സര്‍ക്കാറിന് മുന്നില്‍ മുട്ടിലിഴയാന്‍ വരെ തയ്യാറാണെന്ന” പ്രഖ്യാപനവുമായി മറ്റെല്ലാ ഔദ്യോതിക പരിപാടികളും വെട്ടിക്കുറച്ച് കുവൈറ്റിലെത്തിയ ഫിലിപ്പൈന്‍സ് പ്രസിഡന്റ് ഗ്ലോറിയ അറോയേയും പ്രവാസികളുടെ കണ്ണുനീര് നിറഞ്ഞ ഭീമ ഹര്‍ജ്ജി കച്ചറ ഡബ്ബയിലിട്ട് വണ്ടി കയറിയ ഭാരതത്തിന്റെ പ്രവാസീ കാര്യ വകുപ്പ് കാബിനറ്റ് മിനിസ്റ്ററേയും തമ്മില്‍ താരതമ്യം ചെയ്യുന്നതു പോലും ദൈവ ദോഷമായിരിക്കും.
ഫിലിപ്പിനോകളുടെ ഭാഗ്യം നാമെന്തിന് അസൂയപ്പെടണം?
27. ട്രൈ എഗയിന്‍
കിനാവിന്റെ കവിത. പ്രവാസത്തിന്റെ പിന്നാമ്പുറത്ത് ഭാഗ്യന്വോഷണത്തിന് അത്താഴ പഷ്ണിക്കാരനെ നിര്‍ബന്ധിക്കുന്ന “ചുരണ്ടല്‍” മേളയിലേക്കുള്ള ഒരു ചൂണ്ടു വിരലാണ് “ട്രൈ എഗയിന്‍”. കിനാവിന്റെ വാക്കുകളാണ് കൂടുതല്‍ സംവേദന ക്ഷമം:
“തിരിയും ചക്രത്തിന്മേല്
ബാലന്‍സുതെറ്റാതെ
ചുരണ്ടി തീര്‍ത്തീടേണം
വീണ്ടും ശ്രമിച്ചീടാന-
വസരമില്ലാത്തൊരീ
മങ്ങിയ കടലാസിലെ
ജീവിതകൂപ്പണുകള്‍.”
പ്രവാസി ചുരണ്ടി കൊണ്ടേയിരിക്കുകയാണ്, ഭാഗ്യത്തെ തേടിയല്ല. അന്നന്നത്തെ അന്നം തേടി.
28. വീണ്ടും തിരുവനന്തപുരം നഗരം
വഴി പോക്കന്റെ ഫോട്ടോ പോസ്റ്റ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പത്തെ തിരുവനന്തപുരം നഗരത്തിന്റെ കാഴ്ച കൌതുകം ഉണര്‍ത്തുന്നു. ഫോട്ടോയില്‍ കാണുന്നിടത്തെ ഇപ്പോഴത്തെ പട്ടണക്കാഴ്ച എങ്ങിനെയിരിക്കുന്നു? പഴയ ഫോട്ടോകള്‍ പഴമയിലേക്കൊരു തിരിച്ചു നടക്കലിന് കാരണമാകുന്നവയാണ്.
29. കരുണാകരന്റെ കോണ്‍ഗ്രസിലേക്കുള്ള തിരിച്ച് പോക്ക് സ്വാഗതാര്‍ഹം.
കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ പോസ്റ്റ്. കെ.കരുണാകരന്റെ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചു പോക്കിനേയും കരുണാകരന്റെ രാഷ്ട്രീയ ജീവിതത്തേയും വേറിട്ട് കാണുന്നൊരു പോസ്റ്റ് എന്ന നിലക്കാണ് ഈ “ശിഥില ചിന്ത” പ്രസക്തമാകുന്നത്. കേരളത്തില്‍ കരുണാകരന് തുല്യം എതിര്‍ക്കപ്പെടുകയും അതുലുപരി സ്വീകരിക്കപ്പെടുകയും ചെയ്തിട്ടുള്ള മറ്റൊരു നേതാവില്ലാ എന്ന നിരീക്ഷണം വസ്തുതകളോട് ചേര്‍ന്ന് നില്ക്കുന്നു.
