Sunday, December 30, 2007

പുതു ബ്ലോഗുകളിലൂടെ : ലക്കം മൂന്ന്

പുതുതായിട്ടവതരിക്കുന്ന ബ്ലോഗുകളില്‍ പലതും ആദ്യ പോസ്റ്റോടെ മരണം വരിക്കുന്ന പ്രവണത കൂടി വരുന്നു. ബ്ലോഗ് തുടങ്ങി “ഞാനും ബ്ലോഗറാ‍യേ...” എന്നാര്‍ത്തു വിളിച്ച് പിന്നൊന്നും മിണ്ടാതെ കടന്നു പോകുന്നവരാണേറെയും. ആദ്യ പോസ്റ്റിനാല്‍ തന്നെ പ്രതീക്ഷയുണര്‍ത്തുകയും പിന്നെ പോസ്റ്റെഴുതാന്‍ മിനക്കെടാതിരിക്കുന്നവരും കുറവല്ല. പോയവാരം അവതരിക്കപ്പെട്ട പുതു ബ്ലോഗുകളിലൂടെ ഒന്നു കയറി വരുന്ന ആര്‍ക്കും മനസ്സിലാകുന്ന ഒരു കാര്യമുണ്ട്: ബ്ലോഗെന്നാല്‍ സാഹിത്യ രചനയാണ് എന്ന തെറ്റായ ധാരണ പുതുതായി വരുന്നവരിലും രൂഢമൂലമാവുകയാണെന്ന വസ്തുത.

നവംബര്‍ ഇരുപത്തിയെട്ടു മുതല്‍ ഡിസംബര്‍ നാലു വരെ അവതരിച്ച പുതു ബ്ലോഗുകളിലൂടെയുള്ള ഒരു കുഞ്ഞു യാത്രയാണ് മൂന്നാം ലക്കത്തില്‍ പെട്ടിട്ടുള്ളത്.

1. തമന്ന
ആമിയുടെ ബ്ലോഗ്. ചാഞ്ഞു പെയ്യുന്ന മഴയും തുള്ളി വീഴുന്ന മഞ്ഞും ഒപ്പം പാറുന്ന ശലഭവുമായി വരുന്ന കവിതാ ബ്ലോഗ്. പ്രണയം നാലേ നാലു വരികള്‍... പറഞ്ഞു വെക്കുന്നതോ നഷ്ട പ്രണയത്തിന്റെ മൊത്ത ഭാവവും. ചെറുതിന്റെ ഭംഗി മതിയാവോളം ആസ്വാദിക്കാനാവുന്ന വരികളുമായി ആമി ബൂലോകത്തിന് പിച്ച വച്ചു തുടങ്ങിയിരിക്കുന്നു. ഒരിക്കല്‍ കൈവിട്ടു പോയ കവിതയെ ബൂലോകത്ത് നിന്ന് വീണ്ടെടുക്കാനുള്ള ആമിയുടെ ശ്രമം വിജയത്തിലെത്തട്ടെ.

2. ശംഖു പുഷ്പം
നീലിമാ നായരുടെ കവിതാ ബ്ലോഗ്.

“ആകെ നനഞ്ഞ മനസ്സിന്‍
ചാഞ്ഞ ചില്ലയില്‍ നിന്നോര്‍മ്മ പൂക്കെ
നിഴലിന്നിലച്ചാര്‍ത്തിലൂടെ
കനവുകള്‍ തന്‍ മിന്നലാട്ടം..”
കവിത തുളുമ്പുന്ന വരികള്‍ പ്രതീക്ഷയുണര്‍ത്തുന്നു.

3. ബ്ലോഗന്‍
റഫീക്ക് മുഹമ്മദിന്റെ ബ്ലോഗ്. “ഉള്ളുലക്കുന്ന പരദേശിയുമായി” തുടക്കം. പോസ്റ്റുകളെല്ലാം തന്നെ വെബ്‌ദുനിയാക്കും എം.എസ്.എന്‍ ഇന്‍ഡ്യാക്കും ഒക്കെ കടപ്പെട്ടിരിക്കുന്നു. പത്ര പ്രവര്‍ത്തകനാണെന്നവകാശപ്പെടുന്ന റഫീക്കിന്റെ പോസ്റ്റുകളിലൊന്നും തന്നെ ഒരു പത്രപ്രവര്‍ത്തകന്റെ കൈവഴക്കം കാണാന്‍ കഴിയുന്നില്ല.