30. ഗ്ലാസ് ആന്റ് ബോള്‍ മാജിക്
മന്‍സൂറിന്റെ പോസ്റ്റ്. മന്‍സൂര്‍ മാജിക് ലളിതമായി ബൂലോകരെ പഠിപ്പിക്കുകയാണ്. മാജിക് അറിയുന്നവര്‍ അതിന്റെ രഹസ്യങ്ങള്‍ തുറന്ന് പറയാന്‍ തയ്യാറാകാത്തിടത്താണ് മന്‍സൂര്‍ ലവലേശം മറയില്ലാതെ തനിക്കറിയാവുന്നതൊക്കെ ബൂലോക സമക്ഷം സമര്‍പ്പിക്കുന്നത്. വിശാല ഹൃദയത്തിന്നുടമകള്ക്കേ അതിന് കഴിയാറുള്ളൂ. മന്‍സൂറിന് നന്മകള് നേരുന്നു.
എല്ലാ വായനകളും ഒരു പോലെയാകില്ല - ഒരിക്കലും. വിചാരിപ്പ്കാരന്റെ വായനയും പൂര്‍ണ്ണമാകണമെന്നില്ല. ഒരു രചനയെ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത് രചയിതാവിനോടും രചനയോടും ചെയ്യുന്ന അക്ഷന്തവ്യമായ തെറ്റാണ്. വിചാരിപ്പ്കാരന്റെ വായനയില്‍ വൈകല്യങ്ങള്‍ വന്നു പെട്ടേക്കാം. തെറ്റ് ഉണ്ടാവരുത് എന്ന് അദമ്യമായ ആഗ്രഹം ഉണ്ട്. ഏതെങ്കിലും വിധത്തിലുള്ള പാകപ്പിഴകള്‍ ശ്രദ്ധയില്പ്പെട്ടിട്ടുണ്ട്ങ്കില് ചൂണ്ടിക്കാട്ടാം. തിരുത്തപ്പെടും എന്ന് ഉറപ്പ്.
ബൂലോകം രണ്ടായിരത്തി ഏഴ് ഒരു സമഗ്രാവലോകനം തയ്യാറായി കൊണ്ടിരിക്കുന്നു. മൂന്ന് ഭാഗങ്ങള്‍ ഉള്ള ബൂലോകം - 2007 അടുത്ത വാരം പ്രസിദ്ധീകരിക്കപ്പെടും.
ഒന്നാം ഭാഗം : “നിറവുകള്‍”
രണ്ടാം ഭാഗം : “കനിവുകള്‍”
മൂന്നാം ഭാഗം : “മുറിവുകള്‍”
വാരവിചാരത്തിന് നല്കുന്ന ധാര്‍മ്മിക പിന്തുണക്ക് ഒരിക്കല്‍ കൂടി നന്ദി.
Wednesday, January 9, 2008
Subscribe to:
Post Comments (Atom)
18 comments:
ബൂലോകം പോയ വാരം പതിനഞ്ചാം ലക്കം ബൂലോക സമക്ഷം സമര്‍പ്പിക്കുന്നു.
നന്ദി.
വളരെ നല്ല വീക്ഷണങ്ങള്‍
നിരാശപ്പെടുത്തിയില്ല. പതിവുപോലെ വളരെ നല്ല വാരവിചാരം.
കുറച്ചുദിവസം കാണാതിരുന്നപ്പോള്‍ വാരവിചാരം നിര്‍ത്തിയോ എന്ന് സംശയിച്ചു.
നല്ല വിവരണം. ആശംസകള്‍.
ചിമ്മാരു മറിയം സ്ഥിരമായി വായിച്ചു വന്നിരുന്നതാണ്. പക്ഷേ അവസാനഭാഗമെത്തിയ കാര്യം അറിയാതെ പോയി. ഈ പോസ്റ്റിലൂടെ ഞാന്‍ വിട്ടു പോയ പല പോസ്റ്റുകളിലും എത്താന്‍ സാധിക്കുന്നു.
അഞ്ചല്‍ക്കാരാ..നന്നായി ഈ ലക്കവും. വായിക്കാതെപോയ പല പോസ്റ്റുകളും കാണാന്‍ സാധിച്ചു.
അഞ്ചല്ക്കാരന് എന്നും വേറിട്ടുനില്ക്കുന്നു.
--സുല്‍
ചാത്തനേറ്: സമഗ്രവിചാരത്തിനു കാത്തിരിക്കുന്നു.
ബൂലോക വിചാരം അവലോകനം നടത്താന്‍ ഒത്തിരി പരിശ്രമിച്ചുകാണുമല്ലോ.
2007-ലെ സമഗ്രവിചാരം പോരട്ടെ. ആശംസകള്‍.
ബൂലോഗത്തിലെ എല്ലാ പോസ്റ്റൂകളും വായിക്കാന്‍ സാധിക്കാത്ത എന്നെപ്പോലുള്ളവര്‍ക്ക് ഇത് വളരെ സഹായകരമായി ഇത്, അഞ്ചല്‍ക്കാരാ.