4. ചില യാത്രകള്‍
മനോജ് രവീന്ദ്രന്റെ പുതു ബ്ലോഗ്. യാത്രാക്കുറുപ്പുകളാണ് “ചില യാത്രകള്‍”. സായിപ്പും വെള്ളവും ശ്രദ്ധേയമാകുന്നത് ശരീരം തളര്‍ന്നിട്ടും മനസ്സ് തളരാതെ വീല്‍ ചെയറില്‍ ജീവിതം തുടരുന്ന ഓസ്ട്രീയക്കാരന്‍ “വൂള്‍ഫ്‌ ഗ്യാങ്ങ്” എന്ന ജഡ്ജിയുടെ ജീവിതത്തിലേക്കുള്ള എത്തി നോട്ടത്തിലൂടെയാണ്. വീല്‍ ചെയറിലിരുന്ന് പുഴയില്‍ നീരാടുന്ന വൂള്‍ഫ് ഗ്യാങ്ങിന്റെ മുഹമ്മയിലെ വസതിയില്‍ പാര്‍ക്കാന്‍ കിട്ടിയ ഒരു ദിനത്തെ ഓര്‍മ്മകള്‍ വായിക്കപ്പെടേണ്ട പോസ്റ്റാണ്. “നിരക്ഷരന്” മറ്റു രണ്ടു ബ്ലൊഗുകള്‍ കൂടിയുണ്ട്. നിരക്ഷരന്‍ എന്ന ബ്ലോഗും ചില ചിത്രങ്ങള്‍ എന്ന ഫോട്ടോ ബ്ലോഗും.

5. നിലാവേ...
നിലാവര്‍ നിസയുടെ ബ്ലോഗ്. പെണ്‍ നാമം കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെടുന്ന ബ്ലോഗിന് മറ്റൊരുദാഹരണം. കൂട്ടത്തില്‍ തേടിയെത്തുന്നവരെ സുഖിപ്പിക്കാന്‍ ചില ഞൊടുക്കുകളും. കാര്യമായൊന്നുമില്ലെങ്കിലും ബൂലോക തിരക്ക് പെണ്‍നാമം കൊണ്ടു വരുന്നത് തന്നെ.

6. ചായപ്പീടിക
വെളിച്ചപ്പാടിന്റെ ബ്ലോഗ്. മലയാളം “മലയാലം” ആയിപ്പോകുന്നതിന്റെ ആകുലതകളും പേറി പച്ചമലയാളത്തിന് കൂടുതല്‍ >മൊഴികളണിയിക്കുവാനുള്ള ശ്രമവുമായി വെളിച്ചപ്പാട് എഴുന്നുള്ളുന്നു. ഉദ്യാമം കൊള്ളാം. പക്ഷേ, ഇഞ്ചിനീയറെ ആശാരിയാക്കി മലയാളീവല്‍ക്കരിക്കാന്‍ ശ്രമിച്ചാല്‍ വെളിച്ചപ്പാട് നിര്‍ത്താതെ തുള്ളേണ്ടി വരും. രണ്ടിന്റെ ഗുണിതം ശ്രദ്ധേയം.

7. കവിതക്കൊടി
പി.എന്‍. ഗോപീകൃഷ്ണന്റെ ബ്ലോഗ്. റോബിയുടെ കമന്റാണ് പ്രൊഫൈലില്‍ ഒളിഞ്ഞിരിക്കുന്ന ഗോപീകൃഷ്ണനെ പുറത്തേക്ക് കൊണ്ടു വരുന്നത്. ഏ.ആര്‍. നജീം പറഞ്ഞത് പോലെ അറിവിന്റെ ചെറുമുത്തുകള്‍ തന്നെയാണ് എല്ലാ പോസ്റ്റുകളും. സാരോപദേശ കഥകളും, നാടോടി കഥകളും, കുഞ്ഞു കവിതകളും, വിവര്‍ത്തനങ്ങളും ഒക്കെയായി കവിതക്കൊടി വായനക്കാരെ ക്ഷണിക്കുന്നു. സന്ദര്‍ശനം ഒട്ടും വിരസതയുണ്ടാക്കുന്നില്ല. സന്ദര്‍ശിച്ചില്ലായെങ്കില്‍ നഷ്ടവും.