നര്‍മ്മം അസ്സലായി:
.....വീട്ടിലേക്ക് വരുമുമ്പ് ഫോണിലൂടെ “എന്താടോ ഇന്ന്” എന്ന ചോദ്യത്തിന് “മസാല ദോശ”യെന്ന മറുപടി കേള്‍ക്കുമ്പോള്‍ കഫ്ത്തീരിയയില്‍ കയറി പൊറോട്ടായും മാംസാഹാരവും കഴിച്ച് പിന്നെ വീട്ടീ വന്ന് മസാല ദോശയും കഴിക്കണം എന്ന ചെറിയൊരു ബുദ്ധിമുട്ടുണ്ടെന്ന് മാത്രം.“
സന്തോഷം!
ഇതും നന്നായി..സമഗ്രാവലോകനം പോരട്ടെ..
ശ്രദ്ധിക്കാതെ പോകുന്ന പോസ്റ്റുകളിലേക്കുള്ള ഈ ചൂണ്ടുപലക വളരെ ഉപകാരപ്രദമാണെന്ന് അറിയിക്കട്ടെ...
ഷാര്‍ജയില്‍ നിന്നും
അഗ്രജന്
അവര്‍
ഇവര്‍
മറ്റോര്
മറിച്ചോര്
ഇതോടൊപ്പം ‘അക്ഷരജനാല’ എന്ന സിനിമയിലെ ‘ഹാലു പിടിച്ചൊരു പുലിയച്ചന്... പുലിവാലു പിടിച്ചൊരു നായരച്ചന്...’ എന്ന ഗാനവും പ്രക്ഷേപണം ചെയ്യാന്‍ താത്പര്യപ്പെടുന്നു...
ഇതും നന്നായി പാഞ്ചത്സ്..:)
ഓ:ടോ: അഗ്രൂ....ലുല്ലുവും നുന്നുവും എവിടെപ്പോയി..:)
കാണാതെപോകുമായിരുന്ന ചില നല്ല പോസ്റ്റുകള്‍ പരിചയപ്പെടുത്തിയതിനു നന്ദി..വാരവിചാരം പതിവു പോലെ ആസ്വദിച്ചു..ആശംസകള്‍.
വാരഫലം നന്നായി മാഷെ.
ചിമ്മാരു മറിയം വായിച്ചില്ല.
ഇതാ തുടങ്ങി..
:)
എന്നുംസ്നേഹത്തോടെ
ഉപാസന
ഗള്‍ഫ് ബൂലോക മീറ്റ്
പ്രീയ അഞ്ചല്‍ക്കാരാ,
ഒന്നാമത് ഗള്‍ഫ് ബൂലോക മീറ്റ് 2008 മെയ് 1,2 തീയതികളില്‍ ബഹറിനില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
ഇന്നിവിടെ ചേര്‍ന്ന ബഹറിന്‍ ബൂലോക കൂട്ടായ്മയാണ് തീരുമാനം കൈക്കൊണ്ടത്.
ബഹറിന്‍, സൌദി,ദുബായ്,അബുദാബി,ഷാര്‍ജ, ഖത്തര്‍,കുവൈറ്റ്,ഒമാന്‍, തുടങ്ങി എല്ലാ ഗള്‍ഫ് മേഖലയിലുള്ള ബൂലോക സുഹൃത്തുക്കളേയും പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്നു.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഓരോ ഗള്‍ഫ് രാജ്യങ്ങളില്‍ വെച്ച് ഗള്‍ഫ് മീറ്റുകള്‍ നടത്തും.
ഗള്‍ഫ് മേഖലയിലെ എല്ലാ ബൂലോകരെയും മീറ്റിലേക്ക് സ്വാഗതം ചെയ്യുന്നു.
വിശദവിവരങ്ങള്‍ പുറകാലെ അറിയിക്കാം...
ബാജി ഓടംവേലി
00973 - 39258308
bajikzy@yahoo.com
അഭാരതീയനെക്കുറിച്ചു പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി. ആഴ്ചതോറും പുതിയൊരു അഭാരതീയനെ പരിചയപ്പെടുത്താനുള്ള ശ്രമമാണ് എന്റേത്. വിലപ്പെട്ട നിര്‍ദേശങ്ങള്‍ കൂടി പ്രതീക്ഷിക്കുന്നു. ഒരിക്കല്‍ക്കൂടി നന്ദി
നല്ല വിവരണം. ആശംസകള്‍.
Post a Comment