8. പാഞ്ച ജന്യം
പാഞ്ചയുടെ ബ്ലോഗ്. "യുദ്ധം തുടങ്ങുന്നതും, ആഘോഷം തുടങ്ങുന്നതും ഒരു ശംഖനാദത്തില്‍ നിന്നാണ് തിരഞ്ഞെടുപ്പ് നിങ്ങളുടേതാണ് പക്ഷേ,ഞാന്‍ ശബ്ദം ഉയര്‍ത്തിക്കൊണ്ടേയിരിക്കും", പക്ഷേ ശബ്ദമൊന്നും കേള്‍ക്കുന്നില്ല. ഒരു ഓരിയിടലെങ്കിലും ആയത് യോനീ ഗര്‍ത്തം ആണ്. അത് വിഷ്ണുപ്രസാദിന്റെ കവിതക്കൊരു വിലകുറഞ്ഞ പാരഡിയുമായി.

9. പൊട്ടക്കലം
ജ്യോനവന്റെ ബ്ലോഗ്. കവിതാ ബ്ലോഗുകളിലേക്ക് മുതല്‍ കൂട്ടാവുന്നൊരു ബ്ലോഗു കൂടി. അശ്ലീലതയും രതിയും ദ്വായാര്‍ത്ഥങ്ങളും നിറഞ്ഞ വാക്കുകള്‍ കൊണ്ടുള്ള കസറത്തുകളായ ബൂലോക കവിതയിലെ ആണ്‍പക്ഷ രചനകളില്‍ വേറിട്ട് നില്‍ക്കുന്നു ജ്യോനവന്റെ അക്ഷരങ്ങള്‍. വാക്കുകള്‍ മുറിച്ചിട്ടാല്‍ കവിതയാകുമെന്ന് ധരിക്കുന്നവര്‍ക്ക് ഒരു മറുപടി കൂടിയാണ് ജ്യോനവന്റെ വരികള്‍. വായിക്കപ്പെടേണ്ടതാണ് എല്ലാ കവിതകളും.

10. ജലമധുരം
വീ.ടീ.ജയദേവന്റെ ബ്ലോഗ്. രണ്ടു കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ജയദേവന്റെ ബ്ലോഗും കവിതകളാണ് കൊണ്ടു വരുന്നത്. ഭോഗവും ഭഗവും സ്വയംഭോഗവും ആര്‍ത്തവവും ഇല്ലാതെ കവിതയില്ലായെന്ന് ധരിച്ചവശായിരിക്കുന്ന ബൂലോക “മഹാ കവികള്‍” ക്കിടയില്‍ വേറിട്ട് നില്‍ക്കുന്നു വി.ടി.ജയദേവന്റെ വാക്കുകളും വരികളും. ശ്രദ്ധക്ഷണിക്കുന്ന “ജലമധുരം” വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

11. മായാമയം
മായാ മറയൂരിന്റെ ബ്ലോഗ്. ആദ്യ പോസ്റ്റില്‍ നിന്നും മുന്നോട്ട് പോകാന്‍ മായാമയത്തിന് കഴിഞ്ഞിട്ടില്ലായെങ്കിലും വീ.എസ്സേ. അവര് ഡീഫ്രീസറില്‍ വെക്കാന്‍ വരുന്നുണ്ട്. നിരീക്ഷണങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ്. മറയൂരിന്റെ ബ്ലോഗ് ഡിസ്ക്രിപ്ഷനാണ് ശരിക്കും ശരി “എല്ലാം മായ.ഞാന്‍ ഇക്കാണുന്ന ഞാനല്ല.നിങ്ങളും അങ്ങനെ.നമുക്ക് മുഖം മൂടി വച്ച് ബ്ലോഗുലകത്തില്‍ ലാത്താം;എന്താ..”

12. മംഗലശ്ശേരി ചരിതം
പരസ്പര പാരയില്‍ വിശ്വാസിക്കുന്ന ആറ് ആത്മ മിത്രങ്ങള്‍ ചേര്‍ന്നെഴുതുന്ന ബ്ലോഗ്. അനുവാചകരുടെ നിരന്തരമായ അഭ്യര്‍ത്ഥനമാനിച്ച് മിത്രങ്ങള്‍ എഴുതുന്ന തുടര്‍ ലേഖനം നര്‍മ്മത്തില്‍ ചാലിച്ച ലളിതമായ ശൈലിയാല്‍ നല്ല വായനക്കുതകുന്നു. ശ്രദ്ധയര്‍ഹിക്കുന്ന പോസ്റ്റാണ് മംഗലശ്ശേരി ചരിതം.

13. മഴവില്ലുകള്‍
എം.കെ.ഭാ‍സിയുടെ ബ്ലോഗ്. എല്ലാം തികഞ്ഞ മറ്റൊരു കവിതാ ബ്ലോഗ്. അടിക്കടി പോസ്റ്റുകള്‍ വരുന്ന ബ്ലോഗിലെ കവിതകളെല്ലാം തന്നെ ഇരുത്തം വന്ന എഴുത്തിന് തെളിവാകുന്നു. ശ്രദ്ധേയമാകേണ്ട ഒരു ബ്ലോഗ് വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തതിന് മറ്റൊരുദാഹരണം കൂടിയാണീ ഭാസീ ബ്ലോഗ്. നീര്‍മാതാളം നല്ല കവിതയിലേക്ക് ചേര്‍ത്ത് വെക്കാവുന്നൊരു രചനയാണ്.

14. ഗുണ്ട് - ഒരു കാമ്പസ് നൊസ്റ്റാള്‍ജിയ.
നാട്ടിക എസ്സ്.എന്‍. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എഴുതുന്നു. കാമ്പസിന്റെ ഓര്‍മ്മകള്‍ ഇരമ്പുന്ന പോസ്റ്റുകള്‍ എല്ലാ കാമ്പസിന്റേയും തനിയാവര്‍ത്തനം തന്നെ. കല്ല്യാണം ഉണ്ണികള്‍ മുതല്‍ എല്ലാ പോസ്റ്റുകളും വായിക്കപ്പെടേണ്ടവയാണ്.

പുതു ബ്ലോഗുകളിലൂടെയുള്ള യാത്രയുടെ മൂന്നാം ലക്കം ഇവിടെ അവസാനിക്കുന്നു. പൊതുവേ പുതുവരവുകള്‍ കുറഞ്ഞ വാരമായിരുന്നു നവംബര്‍ ഇരുപത്തിയെട്ടില്‍ തുടങ്ങി ഡിസംബര്‍ നാലില്‍ അവസാനിച്ചത്. വന്നതില്‍ തന്നെയധികവും “നമസ്കാരം” പറഞ്ഞ് പോയവയുമായിരുന്നു. വാരവിചാരത്തിന് നല്‍കുന്ന ധാര്‍മ്മിക പിന്തുണക്ക് ഒരിക്കല്‍ കൂടി നന്ദി.

17 comments:

അഞ്ചല്‍ക്കാരന്‍ said...

പുതു ബ്ലോഗുകളിലൂടെ മൂന്നാം ലക്കം ബൂലോക സമക്ഷം സമര്‍പ്പിക്കുന്നു.

നന്ദി.

വാല്‍മീകി said...

ഇത്തവണ പുതിയ ബ്ലോഗുകള്‍ കുറവാണല്ലോ?

ഗുപ്തന്‍ said...

5. നിലാവേ...
നിലാവര്‍ നിസയുടെ ബ്ലോഗ്. പെണ്‍ നാമം കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെടുന്ന ബ്ലോഗിന് മറ്റൊരുദാഹരണം. കൂട്ടത്തില്‍ തേടിയെത്തുന്നവരെ സുഖിപ്പിക്കാന്‍ ചില ഞൊടുക്കുകളും. കാര്യമായൊന്നുമില്ലെങ്കിലും ബൂലോക തിരക്ക് പെണ്‍നാമം കൊണ്ടു വരുന്നത് തന്നെ.

--നല്ല ബെസ്റ്റ് നിരീക്ഷണം

ഏ.ആര്‍. നജീം said...

പോസ്റ്റിങ്ങുകളുടെ ആധിക്യം മൂലം ഒരു ദിവസം ബൂലോകത്ത് എത്താന്‍ പറ്റിയില്ലെങ്കില്‍ അഗ്രിഗേറ്ററുകളില്‍ നിന്നും പല പോസ്റ്റുകളും അപ്രത്യക്ഷമാകുന്നത് കൊണ്ടും, നല്ല പോസ്റ്റുകള്‍ നടത്തി മനസ്സിലിടംപിടിച്ച ബ്ലോഗുകള്‍ വായിച്ചു വരുമ്പോഴേയ്ക്കും സമയം കടന്നു പോകുന്നതിനാല്‍ പല പുതിയ ബ്ലോഗുകളും കാണാന്‍ കഴിയാതെ വരുന്നു.

അത്തരം ബ്ലോഗുകള്‍ക്ക് ആവശ്യമായ പരിഗണനയും പ്രോത്സാഹനവും നല്‍കാനും അവയെ കൂടുതല്‍ പേരിലേയ്ക്ക് എത്തിയ്കുവാനും താങ്കളുടെ ഈ ശ്രമങ്ങള്‍ കാരണമാകുന്നു എന്ന് സസന്തോഷം സൂചിപ്പിക്കട്ടെ

lost world said...

അഞ്ചല്‍ക്കാരാ,നിലവര്‍ നിസ ആരാണ്,എന്താണ് എന്നൊന്നും നോക്കിയിട്ടില്ല.ഇതു വരെ ആ ബ്ലോഗില്‍ കമന്റിയിട്ടുമില്ല എന്നാണ് ഓര്‍മ.എങ്കിലും കവിതയുള്ള ബ്ലോഗാണെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.ഈ കവിത ഒന്ന് വായിച്ചു നോക്കൂ.

സാബു പ്രയാര്‍ said...

December 12 ന്‍ തുടങ്ങിയ ഒരു പുതിയ ബ്ലോഗ് ഇവിടെയുമുണ്ട് http://www.kilivaatil.blogspot.com

dethan said...

പുതിയ ബ്ലോഗുകളെ പരിചയപ്പെടുത്തുകയും അര്‍ത്ഥവത്തായി നിരൂപണം ചെയ്യുകയും ചെയ്യുന്നത് നല്ലകാര്യമാണ്.
പുതുവത്സരാശംസകള്‍!

Sanal Kumar Sasidharan said...

നിലാവര്‍ നിസയുടെ അനുവാദമില്ലാതെ
ഒരു കവിത അപ്പടി കമെന്റായി പോസ്റ്റുചെയ്യുന്നു.പുതുബ്ലോഗുകളെക്കുറിച്ചുള്ള (അര്‍ത്തവത്തായ)നിരീക്ഷണം ആളുകള്‍ അപ്പടി വിഴുങ്ങരുതല്ലോ;

****************
****************
പൊട്ടല്‍
വാക്കുകളെ,
മൌനത്തെ
ഉള്ളിലൊതുക്കി
ഒരു
അഗ്നിപര്‍വതമായി
പൊട്ടിത്തെറിക്കേണ്ട,

തിളച്ച എണ്ണയില്‍
രുചിയുടെ
ഇടവഴികളില്‍
ഒരു
കടുകു മണിയായി
പൊട്ടിച്ചിതറിയാല്‍ മതി

എനിക്ക്.
****************
(എഴുതിയത് നിലാവര്‍ നിസ)
****************

അനിലൻ said...

തിളച്ച എണ്ണയില്‍
രുചിയുടെ
ഇടവഴികളില്‍
ഒരു
കടുകു മണിയായി
പൊട്ടിച്ചിതറിയാല്‍ മതി

ഈ വരികളില്‍ കവിത കാണാത്തവര്‍ ഏത് വരികളില്‍ അത് കാണും!
ഹാ കഷ്ടം!

ഉപാസന || Upasana said...

പ്രിയ അഞ്ചല്‍ക്കരന്‍,

നിലാവര്‍നിസയുടെ ചില കവിതകള്‍ മോശമായിരിക്കാം (?). പക്ഷേ സനാതനന്‍ ചൂണ്ടികാട്ടിയത് അത്ര പെട്ടെന്ന് തള്ളിക്കളയാവുന്ന ഒരു കവിതയല്ലെന്നാണ് എനിക്കെ തോന്നുന്നത്.

കുറച്ച് പുതിയ ബ്ലോഗുകളെ കൂടെ പരിചയപ്പെട്ടു. നന്ദി
:)
ഉപാസന

Dr. Prasanth Krishna said...

തിളച്ച എണ്ണയില്‍
രുചിയുടെ
ഇടവഴികളില്‍
ഒരു
കടുകു മണിയായി
പൊട്ടിച്ചിതറിയാല്‍ മതി
എതില്‍ എന്താണ് ഇത്ര വലിയ കവിത ഇരിക്കുന്നത്. ചുമ്മാ കുറെവക്കുകള്‍ കോര്‍ത്തുവച്ചിരികുന്നു.

സമയം കിട്ടിയാല്‍ ഒന്നുകണ്ണോടിക്കുവാന്‍ ലിങ്കിലൊന്നു ക്ലിക്കുചെയ്യുമന്ന വിശ്വാസത്തില്‍ ...വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങലും പ്രതീക്ഷിച്ചുകൊണ്ട്...http://Prasanth R Krishna/watch?v=P_XtQvKV6lc

simy nazareth said...

നല്ല ശ്രമം.. തുടരൂ, ആശംസകള്‍.

അഞ്ചല്‍ക്കാരന്‍ said...

വാല്‍മീകിക്കും
ഗുപ്തനും
ഏ.ആര്‍.നജീമിനും
വെയിലിനും
കിളിവാതിലിനും
ദത്തനും
സനാതനനും
അനിലനും
ഉപാസനക്കും
പ്രശാന്തനും
സിമിക്കുന്‍
വിചാരത്തിലേക്കെത്തിയതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും നന്ദി.

നിലാവര്‍ നിസയുടെ കവിത വായിച്ചതില്‍ വിചാരിപ്പ്കാരന് തെറ്റ് പറ്റിയിട്ടുണ്ട്. വരികളിലെ കവിതയെ കാണാന്‍ കഴിയാഞ്ഞത് ആസ്വാദനത്തിലെ കഴിവുകേടായി തന്നെ ഉള്‍കൊള്ളുന്നു. നല്ലതിനെ തെറ്റായി നിരീക്ഷിച്ചതിനും മോശമായി പരാമര്‍ശിച്ചതിനും നിലാവര്‍ നിസയോടും അനുവാചകരോടും ഖേദം പ്രകടിപ്പിച്ചു കൊള്ളുന്നു.

“വാര വിചാരം” സന്ദര്‍ശിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യുന്ന എല്ലാ ബൂലോക സഹോദരങ്ങള്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

തറവാടി said...

അഞ്ല്‍ക്കാരാ ,

ആയിരത്തിലധികം ബ്ലൊഗുകള്‍ സന്ദര്‍ശിച്ച് , ഒരവലോകനമായി കുറിക്കുന്ന ഈ വാരഫലം തികച്ചും അഭിനന്ദനീയം.

ഇന്ന് ബ്ലൊഗുകളില്‍ ഇത്തരം ' വിലയിരുത്തലുകളിലും / സമാന പോസ്റ്റുകളിലും ' കാണുന്ന വിധേയത്വം ഇവിടെ ഇല്ലാത്തത് ആശ നല്‍കുമ്പോളും എവിടെയോ എപ്പോഴോ കണ്ട ഒരു ചെറിയ ' അസ്വാതന്ത്ര്യം ' ക്ഷമിക്കാവുന്നതു തന്നെ.

കിഷോർ‍:Kishor said...

അഞ്ചല്‍ക്കാരന്‍,
എന്റെ രാഗകൈരളി ബ്ലോഗിനെക്കുറിച്ചു പറഞ്ഞ നല്ല വാക്ക്ക്കുകള്‍ക്കു നന്ദി!

ശ്രീ said...

:)

നിലീന നായര്‍ said...

നീലിമ അല്ല നിലീന. സുഖിപ്പിക്കാനായി പെണ്‍പേര് എടുത്തതുമല്ല. സാക്ഷാല്‍ പെണ്ണ് തന്നെ. പ്രോത്സാഹനത്തിനു നന്ദി. എഴുതണമെന്നുണ്ട് അലക്കൊഴിയുന്നില്ല, മടുപ്പും.